കോടതി വിധി മറികടക്കാന്‍ നടപടി എടുക്കണം, അല്ലെങ്കില്‍ സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും മുന്നോട്ടുപോക്ക് ദുഷ്‌കരമാകും ; വെല്ലുവിളിയുമായി ബിജെപി നേതാവ്

വിശ്വാസികളെ വ്രണപ്പെടുത്തിക്കൊണ്ട് അവിശ്വാസികളേയും അരാജക വാദികളേയും സാമൂഹ്യവിരുദ്ധരേയും നിര്‍ബന്ധിച്ച് ശബരിമലയില്‍ കൊണ്ടുവരികയാണ്
കോടതി വിധി മറികടക്കാന്‍ നടപടി എടുക്കണം, അല്ലെങ്കില്‍ സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും മുന്നോട്ടുപോക്ക് ദുഷ്‌കരമാകും ; വെല്ലുവിളിയുമായി ബിജെപി നേതാവ്

പമ്പ : ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രിംകോടതി വിധി മറികടക്കാനുള്ള നടപടി സര്‍ക്കാരും ദേവസ്വം ബോര്‍ഡും എടുക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതിനായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. അല്ലെങ്കില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മുന്നോട്ടുപോക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 

കോടതി വിധി മറികടക്കാനുള്ള നടപടി എടുത്തില്ലെങ്കില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ദേവസ്വം ബോര്‍ഡിനും റോഡിലിറങ്ങി നടക്കാനാകാത്ത സാഹചര്യം ഉണ്ടാകും. സര്‍ക്കാര്‍ മനപ്പൂര്‍വം കോടിക്കണക്കിന് വരുന്ന അയ്യപ്പ വിശ്വാസികളെ വ്രണപ്പെടുത്തിക്കൊണ്ട് അവിശ്വാസികളേയും അരാജക വാദികളേയും സാമൂഹ്യവിരുദ്ധരേയും നിര്‍ബന്ധിച്ച് ശബരിമലയില്‍ കൊണ്ടുവരികയാണ്. റിവ്യൂ പെറ്റീഷന്‍ പരിഗണനയ്ക്ക് എടുക്കുന്നതിന് മുമ്പ് യുവതീപ്രവേശം സാധ്യമാക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. ഇത് വലിയ തോതില്‍ ഭക്തര്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. 

അവിശ്വാസികളേയും അരാജക വാദികളേയും സാമൂഹ്യവിരുദ്ധരേയും പൊലീസിന്റെ അകമ്പടിയോടെ ശബരിമലയിലേക്ക് കൊണ്ടുവന്നാല്‍ വിശ്വാസികള്‍ അത് ചെറുത്തു തോല്‍പ്പിക്കും എന്നതില്‍ സംശയം വേണ്ട. ശബരിമലയെ തകര്‍ക്കാനുള്ള, ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള ബോധപൂര്‍വമായ പരിശ്രമത്തിലാണ് സര്‍ക്കാരെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

പശ്ചാത്തലം മോശമായിട്ടുള്ള, നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള നിരവധി വിധ്വംസക സംഘടനകളുമായി ബന്ധമുള്ള ഇത്തരം യുവതികള്‍ എങ്ങനെയാണ് സന്നിധാനത്തേക്ക് പുറപ്പെട്ടതെന്ന്, ആരാണ് ഇവരെ കൊണ്ടുവന്നതെന്ന്, ആരാണ് ഇവര്‍ക്ക് പിന്നിലുള്ളതെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. എന്തുകൊണ്ട് ഇത്തരക്കാര്‍ മാത്രം ശബരിമലയിലേക്ക് വരുന്നു. മാവോയിസ്റ്റുകളും കിസ്സ് ഓഫ് ലൗക്കാരും, അരാജക വാദികളും വിധ്വംസക പ്രവര്‍ത്തകരും ആയിട്ടുള്ള ആക്ടിവിസ്റ്റുകള്‍ മാത്രം എന്തുകൊണ്ട് ശബരിമലയിലേക്ക് വരുന്നു. ഇത് വിശ്വാസി സമൂഹത്തോടുള്ള കനത്ത വെല്ലുവിളിയാണ്.

മണ്ഡലകാലത്തിന് മുമ്പ് സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കണം. അത് എടുക്കും. ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. വിശ്വാസി സമൂഹത്തിന്റെ എതിര്‍പ്പ് ചില്ലറയാണെന്ന് കരുതേണ്ട. അവരെക്കൊണ്ട് അത് എടുപ്പിക്കാന്‍ കേരളത്തിന്റെ ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസത്തിന് സാധിക്കും. കേരളത്തില്‍ ആദ്യമായിട്ട് ഹൈന്ദവ സമൂഹം വിജയിക്കാന്‍ പോകുന്ന യുദ്ധമാണിത് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com