അഴിച്ചെടുത്താല്‍, അറിയാത്തവര്‍ക്ക് പഴയ രൂപത്തിലാക്കാന്‍ കഴിയാത്തൊരു അത്ഭുതം; അഞ്ചുമോതിരങ്ങളില്‍ ഇതാ ഇന്ത്യന്‍ വിസ്മയം!

ഓരോ മോതിരത്തിലും ഇന്ത്യയെന്ന വാക്കിലെ അഞ്ച് അക്ഷരങ്ങളില്‍ ഓരോന്നും പതിപ്പിച്ചിട്ടുണ്ട്
അഴിച്ചെടുത്താല്‍, അറിയാത്തവര്‍ക്ക് പഴയ രൂപത്തിലാക്കാന്‍ കഴിയാത്തൊരു അത്ഭുതം; അഞ്ചുമോതിരങ്ങളില്‍ ഇതാ ഇന്ത്യന്‍ വിസ്മയം!

തിരുവനന്തപുരം: മോതിരം ഇടാത്ത മലയാളികള്‍ ചുരുക്കമാണ്. ഇവിടെ ആരും ഇതുവരെ കണ്ടിട്ടില്ലാത്ത മോതിരം നിര്‍മിച്ച് കൗതുകം സൃഷ്ടിക്കുകയാണ് തിരുവനന്തപുരം സ്വദേശി ഇ.രാജഗോപാല്‍. വെറും മോതിരമല്ല, അഴിച്ചെടുത്താല്‍, അറിയാത്തവര്‍ക്കു പഴയ രൂപത്തിലാക്കാന്‍ കഴിയാത്തൊരു അത്ഭുതമാണ് ഇന്ത്യന്‍ വിസ്മയം എന്നു പേരിട്ട ഈ മോതിരം.

അഞ്ചു വളയങ്ങളായാണ് മോതിരം നിര്‍മിച്ചിരിക്കുന്നത്. അതായത് അഞ്ചു ചെറിയ മോതിരങ്ങള്‍. ഓരോ മോതിരത്തിലും ഇന്ത്യയെന്ന വാക്കിലെ അഞ്ച് അക്ഷരങ്ങളില്‍ ഓരോന്നും പതിപ്പിച്ചിട്ടുണ്ട്. ചങ്ങലപോലെ കൂട്ടിയോജിപ്പിച്ച അഞ്ചു മോതിരങ്ങള്‍ ഒന്നിക്കുമ്പോള്‍ ഇന്ത്യയെന്ന വാക്കു പൂര്‍ണമാവുന്നു. അതിനോടൊപ്പം ത്രിവര്‍ണ പതാകയും മുന്‍നിരയിലെത്തും.

കൂടാതെ ഭാരതത്തിന്റെ ദേശീയ ചിഹ്നങ്ങളും പൂര്‍ണമായി മോതിരത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയെയാണ് അഞ്ചു വളയങ്ങള്‍ സംയോജിക്കുന്നതിലൂടെ ശില്പി ആവിഷ്‌കരിച്ചിരിക്കുന്നത്. 20 ഗ്രാമാണ് ഈ പഞ്ചലോഹ മോതിരത്തിന്റെ തൂക്കം.

25 വര്‍ഷമായി ആഭരണ ഡിസൈനിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജഗോപാലിന് ഹിമാലയ യാത്രയ്ക്കിടെയാണ് ഇന്ത്യന്‍ വിസ്മയം എന്ന മോതിരത്തിന്റെ ആശയം ലഭിക്കുന്നത്. അടുത്ത വിസ്മയത്തെക്കുറിച്ചുള്ള ആലോചന ആരംഭിച്ചിട്ടുണ്ടെങ്കിലും അതു മോതിരമായിരിക്കില്ല എന്നു രാജഗോപാല്‍ പറയുന്നു. പ്രധാനമന്ത്രിക്കു സ്വന്തം കൈകൊണ്ടു മോതിരം സമ്മാനിക്കണമെന്നാണ് ഈ കലാകാരന്റെ ആഗ്രഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com