യുവതികളെ ഹെലികോപ്ടര്‍ വഴി ശബരിമലയിലെത്തിക്കും ?; പ്രതിഷേധക്കാരെ നേരിടാൻ വമ്പന്‍ സന്നാഹവുമായി പൊലീസ്

ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി പൊലീസ് പോര്‍ട്ടലില്‍ 560 യുവതികളാണ് ഓണ്‍ലൈനായി ബുക്ക് ചെയ്തിട്ടുള്ളത്
യുവതികളെ ഹെലികോപ്ടര്‍ വഴി ശബരിമലയിലെത്തിക്കും ?; പ്രതിഷേധക്കാരെ നേരിടാൻ വമ്പന്‍ സന്നാഹവുമായി പൊലീസ്

തിരുവനന്തപുരം:  ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത 10നും 50നും ഇടയില്‍ പ്രായമുള്ള യുവതികളെ ഹെലികോപ്ടര്‍ വഴി ശബരിമലയിലെത്തിക്കാന്‍ പൊലീസ് നീക്കം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ ദേശീയ പത്രമായ ദി ഹിന്ദുവാണ് വാര്‍ത്ത പുറത്തുവിട്ടത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് യുവതികളെ ഹെലികോപ്ടര്‍ വഴി സന്നിധാനത്ത് എത്തിക്കാനാണ് നീക്കം. 

സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി പൊലീസ് പോര്‍ട്ടലില്‍ 560 യുവതികളാണ് ഓണ്‍ലൈനായി ബുക്ക് ചെയ്തിട്ടുള്ളത്. ഇവരുടെ ശബരിമല ദര്‍ശനത്തിന് ഹെലികോപ്ടര്‍ സൗകര്യമൊരുക്കാനാണ് പൊലീസ് നീക്കം നടത്തുന്നത്. പമ്പയില്‍ നിന്നും ശബരിമലവരെയുള്ള കാനനപാതയില്‍ വ്യാപകമായ പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടാണ് പൊലീസിന്റെ നീക്കം. നേരത്തെ സമരക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസിന് പിന്തിരിപ്പിക്കേണ്ടി വന്നിരുന്നു. 

സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം കണക്കിലെടുത്ത് യുവതികളെ തടയാന്‍ കഴിയില്ലെന്നതാണ് പൊലീസിനെ കുഴക്കുന്നത്. സുരക്ഷ നല്‍കാന്‍ കഴിയാതെ വന്നാല്‍ കോടതിയുടെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വരുമെന്നും പൊലീസ് ഭയക്കുന്നു. 560 യുവതികള്‍ക്ക് പുറമെ ഇതുവരെ 3.20 ലക്ഷം പുരുഷന്‍മാരും ഓണ്‍ലൈനായി ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. 

നവംബര്‍ 16ന് മണ്ഡലകാലത്തിനായി ശബരിമല നട തുറക്കാനിരിക്കെ 13നാണ് സുപ്രിംകോടതി പുനപരിശോധനാ ഹര്‍ജിയും റിട്ട് ഹര്‍ജികളും പരിശോധിക്കുന്നത്. പുനപരിശോധനാ ഹര്‍ജിയില്‍ വിധി പ്രതികൂലമായാലുള്ള സാഹചര്യവും പൊലീസ് മുന്നില്‍ കാണുന്നുണ്ട്.  സ്ത്രീകള്‍ക്ക് പ്രവേശനത്തിന് സൗകര്യമൊരുക്കുന്ന കാര്യത്തില്‍ റിവ്യൂഹര്‍ജിയിലെ സുപ്രിംകോടതി നിലപാടനുസരിച്ചാകും പൊലീസിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മണ്ഡലമകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയില്‍ സുരക്ഷയൊരുക്കാനും തിരക്ക് നിയന്ത്രിക്കാനുമായി 15,059 പൊലീസുകാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  പല ഘട്ടങ്ങളായാണ് ഇത്രയും പേരെ നിയമിക്കുക. നവംബര്‍ 14 മുതല്‍ ജനുവരി 16 വരെയാണ് ക്രമീകരണങ്ങള്‍. ആകാശനിരീക്ഷണവും ഏര്‍പ്പെടുത്തും.

ഓരോഘട്ടത്തിലും ശബരിമലയില്‍ മൊത്തം നാലായിരത്തോളം പൊലീസുകാര്‍ ചുമതലയിലുണ്ടാകും. കൂടാതെ, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും രണ്ടു സംഘങ്ങളെയും നിയമിക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം റൂറല്‍ ജില്ലകളിലെ സ്ഥിരംസംവിധാനങ്ങള്‍ കൂടാതെയാണ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പ്രത്യേക സുരക്ഷ. ജലപീരങ്കി ഉള്‍പ്പെടെയുള്ള പ്രതിരോധസംവിധാനങ്ങളും ശബരിമലയിലെത്തിക്കും. ഇതിനൊപ്പം അക്രമികളെ തിരിച്ചറിയാന്‍ മുഖംതിരിച്ചറിയല്‍ സോഫ്റ്റ്‌വേറുകളും ഉപയോഗിക്കും.

55 എസ്പി,എഎസ്പിമാരും 113 ഡിവൈഎസ്പിമാരും 1450 എസ്‌ഐ,എഎസ്‌ഐമാരും 12162 സിവില്‍ പൊലീസ് ഓഫീസര്‍മാരും 60 വനിതാ എസ്‌ഐമാരും 860 വനിതാ പൊലീസ് ഓഫീസര്‍മാരും സംഘത്തിലുണ്ടാകും. പമ്പയില്‍ ഒരേസമയം 600 പൊലീസുകാരെ വിന്യസിക്കും. നിലയ്ക്കലില്‍ 500അംഗ സേനയെ വിന്യസിക്കും. സന്നിധാനത്തില്‍ തുടക്കത്തില്‍ 1100 പൊലീസുകാരെയും പിന്നീട് 1500പേരെയും വിന്യസിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com