ചോരമണക്കുന്നുണ്ട്,ധാരാവിയിലിപ്പോഴും

ചെമ്പൂര്‍ ഘാട്ട്‌ല വില്ലേജിലെ ഇടുങ്ങിയ ഗലികള്‍ക്കും റാംബെറോസെ എന്ന ചായക്കടയ്ക്കും പൂപ്പരത്തിമരത്തിനും പട്ടേല്‍വാഡിക്കും ഇന്നും പറയാനുണ്ട്, നിണമണിഞ്ഞ കഥകള്‍
ചോരമണക്കുന്നുണ്ട്,ധാരാവിയിലിപ്പോഴും

നാല്‍പ്പതു വര്‍ഷത്തെ മഹാനഗരജീവിത്തിനു ശേഷം അവിടേയ്ക്കു വീണ്ടും ഒരു സന്ദര്‍ശനം. ചോരയുടെ ഗന്ധമുള്ള ഗാങ്‌വാറുകള്‍, ഹാജി മസ്താനും, ദാവൂദ് ഇബ്രാഹിമും കരിംലാലയും വരദരാജന്‍ മുതലിയാരും ഛോട്ടാരാജനും, അരുണ്‍ ഗാവ്‌ലിയും... അങ്ങനെ പലരും അണിനിരന്ന അധോലോകം നിലനിന്ന അന്നത്തെ ബോംബെ. സന്തോഷവും ചിലപ്പോള്‍ ഹൃദയത്തില്‍ കഠാര കുത്തിയിറക്കുന്ന അനുഭവങ്ങളും സമ്മാനിച്ച് അനുഗ്രഹിച്ച 'അംചിമുംബൈ.'
എങ്ങും ഇടുങ്ങിയ ഗലികളും ചോപ്ടകളും. ലക്ഷക്കണക്കിനു ജനം തിങ്ങിപ്പാര്‍ക്കുന്ന, ഇറച്ചിവെട്ടും ബാര്‍ബര്‍ഷോപ്പും സ്വര്‍ണ്ണാഭരണക്കടയും ബേക്കറിയും ചെറിയ ഫാക്ടറിയും  ഒരേ നിരയില്‍ സ്ഥിതിചെയ്യുന്ന സവിശേഷതകളുള്ള ധാരാവി. രംഗാ–ബില്ല എന്ന കൊലയാളികളുടേയും മനോരോഗത്തിനടിപ്പെട്ട് അനവധിപേരെ കൊന്നൊടുക്കിയ രാമന്‍ രാഘവന്റേയും താവളമായിരുന്നു ധാരാവി. 
ഇന്നത്തെ (20–12–2016 ലെ) 'മുംബൈ മിററില്‍' ഒന്നു കണ്ണോടിച്ചു. മഹാനഗരത്തിന്റെ ധാരാവി ഉള്‍പ്പെടെയുള്ള വിവിധ ഭാഗങ്ങളില്‍ നടന്നത് ഏഴു കൊലപാതകങ്ങള്‍, അഞ്ച് പിടിച്ചുപറി, നാല് ലൈംഗികപീഡനം, ആറ് ഭവനഭേദനക്കേസുകള്‍, നാല് പോക്കറ്റടി എന്നിവ അതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇതൊരു സാധാരണ സംഭവമായി മുംബൈ നിവാസികള്‍ എഴുതിത്തള്ളുമ്പോള്‍ പൊലീസിനും സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ക്കും പറയാനുള്ള ഉത്തരങ്ങള്‍ ഏറെ. റെയില്‍വെ പ്‌ളാറ്റ്‌ഫോമില്‍, ഘാട്ട്‌ല വില്ലേജിലെ ഇരുണ്ട ഗലികളില്‍, ദീന്‍ദോഷിയില്‍, വെസ്റ്റേണ്‍ എക്‌സ്പ്രസ്സ് ഹൈവേയില്‍, വിക്രോളിയില്‍ എല്ലാമെല്ലാം സ്ര്തീകളുടെയും കുട്ടികളുടെയും അങ്ങനെ മറ്റു പലരുടേയും ജീവന്‍ അപഹരിക്കപ്പെടുന്നത് മുംബൈയില്‍ സാധാരണമാണ്.
അധോലോക നായകന്മാരുടെ ധാരാളം കഥകള്‍ ചലച്ചിത്രങ്ങളാക്കിയിട്ടുണ്ട്. വരദാഭായി, കരിംലാല, ഹാജിമസ്താന്‍ മുതല്‍ മായാ ഡൊളാസും ദാവൂദ് ഇബ്രാഹിം വരെ നിരവധി ആളുകളുടെ കഥകള്‍ സിനിമകള്‍ക്കു വിഷയമായി. പക്ഷേ, അധോലോകവും നമ്മെപ്പോലുള്ള മനുഷ്യരുടെ ആവാസകേന്ദ്രങ്ങളാണ്. അവര്‍ ഒരതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്നു. സ്വന്തം ഭാഷ ആവിഷ്‌കരിച്ചിട്ടുള്ള ഒരു പ്രത്യേക മേഖലയാണിത്. പൊലീസുകാര്‍, ബദ്ധശത്രുക്കള്‍, കൈക്കൂലി, പ്രതിഫലം തുടങ്ങിയവയ്ക്ക് അവരുടെ സ്വന്തം വാക്കുകള്‍ തന്നെയുണ്ട്. വക്കീലിനെ കാലാകോട്ട് എന്നും പൊലീസിനെ കൗവ്വ (കാക്ക) എന്നുമാണ് അവര്‍ വിളിക്കുന്നത്. കൊക്കെയ്‌നെ ചാര്‍ളി എന്നും ഐറ്റം എന്നാല്‍ യുവതി എന്നും ഗോഡ (കുതിര) എന്നാല്‍ പിസ്റ്റള്‍ എന്നുമാണ് അര്‍ത്ഥമാക്കുന്നത്.
മുംബൈ 'ബോംബെ'യായിരുന്ന കാലത്തേക്കു തിരിച്ചു പോയാല്‍ അമ്പരപ്പിക്കുന്ന സംഭവങ്ങള്‍ തെളിഞ്ഞുവരും. മൊറാര്‍ജി ദേശായി 1952–ല്‍ നടപ്പാക്കിയ മദ്യനിരോധനം ധാരാവി പോലുള്ള സ്ഥലങ്ങള്‍ക്കു ചീത്തപ്പേരുണ്ടാക്കി. ധാരാവിയിലെ വാറ്റുചാരായം ഇന്ത്യന്‍ സ്‌കോച്ച് എന്നറിയപ്പെട്ടു. കോളികള്‍ അടക്കിവാണിരുന്ന വാറ്റുചാരായ മേഖല തമിഴര്‍ കൈയടക്കി. മാട്ടുംഗയിലെ ബംഗ്‌ളാവിലിരുന്ന് വരദരാജന്‍ മുതലിയാര്‍ അതു നിയന്ത്രിച്ചു. ദിനവും ഇരുപതിനായിരം ലിറ്റര്‍ വരെ വാറ്റുചാരായം ബോംബെയുടെ സിരകളിലൂടെ ഒഴുകി. കുഷ്ഠരോഗം പിടിപെട്ട യാചകര്‍പോലും വിതരണക്കാരായി. ഗുണ്ടകളും ഇതിന്റെ ഭാഗമായി. പൊലീസിനെ പണം കൊടുത്ത് വരദരാജന്‍ വരച്ച വരയില്‍ നിര്‍ത്തി. വരദാഭായിയുടെ വലംകൈയായ മലയാളി കുര്യനെ (കാജാഭായി) വൈ.സി. പവാര്‍ എന്ന ഡി.ജി.പി. നേര്‍ക്കുനേരിലുള്ള സംഘട്ടനത്തിലൂടെ അറസ്റ്റ് ചെയ്തതോടെ വാറ്റുചാരായ ഉല്‍പ്പാദനത്തിനു താല്‍ക്കാലിക അറുതി വന്നു. ബോംബെ പൊലീസ് കമ്മിഷണര്‍ ജൂലിയൊ റിബൈറോയും വൈ.സി. പവാറും ചേര്‍ന്ന് ചാരായം വാറ്റുന്ന ഖാഡികള്‍ (കേന്ദ്രങ്ങള്‍) തല്ലിത്തകര്‍ത്തതോടെ 1980–ല്‍ ധാരാവിയിലെ ചാരായവാറ്റ് അവസാനിച്ച മട്ടായി. വരദരാജന്‍ അറസ്റ്റ് ചെയ്യപ്പെടുകയും അയാളുടെ വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയെ്തങ്കിലും ആ കുപ്രസിദ്ധ അധോലോകനായകന്‍ രക്ഷപ്പെട്ട് മദ്രാസിലേക്കു കടന്നു. കുറേ മാസങ്ങള്‍ക്കുശേഷം വരദാഅണ്ണന്‍ എന്ന് ധാരാവി മക്കളും സെലിബ്രിറ്റി ക്രിമിനല്‍ എന്ന് പത്രങ്ങളും വിശേഷിപ്പിച്ച വരദാഭായി കാന്‍സര്‍ ബാധിച്ച്് മരിച്ചു. കൊന്നും കൊലവിളി നടത്തിയും ബോംബെ നഗരത്തെ വിറപ്പിച്ച അയാളുടെ അന്ത്യം അതീവ ദാരുണമായിരുന്നു. 'ഹിന്ദി ഒഴിക, തമിഴ് വാഴ്ക' എന്ന ആശയം തമിഴ്‌നാടിനെ ആവാഹിച്ച കാലത്തില്‍ ഒരു തമിഴ് പത്രം വിലക്കെടുത്ത് വരദരാജന്‍ തന്റെ സാമൂഹിക ഇടപെടലുകള്‍ക്കു പ്രചാരം കൊടുത്തെങ്കിലും ജനം അതു മുഖവിലക്കെടുത്തില്ല.

കുറ്റവാളികളുടെ സംഗമസ്ഥാനം
മുംബൈയുടെ പര്യമ്പുറമായ ചെമ്പൂര്‍ ഘാട്ട്‌ല വില്ലേജിലെ ഇടുങ്ങിയ ഗലികള്‍ക്കും റാംബറോസെ എന്ന യു.പി. ഭയ്യയുടെ ചായക്കടയ്ക്കും അവിടെയുള്ള പൂപ്പരുത്തി മരത്തിനും മുല്ലപ്പൂ സുഗന്ധമുള്ള പട്ടേല്‍വാഡിക്കും നിണമണിഞ്ഞ കുറേ കഥകള്‍ പറയാനുണ്ട്. ഇവിടെയുള്ള മുനിസിപ്പല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന രാജന്‍ നായര്‍ ബോംബെ അധോലോകത്തിലെ അന്നത്തെ ഏക മലയാളി സാന്നിധ്യമായിരുന്നു. ഷെല്‍ കോളനിയിലും തിലക് നഗറിലും, സുഭാഷ് നഗറിലും പിടിച്ചുപറിയും കൊലയും തട്ടിക്കൊണ്ടുപോകലും കൈമുതലാക്കി വിലസിയിരുന്ന രാജന്‍ നായരെ മറ്റൊരു ഗുണ്ടയായ കാലിയ കുഞ്ചുവിന്റെ വാടകക്കൊലയാളി ചന്ദ്രകാന്ത് സഫേലിക്കര്‍ എക്‌സ്പ്‌ളനേഡ് കോര്‍ട്ടില്‍ നാടകീയമായി നാവിക വേഷം ധരിച്ചെത്തി വെടിവെച്ചു കൊന്നു. 
1950 മുതല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനങ്ങള്‍ ബോംബെയിലെത്തി, ആദ്യകാലങ്ങളിലെ  കൂട്ടംകൂട്ടമായെത്തുന്നവരെ മഹാനഗരം സമാശ്‌ളേഷിച്ചു. വയലേലകളില്‍ കന്നുപൂട്ടാനുള്ള ദുഷ്‌കരപ്രയത്‌നത്തില്‍നിന്നു മുക്തിനേടാന്‍ ഉത്തരേന്ത്യക്കാര്‍ ബോംബെയില്‍ നിലയുറപ്പിച്ചു. ഈ അധിവാസികള്‍ ചോളുകളില്‍ രാജാക്കന്‍മാരായി വിലസി. മോഷണവും അക്രമവും പതിവാക്കി. ക്രമേണ കളിക്കാരുടെ എണ്ണം കൂടിക്കൂടിവന്നു. രത്‌നഗിരി, ദുലിയാ തുടങ്ങിയ ഉള്‍നാടന്‍ പ്രദേശത്തുനിന്നുകൂടി ക്രിമിനലുകള്‍ മഹാനഗരത്തില്‍ വന്നിറങ്ങി. അവര്‍ ഒറ്റയ്‌ക്കോ അല്ലെങ്കില്‍ ഒരു ഡോണിനോടൊപ്പമോ ചേര്‍ന്ന് വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നു. 
സമ്പന്ന വര്‍ഗ്ഗത്തിന്റെ ആസ്ഥാനങ്ങളിലൊന്നായ പെഡ്ധാര്‍ റോഡിലെ 'ബെയ്തല്‍ സുരൂര്‍' (സന്തോഷത്തിന്റെ മന്ദിരം) ഇപ്പോള്‍ ഒരു സ്വകാര്യ കമ്പനിയുടെ കാര്യാലയമാണ്. സൈക്കിള്‍ കടയില്‍ ജോലിക്കാരനായി ബോംബെയിലെത്തിയ ഹാജിമസ്താന്‍ എന്ന തമിഴ് ഡോണ്‍ ബോംബെയെ കിടുകിടാ വിറപ്പിച്ചിരുന്ന കാലം. അയാളുടെ രമ്യഹര്‍മ്യമായിരുന്നു ബെയ്തല്‍ സുരൂര്‍. പഠാന്‍ വംശജനും കഫീന്‍ കള്ളക്കടത്തുകാരനായ കരിംലാലയും വരദാഭായിയും ചിലപ്പോഴൊക്കെ ദാവൂദ് ഇബ്രാഹിമും ഹാജിമസ്താന്റെ അതിഥികളായി ഇവിടെ  എത്തിയിരുന്നു. തോക്കേന്തിയ പാറാവുകാര്‍ ആ കെട്ടിടത്തിനു മുന്നില്‍ കാവല്‍നിന്നിരുന്നത് ഇപ്പോഴും ഓര്‍ക്കുന്നു.

പുറംമോടികള്‍ മനം മയക്കുന്ന മുംബൈനഗരം
പുറംമോടികള്‍ മനം മയക്കുന്ന മുംബൈനഗരം

മഹാനഗരത്തിലെ വമ്പന്‍ സ്രാവുകള്‍ അവിടെ വന്നിറങ്ങി പാര്‍ട്ടിയാഘോഷിച്ചു. മസഗോണ്‍ഡോക്കിലെ കൂലിയായി ജീവിതമാരംഭിച്ച ഹാജിമസ്താന്‍ കപ്പലുകളില്‍ വന്നിരുന്ന ബോസ്‌കി തുണികള്‍ മോഷ്ടിച്ചു വിറ്റിട്ടാണ് തന്റെ കരിപുരണ്ട ജീവിതം ആരംഭിച്ചത്. ബോസ്‌കിയില്‍നിന്നു കള്ളക്കടത്തിലേക്കു ശ്രദ്ധതിരിച്ച മസ്താന്‍ വരദാഭായിയും കരിംലാലയുമായി കൂട്ടുചേര്‍ന്ന് വിദേശങ്ങളില്‍നിന്നു സ്വര്‍ണ്ണബാറുകളും  വിലപിടിപ്പുള്ള വാച്ചുകളും മറ്റും കടത്തിക്കൊണ്ടുവന്ന് ബോംബെ വ്യാപാരികള്‍ക്കു വിറ്റു. അര്‍ണ്ണാല തീരപ്രദേശത്തു ജീവിച്ചിരുന്ന ഈ ലേഖകന്‍ തെരുവുവിളക്കുകള്‍ പ്രകാശിക്കാത്ത വെള്ളിയാഴ്ചകളില്‍ (ഉദ്യോഗസ്ഥരുമായുള്ള സ്മഗ്‌ളര്‍മാരുടെ ഒരു ഒത്തുകളിയായിരുന്നു അത്.) കള്ളക്കടത്തു വസ്തുക്കള്‍ കയറ്റി ലോറികള്‍ പാഞ്ഞുപോകുന്നതു പലകുറി കണ്ടിട്ടുണ്ട്. ഏതാണ്ട് അടിയന്തരാവസ്ഥക്കാലം വരെ ഈ പ്രക്രിയ തുടര്‍ന്നുപോന്നു. കേന്ദ്ര–സംസ്ഥാന ഗവണ്‍മെന്റുകളെ ഉള്ളംകൈയിലെടുത്ത് അമ്മാനമാടിയ ഹാജിമസ്താന്റെ ശനിദശ ആരംഭിച്ചത് 1974–ലാണ്. ഇന്ദിരാഗാന്ധി അവതരിപ്പിച്ച 'മിസ' (മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട്) പ്രകാരം അയാള്‍ ജയിലിലായി. ഒപ്പം കരിംലാലയും വരദരാജനും അഴികളെണ്ണി. ഇവരുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. രാംജഠ് മലാനി, എ.എസ്.ആര്‍. ചാരി തുടങ്ങിയ  അഭിഭാഷകര്‍ സുപ്രീം കോടതിയില്‍  വാദിച്ചെങ്കിലും കാര്യമായൊന്നും സംഭവിച്ചില്ല. മുംബൈ സ്‌ഫോടനങ്ങള്‍ക്കു കുറച്ചുനാള്‍ മുന്‍പ് ഹാജിമസ്താന്‍ മരിച്ചു. അതൊരു സാധാരണ മരണമായിരുന്നു.
ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ഭീകരനായി അറിയപ്പെടുന്ന ദാവൂദ് ഇബ്രാഹിം, കാസ്‌കര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിന്റെ ആദ്യപുത്രനായി പൈഥൊനിയില്‍ ജനിച്ചു. പതിന്നാലു പേരുള്ള കാസ്‌കറിന്റെ കുടുംബം പട്ടിണിയിലായിരുന്നു. തികച്ചും മതഭക്തനായ കാസ്‌കര്‍ പാടുപെട്ട് തന്റെ പന്ത്രണ്ട് കുട്ടികളേയും സ്‌കൂളിലയച്ചെങ്കിലും ദാവൂദും സഹോദരങ്ങളും ജെ.ജെ. ഹോസ്പിറ്റല്‍ പരിസരത്തു കറങ്ങിനടന്നു വഴിപിഴച്ചുപോയി. ഒരു കൊലക്കേസ് തെളിയിക്കാന്‍ ഗുജറാത്തിലേക്കുപോയ കാസ്‌കര്‍ ഏതോ കാരണവശാല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. അതോടെ ആ പാവം പൊലീസുകാരന്റെ കുടുംബത്തിന്റെ ട്രാക്ക് തെറ്റി. മുഴുപ്പട്ടിണിയിലേക്കു നീങ്ങിയ അവര്‍ കുട്ടികള്‍ സ്‌കൂളില്‍ പോകാത്തത് ശ്രദ്ധിച്ചതേയില്ല. ജെ.ജെ. ഹോസ്പിറ്റല്‍ പരിസരത്തുള്ള ബാഷുദാ എന്ന ഗുണ്ടയുമായുള്ള പരിചയം ദാവൂദ് ഇബ്രാഹിമില്‍ കുറ്റകൃത്യത്തിന്റെ ആദ്യ വിത്തുകള്‍ വിതച്ചു. അതോടെ അവന്റെ ജീവിതകഥതന്നെ മാറി. പോക്കറ്റടിച്ചും ഭീഷണിപ്പെടുത്തിയും ഉണ്ടാക്കിയ പണത്തിന്റെ ഒരുഭാഗം ദാവൂദ് അമ്മയെ ഏല്പിച്ചു തുടങ്ങിയതു അഭിമാനത്തോടെ തന്നെയാണ്. അങ്ങനെ ദാവൂദ് കാസ്‌ക്കര്‍ കുടുംബത്തിലെ സമ്പാദ്യമുണ്ടാക്കുന്ന ഏക അംഗമായി മാറി. തന്റെ പത്താം വയസ്സിലാണ് ആദ്യത്തെ കുറ്റകൃത്യം ചെയ്തത് എന്ന് ഒരു പ്രമുഖ ഇംഗ്‌ളീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ദാവൂദ് വെളിപ്പെടുത്തിയിട്ടുണ്ട്. ആളുകളുടെ കഴുത്തറക്കുന്നത് സ്വന്തം നഖം മുറിക്കുന്നതുപോലെ എന്നു പത്രങ്ങള്‍ വിശേഷിപ്പിക്കുന്നു.
മുംബൈ രാഷ്ട്രീയം ദാദമാരെ ആശ്രയിച്ചുള്ള ഒരു ചൂതുകളിയാണ്. സ്ഥാനാര്‍ത്ഥികളെ പണംവാങ്ങി പ്രതിഷ്ഠിക്കുന്നതും അവരെ ജയിപ്പിച്ചെടുക്കുന്നതുമാണ് ദാദമാരുടെ ജോലി. തുടര്‍ന്നു ജയിച്ച സ്ഥാനാര്‍ത്ഥികള്‍ ദാദയുടെ വിരല്‍ത്തുമ്പിലെ ചലിക്കുന്ന പാവകളായി രൂപാന്തരം പ്രാപിക്കുന്നു. കാലം മാറി. ഇന്ന് പാര്‍ട്ടികള്‍ക്കുള്ളില്‍ത്തന്നെ ക്വട്ടേഷന്‍ സംഘം ഉല്‍ഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. മസ്ജിദില്‍ അക്കാലത്തു നടന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ഒരു തെറ്റിദ്ധാരണയുടെ പേരില്‍ തന്റെ ഗുരുവായ ബാഷുദായുമായി പിണങ്ങിയ ദാവൂദ് അയാളെ സോഡാക്കുപ്പികൊണ്ടടിച്ചു ജീവച്ഛവമാക്കുന്നേടത്തുനിന്ന് ദാവൂദിലെ യഥാര്‍ത്ഥ അധോലോകനായകന്‍ പുറത്തുവന്നു. തൊഴിലില്ലാത്ത കുറേ ചെറുപ്പക്കാര്‍ ദാവൂദിനൊപ്പം കൂടി അടിപിടികള്‍ക്കും കൊല്ലിനും കൊലയ്ക്കും ചൂട്ടുകത്തിച്ചു. അങ്ങനെ ഡോഗ്രി പൊലീസ് സ്റ്റേഷനിലെ 'അറിയപ്പെടുന്ന' ഗുണ്ടയായി ദാവൂദ് ഉയര്‍ന്നു.

അധോലോകത്തിലെ ഭാര്യാഭരണം
സുപ്പാരി (ക്വട്ടേഷന്‍) വാങ്ങി ദാവൂദും കൂട്ടരും അനേകം അക്രമങ്ങള്‍ നടത്തി. പലകുറി അയാള്‍ ജയിലിലാകുകയും പുറത്തുവരികയും ചെയ്തു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, എയര്‍ ഇന്ത്യാ തുടങ്ങിയ ഏഴു സ്ഥലങ്ങളിലുണ്ടായ ബോംബ് സ്‌ഫോടനങ്ങള്‍ ടൈഗര്‍ മേമോന്‍, ദാവൂദ് മുതലായവരുടെ നീക്കമായിരുന്നെന്നാണ് കേസ്. അതില്‍ ടൈഗര്‍ മേമോനെ വധശിക്ഷയ്ക്കു വിധിച്ചു. ദാവൂദ് ഇബ്രാഹിം രക്ഷപ്പെട്ടു ആദ്യം ദുബായിലേക്കും പിന്നീട് കറാച്ചിയിലേക്കും രക്ഷപ്പെട്ടു. ദാവൂദിന്റെ അഭാവത്തില്‍ ഡി–കമ്പനിയുടെ ചുക്കാന്‍ പിടിക്കാന്‍ അനുയായി ഛോട്ടാ രാജനെ ഏര്‍പ്പെടുത്തി. ഒടുവില്‍ ഛോട്ടാരാജനെ ഇന്റര്‍പോളിന്റെ സഹായത്തോടെ ഇന്ത്യന്‍ ഗവണ്‍മെന്റ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ്.
1990 അവസാനത്തില്‍ ഭീകരരുടെ തേര്‍വാഴ്ച കൂടിയതോടെ, സംസ്ഥാന–അന്തര്‍ദ്ദേശീയ പൊലീസ് യോജിച്ചു. അനുയായികളുടെ അടിക്കടിയുള്ള കൂറുമാറ്റവും അവരില്‍ ഉളവായ വിശ്വാസച്യുതിയും അധോലോക നായകന്മാര്‍ക്കു വെല്ലുവിളിയായി. മാഫിയാനേതാക്കള്‍ പലരും അവരുടെ വാമഭാഗങ്ങളിലേക്ക് അധികാരക്കൈമാറ്റം നടത്തി. ഭര്‍ത്താക്കന്മാര്‍ ചോരക്കളി തുടരുമ്പോള്‍ അവരെ അകലെനിന്നു മാത്രം കണ്ടിരുന്ന ഭാര്യമാര്‍ അതുവരെ പ്രാര്‍ത്ഥനാമുറികളില്‍ ആയിരുന്നു.
അരുണ്‍ഗാവ്‌ലിയുടെ പത്‌നി ആശാഗാവ്‌ലി, അശ്വിന്‍ നായ്കിന്റെ ഭാര്യ നിതാ നായ്ക് തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ പെടും. രണ്ടുപേരും രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും ജനം അംഗീകരിച്ചില്ല.
വിധിവൈപരീത്യമെന്നു പറയട്ടെ  ജീവിതസഖി ആശാനായ്കിനെ സംശയത്തിന്റെ പേരില്‍ അശ്വിന്‍ നായ്ക് വെടിവച്ചു കൊല്ലുകയാണുണ്ടായത്. കൊല്ലും കൊലയും ചതിയും നിറഞ്ഞ അധോലോകം. ഹാജിമസ്താനും വരദരാജമുതലിയാരും തുടങ്ങി ഇങ്ങേ അറ്റം ദാവൂദ് ഇബ്രാഹിമിന്റേയും ഛോട്ടാഷക്കീലിന്റെയും വിഹാര രംഗമായ മുംബൈ. പ്രഗല്‍ഭരായ ഐ.ജി. ജൂലിയോ റീബൈറോയുടേയും വൈ.സി. പവാറിന്റെയും ശിവാനന്ദന്റേയും മറ്റ് അനേകം പൊലീസ് ഓഫീസര്‍മാരുടേയും നിസ്വാര്‍ത്ഥ സേവനമുണ്ടായിരുന്നിട്ടുകൂടി മഹാനഗം ഇപ്പോഴും അധോലോകത്തിന്റെ നിഴലില്‍നിന്നു വിട്ടുമാറിയോ? അറിഞ്ഞുകൂടാ.
മഹാനഗരത്തിന്റെ രാത്രികള്‍ക്ക്  ഇര വിഴുങ്ങി വിശ്രമിക്കുന്ന ഒരു വിഷസര്‍പ്പത്തിന്റെ ശാന്തതയാണ്. പത്തി മടക്കി വിഷപ്പല്ലുകള്‍ താഴ്ത്തി ഇരയുടെ അവസാന ഹൃദയമിടിപ്പിനു കാതോര്‍ത്തു ധ്യാനനിരതനായി ഇരുട്ടില്‍ പതുങ്ങിക്കിടക്കുമ്പോഴും ഒരു നനുത്ത ഇലയനക്കത്തിനുപോലും ഫണമുയര്‍ത്തിയാടാന്‍ ഒരുങ്ങി കണ്ണുചിമ്മാതെ കാത്തിരിക്കുന്ന ഘോരസര്‍പ്പം.
മുംബൈ ഘടികാര സൂചികള്‍ക്കൊപ്പം നിര്‍ത്താതെ ചലിക്കുന്ന ശരീരങ്ങളുടെ അണമുറിയാത്ത പ്രവാഹം. ഇവിടെ ജീവിതങ്ങള്‍ക്കു കൂട്ടിമുട്ടിക്കാനായി രണ്ടറ്റമില്ല. എവിടെയും പറഞ്ഞുനിര്‍ത്താനുമാകില്ല. നേരിട്ടറിയാന്‍ കഴിയുന്നതിന്റെ എത്രയോ ഇരട്ടിയാണ് ഈ ഗലികള്‍ നമ്മില്‍നിന്നും മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത്. കേട്ടുകേള്‍വിക്കും എത്രയോ കാതം അകലെയാണ് യാഥാര്‍ത്ഥ്യത്തിന്റെ വെടിയൊച്ചകള്‍ മുഴങ്ങുന്നത്!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com