സാലറി ചലഞ്ച്: വിസ്സമ്മതം അറിയിക്കേണ്ട അവസാന ദിനം ഇന്ന് 

വിസമ്മതം അറിയിച്ചില്ലെങ്കിൽ പത്ത് ഘടുക്കളായി ഒരു മാസത്തെ സാലറി സര്‍ക്കാര്‍ പിടിക്കും. തീയതി നീട്ടിനൽകേണ്ടെന്നാണ് ധനവകുപ്പിന്റെ തീരുമാനം
സാലറി ചലഞ്ച്: വിസ്സമ്മതം അറിയിക്കേണ്ട അവസാന ദിനം ഇന്ന് 

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനത്തെ കരകയറ്റുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന സാലറി ചലഞ്ച് ഇന്ന് പൂർത്തിയാവും. ശമ്പളം നൽകാൻ താത്പര്യമില്ലാത്തവർ വിസമ്മത പത്രം നൽകേണ്ട അവസാന തിയതി ഇന്നാണ്. വിസമ്മതം അറിയിച്ചില്ലെങ്കിൽ പത്ത് ഘടുക്കളായി ഒരു മാസത്തെ സാലറി സര്‍ക്കാര്‍ പിടിക്കും. തീയതി നീട്ടിനൽകേണ്ടെന്നാണ് ധനവകുപ്പിന്റെ തീരുമാനം.

സാലറി ചലഞ്ചിന്റെ പേരില്‍ ഭരണ പ്രതിപക്ഷ സംഘടനകളിലെ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. അവധി ആനുകൂല്യം ഉള്‍പ്പെടെയുള്ള സൗകര്യം പ്രയോജനപ്പെടുത്തി സാലറിചലഞ്ചില്‍ നല്ലൊരു ഭാഗം ജീവനക്കാര്‍ പങ്കാളികളാകുന്നുമുണ്ട്. എന്നാല്‍ വിസമ്മതം അറിയിക്കുന്നവര്‍ക്ക് നേരെ പ്രതികാര നടപടിയുണ്ടാകുമെന്ന തരത്തില്‍ പ്രചാരണം ചിലരെ ആശങ്കയിലാക്കുന്നുണ്ട്. എന്നാൽ സാലറി ചലഞ്ച് നിർബന്ധമല്ലെന്നും ശമ്പളം നൽകാത്തവർക്കെതിരേ ഒരു നടപടിയും ഉണ്ടാവില്ലെന്നും സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നു. ശമ്പളം നൽകാത്തവരുടെ പേരുകൾ പ്രസിദ്ധീകരിക്കാനും ഉദ്ദേശ്യമില്ലെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. 

സാലറി ചലഞ്ചിൽ കൂടുതൽ തവണകൾ അനുവദിക്കണമെന്നും പ്രളയത്തിൽപ്പെട്ടവരെ ഒഴിവാക്കണമെന്നുമൊക്കെ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ, ശമ്പളദാനത്തിനുള്ള വ്യവസ്ഥകളിൽ മാറ്റംവരുത്താനുള്ള സാഹര്യങ്ങളൊന്നും ഇതുവരെയില്ലെന്ന് ധനമന്ത്രി പറഞ്ഞു. 70 ശതമാനം ജീവനക്കാരെങ്കിലും ചലഞ്ചില്‍ ഭാഗമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

സാലറി ചലഞ്ചിന് സമാനമായി പെൻഷൻകാരിൽനിന്ന് ഒരു മാസത്തെ പെൻഷന് തുല്യമായ തുകയും സർക്കാർ അഭ്യർഥിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് തീരുമാനം കൈകൊള്ളുന്നതിനായി പെൻഷൻകാരുടെ സംഘടനകളുമായി ഇന്ന് ധനമന്ത്രി തോമസ് ഐസക് ചർച്ചനടത്തും. 

ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സംഭാവന 1500 കോടി രൂപയിലേക്ക് എത്തുകയാണ്. വെള്ളിയാഴ്ചവരെയുള്ള കണക്കുകൾ പ്രകാരം 1478.72 കോടി രൂപയാണ് സംഭാവനയായി ലഭിച്ചിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com