ശബരിമലയിലെ സ്ത്രീപ്രവേശനം തടയാനാകില്ല ;  സുപ്രിംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഹൈക്കോടതി

രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാനല്ല, അത് തടയാനാണ് രാജ്യത്ത് നിയമങ്ങള്‍ ഉണ്ടാക്കുന്നത്
ശബരിമലയിലെ സ്ത്രീപ്രവേശനം തടയാനാകില്ല ;  സുപ്രിംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. സുപ്രിംകോടതി വിധി താല്‍ക്കാലികമായി തടയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നവംബര്‍ 13 ന് സുപ്രിംകോടതി റിവ്യൂ ഹര്‍ജി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തില്‍ അതുവരെ സ്ത്രീ പ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. 

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച് വിധി പ്രസ്താവിച്ചത് സുപ്രിംകോടതിയാണ്. അതില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് നിയമപരമായ പരിമിതിയുണ്ട്. മാത്രമല്ല, റിവ്യൂ ഹർജി സുപ്രിംകോടതിയുടെ പരി​ഗണനയിലാണ്. കോടതി വിധിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രിംകോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. 

ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ ഹൈക്കോടതി പിന്തുണച്ചു. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഭരണഘടനാ ബാധ്യതയുണ്ട്. അത് നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാനല്ല, അത് തടയാനാണ് രാജ്യത്ത് നിയമങ്ങള്‍ ഉണ്ടാക്കുന്നത്. റിവ്യൂഹര്‍ജിയില്‍ വിധി വരുന്നതുവരെ സര്‍ക്കാരിന് കാത്തിരിക്കാനാകില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com