ഷഹീദ് ഭഗത്‌സിംഗിന്റെമണ്ണില്‍

ദേശസ്‌നേഹത്തിന്റേയും കണ്ണീരിന്റേയും ചോരയുടേയും കഥകള്‍ പറയുന്ന പഞ്ചനദീതടത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍
ഷഹീദ് ഭഗത്‌സിംഗിന്റെമണ്ണില്‍

1972-ല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന യുദ്ധം സീസ് ഫയറായി ട്രൂപ്പുകള്‍ ബാരക്കുകളിലേക്കു മടങ്ങിയ നാളുകളില്‍ അംബാല കന്റോണ്‍മെന്റിലെ ക്യാമ്പില്‍നിന്നും  ശിപായി നിര്‍മ്മല്‍സിംഗിനോടൊപ്പം ഞാനും ശിവദാസനും കൂടി അമൃത്‌സറിലേയും ചണ്ഡിഗഢിലേയും കാഴ്ചകള്‍ കാണാനിറങ്ങി. രണ്ടു കാതം ദൂരത്തുള്ള എയര്‍ഫോഴ്‌സിന്റെ ഗ്രൗണ്ടില്‍നിന്നും അഭ്യാസത്തിനുവേണ്ടി പറന്നുയരുന്ന പോര്‍വിമാനങ്ങളുടെ ഇരമ്പം കേട്ടുകൊണ്ടായിരുന്നു ഗ്രാന്റ് ട്രങ്ക് റോഡിലൂടെ ഞങ്ങളുടെ ബസ് യാത്ര. പറക്കണക്കിനു പാല് തരുന്ന കൂറ്റന്‍ എരുമകളുടേയും, ഗോതമ്പിന്റേയും കരിമ്പിന്റേയും മാത്രമല്ല, പടയോട്ടങ്ങളുടേയും നാടായ പഞ്ചാബ് അക്കാലത്തും സമൃദ്ധിയിലും സംതൃപ്തിയിലും നീന്തുന്ന ഒരു സംസ്ഥാനമായിരുന്നു. അനന്തമായ വയല്‍പ്പരപ്പിനെ പിളരുന്ന ഗ്രാന്റ് ട്രങ്ക് റോഡിലൂടെ കടന്നുപോകുമ്പോള്‍ ഞാനോര്‍ത്തിരുന്നതു കയര്‍പ്പണിക്കാരും കുമ്മായച്ചൂളക്കാരും കാനോലിക്കായലില്‍നിന്നും ഇത്തളും കക്കയും മണലും കട്ടച്ചെളിയും വാരിയെടുക്കുന്നവരും തിങ്ങിപ്പാര്‍ക്കുന്ന ദരിദ്രമായ എന്റെ നാട്ടിന്‍പുറത്തെക്കുറിച്ചായിരുന്നു. 

ഞാവല്‍മരങ്ങളും മഞ്ഞവാകകളും കാവല്‍ നില്‍ക്കുന്ന ജി.ടി. റോഡിന്റെ ഓരങ്ങളില്‍ പഞ്ചാബി ഡാബകള്‍ കാണാമായിരുന്നു. ഡാബയെന്നാല്‍ നാടന്‍ വഴിയോരഭക്ഷണശാലകള്‍. ബസ് ഒരു ഡാബയുടെ മുന്നില്‍ നിര്‍ത്തി. അന്നാണ് കൊടിമരംപോലെ നീണ്ട ഉടലുള്ള  'ഖാല്‍സ'കളുടെ ഭക്ഷണശീലം ഞാന്‍ കണ്ടറിഞ്ഞത്. വേവിച്ച കടല കട്ടത്തൈരില്‍ കുഴച്ചു തിന്നുന്ന കാഴ്ച ഏലക്കാമണമുള്ള ചായയും സമൂസയും കഴിക്കുന്ന എന്നെ  അദ്ഭുതസ്മിതനാക്കിയെന്നു പറയാം. 

ചണ്ഡിഗഢിനടുത്ത് 'പിഞ്ചൂര്‍' എന്ന ചരിത്രപ്രധാനമായ സ്ഥലത്തു ഞങ്ങള്‍ ബസിറങ്ങി. പിഞ്ചൂരില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണിയിപ്പിച്ച ഉദ്യാനത്തിലെ ജലധാരകളുടെ സംഗീതത്തിലും പൂക്കളുടെ സുഗന്ധത്തിലും മയങ്ങിനിന്നു. പത്തുമണിയോടെ ഞങ്ങള്‍ അമൃത്‌സറിലെത്തി. വെണ്ണക്കല്ലുകള്‍ പാകിയ വിശാലമായ മുറ്റത്തു തങ്കപ്രഭയയില്‍ കുളിച്ചുനില്‍ക്കുന്ന സുവര്‍ണ്ണക്ഷേത്രത്തിന്റെ മീനാരം കണ്ടുനിന്നു. ഉറുമാലുകൊണ്ട് ശിരസ്സു മറച്ചു നിര്‍മ്മലിന്റെ പിന്നാലെ ഞങ്ങള്‍ ക്ഷേത്രത്തിലേക്കു കടന്നു. 

ഗുരുഗ്രന്ഥസാഹിബ്ബിന്റെ മുന്നില്‍ നമ്രശിരസ്‌കരായി നിന്നു പ്രാര്‍ത്ഥിച്ചു. തിളങ്ങുന്ന പട്ടുമഞ്ചത്തില്‍ നിവര്‍ത്തിവച്ച വലിയൊരു വിശുദ്ധഗ്രന്ഥത്തെയാണ് സിക്കുകാര്‍ ആരാധിക്കുന്നത്. നീലതലപ്പാവണിഞ്ഞ രണ്ടുപേരിരുന്ന് 'ഗുരുഗ്രന്ഥസാഹിബ്ബി'നുമേല്‍ ചാമരം വീശുന്നുണ്ടായിരുന്നു. അല്‍പ്പം അകന്ന് ഹാര്‍മോണിയത്തിന്റെ ഈണത്തോടൊപ്പം ഗുരുവാണികള്‍ പാടുന്നവരുടെ സംഘം. നിശ്ശബ്ദമായ പ്രാര്‍ത്ഥനയില്‍ മുഴുകിയ ഭക്തരുടെ തിരക്ക്. ബിംബങ്ങളില്ല. മണിനാദങ്ങളില്ല. വേഗം വേഗം എന്നു പറഞ്ഞ്  ആരും ഭക്തരെ തള്ളിമാറ്റുന്നില്ല. പൂജാരികളുടേയും അമ്പലവാസികളുടേയും ബഹളങ്ങളില്ല. 

ക്ഷേത്രത്തില്‍നിന്നു പുറത്തുകടന്നു ഞങ്ങള്‍ സരോവരത്തിന്റെ കരയില്‍ അല്‍പ്പനേരമിരുന്നു. പ്രാര്‍ത്ഥനപോലെ ഒഴുകിവരുന്ന കുളിര്‍ക്കാറ്റ്. ഞാന്‍ ക്ഷേത്രഗോപുരം പ്രതിബിംബിക്കുന്ന സരോവരത്തില്‍ സ്പര്‍ശിച്ചു. തണുപ്പാര്‍ന്ന ജലത്തില്‍ വലിയ മത്സ്യങ്ങള്‍ പുളഞ്ഞു കളിക്കുന്നതു കണ്ടു. ക്ഷേത്രമുറ്റത്തുനിന്നും ഞങ്ങള്‍  നഗരക്കാഴ്ചകളിലേക്കു നടന്നു. പൂക്കളും പഴങ്ങളും വില്‍ക്കുന്ന നീണ്ട തെരുവിലൂടെ, വാണിഭക്കാരുടെ ഒച്ചയും വിളികളിലൂടെ. 

ഏതു നാട്ടില്‍ച്ചെന്നാലും അവിടത്തെ കച്ചവടത്തെരുവുകള്‍ കാണാനിഷ്ടപ്പെടുന്നവരുടെ കൂട്ടത്തിലാണ് ഞാനും. ഇന്നും തൃശ്ശൂരെത്തിയാല്‍ ശക്തന്‍മാര്‍ക്കറ്റില്‍ പോകും. വില്‍പ്പനക്കാരുടെ വെറിപിടിച്ച വര്‍ത്തമാനം കേള്‍ക്കും. കറ കട്ടപിടിച്ച നേന്ത്രക്കായകളുടെ മണങ്ങളിലൂടെ, ഉപഭോക്താക്കളെ സൈ്വര്യം കെടുത്തുന്ന ഒച്ചയും വിളികളിലൂടെ നടക്കുമ്പോള്‍ അജ്ഞാതമായ കൃഷിനിലങ്ങളില്‍ വീഴുന്ന പണിയാളരുടെ വിയര്‍പ്പിനെക്കുറിച്ച് ഓര്‍ത്തുപോകും.

ഏറ്റവും തിരക്കുള്ളതും സമൃദ്ധവുമെന്നു തോന്നിയിട്ടുള്ളത് അംബാലയിലെ പച്ചക്കറി മാര്‍ക്കറ്റാണ്. അവിടെ സവാളയുടേയും ഉരുളക്കിഴങ്ങിന്റേയും ഫൂല്‍ഗോപിയുടേയും പിരമിഡുകള്‍ കാണാം. തക്കാളിയുടേയും മുള്ളങ്കിയുടേയും കുന്നുകള്‍ കാണാം. അതോടൊപ്പം പൊട്ടിയ പച്ചക്കറിത്തുണ്ടുകളും സവാളക്കഷണങ്ങളും തേടി ചാക്കുസഞ്ചികളുമായി അലയുന്ന ദരിദ്രരായ കുട്ടികളേയും തൊഴുകൈയോടെ യാചിക്കുന്ന മറുനാടന്‍ കുഷ്ഠരോഗികളേയും കാണാം. 

അമൃത്‌സറിന്റെ തൊട്ടരികിലുള്ള ജാലിയന്‍വാലാബാഗില്‍ എത്തിയപ്പോള്‍ ബ്രിട്ടീഷ് പട്ടാളക്കാരുടെ യന്ത്രത്തോക്കുകളുടെ ഗര്‍ജ്ജനങ്ങള്‍ കാതില്‍ വന്നലയ്ക്കുന്നതുപോലെ തോന്നി! 1919 ഏപ്രില്‍ 13-നായിരുന്നു ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച്, പഞ്ചാബില്‍ സഘോഷം കൊണ്ടാടുന്ന വൈശാഖി. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചിരുന്നു. ഒരുപാട് ഇന്ത്യന്‍ പട്ടാളക്കാരെ യുദ്ധനിരയില്‍ ബ്രിട്ടന്‍ ബലിയാക്കിയിരുന്നു. യുദ്ധം കഴിഞ്ഞാല്‍ സ്വയംഭരണാധികാരം എന്നായിരുന്നു ബ്രിട്ടന്റെ വാഗ്ദാനം.

ജാലിയന്‍ വാലാബാഗിലെ രക്തനിലം
ബ്രിട്ടന്‍ വാക്കു പാലിച്ചില്ല. പകരം സ്വാതന്ത്ര്യം ചോദിച്ചവര്‍ക്ക് ജയിലും കൊലക്കയറുമാണ് നല്‍കിയത്. ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം പ്രഖ്യാപിച്ചു. ജാലിയന്‍വാലാബാഗില്‍ എതിര്‍പ്പിന്റെ മുദ്രാവാക്യങ്ങളുമായി പതിനായിരങ്ങള്‍ അണിനിരന്നു. സമരക്കാരുടെ നേരെ ബ്രിട്ടീഷുകാര്‍ യന്ത്രത്തോക്കുകള്‍ ചൂണ്ടി. ബ്രിഗേഡിയര്‍ ജനറല്‍ റജിനാര്‍ഡ് ഡയര്‍ വെടിയുതിര്‍ക്കാന്‍ കല്‍പ്പന നല്‍കി. വെടിയുണ്ടകളേറ്റ് ആയിരങ്ങള്‍ നിലംപതിച്ചു. 

ജാലിയന്‍ വാലാബാഗ് രക്തസാക്ഷിമണ്ഡപം
ജാലിയന്‍ വാലാബാഗ് രക്തസാക്ഷിമണ്ഡപം

രക്തഗന്ധം തികട്ടുന്ന ജാലിയന്‍വാലാബാഗിലെ മണ്ണില്‍ നില്‍ക്കുമ്പോള്‍ പെന്‍ഷന്‍ പറ്റി ലണ്ടനിലേക്കുപോയ ജനറല്‍ ഡയറെ അവിടെച്ചെന്നു വെടിവച്ചുകൊല്ലാന്‍ ധൈര്യം കാണിച്ച, കോടതി പേരു ചോദിച്ചപ്പോള്‍ താന്‍ 'റാം മുഹമ്മദ് സിംഗ് ആസാദ്' ആണെന്ന് ഉറക്കെ പ്രഖ്യാപിച്ച ദേശാഭിമാനിയായിരുന്ന രക്തസാക്ഷി ഉദ്ദംസിംഗിന് ഭാരതരത്‌നം നല്‍കി രാഷ്ര്ടം ആദരിക്കേണ്ടതായിരുന്നില്ലേയെന്ന് എന്റെ മനസ്സ് ചോദിച്ചു. അമൃത്‌സറില്‍നിന്നും ജലന്ധറിലേക്കു വഴിപിരിയുന്ന വീഥിയിലൂടെ ഏതാനും കാതം പോയാല്‍ വിപ്‌ളവകാരി സര്‍ദാര്‍ ഭഗത്‌സിംഗിന്റെ വീടു കാണാമെന്ന് നിര്‍മ്മല്‍സിംഗ് പറഞ്ഞു. വീടിരിക്കുന്ന ഗ്രാമത്തിന്റെ പേര് 'ഘട്കര്‍ കലാന്‍.' 

'ഷഹീദ്' ഭഗത്‌സിംഗിനെപ്പറ്റി ചെറുപ്പത്തിലേ കേട്ടിരുന്നു. നാട്ടിന്‍പുറത്തുള്ള വായനശാലയുടെ പേരുതന്നെ ഭഗത്‌സിംഗ് മെമ്മോറിയല്‍ റീഡിംഗ് റൂം എന്നായിരുന്നു. ജ്വലിക്കുന്ന ആ സ്മാരകത്തിന്റെ സെക്രട്ടറിയായിരുന്ന എന്റെ സഹപാഠി ബാലന്‍ ഒരോണക്കാലത്ത് ഭഗത്‌സിംഗിന്റെ ജീവിതകഥ കഥാപ്രസംഗമായി അവതരിപ്പിച്ചു. ബാലന്‍ മികച്ച പാട്ടുകാരനായിരുന്നു. ഭഗത്‌സിംഗ് ജയിലിലെ മുളങ്കട്ടിലില്‍ കൈകാലുകള്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് ഇരിക്കുന്ന രംഗത്തെപ്പറ്റി പാടി അവന്‍ നാട്ടുകാരുടെ കണ്ണുകള്‍ നനയിച്ചു.  ആ ധീരന്‍ തൂക്കുമരത്തിലേക്ക് സധൈര്യം നടന്നുപോകുന്നതും ഇന്‍ക്വിലാബ് വിളിച്ച് കൊലക്കയറ് കഴുത്തിലണിയുന്നതും ബാലന്‍ വര്‍ണ്ണിക്കുന്നതു കേട്ട് ജനം ദുഃഖസാന്ദ്രരായി. 

പാദുകം  അഴിച്ചു പുറത്തുവച്ച് ഞങ്ങള്‍ മൂന്നു പട്ടാളക്കാരും ഭഗത്‌സിങ്ങ് കളിച്ചുനടന്ന വീടിന്റെ അങ്കണത്തിലേക്കു കടന്നു. ഒഴിവ് ദിനം. സന്ദര്‍ശകരായി ഒരുപാടു പേരുണ്ട്. ഭഗത്‌സിംഗിന്റെ വലിയൊരു ചിത്രം ചുവന്ന പൂമാല ചാര്‍ത്തി അങ്കണത്തിന്റെ കോണില്‍ സ്ഥാപിച്ചിരുന്നു. ജയിലില്‍ ബന്ദിയായിരിക്കുമ്പോഴെടുത്ത അപൂര്‍വ്വ ഫോട്ടോകളുടെ  കോപ്പികളും അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ സമാഹാരവും അവിടെ കണ്ടു. പുസ്തകം ആവശ്യക്കാര്‍ക്ക് രൂപകൊടുത്ത് വാങ്ങാമായിരുന്നു. 

നേരം ഒരുപാടായി. ഔട്ട്പാസ്സില്‍ അനുവദിച്ച സമയം വൈകുന്നേരം എഴുമണി വരെയാണ്. വീട്ടില്‍നിന്ന് ഉച്ചഭക്ഷണമാവാം. നിര്‍മ്മല്‍സിങ്ങ് യാത്രയ്ക്ക് ധൃതികൂട്ടി. ഞങ്ങള്‍ ഭഗത്‌സിങ്ങിന്റെ ഭവനത്തിനോട് യാത്രപറഞ്ഞു. ബസിലും പിന്നെ പാടവരമ്പുകള്‍ കവച്ചും രണ്ടുമണിയോടെ നിര്‍മ്മല്‍ താമസിക്കുന്ന 'നങ്കല്‍ ചോരന്‍' ഗ്രാമത്തിലെത്തി. കുമ്മായം പൂശാതെ, ഉയരമധികമില്ലാത്ത ഒരു നീളന്‍ ഇഷ്ടികപ്പുരയായിരുന്നു നിര്‍മ്മലിന്റെ വീട്. നിര്‍മ്മലിനെ കൂടാതെ രണ്ട് ജ്യേഷ്ഠന്മാരും അവരുടെ ഭാര്യമാരും മക്കളും അമ്മ അമ്മൂമ്മ, മൊത്തം പതിമൂന്ന് പേര്‍ താമസിക്കുന്ന കുടുംബം. 

ഭഗവത് സിംഗിന്റെ ഭവനം
ഭഗവത് സിംഗിന്റെ ഭവനം

കണ്ടപാടെ നിര്‍മ്മലിന്റെ അമ്മയും ചേട്ടത്തിമാരും വന്ന് ഞങ്ങളുടെ നേരെ കൈകൂപ്പി 'നമസ്‌തെ'  പറഞ്ഞു. നിര്‍മ്മല്‍ ഞങ്ങള്‍ക്കിരിക്കാന്‍ വീട്ടുചുമരിനോട് ചേര്‍ത്തു ചാരിവച്ചിരുന്ന മുളങ്കട്ടില്‍ നിവര്‍ത്തി അതിലൊരു പുതപ്പ് വിരിച്ചു. ഞൊടിനേരം കൊണ്ട് നിര്‍മ്മലിന്റെ അമ്മൂമ്മ മൂന്ന് നീളന്‍ ഓട്ടു ഗഌസ്സുകളില്‍ ലെസ്സിയുമായി വന്നു. ആകെ നരച്ച  അമ്മൂമ്മ തന്ന ദാഹനീര് തണുപ്പും മധുരവുമുള്ളതായിരുന്നു. നിര്‍മ്മലിന്റെ ജേ്യഷ്ഠന്മാര്‍ രണ്ടുപേര്‍ക്കും അമൃത്‌സര്‍ നഗരത്തില്‍ ബേക്കറിപ്പണിയാണ്. കാലത്തേ പുറപ്പെടും. ഇരുട്ടിയാല്‍ തിരിച്ചുവരും.  ചേട്ടത്തിമാരും അമ്മയും എരുമകളെ പരിപാലിക്കും. കാലത്ത് വലിയ ജാറയില്‍ പാലുമായാണ് മോട്ടോര്‍ സൈക്കിളില്‍ രണ്ടാണുങ്ങളുടേയും നഗരത്തിലേക്കുള്ള യാത്ര.  

പത്തുമിനിറ്റിനകം ഭക്ഷണത്താലങ്ങളുമായി നിര്‍മ്മലിന്റെ ചേട്ടത്തിമാര്‍ വന്നു. ചോളത്തിന്റെ റൊട്ടി. ആവിപൊങ്ങുന്ന ചീരക്കറി. ചീരയ്ക്കുമേല്‍ ഉരുകിക്കൊണ്ടിരിക്കുന്ന വെണ്ണ. അതോടൊപ്പം ലെസ്സി നിറച്ച ഓട്ടു ഗഌസ്സുകളും! ഭക്ഷണം കഴിച്ച്  അരമണിക്കൂര്‍ ഞങ്ങള്‍ പുറത്ത് വലിയൊരു സീസം മരത്തിന്റെ തണലിലിട്ട കട്ടിലിലിരുന്നു വിശ്രമിച്ചു. സാന്ത്വനം പോലെ കരിമ്പോലകളെ തഴുകിവരുന്ന ഇളംകാറ്റ്. നിര്‍മ്മലിന്റെ അനാര്‍ഭാടമായ വീടിനെ മൗനവിഷാദം പൊതിഞ്ഞിരിക്കുന്നതുപോലെ തോന്നി. അച്ഛനെപ്പറ്റി പറയുമ്പോള്‍ നിര്‍മ്മലിന്റെ കണ്ണുകള്‍ നിറയുന്നതു കണ്ടിട്ടുണ്ട്. വിധവയെപ്പോലെ കഴിയുന്ന അമ്മ. ഏഴു വര്‍ഷമായി അമ്മയുറങ്ങാത്ത വീടാണത്. അച്ഛന്‍ ജെര്‍ണയില്‍സിങ്ങ് പാകിസ്താനിലാണ്. ജയിലില്‍. അറുപത്തിയഞ്ചിലെ യുദ്ധകാലത്താണദ്ദേഹത്തെ ശത്രുസൈന്യം ബന്ദിയാക്കിയത്. 

പാകിസ്താനില്‍ ഏതു ജയിലിലായിരിക്കും നിര്‍മ്മലിന്റെ അച്ഛന്‍?  മാതൃരാഷ്ട്രത്തിനുവേണ്ടി യുദ്ധം ചെയ്തു എന്നല്ലാതെ എന്തു കുറ്റമാണ് പാകിസ്താന്‍ സൈന്യം ജയിലിലടച്ച് ശിക്ഷിക്കാന്‍ അദ്ദേഹം ചെയ്തത്? നിര്‍മ്മലിന്റെ വാക്കുകള്‍ ഓര്‍മ്മവന്നു: അച്ഛന്‍ അതിര്‍ത്തിയില്‍ 'മിസ്സിംഗ്' ആണെന്ന ബറ്റാലിയന്‍ കമാന്ററുടെ കത്താണ് ആദ്യം കിട്ടിയത്. പിന്നെയും ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പാകിസ്താന്‍ റേഡിയോ വാര്‍ പ്രിസണേഴ്‌സിന്റെ പേരുകള്‍ പുറത്തുവിട്ടത്. അതില്‍ അച്ഛന്റെ പേരുമുണ്ടായിരുന്നു. അന്ന് നിര്‍മ്മലിന് വയസ്സ് പതിനഞ്ച്. ഒരുപാട് വര്‍ഷങ്ങള്‍ പിന്നേയും കടന്നുപോയി. ഇതുവരെ അച്ഛനു സ്വാതന്ത്ര്യം കിട്ടിയില്ല. പാകിസ്താന്‍ ഭരണാധികാരികള്‍ വാര്‍ പ്രിസണറെ മോചിതനാക്കിയില്ല. 

നേരം നാല് മണിയാവാറായി. ഇനിയും അധികം തങ്ങാന്‍ നേരമില്ല. വെടിയുണ്ടകള്‍ തറഞ്ഞ ജാലിയന്‍വാലാബാഗിലെ ഉയരമുള്ള ചുമരുകള്‍ ചാരി അല്‍പ്പനേരംകൂടി നില്‍ക്കണമെന്നുണ്ടായിരുന്നു. സിരകളില്‍ നിലവിളികളും രക്തഗന്ധവും നിറഞ്ഞു. ജനറല്‍ ഡയറുടെ വെടിയുണ്ടകള്‍ തലച്ചോറിലേക്കു പാഞ്ഞുകയറുന്നതുപോലെ!
ഔട്ട്പാസ്സില്‍ എഴുതിയ നേരത്തിനു ക്യാമ്പിലെത്താന്‍ ധൃതിയോടെ ബസ് സ്റ്റാന്റിലേക്കു നടക്കുമ്പോള്‍ ഞാന്‍ നിര്‍മ്മലിനെ അവനറിയാതെ ശ്രദ്ധിച്ചു. ആ സുഹൃത്തിന്റെ കണ്ണുകള്‍ അപ്പോഴും സുവര്‍ണ്ണക്ഷേത്രത്തിന്റെ മിനാരത്തില്‍ത്തന്നെയായിരുന്നു. അവന്‍ അച്ഛനുവേണ്ടി പ്രാര്‍ത്ഥിക്കുകയാവണം- വായ്ഗുരുവിനോട്, പരംപൊരുളിനോട്. അതിര്‍ത്തികള്‍ക്കപ്പുറത്തെവിടേയോ തടവില്‍ കഴിയുന്ന അച്ഛനു മോചനം കിട്ടാന്‍. വര്‍ഷങ്ങളായി കാണാന്‍ കൊതിക്കുന്ന കുടുംബനാഥനെ തിരിച്ചു കിട്ടാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com