'മോനേ' എന്ന വിളിക്ക് ഫലമുണ്ടായി; സര്‍വവും നഷ്ടപ്പെട്ട മേരിക്ക് രാഹുല്‍ നല്‍കിയ ഉറപ്പ് പാലിച്ചു, രണ്ടു വയസുളള മുന്തിയ ഇനം പശുവിനെ കൈമാറി 

ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന മേരിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയ ഉറപ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യാഥാര്‍ത്ഥ്യമാക്കി
'മോനേ' എന്ന വിളിക്ക് ഫലമുണ്ടായി; സര്‍വവും നഷ്ടപ്പെട്ട മേരിക്ക് രാഹുല്‍ നല്‍കിയ ഉറപ്പ് പാലിച്ചു, രണ്ടു വയസുളള മുന്തിയ ഇനം പശുവിനെ കൈമാറി 

കൊച്ചി: ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന മേരിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയ ഉറപ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യാഥാര്‍ത്ഥ്യമാക്കി. രാഹുലിന്റെ നിര്‍ദേശപ്രകാരം പ്രളയത്തില്‍ ചത്തു പോയ പശുവിനു പകരം നല്ലൊരു പശുവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  മേരിക്ക് കൈമാറി. നെടുമ്പാശ്ശേരി മൂഴിയാല്‍ മാളിയേക്കല്‍ വീട്ടില്‍ മേരി ഔസേഫിന് (65) ബുധനാഴ്ച അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ വീട്ടിലെത്തിയാണ് പശുവിനെ സമ്മാനിച്ചത്.

മഹാപ്രളയത്തില്‍ മേരിയുടെ സര്‍വവും നഷ്ടപ്പെട്ടിരുന്നു. കട്ടിലില്‍ വരെ വെള്ളം കയറിയതോടെയാണ് മേരി ക്യാമ്പിലേക്ക് മാറിയത്. തൊഴുത്തില്‍ കെട്ടിയിട്ട പശുവിനെ അഴിച്ചുവിടാന്‍ സാധിക്കാതിരുന്നതിനാല്‍ ചത്തു. ഊണും ഉറക്കവുമില്ലാതെ പശു നഷ്ടപ്പെട്ട ദുഃഖത്തില്‍ ക്യാമ്പില്‍ കഴിയുന്നതിനിടെയാണ് രാഹുല്‍ ക്യാമ്പ് സന്ദര്‍ശിച്ചത്. ക്യാമ്പില്‍നിന്ന് രാഹുല്‍ മടങ്ങുമ്പോള്‍ ഏറ്റവും പിറകിലെ ബെഞ്ചിലായിരുന്നു മേരി. 'മോനേ' എന്ന വിളി കേട്ടു തിരിഞ്ഞു നോക്കിയ രാഹുല്‍ കരഞ്ഞുകലങ്ങിയ കണ്ണും തകര്‍ന്ന മനസ്സുമായി മേരി എന്തോ പറയുന്നത് കണ്ടു. ഉടന്‍ അദ്ദേഹം മേരിയുടെ അടുത്തെത്തി. പശു നഷ്ടപ്പെട്ട നൊമ്പരമാണ് ഹൃദയഭേദകമായി മേരി പങ്കുവെച്ചത്.ഉടനെ തൊട്ടടുത്തുണ്ടായിരുന്ന അന്‍വര്‍ സാദത്ത് എം.എല്‍.എയോട് മേരിക്ക് പശുവിനെ വാങ്ങിക്കൊടുക്കാന്‍ നിര്‍ദേശം നല്‍കി. 

മാധ്യമങ്ങളിലൂടെ സംഭവമറിഞ്ഞ, യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ ആലത്തൂര്‍ പാര്‍ലമെന്റ് സെക്രട്ടറി അഭിലാഷ് പ്രഭാകര്‍ മേരിക്ക് പശുവിനെ നല്‍കാനുള്ള സന്നദ്ധത എം.എല്‍.എ.യെ അറിയിച്ചു. സ്വന്തമായി പശു ഫാ മുള്ള അഭിലാഷ് കഴിഞ്ഞ ദിവസം മേരിയുടെ വീട്ടിലെത്തിയിരുന്നു. ബുധനാഴ്ച വൈകീട്ട് അന്‍വര്‍ സാദത്ത് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അഭിലാഷ് പ്രഭാകറും മേരിയുടെ വീട്ടിലെത്തി രണ്ട് വയസ്സുള്ള മുന്തിയ ഇനത്തില്‍പ്പെട്ട പശുവിനെ കൈമാറി. പ്രളയത്തില്‍ സംസ്ഥാനത്തുടനീളം പശു നഷ്ടപ്പെട്ട പരമ്പരാഗത ക്ഷീരകര്‍ഷകര്‍ക്ക് പശുവിനെ നല്‍കാന്‍ അഭിലാഷിന്റെ നേതൃത്വത്തില്‍ ഫേസ്ബുക്ക് കൂട്ടായ്മ ആവിഷ്‌കരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com