പുഴയ്ക്ക് ജന്മം നല്‍കിയ പെണ്‍കരുത്ത്

മൃതിയിലായ ഒരു പുഴയ്ക്ക് പുനര്‍ജന്മം നല്‍കിയ ഒരു നാടും അവിടുത്തെ കൂട്ടായ്മയും. 700 സ്ത്രീകള്‍ ചേര്‍ന്ന് 40 ദിവസം കൊണ്ട് ഒരു പുഴ തിരിച്ചുപിടിച്ചതെങ്ങനെ
പുഴയ്ക്ക് ജന്മം നല്‍കിയ പെണ്‍കരുത്ത്

♦വിഹാരസ്വാതന്ത്ര്യത്തിനു വിഘാതം വന്നതിന്റെ പേരില്‍ ഓളപ്പരപ്പില്‍ ഇടയ്ക്കിടെ തലപൊന്തിച്ചെത്തുന്ന പുളവന്‍ മുതല്‍ കരിമൂര്‍ഖനെ വരെ നേരിടാന്‍ മനക്കരുത്ത് മാത്രമായിരുന്നു ആ പെണ്‍കൂട്ടത്തിന്റെ കൈവശം. വീട്ടിലെ ആണുങ്ങളുടെ പഴയ പാന്റ് കടം വാങ്ങി അരയില്‍ മുറുക്കി ഫുള്‍കൈ ഷര്‍ട്ടുമിട്ട് ഒരാള്‍പ്പൊക്കം വരുന്ന ആറ്റിലേക്ക് തോളോടുതോള്‍ ചേര്‍ന്ന് മുളചങ്ങാടങ്ങളില്‍ നിന്ന് അവരിറങ്ങി. ഒരു പുഴയുടെയും അതുവഴി നാടിന്റെയും അതിജീവനമായിരുന്നു അവരെ നയിച്ച വിപഌവസ്വപ്‌നം. അച്ചടക്കത്തോടെയുള്ള അവരുടെ അദ്ധ്വാനം ഒരു പുഴയെയും നാടിനെയും നഷ്ടമായ ജീവിതത്തിലേക്ക് മടങ്ങുന്നതിനു പ്രാപ്തമാക്കി.

ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ പഞ്ചായത്തിലെ കുട്ടമ്പേരൂര്‍ പുഴയാണ് ജീവന്‍തിരിച്ചുപിടിച്ച് വീണ്ടും ഒഴുകിത്തുടങ്ങിയത്. അതിനു ജന്മം നല്‍കിയതാകട്ടെ എഴുന്നൂറോളം വരുന്ന സ്ത്രീകളും. പ്രഹസനമെന്ന പൊതുവേ പേരുദോഷമുള്ള തൊഴിലുറപ്പ് പദ്ധതി വഴിയാണ് ഒരു നാടിന്റെ തന്നെ ഉയിര്‍പ്പ് സാധ്യമായത്. ദേശീയതലത്തില്‍ എണ്ണിപ്പറയാന്‍ കഴിയുന്ന അനുകരണീയമായ മാതൃകകളിലൊന്നാണ് ബുധനൂരിലെ ഈ പരിസ്ഥിതി മുന്നേറ്റം.

മധുരിക്കുന്ന പഴയ ചരിത്രം


പന്ത്രണ്ട് കിലോമീറ്ററാണ് കുട്ടമ്പേരൂര്‍ ആറിന്റെ നീളം. അച്ചന്‍കോവിലാറിനെയും പമ്പയാറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ഈ ആറിനു കിഴക്ക് ബുധനൂരും പടിഞ്ഞാറ് ചെന്നിത്തലയുമാണ് പഞ്ചായത്തുകള്‍. മാന്നാര്‍, ബുധനൂര്‍, ചെന്നിത്തല പഞ്ചായത്തുകളെ വേര്‍തിരിക്കുന്നതും ഈ ആറാണ്. ബുധനൂര്‍ പഞ്ചായത്തിന് തെക്ക് ഉളുന്തിയിലെ പള്ളിക്കടവിലാണ് അച്ചന്‍കോവിലാറില്‍ നിന്നുള്ള തുടക്കം. പാണ്ടനാട് പഞ്ചായത്തിലെ ഇല്ലിമല മൂഴിക്കലില്‍ വച്ച് പമ്പയാറില്‍ ചേരുന്നു. തെക്കോട്ടും വടക്കോട്ടും ഒഴുക്കുണ്ടാകും. അതായത് അച്ചന്‍കോവിലാറ്റില്‍ വെള്ളം കൂടുതലാണെങ്കില്‍ അത് പമ്പയാറിലേക്കൊഴുകും. തിരിച്ചും അതുപോലെ തന്നെ. ഇരുതലമൂരിയെന്നും കായംകുളം വാളെന്നുമൊക്കെ പഴമക്കാര്‍ വിശേഷിപ്പിക്കുന്നതും ഇക്കാരണം കൊണ്ടാണ്. വെള്ളംകയറി കൃഷി നശിക്കാതിരിക്കാന്‍ പ്രകൃതി തന്നെ കണ്ടെത്തിയ വഴി. ഈ ദേശത്തിന്റെ ആചാരവും സംസ്‌കാരവും ജീവിതവുമൊക്കെ ഈ ആറുമായി ബന്ധപ്പെട്ടതായിരുന്നുവെന്നോര്‍ക്കുന്നു നാട്ടുകാര്‍. ആറന്‍മുള വള്ളംകളിക്ക് ദൂരെ നിന്ന് എത്തുന്ന പള്ളിയോടം ചെന്നിത്തലയില്‍ നിന്നായിരുന്നു. കുട്ടമ്പേരൂരാറ് വഴി പമ്പയാറ്റിലെത്തിയാണ് പള്ളിയോടം ആറന്‍മുളയ്ക്കു പോകുക. എന്നാല്‍ ആറ്റില്‍ ഒഴുക്ക് ഇല്ലാതായതോടെ ഈ ആചാരവും മുടങ്ങി.  

120 മീറ്ററോളം വീതിയുണ്ടായിരുന്നു ഈ ആറിന്. നല്ല ആഴവും. ഒരുകാലത്ത് ഈ ആറിന്റെ തീരം മുഴുവന്‍ കരിമ്പുകൃഷിയായിരുന്നു. അന്ന് തിരുവല്ലയില്‍ ഷുഗര്‍ മില്ലുണ്ട്. പമ്പാ ഷുഗര്‍ മില്‍. പിന്നെ മന്നം ഷുഗര്‍ മില്ലും. ഓണാട്ടുകരയിലെ കരിമ്പുകൃഷിയുടെ പ്രതാപകാലം ഈ ആറിന്റെയും മധുരകാലമായിരുന്നു. കരിമ്പ് കയറ്റിപ്പോകുന്ന കെട്ടുവള്ളങ്ങളില്‍ നിന്നു നോക്കിയാല്‍ കണ്ണെത്താദൂരത്തോളം കരിമ്പിന്‍തലപ്പ് മാത്രമായിരുന്നു കാണാനാകുക. ഇടക്കെട്ടിട്ട് കരിമ്പ്തണ്ടുകള്‍ കൂട്ടിക്കെട്ടി ആറ്റിലൂടെ ഒഴുക്കിന്റെ ഗതിപിടിച്ച് കൊണ്ടുപോകും– വിസ്മൃതിയിലേക്ക് മറഞ്ഞ കാഴ്ചകളെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് വിശ്വംഭര പണിക്കര്‍ പറയുന്നു. 

ആറിന്റെ ചരിത്രം വിളിച്ചോതുന്ന പഴയ കഥകള്‍ ഇനിയുമുണ്ട്. ഉത്തരപ്പള്ളിയാറിനു നഷ്ടമായ ജീവനാണ് കുട്ടമ്പേരൂറാറ് വീണ്ടെടുത്തത്. രാജഭരണകാലത്ത് തിരുവിതാംകൂറിലെ രാജ്ഞി ഇതുവഴി പല്ലക്കില്‍ പോയപ്പോള്‍ പകിട കളിച്ചുകൊണ്ടിരുന്ന കര്‍ഷകര്‍ കല്ലെടുത്ത് എറിഞ്ഞത്രെ. അന്ന് കൃഷിക്കും ചരക്കുനീക്കത്തിനും ആശ്രയിച്ചിരുന്നത് ഉത്തരപ്പള്ളിയാറായിരുന്നു. ആ ആറ് മണ്ണിട്ട് മൂടിയാണ് രാജകുടുംബം ദേഷ്യം തീര്‍ത്തത്. കര്‍ഷകരെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതോടെ കൃഷി നടത്താന്‍ മറ്റുവഴിയില്ലാതെ വന്നതോടെ പുതിയ ആറ് വേണമെന്നായി. അങ്ങനെ നാട്ടുകാര്‍ ചേര്‍ന്ന് വെട്ടിയൊരുക്കിയ ആറാണ് കുട്ടമ്പേരൂരേതെന്നാണ് കഥ. 
ക്രിസ്തുവര്‍ഷത്തിനും മുന്‍പ് പരുമല– പാണ്ടിനാട് അതിര്‍ത്തിയില്‍ പമ്പാനദിയില്‍ നെല്‍ക്കിണ്ട എന്ന പേരില്‍ ഒരു തുറമുഖ നഗരമുണ്ടായിരുന്നുവെന്നാണ് ചരിത്രം. ഇവിടേയ്ക്ക് പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും പായ്കപ്പലുകളില്‍ ചരക്കുകള്‍ എത്തിച്ചിരുന്നു. ഇങ്ങനെ നാക്കടയെയും ഉളുന്തിയെയും ബന്ധിപ്പിക്കുന്ന പഴയ കപ്പല്‍ചാലായിരുന്നു ഈ ആറെന്ന ചരിത്രവാദവുമുണ്ട്. 
കരിമ്പുകൃഷി കുറഞ്ഞതോടെ ആറും ആരും ശ്രദ്ധിക്കാതെയായി. നാല്‍പ്പതോളം കൈത്തോടുകള്‍ വഴി നെല്‍പ്പാടങ്ങളിലും വാഴത്തോപ്പുകളിലുമെത്തിയിരുന്ന ആറ്റുവെള്ളം പിന്നെ ഒഴുകാതെയായി. കൈയേറ്റങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും ആറിന്റെ തിരോധാനത്തിന് വഴിയൊരുക്കി. ആറിനു കുറുകെ നിര്‍മിച്ച മൂന്നു പാലങ്ങളും(ഉളുന്തി, മടത്തില്‍ക്കടവ്, എണ്ണയ്ക്കാട്) നീരൊഴുക്ക് തടസപ്പെടുത്തുന്ന രീതിയിലായിരുന്നു. ആറിലേക്ക് കയറി നിര്‍മിച്ച ഇടത്തൂണുകള്‍ക്ക് ചുറ്റും മണ്ണടിഞ്ഞ് തിട്ടയായി. പിന്നീട് മരങ്ങള്‍ വളര്‍ന്ന് കരഭൂമി പോലെയായി. നെല്‍പ്പുരകടവിലെ പാലം വന്നതോടെ ആ ഭാഗത്ത് ആറേത് കരയേത് എന്ന് തിരിച്ചറിയാനാവാതെ വന്നു. ഇതോടൊപ്പം പലരും ആറ് കൈയേറി. അതോടെ വീതി കുറഞ്ഞ് ചെറിയ തോട് മാത്രമായി ചുരുങ്ങി. 

ദുരന്തത്തിന്റെ ആഴങ്ങളിലേക്ക്


മണ്ണെടുപ്പായിരുന്നു മറ്റൊരു ദുരന്തകാരണം. ഓട്ടുപാത്ര നിര്‍മാണത്തില്‍ പ്രശസ്തമാണ് മാന്നാറും ബുധനൂരുമൊക്കെ. ഇവിടുത്തെ ആലകളില്‍ നിര്‍മിക്കുന്ന വിഗ്രഹങ്ങള്‍ മുതല്‍ ധൂപത്തട്ടിനു വരെ ആവശ്യക്കാരേറെയാണ്. ആറിലെ പശിമയുള്ള മണ്ണാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്. പരമ്പരാഗത രീതിയില്‍ തടിയില്‍ തീര്‍ത്ത അഞ്ചുകോലില്‍ ചണച്ചാക്ക് അരിഞ്ഞെടുത്തതും ചെളിയും ചേര്‍ത്ത് കുഴച്ചെടുക്കുന്ന ഉമിമണ്ണാണ് ഓട്ടുപകരണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. അങ്ങനെ പ്രശസ്തിയുടെ പച്ചപ്പില്‍ കൂടുതല്‍ ആലകള്‍ വന്നതോടെ ആറ്റിലെ മണല്‍വാരല്‍ വ്യാപകമായി. മണല്‍ തീര്‍ന്നപ്പോള്‍ ചെളിയായി പിന്നെ ലക്ഷ്യം. ഇതോടെ നദീതടങ്ങളിലെ ഭൂഗര്‍ഭജലനിരക്ക് നാലു മുതല്‍ ആറു മീറ്റര്‍ വരെ താഴ്ന്നു. അങ്ങനെ കാലക്രമേണ ആറിന്റെ നാശത്തിലേക്കാണ് അത് വഴിവച്ചത്. വളരെ സാവധാനമാണു പ്രത്യാഘാതങ്ങള്‍ കണ്ടുതുടങ്ങിയത്. പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കുടിവെള്ളം കിട്ടാക്കനിയായി. കൃഷിയുടെ പ്രതാപകാലം അസ്തമിച്ചു. വെള്ളം കൊണ്ടുവരുന്ന ടാങ്കര്‍ലോറികളായിരുന്നു ഈ നാടിന്റെ ദാഹം തീര്‍ത്തത്. 

ജീവിതം കൂടുതല്‍ ദുരിതത്തിലായപ്പോഴാണ് ആറ് നല്‍കിയ സമൃദ്ധിയെക്കുറിച്ച് പലരും തിരിച്ചറിഞ്ഞത്. വൈകാതെ ആറിലെ നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്ന ആശയം ഉയര്‍ന്നു. ഇവയുടെ പുനരുജ്ജീവനമല്ലാത നാടിന്റെ അതിജീവനം സാധ്യമല്ലെന്ന് വന്നു. നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്നാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 2014 മുതല്‍ ഇതിനുള്ള ശ്രമങ്ങളുണ്ടായി. യഥാര്‍ത്ഥ വിസ്തീര്‍ണം അളക്കാനും കയ്യേറ്റം കണ്ടെത്താനുമായി സര്‍വേ നടപടികള്‍ തുടങ്ങി. ഇതോടൊപ്പം നവീകരണവും തുടങ്ങിവച്ചു. എന്നാല്‍, ഏതു സര്‍ക്കാര്‍ കാര്യം പോലെയും കടലാസിലൊതുങ്ങാനായിരുന്നു പദ്ധതിയുടെ വിധി. 
രണ്ടുവര്‍ഷം മുമ്പു തന്നെ തൊഴിലുറപ്പു പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തി നവീകരണ ശ്രമങ്ങള്‍ നടത്തിയെങ്കില്‍ അതൊരു തികഞ്ഞ പരാജയമായിരുന്നു. ആ പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഏതുവിധേനയും പദ്ധതി നടപ്പിലാക്കാന്‍ രാഷ്ര്ടീയകക്ഷി ഭേദമന്യെ പുതിയ ഭരണസമിതി തീരുമാനിച്ചു. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ പ്രസിഡന്റിന്റെ ഈ തീരുമാനത്തിന് ബിജെപിയും കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെ തൊഴിലുറപ്പ് പദ്ധതിയില്‍ വീണ്ടും ഉള്‍പ്പെടുത്തി നവീകരണശ്രമം തുടങ്ങി. കുടുംബശ്രീ പ്രവര്‍ത്തകരും പരിസ്ഥിതി സ്‌നേഹികളും നാട്ടുകാരും ചേര്‍ന്ന കൂട്ടായ്മ രൂപീകരിച്ചു. 

സാഹസികമായ സേവനം

വെല്ലുവിളികള്‍ നേരിടാന്‍ അവര്‍ കാണിച്ച മനക്കരുത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് പറയുന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പലത മധു. തീരത്തോടു ചേര്‍ന്ന വാര്‍ഡുകളിലെ സ്ത്രീകള്‍ മാത്രമായിരുന്നില്ല ഈ സേവനത്തിനിറങ്ങിയത്. മറ്റുവാര്‍ഡുകളിലെ പങ്കാളിത്തമായിരുന്നു പ്രത്യേകതകളിലൊന്ന്. വള്ളങ്ങള്‍ വാടകയ്ക്ക് എടുക്കുകയായിരുന്നു. എന്നിട്ടും ആവശ്യത്തിനു വേണ്ട വള്ളങ്ങള്‍ പലപ്പോഴും കിട്ടിയിരുന്നില്ല. മുള കൊണ്ട് ചങ്ങാടം കെട്ടിയാണ് അവര്‍ ആറ്റിലേക്കിറങ്ങിയത്. സാഹസിക നിറഞ്ഞ പ്രവൃത്തിയായിരുന്നു അത്. മണല്‍വാരി ആറ് മുഴുവന്‍ ആഴക്കുഴികളായിരുന്നു. വെള്ളത്തില്‍ നിന്ന് നീളമുള്ള മുളങ്കമ്പ് കുത്തിയാണ് കുഴികള്‍ മനസിലാക്കിയത്. ഒരാള്‍പ്പൊക്കമുള്ള പുല്ലുവെട്ടി അത് ചങ്ങാടത്തില്‍ കയറ്റി കരയിലേക്ക് വലിച്ചുകയറ്റി. അതിനു പുറമേയായിരുന്നു ശാരീരിക പ്രശ്‌നങ്ങള്‍. എലിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വെല്ലുവിളിയായിരുന്നു. അതിനു മരുന്നുകള്‍ വിതരണം ചെയ്തിരുന്നു. മാലിന്യം നിറഞ്ഞ വെള്ളത്തില്‍ ഇറങ്ങിയതോടെ പലര്‍ക്കും ചൊറിച്ചിലുണ്ടായി. മറ്റു പലര്‍ക്കും ത്വക്ക് രോഗങ്ങള്‍ വന്നു. പ്രമേഹരോഗികളായ സ്ത്രീകളുമുണ്ടായിരുന്നു കൂട്ടത്തില്‍. അട്ട കടിച്ചതോടെ അവര്‍ക്ക് ശാരീരികബുദ്ധിമുട്ടുണ്ടായി. ഇത്രയുമൊക്കെ കഠിനാദ്ധ്വാനം ചെയ്തിട്ടും അതിനുള്ള കൂലി യഥാസമയം കിട്ടിയില്ലെന്നതായിരുന്നു മറ്റൊരു പ്രശ്‌നം. 

അതൊരു നിസാരകാര്യമല്ല, കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ലഭിക്കാത്തതുകൊണ്ട് കൂലികിട്ടാന്‍ വൈകി. ഇപ്പോള്‍ 62 ദിവസത്തെ കൂലി കിട്ടാനുണ്ട്. പലരും അന്നത്തെ ജോലി കൊണ്ട് കഴിയുന്നവരാണ്. ഒരു ദിവസം തുച്ഛമായ വേതനമാണ് കിട്ടുന്നത്. നിയമപ്രകാരം ഏഴോ പതിനാലോ ദിവസത്തിനുള്ളില്‍ കൂലി വിതരണം ചെയ്യണമെന്നാണ്. അതുണ്ടായില്ല, മാത്രമല്ല നോട്ട് നിരോധനം കാര്യങ്ങള്‍ വഷളാക്കുകയും ചെയ്തു. ഇവരില്‍ മിക്കവര്‍ക്കും സീറോബാലന്‍സ് അക്കൗണ്ടാണ്. എന്നാല്‍, ബാങ്കുകള്‍ മിനിമം ബാലന്‍സ് നിഷ്‌കര്‍ഷിച്ചതോടെ പണം കൈയില്‍ കിട്ടാതെയായി. കഴിഞ്ഞയാഴ്ച 2000 രൂപ വച്ചാണ് വിതരണം ചെയ്തത്. അതില്‍ പകുതി ബാങ്കുകാര്‍ പിടിക്കുകയും ചെയ്തു. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും ആറ് വൃത്തിയാക്കിയെടുത്തതില്‍ അവര്‍ക്ക് സന്തോഷമേയുള്ളൂ– പുഷ്പലത പറയുന്നു. 

പറഞ്ഞുതീര്‍ക്കുന്നതുപോലെ അത്ര എളുപ്പമല്ലായിരുന്നു കാര്യങ്ങള്‍. അടിത്തട്ടിനും നീരൊഴുക്കിനും ഹാനികരമാകുന്ന ജെസിബിയോ മറ്റു യന്ത്രങ്ങളോ ഉപയോഗിക്കേണ്ടതില്ലെന്ന തീരുമാനവുമുണ്ടായിരുന്നു. മാലിന്യം നിറഞ്ഞ ആറ്റില്‍ കാല് നനയ്ക്കാന്‍ പോലും ആരും തയ്യാറായിരുന്നില്ല. അപ്പോഴാണ് എഴുന്നൂറോളം വരുന്ന സ്ത്രീകള്‍ കൈയായുധങ്ങളുമായി പുഴതിരിച്ചുപിടിക്കാനിറങ്ങിയത്. രാവിലെ വീട്ടിലെ ജോലികളെല്ലാം തീര്‍ത്ത് എട്ടുമണിയോടെ അവരെത്തും. വൃത്തിയാക്കാന്‍ ഉദ്ദേശിച്ച കാടുപിടിച്ച സ്ഥലം നേരത്തേ രേഖപ്പെടുത്തും. അതിനു ചുറ്റും മണ്ണെണ്ണ തളിക്കും. ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കാനാണത്. പണി തുടങ്ങിയാല്‍ പിന്നെ തീര്‍ന്നിട്ടേ വിശ്രമമുള്ളൂ. കാരണം തോളൊപ്പം വരുന്ന വെള്ളത്തിലിറങ്ങിയാല്‍ തീരാതെ കയറാനാകില്ല. പുളവന്‍ മുതല്‍ നീര്‍നായ വരെയുണ്ടായിരുന്നു ആറ്റില്‍. അധ്വനിക്കാന്‍ അവര്‍ക്കു മനസുണ്ടായിരുന്നു, ഇച്ഛാശക്തിയും– നവീകരണത്തിന് മേല്‍നോട്ടം വഹിച്ച സനില്‍ പറയുന്നു.

40 ദിവസം 700 സ്ത്രീകള്‍

2016 ഡിസംബര്‍ പത്തിനാണ് നവീകരണം തുടങ്ങിയത്. 2017 മാര്‍ച്ച് 19–ന് സമര്‍പ്പണം നടന്നു. നാല്‍പ്പതു ദിവസം നീണ്ട പ്രയത്‌നത്തിന് 72 ലക്ഷം രൂപയാണ് ഇതിനകം ചെലവഴിച്ചത്. നീരൊഴുക്ക് ഉണ്ടായതോടെ മത്സ്യങ്ങളും വന്നുതുടങ്ങി. അറുന്നൂറോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ആറിന് ഇരുകരയിലായുണ്ടായിരുന്നത്. ഒഴുക്ക്‌നിലച്ച് പായല്‍ മൂടിയതോടെ ഇവരുടെ ഉപജീവനവും തടസപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് പണ്ടുണ്ടായിരുന്നത്ര മത്സ്യസമ്പത്തില്ലെങ്കിലും ചെറിയതോല്‍ മത്സ്യബന്ധനം തുടങ്ങി. കുളിക്കാനും തുണി അലക്കാനുമായുണ്ടായിരുന്ന കടവുകള്‍ വീണ്ടും സജീവമായി. മുന്‍പ് അടഞ്ഞ കൈത്തോടുകളിലെല്ലാം നീരൊഴുക്കുണ്ടായിത്തുടങ്ങി. ആറിന്റെ കരകളിലെ കിണറുകളിലെ ജലനിരപ്പും ഉയര്‍ന്നു. 

എന്നാല്‍, ഇതുകൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നു പ്രസിഡന്റ് വിശ്വംഭര പണിക്കര്‍ പറയുന്നു. അശാസ്ത്രീയമായി നിര്‍മിച്ച പാലങ്ങള്‍ പൊളിച്ച് പുതുക്കിപ്പണിയണം. ഉറച്ചുപോയ മണ്‍തിട്ടകള്‍ മാറ്റാന്‍ ഡ്രഡ്ജിങ് നടത്തണം. ഉളുന്തി പാലത്തിനടയിലുള്ള മണ്ണ് മാറ്റാനുള്ള ആര്‍ഡിഒയുടെ അനുമതി കിട്ടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ അതിന്റെ പണി തുടങ്ങും. സര്‍വെ വീണ്ടും നടത്തണം. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം. ഇക്കാര്യങ്ങള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സാമ്പത്തിക സഹായമുണ്ടെങ്കില്‍ ഇനിയും മുന്നോട്ടുപോകാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഭാവിതലമുറയ്ക്ക് വേണ്ടി, അവരുടെ ജീവിതത്തിനു വേണ്ടി അതുചെയ്‌തേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.​

കുട്ടമ്പേരൂരാറിന്റെ മാതൃകയില്‍ സമീപപ്രദേശങ്ങളിലെ ജലസ്രോതസുകള്‍ നവീകരിക്കാനുള്ള ആവശ്യം ഉയര്‍ന്നു. ഇതനുസരിച്ച് ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരപ്പള്ളിയാറും നവീകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനുള്ള സര്‍വേ നടപടികള്‍ തുടങ്ങി. വെണ്‍മണി ശാര്‍ങക്കാവ് ക്ഷേത്രത്തിനു പടിഞ്ഞാറ് അച്ചന്‍കോവിലാറ്റിലെ പുത്താറ്റിന്‍കര മുതല്‍ ഇല്ലിമലക്കടവിലെ പമ്പയാറ് വരെ പതിനെട്ട് കിലോമീറ്ററാണ് ആറിന്റെ നീളം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com