പ്രളയത്തിന് ശേഷം പട്ടാളപ്പുഴു ശല്യം, മണ്ണിലെ വിള്ളലുകളില്‍ വിശ്രമിക്കുന്ന പുഴുക്കള്‍ രാത്രികാലങ്ങളില്‍ വിളകളുടെ കൂമ്പിലകള്‍ തിന്നുനശിപ്പിക്കുന്നു, ആശങ്കയോടെ കര്‍ഷകര്‍

പ്രളയത്തിന് ശേഷം കൃഷിയിടങ്ങളില്‍ പട്ടാളപ്പുഴു ശല്യം
പ്രളയത്തിന് ശേഷം പട്ടാളപ്പുഴു ശല്യം, മണ്ണിലെ വിള്ളലുകളില്‍ വിശ്രമിക്കുന്ന പുഴുക്കള്‍ രാത്രികാലങ്ങളില്‍ വിളകളുടെ കൂമ്പിലകള്‍ തിന്നുനശിപ്പിക്കുന്നു, ആശങ്കയോടെ കര്‍ഷകര്‍

കൊച്ചി: പ്രളയത്തിന് ശേഷം കൃഷിയിടങ്ങളില്‍ പട്ടാളപ്പുഴു ശല്യം.ആലുവ കീഴ്മാട് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴില്‍ വരുന്ന വാഴക്കുളം, കീഴ്മാട്, എടത്തല, ചൂര്‍ണിക്കര എന്നീ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലാണ് പ്രളയശേഷം പട്ടാളപ്പുഴുവിന്റെ ആക്രമണം കണ്ടുതുടങ്ങിയത്. പ്രധാന വിളകളായ വാഴ, കപ്പ, പച്ചക്കറികള്‍ എന്നിവയിലാണ് ആക്രമണം രൂക്ഷമായി ബാധിച്ചിട്ടുള്ളത്.

പകല്‍സമയങ്ങളില്‍ മണ്ണിലെ വിള്ളലുകളില്‍ വിശ്രമിക്കുന്ന ഈ പുഴുക്കള്‍ രാത്രികാലങ്ങളില്‍ പുറത്തുവന്ന് വിളകളുടെ കൂമ്പിലകള്‍ പൂര്‍ണമായി തിന്ന് നശിപ്പിച്ചുകളയുകയാണ് ചെയ്യുന്നത്. ഇതു മൂലം വിളകള്‍ പൂര്‍ണമായി നശിക്കുന്നു. 

പട്ടാളപ്പുഴുവിനെ നിയന്ത്രിക്കുന്നതിനായി കൃഷിവകുപ്പ് ചില നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ആക്രമണം ആരംഭിക്കാത്ത കൃഷിയിടങ്ങളുടെ ചുറ്റും വെള്ളം കെട്ടിനിര്‍ത്തി പുഴുവിന്റെ വ്യാപനം തടയാവുന്നതാണ്. ആക്രമണത്തിന്റെ ആരംഭഘട്ടത്തില്‍ ജൈവ കീടനാശിനിയായായ ബാസില്ലസ് തുറിന്‍ജിയന്‍സിസ് കാര്‍സ്റ്റാക്കി അഞ്ച് മില്ലി, ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ ക്‌ളോരാന്‍ട്രാനിലിപ്രോള്‍ (മൂന്ന് മില്ലി, പത്ത് ലിറ്റര്‍ വെള്ളത്തില്‍), ഫ്‌ളൂബേണ്ടയാമൈഡ് 39.35 എസ്.സി. (രണ്ട് മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍), ഫ്‌ളൂബേണ്ടയാമൈഡ് 200 ഡ.ബ്യു.ജി. (രണ്ട് മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍) കലര്‍ത്തി ഉപയോഗിക്കുക.

നിശാശലഭങ്ങള്‍ പുറത്തുവരുന്നുണ്ടോയെന്നറിയാന്‍ ഒരാഴ്ചയ്ക്കു ശേഷം വിളയ്ക്ക് കെണി വയ്ക്കാം. വിളയിറക്കാത്ത പ്രദേശങ്ങളിലും വരമ്പിലും കളകളിലും മണ്ണെണ്ണ എമല്‍ഷന്‍ ശുപാര്‍ശ പ്രകാരം (പി.ഒ.പി.) തയ്യാറാക്കി തളിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com