മാനവികത പൂക്കുന്ന കനവുകള്‍ 

ഏതു ചെറിയവനുമുണ്ടാകും എടുത്താല്‍ പൊങ്ങാത്തയത്ര സ്വപ്നങ്ങള്‍. എന്നാല്‍, കാണുന്നയത്ര എളുപ്പമല്ല, അവ പ്രാവര്‍ത്തികമാക്കുന്നതെന്ന് ആര്‍ക്കാണറിയാത്തത്!
മാനവികത പൂക്കുന്ന കനവുകള്‍ 

സ്വപ്നം കാണുകയെന്നതു മനുഷ്യനുമാത്രം പ്രാപ്തമാകുന്ന ഒരു മഹാസിദ്ധിയാണ്. മനുഷ്യകുലത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന്റെ ആധാരവും ഊര്‍ജ്ജവുമാകുന്നതും സ്വപ്നങ്ങള്‍തന്നെ. ഏതു ചെറിയവനുമുണ്ടാകും എടുത്താല്‍ പൊങ്ങാത്തയത്ര സ്വപ്നങ്ങള്‍. എന്നാല്‍, കാണുന്നയത്ര എളുപ്പമല്ല, അവ പ്രാവര്‍ത്തികമാക്കുന്നതെന്ന് ആര്‍ക്കാണറിയാത്തത്! കൊണ്ടുനടക്കുന്നതിന്റെ മുക്കാലേമുണ്ടാണിയും പാതിവഴിയില്‍ത്തന്നെ ഉപേക്ഷിക്കുന്നവരാകും ഭൂരിപക്ഷം യാത്രികരും. 
മായാജാലം കൊണ്ടൊന്നും ഒരു സ്വപ്നവും യാഥാര്‍ത്ഥ്യമാക്കാനാവില്ല. അതിന്, അങ്ങേ അറ്റത്തെ കഠിനാധ്വാനവും ദൃഢനിശ്ചയവും കൂടിയേ തീരു എന്ന് കോളിന്‍ പവല്‍ പറഞ്ഞുവെച്ചിട്ടുള്ളതു വെറുതയല്ല. ആ നിലയ്ക്ക് ഉന്നതമായ സ്വപ്നാവേശങ്ങള്‍, ഉല്‍ക്കടമായ തീവ്രതയോടെ കാത്തുസൂക്ഷിച്ച്, അതേ ആര്‍ജ്ജവത്തോടെ പ്രായോഗികമാക്കാന്‍, സാധിച്ചിട്ടുള്ളവരെ നിശ്ചയമായും അംഗീകരിക്കാതെ വയ്യ - പ്രത്യേകിച്ച് ജനക്ഷേമകരമായ നവീനാശയങ്ങള്‍ സാക്ഷാല്‍ക്കരിക്കാനായവരെ. 

അതുകൊണ്ടുതന്നെ, ആപത്തുകളിലും തോല്‍വികളിലും വീഴ്ചകളിലും താഴ്ചകളിലും ലവലേശം പതറാതെ ഉദ്ദിഷ്ട ലക്ഷ്യങ്ങളിലെത്താനായ, വിന്ധ്യനു തെക്കുള്ള ഇരുപത്തിയെട്ടോളം സംരംഭകരുടെ ജീവിതരേഖകള്‍ അനാവരണം ചെയ്തുകൊണ്ട്, ശോഭാവാരിയര്‍ രചിച്ചിട്ടുള്ള, 'ഡ്രീം ചെയ്‌സേഴ്‌സ് - ആന്‍ട്രപ്രെണേഴ്‌സ് ഫ്രം ദ സൗത്ത് ഓഫ് ദ വിന്ധ്യാസ്' എന്ന പുസ്തകം  ഇവിടെ തികച്ചും പ്രസക്തമാകുന്നു. 
''തൊഴിലിന്റെ ഭാഗമായി ഒട്ടനവധി സംരംഭകരെ കണ്ടെത്താനായിരുന്നു. അവരില്‍നിന്നും തെരഞ്ഞെടുത്ത ഇരുപത്തിയെട്ടു പേരുകളുടെ കഥകളാണിതില്‍ - അവരുടെ ശതകോടികളുടെ സ്ഥാവരസ്വത്തുക്കളോ സഹസ്രകോടികളുടെ വിറ്റുവരവോ അല്ല, മറിച്ച് സമൂഹത്തിന് എത്രത്തോളം എങ്ങനെയൊക്കെ അവരുടെ സംരംഭങ്ങള്‍ ഉപകരിച്ചിട്ടുണ്ട് എന്നതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പിന്റെ മാനദണ്ഡമായത്.' ശോഭ പറയുന്നു. 
ഓരോ സംരംഭകന്റെയും വിയര്‍പ്പിന്റെയും കഷ്ടപ്പാടുകളുടെയും നിരാശയുടെയും ഉറച്ച നിശ്ചയത്തിന്റെയും വിജയാഹ്‌ളാദത്തിന്റെയും എല്ലാറ്റിനുമുപരി മാനുഷികസ്പര്‍ശത്തിന്റെയും യഥാര്‍ത്ഥമായ കഥാകഥനങ്ങളുടെ സമാഹാരമാണ് 'ഡ്രീം ചെയ്‌സേഴ്‌സ്'. 
'റിഡിഫ് ഡോട്ട് കോം,' 'ഇന്ത്യ അബ്രോഡ്' എന്നീ ഓണ്‍ലൈന്‍ വാര്‍ത്താപോട്ടലുകളുടെ എഡിറ്റോറിയല്‍ ഡയറക്ടറായ ശോഭയുടെ മൂന്നാമത്തെ ഇംഗ്‌ളീഷ് രചനയായ, 'ഡ്രീം ചെയ്‌മ്പേഴ്‌സി'ന്റെ പ്രകാശനം, തിരുവനന്തപുരത്തുവച്ച് പിണറായി വിജയനും ചെന്നൈയില്‍വച്ച് തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി പാണ്ഡ്യരാജനും നിര്‍വ്വഹിക്കവെ, ഇരുവരും ഏകമനസ്സോടെ പുസ്തകത്തെ വിശേഷിപ്പിച്ചത് 'പുതിയ സംരംഭകര്‍ക്ക് പ്രയോജനപ്പെടാവുന്ന ഉത്തമമായ കൈപ്പുസ്തകം' എന്നുള്ളതായിരുന്നു. 

സംരംഭകരുടെ പ്രവര്‍ത്തന കാലഘട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി, അവരുടെ യാത്രകളെ ട്രെന്‍ഡ് സെറ്റേഴ്‌സ്, നെക്സ്റ്റ്‌വേവ്, ന്യൂജനറേഷന്‍ എന്നിങ്ങനെ മൂന്നാക്കി തരംതിരിച്ചുകൊണ്ടാണ് ഇതില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. 
സ്റ്റാര്‍ട്ടപ്പ്, ആന്‍ട്രപ്രെണേഴ്‌സ് എന്നിങ്ങനെയുള്ള വാക്കുകള്‍പോലും പ്രാബല്യത്തിലില്ലായിരുന്ന 1970–നും 80–നും ഇടയ്ക്കുള്ള കാലയളവില്‍ ചുവപ്പുനാടയുടെ കടുംപിടുത്തവും വ്യവസായങ്ങളെ സംബന്ധിച്ചിടത്തോളമുള്ള വിപരീത പരിതസ്ഥിതികളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും എല്ലാം മറികടന്ന്, സ്വപ്‌നങ്ങളുടെ വഴിയെ കുതിച്ച് ഒടുവില്‍ വെളിച്ചം കണ്ട ഏഴോളം സാഹസികരുടെ കഥയാണ് ട്രെന്‍ഡ് സെറ്റേഴ്‌സ് എടുത്തുകാട്ടുന്നത്. അക്കൂട്ടത്തില്‍ 'ഹോട്ട് ബ്രെഡ്‌സ്' എന്ന പ്രശസ്ത ബ്രാന്‍ഡിന്റെ സ്ഥാപകനായ മഹാദേവനും എസ്.എസ്.ഐ എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ഉടമസ്ഥനായ കല്പാത്തി സുരേഷും കേരളീയരെ സംബന്ധിച്ചിടത്തോളം അഭിമാനത്തിനു വക തരുന്ന മാതൃകകളാണ്. 
അധ്യാപനരംഗത്തു സജീവമായിരുന്ന മഹാദേവന്‍, ഡോക്ടര്‍മാരായ മാതാപിതാക്കളെവരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു മോഹസ്വപ്‌നമായ ഭക്ഷണരംഗത്തേക്കു കടന്നുചെന്നത്. 

''സത്യം പറഞ്ഞാല്‍, ഇഷ്ടപ്പെട്ട ജോലിചെയ്തു പണമുണ്ടാക്കുക എന്നുതന്നെയായിരുന്നു, തുടക്കത്തിലെ ഉദ്ദേശ്യം. എന്നാല്‍, വളരെവേഗം മുന്‍ഗണനകള്‍ മാറി. പണം ജീവിക്കാനുള്ള ഒരുപകരണം മാത്രമാണ് അല്ലാതെ, അതു ജീവിതമാകുന്നില്ല എന്ന തിരിച്ചറിവുണ്ടായി. 60,000 രൂപയായിരുന്നു അന്നത്തെ മൂലധനമായിരുന്നത്. ഇന്ന്, 250 കോടി രൂപ വിലമതിക്കുന്ന സ്ഥാപനമായി 'ഹോട്ട് ബ്രെഡ്‌സ്' വളര്‍ന്നിരിക്കുന്നു. അതിലേറെ, ഇന്നെന്റെ സന്തോഷമാകുന്നത്, മൂവായിരത്തി അഞ്ഞൂറോളം പേര്‍ക്ക് തൊഴില്‍ നല്‍കാനായി എന്നുള്ളതിലാണ്. അതാണെന്റെ കൃതാര്‍ത്ഥതയും. സമൂഹത്തിനു ഉപകരിക്കാന്‍ പണമുണ്ടാക്കുക എന്നുള്ളതാണ് ഇന്നത്തെ എന്റെ പ്രമാണം.' 'ഹോട്ട് ബ്രെഡ്‌സി'ന്റെ സ്ഥാപകനും ജീവകാരുണ്യ പ്രവര്‍കനുമായ മഹാദേവന്റെ വാക്കുകള്‍. 
ഇരുപതോളം അംഗങ്ങളുള്ള കുടുംബത്തില്‍ ജനിച്ച്, വളരെ കഷ്ടപ്പെട്ട് പഠിച്ച്, ചെന്നൈയിലെ ഐ.ഐ.ടിയില്‍നിന്നു ബിരുദമെടുത്ത് അധ്യാപനത്തിന്റെ പാതയിലൂടെ നടന്നുനീങ്ങി, ഒടുവില്‍ സ്വന്തം സ്വപ്‌നം 'എസ്.എസ്.ഐ' എന്ന മികച്ച വിവരസാങ്കേതിക കേന്ദ്രത്തിന്റെ രൂപീകരണത്തിലൂടെ സാക്ഷാല്‍ ക്കരിച്ചുകൊണ്ട് നാലായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാനായ വ്യക്തിയാണ് കല്പാത്തി സുരേഷ്. സ്വന്തം സ്ഥാപനം അര്‍ഹമായ കൈകളിലേല്‍പ്പിച്ച്, ഇന്ന് ഉപദേശകനും നിക്ഷേപകനുമായി മാറിയിട്ടുള്ള അദ്ദേഹം യുവസംരംഭകരെ ഓര്‍മ്മിപ്പിക്കുന്നതു ജയം പോലെ തോല്‍വിയും ഏറ്റെടുക്കാന്‍ തയ്യാറാകണം എന്നുള്ളതാണ്. 

ബേല്‍പൂരി വില്‍പ്പനയില്‍നിന്നു തുടങ്ങി രണ്ടായിരത്തി നാന്നൂറ് കോടിയുടെ ആസ്തിയും എണ്ണായിരത്തോളം ജീവനക്കാരുമുള്ള 'പോളാരിസ്' എന്ന കമ്പനിയുടെ സ്ഥാപകനായി മാറിയ അരുണ്‍ ജെയിന്‍, 'സ്റ്റെം സെല്‍' ബാങ്കും 'കോര്‍ഡ് ബ്‌ളഡ്' ബാങ്കും അനുബന്ധ ഘടകങ്ങളാകുന്ന സാര്‍ക് രാഷ്ട്രങ്ങളിലെ ഏറ്റവും വലുതെന്നു കരുതപ്പെടുന്ന 'ജീവന്‍ ബ്‌ളഡ് ബാങ്കി'ന്റെ സ്ഥാപക പങ്കാളിയായ ഡോ. ശ്രീനിവാസന്‍, മറീന ബീച്ചിലെ കാപ്പി വില്‍പ്പനയില്‍നിന്നു തുടക്കം കുറിച്ചുകൊണ്ട് സ്വന്തമായി ഭക്ഷണശാലകളും കോര്‍പ്പറേറ്റ് കേറ്ററിങ്ങും പ്രാപ്തമാക്കാനായ പട്രീഷ്യ തോമസ്, തോല്‍ബാഗുകളുടെ നിര്‍മ്മാണം എന്ന സ്വപ്‌നം വികസിപ്പിച്ച് മൂവായിരത്തോളം ജീവനക്കാരും, എഴുപത്തിയാറോളം ഷോറൂമുകളും ആയുള്ള 'ഹൈഡ് സ്‌കിന്‍' എന്ന അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ രൂപീകരണംവരെ സാധ്യമാക്കിയ ദിലീപ്കുമാര്‍, കടലൂര്‍ ഗ്രാമത്തില്‍നിന്ന് പതിനയ്യായിരം രൂപയുടെ മൂലധനവുമായി തുടങ്ങി, അതിനെ 1300 കോടിയുടെ സംരംഭമാക്കി വളര്‍ത്തി, അയ്യായിരം പേരുടെ തൊഴില്‍ ദാതാവായി മാറിയ 'കെവിന്‍ കെയര്‍' എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ സി.കെ. രംഗനാഥന്‍, ഇങ്ങനെ ഏഴോളം പേരുടെ യാത്രാവിശേഷങ്ങളാണ് 'ട്രെന്‍ഡ് സെറ്റേഴ്‌സ്' എന്ന വകുപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 

തൊണ്ണൂറുകളുടെ ഘട്ടം. വ്യവസായ സംരംഭങ്ങള്‍ക്കു മതിയായ മാന്യതയും സ്വീകാര്യതയും കിട്ടിത്തുടങ്ങിയിരുന്ന കാലം. ഒപ്പം സ്റ്റാര്‍ട്ടപ്പുകളെ കാലഘട്ടത്തിന്റെ ആവശ്യമായി സമൂഹവും അധികാരികളും കാണാന്‍ തുടങ്ങിയിരുന്ന കാലവും. 'നെക്സ്റ്റ് വേവ്'  കുറിച്ചിടുന്നത് അക്കാലത്തെ കഥകളാണ്. അക്കാലത്ത്, സംരംഭകരുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. സ്വപ്‌നങ്ങളുടെ സ്വഭാവങ്ങളും രീതികളും വ്യത്യസ്തവുമായിരുന്നു.  
സാങ്കേതിക വിജ്ഞാനത്തിന്റെ സാധ്യതകള്‍, ഏറെ പ്രയോജനപ്പെടുത്തിയ പതിനൊന്നോളം സംരംഭകരാണ് അക്കൂട്ടത്തിലുള്ളത്. 
ആ ഗണത്തില്‍ മാതൃകാസംരംഭകനായി എടുത്തുപറയേണ്ട ഒരു വ്യക്തിയാണ്, സ്വന്തം സംഭാവനകളുടെ പേരില്‍ പ്രസിഡന്റിന്റെ മെഡലിനുപോലും അര്‍ഹനായിട്ടുള്ള അജിത് നാരായണന്‍. 'ഓട്ടിസം ബാധിച്ചവരുടെ ശബ്ദം' എന്നുവരെ വിശേഷിപ്പിക്കുന്ന 'ആവാസ്' എന്ന ആപ്‌ളിക്കേഷനും പുറമേ, പഠനവൈകല്യമുള്ളവര്‍ക്കും ബധിരത ബാധിച്ചവര്‍ക്കും പ്രയോജനപ്പെടുന്ന പ്രോഗ്രാമുകളും രൂപകല്‍പ്പന ചെയ്തിട്ടുള്ള അജിത് സാങ്കേതികവിജ്ഞാനത്തെ സമൂഹനന്മയ്ക്കായി ഉപയോഗിക്കാനായവരുടെ ഉത്തമോദാഹരണമാണ്. 
പ്രവേശന പരീക്ഷകള്‍ക്കുള്ള പ്രത്യേക പഠനകേന്ദ്രങ്ങളും ആപ്‌ളിക്കേഷനുകളും തുടങ്ങിവച്ച 'ബൈജൂസ് കഌസ്സി'ന്റെ സ്ഥാപകനായ കണ്ണൂര്‍ക്കാരന്‍ ബൈജു രവീന്ദ്രന്റെ വിജയകഥയും 'നെക്സ്റ്റ് വേവി'ല്‍ പെടുന്നു. 

തൊഴില്‍ തേടുന്നവരെയും തൊഴിലിടങ്ങളെയും ബന്ധിപ്പിക്കുന്ന, ഒരു പോര്‍ട്ടല്‍ തന്നെ തുടങ്ങിവെച്ച കാര്‍ത്തികേയന്‍, ക്‌ളൗഡ് കംപ്യൂട്ടിങ്ങിനുവേണ്ടി 'ഓറഞ്ച് സ്‌കേപ്' എന്ന ആപ്‌ളിക്കേഷന്‍ തയ്യാറാക്കിയിട്ടുള്ള നാലോളം സ്റ്റാര്‍ട്ടപ്പുകളുടെ സംരംഭകനായ കല്ല്യാണ്‍ മണിയന്‍, 'റെഡ് ബസ്' എന്ന സംരംഭത്തിലൂടെ ബസ്‌സ്‌യാത്രക്കാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഇ. ടിക്കറ്റിങ്ങ് സേവനദാതാവായി മാറിയ ഫണീന്ദ്രന്‍ സാമ, ക്‌ളൗഡ് കംപ്യൂട്ടിങ്ങ് രംഗത്തെ വിപ്‌ളവനായകനായ ഗിരീഷ് മാതൃഭൂതം കൂട്ടത്തോടെ സന്ദേശങ്ങള്‍ അയയ്ക്കുന്നത് എളുപ്പമാക്കിയ അനികേത്–അഷീഫ് ചങ്ങാതികള്‍ ഇങ്ങനെ സാങ്കേതിക വിജ്ഞാനരംഗത്ത് പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കാനായ വേറെയും സംരംഭകരുടെ കഥകള്‍ ഇതിലുണ്ട്. 

അതിനുംപുറമെ മുറിഞ്ഞുപോയ ഉദ്യോഗകാലത്തിന്റെ തുടര്‍ച്ച സാധ്യമാക്കുന്ന സൗന്ദര്യ രാജേഷിന്റെയും ഭക്ഷ്യരംഗം സ്വപ്‌നസാക്ഷാല്‍ക്കാരത്തിന്റെ വേദിയാക്കിയ മുസ്തഫയുടെയും ശരത്ബാബുവിന്റെയും അനുഭവരേഖകളും ഏറെ ശ്രദ്ധേയമായ അദ്ധ്യായങ്ങളാണ്. 
''വിശപ്പിന്റെ ആഴമറിയാവുന്നതുകൊണ്ടാണ് കേറ്ററിങ്ങ് തന്നെ തൊഴിലാക്കണമെന്നു മോഹിച്ചത്.' ശരത് ബാബു പറയുന്നു. 
ചെന്നൈയിലെ മടിപ്പാക്കം എന്ന സ്ഥലത്ത് തീരെ ദരിദ്രയായ ഇഡ്ഢലി വിറ്റ് അഞ്ചു മക്കളെയും ഒറ്റയ്ക്കു പോറ്റാന്‍ നിയോഗമുണ്ടായ ഒരമ്മയുടെ മകനായി ജനനം. ഇഡ്ഢലി വില്‍ക്കാന്‍ അമ്മയെ സഹായിച്ചുകൊണ്ടുള്ള പഠനം. നല്ല മാര്‍ക്കോടെ വിജയം. ഒടുവില്‍, ബുക്കു ബൈന്‍ഡിങ്ങില്‍ നിന്നുള്ള തുച്ഛവരുമാനവും സ്‌കോളര്‍ഷിപ്പും താങ്ങാനാവാത്ത കടവും ആയി ബിറ്റ്‌സ് പിലാനിയില്‍ തുടര്‍ന്ന പഠനം. ശേഷം അഹമ്മദാബാദ് ഐ.ഐ.എമ്മില്‍ നിന്ന് ബിരുദാനന്തരബിരുദം.  കടം വീട്ടുന്നതുവരെ 'പൊളാരിസ്' എന്ന കമ്പനിയില്‍ ജോലി. എന്നാല്‍, മനസ്സിലെ സ്വപ്‌നമായതു കഴിയുന്നത്ര പേര്‍ക്ക് ജോലിയും അര്‍ഹരായവര്‍ക്കു കുറഞ്ഞ ചെലവില്‍ ഭക്ഷണവും എന്നുള്ളതായിരുന്നു. പ്‌ളാറ്റ്‌ഫോമില്‍പ്പോലും അന്തിയുറങ്ങേണ്ടിവന്നും സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ടും മുന്നോട്ടുനീങ്ങിയ ശരത് ബാബു, ഒടുവില്‍ 'ഫുഡ്കിങ്ങ്' എന്ന പ്രശസ്ത കേറ്ററിങ്ങ് സ്ഥാപനത്തിന്റെ ഉടമയായിത്തീര്‍ന്ന കഥ, പല പുതിയ സംരംഭകര്‍ക്കും പ്രചോദന സ്രോതസ്സായേക്കും. സാമ്പത്തികമായ ഉയര്‍ച്ച, ഒരു തരത്തിലും ജീവിതശൈലിയെ ബാധിക്കരുതെന്ന നിശ്ചയത്തോടെ ശരത്ബാബു കഴിയുന്നതു തന്റെ പഴയ കൊച്ചുവീട്ടിലാണെന്നത് ഒരുപക്ഷേ പുതുതലമുറക്കാര്‍ക്ക് അതിശയമായി തോന്നാം. 

കല്‍പ്പറ്റ സ്വദേശിയായ പി.സി. മുസ്തഫ എന്ന ചെറുപ്പക്കാരന്റെ അനുഭവകഥയും ഏതാണ്ട് സമാനമായി കാണാം. ഗ്രാമത്തിലെ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ, ആറാം കഌസ്സില്‍ തോല്‍വി. അപ്പോള്‍ കൈത്താങ്ങായതു ഹൃദയാലുവായ ഒരധ്യാപകന്‍. അതോടെ, പഠിപ്പിന്റെ പാതയിലൂടെ തിരിഞ്ഞുനോക്കാതെയുള്ള യാത്ര. പണത്തിനുവേണ്ടി നേരിട്ട ഒരുപാടു കഷ്ടപ്പാടുകള്‍. എല്ലാറ്റിനുമൊടുവില്‍ എന്‍ജിനീയറിംഗ് ബിരുദവും ശേഷം ഐ.ഐ.എമ്മില്‍നിന്നുള്ള ബിരുദാനന്തര ബിരുദവും നേടാനായ മുസ്തഫയെ തേടിയെത്തിയത് തടിച്ച ശമ്പളങ്ങളോടെയുള്ള തൊഴിലവസരങ്ങള്‍. എന്നാല്‍ തന്നെപ്പോലെയുള്ള ദരിദ്രഗ്രാമീണര്‍ക്ക് എത്രത്തോളം എങ്ങനെയൊക്കെ തൊഴിലുകള്‍ കൊടുക്കാനാകും, എന്ന ശക്തമായ ചിന്തകളായിരുന്നു. മുസ്തഫയുടെ ജീവിതത്തിന്റെ ഗതി മാറ്റിയ ഘടകമായത്. ഇന്ന്, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സ്ഥിരസാന്നിദ്ധ്യം അടയാളപ്പെടുത്തിക്കൊണ്ട് നിരവധി പാവങ്ങളുടെ ജീവിതമാര്‍ഗ്ഗമായി തീര്‍ന്നിട്ടുള്ള 'ഐ.ഡി. ഫ്രഷ്' എന്ന് ഇഡ്ഢലി–ദോശ  മാവിന്റെ ഉല്‍പ്പാദനകേന്ദ്രത്തിന്റെ  സ്ഥാപകനായിട്ടുള്ള മുസ്തഫയുടെ ജീവിതവും മാനവികതയുടെ വിജയഗാഥയാണ്. 
''മനസ്സില്‍ ഒരാശയമുദിച്ചാല്‍ അതു പിന്നേയ്ക്കു മാറ്റിവയ്ക്കരുത്.' മുസ്തഫയുടെ ഉപദേശവും അതാണ്. 
മുന്‍പെ ചരിച്ചവര്‍ തുറന്നിട്ട വാതിലുകള്‍ പിറകെയെത്തിയ ഇളം തലമുറക്കാര്‍ക്ക് അവസരങ്ങളുടെ വിപുലമായ ലോകമാണ് കാഴ്ചയാക്കിയത്. രണ്ടായിരത്തിപ്പത്തുകളുടെ കാലം 'സ്റ്റാര്‍ട്ടപ്പു'കളെ രണ്ടുകൈയും നീട്ടി സ്വീകരിച്ച കാലവുമായിരുന്നു. 
തനതു പാതയിലൂടെ തനതു സ്വപ്‌നങ്ങളെ ചങ്കൂറ്റത്തോടെ പിന്തുടര്‍ന്ന 'ന്യൂജനറേഷന്‍' സംരംഭകരുടെ വലിയ ഒരു പ്രത്യേകതയായി കാണാവുന്നത്, സമൂഹനന്മകളുടെ വിപ്‌ളവാത്മകമായ ആദര്‍ശങ്ങളും ആശയങ്ങളും മൂലധനമാക്കിക്കൊണ്ടുള്ള അവരുടെ പ്രവര്‍ത്തനങ്ങളാണ്. ആത്മവിശ്വാസത്തിന് ആക്കം കൂട്ടാനും സംരംഭങ്ങളെ നിലനിര്‍ത്താനും മതിയായ സാമ്പത്തികനേട്ടം മാത്രമെ മിക്കവരും പ്രതീക്ഷിച്ചിരുന്നുള്ളു എന്നുള്ളതും വലിയൊരു സവിശേഷതയായി കാണാം. 

ആദര്‍ശങ്ങള്‍ സ്വപ്‌നമാക്കിയവരില്‍, സിദ്ധാര്‍ത്ഥ് നായരുടെ കാര്യം തന്നെയെടുക്കാം. മഹാത്മാഗാന്ധിയുടെ കടുത്ത ആരാധകനായ സിദ്ധാര്‍ത്ഥിന് ഖാദി ജീവിതാവേശമാണ്. സ്വന്തം വസ്ത്രധാരണത്തിന്റെയും വ്യക്തിത്വത്തിന്റെയും പോലും അടയാളമാണ്. ഖാദിവസ്ത്രങ്ങളുടെ പ്രചരണാര്‍ത്ഥം നിര്‍മ്മാണ വിപണനത്തിനായി സിദ്ധാര്‍ത്ഥ് തുടങ്ങിവെച്ച 'ദേശി–ട്യൂഡ്' എന്ന സംരംഭം ഇന്ന് സോഷ്യല്‍ മീഡിയവഴിയും പ്രബലമായിരിക്കുകയാണ്. സിവില്‍ സര്‍വ്വീസ് ഉദ്യോഗാര്‍ത്ഥിയുമായ സിദ്ധാര്‍ത്ഥിന്റെ ശ്രമത്തെ ഒരു വ്യവസായം എന്നതിലുപരി സ്വന്തം ആദര്‍ശസാക്ഷാല്‍ക്കാരം എന്നു വിശേഷിപ്പിക്കാമെന്നു തോന്നുന്നു. 
ഇരുപത്തിമൂന്നുകാരനായ പദ്മനാഭന്റെ കഥയും ഇവിടെ പ്രസക്തമാണ്. ഭക്ഷണം പാഴാക്കാനുള്ളതല്ലാ എന്ന തത്ത്വം യാഥാര്‍ത്ഥ്യമാക്കാനായി. എവിടെയും മിച്ചം വരുന്ന, വൃത്തിയുള്ള പുതിയ ഭക്ഷണം ഉടനുടനെ വിശക്കുന്നവര്‍ക്കെത്തിക്കുന്ന 'വെയ്സ്റ്റ് നൊ ഫുഡ്' എന്ന സംരംഭം വിജയമാക്കിയ ചരിത്രമാണ് പത്മനാഭന്‍ പറയുന്നത്. ഡോ. അബ്ദുള്‍കലാമിന്റെ വാക്കുകളുടെ വെളിച്ചമായിരുന്നു പത്മനാഭന്റെ പ്രചോദനം. 
വിഷമുക്തമായ ഭക്ഷ്യവിളകള്‍ എന്നതായിരുന്നു തൃശ്ശൂര്‍ സ്വദേശിയായ ടിബിന്‍ പാറയ്ക്കലിന്റ സ്വപ്‌നം. നെറ്റ് വര്‍ക്കിങ്ങിലെ ഉയര്‍ന്ന ഉദ്യോഗംപോലും ഉപേക്ഷിച്ച് പരീക്ഷണാര്‍ത്ഥം ഒരു പത്തു സെന്റു ഭൂമിയില്‍ കൃഷിചെയ്തുകൊണ്ടായിരുന്നു തുടക്കം. ഇന്ന് നാല്‍പ്പതോളം ഏക്കറുകളിലായി ജൈവവളം മാത്രം ഉപയോഗിച്ച് നെല്ലും പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും വിജയകരമായി ഉല്‍പ്പാദിപ്പിക്കാനായ ടിബിന്‍, കൃഷി അര്‍ത്ഥപൂര്‍ണ്ണമായ ഒരു ജീവിതശൈലി തന്നെ എന്നു കാട്ടിത്തരുന്നു. 

പരിസ്ഥിതി പ്രവര്‍ത്തനമായിരുന്നു അരുണ്‍ കൃഷ്ണമൂര്‍ത്തിയുടെ ജീവിതവ്രതം. ബോസ്റ്റണില്‍ നിന്നെത്തിയ ഡയാന–ജാക്കി സ്‌നേഹിതമാര്‍ ഏറ്റെടുത്തത് തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ വെളിച്ചവും മറ്റു അടിസ്ഥാന സൗകര്യങ്ങളും എത്തിക്കുക എന്ന ദൗത്യമായിരുന്നു. ഓണ്‍ലൈന്‍വഴി പാലുവില്‍പ്പന സാധ്യ മാക്കിയ ഉദയ്കൃഷ്ണ, ഗ്രാമങ്ങളില്‍ ബയോഗ്യാസിന്റെ പ്രചാരം വലിയതോതില്‍ നടപ്പിലാക്കിയ കൗഷിക്–പീയൂഷ് സ്‌നേഹിതന്മാര്‍, വൃത്തിയുള്ള നാടന്‍പലഹാരങ്ങളുടെ ലഭ്യത സാധ്യമാക്കിയ അരുള്‍ മുരുഗന്‍, ദോശയുടെ നിര്‍മ്മാണം എളുപ്പമാക്കാന്‍ 'ദോശമാറ്റ്' എന്ന ഉപകരണം കണ്ടുപിടിച്ച ഈശ്വര്‍വികാസ്, ഗ്രാമീണര്‍ക്കുപോലും ഉപകരിക്കുന്ന ഒരു സോഫ്റ്റ് വെയര്‍ ഉല്‍പ്പന്നം കണ്ടെത്തിയ കാര്‍ത്തിക് ഇങ്ങനെ ഭാരതത്തിലെ തെന്നിന്ത്യയിലെ ഗ്രാമങ്ങളെയും ഗ്രാമീണരെയും സ്പര്‍ശിക്കുന്ന തരത്തിലുള്ള സംരംഭങ്ങളുടെ വിജയം കുറിച്ചിട്ടുള്ള 'ന്യൂജനറേഷന്‍' സംരംഭകരെ, അവരുടെ ആദര്‍ശശുദ്ധിയുടെ പേരില്‍ ശ്‌ളാഘിക്കാതെ വയ്യ. 

മനസ്സുണ്ടെങ്കില്‍ മലയും മറിക്കാം എന്നു പറയാതെ പറയുന്നു 'ഡ്രീം ചെയ്‌സേഴ്‌സി'ലെ സിനിമാക്കഥകളെ വെല്ലുന്ന സാഹസിക യാഥാര്‍ത്ഥ്യങ്ങള്‍. ശോഭ സൂചിപ്പിക്കുന്നതുപോലെ, അവ ഓരോന്നും മാനവികതയുടെ ഉത്തുംഗമായ സാധ്യതകളുടെയും ശക്തിയുടെയും അതുവഴി സമൂഹത്തില്‍ വരുത്താനാവുന്ന മാറ്റങ്ങളുടെയും കഥയാണെന്നതും കാണാം. 
ഉയര്‍ച്ചയ്ക്കു വേണ്ടത് ഉദ്ദേശ ശുദ്ധിയും ഉറച്ച മനസ്സുമാണ്. ഒപ്പം ഉന്നത വിദ്യാഭ്യാസവും. അതേ സമയം സമ്പന്നതയുടെ മടിത്തട്ടില്‍ത്തന്നെ പിറക്കണമെന്നോ മികച്ച പള്ളിക്കൂടത്തില്‍ത്തന്നെ പഠിക്കണമെന്നോ ഉള്ള ഒരു വ്യവസ്ഥയും അതിനില്ല.  'ഡ്രീം ചെയ്‌സേഴ്‌സി'ലെ ജേതാക്കള്‍ അടയാളപ്പെടുത്തുന്നതു കൃത്യമായും ആ സൂചകങ്ങളാണ്. 
മാനവികതയുടെ സ്പര്‍ശം ഉള്ള സ്വപ്‌നങ്ങളുടെ കഥകളെ ഒഴുക്കുള്ള ശൈലിയും ലളിതമായ ഭാഷയും കഥയെഴുത്തിനെ വെല്ലുന്ന കൈയടക്കരീതിയുമായി നല്ലൊരു വായനാനുഭവമാക്കി മാറ്റാന്‍ ശോഭയ്ക്കായിരിക്കുന്നു. 
''ഇനിയും സംരംഭകര്‍ മുന്നോട്ടുവരണം. ഇന്ത്യയുടെ മുഖച്ഛായതന്നെ അവര്‍ക്കു മാറ്റാന്‍ കഴിയണം. മനുഷ്യത്വത്തിന്റെ നല്ല മാതൃകകള്‍ എടുത്തുകാട്ടാന്‍ ഇനിയും സന്ദര്‍ഭങ്ങളുണ്ടാവണം.'' സ്വന്തം സ്വപ്‌നങ്ങളെക്കുറിച്ച് ശോഭ പറയുന്നത് അതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com