ചാരക്കേസ് വിധി കോൺ​ഗ്രസുമായി ബന്ധപ്പെട്ടതോ, പാർട്ടിയെ ബാധിക്കുന്നതോ അല്ല; എം.എം ഹസൻ

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് കെപിസിസി അധ്യക്ഷൻ എം.എം ഹസന്‍
ചാരക്കേസ് വിധി കോൺ​ഗ്രസുമായി ബന്ധപ്പെട്ടതോ, പാർട്ടിയെ ബാധിക്കുന്നതോ അല്ല; എം.എം ഹസൻ

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി വിധിക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് കെപിസിസി അധ്യക്ഷൻ എം.എം ഹസന്‍. നമ്പി നാരായണന്‍ നല്‍കിയ കേസിലാണ് വിധി. അത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ടതോ പാർട്ടിയെ ബാധിക്കുന്നതോ ആയ വിധിയല്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം‌ കോടതി ഉത്തരവ് പ്രകാരമുള്ള അന്വേഷണം വരട്ടെ. ചാരക്കേസിന് പിന്നിലെ അഞ്ച് പേരുടെ പുറത്തുവിടുമെന്ന് പറഞ്ഞതിനെ കുറിച്ച് പത്മജ വേണു​ഗോപാലിനോട് തന്നെ ചോദിക്കണമെന്നും ഹസൻ വ്യക്തമാക്കി. 

ചാരക്കേസിലെ വിധിയെക്കുറിച്ചു പ്രതികരിക്കാനില്ല. കെ.കരുണാകരന്റെ രാജിയെക്കുറിച്ചു മുന്‍പു താന്‍ പറഞ്ഞത് അപ്പോഴത്തെ സാഹചര്യത്തിലാണ്. കരുണാകരന്റെ രാജിയുടെ കാരണം അറിയില്ലായിരുന്നുവെന്നും ചോദ്യത്തിനു മറുപടിയായി ഹസൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സംസ്ഥാനത്ത് മന്ത്രിമാരുടെ നേതൃത്വത്തിൽ നിർബന്ധിത പണപ്പിരിവ് നടത്തുകയാണെന്ന് ഹസൻ ആരോപിച്ചു. പ്രളയകാലം കഴിഞ്ഞപ്പോൾ പിരിവുകാലം വന്നെന്ന് പരിഹസിച്ച ഹസൻ സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഗുണ്ടാ പിരിവാണെന്നും പറഞ്ഞു. സാലറി ചലഞ്ചിന് താത്പര്യമില്ലാത്തവർ വിസമ്മത പത്രം നൽകണമെന്നത് കേട്ടുകേൾവി ഇല്ലാത്ത നടപടിയാണ്. എതിർക്കുന്നവരെ സ്ഥലം മാറ്റുന്നതടക്കം സർക്കാർ ഉദ്യോഗസ്ഥരെ രണ്ട് തട്ടിലാക്കുന്ന ഉത്തരവ് ധനവകുപ്പ് പിൻവലിക്കണമെന്നും ഹസൻ കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com