ബിഷപ്പ് പൊലീസ് ക്ലബില്‍, ഉച്ചയോടെ കോടതിയില്‍ , ഫ്രാങ്കോയ്ക്ക് വേണ്ടി അഡ്വ രാമന്‍പിള്ള ഹാജരാകും

ബിഷപ്പിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടുമെന്നാണ് സൂചന
ബിഷപ്പ് പൊലീസ് ക്ലബില്‍, ഉച്ചയോടെ കോടതിയില്‍ , ഫ്രാങ്കോയ്ക്ക് വേണ്ടി അഡ്വ രാമന്‍പിള്ള ഹാജരാകും

കോട്ടയം : കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബ്ബിലെത്തിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് രാത്രി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന ഫ്രാങ്കോയുടെ വൈദ്യപരിശോധനയില്‍ ആരോഗ്യത്തിന് കാര്യമായ കുഴപ്പമില്ലെന്ന് കണ്ടെത്തി. ഇന്നു രാവിലെ ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് വീണ്ടും നടത്തിയതിന് ശേഷമാണ് ബിഷപ്പിന്റെ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ന്ന് രാവിലെ 8.30 ന് ഫ്രാങ്കോയെ ഡിസ് ചാര്‍ജ് ചെയ്തു. ആശുപത്രിയില്‍ നിന്ന് പുറത്തെത്തിക്കുമ്പോള്‍ ഫ്രാങ്കോയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

ബിഷപ്പിനെ ഇന്ന് ഉച്ചയ്ക്കു മുമ്പു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇന്ന് രാത്രി എട്ടുമണിവരെ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കാന്‍ സമയമുണ്ടെങ്കിലും ഉച്ചയ്ക്ക് മുമ്പു തന്നെ ഹാജരാക്കാനാണ് തീരുമാനം. അതിന് മുമ്പായി കോട്ടയം ജനറൽ ആശുപത്രിയിൽ ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും. ബിഷപ്പിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടുമെന്നാണ് സൂചന. അതേസമയം ബിഷപ്പിന് വേണ്ടി അഡ്വ ബി രാമന്‍പിള്ള ഹാജരായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് രാമന്‍പിള്ള.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്ന് കോടതിയില്‍ ഫ്രാങ്കോയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിക്കും.  ബിഷപ്പിന്റെ അഭിഭാഷകര്‍ ഇന്നു തന്നെ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. അന്വേഷണസംഘം ആവശ്യപ്പെട്ടപ്പോഴൊക്കെ ഹാജരായിട്ടുണ്ടെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചിട്ടുണ്ടെന്നതും ജാമ്യാപേക്ഷയില്‍ ഉന്നയിക്കും. ജലന്ധറില്‍ വച്ചും പിന്നീട് കഴിഞ്ഞ മൂന്ന് ദിവസം തുടര്‍ച്ചയായും ചോദ്യം ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലിന്റെ ആവശ്യമില്ലെന്നും കോടതിയില്‍ വാദിക്കും. ഈ നീക്കത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുമെന്നാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com