ഉന്നം / വേണു ബാലകൃഷ്ണന്‍ എഴുതുന്ന കഥ

വെടിവയ്ക്കാന്‍ ഓര്‍ഡര്‍ തരുംമുന്‍പ് ഒന്നരമണിക്കൂറാണ് ലക്ഷ്മണയും വിജയനും വര്‍ഗീസുമായി സംസാരിച്ചത്. ഏത് ഉപാധിക്കു വഴങ്ങാഞ്ഞതിനാണ് വര്‍ഗീസ് വധിക്കപ്പെട്ടത്. ഹനീഫയ്ക്ക് അറിയില്ല
ഉന്നം / വേണു ബാലകൃഷ്ണന്‍ എഴുതുന്ന കഥ

►തോക്കും ചാരി ധ്രുവ് നിന്നു. എങ്ങോട്ടു വെടിവയ്ക്കണം. ജീവനെടുത്തില്ലെങ്കില്‍ പിന്നെ ഉന്നം കൊണ്ട് എന്തു ഫലം. ചിന്മയിയെ വേണമെങ്കില്‍ ഇപ്പോള്‍ പറഞ്ഞയയ്ക്കാം. പക്ഷേ, എന്തു കാരണത്താല്‍. വെടിവയ്ക്കാന്‍ കാരണം വേണോ? കാഞ്ചി വലിച്ചാല്‍ പോരേ? പോര. ഒരു കാരണം തലച്ചോറില്‍നിന്നു സഞ്ചരിച്ചു മനസ്‌സിനെ ശരിവച്ചു കൈകളിലൂടെ വിരല്‍ത്തുമ്പിലെത്തണം. തീരുമാനം മാത്രമാണ് ഉന്നം. കാരണമാണ് വെടിയുണ്ട. മരിക്കുന്നെങ്കില്‍ത്തന്നെ കാരണത്താലാണ് ചിന്മയി മരിക്കുന്നത്, തീരുമാനത്താലല്ല. പക്ഷേ, ധ്രുവ് ചിന്മയിയെ വിട്ടുകളഞ്ഞു. കൊന്നുകളയാന്‍ തക്ക കാരണമൊന്നും അയാളുടെ ഓര്‍മ്മക്കോഴി ചിക്കിയിട്ടു കണ്ടില്ല.
എങ്ങോട്ടു നോക്കിയാലും നിറയെ മരങ്ങളുള്ള പറമ്പില്‍നിന്നു ധ്രുവ് പിന്തിരിഞ്ഞു. തോക്കിന്റെ തോല്‍ബെല്‍റ്റ് കൈയിലൂടെ കടത്തി അയാള്‍ ചുമലിലേയ്ക്കിട്ടു. മൂന്നു തിരകള്‍ ഉള്‍ക്കൊള്ളുന്ന ഒരു നീണ്ട തോക്കായിരുന്നു അത്.

പട്ടാളത്തില്‍നിന്നു പിരിഞ്ഞ് ഒരുപാടു കാലം ഒറ്റയ്ക്കു താമസിച്ച ശേഷം ഒരു വൈകുന്നേരം മരിച്ചുപോയ ഒരു മേജറിന്റെ വീടാണ് ധ്രുവ് വാങ്ങിയത്. പട്ടാളക്കാരുടെ പ്രകൃതത്തിന് ഇണങ്ങും വണ്ണം എല്ലാ ആവശ്യങ്ങളും ദൂരെയായിരുന്ന ഒരു വീട്. ഒരു ചെറിയ വഴിയാണ് ഗേറ്റിനു പുറത്തുള്ളത്. അധികമാരും ആഗ്രഹിക്കാത്ത ഒരു ദിക്കിലേയ്ക്ക് ആരൊക്കെയോ നടന്നുപോയപ്പോഴുണ്ടായ ഒരു വഴി. അതിന്റെ അറ്റം ചെന്നുകിടക്കുന്നതു കുറേ കുറ്റിച്ചെടികള്‍ക്കിടയിലാണ്. ദിക്കു തീര്‍ന്നപ്പോള്‍ തിരിച്ചുവന്ന വഴി ഗേറ്റിനു മുന്നിലൂടെ കുറേ ദൂരം നീണ്ടു. അതുപക്ഷേ, വഴിപോക്കനെ വിഷമിപ്പിക്കാതെ വേഗം ചെന്നു റോഡില്‍ കയറും.
ദിക്കില്ലാതെ മേജറിന്റെ ഗേറ്റിനു മുന്നില്‍ ഒരു വശത്തേയ്ക്കു മാത്രം നീണ്ട വഴി ഉണ്ടയില്ലാത്ത തോക്കു പോലെ കിടന്നു. എന്നിട്ടും ഗേറ്റിന്റെ കാഞ്ചിവലിച്ചു കടന്നുവന്ന ധ്രുവിന് അവിടമെല്ലാം പഥ്യമായി. ഓണ്‍ലൈന്‍ ചാറ്റിങ്ങില്‍ ലണ്ടനിലെ മേജറിന്റെ മകനോടു വിലപേശാനും പോയില്ല. പറഞ്ഞ വില നല്‍കി. വീട്ടുസാമാനങ്ങള്‍ക്കു ചെക്കന്‍ വിലയിട്ടില്ല. അത് അയാള്‍ക്കു വെറുതേ കിട്ടി.

മേജറിന്റെ കിടക്കയില്‍ കയറിയിരുന്നു കൈകള്‍ പിന്നിലേയ്ക്കു കുത്തിയപ്പോഴാണ് ധ്രുവിന് ആദ്യമായി തോക്കു തടഞ്ഞത്. അതു രോമക്കമ്പിളി വിരിപ്പിനടിയില്‍ സുഖനിദ്രയിലായിരുന്നു. ഉറക്കച്ചടവോടെയാണ് തോക്ക് ആദ്യം ധ്രുവിന്റെ കൈകളില്‍ കയറിയിരുന്നത്. അത് അയാളെടുത്ത് ഉന്നം നോക്കി. ലണ്ടന്‍ മകന്റെ കളര്‍ഫോട്ടോയില്‍ ലക്ഷ്യം ഉറപ്പിച്ചു. ഒന്നാം നിലയിലെ മുറികളില്‍ ഒരുപാടു ഫോട്ടോകള്‍ ഉണ്ടായിരുന്നെങ്കിലും ആ ഒറ്റച്ചിത്രം മാത്രമായിരുന്നു കളര്‍ഫോട്ടോ. ധ്രുവ് വെടിയുതിര്‍ത്തില്ല. ജനലിലൂടെ പറമ്പിലേയ്ക്ക് ഒരു തിര പായിച്ചു. ഉന്നം തെറ്റിച്ചതിനോ തിര പാഴാക്കിയതിനോ മേജര്‍ ശകാരിച്ച മുഖഭാവം ധ്രുവിനു കൈവന്നു. ഇനി അങ്ങനെ ചെയ്യില്ലെന്ന കുറ്റസമ്മതത്തോടെ അദൃശ്യമായ ഒരു ശാസനയെ അനുസരിച്ച് ധ്രുവ് ആ തോക്കു തന്റെ ചുമലില്‍ തൂക്കി. തോല്‍ബെല്‍റ്റ് കൈയിലൂടെ കടത്തി പറമ്പില്‍നിന്നു പിന്‍വാങ്ങുമ്പോള്‍ അയാള്‍ തോളിലേയ്ക്കിട്ട അതേ തോക്ക്. ആകാശത്തേയ്ക്കു നോക്കി ആ ഒറ്റക്കണ്ണന്‍ അയാളുടെ തോളെല്ലില്‍ കടിച്ചുതൂങ്ങിക്കിടന്നു.
മിണ്ടാനും പറയാനും ഒന്നുമില്ലാതെ സാറെങ്ങനെ ഇവിടെ കഴിയുന്നു? ധ്രുവ് ചിരിച്ചു. ചിന്മയി പക്ഷേ, വിടാന്‍ ഭാവമില്ല.
മരിച്ചുപോയ മേജറും ഇങ്ങനെതന്നെയായിരുന്നു. ഒന്നും മിണ്ടില്ല. മിണ്ടാത്തവര്‍ മരിച്ചാലും അറിയില്ല സാറേ. വെള്ളിയാഴ്ച പനിച്ചിട്ടു പോയ ഞാന്‍ പിന്നെ തിങ്കളാഴ്ചയാ ഈ വഴി വന്നെ. അന്നു വന്നതുകൊണ്ട് കണ്ടു. രണ്ടു ദിവസമായിരുന്നു ജീവന്‍ പോയിട്ട്.


ചിന്മയി നടന്നകന്നു. വള്ളികളുടെ പിടിവിട്ട ഒരു കാറ്റ് ഗേറ്റു കടക്കും വരെ അവളുടെ പിറകേ പാഞ്ഞ് ആയം കുറഞ്ഞു വെറും നിലത്തു വീണു. ആരും എടുത്തുകൊണ്ടു പോകാനില്ലാതെ കിടന്ന വെയിലിന്റെ ചുവടെ.
മേജറിന്റെ മകനായിരുന്നില്ല ലണ്ടന്‍കാരന്‍. മരിച്ചപ്പോഴും വന്നില്ല. ആരും വരാനില്ലെന്ന ഉറപ്പോടെയാണ് മരണം വന്നത്. അതും ഒരുപാട് ദൂരത്തുനിന്നല്ല വന്നതും. മരണം അവിടൊക്കെത്തന്നെ ഉണ്ടായിരുന്നു. 
ചില ദിവസങ്ങളില്‍ ഇന്നു ഞാന്‍ മരിക്കും എന്നു കരുതി മേജര്‍ ജീവിച്ചിരുന്നു. ആട് പ്‌ളാവില ഒഴിച്ചു മറ്റ് ഇലകള്‍ മണത്തുകളയും പോലെ ആ ദിവസങ്ങളെ മരണവും മണത്തുനോക്കി വിട്ടു.
മരിച്ചപ്പോഴോ. ചിന്മയി പറയും പോലെ രണ്ടു ദിവസമായിരുന്നു ജീവന്‍ പോയിട്ട്. ചിന്മയി കണ്ടതുകൊണ്ടു മേജര്‍ മരിച്ചു. ആരെങ്കിലും കണ്ടെങ്കിലേ മരിക്കാന്‍ കഴിയൂ.
ബ്‌ളഡീ... അതു നീയാണോ തീരുമാനിക്കുന്നത്. നീ തന്നെ ചെയ്യണം. (വയനാട്, 1970). ശൂര്‍ണോ: ബൗ... ബൗ... ശൂര്‍ണോ കമോണ്‍ (തിരുനെല്ലി, ഫെബ്രുവരി 18). ശിവരാമാ... നീ എന്നെ ചതിച്ചോ (6.55).
സഖാവ് വര്‍ഗീസിനെ ലക്ഷ്മണയുടെ ഉത്തരവു പ്രകാരം വെടിവച്ചു കൊലപ്പെടുത്തിയെന്ന് രാമചന്ദ്രന്‍നായര്‍ വെളിപ്പെടുത്തിയ ശേഷമാണ് എന്‍.വി. പീടികയിലിന്, ധ്രുവിന്റെ അച്ഛന് സംസാരശേഷി പോയത്. അറുപത്തിമൂന്നു വര്‍ഷമായി വര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്ന തൊണ്ട വെടിയുണ്ടയേറ്റ തുരങ്കം കണക്ക് അയാളുടെ കഴുത്തില്‍ തറഞ്ഞിരുന്നുപോയി. അതിലൂടെ നീണ്ട ഏമ്പക്കങ്ങള്‍ മാത്രം തീവണ്ടിപോലെ വല്ലപ്പോഴും വന്നുപോയി.
ഇരുപത്തിയെട്ടു വര്‍ഷം വര്‍ഗീസ് വേട്ടയുടെ കഥ പലരോടായി പറഞ്ഞിട്ടുണ്ടു പീടികയില്‍. പൊട്ടിയ ഉണ്ടകളുടെ എണ്ണം ഉള്‍പ്പെടെ ഒരു പൊരുത്തക്കേടും വരുത്താതെ. അപ്പോഴും പീടികയില്‍ ഒരാളെ സംശയിച്ചിരുന്നു. ഒരു ദിവസം അവന്‍ അതു പറയും. അയാള്‍ക്ക് അറിയാം. വര്‍ഷം 98-ലേയ്ക്കു കടന്നപ്പോള്‍ അതു സംഭവിക്കുകയും ചെയ്തു.
പീടികയിലിനെ കാണാന്‍ അന്നു പലരും പുറത്തു തിരക്കുകൂട്ടി. ആരെയും കാണേണ്ടെന്നു പറഞ്ഞ് അയാള്‍ അകത്ത് അടച്ചിരിപ്പായി. ആ ഇരിപ്പില്‍ 1998-നെ പീടികയില്‍ തുറിച്ചുനോക്കി. ലാത്തിയുടെ നേര്‍വര. ഇടികൊണ്ടു വളഞ്ഞുകുത്തിയിരിക്കുന്ന തടവുപുള്ളികള്‍. ഇണചേര്‍ന്നു കിടക്കുന്ന കൈവിലങ്ങ്.
പീടികയില്‍ പതുക്കെ കണ്ണുകളടച്ചു. മുങ്ങിത്താഴുന്ന ബോട്ടില്‍നിന്നു പല ദിക്കിലേയ്ക്ക് ഒഴുകുന്ന സാധനങ്ങള്‍പോലെ ബാക്കി വിചാരങ്ങളെല്ലാം അയാളെ വിട്ടകന്നു. പൊലീസ് ക്യാമ്പുകളുടെ തറയിലെ തണുപ്പ് അയാളുടെ തലയ്ക്കകത്തുകൂടി നടക്കാന്‍ തുടങ്ങി. നിലവിളികള്‍ കൂട്ടിയിടിച്ച് ഒരുത്തന്റെ നെറ്റിയില്‍നിന്ന് ഒരു പിത്തളമൊന്ത പുറത്തു ചാടി. കാക്കിനിറമുള്ള ഭയം തുടയിടുക്കില്‍ ഉറങ്ങിക്കിടന്ന ഒരുവന്റെ നക്രത്തെ വിറപ്പിച്ചു. കൃത്യം നടന്ന സ്ഥലങ്ങളില്‍ പഴുതുണ്ടാക്കാന്‍ വിരുതുണ്ടായിരുന്ന പീടികയിലിന് അന്നുണ്ടാക്കിയ സീന്‍ മഹസറുകള്‍ തന്നോടു പ്രതികാരം ചെയ്യുകയാണെന്നു തോന്നി.


ധ്രുവ് പട്ടാളത്തില്‍ ചേരുന്ന ദിവസമാണ് വര്‍ഗീസ് വേട്ടക്കഥ പെരുംനുണയായി ആ വീട്ടില്‍ നിറഞ്ഞുനിന്നത്. അതിലൂടെ ഞെരുങ്ങിയാണ് ധ്രുവ് പെട്ടിയുമെടുത്തു പുറത്തിറങ്ങിയത്. ഒരു കൊലച്ചതിയന്റെ രൂപം തൊലിയോടെ വന്നു പീടികയിലിന്റെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നതു കാണാന്‍ നില്‍ക്കാതെ.
അതേസമയം തിരുവാങ്കുളം ഭാരതീയ വിദ്യാഭവന്റെ കോളേജിനുവേണ്ടി വാങ്ങിയിട്ടിരിക്കുന്ന ആള്‍പ്പാര്‍പ്പില്ലാത്ത ഓടിട്ട ഇരുനില മാളികയില്‍ ആസ്ത്മയും ഇടവിടാതുള്ള ചുമയുമായിരിക്കുന്ന ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ താണുപറക്കാന്‍ തുടങ്ങിയ അയാളുടെ ശ്വാസഗതി ശ്രദ്ധിക്കുകയായിരുന്നു. ഇടത്തേ നെഞ്ചില്‍നിന്ന് അതിന്റെ മിടിപ്പിനെ പുറത്തുചാടിച്ച 303 റൈഫിള്‍ അപ്പോള്‍ മാത്രമാണ് താന്‍ പിടിവിട്ടതെന്ന് അയാള്‍ക്ക് അനുഭവപ്പെട്ടു. വര്‍ഗീസ് തിരികെ വെടിയുതിര്‍ത്തതെന്ന കണക്കില്‍ പെടുത്താന്‍ എ.കെ. മുഹമ്മദ് ഹനീഫ പൊട്ടിച്ച നാടന്‍ തോക്കിലെ തിരകള്‍ അയാളുടെ ചെവിയില്‍ മുഴങ്ങുകയും ചെയ്തു.
ശിവരാമന്‍ വാക്കു പാലിച്ചിരുന്നെങ്കില്‍ വര്‍ഗീസ് അന്നു രാത്രി കൊല്‍ക്കൊത്തയ്ക്കു വണ്ടി കയറുമായിരുന്നു. അവിടെ പോരാട്ടത്തില്‍ പങ്കെടുത്തു തിരികെ വന്നു പ്രസ്ഥാനം ശക്തിപ്പെടുത്താന്‍. അതായിരുന്നു വര്‍ഗീസിന്റെ അവസാനത്തെ തീരുമാനം.
അതിനു മുന്‍പുള്ള തീരുമാനമാണ് അഡിഗയെ കൊന്നത്. അതിനും മുന്‍പുള്ള തീരുമാനമാണ് ചേക്കുവിനെ കൊന്നത്. രണ്ടിനേയും മണത്തു കുറേ ദൂരം ഓടിയ ശൂര്‍ണോ അന്നും കുരച്ചു. ബൗ... ബൗ... പിന്നെ ട്രെയ്‌നറുടെ കാല്‍ച്ചുവട്ടില്‍ വന്നു വട്ടം ചുറ്റിത്തിരിഞ്ഞു,
ചതിയുടെ വഴികള്‍ വിചിത്രമാണ്. ചരിത്രത്തിന്റെ ഗതി മാറ്റാന്‍പോലും കഴിയുന്ന ചതികളുണ്ട്. അല്ലെങ്കില്‍ പീടികയിലിനും സംഘത്തിനും ശിവരാമന്റെ ഷെല്‍ട്ടര്‍ ചവിട്ടിപ്പൊളിച്ച് ഒന്നും കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. തിരുനെല്ലി ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ തുടങ്ങിയ ക്യാമ്പ് തുറന്നപോലെതന്നെ പൂട്ടിയേനേ. 
പക്ഷേ, വര്‍ഗീസ് വണ്ടിക്കൂലി ചോദിച്ചപ്പോള്‍ രാവിലെ പണിക്കു പോയി വന്ന ശേഷം തരാമെന്ന് ശിവരാമന്‍ പൊളി പറഞ്ഞു. അതുവരെ കിടന്നുറങ്ങിക്കോളാന്‍ പറഞ്ഞു പുറത്തുനിന്നു വാതില്‍ പൂട്ടി.
നരിനിരങ്ങി മലയില്‍ സി.ആര്‍.പി.എഫ്. സംഘത്തെ ബോംബെറിഞ്ഞു പരുക്കേല്‍പ്പിച്ചും വീണ്ടും വന്ന അര്‍ധസൈനികരെ പുല്ലിനു തീയിട്ടു പേടിപ്പിച്ചു പിന്തിരിപ്പിച്ചും ശൂര്‍ണോയുടെ മണത്തിനു പിടികൊടുക്കാതെ മരത്തില്‍ കയറിയിരുന്നും കൂട്ടുകാരില്‍നിന്ന് ഒറ്റതിരിഞ്ഞും ഏറ്റവും പരവശനായിരുന്നല്ലോ അയാള്‍. അതുകൊണ്ട് വര്‍ഗീസ് വേഗം മയക്കത്തിന്റെ ഉള്‍വനത്തിലേയ്ക്കു കടന്നു. ഒരു ഭീമാകാരന്‍ ഉരഗം തേറ്റയുദ്ധത്തില്‍ മുഖമടിച്ചു വീണപ്പോള്‍ നിരതെറ്റി പുറത്തുചാടിയ പല്ലുകള്‍പോലെ കിടക്കുന്ന കൂറ്റന്‍ പാറക്കെട്ടുകള്‍ അയാള്‍ അവിടെ കണ്ടു. വേനലിന്റെ ഒട്ടകനൈരാശ്യം ബാധിച്ച കാല്പാടുകള്‍ കൂട്ടത്തോടെ ആരോ ഓടിവന്നപോലെ ആറാതെ കിടക്കുന്നതും കണ്ടു. ശിവരാമന്റെ പൂട്ടു തല്ലിത്തുറന്നു പീടികയിലും സംഘവും പൊസിഷനെടുത്തു.
നൂല് സൂചിയെ പിടികൂടുംപോലെ വര്‍ഗീസ് ഉണര്‍ന്നു.
കതകു തുറന്ന പീടികയിലും സംഘവും കണ്ടതു വിരിച്ച പുല്‍പ്പായയ്ക്കു മുകളില്‍ ട്രൗസറും സ്വെറ്ററും ധരിച്ച ഒരു ചെറുപ്പക്കാരന്‍. ശിവരാമാ... നീ എന്നെ ചതിച്ചോ...
നീണ്ട മൂക്കുപോലത്തെ തോക്കുകളുടെ തുളയില്‍നിന്നു മരണം അപ്പോള്‍ പൊട്ടിപ്പുറപ്പെട്ടില്ല. നെഞ്ചിന്റെ കൂടം പൊട്ടി അയാള്‍ നിപതിച്ചില്ല. എല്ലാ ശബ്ദങ്ങളും അവസാനിച്ച ഒരു ശരീരമായി തീര്‍ന്നില്ല.
ചെറുത്തുനില്‍പ്പില്ലാത്ത പിടികൊടുക്കലായിരുന്നതുകൊണ്ടു പീടികയില്‍ ഒഴിച്ചുള്ള സി.ആര്‍.പി.എഫുകാര്‍ വര്‍ഗീസുമായി വേഗം ഇണക്കത്തിലായി. ഒന്നു പെരുമാറണമെന്ന് അക്കൂട്ടത്തില്‍ ആഗ്രഹിച്ചതു പീടികയില്‍ മാത്രമായിരുന്നു. ലോക്കല്‍ പൊലീസിനു കൈമാറിക്കഴിഞ്ഞാല്‍ പണികഴിഞ്ഞു എന്ന വിചാരവുമായി എല്ലാവരും ജീപ്പില്‍ കയറിയപ്പോള്‍ വര്‍ഗീസ് പറഞ്ഞു. നിങ്ങള്‍ ഇന്നുതന്നെ എന്നെ കൊല്ലും.
അന്നു വൈകുന്നേരം അതുണ്ടായി. കാരണം ലക്ഷ്മണയുടെ ഉത്തരവു കാത്തു പുറത്തുവരാനിരുന്ന ഒരു ഉണ്ട ആ തോക്കുകളില്‍ ഒന്നിന്റെ ഉള്ളില്‍ അപ്പോഴും ഇരിപ്പുണ്ടായിരുന്നു. ഭീഷ്മമായ അയാളുടെ നിറയൗവ്വനം കൊതിച്ചുകൊണ്ട്.
ഒരു കൊലക്കുറ്റം തേച്ചുമായ്ചു കളയുന്ന വ്യഗ്രതയില്‍ ധ്രുവ് തോക്കു തുടച്ചുവച്ചു. രണ്ടു തിരകള്‍ ബാക്കിയുണ്ട്. ആര്‍ക്കുവേണ്ടിയാകും? പൊട്ടിയതും പൊട്ടാത്തതുമായ തിരകള്‍ക്കെല്ലാം പട്ടാളത്തില്‍ കണക്കുണ്ട്. അങ്ങനെയെങ്കില്‍ 1914 ജൂലൈ 28 മുതല്‍ 1918 നവംബര്‍ 11 വരെ ഒന്നാം മഹായുദ്ധത്തില്‍ പൊട്ടിയവയുടെ കണക്കു ലോകത്ത് എവിടെയെങ്കിലും സൂക്ഷിച്ചുവച്ചിട്ടുണ്ടോ. ധ്രുവിന് അറിയണമെന്നു തോന്നി. കള്ളക്കണക്കെഴുതാന്‍ അവിടെയും ലക്ഷ്മണമാരുണ്ടാകുമല്ലോ.
ചിന്മയി ചെറുകാറ്റുമായി കടന്നുവന്നു. ഗെയിറ്റിനു മുന്നില്‍ കുഴഞ്ഞുവീണ അതേ കാറ്റ്. വിട്ടുപോയവയിലേയ്ക്കു മടങ്ങിവരാന്‍ വന്ന കാറ്റ്. 
മാസത്തിന്റെ അവസാനത്തെ ആഴ്ചയില്‍ മേജര്‍ മരിച്ചു. പത്തു ദിവസത്തിനകം പുതിയ ആള്‍ പാര്‍പ്പുറപ്പിക്കുകയും ചെയ്തു. ഉടമസ്ഥന്‍ മാറിവന്നെങ്കിലും ചിന്മയിയുടെ ശമ്പളം മുടങ്ങിയില്ല. മേജര്‍ തന്നുകൊണ്ടിരുന്ന മുഴുവന്‍ തുകതന്നെ കിട്ടി.
ഈ മാസം ഇത്രയുണ്ടോ? ചോദിക്കാനുള്ള മര്യാദ ചിന്മയി കാട്ടി. അവര്‍ക്കതില്‍ അയാളോടു നല്ല മതിപ്പും തോന്നി.


പുതിയ താമസക്കാരന്‍ വരും മുന്‍പു മുറികളെല്ലാം തുടയ്ക്കാന്‍ വന്ന ദിവസം ചിന്മയി ഓര്‍ത്തു. തൂത്തുവാരിക്കളഞ്ഞ ചപ്പുകളില്‍ മേജര്‍ ഇറക്കിവിട്ട ശേഷവും പുറത്തേയ്ക്കു പോകാന്‍ മടിച്ചുനിന്ന അയാളുടെ അവസാന ശ്വാസവുമുണ്ടായിരുന്നു. പതിവായി തൂത്തുകളയുന്നതിനേക്കാള്‍ ആയാസം അന്ന് ചിന്മയിക്കു തോന്നി. 
അടുക്കും ചിട്ടയും തെറ്റാതെയാണ് മേജര്‍ മരിച്ചതും. കട്ടിലില്‍ നീണ്ടുനിവര്‍ന്നു കിടന്ന്. സ്റ്റീല്‍ ഗ്‌ളാസ് താഴെ വെള്ളം ഒലിപ്പിച്ചു കിടന്നിരുന്നു. മരണത്തിന്റെ ഭാരം താങ്ങാനാവാതെ കഴുത്ത് ഒരു വശത്തേയ്ക്കു ചരിഞ്ഞിരുന്നു. പാതിയടഞ്ഞ കണ്ണുകളില്‍ ബാക്കിവന്ന ഒരു നോട്ടം ഉണ്ടായിരുന്നു.
മുഖം കൊണ്ടാണ് മനുഷ്യന്‍ മരിക്കുന്നത്. ഊര്‍ദ്ധ്വന്‍ വലിക്കാന്‍ മൂക്ക്. വിടുതല്‍ നേടാന്‍ വായ. മുഖവാതില്‍ എന്നെന്നേയ്ക്കുമായി ചാരാന്‍ കണ്ണുകള്‍.
സ്റ്റീല്‍ ഗ്‌ളാസില്‍നിന്നു നീന്തിവന്ന വെള്ളം നിലത്ത് ആദ്യം നാലഞ്ചു പൊട്ടുകളായും പിന്നെ വലിയൊരു തുള്ളിയായും വേര്‍പെട്ടു. മരിച്ചു കിടക്കാനല്ല, എഴുന്നേറ്റിരിക്കാനായിരുന്നു മേജറിന് അപ്പോള്‍ കഴിഞ്ഞിരുന്നതെങ്കില്‍ മുതല വാ പൊളിക്കുന്ന ഗുജറാത്ത് കണക്കല്ല അയാള്‍ക്ക് അതു തോന്നിക്കുക. കൂര്‍പ്പിച്ച മുയല്‍ച്ചെവികള്‍ പോലത്തെ കശ്മീരായുമല്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലേയ്ക്കു നെടുവീര്‍പ്പിട്ട് ഒലിച്ചുപോകുന്ന ശ്രീലങ്കയായി അത് അയാളുടെ കാല്‍ച്ചുവട്ടില്‍ കിടന്നേനെ. കാരണം ഭൂപടം നിവര്‍ത്തിനോക്കി രൂപങ്ങള്‍ കണ്ടുപിടിക്കുന്നത് മേജറിന്റെ ഒരു വിനോദമായിരുന്നു. അങ്ങനെ നോക്കുമ്പോഴെല്ലാം ലാറ്റിന്‍ അമേരിക്ക ഒരു അണപ്പല്ലായിട്ടാണ് മേജറിനു തോന്നിയത്. റഷ്യ ഒരു മേഘപടലം. ഡെന്മാര്‍ക്ക് ഉറങ്ങിയെഴുന്നേറ്റുപോയ കുഞ്ഞിന്റെ ചുളിവുകളുള്ള വിരിപ്പ്.
പല റെജിമെന്റുകളില്‍ എന്ന പോലെ പല മുറികളിലാണ് മേജര്‍ ഉറങ്ങിയിരുന്നത്. ഏതു മുറിയെന്ന് ഉറങ്ങാന്‍ മുതിരുമ്പോഴേ അയാള്‍ നിശ്ചയിക്കാറുള്ളൂ. കിടന്ന മുറിയില്‍ത്തന്നെ എന്തായാലും ഉറങ്ങുന്ന പതിവില്ല. ഓരോ ഉറക്കത്തിലും താവളം മാറ്റിമാറ്റി മേജര്‍ ആയുസിന്റെ അറ്റത്തേയ്ക്കു നടന്നുകൊണ്ടിരുന്നു. പകല്‍ മുഴുവന്‍ മുറ്റത്തേയ്ക്കു നോക്കിക്കൊണ്ടിരുന്നു.
അങ്ങനെ ഒരു പകല്‍. വെയിലിന്റെ ഗര്‍ഭത്തില്‍ തട്ടി നിഴലുകള്‍ പിറന്നുവീഴുന്നുണ്ടായിരുന്നു. തെങ്ങിന്‍തലപ്പുകളില്‍നിന്നു തൊട്ടില്‍ക്കയര്‍ മുറുകും പോലത്തെ ഞരക്കം കേള്‍ക്കാമായിരുന്നു. പതിഞ്ഞുവീശിയ കാറ്റില്‍ നാരകത്തിന്റെ മണം ജനലഴികളില്‍ പിടിച്ചുകൊണ്ട് അയാളുടെ മൂക്കിലേയ്ക്ക് അനുവാദം ചോദിച്ചു. പല മണങ്ങളും പായ മടക്കി പൊയ്ക്കഴിഞ്ഞിരുന്ന ശ്വാസത്തിന്റെ ഇടനാഴിയിലേയ്ക്കു തല തട്ടാതെ അതു കുനിഞ്ഞുകയറിപ്പോയി.
ആ മണം വന്നും പോയുമിരുന്നു. പല മണങ്ങള്‍ നിറഞ്ഞ വായുവില്‍ ആ മണം മാത്രമേ വേണ്ടൂ എന്നായി. പതുക്കെപ്പതുക്കെ അതു കിട്ടാന്‍ കേ്‌ളശിക്കേണ്ടതായി വന്നു. തന്റേതല്ലാത്ത തീറ്റ കിട്ടിയാല്‍ തല വെട്ടിക്കുന്ന പശുവിനെപ്പോലെ മൂക്ക് മറ്റൊരു മണവുമെടുക്കാതായി.


ആയാസം അധികമായപ്പോള്‍ മേജര്‍ കട്ടിലില്‍ ചെന്നു കിടന്നു. പനി കാരണം നേരത്തേ പോകുന്നെന്നു കണ്ണടച്ചു കിടന്ന മേജറിനോടു പറയുമ്പോള്‍ ചിന്മയിക്ക് ഒരു അസ്വാഭാവികതയും തോന്നിയില്ല. പക്ഷേ, മേജറിന് അറിയാമായിരുന്നു അത് അയാള്‍ കേള്‍ക്കുന്ന അവസാനത്തെ മനുഷ്യശബ്ദമാണെന്ന്. ചിന്മയി ഗേറ്റു കടക്കുമ്പോഴേയ്ക്കും മേജറിന്റെ കഴുത്തിനു താഴെനിന്നു ശ്വാസത്തിന്റെ ഏണി ആരോ എടുത്തു മാറ്റി.
മേജര്‍ മരിച്ച 2006 നവംബറില്‍ തന്നെയാണ് രാമചന്ദ്രന്‍നായരും മരിച്ചത്. ഒറ്റ വ്യത്യാസം മാത്രം. പറയേണ്ടതെല്ലാം പറഞ്ഞിട്ടാണ് അയാള്‍ പോയത്. മേജര്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കിവച്ചിട്ടും. രണ്ടു തസ്തിക ഉയരമുള്ള ബ്രിഗേഡിയര്‍ ജാഹ്നവി എന്ന ഒറീസാക്കാരി ഭാര്യയായതും അകാരണമായി ചിദ്രൂപ് സ്വന്തം മകനായതും മേജര്‍ മരിച്ചുപോയതുകൊണ്ട് ഈ കഥയില്‍ ഇനി ആരു പറയാന്‍?
രാമചന്ദ്രന്‍നായര്‍ മരിച്ചെന്നറിഞ്ഞപ്പോള്‍ ലക്ഷ്മണയ്ക്ക് എന്തു തോന്നിക്കാണും. ബ്‌ളഡി... നിന്നെ കൈയില്‍ കിട്ടിയിരുന്നെങ്കിലെന്നോ. വിജിലന്‍സിലായിരിക്കെ കള്ളക്കറന്‍സി തട്ടിപ്പും എക്‌സ് റേ ഇടപാടുമെല്ലാം വെളിച്ചത്തു കൊണ്ടുവന്നു പേരെടുത്ത കാലം ലക്ഷ്മണ ഓര്‍ത്തു. പിന്നീട് കരുണാകരന്റെ ഇഷ്ടഭാജനമായതും. കക്കയത്തും കാലിടറിയില്ല. എന്നിട്ടിപ്പൊഴോ?
എവിടെനിന്നോ വന്ന ഒരുത്തന്‍. അന്നേ അവനെ തീര്‍ക്കേണ്ടതായിരുന്നു. പ്രമോഷനും 75 രൂപ പാരിതോഷികവുമെല്ലാം വാങ്ങിയിട്ട് ഇപ്പൊ...
സര്‍വ്വീസില്‍ ഇരുന്നപ്പോള്‍ പതിവുള്ളകണക്കു രോഷം മുഴുവന്‍ ലക്ഷ്മണയ്ക്കു കാലിലേയ്ക്ക് ഇരച്ചിറങ്ങി. തോക്കിന്റെ ബട്ട് പോലെ അത് ഒരു നെഞ്ചു നോക്കി പ്രഹരിക്കാന്‍ വെമ്പി. 
എഴുപതില്‍ നടന്ന കാര്യം ലക്ഷ്മണയെ ഭയക്കേണ്ടാത്ത എഴുപതാം വയസില്‍ പറയാന്‍ തുടങ്ങി മുഹമ്മദ് ഹനീഫ. മലയാളം അറിയാത്ത സി.ബി.ഐ ഉദ്യോഗസ്ഥന്‍ പരസഹായത്തോടെ ചോദിച്ച ചോദ്യങ്ങള്‍ ആവതില്ലാത്ത അയാളെ വീണ്ടും വയനാട്ടിലേയ്ക്കു നടത്തിച്ചു. താന്‍ പിന്നിട്ട ഇരുപത്തയ്യായിരത്തി അഞ്ഞൂറ്റി അന്‍പതു പകലുകളില്‍നിന്ന് ഒരു പകല്‍ വീണ്ടെടുക്കാന്‍ ഹനീഫ നില്‍ക്കുകയാണ് തിരുനെല്ലിയില്‍. കാഴ്ചയും കേള്‍വിയും എല്ലാമായി പിറന്ന ശരീരം രണ്ടിനെയുമെടുത്തു തിരികെപ്പോയതുകൊണ്ടു മറുപടികള്‍ക്കു വഴിതെറ്റുന്നത് ഉദ്യോഗസ്ഥന്‍ ശ്രദ്ധിച്ചു. എന്നിട്ടും ഇടനെഞ്ചു തുരന്നുകിടന്ന വര്‍ഗീസിനു മേല്‍ നാടന്‍ തോക്കു ചാരിവച്ച പകല്‍ ഹനീഫ തിരിച്ചറിഞ്ഞു. വര്‍ഗീസിന്റെ പതിനയ്യായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റിയഞ്ചാമത്തെ പകല്‍.
നിങ്ങള്‍ ഇന്നുതന്നെ എന്നെ കൊല്ലും.
വെടിവയ്ക്കാന്‍ ഓര്‍ഡര്‍ തരുംമുന്‍പ് ഒന്നരമണിക്കൂറാണ് ലക്ഷ്മണയും വിജയനും വര്‍ഗീസുമായി സംസാരിച്ചത്. ഏത് ഉപാധിക്കു വഴങ്ങാഞ്ഞതിനാണ് വര്‍ഗീസ് വധിക്കപ്പെട്ടത്. ഹനീഫയ്ക്ക് അറിയില്ല.
നിങ്ങളില്‍ ആരാണ് ഇവനെ കൊല്ലുക എന്ന ഓര്‍ഡര്‍ കിട്ടിയ നിമിഷം മാത്രം അയാള്‍ക്കറിയാം. രണ്ടു പേര്‍ ഉടന്‍ കൈപൊക്കി. ഹനീഫയുടെ കൈകള്‍ പാതിക്കപ്പുറം പൊന്തിയില്ല. രാമചന്ദ്രന്‍നായര്‍ മാത്രം നിന്നനില്‍പ്പില്‍ത്തന്നെ നിന്നു. അയാളെ അവസാനമായി അനുസരിച്ച സ്വന്തം കൈകളുമായി.
ഉദ്യോഗസ്ഥന്‍ ചിരിച്ചു. ബാക്കി വെയില്‍കൊണ്ട ഒന്‍പതിനായിരത്തി എണ്ണൂറ്റി എണ്‍പത്തിയഞ്ചു പകലുകളും ഹനീഫയ്ക്കു തിരികെ നല്‍കി അയാള്‍ സംതൃപ്തിയോടെ പടിയിറങ്ങി.
ഗേറ്റിനു മുന്നിലെ കാറില്‍നിന്നു പ്രൗഢയായ ഒരു സ്ത്രീ ഇറങ്ങിവന്നു. മലയാളിയല്ലെന്നു കാഴ്ചയില്‍ തന്നെ വിളിച്ചുപറയും. 
ജാഹ്നവി. ഒരു അപരിചിതത്വവുമില്ലാത്തവണ്ണം അവര്‍ ധ്രുവിനോടു പരിചയപ്പെട്ടു. മേജറിന്റെ ഭാര്യയാണ്.
അയാള്‍ ഉപചാരം നല്‍കി. ഭാഷ മനസ്‌സിലായില്ലെങ്കിലും ചിന്മയിക്കും പിടികിട്ടി. മേജര്‍ ഒറ്റാംതടി ആയിരുന്നില്ലെന്ന അറിവു ചിന്മയിയെ വേദനിപ്പിച്ചു കാണും. ജാഹ്നവിയുടെ മുഖത്തുനിന്നു ചിന്മയി കണ്ണെടുത്തില്ല.
ജാഹ്നവി അനുവാദം ചോദിക്കാതെ മേജറിന്റെ മുറിയിലേയ്ക്കു പോയി. കൃത്യതയോടെയുള്ള അവരുടെ നീക്കം കണ്ടപ്പോള്‍ അവര്‍ ആദ്യമല്ല അവിടെ വന്നിട്ടുള്ളതെന്ന് ധ്രുവ് കരുതി. അതു മനസ്‌സിലാക്കിയെന്നോണം ജാഹ്നവി പറഞ്ഞു: ഞാന്‍ കേരളത്തില്‍ കാലുകുത്തുന്നത് ഇതാദ്യം. 
എന്നിട്ട് മേജറിന്റെ കിടക്ക വിരിപ്പിനടിയില്‍നിന്ന് അവര്‍ തോക്ക് പുറത്തെടുത്തു. 
ഇവിടെ വരുന്ന ദിവസം ഇതുകൊണ്ട് എന്നെ വകവരുത്തുമെന്നാണ് ഞങ്ങളുടെ കലഹങ്ങള്‍ക്കിടെ മേജര്‍ പറഞ്ഞിരുന്നത്. 
അവര്‍ പൊട്ടിച്ചിരിച്ചു. ആ വീട് ആദ്യമായാണ് ഒരു സ്ത്രീയുടെ ചിരി കേള്‍ക്കുന്നത്. 
ആര്‍മിയിലെ ഉദ്യോഗക്കയറ്റത്തിന് ഒരു കൂസലുമില്ലാതെ പിഴച്ചുപെറ്റവളാണ് ഞാന്‍. ലണ്ടന്‍ മകന്റെ ചിത്രം നോക്കി ജാഹ്നവി തുടര്‍ന്നു:
ഞാന്‍ മേജറിനെ വഞ്ചിച്ചിട്ടേയുള്ളൂ എന്നും. കീഴുദ്യോഗസ്ഥനായതുകൊണ്ട് അയാള്‍ക്ക് എന്നെ അനുസരിക്കാതെ നിര്‍വ്വാഹമില്ലായിരുന്നു.
ബ്‌ളഡീ... പറഞ്ഞതു കേട്ടാല്‍ മതി...


തോക്കിന്റെ കാത്തിരിപ്പിലേയ്ക്കു നോക്കി ജാഹ്നവി തുടര്‍ന്നു: മൂന്ന് തിരകളുണ്ടെന്നാണ് മേജര്‍ പറഞ്ഞിട്ടുള്ളത്. ഒന്ന് എനിക്ക്. ഒന്ന് ചിദ്രൂപിന്. പിന്നെ അയാള്‍ക്കു സ്വന്തം കഥ കഴിക്കാനും. എന്തുറപ്പുണ്ട് അതിന്. പിടിവലിയിലെങ്ങാനും പൊട്ടിയാലോ എന്നു കരുതി മൂന്നാമത്തേത് റിസര്‍വ്വ് ചെയ്തതാണെങ്കിലോ? ദന്തേവാഡയിലെ മാവോവാദികള്‍ അങ്ങനെയാണ്. സി.ആര്‍.പി.എഫുകാരെ മോഹിപ്പിച്ചുകൊണ്ട് അവിടവിടെ പ്രത്യക്ഷപ്പെട്ട ശേഷം അവര്‍ക്കു മേല്‍ക്കൈയുള്ള വനപ്രദേശത്തെ കുഴിബോംബില്‍ പെടുത്തും. അതുപോലെ എന്തൊക്കെ അടവുകള്‍ പയറ്റിയിട്ടുണ്ടെന്നോ ഈ മേജര്‍ ഞങ്ങളെ ഇവിടെ വരുത്താന്‍.
ജാഹ്നവി ഒരിക്കല്‍ക്കൂടി ചിരിച്ചു. എന്നിട്ടു ബാക്കികിടന്ന ഒരു കാര്യം തീര്‍ക്കാനെന്നവണ്ണം തോക്ക് ജനലിലൂടെ പുറത്തേയ്ക്കു നീട്ടി തുരുതുരാ വെടിയുതിര്‍ത്തു. പറമ്പില്‍നിന്നു പക്ഷികള്‍ പറന്നു. മൂന്നാമതും കാഞ്ചി വലിച്ചപ്പോള്‍ ധ്രുവ് പറഞ്ഞു: കഴിഞ്ഞു. അതു ഞാന്‍ പായിച്ചതാണ്. തിര പാഴാക്കിയതിന് മേജര്‍ തന്നെ അദൃശ്യമായി മുന്‍പു ശകാരിച്ചത് ഇതിനായിരുന്നോ എന്ന് ജാഹ്നവിയുടെ കണക്കുകൂട്ടല്‍ ശരിവച്ചുകൊണ്ട് ധ്രുവ് സംശയിച്ചു.
മരിച്ചതിനുശേഷവും ജാഹ്നവി മേജറിനെ നിരായുധനാക്കിയത് എന്തിനാണ്? നാടന്‍ തോക്കിലെ വെടിയുതിര്‍ക്കെന്നു പറഞ്ഞ് ഹനീഫയെക്കൊണ്ട് ലക്ഷ്മണ ചെയ്യിച്ചതും അതുതന്നെയല്ലേ? 
പ്രതികാരം ചെയ്യാനോങ്ങിയപ്പോള്‍ വെട്ടിയെടുത്ത മുഴുക്കൈ കണക്ക് ജാഹ്നവി തോക്ക് കട്ടിലിലേയ്‌ക്കെറിഞ്ഞു. എന്നിട്ട് ചിദ്രൂപിനെ വിളിച്ച് അമ്മ ഇറങ്ങുന്നു മോനേ എന്നു പറഞ്ഞു പുറത്തേയ്ക്കിറങ്ങി. ജീവന്‍ തിരിച്ചുകിട്ടുമ്പോള്‍ ശരീരത്തിനേല്‍ക്കുന്ന ആയാസം മരണത്തേക്കാള്‍ അഗാധമാണെന്ന് ജാഹ്നവി തിരിച്ചറിഞ്ഞു. വേച്ചുവേച്ചാണ് അവര്‍ ഒറീസയിലേയ്ക്കുള്ള പടികളിറങ്ങിയത്. വകവരുത്താനിരുന്ന മേജറിനെ കാത്തിരുന്നു മടുപ്പിച്ചാണ് ജാഹ്നവി കൊന്നത്. രാവിലെ പിടികൂടിയ വര്‍ഗീസിനെ വൈകിട്ടുവരെ മടുപ്പിച്ച ലക്ഷ്മണയെപ്പോലെ. 
പേരിനെങ്കിലും ഭര്‍ത്താവായിരുന്ന ഒരാളെ സ്വയരക്ഷയ്ക്കായി കൊലപ്പെടുത്തിയതിന്റെ ക്ഷീണം ജാഹ്നവിക്കപ്പോള്‍ അനുഭവപ്പെട്ടു. താനും കൊലചെയ്യപ്പെടുമെന്ന വിവേകത്താല്‍ അവസാനമായി തന്നെ അനുസരിച്ച കൈകളെ ലക്ഷ്മണയ്ക്കു വിട്ടുകൊടുത്തപ്പോള്‍ രാമചന്ദ്രന്‍നായര്‍ക്കു തോന്നിയ അതേ ക്ഷീണം. എന്നിട്ടും മരണം വരെ അതു തെളിയിക്കാന്‍ കഴിയാതെയാണ് അയാള്‍ പോയത്. മാനന്തവാടി പൊലീസ് സ്‌റ്റേഷനില്‍ ഏറ്റുമുട്ടല്‍ കൊലയെന്ന് ലക്ഷ്മണ തന്നെ പരാതിക്കാരനായി നല്‍കിയ ക്രൈം നമ്പര്‍ 28/70 സമ്മാനിച്ച നിരപരാധിത്വത്താല്‍ വീര്‍പ്പുമുട്ടിക്കൊണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com