നമ്പി നാരായണനെ ദുരിതത്തിലേക്കു തള്ളിവിട്ടത് പൊലീസിന്റെ അലസ സമീപനമെന്ന് സുപ്രിം കോടതി; നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാര്‍

ആത്മാഭിമാനം കുരിശേറ്റപ്പെട്ട മനുഷ്യന്റെ നീതിക്കു വേണ്ടിയുള്ള നിലവിളിയാണിത്
നമ്പി നാരായണനെ ദുരിതത്തിലേക്കു തള്ളിവിട്ടത് പൊലീസിന്റെ അലസ സമീപനമെന്ന് സുപ്രിം കോടതി; നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആത്മാഭിമാനം കുരിശേറ്റപ്പെട്ടപ്പോള്‍ ഒരു മനുഷ്യന്‍ നീതിക്കു വേണ്ടി നടത്തിയ നിലവിളിയാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്റേതെന്ന് സുപ്രിം കോടതി. പൊലീസിന്റെ അലസമായ സമീപനം ഒരാളെ അപകീര്‍ത്തിയുടെ ദുരിതത്തിലേക്ക് തള്ളിവിട്ട കേസാണിതെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. 

ചാരക്കേസില്‍ നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള ഉത്തരവില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ്, ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉയര്‍ത്തിയത്. ദേശീയതലത്തില്‍ തന്നെ ഖ്യാതിയുണ്ടായിരുന്ന ഒരു ശാസ്ത്രജ്ഞനെ തീവ്രമായ അപമാനത്തിലേക്കു തള്ളിവിട്ട സംഭവങ്ങളാണുണ്ടയതെന്ന് വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. ഒരാളെ അറസ്റ്റ് ചെയ്ത്, കസ്റ്റഡിയില്‍ വച്ച് അപകീര്‍ത്തിയുടെ ദുരിതത്തിലേക്ക് വീഴ്ത്തുന്ന, അലസമായ പൊലീസ് സമീപനമാണ് പ്രകടമായത്. സൈക്കോ പാതോളജിക്കല്‍ സമീപനത്തില്‍ അയാളുടെ അന്തസു തകര്‍ന്നുപോവുകയാണ്. വിവേകമില്ലാത്ത ഈ നടപടിയില്‍ ആത്മാഭിമാനം കുരിശേറ്റപ്പെട്ട മനുഷ്യന്റെ നീതിക്കു വേണ്ടിയുള്ള നിലവിളിയാണിത്. ഇതിന് നിയമപരമായ പരിഹാരം ഉണ്ടാവേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ സിവില്‍ ഹര്‍ജിയെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടെന്നു വ്യക്തമാക്കിയാണ്, 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടത്. നഷ്ടപരിഹാരത്തിനുള്ള ആ ഹര്‍ജി സുപ്രിം കോടതിയെ നഷ്ടപരിഹാരം വിധിക്കുന്നതില്‍ വിലക്കുന്നില്ലെന്ന് ബെഞ്ച് വിശദീകരിച്ചു. നഷ്ടപരിഹാര ഹര്‍ജിയുമായി നമ്പി നാരായണന് മുന്നോട്ടുപോവാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

നമ്പി നാരായണന് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയാണ് സംഭവിച്ചത്. അതിനു നഷ്ടപരിഹാരം നല്‍കിയേ തീരൂ. അന്‍പതു ലക്ഷം നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ എട്ടാഴ്ചയ്ക്കകം നല്‍കണം. 

നഷ്ടപരിഹാരമല്ല, ചുമതലയില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയാണ് നമ്പി നാരായണന്റെ മുഖ്യ ആവശ്യം. ഇക്കാര്യം പരിശോധിക്കാന്‍ റിട്ട. സുപ്രിം കോടതി ജഡ്ജി ഡികെ ജയിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. സമിതിയിലേക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഓരോ അംഗങ്ങളെ നിയോഗിക്കണം. ഡല്‍ഹി കേന്ദ്രമായി ആയിരിക്കും സമിതിയുടെ പ്രവര്‍ത്തനം. കേരളത്തില്‍ ആവശ്യമുള്ള ഇടങ്ങളില്‍ സമിതിക്കു യോഗങ്ങള്‍ ചേരാം. സമിതിയുടെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com