ബിഷപ്പ് പരാതിക്കാരിയുടെ വീട്ടിലെത്തിയ ദൃശ്യം പിസി ജോര്‍ജ്ജിന്റെ കയ്യില്‍ ; ദുരുപയോഗത്തിന് സാധ്യതയെന്ന് കന്യാസ്ത്രീയുടെ സഹോദരി

ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് കന്യാസ്ത്രീയുടെ സഹോദരി പൊലീസില്‍ പരാതി നല്‍കി
ബിഷപ്പ് പരാതിക്കാരിയുടെ വീട്ടിലെത്തിയ ദൃശ്യം പിസി ജോര്‍ജ്ജിന്റെ കയ്യില്‍ ; ദുരുപയോഗത്തിന് സാധ്യതയെന്ന് കന്യാസ്ത്രീയുടെ സഹോദരി

കൊച്ചി :  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ വീട്ടിലെത്തിയ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് കന്യാസ്ത്രീയുടെ സഹോദരി പൊലീസില്‍ പരാതി നല്‍കി. ദൃശ്യം പിസി ജോര്‍ജിന്റെ കൈവശം എത്തിയിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങള്‍ വഴി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും കന്യാസ്ത്രീയുടെ സഹോദരി പരാതിയില്‍ ചൂണ്ടിക്കാട്ടി. 

കാലടി സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. സ്റ്റുഡിയോ ഉടമയ്ക്ക് കേസിന്റെ മേൽനോട്ട ചുമതലയുള്ള ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥന്റെ ഓഫീസില്‍ നിന്നും വിളി എത്തിയിട്ടാണ് അവിടെ പെൻഡ്രൈവ്, സിഡി, ഫോട്ടോ എന്നിവ എത്തിച്ചുനല്‍കിയതെന്ന് സ്റ്റുഡിയോ ഉടമ പോലീസ് സ്‌റ്റേഷനില്‍ മൊഴി നല്‍കി. 94979 98992 ഈ നമ്പറില്‍ നിന്നാണ് സ്റ്റുഡിയോ ഉടമയ്ക്ക് വിളി വന്നത്. പോലീസിന്റെ അന്വേഷണത്തിലാണ് ഇത് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥന്റെ നമ്പര്‍ ആണെന്ന് വ്യക്തമായത്.

പി.സി ജോര്‍ജിന്റെ കയ്യില്‍ ഈ സിഡിയും ഫോട്ടോകളും കിട്ടിയിട്ടുണ്ട്. ഇക്കാര്യം പി.സി ജോര്‍ജ് ഒരു വാര്‍ത്താസമ്മേളനം വിളിച്ച് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്റ്റുഡിയോ ഉടമ അതിനു തയ്യാറായില്ല. ജോര്‍ജ് ഈ ദൃശ്യങ്ങള്‍ ദുരുപയോഗിക്കുമെന്നും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ആശങ്കയുണ്ടെന്നും സഹോദരി പറഞ്ഞു. ഇവര്‍ക്കു പുറമേ ദൃശ്യങ്ങള്‍ മറ്റു ചിലര്‍ക്കും ലഭിച്ചിട്ടുണ്ടെന്നും അവര്‍ അതില്‍ കൃത്രിമം കാണിച്ച് പ്രചരിപ്പിച്ചേക്കാമെന്നും, അത് തടയണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ഈ ദൃശ്യങ്ങള്‍ പി.സി ജോര്‍ജ് എം.എല്‍.എയുടെ പക്കല്‍ എത്തിയിട്ടുണ്ടെന്നും ഒരിക്കല്‍ പത്രസമ്മേളനത്തില്‍ ഈ ചിത്രങ്ങളെ കുറിച്ച് പറയാന്‍ ജോര്‍ജ് സ്റ്റുഡിയോ ഉടമയെ നിര്‍ബന്ധിച്ചുവെന്നും കന്യാസ്്ത്രീയുടെ കുടുംബം ആരോപിച്ചു. കന്യാസ്ത്രീ ആദ്യം പീഡനത്തിന് ഇരയായി എന്നു പറയുന്ന 2014 മേയ് അഞ്ചിന് പിറ്റേന്ന്, കാലടിയിലുള്ള സഹോദരിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ ബിഷപ്പിനൊപ്പം കന്യാസ്ത്രീ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് സ്റ്റുഡിയോയില്‍ നിന്നും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥന്റെ  നിര്‍ദേശപ്രകാരം അദ്ദേഹത്തിന് എത്തിച്ചുനല്‍കിയതെന്ന് സ്റ്റുഡിയോ ഉടമ പറഞ്ഞതായാണ് വെളിപ്പെടുത്തല്‍. 

പരാതി കെട്ടിച്ചമച്ചതാണെന്നും കന്യാസ്ത്രീ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും വാദിച്ച ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍, കന്യാസ്ത്രീയുടെ വീട്ടില്‍ നടന്ന ചടങ്ങിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ കാണിക്കുകയും ചെയ്തിരുന്നു. ബലാല്‍സംഗ കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പാല സബ് ജയിലില്‍ റിമാന്‍ഡിലാണ്. ബിഷപ്പിനെ പിസി ജോര്‍ജ്ജ് കഴിഞ്ഞദിവസം ജയിലിലെത്തി കണ്ടിരുന്നു. ബിഷപ്പ് നിരപരാധിയാണെന്നും, അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ജോര്‍ജ്ജ് പിന്നീട് അഭിപ്രായപ്പെട്ടിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് ദേശീയ വനിതാ കമ്മീഷന്‍ പിസി ജോര്‍ജ്ജിന് നോട്ടീസ് അയച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com