കുഞ്ഞാലിക്കുട്ടി ജയിച്ചു; മതേതര രാഷ്ട്രീയമോ?

എന്തിനാണ് മല്‍സരിച്ചതെന്നും ജയിക്കുന്നതുകൊണ്ട് എന്തു നേട്ടമാണെന്നുപോലും വിശദീകരിക്കാന്‍ കഴിയാതെ പോയത് സി.പി.എമ്മിനു മാത്രമല്ല, കോണ്‍ഗ്രസ്സിനു കൂടിയാണ്
അണികള്‍ക്കൊപ്പം ആഹ്ലാദത്തില്‍
അണികള്‍ക്കൊപ്പം ആഹ്ലാദത്തില്‍

മതേതരം എന്ന ലേബല്‍ വഹിക്കുന്ന പാര്‍ട്ടികളുടെ കേരളത്തിലെ മരിപ്പുപ്പാട്ടിന്റെ ആദ്യവരിയാണ് മലപ്പുറത്ത് എഴുതപ്പെട്ടത്. 'ഞങ്ങളെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല...' എന്ന പേരില്‍ ബീഹാറിലും ഉത്തര്‍പ്രദേശിലും ഗുജറാത്തിലും ഡല്‍ഹിയിലും ആന്ധ്രയിലുമെല്ലാം പിന്‍വാങ്ങിയ ഇടതുപക്ഷത്തിന്റെ കേരളാമോഡലാണ് ആ വമ്പന്‍ മുസ്‌ലിം ലീഗ് ഭൂരിപക്ഷത്തില്‍ വരച്ചിടപ്പെട്ടത്. പി.കെ കുഞ്ഞാലിക്കുട്ടി– 5,15,325, എം.ബി ഫൈസല്‍–3,44,287, എന്‍. ശ്രീപ്രകാശ്–65,662. ഭൂരിപക്ഷം 1,71,038 വോട്ടുകള്‍. 
മല്‍സരിക്കും മുന്‍പ് മലപ്പുറം മണ്ഡലത്തിലെ വിജയിയെ പ്രഖ്യാപിച്ചതുപോലെ കുനിഞ്ഞ ശിരസ്സുമായി നടന്ന മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും നല്‍കിയ സന്ദേശത്തെ അനുപാതത്തില്‍ ആക്കിയാല്‍ 49.67 ശതമാനം എന്ന വോട്ട് വ്യത്യാസത്തില്‍ എത്താം–ഭൂരിപക്ഷത്തിനും ഫൈസലിനും ലഭിച്ച വോട്ടുകളുടെ അനുപാതം. 
ദേശീയ രാഷ്ര്ടീയത്തില്‍ ബി.ജെ.പിക്കു ബദലാകാനായിരുന്നെങ്കില്‍ 2004–ലെ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പു ഫലം നോട്ടുപുസ്തകമായി മുന്നിലുണ്ടായിരുന്നു. അന്ന് വാജ്‌പേയി സര്‍ക്കാരിനുള്ള മറുപടി ഇടതുപക്ഷമാണെന്ന രാഷ്ട്രീയം പറയിച്ച മണ്ഡലത്തില്‍ മോദി സര്‍ക്കാരിനു ബദല്‍ ആകാന്‍ ഞങ്ങളെക്കൊണ്ട് ആവില്ലെന്ന് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സര്‍ക്കാരും സീതാറാം യച്ചൂരി ജനറല്‍ സെക്രട്ടറിയായ സി.പി.എമ്മും കുറ്റസമ്മതം നടത്തിയതുപോലെ മണ്ണുപറ്റിവീണു. അല്‍പ്പസ്വല്‍പ്പം ഘടന മാറിയെങ്കിലും അതേ മണ്ഡലവും അതേ ജനതയുമാണ് 13 വര്‍ഷത്തിനിപ്പുറം മലപ്പുറത്ത് വിധിയെഴുതിയത്. ആ വിധിപ്രഖ്യാപനത്തെ ഒറ്റവാക്കില്‍ എഴുതിയാല്‍ ഇങ്ങനെയാകും–കേരളത്തിലും മതേതര രാഷ്ട്രീയത്തിന്റെ കുറ്റി അറ്റിരിക്കുന്നു. കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിക്കും രാഹുല്‍ എന്ന കിരീടാവകാശിക്കും വഴിപോക്കനെ വരാന്തയില്‍ കയറ്റിയതാണെന്നു തെളിച്ചു പ്രഖ്യാപിച്ചു തന്നെ പ്രദേശ് പ്രസിഡന്റ് ആക്കപ്പെട്ട എം.എം. ഹസനും അഭിമാനിക്കാന്‍ നയാപ്പൈസയുടെ ബാക്കിയിരിപ്പുപോലും മലപ്പുറത്തില്ല. ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിനു കിട്ടിയ ഏതാനും സീറ്റുകള്‍ ഞങ്ങളുടെ സംഭാവനയാണെന്ന് അവകാശപ്പെടുന്നതുപോലെ മാത്രമേയുള്ളൂ മലപ്പുറത്ത് കോണ്‍ഗ്രസ്സിന്റെ പങ്കും. അവര്‍ പറയുന്ന 'ശുദ്ധ'ബീഫിന് ബദല്‍ ഞങ്ങളുടെ 'ഹലാല്‍'ബീഫ് ആണെന്നുള്ള അത്യന്തം ദാരുണമായ രാഷ്ട്രീയം മാത്രമാണ് ഈ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത്. 
നാലു കോണ്‍ഗ്രസ്സുകാര്‍ ബി.ജെ.പിയിലേക്കു പോകുമെന്ന കുതിരപ്പന്തയക്കാരന്റെ പ്രത്യയശാസ്ത്രമാണ് കോടിയേരി ബാലകൃഷ്ണന്‍ മലപ്പുറത്തു പറഞ്ഞ ഏകരാഷ്ട്രീയം. ഞങ്ങളുടെ തരൂര്‍ എങ്ങും പോകില്ലെന്നും ഞാന്‍ ചോദിച്ചുറപ്പാക്കിയെന്നും എം.എം. ഹസന്‍ ഇതിനു മറുപടി പറഞ്ഞതോടെ സിനിമാസീനുകളില്‍നിന്നു ട്രോള്‍ ഉണ്ടാക്കുന്ന നവമാധ്യമക്കാര്‍ തലയ്ക്കടിയേറ്റതുപോലെ ഇരുന്നുപോയി; ഇതിനെ കവയ്ക്കാന്‍ പറ്റിയ ഒറ്റ ചിരിപ്പടവും ആഗോള അഭ്രപാളി ചരിത്രത്തില്‍ നിര്‍മ്മിക്കപ്പെട്ടിരുന്നില്ല. പി.കെ. കുഞ്ഞാലിക്കുട്ടിക്കു കിട്ടിയ ഇത്രവലിയ ഭൂരിപക്ഷത്തെ പിന്നെ എങ്ങനെ വിലയിരുത്തും? അവിടെ വോട്ട് ചെയ്ത ജനത ചിന്തയും മനസ്സാക്ഷിയും ഉള്ളവരല്ലേ? അവരുടെ തീരുമാനത്തെ അപഹസിക്കുന്ന വിധത്തിലുള്ള വിശകലനങ്ങള്‍ക്ക് എന്തു സാധുതയാണുള്ളത്? ഈ ചോദ്യങ്ങള്‍ക്കുള്ള ശരിയായ ഉത്തരം കഴിഞ്ഞുപോയ യു.പി തെരഞ്ഞെടുപ്പിനുള്ള അവലോകനം കൂടിയാകും; 2019–ലെ തെരഞ്ഞെടുപ്പിനുള്ള കവടിനിരത്തലാണെന്നും പറയാം.

മഞ്ചേരിയില്‍നിന്നു
മലപ്പുറത്തേക്കുള്ള ദൂരം

മഞ്ചേരി ലോക്‌സഭാ മണ്ഡലം 2004–ല്‍ പറഞ്ഞ ഒരു രാഷ്ര്ടീയമുണ്ടായിരുന്നു. വാജ്‌പേയി നയിച്ച ദേശീയ ജനാധിപത്യ സഖ്യത്തിനെതിരെ കേരളത്തിന്റെ ഒരു ബദല്‍ നിര്‍ദ്ദേശമായിരുന്നു അത്. ഇന്നത്തെ മലപ്പുറവുമായി രണ്ടു തരത്തിലുള്ള താരതമ്യം ആ തെരഞ്ഞെടുപ്പിനുണ്ട്. ഒന്ന,് മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടിയിലെ മൂപ്പിളമ തര്‍ക്കം. രണ്ട്, ദേശീയ രാഷ്ട്രീയത്തോട് ഒരു ജനതയുടെ പ്രതികരണം. മഞ്ചേരി ലോക്‌സഭാ മണ്ഡലം അന്നു പറഞ്ഞ രാഷ്ട്രീയം മുസ്‌ലിം ലീഗിനെ സംബന്ധിച്ചു നിര്‍ണ്ണായകമായിരുന്നു. കെ.പി.എ. മജീദ് പ്രതിനിധീകരിക്കുന്ന ലീഗ് രാഷ്ട്രീയവും പി.കെ. കുഞ്ഞാലിക്കുട്ടി കൊണ്ടുനടന്ന സമവായ രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടത്തില്‍ അന്നു ജയിച്ചത് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയമായിരുന്നു. കെ.പി.എ. മജീദ് മഞ്ചേരിയില്‍ സി.പി.എമ്മിലെ ടി.കെ. ഹംസയോടു തോറ്റു. മജീദ് എന്ന നേതാവിനു പിന്നെ പതിറ്റാണ്ടിലേറെ ലീഗില്‍ കുഞ്ഞാലിക്കുട്ടിക്കു താഴെയായിരുന്നു സ്ഥാനം–ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ തലകുനിച്ചു പടിയിറങ്ങിയിട്ടും 2006–ല്‍ നിയമസഭയിലേക്കു തോറ്റിട്ടും കുഞ്ഞാലിക്കുട്ടി മജീദിനു മുകളില്‍ത്തന്നെ നിലയുറപ്പിച്ചു. 2017–ലെ ഉപതെരഞ്ഞെടപ്പിലും ജയിച്ചത് പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയമാണ്. തോല്‍പ്പിച്ചതു പക്ഷേ, ബി.ജെ.പി രാഷ്ട്രീയത്തെയല്ല; നിഷ്പ്രഭമായതു മതേതര രാഷ്ര്ട്രീയമാണെന്നു മാത്രം. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇരിക്കേണ്ട സ്ഥലം പാര്‍ലമെന്റാണെന്ന പാര്‍ട്ടി തീരുമാനത്തെ ജനത അംഗീകരിച്ചു എന്ന നാമമാത്ര വിലയിരുത്തലില്‍ ഒതുക്കാവുന്നതല്ല മലപ്പുറം ഫലം–ഉപതെരഞ്ഞെടുപ്പുകളില്‍ എന്നും ശക്തമായ മല്‍സരം നടത്തിയിട്ടുള്ള ഇടതുമുന്നണിക്കും സി.പി.എമ്മിനും തായ്‌വേരറ്റതുപോലെ വീഴേണ്ടിവന്നു എന്ന വിശാല വിശകലനത്തിന്റെ കള്ളിയില്‍ മാത്രമെ അതിനെ എഴുതിവയ്ക്കാനാകൂ. 
2017–ലെ സാഹചര്യങ്ങള്‍ തന്നെയായിരുന്നു 2004–ല്‍ മഞ്ചേരിയില്‍ ഉണ്ടായിരുന്നത്; ആ ജനതയ്ക്ക് ഇടതുപക്ഷം നല്‍കിയത് ദേശീയ ബദലിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളായിരുന്നു–അതു വലിച്ചെറിഞ്ഞു പാതിയില്‍ സഖ്യത്തില്‍നിന്ന് ഇറങ്ങിപ്പോന്നെങ്കിലും. ദേശീയതലത്തില്‍ ബി.ജെ.പിക്കു ബദലായി കോണ്‍ഗ്രസ്സ് മാത്രമേ ജയിക്കൂ എന്ന സാഹചര്യം ഉണ്ടായിരുന്നപ്പോള്‍പോലും കോണ്‍ഗ്രസ്സ് സഖ്യത്തെ തോല്‍പ്പിച്ച് ഇടതു സ്ഥാനാര്‍ത്ഥിക്കു മേല്‍ക്കൈ നേടാന്‍ കഴിഞ്ഞത് ടി.കെ. ഹംസയുടെ ന്യൂനപക്ഷസ്വത്വം കൊണ്ടു മാത്രമായിരുന്നില്ല–ഇടതു പ്രത്യയശാസ്ത്രത്തിന്റെ തീവ്രപ്രചാരണം കൊണ്ടു കൂടിയായിരുന്നു. അത്തരമൊരു രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കാന്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ഇനി കെല്‍പ്പുണ്ടോ എന്ന വലിയ ചോദ്യത്തിന് സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും മുതല്‍ കോടിയേരി ബാലകൃഷ്ണന്‍ വരെ പറയുന്ന മറുപടിയില്‍ വലിയ കാര്യമില്ല; മതേതരത്വത്തിന്റെ മത്തങ്ങയുടെ ഉള്ളിലെ വിത്തുകള്‍ ഈ പാടത്തു കുഴിച്ചുവയ്ക്കാനില്ലെന്ന് മലപ്പുറത്തുകാര്‍ പറഞ്ഞുകഴിഞ്ഞു. 


കുന്നുമ്മലും വടക്കേമണ്ണയിലും പ്രചാരണം കലാശിച്ച നിമിഷം തന്നെ ഈ വലിയ ഭൂരിപക്ഷത്തിന്റെ ശതമാനപ്പെരുക്കം ജാതിരാഷ്ട്രീയത്തിന്റെ ജനിതകവിത്തുകളില്‍ എഴുതിവച്ചിട്ടുണ്ടായിരുന്നു. താഴേക്കാട് പാണക്കാട് മെമ്മോറിയല്‍ സ്‌കൂളിലും വേങ്ങരയിലും വോട്ടിങ് യന്ത്രം അല്‍പ്പനേരത്തേയ്ക്കു കേടായതു മാത്രമായിരുന്നു ആ വോട്ടെടുപ്പിനെക്കുറിച്ചു വന്ന ബ്രേക്കിങ് ന്യൂസ്. കൊണ്ടോട്ടിയിലും മഞ്ചേരിയിലും പെരിന്തല്‍മണ്ണയിലും മങ്കടയിലും മലപ്പുറത്തും വേങ്ങരയിലും വള്ളിക്കുന്നിലും വേറെന്തു സംഭവിക്കാനാണ് എന്നൊരു തന്മയീഭാവം എങ്ങുമുണ്ടായിരുന്നു. ആ കൊട്ടിക്കലാശത്തിനു നാലുനാള്‍ മുന്‍പു മലപ്പുറത്തു വന്നു പ്രസംഗിച്ച എ.കെ. ആന്റണി ചിരിപ്പിച്ചു കൊന്നുകളഞ്ഞു–യു.പിയില്‍ സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്നതുപോലെ രാജ്യത്തെങ്ങും കോണ്‍ഗ്രസ്സ് ചേരാന്‍ പോകുന്നു എന്നായിരുന്നു പഞ്ച് വാചകം. തെരഞ്ഞെടുപ്പു ഫലം ഇടതുമുന്നണിക്കു ഷോക് ട്രീറ്റ്‌മെന്റ് ആയിരിക്കുമെന്നും ആന്റണി പ്രവചിച്ചു. ഈ ഷോക്കിനുള്ള എര്‍ത്ത്കമ്പി നേരത്തെ കുഴിച്ചിട്ടിരുന്ന സി.പി.എം മരവിപ്പു ഭാവിച്ച് ഇരുന്നതല്ലാതെ ഏപ്രില്‍ 17–നു മറ്റൊന്നും സംഭവിച്ചില്ല. പ്രാദേശിക സമ്മര്‍ദ്ദത്താല്‍ പ്രചാരണത്തിന് ഇറങ്ങിയ വി.എസ്. അച്യുതാനന്ദന് ഒരു കാര്യത്തില്‍ സംശയം ഉണ്ടായിരുന്നില്ല; ''തെരഞ്ഞെടുപ്പ് കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലാകും.' അച്യുതാനന്ദന്‍ പറഞ്ഞ വാചകം അതുപോലെ തന്നെ മുന്‍പും പിന്‍പും പലതവണ പറഞ്ഞത് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എം.എം. ഹസനും ആയിരുന്നു. ഒരു ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമെന്ന പ്രഖ്യാപനം അധികപ്പറ്റാണെങ്കിലും കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മറുപടി പറയേണ്ട നിരവധി കണക്കുകള്‍ അവിടെ ശേഷിക്കുന്നുണ്ട്. 
മലപ്പുറം മണ്ഡലത്തിലെ മല്‍സരക്കമ്പത്തിന്റെ നില ശരിക്കും 1.93 ലക്ഷം എന്ന ഇ. അഹമ്മദിന്റെ ഭൂരിപക്ഷം ആയിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴു മണ്ഡലങ്ങളിലുമായി യു.ഡി.എഫിനു കിട്ടിയ ഭൂരിപക്ഷമായ 1.18 ലക്ഷമായിരുന്നു. സംസ്ഥാനത്തെങ്ങും ഇടതു തരംഗം വന്ന ആ തെരഞ്ഞെടുപ്പില്‍ ലീഗിനു ലഭിച്ച ആ ഭുരിപക്ഷത്തില്‍നിന്നു എത്ര വോട്ട് കുറയ്ക്കുന്നു എന്നതിലാണ് ഇടതു സര്‍ക്കാരിന്റെ ഭരണവിജയം നിരീക്ഷകര്‍ വരച്ചിട്ടത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കു ലഭിച്ച വോട്ടുകളുടെ എണ്ണത്തെ താരതമ്യം ചെയ്യേണ്ടതു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.കെ. സൈനബയ്ക്കു ലഭിച്ച വോട്ടുമായി മാത്രമല്ല– അതിനു മുന്‍പു 2009–ല്‍ നേടിയ വോട്ടുമായി കൂടിയാണ്. വോട്ടര്‍മാരുടെ എണ്ണത്തില്‍ 1.31 ലക്ഷത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ 81,000 വോട്ടുകള്‍ കൂടുതല്‍ പോള്‍ ചെയ്തിട്ടും ഇടതുമുന്നണിക്കു ലഭിച്ച വോട്ടുകളുടെ എണ്ണം ഒരുപാടു വിശദീകരണം അര്‍ഹിക്കുന്നുണ്ട്. 
ഇബ്രാഹിം സുലൈമാന്‍ സേഠും ഇ. അഹമ്മദും തുടര്‍ച്ചയായി ജയിച്ചുപോന്ന മഞ്ചേരിയായിരുന്നു മുസ്‌ലിം ലീഗിന്റെ അഖിേലന്ത്യാ നേതാവിന്റെ തട്ടകമായി എന്നും വിലയിരുത്തപ്പെട്ടു പോന്നത്. അവിടെയാണ് പി.കെ. കുഞ്ഞാലിക്കുട്ടി കയറി ഇരിക്കുന്നത്. ലീഗില്‍ എക്കാലത്തും അഖിലേന്ത്യാ നേതാവിന് ആയിരുന്നില്ല, സംസ്ഥാന നേതാവിനായിരുന്നു അധികാരം എന്നിടത്താണ് കെ.പി.എ. മജീദിന്റെ പ്രതീക്ഷ നിലനില്‍ക്കുന്നത്. അതു ലീഗിന്റെ ആഭ്യന്തരപ്രശ്‌നം മാത്രമാണ്. അതിലും ഗൗരവം അര്‍ഹിക്കുന്നതു ദേശീയ രാഷ്ട്രീയം പറയാത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്ന ദുഷ്‌പ്പേരിനുള്ള മറുപടി ആരുനല്‍കും എന്നതിലാണ്. 

പെരിന്തല്‍മണ്ണയും
പിന്നെ കൊണ്ടോട്ടിയും 

വേങ്ങര നിയമസഭാ മണ്ഡലം എടുക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 38,057 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ സ്ഥലം. അവിടെ ഇത്തവണത്തെ വോട്ടിങ് നില: പി.കെ. കുഞ്ഞാലിക്കുട്ടി – 73,804, എം.ബി. ഫൈസല്‍ – 33,275, എന്‍. ശ്രീപ്രകാശ് – 5,952. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 40,529 വോട്ടുകള്‍. അവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കു നിയമസഭയില്‍ 7,055 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ കുറഞ്ഞത് 1,103 വോട്ടുകള്‍. മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണയില്‍ കടന്നുകൂടിയതു നിസ്സാര വോട്ടുകള്‍ക്കായിരുന്നെങ്കില്‍ ഇത്തവണ കുഞ്ഞാലിക്കുട്ടിക്കു ലഭിച്ചത് 8,527 വോട്ടിന്റെ ഭൂരിപക്ഷം. ഇടതുമുന്നണി വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ മുന്നില്‍ നിന്ന കൊണ്ടോട്ടിയില്‍ കുഞ്ഞാലിക്കുട്ടിക്ക് 76,026 വോട്ട്. ഫൈസലിന് 50,122-കാല്‍ലക്ഷത്തിലേറെ ഭൂരിപക്ഷം. പ്രാദേശികമായി പോലും കരുത്തു തെളിയിക്കാന്‍ ഇടതുമുന്നണിക്കു കഴിയാതെ പോയ ആദ്യത്തെ ഉപതെരഞ്ഞെടുപ്പ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയെപ്പോലും ഉപതെരഞ്ഞെടുപ്പില്‍ നക്ഷത്രമെണ്ണിച്ച ചരിത്രമുള്ള പാര്‍ട്ടി തരിമ്പും രാഷ്ട്രീയം പറയാതെ സംഘടനാ സംവിധാനം ചലിപ്പിക്കാതെ മല്‍സരിച്ച ആദ്യതെരഞ്ഞെടുപ്പ് എന്നും വിലയിരുത്താം. 
ഈ തെരഞ്ഞെടുപ്പില്‍ മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ കക്ഷികള്‍ മല്‍സരിച്ചില്ല. അതു വെറും രണ്ടു പ്രാദേശിക ഘടകങ്ങള്‍ മാത്രമായിരുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ ഈ രണ്ടു പാര്‍ട്ടികള്‍ക്കു കൂടി ബി.ജെ.പിക്കു ലഭിച്ചതിലേറെ വോട്ട് ഉണ്ടായിരുന്നു. ബി.ജെ.പിയുടെ ഇതേ ശ്രീപ്രകാശ് 64,705 വോട്ട് നേടി 7.56 ശതമാനം എന്ന നിലയില്‍ എത്തിയപ്പോള്‍ 5.6 ശതമാനം വോട്ടുകള്‍ എസ്.ഡി.പി.ഐയുടെ നസറുദ്ദീന്‍ ഇളമരവും 3.42 ശതമാനം വോട്ടുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പി.ഐ ഇസ്മായിലും നേടി–47,853 എസ്.ഡി.പി.ഐക്കും 29,216 വെല്‍ഫെയര്‍ പാര്‍ട്ടിക്കും. ഈ രണ്ടു പാര്‍ട്ടികളും വിട്ടു നിന്ന തെരഞ്ഞെടുപ്പില്‍ ആ വോട്ടുകള്‍ കേന്ദ്രീകരിക്കപ്പെട്ടത് എവിടെയെന്നതു നിര്‍ണായകമായ ചോദ്യമാണ്. അതിനൊപ്പം തന്നെ പ്രധാനമാണ് പോള്‍ ചെയ്ത വോട്ടില്‍ വന്‍വര്‍ദ്ധന ഉണ്ടായിട്ടും ബി.ജെ.പിക്കു ലഭിച്ചത് 1,587 വോട്ടിന്റെ കൂടുതല്‍ മാത്രമാണ് എന്ന യാഥാര്‍ത്ഥ്യം. 


മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള ഈ സന്ദേശം ബി.ജെ.പിക്കു തിരിച്ചടിയല്ല ആത്മവിശ്വാസമാണ് നല്‍കുക എന്നതാണ് രാഷ്ട്രീയ പാഠം. സാമുദായികമായും ജാതീയമായും മേല്‍ക്കയ്യുള്ള ഇടങ്ങളില്‍ വോട്ട് കേന്ദ്രീകരിക്കുക കേരളത്തിലും അസാധ്യമല്ലെന്ന ആ സന്ദേശം, നേമത്തുനിന്നു നിയമസഭയില്‍ എത്തിയ ഒ. രാജഗോപാലിനു പിന്മുറക്കാരെ ഉണ്ടാക്കുക അത്ര ബുദ്ധിമുട്ടല്ല എന്ന തിരിച്ചറിവാണ് നല്‍കുന്നത്. ബി.ജെ.പി എതിര്‍ക്കപ്പെടേണ്ട പാര്‍ട്ടിയാണെന്നു പറയുന്ന സി.പി.എമ്മിന് ഒട്ടും ആത്മവിശ്വാസം നല്‍കുന്ന കണക്കല്ല മലപ്പുറത്ത് ഫൈസലിന് പി.കെ. സൈനബയെക്കാള്‍ ലഭിച്ച വോട്ടുകള്‍. കാരണം സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടിന് അപ്പുറം അവിടെയൊന്നും നേടാന്‍ കഴിഞ്ഞില്ല. മാത്രമല്ല, പലയിടത്തും പിന്നോട്ടു പോവുകയും ചെയ്തു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ മഞ്ചേരിയില്‍ ആണെങ്കിലും മലപ്പുറത്ത് ആണെങ്കിലും സി.പി.എമ്മിനു ലഭിച്ചിരുന്ന ആ വോട്ടുകളുടെ ശതമാനവും ഇപ്പോള്‍ കിട്ടിയ വോട്ടും വലിയ ഗവേഷണം അര്‍ഹിക്കുന്ന കണക്കുകള്‍ തന്നെയാണ് (പട്ടിക കാണുക).
ഇബ്രാംഹിം സുലൈമാന്‍ സേഠും ഇ. അഹമ്മദും നിറഞ്ഞുനിന്ന മഞ്ചേരിയില്‍ ടി.കെ. ഹംസയിലൂടെ സി.പി.എം പറഞ്ഞ രാഷ്ട്രീയം വഴിയില്‍ വീണുപോയി എന്ന് അച്ചട്ടായി ഈ തെരഞ്ഞെടുപ്പു ഫലം ഇടതുമുന്നണിയെ പഠിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കൂടി വിലയിരുത്തലാകും തെരഞ്ഞെടുപ്പ് എന്ന് വി.എസ്. അച്യുതാന്ദന്‍ പറഞ്ഞ വാചകം പൂര്‍ണാര്‍ത്ഥത്തില്‍ എടുത്താല്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പു കൂടിയാണിത്. മലപ്പുറത്തെ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് പ്രത്യയശാസ്ത്രം ചര്‍ച്ചചെയ്യപ്പെട്ടില്ല എന്നത് ഓരോ പാര്‍ട്ടിക്കും നിര്‍ണായകമാണ്. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ മാതൃബോംബ് വര്‍ഷവും സിറിയയിലെ രാസായുധപ്രയോഗവും ഈ തെരഞ്ഞെടുപ്പു കാലത്താണ് നടന്നത്. അതൊക്കെ ചര്‍ച്ചചെയ്താണ് കേരളത്തില്‍ രാഷ്ര്ടീയസംവാദങ്ങള്‍ മുന്‍പൊക്കെ ഉണ്ടായിരുന്നത്. അതിനു പകരം 'ശുദ്ധ'ബീഫ് എന്ന വേദവല്‍ക്കരണവും 'ഹലാല്‍' എന്ന സ്വത്വവല്‍ക്കരണവും കൊണ്ടു ജയിക്കാന്‍ പോകുന്നത് ഇപ്പോള്‍ പാര്‍ലമെന്റിലേക്കു പോയ പി.കെ കുഞ്ഞാലിക്കുട്ടിയോ മുസ്‌ലിം ലീഗോ ആയിരിക്കില്ല; പിണറായി വിജയനോ കോടിയേരി ബാലകൃഷ്ണനോ ആവുകയുമില്ല; രാഹുല്‍ ഗാന്ധിയും രമേശ് ചെന്നിത്തലയും ആകാന്‍ ഒരു സാധ്യതയുമില്ല. 


മലപ്പുറം പറയുന്ന കണക്കുകള്‍

ഉപതെരഞ്ഞെടുപ്പ് 2017

പി.കെ. കുഞ്ഞാലിക്കുട്ടി    ലീഗ്    515330
എം.ബി. ഫൈസല്‍    സി.പി.എം    344307
എന്‍. ശ്രീപ്രകാശ്    ബി.ജെ.പി    65675
പി.പി.എ. സഗീര്‍    സ്വത.    1469
കുഞ്ഞാലിക്കുട്ടി കെ.പി.    സ്വത.    720
മുഹമ്മദ് മുസലിയാര്‍    സ്വത.    445
മുഹമ്മദ് ഫൈസല്‍    സ്വത.    1698
എ.കെ. ഷാജി    സ്വത.    565
കെ. ഷാജിമോന്‍    സ്വത.     1027
നോട്ട        4098
അസാധു        657

പൊതുതെരഞ്ഞെടുപ്പ് 2014
ഇ. അഹമ്മദ്    ലീഗ്    4,37,723
പി.കെ. സൈനബ    സി.പി.എം    249984
എന്‍. ശ്രീപ്രകാശ്    ബി.ജെ.പി    64705
നസറുദ്ദീന്‍ ഇളമരം    എസ്.ഡി.പി.ഐ    47853
പി.ഐ. ഇസ്മായില്‍    വെല്‍ഫെയര്‍    29216
നോട്ട        27829
ഇലിയാസ്    ബി.എസ്.പി    2745
ഗോപിനാഥന്‍    സ്വത.    2491
എം.വി. ഇബ്രാഹിം    സ്വത.    1376
ശ്രീധരന്‍    സ്വത.    1330
അന്‍വര്‍ ഷക്കീല്‍     സ്വത.    1215

നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ടിങ് നില

        2014 ലോക്‌സഭ                                        
മണ്ഡലം    ലീഗ്    സി.പി.എം    ബി.ജെ.പി         

കൊണ്ടോട്ടി    65846    34129    10960
മഞ്ചേരി    64667    38615    10656
പെരിന്തല്‍മണ്ണ    59210    48596    7356
മങ്കട    59738    36277    8279
മലപ്പുറം    72304    35980    5772
വേങ്ങര    60323    17691    5638
വള്ളിക്കുന്ന്    55422    31487    15982

        2016 നിയമസഭ

മണ്ഡലം    ലീഗ്    സി.പി.എം    ബി.ജെ.പി        കൊണ്ടോട്ടി    69668    59014    12513        മഞ്ചേരി    69779    50163    11223
പെരിന്തല്‍മണ്ണ    70990    70411    5917
മങ്കട    69165    67657    6641    
മലപ്പുറം    81072    45400    7211
വേങ്ങര    72181    34124    7055
വള്ളിക്കുന്ന്    59720    47110    22887


        2017 ലോക്‌സഭ
മണ്ഡലം    ലീഗ്    സി.പി.എം    ബി.ജെ.പി    
കൊണ്ടോട്ടി    76026    50122        11317
മഞ്ചേരി    73870    51027        10159        പെരിന്തല്‍മണ്ണ    68225    59698        7494    
മങ്കട    72850    53588        7664
മലപ്പുറം    84580    51299        5896
വേങ്ങര    73804    33275        5952
വള്ളിക്കുന്ന്    65975    45298        17190


    
           പഴയ മഞ്ചേരിയില്‍ പാര്‍ട്ടികള്‍
(മഞ്ചേരി ലോക്‌സഭാ മണ്ഡലമാണ് പുനര്‍ നിര്‍ണയത്തോടെ 2009 മുതല്‍ മലപ്പുറം ആയത്. അവിടെ മൂന്നു പ്രമുഖ പാര്‍ട്ടികള്‍ക്കും ലഭിച്ച വോട്ടുകളുടെ ശതമാനം) 

ബി.ജെ.പി

വര്‍ഷം    ശതമാനം
1984    7.67%
1989    6.52%
1991    7.06%
1996    7.03%
1998    9.86%
1999    മല്‍സരിച്ചില്ല
2004    9.27%

മുസ്‌ലിം ലീഗ്

1977    61.27%
1980    53.61%
1984    50.09%
1989    49.84%
1991    51.32%
1996    48.46%
1998    49.65%
1999    54.01%
2004    41.79%

സി.പി.എം
1996    41.37%
1998    36.51%
1999    38.78%
2004    47.05%

മലപ്പുറത്തെ വോട്ടിങ് നില
(മലപ്പുറം ലോക്‌സഭാ മണ്ഡലമായി മാറിയ ശേഷം പാര്‍ട്ടികള്‍ നേടിയ വോട്ട് ശതമാനം)

ബി.ജെ.പി
2009    4.6%
2014    7.581

ലീഗ്
2009    54.64%
2014    51.28%

സി.പി.എം
2009    39.88%
2014    28.47%

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com