പീഢകവീരര്‍ക്ക് കണിവെച്ച് നല്‍കുന്ന നെറികേട്; പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെകെ രമ

സ്ത്രീപീഢകര്‍ക്ക് മുന്നില്‍ ഇവ്വിധം നട്ടെല്ല് വളച്ചിരിക്കുന്നൊരു ഭരണസംവിധാനം ജനാധിപത്യകേരളത്തിന് എത്രമേല്‍ അപമാനകരമാണ്
പീഢകവീരര്‍ക്ക് കണിവെച്ച് നല്‍കുന്ന നെറികേട്; പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെകെ രമ

കോഴിക്കോട്: വേട്ടക്കാരുടെ കൂട്ടുകാരായി അധഃപതിച്ച ആഭ്യന്തരവകുപ്പിന്റേയും അധികാര രാഷ്ട്രീയ നേതൃത്വങ്ങളുടേയും തനിനിറം വെളിവാക്കുന്ന പോരാട്ടത്തിനാണ് കേരളം സാക്ഷിയാവുന്നതെന്ന് കെ കെ രമ. അധികാരസ്വാധീനവും ധനബലവും ഗുണ്ടാശേഷിയുമെല്ലാമുള്ള പെണ്‍വേട്ടക്കാര്‍ക്ക് പ്രലോഭനവും ഭീഷണിയും കൊണ്ട് പാവം ഇരകളെ നിസ്സഹായരാക്കി കീഴ്‌പ്പെടുത്താനുള്ള സാവകാശവും സൗകര്യവുമൊരുക്കാനാണ് സംസ്ഥാന പോലീസ് നേതൃത്വം മാസങ്ങളായി ആ പീഢനപരാതിക്ക് മേല്‍ നടപടിയില്ലാതെ അടയിരിക്കുന്നതെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തതെന്ന് രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

ലൈംഗിക അതിക്രമ പരാതിയില്‍ നീതി തേടി കന്യാസ്ത്രീകള്‍ക്ക് ഒടുവില്‍ തെരുവില്‍ സമരപ്പന്തലുയര്‍ത്തേണ്ടി വന്നിരിക്കുന്നു. വേട്ടക്കാരുടെ കൂട്ടുകാരായി അധഃപതിച്ച ആഭ്യന്തരവകുപ്പിന്റേയും അധികാര രാഷ്ട്രീയ നേതൃത്വങ്ങളുടേയും തനിനിറം വെളിവാക്കുന്ന പോരാട്ടത്തിനാണ് കേരളം സാക്ഷിയാവുന്നത്. അധികാരസ്വാധീനവും ധനബലവും ഗുണ്ടാശേഷിയുമെല്ലാമുള്ള പെണ്‍വേട്ടക്കാര്‍ക്ക് പ്രലോഭനവും ഭീഷണിയും കൊണ്ട് പാവം ഇരകളെ നിസ്സഹായരാക്കി കീഴ്‌പ്പെടുത്താനുള്ള സാവകാശവും സൗകര്യവുമൊരുക്കാനാണ് സംസ്ഥാന പോലീസ് നേതൃത്വം മാസങ്ങളായി ആ പീഢനപരാതിക്ക് മേല്‍ നടപടിയില്ലാതെ അടയിരിക്കുന്നതെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്?!

സ്ത്രീപീഢകര്‍ക്ക് മുന്നില്‍ ഇവ്വിധം നട്ടെല്ല് വളച്ചിരിക്കുന്നൊരു ഭരണസംവിധാനം ജനാധിപത്യകേരളത്തിന് എത്രമേല്‍ അപമാനകരമാണ്!! ജനാധിപത്യത്തേയും നീതിവാഴ്ച്ചയേയും പരിഹാസ്യമാക്കി, കേരളത്തിലെ സ്ത്രീസമൂഹത്തിന്റെ ആത്മാഭിമാനത്തെ മൊത്തമായി തന്നെ പീഢകവീരര്‍ക്ക് കണിവെച്ച് നല്‍കുന്ന നെറികേടാണ് നടന്നു കൊണ്ടിരിക്കുന്നത് .ഒരു ജനാധിപത്യ സമൂഹത്തിനും ലജ്ജകരമായ ഈ നീതിനിഷേധം പൊറുപ്പിക്കാനാവില്ല. കന്യാസ്ത്രീകളുടെ കരളുറപ്പുള്ള ഈ പോരാട്ടത്തെ കേരളം ഏറ്റെടുക്കുക തന്നെ ചെയ്യും. ആത്മീയനേതൃത്വത്താലും ഭരണനേതൃത്വത്താലും നിര്‍ദ്ദയം കയ്യൊഴിയപ്പെട്ടിട്ടും ആത്മാഭിമാന പോരാട്ടവഴിയില്‍ പിന്‍വാങ്ങാതെ കരുത്തോടെ നിലകൊള്ളുന്നവരെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നു. നിങ്ങള്‍ ഒരിക്കലും തനിച്ചാവില്ല. ആത്മീയവ്യവസായികളുടേയും അധികാരരാഷ്ട്രീയവാണിഭക്കാരുടേയും കാല്‍ക്കീഴില്‍ മനഃസാക്ഷിയും നീതിബോധവും പണയപ്പെടുത്തിയിട്ടില്ലാത്ത പതിനായിരങ്ങള്‍ ഈ പോരാട്ടത്തെ നെഞ്ചോട് ചേര്‍ക്കുമെന്നുറപ്പ്. സഹോദരിമാരേ., സമരൈക്യദാര്‍ഢ്യം...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com