മിസൈലുകള്‍ക്കു താഴെ ഒരു മലയാളി ജീവിതം

സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ ഇറാഖിപട്ടാളം കുവൈത്ത് കീഴടക്കിയപ്പോള്‍ ഒരു മലയാളി നേരിടേണ്ടി വന്ന അനുഭവങ്ങള്‍ 
മിസൈലുകള്‍ക്കു താഴെ ഒരു മലയാളി ജീവിതം

ഇറാഖിന്റെ കുവൈറ്റ് അധിനിവേശകാലത്ത്, കുവൈറ്റ് ഇന്റര്‍നാഷണല്‍ എന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ ഫുഡ് ആന്‍ഡ് ബിവറേജ് കണ്‍ട്രോളര്‍ ആയി ജോലിചെയ്യുകയായിരുന്നു ഞാന്‍. 
1990 ആഗസ്റ്റ് ഒന്ന്, കൃത്യമായി പറഞ്ഞാല്‍ ഇറാഖ് കുവൈറ്റ് പിടിച്ചടക്കുന്നതിനു തലേദിവസം, പോയ മാസത്തെ സ്‌റ്റോക്ക് കണക്കുകളുമായി പതിവു തിരക്കിലായിരുന്നു. ടെലിഫോണില്‍ ജനറല്‍ മാനേജര്‍ സൈമണ്‍, ''വേഗം എന്റെ ഓഫീസിലേയ്ക്കുവരൂ...' ചെന്നപാടെ ഇപ്പോഴുള്ള സ്‌റ്റോക്ക് എത്രയുണ്ടെന്നു ചോദ്യം. സൈമണ്‍ വളരെ അസ്വസ്ഥനായി കാണപ്പെട്ടു. വരുന്ന മാസങ്ങളില്‍ തിരക്കു കുറവാകുമെന്നതിനാല്‍ സ്‌റ്റോക്ക് കുറവാണെന്നുള്ള മറുപടി അദ്ദേഹത്തെ ക്ഷുഭിതനാക്കി. നീ പോയി കൂടുതല്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യൂ.  വിവിധ തരത്തിലുള്ള ആയിരത്തില്‍ കൂടുതല്‍ സാധനങ്ങള്‍ സ്‌റ്റോക്ക് ലിസ്റ്റിലുണ്ട്. ഏത് ഓര്‍ഡര്‍ ചെയ്യണം. എത്ര ഓര്‍ഡര്‍ ചെയ്യണം എന്നൊന്നും പറയാതെ എന്താണിങ്ങനെ സംസാരിക്കുന്നത്? ഞാന്‍ ചോദിച്ചു, സൈമണ്‍ എന്താണ് ഓര്‍ഡര്‍ ചെയ്യേണ്ടത്. സൈമണ്‍ വളരെ അക്ഷമനായി എന്റെ തോളത്തു കൈവച്ചു. അജയ്, ഇറാഖ് ഇന്ന് കുവൈറ്റ് പിടിച്ചെടുക്കും. നാളെ നമ്മള്‍ ഉണരുന്നത് ഇറാഖിലായിരിക്കും. ഒരു യുദ്ധമുണ്ടായാല്‍ ഭക്ഷണസാധനങ്ങള്‍ക്കു ക്ഷാമം നേരിടും. ഹോട്ടലിലെ താമസക്കാരും ജോലിക്കാരുമുള്‍പ്പെടെ ഏകദേശം 800-ല്‍ അധികമില്ലേ? രക്ഷപ്പെട്ടാല്‍ പട്ടിണിയില്ലാതെ കുറച്ചുനാളെങ്കിലും കഴിയാന്‍ എന്തെങ്കിലുമൊക്കെ സ്‌റ്റോക്ക് ചെയ്യൂ. കേള്‍ക്കുന്നതു സ്വപ്നമോ യാഥാര്‍ത്ഥ്യമോ, എന്തു പറയണമെന്നറിയാതെ പകച്ചുപോയി.

സദ്ദാം ഹുസൈന്‍ ഇറാക്ക്- കുവൈറ്റ് യുദ്ധകാലത്ത് മുന്നണിയില്‍
സദ്ദാം ഹുസൈന്‍ ഇറാക്ക്- കുവൈറ്റ് യുദ്ധകാലത്ത് മുന്നണിയില്‍


ഇറാഖും കുവൈറ്റും അത്ര സ്വരച്ചേര്‍ച്ചയില്‍ അല്ലെന്ന ചില വാര്‍ത്തകള്‍ അക്കാലത്തു വളരെ വിശ്വസനീയമായ കോണില്‍നിന്നും കേട്ടിരുന്നെങ്കിലും പെട്ടെന്നൊരു അധിനിവേശത്തിലേയ്ക്കതു നയിക്കുമെന്നു ചിന്തിച്ചിരുന്നില്ല. ഞങ്ങളുടെ ഹോട്ടലിന്റെ തൊട്ടപ്പുറത്താണ് അമേരിക്കന്‍ എംബസ്സി പ്രവര്‍ത്തിക്കുന്നത്. എംബസ്സിയിലെ വി.ഐ.പികള്‍ക്കായി ഹോട്ടലില്‍ ഒരു ഫേ്‌ളാര്‍ എല്ലായ്‌പോഴും ഒഴിച്ചിട്ടിട്ടുണ്ട്. അമേരിക്കന്‍ എംബസ്സിയുമായുള്ള അടുപ്പം കാരണം ജനറല്‍ മാേനജര്‍ക്ക് ഇറാഖ് ആക്രമണത്തെക്കുറിച്ചുള്ള ചില രഹസ്യ വിവരങ്ങള്‍ എംബസ്സിയില്‍നിന്നും അറിയാന്‍ കഴിഞ്ഞു. ഞാന്‍ എന്റെ ഓഫീസില്‍ തിരികെ എത്തി വാങ്ങിക്കേണ്ട സാധനങ്ങളുടെ പട്ടിക തയ്യാറാക്കി പര്‍ച്ചേസ് ഓഫീസില്‍ എത്തിച്ചെങ്കിലും പര്‍ച്ചേസ് മാനേജര്‍ ഓഫീസില്‍ എത്താന്‍ വൈകിയതിനാല്‍ സ്ഥിരമായി മേടിക്കുന്ന കമ്പനികള്‍ക്കു ഞാന്‍തന്നെ ഓര്‍ഡര്‍ കൊടുത്തു. പൊതുവേ ഹോട്ടലില്‍ ആരും തന്നെ ഈ അടിയന്തര സാഹചര്യം കൃത്യമായി അറിഞ്ഞിരുന്നില്ലെങ്കിലും എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്ന ആകാംക്ഷയും ഭയവും എല്ലാവരിലും കാണാമായിരുന്നു.
സാധാരണ അഞ്ചുമണിക്കു പോകാറുള്ള ഞാന്‍ അന്നു വളരെ വൈകിയാണ് മുറിയിലെത്തിയത്. കുളി കഴിഞ്ഞു ഉറങ്ങാന്‍ കിടന്നു. യുദ്ധങ്ങളും യുദ്ധക്കെടുതികളും സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ഞാന്‍ ഇതാ നേരിട്ടു കാണാന്‍ പോകുന്നു. ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിച്ചു കീഴടക്കുകയോ? വിശ്വസിക്കാന്‍ പ്രയാസം. നാളെ ഞാന്‍ ഉണ്ടാകുമോ. അമ്മയും അച്ഛനും സഹോദരങ്ങളും എനിക്കുവേണ്ടി കല്യാണം നിശ്ചയിച്ച പെണ്ണും എന്റെ നാടും എല്ലാം ഓര്‍മ്മയില്‍ ഒരു നിമിഷം കടന്നുപോയി. ജോലിക്ഷീണവും ഭയവും കാരണം തളര്‍ന്നുറങ്ങിപ്പോയി. കുവൈറ്റ് ഓയില്‍ കമ്പനി കത്തിപ്പടരുന്നു. പ്രാണരക്ഷാര്‍ത്ഥം ജനങ്ങള്‍ അലമുറയിട്ട് ഓടുന്നു. അച്ഛന്‍ എന്നെ തട്ടി വിളിച്ചു. എണീറ്റു രക്ഷപ്പെടെടാ. നീ എന്തെ മൂടിപ്പുതച്ചു കിടന്നുറങ്ങുന്നു. ഞെട്ടി ഉണര്‍ന്നു. ഞാന്‍, കണ്ടതെല്ലാം സ്വപ്നമാണെന്നു മനസ്സിലാക്കാന്‍ അല്പ സമയമെടുത്തു. യുദ്ധ വിമാനം താഴ്ന്നു പറക്കുന്ന ശബ്ദം. എവിടെയൊക്കെയോ ബോംബ് വീഴുന്നപോലെ തോന്നി. ഉദ്ദേശ്യം രണ്ടു മണി കഴിഞ്ഞുകാണും. പിന്നെ ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിച്ചു.
ഏഴരയ്ക്കുള്ള സ്റ്റാഫ് ബസില്‍, ഞങ്ങള്‍ ഏകദേശം മുപ്പതു പേരുണ്ട്. എല്ലാവരിലും എന്തൊക്കെയോ ഉത്ക്കണ്ഠ നിഴലിച്ചിരുന്നു. താമസസ്ഥലത്തുനിന്ന് ആറേഴ് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഹോട്ടലില്‍ എത്തും. പ്രധാന റോഡില്‍ കടന്നപ്പോള്‍ പതിവിലും വലിയ തിരക്ക് അനുഭവപ്പെട്ടു. വണ്ടി മുന്‍പോട്ടു പോകാന്‍ സാധിക്കാത്ത വിധത്തിലായി. റോഡില്‍ അങ്ങിങ്ങായി കണ്ട പട്ടാളവാഹനങ്ങളില്‍ ഇറാഖിന്റെ കൊടി പാറുന്നതായി കണ്ടു. ഞങ്ങള്‍ ശരിക്കും ഭയന്നുവിറച്ചു. ഏതാനും നിമിഷത്തിനകം തോക്കേന്തിയ പട്ടാളം വാഹനത്തില്‍ കടന്നു ഞങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചു കുവൈറ്റികള്‍ അല്ലെന്ന് ഉറപ്പു വരുത്തി. ഇറാഖ് കുവൈറ്റ് പിടിച്ചെടുത്തുവെന്നും ഈ നിമിഷം മുതല്‍ നിങ്ങള്‍ ഇറാഖിലാണെന്നും സദ്ദാം ഹുസൈ്‌സന്‍ ആണ് നിങ്ങളുടെ ഭരണാധികാരിയെന്നും ഉപദേശിച്ചു വാഹനം പോകാന്‍ അനുവദിച്ചു.

ദാരുണാന്ത്യം
ദാരുണാന്ത്യം


ഹോട്ടലില്‍ എത്തിയപ്പോഴാണ് കാര്യങ്ങള്‍ കൃത്യമായി അറിയുന്നത്. തലേ ദിവസം രാത്രിയില്‍ത്തന്നെ ഇറാഖ് കുവൈറ്റ് പിടിച്ചെടുത്തു കഴിഞ്ഞിരുന്നു. ഞാന്‍ രാത്രിയില്‍ കണ്ട സ്വപ്നങ്ങളും കേട്ട വെടിയൊച്ചകളും കുറെയൊക്കെ ശരിയായിരുന്നു. സ്വപ്നങ്ങള്‍ ചിലപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്ന നിമിഷങ്ങള്‍.
അങ്ങനെ കുവൈറ്റില്‍ ഉറങ്ങിയ ഞങ്ങള്‍ ഇറാഖില്‍ ഉണര്‍ന്ന ദിവസം, 1990 ആഗസ്റ്റ് രണ്ട് ഇറാഖ് കുവൈറ്റ് പിടിച്ചെടുത്തു. ഇറാഖ് അധിനിവേശം വരുത്തിവച്ച നാശനഷ്ടങ്ങള്‍ പറഞ്ഞറിയിക്കാന്‍ പ്രയാസം. കുവൈറ്റിലകപ്പെട്ട പ്രവാസികളും സ്വദേശികളും ഭക്ഷണവും വെള്ളവും പോലും കിട്ടാതെ വലഞ്ഞ ദിവസങ്ങള്‍. ആഗസ്റ്റ് മാസത്തിലെ കൊടുംചൂടില്‍ എ.സി., ഫാന്‍ ഒന്നുമില്ലാതെ കഴിയേണ്ടിവന്ന, പിഞ്ചുകുഞ്ഞുങ്ങള്‍, രോഗബാധിതര്‍ തുടങ്ങിയവര്‍ അനുഭവിച്ച നരകയാതന, പ്രവാസികള്‍ നേരിടേണ്ടിവന്ന സാമ്പത്തിക തകര്‍ച്ച ഇതെല്ലാം ഓര്‍ക്കുമ്പോള്‍ പല നിലപാടുകളും തിരുത്തേണ്ടിവരും.
അധിനിവേശത്തിന്റെ മൂന്നാം നാള്‍ ഞാന്‍ ജോലി ചെയ്തിരുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ ഇറാഖി പട്ടാളത്തിന്റെ അധീനതയിലായി. ഇറാഖിലെ ബാങ്ക് ഗവര്‍ണര്‍, കുവൈറ്റ് അധിനിവേശത്തിന്റെ ചുമതലയിലുള്ള പട്ടാളമേധാവി തുടങ്ങിയവരുടെ ഓഫീസ് ഞങ്ങളുടെ ഹോട്ടലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഞങ്ങള്‍ ഏകദേശം പകുതിയില്‍ കൂടുതല്‍ ജീവനക്കാര്‍ ഇവര്‍ക്കുവേണ്ടി ജോലി ചെയ്യേണ്ടിവന്നു. ദിവസങ്ങള്‍ കഴിഞ്ഞു. ഭക്ഷണസാധനങ്ങള്‍ പ്രത്യേകിച്ചു പച്ചക്കറികള്‍ പാടെ തീര്‍ന്നെന്നു മനസ്സിലാക്കിയ പട്ടാളമേധാവി ഇറാഖില്‍നിന്നും പച്ചക്കറി മേടിക്കാന്‍ ആവശ്യപ്പെട്ടു.
പോകാതെ നിവൃത്തിയില്ല, പര്‍ച്ചേസ് മാനേജര്‍ പലസ്തീനി, ഇറാഖ് കയറിയ ദിവസം തന്നെ മുങ്ങി, അയാളുടെ അസിസ്റ്റന്റ്, ഗോവക്കാരന്‍ ഇഗ്നേഷ്യസിന് ഈ ദൗത്യം മനസ്സില്ലാ മനസ്സോടെ ഏറ്റെടുക്കേണ്ടിവന്നു. പര്‍ച്ചേസ് വകുപ്പും എന്റെ വകുപ്പും പരസ്പരപൂരകങ്ങളായി ജോലി ചെയ്യുന്നതിനാല്‍ ഇഗ്നേഷ്യസിനൊപ്പം ഞാനും കൂടി. കൂട്ടത്തില്‍ ഒരു ധൈര്യത്തിനു പേഴ്‌സണല്‍ ഓഫീസര്‍ ഞങ്ങളുടെ സുഹൃത്ത് ഗോവക്കാരന്‍ മെല്‍വിനേയും കൂട്ടി, അങ്ങനെ ഒരുകെട്ട് ഇറാഖി നോട്ടും യാത്രയില്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഇറാഖി ജനറലിന്റെ ഓഫീസില്‍നിന്നും തന്ന കത്തും ബസ്രയിലെ പച്ചക്കറി ചന്തയില്‍ എത്താനുള്ള റോഡ് മാപ്പുമായി ഞങ്ങള്‍ ഹോട്ടലിന്റെ ബാന്‍ക്വറ്റ് വാഹനത്തില്‍ ഇറാഖിലേക്കു തിരിച്ചു.

വഴിതെറ്റി 
ദുരിതപ്പാടത്ത്

രണ്ടാംലോക മഹായുദ്ധത്തിന്റെ സിനിമ കാണുന്ന പ്രതീതി. ഇറാഖ് കുവൈറ്റ് ഹൈവേയില്‍ പട്ടാള വാഹനങ്ങള്‍ മാത്രം. ഇറാഖ് അതിക്രമിച്ചു കയറിയ ദിവസം ചില സ്ഥലങ്ങളില്‍ കുവൈറ്റ് പട്ടാളം നടത്തിയ ചെറുത്തുനില്പിന്റെ അവശിഷ്ടങ്ങള്‍. അവിടവിടെയായി കത്തിക്കരിഞ്ഞ പട്ടാള വാഹനങ്ങളും യുദ്ധ ടാങ്കുകളും മൃതദേഹങ്ങളും കാണാം. യുദ്ധക്കെടുതിയുടെ നേര്‍ക്കാഴ്ചകള്‍ ഞങ്ങളില്‍ ഭയപ്പാടുണ്ടാക്കി.
സന്ധ്യയോടെ ഞങ്ങള്‍ ഇറാഖിലെ ബസ്രയിലെത്തി. ഇറാഖ് കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായ യൂഫ്രട്ടീസ്, ടൈഗ്രിസ് നദികള്‍ ഒന്നിച്ചു ചേരുന്ന ഛട്ട് അല്‍ അറബ് കടല്‍ത്തീരത്തുള്ള മനോഹരമായ നഗരമാണ് ബസ്ര. കുവൈറ്റ്, ഇറാന്‍ തീരങ്ങള്‍ വളരെ അടുത്തായി സ്ഥിതിചെയ്യുന്നു. ബസ്ര നഗരത്തിലൂടെ ഒഴുകുന്ന യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ കൈവഴികളുടെ, ഇരുവശങ്ങളിലുമുള്ള പാര്‍പ്പിട വാണിജ്യ സ്ഥാപനങ്ങള്‍, ലണ്ടന്‍ നഗരത്തിനുസമാനമാണെന്നു തോന്നിപ്പിക്കുമെങ്കിലും റോഡിലെല്ലാം പഴയ വാഹനങ്ങള്‍ മാത്രം, പലതും തട്ടിക്കൂട്ടി പെയിന്റ് അടിച്ചതാണെന്നു തോന്നുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ സഹകരണത്തില്‍ തീര്‍ത്ത ലോക്കല്‍ ട്രെയിനുകളും റെയില്‍വേ സ്‌റ്റേഷനും പരിസരവും ബോംബെയിലെ ചേരികളെ ഓര്‍മ്മിപ്പിച്ചു. തിരക്കൊഴിഞ്ഞ, ചെറുകടകളും വില്‍പ്പനശാലകളും ഇറാഖിലെ ദാരിദ്ര്യം വിളിച്ചു പറയുന്നുണ്ടായിരുന്നു. വൃത്തി ഹീനമായ റെസ്‌റ്റോറന്റുകളില്‍, ഗോതമ്പിന്റെ റൊട്ടിയും ആട്ടിറച്ചിയുടെ കെബാബും സുലഭമായി കിട്ടും. വലിയ വിലക്കൂടുതല്‍ ഇല്ല. യുദ്ധക്കെടുതി, രാജ്യത്തു ഗോതമ്പ് കൃഷിക്കും ആട് വളര്‍ത്തലിനും ഒരു കുറവും വരുത്തിയിട്ടില്ല. കുടിക്കുന്ന വെള്ളത്തിനു ചെറിയ ഉപ്പുരസം. ഒരു കുപ്പി കോളയെക്കാളും വിലക്കുറവില്‍ ബിയര്‍ കിട്ടും. നഗരത്തില്‍ എവിടെയും മദ്യശാലകളും നിശാക്‌ളബ്ബുകളും. 

ഇറാഖ് യുദ്ധക്കാലത്ത് തകര്‍ന്നടിഞ്ഞ കുവൈറ്റിലെ നഗരവീഥികള്‍
ഇറാഖ് യുദ്ധക്കാലത്ത് തകര്‍ന്നടിഞ്ഞ കുവൈറ്റിലെ നഗരവീഥികള്‍


കാലങ്ങളായുള്ള യുദ്ധം മനോഹരമായ ഈ നഗരത്തെ ഒരു പ്രേതനഗരമാക്കി. എവിടെ നോക്കിയാലും പട്ടാളക്കാര്‍ മാത്രം. ഇടയ്ക്കിടെ വെടിയൊച്ച കേള്‍ക്കാം. അല്പം മദ്യപിച്ചാല്‍ ധൈര്യം കിട്ടുമല്ലോ എന്ന നാട്ടുവിശ്വാസത്തില്‍ ഞങ്ങള്‍ കടല്‍ത്തീരത്തിനടുത്തുള്ള ഒരു ബാറില്‍കയറി. 
ഞങ്ങളിരുന്ന ഹോട്ടലില്‍നിന്നും പച്ചക്കറിചന്തയിലേയ്ക്ക് ഏകദേശം അരമണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്താവുന്ന ദൂരം മാത്രം. ഞങ്ങള്‍ അവിടേയ്ക്കു തിരിച്ചു. മാപ്പ് നോക്കി ഏതു ദേവലോകത്തും എത്തുമെന്ന്, പറഞ്ഞിരുന്ന ഇഗ്നേഷ്യസിനു വഴി തെറ്റി. വണ്ടി എങ്ങോട്ടോ പൊയ്‌ക്കൊണ്ടിരുന്നു.
വിജനമായ വഴി, തെരുവ് വിളക്കുകള്‍ പോയിട്ട് മിന്നാമിനുങ്ങിന്റെ വെളിച്ചം പോലുമില്ല. കൂരിരുട്ട്, നായ്ക്കളോ, അതോ ചെന്നായ്ക്കളോ വണ്ടിയുടെ ഹെഡ് ലൈറ്റില്‍ തിളങ്ങുന്ന കണ്ണുകള്‍ മാത്രം കാണാം. കുറേ ദൂരം പിന്നിട്ട ശേഷം വണ്ടി നിര്‍ത്തി. രണ്ടുവശവും ഗോതമ്പ് പാടം. അതിനു നടുവിലൂടെയുള്ള ഒരു ചെറിയ വഴിയില്‍ക്കൂടിയാണ് യാത്രയെന്നു മനസ്സിലായി. വന്ന വഴിയെ തിരികെ പോകാന്‍ തീരുമാനിച്ചെങ്കിലും ഞങ്ങളുടെ വലിയ വാഹനം ഇടുങ്ങിയ റോഡിലിട്ടു തിരിച്ചാല്‍ മറിയുമെന്ന ഭയത്തില്‍ ശ്രമം ഉപേക്ഷിച്ചു. വാഹനം പിന്നെയും മുന്‍പോട്ടു പൊയ്‌ക്കൊണ്ടിരുന്നു.
കുറേ ദൂരം പിന്നിട്ടപ്പോള്‍ എവിടെനിന്നോ ഒരു വാഹനം ശരവേഗത്തില്‍ എത്തി ഞങ്ങളുടെ വണ്ടിക്കു മുന്നില്‍ നിര്‍ത്തി. ഇഗ്നേഷ്യസ് സര്‍വ്വശക്തിയും ഉപയോഗിച്ചു ബ്രേക്ക് ചവിട്ടിയതുകൊണ്ട് ഇടി ഒഴിവായി. ഞങ്ങളുടെ തല ഗഌസ്സില്‍ ഇടിച്ചു. നിമിഷനേരത്തില്‍ വാഹനത്തില്‍നിന്നും ചാടിയിറങ്ങിയവര്‍ തോക്കുചൂണ്ടി ഞങ്ങളുടെ വാഹനം വളഞ്ഞു. വാഹനങ്ങള്‍ ചവിട്ടി നിര്‍ത്തിയപ്പോള്‍ ഉണ്ടായ പൊടിപടലത്തില്‍ ഒന്നും വ്യക്തമായി കാണുന്നില്ല. ഹാന്‍ഡ്‌സ് അപ്പ്! ഒരലര്‍ച്ച. ഡോണ്‍ട് മൂവ്! കൈകള്‍ ഉയര്‍ത്തി വാഹനത്തിലിരുന്നു. ഞങ്ങള്‍ പരസ്പരം ഒന്നു നോക്കാന്‍ പോലും ഭയന്നു.
എന്താണ് സംഭവിക്കുന്നതെന്നു വ്യക്തമായില്ലെങ്കിലും വാഹനത്തിന്റെ പിന്നിലെ ഡോര്‍ തല്ലിപ്പൊളിക്കുന്നതായി തോന്നി. വാഹനത്തിനടിയില്‍ എന്തൊക്കെയോ തട്ടുന്നതും മുട്ടുന്നതും കേള്‍ക്കാം. മുന്നില്‍ നിര്‍ത്തിയതു പട്ടാളവാഹനമാണെന്നും ചുറ്റിനും തോക്കുചൂണ്ടി നില്‍ക്കുന്നതു പട്ടാളക്കാരനാണെന്നും മനസ്സിലായി. ഭയന്നുവിറച്ചുപോയി.
ഏതാനും നിമിഷം കഴിഞ്ഞു, അവര്‍ ഡോറ് തുറന്നു ഞങ്ങളെ പുറത്തിറക്കി. കൈകള്‍ ഉയര്‍ത്തി ഞങ്ങളെ വാഹനത്തില്‍ ചാരിനിര്‍ത്തി. മിഷ്യന്‍ഗണ്‍ ഞങ്ങളുടെ നെഞ്ചത്തു ചൂണ്ടി ഒരു ശത്രുവിനെ മുന്നില്‍ കണ്ട യോദ്ധാവിന്റെ ശൗര്യത്തോടെയുള്ള പട്ടാളത്തിന്റെ ജ്വലിക്കുന്ന കണ്ണുകള്‍. കൈവിരല്‍ ഒന്നു ചലിച്ചാല്‍, ഇറാഖി യുദ്ധകാലത്തു കാണാതായ അനേകം ഇന്ത്യക്കാരില്‍ മറ്റു മൂന്നു പേരുകള്‍ കൂടി ചേര്‍ക്കപ്പെടുമായിരുന്നു.
വാഹന, ദേഹപരിശോധന കഴിഞ്ഞ പട്ടാളം, ഞങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. കുവൈറ്റിലെ ഇറാഖി ജനറലിന്റെ ആവശ്യപ്രകാരം പഴങ്ങളും പച്ചക്കറികളും മേടിക്കാന്‍ വന്നതാണെന്നും അദ്ദേഹത്തിന്റെ ഓഫീസില്‍നിന്നും തന്ന യാത്രാരേഖകളും റോഡ് മാപ്പും പണവുമെല്ലാം വണ്ടിയുടെ ഡാഷ് ബോര്‍ഡിലുണ്ടെന്നും ഞാന്‍ പറഞ്ഞു.
പട്ടാളക്കാര്‍ ഡാഷ് ബോര്‍ഡ് തപ്പി, ഭാഗ്യദോഷം, പണം മാത്രം കിട്ടി. പക്ഷേ, മറ്റു രേഖകള്‍ കിട്ടിയില്ല. അവര്‍ സംശയത്തോടെ ഞങ്ങളെ രൂക്ഷമായി നോക്കി. ഈ സമയമെല്ലാം ഞങ്ങള്‍ കൈകള്‍ ഉയര്‍ത്തി നില്‍ക്കുകയാണ്. ഭയന്നും കൈകാല്‍ കഴച്ചും ഞങ്ങള്‍ വലിയ വായില്‍ നിലവിളിച്ചു. സാര്‍ എഴുത്തുണ്ടായിരുന്നു. വാഹന പരിശോധനയില്‍ പട്ടാളക്കാര്‍ അകത്തിരുന്ന പലതും നിലത്തെറിയുന്നതു ഞങ്ങള്‍ കണ്ടിരുന്നു. ഒരുപക്ഷേ, നിലത്തു വീണതായിരിക്കാം-ഞങ്ങള്‍ കേണപേക്ഷിച്ചു. പട്ടാള യൂണിഫോമിലായാലും അലിയുന്ന ഒരു ഹൃദയമുണ്ടാകുമല്ലോ? അവരും മനുഷ്യരല്ലേ. സേര്‍ച്ച് ലൈറ്റ് തെളിയിച്ച് അവര്‍ നിലത്തുനിന്നും എഴുത്തും മാപ്പും തപ്പിയെടുത്തു വായിക്കുമ്പോള്‍ അവരുടെ മുഖം ശാന്തമാകുന്നതു കാണാമായിരുന്നു.
കൈകള്‍ താഴ്ത്തൂ... നിങ്ങള്‍ ശത്രുക്കളല്ലെന്നു മനസ്സിലായി. പട്ടാള ഓഫീസര്‍ വളരെ സൗമ്യനായി ഞങ്ങളുടെ തോളത്തു തട്ടി. മരിച്ചവര്‍ തിരിച്ചുവരുമെന്ന മുത്തശ്ശി കഥ യാഥാര്‍ത്ഥ്യമായ സന്തോഷം. ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. പട്ടാളത്തിനു നന്ദി പറഞ്ഞു ആശ്‌ളേഷിച്ചു. ഞങ്ങള്‍ യാത്ര ചെയ്തിരുന്നത് ഇറാഖി പട്ടാളത്തിന്റെ തന്ത്രപ്രധാനമായ സ്ഥലത്തുകൂടെ ആയിരുന്നെന്നും ആക്രമണം നടത്താന്‍ നുഴഞ്ഞുകയറിയ കുവൈറ്റികള്‍ ആയിരിക്കാമെന്ന സംശയത്തിലാണ് ഞങ്ങളെ പിടികൂടിയതെന്ന് അവര്‍ പറഞ്ഞു. പരസ്പരം ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചു. ''അമിതാബ് ബച്ചന്‍ കൈസാ ഹേ?' ഇന്ത്യയെയും ഇന്ത്യന്‍ സിനിമയെയും സ്‌നേഹിക്കുന്ന ഇറാഖികളുടെ സന്തോഷത്തോടെയുള്ള ചോദ്യം. അതുവരെ ഇംഗ്‌ളീഷില്‍ ആശയവിനിമയം ചെയ്തിരുന്ന ഇഗ്നേഷ്യസ് സംസാരം അറബിയിലേക്കു മാറ്റി. അതും നല്ല ഒന്നാന്തരം കുവൈറ്റി അറബിയില്‍ ഇഗ്നേഷ്യസ് അമിതാബ് ബച്ചനെ വര്‍ണ്ണിച്ചു. ഒരു നിമിഷം...
അതുവരെ ഒരു സുഹൃത്തിനെപ്പോലെ ചിരിച്ചുസംസാരിച്ചുനിന്ന പട്ടാള ഓഫീസറുടെ മുഖം കറുത്തു. ഇഗ്നേഷ്യസിന്റെ കോളറില്‍ ബലമായി പിടിച്ചു. റിവോള്‍വര്‍ നെറ്റിക്കു നേരെ ചൂണ്ടി. ''ഹു ആര്‍ യു?' സ്തബ്ധരായിപ്പോയി ഞങ്ങള്‍. തിരിച്ചു കിട്ടിയ ജീവന്‍ പറന്നുപോയ പ്രതീതി. പട്ടാള ഓഫീസര്‍ അലറി. നീ കുവൈറ്റി? അല്ല സാര്‍. ഞാന്‍ ഇന്ത്യനാണ്. പിന്നെ നീ എങ്ങനെ കുവൈറ്റികള്‍ സംസാരിക്കും പോലെ അറബി കൃത്യമായി സംസാരിക്കുന്നു. നീ കള്ളം പറയുകയാണ്. ഇഗ്നേഷ്യസ് എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു. കഴുത്തു മുറുകിയ അസ്വസ്ഥതയും തലയ്ക്കു നേരെയുള്ള തോക്കും. ഇഗ്നേഷ്യസിന്റെ വാക്കുകള്‍ മുറിഞ്ഞുപോയി. സാര്‍ അയാളുടെ അമ്മ കുവൈറ്റില്‍ വീട്ടുജോലിക്കാരി ആയിരുന്നു. അച്ഛന്‍ വീട്ടിലെ ഡ്രൈവറും. കുവൈറ്റി വീട്ടില്‍ ജനിച്ചു ജീവിച്ച ഇയാള്‍ക്ക് കുവൈറ്റി ഭാഷ നല്ല വശമാണ്. ഞാന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു. പട്ടാള ഓഫീസര്‍ അല്പം ശാന്തനായി. ഒരിക്കല്‍ കൂടി ഞങ്ങളുടെ രേഖകള്‍ (സിവില്‍ ഐഡി കാര്‍ഡ്) പരിശോധിച്ചു വ്യാജമല്ലെന്ന് ഉറപ്പു വരുത്തി. 
ഇറാഖ് കുവൈറ്റില്‍ അതിക്രമിച്ചു കയറിയ ദിവസം മുതല്‍ കുവൈറ്റികളെ സംശയാസ്പദമായി കണ്ടാല്‍ വെടിവച്ചു കൊല്ലുന്നതും ക്രൂരമായി ഉപദ്രവിക്കുന്നതും ഇറാഖി പട്ടാളത്തിന്റെ വിനോദമായിരുന്നു. ഇതില്‍നിന്നും രക്ഷനേടാന്‍ കുവൈറ്റികള്‍ പരമ്പരാഗത വസ്ത്രം ഉപേക്ഷിച്ചു പാന്റും ഷര്‍ട്ടും ധരിച്ചു ഇന്ത്യാക്കാരുടെയോ പാകിസ്താനികളുടെയോ പേരില്‍ (സിവില്‍ ഐഡി കാര്‍ഡ്) കുവൈറ്റിലെ തിരിച്ചറിയല്‍ രേഖയുണ്ടാക്കുന്നതായി ഇറാഖി പട്ടാളം ഇതിനോടകം മനസ്സിലാക്കിയിരുന്നു. ഇഗ്നേഷ്യസിന്റെ കുവൈറ്റി അറബിഭാഷ മൂലം അയാളെ ഒരു കുവൈറ്റി പൗരനായി സംശയിച്ചതു സ്വാഭാവികം.
പിന്നെയും ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെ സംസാരം തുടര്‍ന്നു. ഇറാഖി പട്ടാളം ഞങ്ങളുടെ വഴികാട്ടിയായി. ഏകദേശം ഒരു മണിക്കൂറോളമുള്ള യാത്ര. ഞങ്ങളെ അവര്‍ പച്ചക്കറിച്ചന്ത വരെ അനുഗമിച്ചു. കുറേ കച്ചവടക്കാരെ പട്ടാള അധികാരത്തില്‍ പരിചയപ്പെടുത്തി പരസ്പരം ആശ്‌ളേഷിച്ചു പിരിഞ്ഞു.
ചുറ്റിനും പനയോലയിലും തടിയിലും തീര്‍ത്ത ചെറുതും വലുതുമായ ഷെഡ്ഡുകളില്‍ വലിയ കച്ചവടക്കാര്‍, നടുവില്‍ വിസ്തൃതമായ സ്ഥലത്തു ചെറിയ ചെറിയ വില്‍പ്പനക്കാര്‍. എല്ലാം കൊണ്ടും കേരളത്തിലെ പഴയകാലത്തെ ഗ്രാമചന്തകളെ ഓര്‍മ്മിപ്പിക്കുമെങ്കിലും വൃത്തിയും വെടിപ്പുമില്ലാത്ത അന്തരീക്ഷം മടുപ്പുളവാക്കി. സാധനങ്ങള്‍ ചുമക്കാന്‍ ചന്തയിലെ കുട്ടികള്‍ പരസ്പരം മത്സരിച്ചു. കുറേ തക്കാളി, ഏറിയാല്‍ അഞ്ചാറു കിലോ കാണും. ചെളിനിറഞ്ഞ സ്ഥലത്ത് ഒരു ചാക്കില്‍ കൂട്ടിയിട്ടിരിക്കുന്നു. മക്കളേ നിങ്ങള്‍ ഇതു മേടിക്കൂ.  യുദ്ധം വരുത്തിവച്ച ദാരിദ്ര്യം ഈ വൃദ്ധയുടെ മുഖത്തു കാണാം. കണ്ണുകള്‍ നിറഞ്ഞുപോയി. വില ചോദിക്കാതെ കുറേ പൈസ കൊടുത്തു തക്കാളി മുഴുവന്‍ മേടിച്ചു. ഏകദേശം ഉച്ചയോടെ ഞങ്ങള്‍ കുവൈറ്റില്‍ തിരികെയെത്തി.

കണ്‍മുന്നില്‍ തകര്‍ന്ന മന്ദിരങ്ങള്‍
ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു. ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാത്ത നാളുകള്‍, രാജ്യത്ത് എന്തു സംഭവിക്കുന്നു എന്നറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. ഇറാഖില്‍നിന്നു ദിവസവും ആയിരക്കണക്കിനു സാധാരണ ജനങ്ങള്‍, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുവൈറ്റില്‍ എത്തിക്കൊണ്ടിരുന്നു. കുവൈറ്റിലെ ആഡംബര സൗകര്യങ്ങള്‍ അവരെ ഭ്രാന്തുപിടിപ്പിച്ചു. ഫ്‌ളാറ്റുകള്‍ തോറും കയറി ഇറങ്ങി കണ്ണില്‍ കണ്ടതെല്ലാം കൊള്ളയടിച്ചു. ഉപയോഗിച്ച തുണികളും എന്തിന് അടിവസ്ത്രങ്ങള്‍പോലും അവര്‍ക്കു വേണം. ഒരു ദശാബ്ദത്തിലധികം നീണ്ടുനിന്ന ഇറാന്‍-ഇറാഖ് യുദ്ധം വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഇരകള്‍. ക്രമസമാധാനം പാടേ തകര്‍ന്നു. പരാതിയുമായി പൊലീസ് സ്‌റ്റേഷനില്‍ ചെന്നാല്‍, പ്രതിയെ നിങ്ങള്‍ പിടിച്ചുകൊണ്ടുവരൂ എന്നു പറയുന്ന ഇറാഖി പട്ടാളക്കാര്‍.
എംബസ്സിയില്‍നിന്നും കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല. വല്ലപ്പോഴും കിട്ടുന്ന സി.എന്‍.എന്‍ വാര്‍ത്താ ചാനല്‍ മാത്രമാണ് അഭയം. അമേരിക്ക ഇറാഖിനെ ആക്രമിക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ കെമിക്കല്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കുവൈറ്റ് ശവപ്പറമ്പായി തീര്‍ക്കുമെന്നുള്ള സദ്ദാം ഹുസ്സൈന്റെ ഭീഷണി ഇടയ്ക്കിടയ്ക്കു സി.എന്‍.എന്‍ കാണിച്ചുകൊണ്ടിരുന്നതു ഞങ്ങളില്‍ ഭയപ്പാടുണ്ടാക്കി. അമേരിക്ക ഇറാഖിനെ ആക്രമിക്കല്ലേ എന്നു ഞങ്ങള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. അന്നൊരു ദിവസം എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഞങ്ങള്‍ കുറേ സുഹൃത്തുക്കള്‍ ഒരുമിച്ചുകൂടി. ഉച്ചഭക്ഷണം കഴിഞ്ഞു സംസാരിച്ചിരുന്ന സമയത്തു കാതടപ്പിക്കുന്ന വെടിയൊച്ച കേട്ടു ഞെട്ടിവിറച്ചു. ഏഴാം നിലയിലായിരുന്നു എന്നാണ് ഓര്‍മ്മ. ജനാലയുടെ ഗ്‌ളാസ് തകര്‍ന്നുവീഴുന്നു. കെട്ടിടം കുലുങ്ങുന്നപോലെ തോന്നി. എവിടെയും പൊടിപടലങ്ങള്‍. അമേരിക്ക കുവൈറ്റിനെ ആക്രമിച്ചു കാണും. സദ്ദാം ഹുസ്സൈന്‍ കുവൈറ്റ് ശവപ്പറമ്പാക്കി തുടങ്ങിയോ. എല്ലാവരും പരിഭ്രാന്തരായി. താഴേയ്ക്ക് ഓടി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ലിഫ്റ്റ് ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹോട്ടല്‍ ട്രെയിനിങ്ങില്‍നിന്നു കിട്ടിയ അനുഭവം. എങ്ങനെയോ ഞങ്ങളെല്ലാം താഴെയെത്തി. വെടിയൊച്ച ക്രമേണ കുറഞ്ഞുവന്നു. തൊട്ടടുത്തുള്ള പള്ളിയില്‍ ഒളിച്ചിരുന്ന് ആക്രമിച്ച കുവൈറ്റികളെ തുരത്താന്‍ പട്ടാളം പള്ളി തകര്‍ത്തതാണ് സംഭവമെന്നറിയാന്‍ കഴിഞ്ഞു.
വിവാഹത്തിനു നാട്ടിലെത്താനുള്ള സര്‍വ്വ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കാത്തിരുന്ന ഞാന്‍ വിവാഹം നടക്കേണ്ട ആഗസ്റ്റ് മാസം കുവൈറ്റില്‍! വിവാഹത്തിനായി വാങ്ങിയ പലതും ഇറാഖി പട്ടാളം കൊണ്ടുപോയി. ഒന്നു രണ്ടു ഉടുതുണികളും സര്‍ട്ടിഫിക്കറ്റുകളും മാത്രം ബാക്കി. ജീവന്‍ ഉണ്ടല്ലോ? സമാധാനം. വിവാഹം മാറ്റിവച്ച വിവരം ക്ഷണിക്കപ്പെട്ടവരെ അറിയിച്ചുകാണും. വിവാഹം ഇനി എന്നുണ്ടാകുമെന്ന് ആരെങ്കിലും ഒരുപക്ഷേ, ചോദിച്ചാല്‍ വീട്ടുകാര്‍ സങ്കടപ്പെട്ടു കാണില്ലേ.  ആ പെണ്‍കുട്ടിയുടെ, അവളുടെ വീട്ടുകാരുടെ മാനസികാവസ്ഥ. വെറുതെ ഇരുന്നപ്പോള്‍ ചിന്തകള്‍ കാടുകയറി.
കുവൈറ്റില്‍നിന്ന് ഇന്ത്യാക്കാരെ ഇറാഖ്, ജോര്‍ദ്ദാന്‍ വഴി ഒഴിപ്പിക്കാന്‍ ഇറാഖ് സമ്മതിച്ചു എന്ന വാര്‍ത്ത സന്തോഷം ഉണ്ടാക്കി. ജോര്‍ദ്ദാന്‍ വരെ റോഡ് വഴി യാത്ര. അവിടെനിന്നും ഫൈ്‌ളറ്റില്‍ ബോംബെയിലോ ഡല്‍ഹിയിലോ എത്തിക്കാനാണ് പരിപാടിയെന്ന് എംബസ്സി വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റവും കുറഞ്ഞതു മുപ്പതു പേരെങ്കിലും അടങ്ങിയ സംഘങ്ങളായാണ് യാത്ര ചെയ്യേണ്ടത്. സംഘത്തിലുള്ളവരുടെ പേരും പാസ്‌പോര്‍ട്ട് നമ്പറും അടങ്ങിയ വിവരം എംബസ്‌സിയില്‍ കൊടുക്കണം. തെലുങ്കരും തമിഴരും അടങ്ങിയ നാല്പതുപേരുള്ള ഞങ്ങളുടെ സംഘത്തില്‍ കൊച്ചുകുട്ടികള്‍ അടക്കം കൂടുതലും മലയാളികളായിരുന്നു.
ഏകദേശം ഉച്ചകഴിഞ്ഞു ഞങ്ങള്‍ പുറപ്പെട്ടു. രാത്രിയില്‍ ഇറാഖില്‍ പലയിടത്തും വാഹനപരിശോധനയുണ്ടായി. സര്‍ക്കാര്‍ അധികൃതരോ, അതോ വല്ല കൊള്ളക്കാരുമാണോ അറിയില്ല. അവര്‍ക്കു വേണ്ടുന്നതൊക്കെ ഞങ്ങളുടെ ബാഗുകളില്‍നിന്നും തപ്പിയെടുത്തു. സ്വര്‍ണ്ണവും വാച്ചും  നഷ്ടപ്പെട്ടു.
പുലര്‍ച്ചെ പത്തുമണിയോടെ ഇറാഖിന്റെ അതിര്‍ത്തിയില്‍ എത്തി. കുവൈറ്റില്‍നിന്നുള്ള യാത്രാ സൗകര്യം അവിടെ തീര്‍ന്നു. ഒരു മനുഷ്യക്കടല്‍ തന്നെ അവിടെയാണ്. കുവൈറ്റില്‍നിന്നും രക്ഷപ്പെട്ടോടിയ എല്ലാ രാജ്യക്കാരും ഇറാഖ് അതിര്‍ത്തി കടക്കാനുള്ള തത്രപ്പാടില്‍. ആഗസ്റ്റ് മാസത്തിലെ കൊടും ചൂടില്‍, ഒരു തണല്‍പോലുമില്ലാതെ, പിഞ്ചുകുഞ്ഞുങ്ങളും ഗര്‍ഭിണികളും രോഗികളും പ്രായം ചെന്നവരും അടക്കം അനുഭവിച്ച യാതനകള്‍ പറഞ്ഞറിയിക്കാന്‍ പ്രയാസം. ഇടയ്ക്കിടയ്ക്ക് ആഞ്ഞുവീശിയ മണല്‍ക്കാറ്റ് കാഴ്ചതന്നെ ദുസ്സഹമാക്കി. 

കത്തിയമര്‍ന്ന എണ്ണപ്പാടങ്ങള്‍
കത്തിയമര്‍ന്ന എണ്ണപ്പാടങ്ങള്‍


കിലോമീറ്ററുകളോളം നീണ്ടുനിന്ന ക്യൂ. എമിഗ്രേഷന്‍ കടമ്പ കടക്കാന്‍ രണ്ടു ദിവസം എങ്കിലും എടുക്കുമെന്നു തോന്നി. സുഹൃത്തിന്റെ രണ്ടു വയസ്സുള്ള കുഞ്ഞ് എന്റെ തോളില്‍ വാവിട്ടു കരയുന്നു. തിരക്കിനിടയില്‍ ഒരു പട്ടാളജീപ്പ് പതുക്കെ വരുന്നതു കണ്ടു. 'സാര്‍ സഹായിക്കൂ' കുട്ടിയുമായി അവരുടെ അടുത്തേയ്ക്ക് എത്തി. ഡോളറോ വീസിയാറോ വല്ലതുമുണ്ടോ, കാക്കിയിട്ടവരുടെ പൊതുസ്വഭാവം ലോകത്തെവിടെയായാലും വലിയ വ്യത്യാസമില്ലല്ലോ. ഒരു വീസിയാറില്‍ എല്ലാം ശുഭം. അയാള്‍ ഞങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ എമിഗ്രേഷന്‍ സ്റ്റാമ്പ് അടിപ്പിച്ചു തിരികെ എത്തിച്ചു. പതിനായിരങ്ങള്‍ അവിടെ നരകയാതന അനുഭവിക്കുമ്പോള്‍ വളഞ്ഞവഴിയില്‍ ഞങ്ങള്‍ രക്ഷപ്പെട്ടു. മനുഷ്യര്‍ അത്യന്തികമായി സ്വാര്‍ത്ഥരല്ലേ.
അങ്ങനെ ഇറാഖിന്റെ അതിര്‍ത്തി കടന്നു. ഇറാഖ്, ജോര്‍ദ്ദാന്‍ അതിര്‍ത്തി- നോ മാന്‍സ് ലാന്‍ഡ് ഏകദേശം അന്‍പത് കിലോമീറ്റര്‍ കൂടുതല്‍ കാണുമെന്നു തോന്നുന്നു. ചില അനധികൃത വാഹനങ്ങള്‍ ഇടയ്ക്കിടെ യാത്രക്കാരെ കയറ്റി ഓടുന്നു. ബാഗുകളും തൂക്കി കുട്ടികളെയും ഒക്കത്താക്കി വൃദ്ധരും സ്ത്രീകളും രോഗികളുമടങ്ങിയ നാനാ ലോക ജനങ്ങള്‍ പ്രതികൂല കാലാവസ്ഥയിലും തളരാതെ പലായനം ചെയ്യുന്നു. കരളലിയിക്കുന്ന കാഴ്ച.

ഇന്ത്യന്‍ അഭയാര്‍ത്ഥി എന്ന വിളിപ്പേരില്‍
അല്പദൂരം നടന്നപ്പോള്‍ കണ്ട ഒരു വാഹനം ചോദിച്ച കാശു കൊടുത്തു ഞങ്ങള്‍ തരപ്പെടുത്തി. വാഹനത്തില്‍ ഇരുന്നപ്പോഴാണ് ഒരുപക്ഷേ, ഞങ്ങളെല്ലാം മണിക്കൂറുകള്‍ക്കുശേഷം മുഖാമുഖം കാണുന്നതെന്നു തോന്നി. സദ്ദാം ഹുസ്സൈന്റെ പിടിയില്‍നിന്നും മോചനം കിട്ടിയ ആശ്വാസം യാത്രാക്ഷീണത്തിലും എല്ലാവരുടെയും മുഖത്തു തെളിയുന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന സേലത്തുകാരി തമിഴ് മലയാളത്തില്‍ എന്തൊക്കെയോ പുലമ്പുന്നു. ആന്റിയുടെ വിസിആര്‍ കൈക്കൂലി കൊടുത്താണ് ഞങ്ങള്‍ ഇറാഖ് എമിഗ്രേഷന്‍ കടന്നത്. വിസിആര്‍ നഷ്ടപ്പെട്ടതില്‍ ആന്റിക്കു ദുഃഖവും പരാതിയും. ''അന്ത ഇറാഖി പട്ടാളം സത്ത് പോട്ടെ' ആന്റി ശപിച്ചു. ''അവനക്കു ബുദ്ധിയില്ലേ... അവന്‍ കളുത... അന്ത വിസിആറിന്റെ റിമോട്ട് എന്‍ കയ്യിലിരിപ്പത്... നാന്‍ കൊടുത്തില്ലേ. അവന്‍ അതു എപ്പടി വര്‍ക്ക് ചെയ്യിക്കും.' ഇറാഖി പട്ടാളത്തെ കബളിപ്പിച്ച ആന്റിയുടെ രോഷം പൂണ്ട വാക്കുകള്‍ കേട്ടു ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു. സ്വയമേ എന്തിലും വികട സരസ്വതിയില്‍ നല്ല തമാശകള്‍ പറയുന്ന ആന്റിയുടെ ഭര്‍ത്താവ് മലയാളിയായ അയ്യപ്പന്‍ പിള്ളച്ചേട്ടന്‍ നല്ല ഒരു കടുത്ത തെറിയുടെ അകമ്പടിയോടെ, പെട്ടി കളവുപോയ പഴയ ഫലിതം അനുസ്മരിച്ചു. ചിരി, അതും മനസ്സു തുറന്ന് എല്ലാം മറന്നുള്ള ചിരി ഒരു ഉന്മേഷം തന്നു. 
ഏതാനും മണിക്കൂറുകള്‍ക്കുശേഷം ഒരു അഭയാര്‍ത്ഥി ക്യാമ്പിലെത്തി. അന്നു രാത്രിയില്‍ അവിടെ തങ്ങി. ഭക്ഷണ വണ്ടിക്കു ക്യൂ നിന്നെങ്കിലും വെറും കൈയോടെ മടങ്ങേണ്ടിവന്നു. ഇവിടെനിന്നും നമ്മളുടെ എംബസ്സി സൗകര്യപ്പെടുത്തിയ വാഹനങ്ങളില്‍ ഇന്ത്യാക്കാരെല്ലാം ജോര്‍ദ്ദാനിലേയ്ക്ക്. ജോര്‍ദ്ദാന്‍ എമിഗ്രേഷന്‍ കടന്ന് ഏകദേശം രാത്രിയില്‍ ഞങ്ങള്‍ ജോര്‍ദ്ദാനിലെ മറ്റൊരു ക്യാമ്പില്‍ എത്തി. അവിടെ ഭക്ഷണവും വെള്ളവും മരുന്നും എല്ലാം നമ്മുടെ രാജ്യം കൃത്യമായി തന്നു. ടിന്നില്‍ അടച്ച വേവിച്ച മീനും കുബൂസും കുക്കുമ്പര്‍, തക്കാളി, ചിലപ്പോള്‍ ആപ്പിള്‍ ഇതെല്ലാം വിശിഷ്ട ഭോജനമെങ്കിലും ദിവസവും ഇതുതന്നെ കഴിക്കുന്നതു പലരിലും മടുപ്പുണ്ടാക്കി. ഇതിനിടയില്‍ ബിബിസി, സിഎന്‍എന്‍ ചാനലുകള്‍ തകൃതിയായി ഞങ്ങളുടെ ദയനീയാവസ്ഥ പുറംലോകത്തെ അറിയിച്ചുകൊണ്ടിരിക്കുന്നതു കണ്ടു. 'ഇന്ത്യന്‍ റെഫ്യൂജീസ്' ഒരു മാധ്യമപ്രവര്‍ത്തക തട്ടിവിടുന്നതു ഞങ്ങളെ പലരെയും ചൊടിപ്പിച്ചു. ഹലോ മാഡം, ഞങ്ങള്‍ അഭയാര്‍ത്ഥികളല്ല. ഇന്ത്യാക്കാര്‍, കുവൈറ്റില്‍ തൊഴില്‍ ചെയ്യാന്‍ പോയവര്‍. യുദ്ധമുഖത്തു നിന്നും ഞങ്ങളുടെ രാജ്യമാണ് ഞങ്ങളെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നതെന്നു നിങ്ങള്‍ക്കു മനസ്സിലായില്ലേ. പിന്നെ എന്തിനു ഞങ്ങളെ 'അഭയാര്‍ത്ഥികള്‍' എന്നു സംബോധന ചെയ്യുന്നു. ചാനല്‍ ക്രൂവുമായുള്ള വാക്കേറ്റം കയ്യാംകളിയില്‍ എത്തുന്നതിനു മുന്‍പേ പൊലീസ് ഇടപെട്ടു. ആ ക്യാമ്പില്‍ മൂന്നാലു ദിവസം തള്ളിനീക്കേണ്ടിവന്നു. പിന്നീട് ജോര്‍ദ്ദാനിലെ അമ്മാന്‍ വിമാനത്താവളത്തില്‍നിന്നു ബോംബെയ്ക്ക്.
ദാദര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള സ്‌പെഷല്‍ ട്രെയിനിലാണ് നാട്ടിലെത്തിയത്. യുദ്ധം ജയിച്ചുവന്ന പടയാളിയെ, അല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചുവന്ന നേതാവിനെ സ്വീകരിക്കുന്ന സന്തോഷത്തില്‍ ജമന്തിപ്പൂമാലയിട്ടു കൊട്ടും കുരവയുമായി ആന്ധ്രയിലെ റയില്‍വേ സ്‌റ്റേഷനുകളില്‍ ഇറങ്ങിയവരെ സ്വീകരിക്കുന്നതു കൗതുകമുണര്‍ത്തി. രണ്ടാം ദിവസം സന്ധ്യയോടെ തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ കണ്ട കാഴ്ച മറക്കാന്‍ കഴിയില്ല. ''എന്റെ ചേട്ടനെ കണ്ടോ?' ഒരു പെണ്‍കുട്ടി അലമുറയിട്ട് ഒരു ഭ്രാന്തിയെപ്പോലെ പ്‌ളാറ്റ്‌ഫോമില്‍ തന്റെ ഭര്‍ത്താവിനെ തിരയുന്നു. ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടോ എന്ന ഭയം ആ യുവതിയുടെ സമനില തെറ്റിച്ചു. ദിവസവും അവര്‍ ഭര്‍ത്താവിനെ തേടി എത്താറുണ്ടെന്നും ആരോ പറയുന്നതു കേട്ടു. വീട്ടില്‍ എത്തുംവരെ ഞങ്ങള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് ആര്‍ക്കും തന്നെ അറിയില്ലല്ലോ? കാത്തിരിക്കുന്നവരുടെ ദുഃഖം മരണമുഖത്തുനിന്നു രക്ഷപ്പെട്ട ഞങ്ങളില്‍ പിന്നെയും ആശങ്കയുണ്ടാക്കി.
സന്ധ്യയോടെ വീട്ടില്‍ എത്തി. സന്തോഷം പറഞ്ഞറിയിക്കാന്‍ പ്രയാസം. എങ്കിലും തിരുവല്ലാ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ട കാഴ്ച സങ്കടമുണ്ടാക്കി. ഒരുപക്ഷേ, അവളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടോ. അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ ഉണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യാക്കാരും ഉണ്ടായിരുന്നതായി കേട്ടിരുന്നു. ചിലര്‍ മരുഭൂമിയില്‍ കൂടി സൗദി അറേബ്യാ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും വെള്ളവും ഭക്ഷണവും കിട്ടാതെ മരിച്ചുപോയെന്നുമുള്ള വാര്‍ത്തകളുമുണ്ടായിരുന്നു.
കാശില്ലാത്ത ഗള്‍ഫ്കാരനും കറിവേപ്പിലയും തമ്മില്‍ ഒരുപാട് സമാനതകള്‍ ഉണ്ടെന്നു മനസ്സിലാക്കിത്തന്നു ആ അധിനിവേശം. ഇന്നലെകളില്‍ ഗള്‍ഫ്കാരനു ഗുഡ്‌മോര്‍ണിംഗ് ആശംസിച്ചു വീടിന്റെ ഉമ്മറത്തു കാണുമായിരുന്ന ബാങ്ക് മാനേജര്‍മാര്‍ മുഖം തരാതെ തിരക്കില്‍ ഒളിക്കുന്നതു കണ്ടു. ഇനി എന്നു തിരികെ പോകുന്നു എന്ന പതിവു ചോദ്യങ്ങള്‍ ഒഴിവാക്കി, എങ്ങോട്ടെങ്കിലും പോകാന്‍ ശ്രമിച്ചുകൂടെ എന്ന് ഉപദേശിച്ചു നാട്ടുകാര്‍. ഇതാണ് യുദ്ധത്തിന്റെ പാഠം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com