കുറച്ചത് രണ്ടര രൂപ, ഒരാഴ്ചക്കിടെ കൂടിയത് രണ്ടുരൂപ; തിരുവനന്തപുരത്ത് ഡീസല്‍വില വീണ്ടും 80 കടന്ന് കുതിക്കുന്നു

പ്രതിഷേധങ്ങളെ തുടര്‍ന്ന്  പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച കേന്ദ്രസര്‍ക്കാരിന്റെ ആശ്വാസനടപടിയ്ക്ക് മങ്ങലേല്‍ക്കുന്നു
കുറച്ചത് രണ്ടര രൂപ, ഒരാഴ്ചക്കിടെ കൂടിയത് രണ്ടുരൂപ; തിരുവനന്തപുരത്ത് ഡീസല്‍വില വീണ്ടും 80 കടന്ന് കുതിക്കുന്നു

കൊച്ചി: പ്രതിഷേധങ്ങളെ തുടര്‍ന്ന്  പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച കേന്ദ്രസര്‍ക്കാരിന്റെ ആശ്വാസനടപടിയ്ക്ക് മങ്ങലേല്‍ക്കുന്നു. ഒരു ലിറ്റര്‍ ഇന്ധനത്തില്‍ എക്‌സൈസ് തീരുവയായി ഒന്നര രൂപയും എണ്ണവിതരണ കമ്പനികള്‍ ഒരു രൂപയുടെയും കുറവ് വരുത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഫലത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ രണ്ടരരൂപയുടെ കുറവ്. സംസ്ഥാനങ്ങളുടെ നികുതിയില്‍ വരുന്ന ആനുപാതിക കുറവും കൂടി കണക്കാക്കുമ്പോള്‍ പിന്നെയും വില കുറയുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ ഈ ആനുകൂല്യത്തിന്റെ ഗുണഫലം കുറയുന്നതാണ് കണ്ടുവരുന്നത്. ഇപ്പോള്‍ കൊച്ചിയില്‍ പെട്രോള്‍വിലയില്‍ ഒന്നര രൂപയുടെ കുറവു മാത്രമാണ് ഫലത്തില്‍. അതായത് ഒരാഴ്ചക്കുളളില്‍ ഒരു രൂപയോളം വര്‍ധിച്ചുവെന്ന് സാരം. ഡീസലില്‍ 60 പൈസയോളം കുറവ്. അതായത് ഒരാഴ്ചക്കുളളില്‍ ഡീസല്‍വില കുതിച്ചുയര്‍ന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടുരൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.  

എക്‌സൈസ് തീരുവ പ്രാബല്യത്തില്‍ വന്ന ഈ മാസം അഞ്ചാംതീയതി ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ 83 രൂപ 36 പൈസയായിരുന്നു. ഇത് ഇപ്പോള്‍ 84 രൂപ 35 പൈസയായിരിക്കുകയാണ്. ഇന്ന് മാത്രം ഉണ്ടായിരിക്കുന്ന വര്‍ധന 12 പൈസയുടെതാണ്. ഡീസലിലും സമാനമായ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇന്ന് 30 പൈസയുടെ വര്‍ധനയാണ് കൊച്ചിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 78രൂപ 64 പൈസയായി ഡീസല്‍വില ഉയര്‍ന്നു എന്ന് സാരം. ഏഴുദിവസം മുന്‍പ് ഡീസല്‍വില 76 രൂപ 63 പൈസയായിരുന്നു. ഏകദേശം രണ്ടു രൂപയിലധികം വില വര്‍ധിച്ചു.

തിരുവന്തപുരത്തും സമാനമായ വര്‍ധനയുണ്ടായി. അഞ്ചാംതീയതി 84 രൂപ 84 പൈസയായിരുന്ന സ്ഥാനത്ത് ദിവസങ്ങള്‍ക്കുളളില്‍ പെട്രോള്‍ വില 85 രൂപ 85 പൈസയായി. ഏകദേശം ഒരൂരൂപയിലധികം വര്‍ധിച്ചു. ഇന്ന് മാത്രം 12 പൈസ വര്‍ധിച്ചു. ഡീസലിലും സമാനമായ വര്‍ധനയുണ്ടായി. 78 രൂപ 11 പൈസയായിരുന്ന ഡീസല്‍വില ഒരാഴ്ച കൊണ്ട് രണ്ടുരൂപ വര്‍ധിച്ച് വീണ്ടും 80ല്‍ എത്തി. ഇന്ന് മാത്രം 30 പൈസയുടെ വര്‍ധനയുണ്ടായി.

കോഴിക്കോട് 84 രൂപ 72 പൈസയാണ് ഇന്നത്തെ പെട്രോള്‍ വില. 12 പൈസയുടെ വര്‍ധന. ഡീസല്‍ 80ലേക്ക് അടുക്കുന്നു. 79 രൂപ ഒരു പൈസയാണ് ഇന്നത്തെ ഡീസല്‍വില. 30 പൈസയുടെ വര്‍ധന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com