തണലില്ല, കരുണയും; രണ്ട് സമരപ്പന്തലുകള്‍ ഭരണകൂടത്തോട് ചോദിക്കുന്നത്

നാലുമാസം മാത്രം പ്രായമുണ്ടായിരുന്ന മകള്‍ രുദ്രയുടെ മരണത്തില്‍ ഉലഞ്ഞുപോയ ഒരു കുടുംബം സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലാണ്. മറുവശത്ത് സേതുവിന്റെ കുടുംബം ക്വാറി മാഫിയയെ ഒറ്റയ്ക്ക് എതിര്‍ക്കുന്നു
തണലില്ല, കരുണയും; രണ്ട് സമരപ്പന്തലുകള്‍ ഭരണകൂടത്തോട് ചോദിക്കുന്നത്

►അച്ഛനും അമ്മയും ഇല്ലാത്ത സുരേഷ് ബാബുവും അച്ഛനില്ലാത്ത രമ്യയും തമ്മില്‍ പ്രണയിച്ചു വിവാഹിതരായതു സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനാണ്. പക്ഷേ, നാലു മാസം മാത്രം പ്രായമുണ്ടായിരുന്ന മകളെ ചികില്‍സയുടെ പേരില്‍ ഇല്ലാതാക്കിയപ്പോള്‍ തളര്‍ന്നുപോയി. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്നില്‍ അവരും ഒരു 'കൂര' വച്ചിരിക്കുന്നു. ദിവസക്കൂലിപ്പണിക്കാരനായ സുരേഷ് ബാബു രമ്യയെ വിവാഹം ചെയ്തത് ഒരു കേരളപ്പിറവി ദിനത്തിലാണ്, 2011 നവംബര്‍ ഒന്നിന്. 2016 ഫെബ്രുവരി 23-നാണ് രുദ്ര ജനിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ പത്തിന് തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയില്‍ മരിച്ചു.
ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെതന്നെ അനുബന്ധമായ കുട്ടികളുടെ ആശുപത്രിയാണ് ശ്രീ അവിട്ടം തിരുനാള്‍ എന്ന എസ്.എ.റ്റി ആശുപത്രി. തീവ്രപരിചരണ വിഭാഗത്തില്‍, ശരീരത്തില്‍ പലഭാഗത്തും ട്യൂബുകളുമായി പിഞ്ചുകുഞ്ഞു മരണത്തിലേക്കു പോകുന്നതു നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവന്നു. പക്ഷേ, കുഞ്ഞിനൊന്നും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയ്ക്കും നെഞ്ചുരുക്കത്തിനും ഇടയിലും രമ്യ അസാധാരണമായ ഒരു ധൈര്യം കാട്ടി. ഐ.സി.യുവിന്റെ വാതില്‍ക്കണ്ണാടിയിലൂടെ കുഞ്ഞിന്റെ സ്ഥിതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. രക്ഷകരാകേണ്ടവരുടെ ക്രൂരമായ അനാസ്ഥയുടെ സംസാരിക്കുന്ന ദൃശ്യമാണ് അത്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുന്നില്‍ രണ്ടുമാസത്തിലേറെ സമരം ചെയ്തു നവംബര്‍ 20-ന് അവര്‍ മടങ്ങിപ്പോയിരുന്നു. ചികില്‍സ പിഴച്ചതിനും മരണത്തിനും ഉത്തരവാദികളായവര്‍ക്കെതിരെ പത്തു ദിവസത്തിനുള്ളില്‍ നടപടിയെടുക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പില്‍ വിശ്വസിച്ചായിരുന്നു ആ മടക്കം. കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം. സുധീരന്റെ കൂടി സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഉറപ്പു നല്‍കിയത്. ആരോഗ്യവകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി അക്കാര്യം മാധ്യമങ്ങളോടു പറയുകയും ചെയ്തു. പക്ഷേ, നാലു മാസത്തിലേറെയായിട്ടും ഒന്നുമുണ്ടായില്ല. അതോടെ വീണ്ടും അവര്‍ സെക്രട്ടേറിയറ്റിനു മുന്നിലെത്തി. അതിപ്പോള്‍ ഒരു മാസമാകുന്നു. തിരുവനന്തപുരം മാറനല്ലൂര്‍ കോട്ടമുകള്‍ വിലങ്കറത്തല കിഴക്കുംകര വീട്ടില്‍ മുത്തശ്ശിയും ചെറുമകളും മാത്രമാണ് ഇപ്പോള്‍, രമ്യയുടെ അമ്മയും രുദ്രയുടെ ചേച്ചി മൂന്നു വയസ്‌സുള്ള ദുര്‍ഗയും.
''ഇവിടെ സമരം ഇരിക്കാന്‍ പാടില്ല, നിന്റെയൊക്കെ കൊച്ച് ചത്തതല്ലേ, അതിന്റെ പേരില്‍ ഇനി ആരെയും പിടിച്ച് ഒന്നും ചെയ്യാനൊന്നും പറ്റില്ല, ഇവിടെ നിന്നെണീറ്റ് പൊയ്‌ക്കോള്ളണം' എന്നു പറഞ്ഞു കന്റോണ്‍മെന്റ് എസ്.ഐ സുരേഷ് ബാബുവിനും രമ്യയ്ക്കും മുന്നില്‍ ബഹളം വച്ചു, ഭീഷണിപ്പെടുത്തി. മറ്റു ചില പൊലീസുകാരും അതിലിടപെട്ട് എസ്.ഐയെ പിന്തുണച്ചു. പുലര്‍ച്ചെ മൂന്നുമണിക്ക് ഇവരുടെ സമരസ്ഥലത്തെ ബാനറുകളും ഫ്‌ളക്‌സുകളും അവര്‍ വന്ന് എടുത്തു മാറ്റുകയും അലങ്കോലപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് ഈ നിശ്ശബ്ദസമരം വീണ്ടും സമൂഹശ്രദ്ധയിലേക്കു വന്നത്.
എസ്.എ.റ്റി ആശുപത്രിയിലെ ചികില്‍സാപ്പിഴവ് കാരണമാണ് കുഞ്ഞു മരിച്ചതെന്ന് എഴുതിവച്ചിരിക്കുന്നതില്‍ പൊലീസ് പ്രകോപിതരാകേണ്ട കാര്യമില്ല. സെക്രട്ടറിയേറ്റിനു മുന്നില്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സമരപ്പന്തലുകളുടേയും പന്തലില്ലാത്ത സമരങ്ങളുടേയും പതിവു നിരയുണ്ട്. അവരിലൊരാളോടും ഈ വിധം പെരുമാറുന്നുമില്ല, പൊലീസ്. ''അപ്പോള്‍പ്പിന്നെ ആരോ പറഞ്ഞുവിട്ടതുപോലെയല്ലേ ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതെന്ന്' -സുരേഷ് ബാബു ചോദിക്കുന്നു. വീണ്ടും സമരം തുടങ്ങുന്ന കാര്യം മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും ഓഫീസില്‍ അറിയിച്ചിരുന്നു. ഇനി കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലാതെ പിന്നോട്ടില്ല എന്നാണ് തീരുമാനം. 

ചികില്‍സയെന്ന ക്രൂരത
രുദ്രയുടെ മലദ്വാരത്തിനടുത്തു ചുവന്ന തടിപ്പുമായാണ് കഴിഞ്ഞ ജൂണ്‍ 14-ന് എസ്.എ.റ്റി ആശുപത്രിയില്‍ ആദ്യം എത്തിച്ചത്. മരുന്നൊന്നും ആവശ്യമില്ലെന്നും ഉപ്പിട്ടു വെള്ളം ചൂടാക്കി അതില്‍ മുക്കിയ തുണി കൊണ്ടു പലവട്ടം തുടച്ചാല്‍ മതി എന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. നിസ്സാരമായ കാര്യമേയുള്ളെന്നും ഈ പ്രായത്തിലെ കുട്ടികള്‍ക്കു സാധാരണയായി ഇങ്ങനെ വരുന്നതാണെന്നും കൂടി പറഞ്ഞതോടെ അവര്‍ക്ക് ആശ്വാസമായി. ഏതായാലും കുഞ്ഞിനെക്കൊണ്ടുവന്ന സ്ഥിതിക്ക് മെഡിക്കല്‍ കോേളജ് ആശുപത്രിയിലെ ത്വക്ക് രോഗ വിഭാഗത്തില്‍ ഒന്നു കാണിച്ചേക്കൂ എന്നും ആ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ത്വക്ക് രോഗ വിഭാഗത്തിലെ ചികില്‍സയിലാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. അവിടെവച്ചു കുഞ്ഞിന്റെ കാലിലെ തടിപ്പില്‍ ഒരു ഓയിന്‍മെന്റ് പുരട്ടി. അതു കുഞ്ഞിനു പുരട്ടാന്‍ പാടുള്ളതാണോ അലര്‍ജിയുള്ളതാണോ എന്ന പരിശോധനയൊന്നും ഉണ്ടായില്ല എന്നു കുടുംബം പറയുന്നു.
അതോടെ തൊലി ചുക്കിച്ചുളുങ്ങിയതു പോലെയായി. അതു മാറിക്കൊള്ളുമെന്നു പറഞ്ഞ് അന്നു തിരിച്ചയച്ചു. പക്ഷേ, കുഞ്ഞ് അസ്വസ്ഥത കാണിച്ചതിനെത്തുടര്‍ന്ന് അടുത്ത ദിവസം വീണ്ടും കാണിച്ചപ്പോള്‍ മറ്റൊരു ഓയിന്റ്‌മെന്റ് പുരട്ടി. അതു കൂടുതല്‍ കുഴപ്പമുണ്ടാക്കുകയാണ് ചെയ്തത്. കുഞ്ഞിന്റെ ദേഹമാകെ പൊള്ളിക്കരുവാളിച്ചു തൊലി ഇളകിത്തുടങ്ങി. കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴും ഓയിന്റ്‌മെന്റ് പുരട്ടിയ ശേഷവുമുള്ള വ്യത്യാസം വ്യക്തമാക്കുന്ന മൊബൈല്‍ ഫോണ്‍ ചിത്രങ്ങള്‍ അവരുടെ പക്കലുണ്ട്.
കുഞ്ഞിന്റെ സ്ഥിതി മോശമാകുമ്പോഴും ഡോക്ടര്‍മാര്‍ അവരോടു പറഞ്ഞുകൊണ്ടിരുന്നതു ഭേദമാകും എന്നുതന്നെയാണ്. അപ്പോഴേയ്ക്കും രണ്ടാഴ്ചയായിരുന്നു. എസ്.എ.റ്റിയില്‍ ഒന്നുകൂടി കാണിച്ചാലോ എന്നു ചോദിച്ചപ്പോള്‍ വേണമെങ്കില്‍ ഒന്നു കാണിച്ചേക്കൂ എന്നായിരുന്നു ഡോക്ടര്‍മാരുടെ മറുപടി. ജൂണ്‍ 28-ന് എസ്.എ.റ്റിയില്‍ വീണ്ടും കാണിച്ചപ്പോള്‍ ആദ്യ ചോദ്യം, ''ഇത്രയും ആകുന്നതുവരെ വച്ചോണ്ടിരുന്നിട്ടു മരിക്കാറായപ്പോഴാണോ കൊണ്ടുവരുന്നത്' എന്നായിരുന്നു. ഒരു കുഴപ്പവുമില്ലെന്നു പറഞ്ഞ് ഇവിടെനിന്നു ത്വക്ക് രോഗ വിഭാഗത്തിലേക്ക് അയച്ചതാണെന്ന് ഓര്‍മ്മിപ്പിച്ചപ്പോഴാണ് ഡോക്ടറുടെ രോഷം അടങ്ങിയത്. ഇതുവരെ ചെയ്ത ചികില്‍സയെക്കുറിച്ചു പറഞ്ഞതോടെ അപ്പോള്‍ത്തന്നെ അഡ്മിറ്റ് ചെയ്തു. നാലു ദിവസം കഴിഞ്ഞപ്പോള്‍ ശരീരത്തിലെ കരുവാളിപ്പും മറ്റും മാറി. കുഞ്ഞു ചിരിക്കാനും കളിക്കാനും തുടങ്ങി. അടുത്ത ദിവസം വീട്ടില്‍ പോകാമെന്നു ഡോക്ടര്‍ പറയുകയും ചെയ്തു. പക്ഷേ, അന്നുച്ച കഴിഞ്ഞു കുഞ്ഞിനെ നോക്കാന്‍ വന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച 'മരുന്ന്' ഉള്ളില്‍ച്ചെന്നതോടെ ശക്തമായ വയറിളക്കം തുടങ്ങി. ഒന്നര സ്പൂണ്‍ വെളിച്ചെണ്ണ, അര സ്പൂണ്‍ പഞ്ചസാര, ഒരു സ്പൂണ്‍ ലാകേ്ടാജന്‍ പൊടി എന്നിവ ചൂടുവെള്ളത്തില്‍ കലക്കിക്കൊടുക്കാനാണ് പറഞ്ഞത്. അവര്‍ ഹൗസ് സര്‍ജന്മാരാണോ അതോ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണോ എന്ന് ഇവര്‍ക്കറിയില്ല. അവര്‍ തന്നെയാണ് ആദ്യം ലായനി കുഞ്ഞിനു കൊടുത്തത്. ലാകേ്ടാജന്‍ പൊടി മാത്രമാണ് അതുവരെ രമ്യ കൊടുത്തിരുന്നത്. നിര്‍ബന്ധിച്ചു വെളിച്ചെണ്ണയും പഞ്ചസാരയും സുരേഷ് ബാബുവിനെക്കൊണ്ടു വാങ്ങിപ്പിക്കുകയായിരുന്നു. 
ഒരു മണിക്കൂറിനകം പന്ത്രണ്ടു പ്രാവശ്യം വരെ വയറിളകിയതോടെ കുഞ്ഞു തീര്‍ത്തും അവശയായി. ഇതു നാലു ദിവസം തുടര്‍ന്നു. അത്രയും ജലാംശം ശരീരത്തില്‍നിന്നു നഷ്ടപ്പെട്ട കുഞ്ഞിനു ഡ്രിപ്പ് കൊടുക്കാതിരുന്നത് എന്താണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല സുരേഷ് ബാബുവിന്. അങ്ങേയറ്റം അവശനിലയിലായ കുഞ്ഞിനെ നാലാം ദിവസം ഐ.സി.യുവിലേക്കു മാറ്റി. ഉച്ചിയിലും കഴുത്തിലും സൂചികുത്തി ട്യൂബിട്ടു. മൂക്കിലും വായിലും കൈയിലും പൊക്കിളിനു താഴെയും മൂത്രമൊഴിക്കുന്നിടത്തും ട്യൂബുകള്‍. ശരീരത്തില്‍ പല ട്യൂബുകളുമായി ഐ.സി.യുവില്‍ കഴിഞ്ഞതിന്റെ ആറാം ദിവസം കുഞ്ഞു രുദ്ര പോയി. ''ഒരു വശത്തേക്കു ചരിഞ്ഞ കഴുത്തൊന്ന് അനക്കാന്‍ പറ്റാതെ എന്തൊക്കെയോ ട്യൂബുകളുമായി എന്റെ കുഞ്ഞ് മരിച്ചോണ്ടിരിക്കുവാരുന്നു. അന്ന് ആ കണ്ടതു കണ്ണില്‍നിന്നു മാറില്ല. പിന്നെങ്ങനെ സ്വസ്ഥമായി വീട്ടില്‍ പോയി കിടക്കാന്‍ പറ്റും' പരിസരം മറന്നു കരഞ്ഞുകൊണ്ട് രമ്യ. കഴുത്തു ചെരിച്ചു കിടക്കുന്ന കുഞ്ഞിന്റെ വായിലൂടെ ഛര്‍ദ്ദി ഒഴുകി ഇറങ്ങിയിരുന്നു. അതിനെ കമഴ്ത്തിക്കിടത്തി ഒരു ടൗവലെടുത്തു തുടച്ചുകൊടുക്കൂ എന്നായിരുന്നത്രേ ഡോക്ടറോടു പറഞ്ഞപ്പോഴത്തെ മറുപടി. ആ പെരുമാറ്റത്തിലെ കാഠിന്യം കൊണ്ട് അമ്പരപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത ഡോക്ടര്‍മാരില്‍ ഒരു വനിതാ ഡോക്ടറുടെ മാത്രമേ പേര് അറിയുകയുള്ളൂ. മറ്റുള്ളവരെയെല്ലാം കണ്ടാല്‍ മനസ്സിലാകും. അതു മുഖ്യമന്ത്രിയോടും പൊലീസിനോടും സംസ്ഥാന യുവജന കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍ എന്നിവയ്ക്കു നല്‍കിയ പരാതിയിലും അവര്‍ പറഞ്ഞിട്ടുണ്ട്. ബാലാവകാശ കമ്മിഷന്‍ തിരിഞ്ഞു നോക്കിയില്ല. യുവജന കമ്മിഷന്‍ അന്വേഷിക്കുകയും അടിയന്തര നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ രുദ്രയുടെ മാതാപിതാക്കള്‍ക്കു കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. പക്ഷേ, തുടര്‍ നടപടികളൊന്നുമായില്ല.
സുരേഷ് ബാബുവിനെക്കൊണ്ടു 18,000 രൂപയ്ക്കു ട്യൂബുകള്‍ പുറത്തുനിന്നു വാങ്ങിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ശരീരത്തില്‍ കണ്ടതു മുറിഞ്ഞ പഴയ ട്യൂബുകളായിരുന്നു. മൂത്രം ട്യൂബിലൂടെ പകുതിവരെ എത്തിയിട്ടു തിരിച്ചുപോയി സ്‌നഗ്ഗിയിലൂടെ ഒഴുകിയിറങ്ങുന്ന സ്ഥിതിയുണ്ടായി. അതു ചൂണ്ടിക്കാണിച്ചപ്പോഴത്തെ ചോദ്യം നിങ്ങളാണോ അതോ ഞങ്ങളാണോ ഡോക്ടര്‍ എന്നായിരുന്നു. 

നീതിക്കുവേണ്ടി
ജൂലൈ 10 ഞായര്‍ പുലര്‍ച്ചെ അഞ്ചിനാണ് കുഞ്ഞു മരിച്ചത്. കുഞ്ഞിനു മുലപ്പാല്‍ കൊടുക്കാന്‍ ഇടയ്ക്ക് ഐ.സി.യുവില്‍ കയറുമായിരുന്ന രമ്യയ്ക്കാണ് അത് ആദ്യം മനസ്സിലായത്. നിലച്ച ശ്വാസവും നിലച്ച വെന്റിലേറ്ററും അത് ഉറപ്പാക്കി. ഡ്യൂട്ടി ഡോക്ടറെ വിളിച്ചുവരുത്തിയപ്പോള്‍ അവര്‍ മരണം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായി രമ്യയും സുരേഷ് ബാബുവും ആരോപിക്കുന്നു. ''കൊച്ചിനെ പൊക്ക്, എക്‌സ്‌റേ എടുക്കട്ടെ' എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. സാറേ, എന്റെ മോള് പോയോ എന്നു നിലവിളിച്ചുകൊണ്ട് സുരേഷ് ബാബു ചോദിച്ചപ്പോഴും അതുതന്നെ ആവര്‍ത്തിച്ചു. എക്‌സ്‌റേ എടുത്തിട്ട് സുരേഷ് ബാബുവിനെ മുറിയിലേക്കു വിളിച്ചു. ''കൊച്ചിന്റെ രണ്ടു കിഡ്‌നിയിലും സ്‌ക്രാച്ചുകള്‍ വീണിട്ടുണ്ടായിരുന്നു. കൈവിട്ടുപോയി' എന്ന് അറിയിക്കുകയും ചെയ്തു. അത്രതന്നെ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ ഏഴിടത്തു സൂചി കയറ്റിയിരുന്നതായാണ് പറയുന്നത്. മാസം ഒന്‍പതായി. നാലു മാസം മാത്രം ഒപ്പമുണ്ടായിരുന്ന, അതില്‍ത്തന്നെ മൂന്നാഴ്ച ആശുപത്രിയും വേദനയുമായി ജീവിച്ച രുദ്രയെ മറക്കാനും അവളുടെ മരണത്തിനു കാരണമായവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ പിന്‍മാറാനും തയ്യാറല്ല ഈ യുവദമ്പതികള്‍. മരണം ചികില്‍സാപ്പിഴവുകൊണ്ടാണെന്ന് ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണിത്. ചെറിയ ഒരു തടിപ്പിനു ചികില്‍സ തേടി കളിച്ചു ചിരിച്ച് അമ്മയുടെ കൈയില്‍ ആശുപത്രിയിലേക്കു പോയ കുഞ്ഞിനെ എന്തെല്ലാമോ ചെയ്ത് ഇല്ലാതാക്കി എന്ന സംശയം മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ വ്യക്തമായി ഉന്നയിച്ചിരുന്നു. അതേത്തുടര്‍ന്നാണ് അദ്ദേഹം അടിയന്തര നടപടി ഉറപ്പുകൊടുത്തത്. പക്ഷേ, അതു പാലിക്കപ്പെട്ടില്ല. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നല്‍കിയ പരാതികളില്‍ നടപടികള്‍ ഉണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് സുരേഷ് ബാബു സെക്രട്ടേറിയറ്റിനു മുന്നിലെ കൂറ്റന്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. മുഖ്യമന്ത്രിയെ കണ്ടു നിവേദനം കൊടുക്കാന്‍ അവസരം ഉണ്ടാക്കാം എന്നു പൊലീസ് ഉറപ്പു നല്‍കിയാണ് താഴെയിറക്കിയത്.
ആദ്യം പരാതി കൊടുത്തതു മെഡിക്കല്‍ കോളേജ് സി.ഐക്കാണ്. പക്ഷേ, അതു കാര്യമായി പരിഗണിക്കപ്പെട്ടില്ല. സര്‍ക്കാരിന്റെ ആശുപത്രിയില്‍ കുഞ്ഞു മരിച്ചതിനു നടപടിയെടുക്കാനാകില്ല എന്നായിരുന്നു മറുപടി. പിന്നീട് രുദ്രയുടെ മരണം വലിയ മാധ്യമ വാര്‍ത്തയായതോടെ പൊലീസ് വീട്ടിലെത്തി സുരേഷ് ബാബുവിന്റേയും രമ്യയുടേയും മൊഴിയെടുക്കുകയായിരുന്നു. സംസ്‌കരിച്ചു പത്തു ദിവസത്തിനുശേഷം മൃതദേഹം പുറത്തെടുത്തു കളക്ടറുടേയും ആര്‍.ഡി.ഒയുടെയും സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ആന്തരികാവയവങ്ങള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്ക്ക് അയയ്ക്കും എന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് ഒരു വിവരവുമില്ല. ആശുപത്രിയിലും ആര്‍.ഡി.ഒയോടും പരാതി അന്വേഷിക്കാന്‍ എത്തിയ കഴക്കൂട്ടം ഡി.വൈ.എസ്.പിയോടും അന്വേഷിച്ചെങ്കിലും സുരേഷ് ബാബുവിനു വ്യക്തമായ മറുപടി കിട്ടിയില്ല. അപ്പോഴാണ് ആദ്യത്തെ സമരം തുടങ്ങിയത്. ഇപ്പോഴത്തെ സമരവും ആ മറുപടിക്കു വേണ്ടിക്കൂടിയാണ്. മൂത്തകുട്ടി ദുര്‍ഗ്ഗയും സമരത്തിനുണ്ടായിരുന്നു. കുഞ്ഞിനെ ബുദ്ധിമുട്ടിക്കുന്നുെവന്നു കാണിച്ചു കേസെടുക്കും എന്നു പൊലീസ് ഭീഷണിപ്പെടുത്തിയപ്പോഴാണ് രമ്യയുടെ അമ്മയ്‌ക്കൊപ്പം വീട്ടിലാക്കിയത്. അതിനിടെ, പോഷകാഹാരക്കുറവുകൊണ്ടാണ് കുഞ്ഞ് മരിച്ചതെന്നു ഡോക്ടര്‍മാര്‍ പൊലീസിനു മൊഴി നല്‍കി. എന്നാല്‍, രണ്ടര മാസം പ്രായമുണ്ടായിരുന്നപ്പോള്‍പ്പോലും നാലര കിലോയിലധികം തൂക്കമുണ്ടായിരുന്നുവെന്ന് രമ്യ പറയുന്നു. അപ്പോള്‍പ്പിന്നെങ്ങനെ പോഷകക്കുറവിനെക്കുറിച്ചു പറയാനാകും എന്നു ചോദിക്കുകയും ചെയ്യുന്നു. 
എസ്.എ.റ്റി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കുഞ്ഞു മരിക്കാനിടയായ സംഭവത്തില്‍ രക്ഷിതാക്കള്‍ക്കു രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നു സംസ്ഥാന യുവജന കമ്മിഷന്‍ ശുപാര്‍ശ ചെയ്തതു 2016 ആഗസ്റ്റ് 31-നാണ്. കഴിഞ്ഞ മാസം 31-ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. രമ്യയുടെ പരാതി, യുവജന കമ്മിഷന്‍ ശുപാര്‍ശ എന്നിവ പരിഗണിച്ചു മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ 2016 നവംബര്‍ 11-നു നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു ഈ ഉത്തരവ്. രമ്യയ്ക്കു രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഭരണാനുമതി നല്‍കുന്നുവെന്നും സംസ്ഥാന പൊലീസ് മേധാവിയില്‍നിന്ന് ആ തുക ലഭ്യമാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തുന്നുവെന്നും അറിയിക്കുന്നതായിരുന്നു ഉത്തരവ്. രുദ്രയുടെ മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചു മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വീണ്ടും അന്വേഷിക്കാനും ഇപ്പോള്‍ നല്‍കുന്ന രണ്ടു ലക്ഷം രൂപ കുറ്റക്കാരെന്നു കണ്ടെത്തുന്നവരില്‍നിന്ന് ഈടാക്കാനും കൂടി അതില്‍ നിര്‍ദ്ദേശിച്ചിരുന്നു. അവിടെ നിന്നു കാര്യങ്ങള്‍, അവിടെ നില്‍ക്കുന്നു. 

സേതുവിന്റേയും 
കുടുംബത്തിന്റേയും സമരം 
കുടുംബകാര്യമല്ല

കരിങ്കല്‍ ക്വാറിയിലെ സ്‌ഫോടനത്തില്‍ കല്ല് തെറിച്ചുവീണു വീടിനു കേടുപറ്റിയതിന് എതിരായ സേതുവിന്റെ പ്രതിഷേധം നാട്ടുകാര്‍ക്കു മുഴുവന്‍ വേണ്ടിയുള്ള ഉറച്ച സമരമായി മാറിയിരിക്കുന്നു. കിളിമാനൂര്‍ മുളയ്ക്കിലത്തു കാവ് തോപ്പില്‍ സേതുവും കുടുംബവും സെക്രട്ടേറിയറ്റിനു മുന്നില്‍ രണ്ടാഴ്ചയിലേറെയായി സമരത്തിലാണ്. ഭാര്യ ബിന്ദു, മക്കള്‍ ബിരുദ വിദ്യാര്‍ത്ഥി ജിത്തു, പത്താം കഌസ്സിലെ പരീക്ഷാഫലം കാത്തിരിക്കുന്ന ജീതു, എട്ടില്‍ പരീക്ഷയെഴുതിയിരിക്കുന്ന ഗീതു എന്നിവരാണ് ഒപ്പം. 
മാര്‍ച്ച് 30-ന് ഉച്ചയ്ക്കാണ് വീട്ടില്‍നിന്ന് ഏകദേശം അഞ്ഞൂറ് മീറ്ററിലധികം ദൂരെയുള്ള എ.കെ.ആര്‍ ക്വാറിയില്‍ പാറ പൊട്ടിച്ചപ്പോള്‍ ഇവരുടെ വീടിനു മുകളില്‍ വലിയ കഷണം തെറിച്ചുവീണത്. അത്ര ശക്തമായിരുന്നു സ്‌ഫോടനം. കൂലിപ്പണിക്കാരനായ സേതുവിന്റെ വീട്ടില്‍ ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. സ്‌ഫോടനത്തിനു കുറച്ചു മുന്‍പു വരെ ടെറസിനു മുകളില്‍ കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. പ്രദേശത്തെ വിറപ്പിച്ച വലിയ ശബ്ദത്തോടെയായിരുന്നു സ്‌ഫോടനം. അത് ഇടയ്ക്കിടെ ഉള്ളതായതുകൊണ്ടു നാട്ടുകാര്‍ ഇപ്പോഴത്ര കാര്യമാക്കാറില്ല. മുന്‍പു സമരസമിതി രൂപീകരിച്ച് എതിര്‍പ്പും പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു. പിന്നീട് അതൊക്കെ നിലച്ചുപോയി. പ്രലോഭനമായും ഭീഷണിയായുമൊക്കെ പലവിധ തന്ത്രങ്ങള്‍ പുറത്തെടുത്തു മറ്റു പലയിടത്തുമെന്നപോലെ ഇവിടേയും സ്വകാര്യ ക്വാറി ഉടമകള്‍ എതിര്‍പ്പുകള്‍ ഇല്ലാതാക്കുകയോ പേരിനു മാത്രമാക്കുകയോ ചെയ്തു.
വീടിനു മുകളില്‍ എന്തോ വീണ ശബ്ദം കേട്ട് ബിന്ദുവും കുട്ടികളും ചെന്നു നോക്കിയപ്പോള്‍ പാറക്കഷ്ണം കണ്ടു. ടെറസില്‍ പൊട്ടലുമുണ്ട്. ഒന്നര വര്‍ഷം മുന്‍പു പലയിടത്തു നിന്നായി വായ്പയെടുത്താണ് അഞ്ചു സെന്റില്‍ വീടു വച്ചത്. വിവരം പറയാന്‍ അവര്‍ ഫോണില്‍ വിളിച്ചപ്പോള്‍ സേതുവിനെ കിട്ടിയില്ല. കാത്തുനില്‍ക്കാതെ ബിന്ദു ക്വാറിയില്‍ ചെന്നു കാര്യം പറഞ്ഞു. ഉടന്‍തന്നെ അടുത്ത സ്‌ഫോടനം നടന്നാല്‍ എന്തു സംഭവിക്കും എന്ന പേടികൂടിയുണ്ടായിരുന്നു അതിനു പിന്നില്‍. പിന്നാലെ ക്വാറി ഉടമ അജിയും മറ്റൊരാളും കൂടി വീട്ടിലെത്തി നോക്കി. കല്ലെടുത്തു കൊണ്ടുപോകാന്‍ അവര്‍ ശ്രമിച്ചപ്പോള്‍ ബിന്ദുവും മക്കളും വിലക്കി. സേതു വന്നിട്ടു കല്ലെടുത്താല്‍ മതി എന്നു പറഞ്ഞു. അവര്‍ കല്ലെടുത്തുകൊണ്ടുപോയി. സേതു വരുമ്പോള്‍ ക്വാറിയില്‍ ചെല്ലാനും പറഞ്ഞേല്‍പ്പിച്ചു. സേതു ചെന്നു. പക്ഷേ, അത് അവരുടെ ഒത്തുതീര്‍പ്പു വാഗ്ദാനം കേള്‍ക്കാനായിരുന്നില്ല. മറിച്ച്, ബിന്ദുവും കുഞ്ഞുങ്ങളും എതിര്‍ത്തിട്ടും തന്റെ വീട്ടില്‍നിന്നു ബലം പ്രയോഗിച്ചു കല്ലെടുത്തുകൊണ്ടുപോയതു ചോദിക്കാനായിരുന്നു. നാളെ വൈകുന്നേരം സംസാരിച്ചു തീര്‍ക്കാം എന്ന് അവര്‍ പറഞ്ഞെങ്കിലും അതിന് സേതു നിന്നില്ല. പിറ്റേന്നു രാവിലെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നു പരാതി കൊടുത്തു. പൊലീസില്‍നിന്നും അത്രയ്ക്കു സുഖകരമായിരുന്നില്ല പ്രതികരണം. പരാതിക്കു രസീതു കൊടുക്കാനും മടിച്ചു. നിന്റെ പരാതി സ്വീകരിച്ചാല്‍പ്പോരേ, ഞങ്ങളതു ക്‌ളീയറാക്കിത്തരാം എന്നായിരുന്നു രസീത് ചോദിച്ചപ്പോള്‍ എ.എസ്.ഐയുടെ മറുപടിയെന്ന് സേതു. ക്വാറിക്കെതിരെ മുന്നോട്ടു പോവുകതന്നെ എന്നതായിരുന്നു പരാതികൊണ്ട് സേതു ഉദ്ദേശിച്ചത്. രസീത് കിട്ടിയിട്ടേ തിരിച്ചുപോവുകയുള്ളു എന്നു വാശിപിടിച്ചപ്പോഴാണ് പൊലീസ് വഴങ്ങിയത്. 

കിളിമാനൂരിലെ ക്വാറി രാജ്  
നിരവധി വര്‍ഷങ്ങളായി പാറ പൊട്ടിക്കലിന്റെ ദുരിതം അനുഭവിക്കുന്ന പ്രദേശത്തെ കുടുംബങ്ങളില്‍നിന്നു സ്ഥലം വാങ്ങി തന്റേതാക്കുന്ന രീതിയാണ് ക്വാറി ഉടമ സ്വീകരിക്കുന്നത് എന്നാണ് പരാതി. കിളിമാനൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഇങ്ങനെ അവര്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട് എന്ന് സേതു ആരോപിക്കുന്നു. പൊലീസ് ക്‌ളിയറാക്കിത്തരാം എന്നു പറയുമ്പോള്‍ തന്റെ സ്ഥലവും വീടും കൂടി അവര്‍ക്കു വിറ്റിട്ട് വേറെ എങ്ങോട്ടെങ്കിലും പോവുക എന്നാണ് ഉദ്ദേശിക്കുന്നതെന്നും മനസ്സിലായി. മറ്റു പലരുടേയും അനുഭവം അതായിരുന്നു. മുന്‍പുണ്ടായിരുന്ന ജനകീയ സമരസമിതിയെപ്പോലും ഇല്ലാതാക്കിയത് അത്തരം പ്രലോഭനങ്ങളില്‍പ്പെടുത്തിയാണ്. വഴങ്ങാത്തവര്‍ക്കുനേരെ ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. 
പഞ്ചായത്ത്, വില്ലേജ് അധികാരികള്‍ക്കും പൊലീസിനും കൂടി പങ്കുള്ള ഒത്തുകളി എന്ന വലിയ ആരോപണമാണ് സേതു ഉന്നയിക്കുന്നത്. അതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, റവന്യു മന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, പൊലീസ് കംപെ്‌ളയിന്റ്‌സ് അതോറിറ്റി, കളക്ടര്‍ എന്നിവര്‍ക്കെല്ലാം പരാതി കൊടുത്തതിന്റെ തുടര്‍ച്ചയായാണ് സേതുവും കുടുംബവും സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. ക്വാറിയില്‍നിന്നു തെറിക്കുന്ന ഭീമന്‍ കല്ലുകളെ പേടിക്കാതെ ജീവിക്കണമെങ്കില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിക്കണം, തന്റെ വീടിനുണ്ടായ തകരാറിനു നഷ്ടപരിഹാരവും വേണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ആ പ്രദേശത്തിനു പുറത്തെത്തിയത് സേതുവും കുടുംബവും മാത്രമാണ്. അതിന്റേതായ ഭീഷണികള്‍ ഒരു വഴിക്കും മറുവശത്ത് ഒത്തുതീര്‍പ്പ് ശ്രമങ്ങളും നടക്കുന്നു. സേതുവും കുടുംബവും തിരിച്ചെത്തിയാലും ജീവിക്കാന്‍ സമ്മതിക്കില്ല എന്ന പ്രചരണം അഴിച്ചുവിട്ടാണ് ഭീഷണി; പൊലീസുകാരെ വരെ ഇറക്കിയാണ് ഒത്തുതീര്‍പ്പു ശ്രമം. കഴിഞ്ഞ ദിവസവും ഒരു പൊലീസുകാരന്‍ കിളിമാനൂരില്‍നിന്ന് സേതു സമരം ചെയ്യുന്നിടത്തെത്തി. ''നമുക്കിതു തീര്‍ക്കാം, സേതൂ. കേസും പരാതിയുമൊക്കെയായിട്ട് എവിടെയെത്താനാണ്.' എന്നാണ് ചോദ്യം. രണ്ടാഴ്ച പിന്നിട്ട സമരത്തിനിടെ ഇതാദ്യമല്ല അത്തരം ഇടപെടല്‍. പരാതി കൊടുത്തതിന്റെ പിറ്റേന്ന് ഒരു പൊലീസുകാരന്‍ വീട്ടിലെത്തി പാറ തെറിച്ചുവീണ സ്ഥലം കണ്ടു പോയി. പക്ഷേ, തുടര്‍ നടപടിയൊന്നുമുണ്ടായിരുന്നില്ല. താന്‍ സംസാരിച്ചു പ്രശ്‌നം പരിഹരിച്ചുതരാം, നീ ഇങ്ങനെ സമരത്തിനൊന്നും പോകേണ്ട കാര്യമേയില്ലായിരുന്നു എന്നാണ് കിളിമാനൂര്‍ എസ്.ഐയും ആവര്‍ത്തിച്ചത്.
പൊലീസിനു കൊടുത്ത പരാതിക്കു ഫലമുണ്ടാകില്ലെന്നു കണ്ടപ്പോള്‍ ജില്ലാ കളക്ടര്‍ക്കു പരാതി കൊടുത്തു. അടിയന്തര ഇടപെടല്‍ വേണമെന്ന് ആ പരാതിയില്‍ എഴുതിയിട്ട് ജിയോളജി വകുപ്പില്‍ കൊണ്ടുക്കൊടുക്കാനാണ് കളക്ടര്‍ പറഞ്ഞത്. അതുകൊണ്ടു കാര്യമൊന്നുമുണ്ടായില്ല. അന്നുതന്നെ മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലും പരാതി നല്‍കി. പൊലീസ് മനപ്പൂര്‍വം പരാതി പൂഴ്ത്തിവച്ചു ക്വാറി ഉടമയെ രക്ഷിക്കാനും ക്വാറിയെ സംരക്ഷിക്കാനും ശ്രമിക്കുന്നുവെന്നു മനസ്സിലായതോടെയാണ് പൊലീസ് കംപെ്‌ളയിന്റ്‌സ് അതോറിറ്റിയെ സമീപിച്ചത്. അതിനൊപ്പം കളക്ടര്‍, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍, ക്വാറി ഉടമ, പൊലീസ് എന്നിവരെ എതിര്‍കക്ഷികളാക്കി മനുഷ്യാവകാശ കമ്മഷനും പരാതി കൊടുത്തു. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍നിന്നുള്ള ഇടപെടലിനെത്തുടര്‍ന്ന് അന്വേഷിക്കാന്‍ വില്ലേജ് ഓഫീസര്‍ ഏപ്രില്‍ 17-നു വീട്ടിലെത്തി. നേരത്തേ അറിയിച്ചിരുന്നതുകൊണ്ടു സമരസ്ഥലത്തുനിന്ന് ബിന്ദുവും വീട്ടിലെത്തിയിരുന്നു. ക്വാറിയിലെ സ്‌ഫോടനത്തെത്തുടര്‍ന്നു പാറ തെറിച്ചുവീണ സ്ഥലവും കേടുപാടുകളും ജിത്തുവും ബിന്ദുവും കൂടി കാണിച്ചുകൊടുത്തു. അത്രയ്ക്കു ദൂരെയുള്ള വീടായിട്ടുപോലും പാറക്കഷണം തെറിച്ചുവീണതിനെക്കുറിച്ചും ക്വാറിയുടെ ദൂഷ്യഫലവും അദ്ദേഹത്തിനു ബോധ്യമാവുകയും ചെയ്തു. ആ വിധമാണ് വില്ലേജ് ഓഫീസര്‍ സംസാരിച്ചത്. പക്ഷേ, ഒരാഴ്ചയായിട്ടും റിപ്പോര്‍ട്ട് കൊടുത്തില്ല. റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കില്‍ അതു കംപ്യൂട്ടര്‍വല്‍ക്കൃത പരാതിപരിഹാര സെല്ലില്‍ അപ്പപ്പോള്‍ അറിയാം. സേതു അന്വേഷിച്ചുകൊണ്ടാണിരിക്കുന്നത്. 
ആറാം ദിവസം ബിന്ദു വില്ലേജ് ഓഫീസില്‍ പോയി അന്വേഷിച്ചു. റിപ്പോര്‍ട്ട് തിരുവനന്തപുരത്തേക്ക് അയച്ചെന്നാണ് വില്ലേജ് ഓഫീസറുടെ അഭാവത്തില്‍ മറ്റൊരു ജീവനക്കാരന്‍ പറഞ്ഞത്. പക്ഷേ, പിറ്റേന്നു രാവിലെ വില്ലേജ് ഓഫീസര്‍ സേതുവിനെ ഫോണില്‍ വിളിച്ചിട്ടു പറഞ്ഞതു വൈകുന്നേരം കാണണം എന്നാണ്. രാവിലെ 10.44-നു വില്ലേജ് ഓഫീസില്‍നിന്നു വിളിച്ചത് സേതു കാണിച്ചുതന്നു. അങ്ങനെയൊരു വിളിയും പോക്കും ആവശ്യമില്ലാത്തതാണെന്നു തോന്നിയതുകൊണ്ട് സേതു പോയില്ല. വില്ലേജ് ഓഫീസര്‍ അേന്വഷണത്തില്‍ വീഴ്ച കാണിക്കുന്നുവെന്നു റവന്യു മന്ത്രിക്കു പരാതി നല്‍കുകയും ചെയ്തു. 
ഭീഷണി വളരെ വലുതാണെന്ന് സേതുവും ബിന്ദുവും പറയുന്നു. ജീവനോടെ വച്ചേക്കില്ലെന്നു വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. നിസ്സാരമായി പരിഹരിക്കാമെന്നാണ് തുടക്കത്തില്‍ ക്വാറി ഉടമയും അവരെ സഹായിക്കുന്നവരും കരുതിയത്. എന്നാല്‍, പരാതി പലതായി പെരുകുകയും വിട്ടുവീഴ്ചയില്ലാതെ സേതുവും കുടുംബവും സമരം തുടരുകയും ചെയ്യുന്നത് അവരെ അലോസരപ്പെടുത്തുന്നുണ്ട്. ഭീഷണിയും ഒത്തുതീര്‍പ്പുശ്രമങ്ങളും അതിന്റെ പ്രതിഫലനമായാണ് സേതു കാണുന്നത്. കിളിമാനൂരിലെ ചില പ്രാദേശിക രാഷ്ര്ടീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും പേരുകള്‍ സേതു പറയുന്നുണ്ട്. മറുപക്ഷത്ത് മറഞ്ഞുനില്‍ക്കുന്നവര്‍. അടുത്ത ഘട്ടമായി അവരെക്കൂടി ഉള്‍പ്പെടുത്തി പരാതികള്‍ വിപുലപ്പെടുത്താനാണ് ആലോചന, സമരം ശക്തമാക്കാനും. അവരുടെ കൂടെ നിന്നില്ലെങ്കില്‍ ലഭിക്കേണ്ട പല ആനുകൂല്യങ്ങളും സഹായങ്ങളും കിട്ടില്ലെന്ന പേടികൊണ്ടാണ് ഇതു നാട്ടുകാരുടെ യോജിച്ച പ്രക്ഷോഭമായി മാറാത്തത് എന്നും സേതു. ക്വാറിയുടെ പ്രവര്‍ത്തനം ഇപ്പോഴത്തെപ്പോലെ തുടര്‍ന്നാല്‍ വായ്പകളുടെ ബലത്തില്‍ നിര്‍മ്മിച്ച സ്വപ്‌നഭവനം ക്രേമണ ഇടിഞ്ഞുവീണുപോകുമെന്നു കുടുംബം ഭയക്കുന്നു. ആ ഭയംകൊണ്ടുകൂടിയാണ് ഈ സമരത്തില്‍ അവര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തത്. സ്വന്തം വീട്ടില്‍ സ്വസ്ഥമായി ശിഷ്ടകാലം ജീവിക്കാനാണ് രാപ്പകല്‍ വ്യത്യാസമില്ലാതെ അവര്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നിലെ നടപ്പാതയില്‍ ജീവിച്ചു കരളുറപ്പോടെ പൊരുതുന്നത്. 
എല്ലാ വൈകുന്നേരങ്ങളിലും ബിന്ദുവും പെണ്‍കുട്ടികളും വീട്ടില്‍ പോയിവരും. ''രണ്ടു പട്ടികളും അഞ്ചാറ് പൂച്ചകളുമുണ്ട്.' അതിനെക്കുറിച്ച് സേതുവിന്റെ വാക്കുകള്‍.

(സമകാലിക മലയാളം വാരികയില്‍ മേയ് ഒന്ന് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com