'സ്വകാര്യ'മല്ല കലാലയങ്ങള്‍, പണിതത് പൊതുമുതലില്‍

പൊതു സ്ഥലത്ത് പൊതു മുതല്‍ കൊണ്ടു പണിത വിദ്യാലയങ്ങളൊക്കെ 'സ്വകാര്യ'മാക്കി മാറ്റിയതോടെ കേരളത്തിന്റെ വിദ്യാഭ്യാസ മേഖല ഇനി തിരിച്ചു വരവില്ലാത്തവിധം പ്രതിസന്ധിയിലാണ്
കോട്ടയം സി.എം.എസ് കോളജ്
കോട്ടയം സി.എം.എസ് കോളജ്

തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിലെ വിദ്യാര്‍ത്ഥി സമരം ആരംഭിച്ചത് ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതിലെ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ മുന്‍നിര്‍ത്തിയായിരുന്നു. എന്നാല്‍, സമരം ഒരു ഘട്ടം എത്തിയപ്പോള്‍, കോളേജ് ആരംഭിക്കുന്നതിനായി ആദ്യം പാട്ടത്തിനും പിന്നീട് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഏകദേശം 11 ഏക്കര്‍ സ്ഥലം, ചട്ടലംഘനം നടത്തി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റില്‍നിന്നും പിടിച്ചെടുക്കണമെന്ന ആവശ്യത്തിലെത്തി. വിദ്യാര്‍ത്ഥി സമരം വിജയകരമായി അവസാനിച്ചുവെങ്കിലും ഭൂമിപ്രശ്‌നം സംബന്ധിച്ചുള്ള സര്‍ക്കാര്‍ നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിയിട്ടില്ല. 
തിരുവനന്തപുരത്തെ ലോ അക്കാദമി ലോ കോളേജ് സമരം ഉയര്‍ത്തിയ ഭൂമി പ്രശ്‌നം ഒറ്റപ്പെട്ട ഒന്നല്ല. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് തല ഉയര്‍ത്തിനില്‍ക്കുന്ന മിക്കവാറും സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത്  രാജഭരണകാലത്തോ ജനകീയ സര്‍ക്കാരുകളുടെ കാലത്തോ സൗജന്യമായി നല്‍കിയിട്ടുള്ള ഭൂമിയിലാണ്. വിദ്യാഭ്യാസരംഗത്ത് പൊതു–സ്വകാര്യ മേഖലകള്‍ സംഘടിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. സ്‌കൂള്‍–കോളേജ് തലങ്ങളില്‍ സ്വകാര്യമേഖലകളുടെ ശക്തമായ സാന്നിദ്ധ്യം ഈ രംഗത്ത് സവിശേഷമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും നിര്‍ണ്ണായക പങ്ക് വഹിക്കുന്നത് നിലവിലുള്ള സര്‍ക്കാര്‍–എയ്ഡഡ് കോളേജുകളാണ്. സ്വാശ്രയ കോളേജുകളുടെ, പ്രത്യേകിച്ച് പ്രൊഫഷണല്‍ മേഖലയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച വിദ്യാഭ്യാസരംഗത്ത് പല വ്യതിയാനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. പൊതു ആസ്തികളില്‍ കെട്ടിപ്പൊക്കിയ സര്‍ക്കാര്‍–എയ്ഡഡ് മേഖലയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും ഉണ്ടായിട്ടുള്ള മാറ്റങ്ങളെ ഗൗരവകരമായ വിചിന്തനത്തിനു വിധേയമാകുന്നില്ല. 

ഉന്നത വിദ്യാഭ്യാസത്തിന്റെ വളര്‍ച്ച
1956 മുതല്‍ കേരളം പിന്തുടര്‍ന്നുപോന്ന ലിബറല്‍ വിദ്യാഭ്യാസ നയത്തിന്റെ പരിണതഫലമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലും വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റിലും കാര്യമായ വര്‍ദ്ധന നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. 2015–ലെ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്ക് അനുസരിച്ചു കേന്ദ്രസര്‍വ്വകലാശാല ഉള്‍പ്പെടെ പതിനാല് സര്‍വ്വകലാശാലകളും 1056 കോളേജുകളും (സര്‍ക്കാര്‍–59, എയ്ഡഡ്–190, സ്വാശ്രയം–777), 44660 അധ്യാപകരും (സര്‍വ്വകലാശാല–1520, സര്‍ക്കാര്‍ 2370, എയ്ഡഡ്– 8700, സ്വാശ്രയം–32000), 2.27 ലക്ഷം വിദ്യാര്‍ത്ഥികളും (ആര്‍ട്ട് & സയന്‍സ്) ഉള്‍പ്പെടുന്ന സംവിധാനമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല. പ്രൊഫഷണല്‍ മേഖല ഈ കണക്കുകള്‍ക്കു പുറത്താണ്. ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ (GER) എടുത്താല്‍ കേരളത്തില്‍ കോളേജ് വിദ്യാര്‍ത്ഥി പ്രായത്തിലുള്ള 24 ശതമാനം പേര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തുന്നുണ്ട്. യു.ജി.സിയുടെ കണക്ക് അനുസരിച്ച് 3.78 ലക്ഷം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ സര്‍വ്വകലാശാല–കേളേജ് തലത്തില്‍ പഠിക്കുന്നത്. ദേശീയ ശരാശരി ഇക്കാര്യത്തില്‍ 17 ശതമാനം മാത്രമാണ്. 
ഇത്തരം സ്ഥിതിവിവരണങ്ങള്‍ പലപ്പോഴും കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വികാസത്തെ സംബന്ധിച്ച ഒരു മുഴുവന്‍ ചിത്രവും നല്‍കുന്നില്ല. ഡോ. അശോക് മിത്ര കമ്മിഷന്‍ റിപ്പോര്‍ട്ട് (1992), ഡോ. ജെ.ബി.ജി. തിലക് റിപ്പോര്‍ട്ട് (2001), ഡോ. പ്രഭാത് പട്‌നായ്ക് കമ്മിറ്റി റിപ്പോര്‍ട്ട് (2002), പ്രൊഫ. യു.ആര്‍. അനന്തമൂര്‍ത്തി കമ്മിറ്റി റിപ്പോര്‍ട്ട് (2008) എന്നീ റിപ്പോര്‍ട്ടുകള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ വളര്‍ച്ചയും തളര്‍ച്ചയും സംബന്ധിച്ചുള്ള വിവിധ വശങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളവയാണ്. പ്രാഥമിക–ദ്വിതീയ വിദ്യാഭ്യാസ മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങളുമായി പൊരുത്തപ്പെടാത്ത ഒരു ഉന്നത വിദ്യാഭ്യാസ വികസനമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. 

കോളേജ് വിദ്യാഭ്യാസ മേഖല
കേരളത്തിലെ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ മേഖലയ്ക്കു ചില സവിശേഷതകള്‍ ഉണ്ട്.
1) സര്‍ക്കാര്‍ കോളേജുകളുടെ പരിമിതമായ സാന്നിദ്ധ്യം: ആകെ സര്‍ക്കാര്‍–എയ്ഡഡ് കോളേജുകളുടെ 27.6 ശതമാനം മാത്രമാണ് സര്‍ക്കാര്‍ കോളേജുകള്‍ (58).
2) സ്വകാര്യ എയ്ഡഡ് മേഖലയുടെ ആധിപത്യം: 72.4 ശതമാനം കോളേജുകളും സ്വകാര്യ എയ്ഡഡ് മേഖലയിലാണ് (152).
3) സ്വാശ്രയ കോളേജുകളുടെ വളര്‍ച്ച: 2015–-ലെ കണക്കുകള്‍ അനുസരിച്ച് 370 സ്വാശ്രയ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളുണ്ട്. 
4) സര്‍ക്കാര്‍ സ്വാശ്രയ മേഖലയുടെ ആവിര്‍ഭാവം: സ്വാശ്രയ മേഖലയുടെ വളര്‍ച്ച കേരളത്തില്‍ സര്‍ക്കാരിന്റേയും സര്‍വ്വകലാശാലകളുടേയും സഹായത്തോടുകൂടിയായിരുന്നു. കേരളസര്‍ക്കാരും സംസ്ഥാന സര്‍വ്വകലാശാലകളും ഈ രംഗത്ത് പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തിയതു സ്വകാര്യ സ്വാശ്രയ മേഖലയ്ക്കു കൂടുതല്‍ അംഗീകാരം നേടിക്കൊടുത്തു. ഉന്നത വിദ്യാഭ്യാസരംഗത്തു നിയന്ത്രണങ്ങളും മാതൃക മാനേജുമെന്റും നടപ്പിലാക്കാന്‍ നിയമപരവും ധാര്‍മ്മികവുമായ ബാദ്ധ്യതയുള്ള സര്‍ക്കാരും റഗുലേറ്ററി ഏജന്‍സിയായ സര്‍വ്വകലാശാലകളും തന്നെ ഈ രംഗത്ത് മുന്നിട്ടിറങ്ങിയതു കേരളത്തിലെ സ്വകാര്യ-സ്വാശ്രയ മേഖലയ്ക്കു സ്വതന്ത്രവിഹാരത്തിനു കമ്പോളമൊരുക്കി.

സ്വകാര്യ എയ്ഡഡ് കോളേജുകളുടെ വളര്‍ച്ച
കേരളത്തിലെ സ്വകാര്യ എയ്ഡഡ് കോളേജുകള്‍ മൂലധന സ്വരൂപണത്തിന്റേയും വിഭവസമാഹരണത്തിന്റേയും കാര്യത്തില്‍ പല പരീക്ഷണങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു.           ഇതു സംബന്ധിച്ചു പ്രസിദ്ധീകരിച്ച കണക്കുകളുടെ അഭാവം ഈ കാര്യത്തിലുള്ള പഠനത്തിന്റെ ഒരു പ്രധാന പരിമിതിയാണ്. കോളേജുകളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട ആരംഭ മൂലധനച്ചെലവ് ഭൂമിയുടേയും കെട്ടിടങ്ങളുടേയും കാര്യത്തില്‍ ഉണ്ടാകുന്ന ചെലവുകളാണ്. കോളേജുകള്‍ക്ക് ആവശ്യമായ സ്ഥലം സമ്പാദിച്ചതു പ്രധാനമായി മൂന്നു വിധത്തിലായിരുന്നു. 
1. സര്‍ക്കാര്‍ ദാനമായി നല്‍കിയവ.
2. സ്വകാര്യ വ്യക്തികള്‍ നല്‍കിയ സംഭാവന.
3. പൊതുജനങ്ങളും കോളേജ് സ്ഥാപിക്കാന്‍ മുന്നോട്ടു വന്ന സമുദായങ്ങളും നല്‍കിയ പണം ഉപയോഗിച്ച് മാനേജ്‌മെന്റുകള്‍ വാങ്ങിയവ.

സി.എം.എസ്. മുതല്‍ ലോ അക്കാദമി വരെ
തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന റാണിഗൗരി പാര്‍വ്വതിഭായി 1817–ല്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രഖ്യാപനത്തിലൂടെയാണ് പ്രജകള്‍ക്കു സൗജന്യ വിദ്യാഭ്യാസം നല്‍കാനുള്ള കടമ ഔദ്യോഗികമായി ഭരണകൂടം ഏറ്റെടുക്കുന്നത്. (ഈ പ്രഖ്യാപനത്തിന്റെ 200–ാം വാര്‍ഷികമാണ് 2017 ജൂണില്‍) ഇതിന്റെ അടിസ്ഥാനത്തില്‍ മാറി വന്ന ഭരണകൂടങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകളും കോളേജുകളും സ്ഥാപിച്ചു നടത്തുക മാത്രമല്ല, സര്‍ക്കാരിന്റെ ധര്‍മ്മം ഏറ്റെടുത്തു നടപ്പിലാക്കാന്‍ തയ്യാറായിവന്ന സ്വകാര്യ വ്യക്തികളേയും പ്രസ്ഥാനങ്ങളേയും അകമഴിഞ്ഞു സഹായിക്കുകയും ഉണ്ടായി. കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കോട്ടയത്തെ സി.എം.എസ്. കോളേജ് 1813–ല്‍ മീനച്ചില്‍ ആറിന്റെ തീരത്ത് തിരുവിതാംകൂര്‍ മഹാറാണി ലക്ഷ്മിഭായി സൗജന്യമായി നല്‍കിയ 16 ഏക്കര്‍ സ്ഥലത്താണ് ആരംഭിച്ചത്. ഇതിനു പുറമെ കെട്ടിടം പണിയുന്നതിനു ധനസഹായവും ആവശ്യമുള്ളത്ര തടിയും റാണി തന്നെ നല്‍കി. കോളേജിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ടി 1819–ല്‍ 21,000/– രൂപ റാണി ഗൗരി പാര്‍വ്വതി ഭായി സര്‍ക്കാര്‍ ഖജനാവില്‍നിന്നു നല്‍കി. അതേ വര്‍ഷം തന്നെ കൊല്ലത്തിനടുത്തു 2000 ഏക്കറോളമുള്ള മണ്‍റോതുരുത്ത് കോളേജിനു കൈമാറി. ആവര്‍ത്തനച്ചെലവുകള്‍ക്കുള്ള പണം ഈ ഭൂമിയില്‍നിന്നാണ് കോളേജിനു ലഭിച്ചുകൊണ്ടിരുന്നത്. മതപഠനം നടത്തുന്നതിനുവേണ്ടി ആരംഭിച്ച പഴയ സെമിനാരിയാണ് പിന്നീട്, മതേതര ആധുനിക വിദ്യാഭ്യാസം നല്‍കണമെന്ന വ്യവസ്ഥയില്‍ സര്‍ക്കാരില്‍നിന്നു കൂടുതല്‍ ധനസഹായം സ്വീകരിച്ചുകൊണ്ട് സി.എം.എസ്. കോളേജായി രൂപാന്തരം പ്രാപിച്ചത്.
ഇതുപോലെ ഉദാഹരണങ്ങള്‍ നിരവധിയാണ്. 1921–ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ദാനമായി നല്‍കിയ 18 ഏക്കര്‍ സ്ഥലത്ത് നിന്നിരുന്ന തിരുവിതാംകൂറിലെ പ്രഥമ കോടതി സമുച്ചയത്തിലാണ് ആലുവ യു.സി. കോളേജ് ആരംഭിക്കുന്നത്. ആ കോടതി സമുച്ചയം ഇന്ന് കച്ചേര്‍ മാളിക എന്ന പേരില്‍ കേരള സര്‍ക്കാര്‍ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഒരു സംരക്ഷിത പൈതൃകമായി സജീവ ക്‌ളാസ്‌സ്മുറികളായി കോളേജിന്റെ ഹൃദയഭാഗത്തുതന്നെ ഇന്നും പ്രവര്‍ത്തിക്കുന്നു. 1948–ല്‍ തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ട എം.ജി. കോളേജിനാകട്ടെ, നഗരത്തില്‍ ഹൃദയഭാഗത്ത് 48 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയത്. അതേവര്‍ഷം തന്നെ കൊല്ലത്ത് എസ്.എന്‍. കോളേജ് ആരംഭിച്ചതാകട്ടെ, സര്‍ക്കാര്‍ വകയായ 30 ഏക്കറോളം വിസ്തൃതമുള്ള കന്റോണ്‍മെന്റ് മൈതാനത്താണ്. ഉത്തര കേരളത്തിലും ഇതിനു സമാനമായ രീതിയിലാണ് കോളേജുകള്‍ സ്ഥാപിക്കപ്പെട്ടത്. 1965–ല്‍ ധര്‍മ്മിഷ്ഠനായ വി.എസ്. ശിവരാമകൃഷ്ണ അയ്യര്‍ നല്‍കിയ 50,000/– രൂപ ഉപയോഗിച്ചാണ് പയ്യന്നൂര്‍ കോളേജിനുവേണ്ടി 157 ഏക്കര്‍ വിസ്താരമുള്ള സ്ഥലം വാങ്ങിയത്. അതുപോലെതന്നെ പി.എം. തിരുമുല്‍പ്പാട് സംഭാവനയായി നല്‍കിയ സ്ഥലത്താണ്, മഞ്ചേരിയിലെ എന്‍.എസ്.എസ്. കോളേജ് സ്ഥാപിക്കപ്പെട്ടത്. 
1940–കളില്‍ എന്‍.എസ്.എസ്. ആരംഭിച്ച മൂന്നു കോളേജുകള്‍ക്കുവേണ്ടി (തിരുവനന്തപുരം, പന്തളം, ചങ്ങനാശ്ശേരി) കാര്‍ഷിക ഉല്‍പ്പന്നപ്പിരിവിലൂടെ ഏതാണ്ട് 6.5 ലക്ഷം രൂപയാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി സമുദായാംഗങ്ങളില്‍നിന്നു പിരിച്ചെടുത്തത്. വ്യക്തിഗത സംഭാവനകളിലൂടെ ആവശ്യമായ തുക പിരിഞ്ഞുകിട്ടാതെ വന്നപ്പോള്‍ രൂപപ്പെട്ട ആശയമാണ് ഉല്‍പ്പന്ന പിരിവ് (Produce Collection). ചേര്‍ത്തല താലൂക്കിലെ തേങ്ങാപിരിവോടുകൂടിയാണ് ഇതാരംഭിക്കുന്നത്. രണ്ട് തെങ്ങിന് ഒരു തേങ്ങാ എന്ന കണക്കിന് എല്ലാ നായര്‍ ഭവനങ്ങളില്‍നിന്നും ഗ്രഹനായിക ഉല്‍പ്പന്നമോ തത്തുല്യമായ തുകയോ എന്‍.എസ്.എസ്. പ്രവര്‍ത്തകരെ ഏല്‍പ്പിച്ചിരുന്നു. ഇരുപതോളം താലൂക്കില്‍ ഈ രീതി പരീക്ഷിക്കപ്പെട്ടു. പിരിവിനുവേണ്ടി ഭവനസന്ദര്‍ശനം നടത്തുന്നവര്‍ക്കു പാടുന്നതിനുവേണ്ടി പന്തളം കെ.പി. രാമന്‍പിള്ള സുപ്രസിദ്ധമായ ചില ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരുന്നു. 1964–ല്‍ സംസ്ഥാന സര്‍ക്കാര്‍ ദാനമായി നല്‍കിയ 26 ഏക്കര്‍ സ്ഥലത്താണ് ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ് ആരംഭിച്ചത്. ചേളന്നൂര്‍ ശ്രീനാരായണ വിദ്യാഭ്യാസ സമിതി സംഭാവനയായി നല്‍കിയ 67 ഏക്കര്‍ സ്ഥലത്ത് ചേളന്നൂര്‍ എസ്.എന്‍. കോളേജ് കോഴിക്കോട് സ്ഥാപിക്കപ്പെട്ടു.
1968–ല്‍ പ്രവര്‍ത്തനമാരംഭിച്ച പൊന്നാനി എം.ഇ.എസ്. കോളേജ് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്., പൊന്നാനിക്കാരനായ മന്ത്രി ഇ.കെ. ഇമ്പിച്ചിബാവ, വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ്‌കോയ എന്നിവരുടെ പിന്തുണയും സഹായവും കൊണ്ടാണ് നിലവില്‍ വന്നത്. സര്‍ക്കാര്‍ ഭൂമിയില്‍നിന്നും 35 ഏക്കര്‍ പാട്ടമായി കോളേജിനു നല്‍കി. ജനങ്ങളില്‍നിന്ന് അന്നു പിരിച്ചെടുത്ത ഒരു ലക്ഷം രൂപയാണ് കോളേജിനുവേണ്ടി ചെലവഴിച്ചത്. 
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനായുള്ള വിഭവസമാഹരണത്തിന്റെ കാര്യത്തില്‍ ക്രൈസ്തവ മാനേജുമെന്റുകള്‍ വിവിധ തട്ടുകളിലായിരുന്നു. തൃശ്ശൂര്‍, പാലാ, ചങ്ങനാശ്ശേരി തുടങ്ങിയ സമ്പന്ന കത്തോലിക്കാ രൂപതകള്‍ തനതായ സാമ്പത്തിക സ്രോതസ്സുകള്‍ ഉപയോഗിച്ചു കോളേജുകള്‍ ആരംഭിച്ചു. എന്നാല്‍, മറ്റു കത്തോലിക്കാ രൂപതകള്‍ക്കും കത്തോലിക്കേതര വിഭാഗങ്ങള്‍ക്കും ഈ രംഗത്തു വിഭവം കണ്ടെത്താന്‍ ഏറെ ക്‌ളേശിക്കേണ്ടിവന്നു. വാര്‍ഷിക പെരുന്നാള്‍ സമയത്തു വിശ്വാസികള്‍ കൈയയച്ചു സഹായിച്ചതിന്റെ ഫലമായി ലഭിച്ച പണം കൊണ്ടു ചില ഇടവക പള്ളികള്‍ കോളേജുകള്‍ ആരംഭിച്ച ചരിത്രമുണ്ട് കേരളത്തില്‍. അരുവിത്തറ, എടത്വാ, മണര്‍കാട് പള്ളികളിലെ വരുമാനം യഥാക്രമം അരുവിത്തറ സെന്റ് ജോര്‍ജ്ജ് കോളേജ്, എടത്വാ സെന്റ് അലോഷ്യസ് കോളേജ്, മണര്‍കാട് സെന്റ് മേരീസ് കോളേജ് എന്നിവയുടെ സ്ഥാപനത്തിനും വളര്‍ച്ചയ്ക്കും ഇടയാക്കി. 
1952–ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്നും ലഭിച്ച അഞ്ചു ലക്ഷം രൂപയുടെ സഹായധനമാണ് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിന്റെ വളര്‍ച്ചയ്ക്കു കരുത്തുപകര്‍ന്നത്. 1940–കളില്‍ നിലവില്‍വന്ന എസ്.എച്ച്. കോളേജ് തേവര (1944), സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് എറണാകുളം (1949) എന്നിവയും വിവിധ സമുദായങ്ങളുടെ പ്രയത്‌നവും സമൂഹത്തിന്റെ പൊതു ആസ്തിയും ഉപയോഗിച്ചു കെട്ടിപ്പൊക്കിയവയാണ്. അറുപതുകളില്‍ മുസ്‌ലിം വിദ്യാഭ്യാസ സൊസൈറ്റി (ഇ.എം.എസ്.) മമ്പാട് (1965), പൊന്നാനി (1968) എന്നീ സ്ഥലങ്ങളില്‍ ആരംഭിച്ച എം.ഇ.എസ്. കോളേജുകള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് മുസ്‌ലിം സമുദായത്തിന്റെ രംഗപ്രവേശത്തിനു തുടക്കം കുറിച്ചു. 
സാമൂഹ്യലക്ഷ്യം ലാക്കാക്കി സര്‍ക്കാരിനൊപ്പം നിന്നു സമൂഹത്തില്‍ ഉയര്‍ന്നുവന്ന സ്ഥാപനങ്ങളായിരുന്നു ഇവയെല്ലാം. കോളേജുകളുടെ ആവര്‍ത്തന ചെലവ്. 1962 വരെ കോളേജുകള്‍ അദ്ധ്യാപകരുടേയും മറ്റും ശമ്പളത്തിനുള്ള ചെലവുകള്‍ക്കാവശ്യമായ തുക വിദ്യാര്‍ത്ഥികളില്‍നിന്നു ഫീസിനത്തില്‍ ഈടാക്കിയിരുന്നു. ഈ കാലഘട്ടത്തില്‍ കേരളത്തില്‍ 36 സ്വകാര്യ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1962 മുതല്‍ 1972 വരെ ഉള്ള കാലം ഗ്രാന്റ്–ഇന്‍ എയ്ഡിന്റെ കാലഘട്ടമായിരുന്നു. 
സര്‍ക്കാര്‍ ഒരു നിശ്ചിത സംഖ്യ മതേതര വിദ്യാഭ്യാസം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും നല്‍കിയിരുന്ന സംവിധാനമാണ് ഗ്രാന്റ്–ഇന്‍–എയ്ഡ് എന്ന പേരില്‍ 1962 ഏപ്രില്‍ ഒന്നിനു നിലവില്‍ വന്നത്. അദ്ധ്യാപകരുടെ ശമ്പളം, കെട്ടിടങ്ങളുടെ മെയിന്റനന്‍സ്, ലൈബ്രറി–ലബോറട്ടറി ആവശ്യം എന്നിങ്ങനെ മൂന്നു തരം ഗ്രാന്റുകളാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. അദ്ധ്യാപകരും മാനേജ്‌മെന്റുകളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കു സാക്ഷ്യം വഹിച്ച കാലഘട്ടമായിരുന്നു ഇത്. സര്‍ക്കാര്‍–സ്വകാര്യ കോളേജുകളുടെ ഫീസ് ഏകീകരണം ആവശ്യപ്പെട്ട് അദ്ധ്യാപകര്‍ പ്രക്ഷോഭരംഗത്ത് വന്നതും ഈ കാലഘട്ടത്തിലായിരുന്നു. ഏതാണ്ട് മൂന്നു മാസം നീണ്ടുനിന്ന സമരത്തിന്റെ അവസാനം സംസ്ഥാന സര്‍ക്കാരും മാനേജ്‌മെന്റുകളും ഡയറക്ടര്‍ പെയ്‌മെന്റ് എഗ്രിമെന്റില്‍ (1972) എത്തിച്ചേരുകയുണ്ടായി. 
ഇതോടുകൂടി അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും ശമ്പളവും ലൈബ്രറി, ലബോറട്ടറി മെയ്ന്റനന്‍സ് ചെലവുകള്‍ മുതലായവയും സര്‍ക്കാര്‍ നല്‍കിത്തുടങ്ങി. വിവിധ വിഭാഗത്തില്‍ (ജനറല്‍, കമ്യൂണിറ്റി എസ്.സി/എസ്.ടി)പ്പെട്ട 80 ശതമാനത്തോളം വിദ്യാര്‍ത്ഥി പ്രവേശനവും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ കോളേജുകളില്‍ നടപ്പിലാക്കാന്‍ ഇടയാക്കിയ സുപ്രധാനവും ചരിത്രപരവുമായ പങ്ക് വഹിച്ചത് ഈ നിയമനടപടിയാണ്. പൊതുസമൂഹത്തിന്റെ ധനസഹായം നല്‍കി ഒപ്പം നിയന്ത്രണത്തിന്റെ ചട്ടക്കൂട്ടില്‍ സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികളെ നിലനിര്‍ത്തിയെന്നതാണ് ഈ നിയമത്തിന്റെ ഏറ്റവും വലിയ സവിശേഷത. തുടര്‍ന്ന് ഉണ്ടായിട്ടുള്ള യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ സാമൂഹ്യനീതിയെ ഉന്നത വിദ്യാഭ്യാസരംഗത്തെ ഗുണമേന്‍മാ സങ്കല്‍പ്പങ്ങളുമായി കൂട്ടിയിണക്കാന്‍ ശ്രമിച്ചു എന്നതാണ് യഥാര്‍ത്ഥ വസ്തുത. 2010–11 കാലയളവില്‍ സംസ്ഥാനത്തെ പ്രമുഖ സര്‍വ്വകലാശാലകള്‍ (കേരള, മഹാത്മാഗാന്ധി, കോഴിക്കോട്) ബിരുദ ബിരുദാനന്തര തലത്തിലെ വിദ്യാര്‍ത്ഥി പ്രവേശനം ഏകജാലക സമ്പ്രദായത്തില്‍ കൊണ്ടുവന്നത് വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ കൂടുതല്‍ സുതാര്യതകളും ജനാധിപത്യവല്‍ക്കരണത്തിനും ഇടയാക്കി. 
കേന്ദ്ര ഫണ്ടിങ്ങ് ഏജന്‍സികളായ യു.ജി.സി., ഐ.സി.എസ്.എസ്.ആര്‍. അദ്ധ്യാപകരില്‍നിന്നും വിദ്യാര്‍ത്ഥികളില്‍നിന്നും സമാഹരിച്ച സംഭാവന, സര്‍ക്കാരില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും ലഭിച്ചവ ഇവയ്‌ക്കെല്ലാം കൂടിയാകുമ്പോള്‍ കേരളത്തിലെ സ്വകാര്യ എയ്ഡഡ് കോളേജുകളുടെ മൂലധന അടിത്തറ കൂടുതല്‍ ഭദ്രമാക്കുന്നു. പൊതു–സ്വകാര്യ പങ്കാളിത്തം ഇപ്പോള്‍ വികസനത്തിന്റെ സൂത്രവാക്യമായി അംഗീകരിക്കുകയാണല്ലോ. എന്നാല്‍, കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ഇടയാക്കിയത് പതിറ്റാണ്ടുകളായി ഈ അപ്രഖ്യാപിത പൊതു–സ്വകാര്യ പങ്കാളിത്ത സംവിധാനമാണ്. 
പേരിനു സ്വകാര്യമെങ്കിലും കേരളത്തിലെ പല വിദ്യാഭ്യാസസ്ഥാപനങ്ങളും പൊതുസമൂഹം നല്‍കിയ മൂലധന അടിത്തറയില്‍ കെട്ടിപ്പൊക്കിയവയാണ്. ഈ പൊതു ആസ്തികളുടെ ശക്തവും അതേസമയം നിശ്ശബ്ദവുമായ സ്വകാര്യവല്‍ക്കരണമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് ഭൂമിപ്രശ്‌നം ഈ കാര്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 

സ്വകാര്യവല്‍ക്കരണത്തിന്റെ വഴികള്‍
ഉന്നത വിദ്യാഭ്യാസരംഗത്തെ മുതല്‍മുടക്കിനെ ബാദ്ധ്യതയായി ചിത്രീകരിക്കുന്ന സമീപനമാണ് സര്‍ക്കാരുകള്‍ പലപ്പോഴും സ്വീകരിക്കുന്നത്. 2001 ജൂണില്‍ കേരളസര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം ഇതിനു നല്ലൊരു ഉദാഹരണമാണ്. ധവളപത്രത്തിലെ പല നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നയങ്ങളായി സംസ്ഥാനത്തു നടപ്പിലാക്കിയെന്നതാണ് വസ്തുത. പുതിയ കോഴ്‌സുകളും ബാച്ചുകളും സ്വാശ്രയ സമ്പ്രദായത്തില്‍ മാത്രം ആരംഭിക്കുക, പുതിയ സ്വാശ്രയ കോളേജുകള്‍ ആരംഭിക്കുക, അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക ഭദ്രതയുള്ള കോളേജുകള്‍ക്കു സ്വയംഭരണ പദവി നല്‍കുക എന്നിവ ധവളപത്രത്തിലെ നിര്‍ദ്ദേശങ്ങളായിരുന്നു. പ്രീ-ഡിഗ്രി കോഴ്‌സുകള്‍ പുന:സംഘാടനത്തിന്റെ ഫലമായി കോളേജുകളില്‍ അധികം വന്ന ഭൗതിക–മാനവ വിഭവങ്ങളുടെ അധിക സാമ്പത്തിക ബാദ്ധ്യത കൂടാതെ ഈ രംഗത്ത് ഉപയോഗിക്കാനുള്ള അവസരത്തിലാണ്, പൊതുസ്ഥാപനങ്ങളില്‍ സ്വാശ്രയ സംവിധാനം വളരാന്‍ സര്‍ക്കാര്‍ വ്യഗ്രത കാട്ടിയത്. 
കേരളത്തിലെ സര്‍വ്വകലാശാല–കോളേജ് സംവിധാനത്തെ അതിനുള്ളില്‍നിന്നുതന്നെ തകര്‍ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്. തങ്ങളുടെ അധികാര മേഖലയ്ക്കപ്പുറത്തേയ്ക്കു കച്ചവട അടിസ്ഥാനത്തില്‍ വിദ്യാഭ്യാസം വ്യാപിക്കുന്നതിന് ഇവര്‍ മത്സരിച്ചു മുന്നേറി. യു.ജി.സിയുടെ വിലക്കുകള്‍ ലംഘിച്ചുകൊണ്ടു സ്വകാര്യ ഏജന്‍സികളുമായി ലാഭം പങ്കുവെച്ചു വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ വിദേശത്തും സ്വദേശത്തും പ്രവര്‍ത്തിച്ചതു വിദൂര വിദ്യാഭ്യാസം തേടുന്ന അസംഘടിതരായ വിദ്യാര്‍ത്ഥികളെ കറവപ്പശുക്കളാക്കിക്കൊണ്ട് സാമ്പത്തികമായ ചൂഷണം ചെയ്യുന്നത് ഏറ്റക്കുറവുകളോടെ എല്ലാ സര്‍വ്വകലാശാലകളും കേരളത്തില്‍ നടപ്പിലാക്കി. 
ഇത്തരം ശ്രമങ്ങള്‍ യൂണിവേഴ്‌സിറ്റികളുടെ വിശ്വാസ്യതയും ധാര്‍മ്മികാടിത്തറയും തകര്‍ക്കുമെന്നു മാത്രമല്ല, സാമൂഹിക നീതിയിലധിഷ്ഠിതമായ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ സാര്‍വ്വത്രീകരണം അസാധ്യമാക്കി തീര്‍ക്കുകയും ചെയ്തു. സര്‍ക്കാര്‍ ധനസഹായം വെട്ടിക്കുറക്കുന്നതിന്റെ മറവില്‍ സ്വാശ്രയ കോഴ്‌സുകളുടെ നടത്തിപ്പുകാരായി മുന്നോട്ടു വന്ന യൂണിവേഴ്‌സിറ്റികളും കോളേജുകളും സ്വാശ്രയ സമ്പ്രദായത്തെ നിയന്ത്രിക്കാനുള്ള ധാര്‍മ്മികവും പലപ്പോഴും നിയമപരവുമായ അടിത്തറ കളഞ്ഞുകുളിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. അടുത്തകാലത്ത് യു.ജി.സിയും കോടതികളും സ്വീകരിച്ച ശക്തമായ നിലപാട് വിദൂര വിദ്യാഭ്യാസരംഗത്തെ അതിര്‍ത്തികടന്നുള്ള സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരിധിവരെ കടിഞ്ഞാണ്‍ ഇട്ടിട്ടുണ്ടെന്നുള്ളത് ആശ്വാസകരമാണ്. 

എയ്ഡഡ് കോളേജുകളിലെ അണ്‍ എയ്ഡഡ് കോഴ്‌സുകള്‍
ഈ പ്രശ്‌നം ഉളവാക്കുന്ന സ്ഥിതിവിശേഷം കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തു ശരിയായ രീതിയില്‍ അപഗ്രഥനത്തിനു വിധേയമാക്കിയിട്ടില്ല. കേരളത്തിലെ സര്‍ക്കാര്‍–എയ്ഡഡ് കോളേജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ കടന്നുവന്നത് ഇത്തരം പൊതുസ്ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളിലും പ്രവര്‍ത്തന സ്വഭാവത്തിലും വലിയ വ്യതിയാനങ്ങളാണ് ഉണ്ടാക്കിയത്. യു.ജി.സി മുന്നോട്ടുവെച്ച തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് ഇത്തരം കോഴ്‌സുകള്‍ക്കു സമൂഹ അംഗീകാരം നേടിക്കൊടുത്തത്. അഞ്ചു വര്‍ഷത്തേക്കു മാത്രമാണ് യു.ജി.സി. ഇത്തരം കോഴ്‌സുകള്‍ക്കു ധനസഹായം നല്‍കിയിരുന്നത്. 
സംസ്ഥാന സര്‍ക്കാര്‍ ഈ കോഴ്‌സുകള്‍ക്കു ധനസഹായം നല്‍കിയിരുന്നില്ല. അങ്ങനെ കാലക്രമത്തില്‍ ഇത്തരം കോഴ്‌സുകള്‍ സര്‍ക്കാര്‍–എയ്ഡഡ് കോളേജുകളില്‍ സ്വാശ്രയ കോഴ്‌സുകളായി നിലയുറപ്പിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ ഓട്ടോണമസ് പദവി സംബന്ധിച്ച അധ്യാപകരുടേതും വിദ്യാര്‍ത്ഥികളുടേതും പ്രക്ഷോഭത്തിന്റെ ഒത്തുതീര്‍പ്പിലെ ഒരു പ്രധാന വ്യവസ്ഥ തന്നെ ഇത്തരം തൊഴിലധിഷ്ഠിത കോഴ്‌സുകളെ എയ്ഡഡ് കോഴ്‌സാക്കാമെന്നുള്ളതായിരുന്നു. പ്രീഡിഗ്രി കോഴ്‌സുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കിയതിന്റെ ഫലമായി അധികം വന്ന അദ്ധ്യാപകരേയും ജീവനക്കാരേയും നിലനിര്‍ത്താന്‍ ആരംഭിച്ച കോഴ്‌സുകള്‍ എയ്ഡഡ് കോഴ്‌സുകളായി ആരംഭിച്ചെങ്കിലും സ്വാശ്രയ അടിസ്ഥാനത്തില്‍ നടത്തുവാന്‍ സര്‍ക്കാര്‍ തന്നെ അനുമതി നല്‍കിയിരുന്നു. പിന്നീട് ആരംഭിച്ച കംപ്യൂട്ടര്‍, മാനേജ്‌മെന്റ്, ബയോടെക്‌നോളജി തുടങ്ങിയ ആധുനിക മാനേജ്‌മെന്റ്/ശാസ്ത്രകോഴ്‌സുകളെല്ലാം തന്നെ സ്വാശ്രയ സമ്പ്രദായത്തിലാണ് എയ്ഡഡ് കോളേജുകളില്‍ ആരംഭിച്ചത്. ഇത്തരം കോഴ്‌സുകളെ അക്കാദമിക ഉള്ളടക്കത്തെ സംബന്ധിച്ച പ്രത്യേക ചര്‍ച്ചതന്നെ നടത്തേണ്ടതാണ്. 
പരിമിതികള്‍ ഉണ്ടെങ്കില്‍പ്പോലും വിദ്യാര്‍ത്ഥിപ്രവേശനത്തിനും അദ്ധ്യാപക നിയമനത്തിലും സാമൂഹിക നിയന്ത്രണത്തിന്റേയും യോഗ്യതയുടേയും മാനദണ്ഡങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍–യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ നിലനില്‍ക്കുന്ന മേഖലയാണ് എയ്ഡഡ് കോളേജ് മേഖല. എന്നാല്‍, യു.ജി.സി–സ്‌പോണ്‍േസഡ്, തൊഴിലധിഷ്ഠിതം, പുത്തന്‍തലമുറ, അദ്ധ്യാപകരെ സംരക്ഷിക്കല്‍ എന്നീ വിഭാഗത്തില്‍ ആരംഭിച്ച സ്വാശ്രയ കോഴ്‌സുകള്‍ എയ്ഡഡ് മേഖലയിലെ സാമൂഹ്യനിയന്ത്രണവും ചട്ടങ്ങളും നിഷ്ഫലമാക്കി. പൊതു ആസ്തികള്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കും സാമുദായിക ഗ്രൂപ്പുകള്‍ക്കും കച്ചവട താല്‍പ്പര്യം മുന്‍നിര്‍ത്തി യഥേഷ്ടം വിനിയോഗിക്കാന്‍ അവസരം ലഭിച്ചു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അല്ല ഇവിടെ വര്‍ദ്ധിച്ചത്, മറിച്ച് സ്വകാര്യ മാനേജുമെന്റുകളുടെ സാമ്പത്തിക പേശികളാണ് കൊഴുത്തു തടിച്ചത്.
യു.ജി.സിയുടെ വിലക്ക് വരുന്നതുവരെ കേരളത്തിലെ അഫിലിയേറ്റഡ് കോളേജുകള്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിവിധ സര്‍വ്വകലാശാലകളുടേയും മറ്റും വിദൂര വിദ്യാഭ്യാസ കോഴ്‌സുകളുടെ പഠനകേന്ദ്രങ്ങളായിരുന്നു. സര്‍വ്വകലാശാലകള്‍ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായി വിഭാവനം ചെയ്തിരുന്ന വിദൂരപഠന സമ്പ്രദായത്തിന്റെ മറവിലാണ് ഈ കേന്ദ്രങ്ങള്‍ അഫിലിയേറ്റഡ് കോളേജുകളില്‍ പ്രവര്‍ത്തിച്ചിരുന്നത്. റഗുലര്‍ കോഴ്‌സുകളുടെ ഫീസിന്റെ ആറിലൊന്നു മാത്രമേ ഇത്തരം കോഴ്‌സുകള്‍ക്ക് ഈടാക്കാന്‍ പാടുള്ളൂ എന്ന ദേശീയ വിദൂര വിദ്യാഭ്യാസ കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കാതെയാണ്, റഗുലര്‍ കോഴ്‌സുകളുടെ തന്നെയോ അതിലധികമോ ഫീസ് വാങ്ങി ഈ കോഴ്‌സുകള്‍ പല സര്‍വ്വകലാശാലകളും നടത്തിവന്നത്. ഇങ്ങനെയുണ്ടാകുന്ന വരുമാനം സര്‍വ്വകലാശാലകളും കോളേജുകളും കച്ചവടാടിസ്ഥാനത്തില്‍ത്തന്നെ വീതം വയ്ക്കുകയായിരുന്നു. എയ്ഡഡ് മേഖലയ്ക്കായി പൊതുസമൂഹം സൃഷ്ടിച്ചെടുത്ത പശ്ചാത്തല സൗകര്യങ്ങള്‍ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കു നിഷേധിച്ചുകൊണ്ടുപോലുമായിരുന്നു കോളേജ് അധികാരികള്‍ ഇത്തരം കോഴ്‌സുകള്‍ നടത്തിയിരുന്നത്. 
സര്‍ക്കാര്‍ ഖജനാവില്‍നിന്നു ശമ്പളം പറ്റുന്ന അദ്ധ്യാപകരെ ഇവിടെ മാനേജ്‌മെന്റുകള്‍ സൗകര്യപൂര്‍വ്വം നിയോഗിക്കാറുണ്ട്. മാനേജ്‌മെന്റുകളുടെ 'നല്ല പുസ്തകത്തില്‍' കയറിപ്പറ്റാന്‍ അവസരം കാത്തിരിക്കുന്ന അദ്ധ്യാപകര്‍ ധാരളമുള്ള കോളേജുകളില്‍ ഇത് ഒരു നിയമലംഘനമായിപ്പോലും കരുതിയിരുന്നില്ല. നഗരപ്രദേശങ്ങളിലെ കോളേജുകളില്‍ ഇത്തരം വിദ്യാഭ്യാസ വിപണി ഇപ്പോഴും വളരെ സജീവം തന്നെയാണ്. നരേന്ദ്രന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്ന വിഭാഗങ്ങളുടെ കീഴിലുള്ള എയ്ഡഡ് സ്ഥാപനങ്ങള്‍ക്കു പിന്നോക്കക്കാര്‍ക്ക് എത്തിപ്പെടാന്‍ സാധ്യതയില്ലാത്ത വിദേശ യൂണിവേഴ്‌സിറ്റി/ഓഫ് ക്യാമ്പസ്/സ്വാശ്രയ കോഴ്‌സുകളോടാണ് കൂടുതല്‍ പ്രിയം. യു.ജി.സിയും സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി നിശ്ചിത കോളേജുകളുടെ പ്രവൃത്തിസമയം തന്നെ ചില കോളേജുകള്‍ ഇത്തരം കോഴ്‌സുകള്‍ നടത്തിപ്പിനായി മാറ്റിമറിച്ചത് അദ്ധ്യാപക–വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കും കോടതി ഇടപെടലിനും ഇടയാക്കിയിട്ടുണ്ട്. ഉച്ചയ്ക്കുശേഷമുള്ള സമയം സ്വാശ്രയ–ഓഫ് ക്യാമ്പസ് കോഴ്‌സുകള്‍ക്കായി പൂര്‍ണ്ണമായും മാറ്റി വയ്ക്കുകയെന്നതാണ് ഈ സമയമാറ്റത്തിന്റെ പൊരുള്‍. എയ്ഡഡ് മേഖല തകര്‍ക്കാന്‍ സര്‍ക്കാരിനേക്കാള്‍ വ്യഗ്രതകാണിക്കുന്ന ഇവര്‍ തങ്ങളുടെ സ്ഥാപനങ്ങളുടെ സ്ഥാപക ദൗത്യ(Mission Statement)ത്തെ തന്നെയാണ് നിരാകരിക്കുന്നതെന്നു തിരിച്ചറിയുന്നില്ല. തിരുവചനങ്ങളെക്കാള്‍ ഇവര്‍ക്കു ശക്തി നല്‍കുന്നതു കോടതി വിധികളാണ്. 

അക്രഡിറ്റേഷന്‍ ഏജന്‍സികളുടെ സ്വാധീനം
സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡുകളും നക്ഷത്രപദവികളും നല്‍കുന്ന ഏജന്‍സിയാണ്, നാഷണല്‍ അസസ്‌മെന്റ് ഓഫ് അക്രഡിറ്റേഷന്‍ കൗണ്‍സിലും (NAAC) നാഷണല്‍ ബോര്‍ഡ് & അക്രഡിറ്റേഷനും (NBA). പല കേന്ദ്രധന സഹായവും അക്രഡിറ്റേഷനുമായി ബന്ധപ്പെടുത്തിയാണ് വിതരണം ചെയ്യുന്നത്. ഇതിന്റെ ഫലമായി മാനേജ്‌മെന്റുകളും സര്‍വ്വകലാശാലകളും സര്‍ക്കാരും സ്ഥാപനങ്ങളില്‍ കൂടുതല്‍ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനു നിര്‍ബന്ധിതമായിട്ടുണ്ട്. ഇത്തരം ഏജന്‍സികളുടെ ഗുണമേന്മയെ സംബന്ധിച്ചു മാനദണ്ഡങ്ങള്‍ ഉന്നത വിദ്യാഭ്യാസരംഗത്തു കമ്പോളശക്തികള്‍ക്കു കടന്നുവരാനുള്ള പുത്തല്‍ വാതായനങ്ങള്‍ തുറന്നിരിക്കുകയാണ്. 
സര്‍ക്കാര്‍–എയ്ഡഡ് കോളേജുകളും സംസ്ഥാന സര്‍വ്വകലാശാലകളും സന്ദര്‍ശിക്കുമ്പോള്‍ സന്ദര്‍ശനസംഘം ചോദിക്കുന്ന പ്രധാനചോദ്യം വിവിധ പഠന വകുപ്പുകള്‍ സ്വന്തമായി എത്ര കോഴ്‌സുകള്‍ നടത്തുന്നു, എത്രമാത്രം വിഭവസമാഹാരണം ഇതിലൂടെ കൈവരിച്ചു എന്നും മറ്റുമാണ്. നമ്മുടെ ക്യാമ്പസുകളിലെ കച്ചവട പ്രവണതകളോടു കേരളത്തിലെ അക്കാദമിക് സമൂഹത്തിനുണ്ടായിരുന്ന എതിര്‍പ്പിന്റെ മുനയൊടിക്കാന്‍ 'നാക്ക്' പോലുള്ള ഏജന്‍സികളുടെ പ്രവര്‍ത്തനത്തിനു കഴിഞ്ഞു. 
വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തനം ഇല്ലാത്ത ക്യാമ്പസുകളെ ഇവര്‍ ശ്‌ളാഘിച്ചിരുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ ഗുണനിലവാരത്തെപ്പറ്റി പരിതപിക്കുന്നവര്‍ നാക്ക് മുതലായ ഏജന്‍സികള്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ ഉയര്‍ന്ന ഗ്രേഡുകളെ തള്ളിക്കളയുന്നുവെന്നുവേണം കരുതാന്‍. കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് അവസരം ഒരുക്കുന്ന ഓട്ടോണമസ്/ഡീംഡ് യൂണിവേഴ്‌സിറ്റി പദവികള്‍ നേടുന്നതിന് ഇത്തരം ഏജന്‍സികളുടെ സാക്ഷിപത്രം ഉപകരിക്കുമെന്നതാണ് സമകാലീന യാഥാര്‍ത്ഥ്യം. 
പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തെ അനിവാര്യതയായി കണക്കാക്കുന്ന പെ്‌ളയ്‌സ്‌മെന്റ് സെല്ലുകളുടെ പ്രവര്‍ത്തനം, അടിസ്ഥാന ശാസ്ത്ര സാമൂഹ്യ–മാനവിക വിഷയങ്ങള്‍ പഠിപ്പിക്കാന്‍ രൂപീകരിച്ചിട്ടുള്ള ആര്‍ട്ട്‌സ് & സയന്‍സ് കോളേജുകളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇവിടെ യഥാര്‍ത്ഥത്തില്‍ പുറത്തുവരുന്നത് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ സംബന്ധിച്ച് ഇതിന്റെ നടത്തിപ്പുകാരുടെ ഭാവനാശൂന്യമായ കാഴ്ചപ്പാടാണ്. സയന്‍സിലും സാമൂഹ്യശാസ്ത്ര ബിരുദ–ബിരുദാനന്തര കോഴ്‌സുകളില്‍ പഠിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ പെ്‌ളയ്‌സ്‌മെന്റിന്റെ പേരില്‍ നാട്ടിലെ രണ്ടാംകിട ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഇവയില്‍ ചിലതു രൂപാന്തരം പ്രാപിച്ച ബേ്‌ളഡ് കമ്പനികളാണ്–ഗുമസ്തന്മാരായി പിടിച്ചുകൊടുക്കുകയാണ്. 
ഈ വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനത്തിനും ഗവേഷണത്തിനും സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലോ ദേശീയതലത്തിലുള്ള ഗവേഷണ സ്ഥാപനങ്ങളിലെ സ്‌കോളര്‍ഷിപ്പോടുകൂടി പഠിക്കാന്‍ തക്ക സമര്‍ത്ഥരായിരിക്കും. നമ്മുടെ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ നമ്മള്‍ക്കു മികവിന്റെ കേന്ദ്രങ്ങളില്‍ ഉപരിപഠനത്തിന് എത്തിക്കാന്‍ കഴിയുന്നതാണ് ആ സ്ഥാപനത്തിന്റെ വിദ്യാഭ്യാസത്തിന്റെ കരുത്ത്. അല്ലാതെ പെ്‌ളയ്‌സ്‌മെന്റ് ജ്വരം ബാധിച്ചു സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ ചെറുകിട ഇടത്തരം കച്ചവടസ്ഥാപനങ്ങളിലേക്ക് ആട്ടിപ്പായിക്കല്ല ചെയ്യേണ്ടത്. കൊച്ചി സര്‍വ്വകലാശാലയിലോ ബാംഗ്‌ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലോ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി തൊഴിലിനെക്കുറിച്ച് ആര്‍ക്കും ആശങ്ക ഉണ്ടാകാറില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ പാരലല്‍ കോളേജുകളെയെല്ലാം ഒറ്റയടിക്ക് സ്വാശ്രയ കോളേജുകളാക്കിയ ഉന്നത വിദ്യാഭ്യാസ 'വിപ്‌ളവം' യഥാര്‍ത്ഥത്തില്‍ സാധാരണ ജനങ്ങളുടെ വിദ്യാഭ്യാസ സങ്കല്‍പ്പനങ്ങളെ മുഴുവന്‍ തകര്‍ത്തിരിക്കുകയാണ്. എറണാകുളം ജില്ലയില്‍ പുതുതായി പാരലല്‍ കോളേജുകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. 

ഉന്നത വിദ്യാഭ്യാസരംഗത്തെ ബി.ഒ.റ്റി
ഈ കാലഘട്ടത്തിന്റെ പൊതു സ്വകാര്യ പങ്കാളിത്ത വികസന മാതൃകയുടെ ഒരു വകഭേദമാണ് ബി.ഒ.റ്റി (Build Operate & Transfer) സമ്പദ്ഘടനയില്‍ ആഭ്യന്തര ഉല്‍പ്പാദനം ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിക്കുന്നുവെങ്കിലും സര്‍ക്കാരുകള്‍ പാപ്പരാണ്. ഇവിടെയാണ് പുതിയ വികസന സൂത്രവാക്യമായ ബി.ഒ.റ്റി പ്രസക്തമാകുന്നത്. സ്വകാര്യ സംരംഭകര്‍ നിര്‍മ്മിച്ചു പ്രവര്‍ത്തിച്ചു ലാഭമെടുത്തതിനുശേഷം പൊതുസമൂഹത്തിനു തിരിച്ചുനല്‍കുന്ന സമ്പ്രദായമാണിത്. എന്നാലിത് ഉന്നത വിദ്യാഭ്യാസരംഗത്തു കാണുന്നത് ബി.ഒ.റ്റിയുടെ വിപരീത പ്രവര്‍ത്തനമാണ് (Reverse BOT) പൊതുസമൂഹത്തിന്റെ ആസ്തികളില്‍ പടുത്തുയര്‍ത്തിയിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യൂണിവേഴ്‌സിറ്റി–സര്‍ക്കാര്‍ നിയമങ്ങള്‍ സൃഷ്ടിച്ച സാമൂഹ്യ നിയന്ത്രണവിധേയമായ പ്രവര്‍ത്തനഘട്ടത്തിന് അറുതിവരുത്തിയിരിക്കുന്നു. ഈ പൊതു ആസ്തികള്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ യാതൊരുവിധ നിയന്ത്രണത്തിനും വിധേയമാകാതെ വാണിജ്യാടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരു ഘട്ടത്തില്‍ എത്തിയിരിക്കുന്നു. 
ഇതു വിദ്യാഭ്യാസം ഉള്‍പ്പെടുന്ന സാമൂഹ്യ മേഖലയിലെ ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് (Social Sector disinvestment) തന്നെയാണ്. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ ഓഹരികളുടെ ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് തുടരുകയാണ്. ഇതിലൂടെ കോടികള്‍ കേന്ദ്രസര്‍ക്കാര്‍ ഖജനാവില്‍ എത്തിച്ചേരുന്നു. എന്നാല്‍, ഉന്നത വിദ്യാഭ്യാസരംഗത്തെ ഡിസ്ഇന്‍വെസ്റ്റ്‌മെന്റുകൊണ്ടു സര്‍ക്കാരിനു കാല്‍ക്കാശ് ലഭിക്കുന്നില്ല എന്നു മാത്രമല്ല, പൊതുസമൂഹത്തിനും സാധാരണ വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം സ്ഥാപനങ്ങള്‍ അപ്രാപ്യം ആകുന്ന സ്ഥിതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും അവസാനമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ പാട്ടവ്യവസ്ഥയില്‍ നല്‍കിയിരുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികള്‍ക്കു പതിച്ചുനല്‍കാന്‍ അടുത്തകാലത്തു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനം പൊതു ആസ്തികളുടെ സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടും 
ദേശീയതലത്തില്‍ 11–ാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തില്‍ യു.ജി.സി. മുന്നോട്ടുവച്ച അക്കാദമിക്–ഭരണപരിഷ്‌കാരങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് ശ്രമം നടത്തിയിരുന്നു. യു.ജി.സിയുടെ പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശിക്കുന്ന ബിരുദ–ബിരുദാനന്തര തലത്തിലെ കരിക്കുലം പരിഷ്‌കരണം, വിദ്യാര്‍ത്ഥി പ്രവേശനത്തിലെ സുതാര്യതയും ജനാധിപത്യവല്‍ക്കരണവും ഉറപ്പാക്കുന്ന ഏകജാലക സമ്പ്രദായം, പരീക്ഷ നടത്തിപ്പിലേയും ഫലപ്രഖ്യാപനത്തിലേയും സമയനിഷ്ഠയും കൃത്യതയും സര്‍വ്വകലാശാലയിലെ ഭരണതലത്തിലെ ആധുനികവല്‍ക്കരണം എന്നീ കാര്യങ്ങളില്‍ ബഹുദൂരം മുന്നോട്ടു പോകാന്‍ കഴിഞ്ഞിരുന്നു. യു.ജി.സി അവതരിപ്പിച്ച മാതൃക കരിക്കുലത്തിന്റേയും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്നോട്ടുവെച്ച കരിക്കുലം പുനഃസംഘടനാ സമിതിയുടെ (ബാംഗ്‌ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞനായ പ്രൊഫ. എം. വിജയന്‍ അദ്ധ്യക്ഷനായ സമിതി) റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലായിരുന്നു ഈ നവീകരണം. 
ക്രെഡിറ്റ്–സെമസ്റ്റര്‍ സമ്പ്രദായത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനു സ്ഥിരാദ്ധ്യാപക നിയമനം അനിവാര്യമാണെന്ന യാഥാര്‍ത്ഥ്യം സംസ്ഥാന സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നതും ഈ കാലഘട്ടത്തിലാണ്. ഏകദേശം ഒരു വ്യാഴവട്ടക്കാലം നിലനിന്നിരുന്ന അദ്ധ്യാപക നിയമന നിരോധനം പിന്‍വലിച്ച്, സര്‍ക്കാര്‍ കോളേജുകളില്‍ 800-ഉം എയ്ഡഡ് കോളേജുകളില്‍ 1600-ഉം അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പ്രീഡിഗ്രി പുനഃസംഘാടനത്തിനു ശേഷം കോളേജുകളില്‍ അനുവദിച്ച പല കോഴ്‌സുകളും സ്വാശ്രയാടിസ്ഥാനത്തിലായിരുന്നു നടത്തിയിരുന്നത്. എന്നാല്‍, കരിക്കുലം പരിഷ്‌കാരം സൃഷ്ടിച്ച അക്കാദമിക് സമ്മര്‍ദ്ദത്തിന്റെ ഫലമായി 1600 പുതിയ അദ്ധ്യാപക തസ്തികകള്‍ എയ്ഡഡ് കോളേജുകളില്‍ അനുവദിച്ചു. 1:30 എന്ന അധ്യാപക വിദ്യാര്‍ത്ഥി അനുപാതം അനുസരിച്ച് 1600 പുതിയ അദ്ധ്യാപകര്‍ എന്നത് 50,000-ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമായി നല്‍കുന്നതിനു തുല്യമാണെന്നു കണക്കാക്കാം. 
സ്വാശ്രയ കോളേജുകളും കോഴ്‌സുകളും മാത്രമാണ് നാട്ടിലെ വിദ്യാഭ്യാസത്തിന്റെ രക്ഷാമാര്‍ഗ്ഗം എന്ന് അംഗീകരിച്ച കാലത്താണ് ഈ മാറ്റത്തിനു കേരളത്തില്‍ കളമൊരുങ്ങിയത്. പുതിയ അദ്ധ്യാപക തസ്തികകള്‍ കോളേജുകളില്‍ അനുവദിച്ചവരും അത് അനുഭവിച്ചരും ഈ കാര്യം ഒരുപക്ഷേ, വിസ്മരിച്ചിരിക്കാം. ഈ കാലഘട്ടത്തില്‍ത്തന്നെയാണ് കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ഇരുപതോളം ബഹുവൈജ്ഞാനിക പഠനകേന്ദ്രങ്ങള്‍ അനുവദിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചത്. ഉന്നത വിദ്യാഭ്യാസ പൊതു സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനു മേല്‍വിവരിച്ച നടപടികള്‍ ഏറെ സഹായകരമായി. ബാംഗ്‌ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ പ്രൊഫസറും പ്രശസ്ത ചരിത്രകാരനുമായ രാജന്‍ ഗുരുക്കളുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ദേശീയ–പ്രദേശിക വിദ്യാഭ്യാസമണ്ഡലം രാഷ്ട്രപുരോഗതിക്കുവേണ്ടി അത്യവധാനതയോടെ ആസൂത്രണം ചെയ്യേണ്ട ഒന്നാണ്. പണമില്ലാന്നു പറഞ്ഞു മാറ്റിവെക്കേണ്ട ആവശ്യങ്ങളുടെ കൂട്ടത്തിലല്ല അനുപേക്ഷണീയങ്ങളുടെ കൂട്ടത്തിലാണ് വിദ്യാഭ്യാസ വികസനത്തെ കാണേണ്ടത്. ഉദ്യോഗസ്ഥര്‍ക്കാവട്ടെ, വിദ്യാഭ്യാസം എന്നും ചെലവിനമാണ്, അല്ലാതെ രാഷ്ട്രപുരോഗതിക്കുള്ള നിക്ഷേപമല്ല. മറിച്ച് തീരുമാനിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഈ രാജ്യത്തെ ഭരണകൂടത്തിന് ഒരുകാലത്തും ഉണ്ടായിട്ടില്ല. ചെറുത്തുനില്‍പ്പിന്റെ ചരിത്രമുള്ള പ്രദേശമാണ് കേരളം. പക്ഷേ, ഉദാരവല്‍ക്കരണം ദേശീയ നയമായതോടെ ഒരു പുനരുജ്ജീവനം ഏറെ ക്‌ളേശകരമാണ്.

(മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സിലര്‍ ആണ് ലേഖകന്‍. സമകാലിക മലയാളം വാരിക
മേയ് ഒന്ന് ലക്കത്തില്‍ എഴുതിയത്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com