'എന്തിനാണ് ഒറ്റയ്ക്ക് പോകുന്നത്, പ്രതിപക്ഷത്തേയും കൂടെ കൂട്ടിക്കൂടെ'; വിദേശരാജ്യ പണപ്പിരിവില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ജോയ് മാത്യു

വിദേശത്തുള്ള മലയാളികള്‍ കേരളത്തിലേക്ക് സഹായം എത്തിക്കുമ്പോള്‍ എന്തിനാണ് ജനങ്ങളുടെ ചെലവില്‍ മന്ത്രിമാര്‍ സര്‍ക്കീട്ട് നടത്തുന്നത് എന്നാണ് ജോയ് മാത്യുവിന്റെ ചോദ്യം
'എന്തിനാണ് ഒറ്റയ്ക്ക് പോകുന്നത്, പ്രതിപക്ഷത്തേയും കൂടെ കൂട്ടിക്കൂടെ'; വിദേശരാജ്യ പണപ്പിരിവില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ജോയ് മാത്യു

പ്രളയത്തില്‍ മുങ്ങിത്തകര്‍ന്ന കേരളത്തെ പുനര്‍സൃഷ്ടിക്കാനുള്ള കഠിന ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വിദേശത്തുനിന്ന് പണം സമാഹരിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുകയാണ്. മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും വിദേശത്ത് അയച്ച് പണം സമാഹരിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു. 

വിദേശത്തുള്ള മലയാളികള്‍ കേരളത്തിലേക്ക് സഹായം എത്തിക്കുമ്പോള്‍ എന്തിനാണ് ജനങ്ങളുടെ ചെലവില്‍ മന്ത്രിമാര്‍ സര്‍ക്കീട്ട് നടത്തുന്നത് എന്നാണ് ജോയ് മാത്യുവിന്റെ ചോദ്യം. വിദേശരാജ്യപണപ്പിരിവിന് പ്രതിപക്ഷത്തുള്ളവരെ കൂടി കൊണ്ടുപോകാത്തത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഇനി വിദേശത്ത് പോകുകയാണെങ്കില്‍ പ്രകൃതിയെ ദ്രോഹിക്കാതെ എങ്ങനെയാണ് വികസനം നടത്തേണ്ടതെന്ന് കണ്ടുപിടിക്കണമെന്നും അദ്ദേഹം തന്റെ ഫേയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു. 

ജോയ് മാത്യുവിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

എന്തിനു ?

പ്രളയദുരിതാശ്വാസഫണ്ട് പിരിക്കുവാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്രേ. എന്തിനു ? വിദേശ രാജ്യങ്ങളില്‍ ജോലിചെയ്ത് സ്വന്തം നാടിനെ പുലര്‍ത്തിപ്പോരുന്ന മലയാളികള്‍, മന്ത്രിമാര്‍ അങ്ങോട്ട് എഴുന്നള്ളാതെതന്നെ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വിയര്‍പ്പ് വിറ്റ് പണമായും സാധനങ്ങളായും സഹായിച്ചുകൊണ്ടേയിരിക്കുന്നുണ്ട് .വിദേശത്തുള്ള വ്യവസായികളും അക്കാര്യത്തില്‍ പിന്നിലല്ല .പിന്നെയും എന്തിനാണ് ജനങ്ങളുടെ ചിലവില്‍ ഈ സര്‍ക്കീട്ട് ? 

ഇനി അങ്ങിനെയൊരു പൂതി ഉണ്ടെങ്കില്‍ത്തന്നെ നവകേരളം സൃഷ്ടിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം എന്ന് പറയുന്നവര്‍ വിദേശരാജ്യപണപ്പിരിവ് സര്‍ക്കീട്ടുകളില്‍ പ്രതിപക്ഷത്തിലുള്ളവരെക്കൂടി ഉള്‍പ്പെടുത്തി നവകേരള സൃഷ്ടിയില്‍ യോജിപ്പിന്റെ മാതൃക കാണിക്കാത്തതെന്ത് ? ഇനി ജനങ്ങള്‍ സമ്മതിച്ചില്ലെങ്കിലും ഞങ്ങള്‍ പോകും എന്നുതന്നെയാണ് വാശിയെങ്കില്‍ ,ഇപ്രാവശ്യമെങ്കിലും നക്ഷത്രഹോട്ടലുകളില്‍ താമസിച്ച് വെടിവട്ടം പറഞ്ഞു സമയം കളയാതെ പുറത്തിറങ്ങി നടന്നു വിദേശരാജ്യങ്ങള്‍ എങ്ങിനെയാണ് പ്രകൃതിയെ ദ്രോഹിക്കാതെ രാജ്യത്തിന്റെ വികസനം നിര്‍വഹിക്കുന്നതെന്ന് കണ്ടു പഠിക്കുകയെങ്കിലും വേണം എന്നൊരപേക്ഷയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com