സുദീപ് ടി. ജോര്‍ജ്
സുദീപ് ടി. ജോര്‍ജ്

ടൈഗര്‍ ഓപ്പറ: സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

ടൈഗര്‍ ഓപ്പറ: സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

പുഷ്‌കിന്‍ ദാമോദരന്റെ ഉടലിലൂടെ വേദന ഒരു കടുവയെപ്പോലെ ഓടി. കിടന്ന കിടപ്പില്‍നിന്നു പണിപ്പെട്ടെഴുന്നേറ്റ്, കൂടാരത്തിനു നടുവില്‍ നട്ടെല്ലുപോലെ നില്‍ക്കുന്ന കമ്പിത്തൂണില്‍ ചാരി അയാള്‍ കട്ടിലില്‍ കാലുനീട്ടിയിരുന്നു. പുറത്തു വീശിയടിക്കുന്ന കാറ്റ് അകത്തേക്കു വരാന്‍ കൂടാരത്തിന്റെ തുണിജാലകം നീക്കി. കാറ്റിനൊപ്പം വെയിലും അകത്തേക്കു ചാടിവീണു. എന്നാല്‍, മേശപ്പുറത്തിരുന്ന, ചുവന്ന ബയന്റിട്ട 'ഏപ്രില്‍ തീസീസി'നും ബയന്റിളകിപ്പോയ 'ഉന്മൂലന സിദ്ധാന്തത്തിനും' അപ്പുറത്തേക്കു പോകാന്‍ വെയിലിനും കാറ്റിനും കരുത്തുണ്ടായിരുന്നില്ല. വണ്ടികളുടെ ഒച്ച അലോസരപ്പെടുത്തിയെങ്കിലും ഒരിക്കല്‍ക്കൂടിയൊന്നു മുഖം ചുളിച്ചിട്ട് പുഷ്‌കിന്‍ റോഡിലേക്കുതന്നെ നോക്കിയിരുന്നു. ഇപ്പോള്‍ ഇത്തിരി ആശ്വാസമുണ്ട്.
മൂന്നു ദിവസം മുന്‍പാണ് അതു സംഭവിച്ചത്. നാല്പതുവര്‍ഷമായി തുടരുന്ന സര്‍ക്കസ് ജീവിതത്തിനിടയില്‍ ഇങ്ങനെയൊരനുഭവം ആദ്യമായിരുന്നു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ മൈതാനത്ത് ലൂണാര്‍ സര്‍ക്കസിന്റെ പതിനെട്ടാമത്തെ നാളായിരുന്നു അത്. രാത്രി പത്തുമണിയുടെ ഷോ. പതിനൊന്നായപ്പോള്‍ 'നിങ്ങള്‍ കാത്തിരുന്ന ടൈഗര്‍ ഓപ്പറ ഇതാ തുടങ്ങുകയായി' എന്ന പതിവ് അനൗണ്‍സ്‌മെന്റ് മുഴങ്ങി. വെറുംകൈയോടെ പുഷ്‌കിനാണ് ആദ്യം റിങ്ങിലെത്തിയത്. പിന്നാലെ മിലി, സാഫാ, ശേഖര്‍, സന്താള്‍, സൈബീരിയ, സാന്തിയാഗോ, സന്ന്യാല്‍... കടുവകള്‍ ഓരോരുത്തരായി കടന്നുവന്നു. റിങ്ങിലിപ്പോള്‍ അവര്‍ എട്ടുപേര്‍ മാത്രം. കാണികളുടെ കണ്ണുകള്‍ കണ്‍കുഴിയില്‍നിന്നു പുറത്തേക്കു തെറിച്ചു ഗ്യാലറിയിലൂടെ പേടിയോടെ ഓടിനടക്കാന്‍ തുടങ്ങി. പുഷ്‌കിന്‍ തുടയിലൊരടിയടിച്ചതും കടുവകള്‍ പാഞ്ഞുവന്ന് അയാള്‍ക്കുചുറ്റും അര്‍ദ്ധവൃത്താകൃതിയില്‍ നിരന്നു. ശേഖര്‍ കടിച്ചുപിടിച്ച വളയത്തിലൂടെ സാഫ അപ്പുറമിപ്പുറം ചാടി. സൈബീരിയ രണ്ടുകാലില്‍ നടന്നു. പുഷ്‌കിന്റെ തോളില്‍ ചാടിക്കയറി കാണികളെ നോക്കി സന്താള്‍ കൈവീശി. രണ്ടു ടീമുകളായി തിരിഞ്ഞു പന്തു തട്ടിയും മൊസാര്‍ട്ടിനെപ്പോലെ പുഷ്‌കിന്‍ പൊക്കുകയും താഴ്ത്തുകയും ചെയ്ത കൈകളുടെ ചലനത്തിനൊത്ത് നൃത്തം ചെയ്തും അയാളുടെ കാലുകള്‍ക്കിടയിലൂടെ പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ ഇഴഞ്ഞും ദേശീയഗാനം പാടിയപ്പോള്‍ അറ്റന്‍ഷനായി നിന്നും മണ്ണില്‍ മലര്‍ന്നുകിടന്ന പുഷ്‌കിന്റെ നെഞ്ചില്‍ തലകുത്തിമറിഞ്ഞും ഒരു മണിക്കൂര്‍ നേരം അവര്‍ അര്‍മാദിച്ചു. കാണികളെ വണങ്ങി കടുവകള്‍ ഓരോരുത്തരായി കൂട്ടിലേക്കു നടന്നു. മിലിയായിരുന്നു ഏറ്റവും പുറകില്‍. കൂട്ടിലേക്കു കയറുകയായിരുന്ന അവളുടെ വലത്തുവശത്തുകൂടി സ്വന്തം കൂടാരത്തിലേക്കു നടക്കുകയായിരുന്നു പുഷ്‌കിന്‍. പെട്ടെന്ന് മിലി മുന്‍കാല്‍ പൊക്കി, സര്‍ക്കസില്‍ ഇല്ലാത്ത ഒരു ഐറ്റം കാണിച്ചു. തന്റെ പുറത്തുനിന്ന് എന്തോ പറിഞ്ഞുപോകുന്നതായി പുഷ്‌കിനു തോന്നിയപ്പോഴേക്കും മണ്ണിലേക്കു മുഖമടിച്ച് അയാള്‍ വീണുകഴിഞ്ഞിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ കൂട്ടിലേക്കു കയറിയ മിലി, കൂടിന്റെ കൃത്യം നടുക്കു ചെന്നു മുന്‍കാലുകള്‍ നീട്ടി മേലാകെയൊന്നു കുടഞ്ഞു പുറത്തേക്കുനോക്കി ഒരു കോട്ടുവാ വിട്ടു. കടുവകളുടെ നോട്ടക്കാര്‍ പാഞ്ഞെത്തി പുഷ്‌കിനെയും കൊണ്ട് അപ്പോഴേക്കും പുറത്തേക്കോടിയിരുന്നു.
ലൂര്‍ദ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വച്ചു ചോരയില്‍ കുതിര്‍ന്ന വെള്ള ബെനിയന്‍ അഴിച്ചുമാറ്റിയപ്പോള്‍ എല്ലാവരും കണ്ടു, നട്ടെല്ലിനോടു മുട്ടിയുരുമ്മി ഇടത്തേ തോള്‍പ്പലകയ്ക്കു ചോട്ടിലായി ആഴത്തില്‍ അലറുന്നയൊരു പഗ് മാര്‍ക്ക്.
''ചേട്ടന്‍ ഒണന്നോ! കൊറച്ചുനേരത്തേ വന്നു നോക്കിയപ്പോ നല്ലൊറക്കാരുന്നു.'' പുഷ്‌കിന്‍ കാലുനീട്ടിയിരുന്ന കൂടാരത്തിലേക്കു ചായയും ഉരുളക്കിഴങ്ങു ബജിയുമായി കുനാല്‍ വന്നു.
''ആ നീല ഗുളിക കുഴപ്പക്കാരനാ. ഒരെണ്ണം കഴിച്ചാ ഒന്നരദെവസം കെടന്നുറങ്ങും.''
കട്ടിലിനരികിലേക്കു സ്റ്റൂള്‍ നീക്കിയിട്ട് ചായയും കടിയും കുനാല്‍ അതില്‍ വച്ചു.
''ചൂടു പോകുന്നേനു മുന്‍പു കഴിച്ചോണം.''
സര്‍ക്കസില്‍ പുതുതായി ചേര്‍ന്ന മരണക്കിണറുകാരന്‍ ബീഹാറിപ്പയ്യന്‍ അലോക് മാഞ്ജി വാതിലിനടുത്തുകൂടി പാളുന്നതു കണ്ടപ്പോള്‍ ഒഴിഞ്ഞ ജഗുമെടുത്തു കുനാല്‍ പോയി.

വര: ദിലീപ് ജനാര്‍ദനന്‍


പത്തുവര്‍ഷം മുന്‍പ് മീററ്റില്‍വച്ചാണ് അന്നു പതിന്നാലു വയസ്‌സു മാത്രമുണ്ടായിരുന്ന കുനാല്‍ സര്‍ക്കസ് സംഘത്തിനൊപ്പം ചേരുന്നത്. പട്ടണമധ്യത്തിലെ വലിയ ചന്തയ്ക്കു പിന്നിലുള്ള മൈതാനത്തായിരുന്നു കളി. 
ഒരു ദിവസം പുഷ്‌കിനും സര്‍ക്കസ് മാനേജര്‍ ഭട്ടതിരിയും പതിവുപോലെ തമ്പിനു വെളിയിലെ മരച്ചുവട്ടിലിരുന്ന് 'ഓള്‍ഡ് മങ്ക്' കഴിക്കുകയായിരുന്നു. നേരം പാതിരാത്രിയോടടുത്തു. അപ്പോഴാണ് അയാള്‍ വന്നത്. മെലിഞ്ഞ ചോദ്യചിഹ്‌നം പോലത്തെ ദേഹവും പൂച്ചക്കുഞ്ഞിന്റെ സ്വരവുമുള്ള ഒരാള്‍. കിഷോര്‍ കുമാര്‍. സര്‍ക്കസ് തീര്‍ന്നു മടങ്ങിപ്പോവുന്നതുവരെ തന്റെ മകളെ വേണമെങ്കില്‍ ഇവിടെ നിര്‍ത്താമെന്ന് അയാള്‍ പറഞ്ഞു. ഒരു തുക തന്നാല്‍ മതി. അതുകേട്ട ഭട്ടതിരി പുഷ്‌കിനെ നോക്കി. പുഷ്‌കിന്‍ കിഷോര്‍കുമാറിനെ നോക്കി. കിഷോര്‍ കുമാര്‍ രണ്ടുപേരെയും മാറിമാറി നോക്കി.
മദ്യം തലയ്ക്കു പിടിച്ചാല്‍ പുഷ്‌കിനൊരു ശീലമുണ്ട്. നേരെചെന്ന് ഏതെങ്കിലും കടുവക്കൂട്ടില്‍ കയറും. പിന്നെ നേരം വെളുക്കുന്നതുവരെ അതിനെക്കൊണ്ട് പുതിയൊരു ഐറ്റം പ്രാക്ടീസ് ചെയ്യിക്കും.
എന്നാല്‍, അന്നു രാത്രി അയാള്‍ കടുവക്കൂട്ടിലേക്കു പോയില്ല. പകരം കുനാല്‍ അയാളുടെ കൂടാരത്തില്‍ വന്നുകയറി. അതുവരെ പരിചയിച്ചിട്ടില്ലായിരുന്ന പുതിയൊരൈറ്റം പുഷ്‌കിന്‍ അന്ന് അവളെ പഠിപ്പിച്ചു. പിന്നീടങ്ങോട്ടുള്ള എല്ലാ രാത്രികളിലും അതിന്റെ പലപല വകഭേദങ്ങള്‍ പുഷ്‌കിന്റെ കൂടാരത്തിലെ മെഴുതിരി വെട്ടത്തില്‍ വിയര്‍ത്തുകുളിച്ചു കുനാല്‍ പ്രാക്ടീസ് ചെയ്തു. നാലാഴ്ച പൂര്‍ത്തിയായപ്പോള്‍ സര്‍ക്കസ് സംഘം മീററ്റ് വിട്ടു. പക്ഷേ, പുഷ്‌കിന്‍ കുനാലിനെ വിട്ടില്ല. പതിനായിരം രൂപയേ കിഷോര്‍ കുമാര്‍ ചോദിച്ചുള്ളു. അത് ഒട്ടും കൂടുതലാണെന്ന് പുഷ്‌കിനു തോന്നിയതേയില്ല. ചോദിച്ചതിനെക്കാള്‍ ആയിരം രൂപ കൂടുതല്‍ കിട്ടിയതോടെ മകളെ അവസാനമായിട്ടൊന്നു കാണാന്‍ പോലും നില്‍ക്കാതെ പഴയൊരു ഹിന്ദിപ്പാട്ടും മൂളി കിഷോര്‍ കുമാര്‍ പോയി. സര്‍ക്കസ് വണ്ടി പുറപ്പെടുന്നതിനു തൊട്ടുമുന്‍പു താന്‍ തന്നെ വാറ്റിയ രണ്ടു കുപ്പി ചാരായവുമായി അയാള്‍ പാഞ്ഞുവന്നു. കൂട്ടത്തില്‍ ഒരു കൊച്ചുപെണ്‍കുട്ടിയുമുണ്ടായിരുന്നു.
''ഇവളെയും കൊടുക്കാനാണോ?''
''ആയിട്ടില്ല. അടുത്ത കൊല്ലമേ പതിന്നാലാകൂ.''
ഒരു കൂട് രജനീഗന്ധി പൊട്ടിച്ചു വായിലേക്കിട്ട് കിഷോര്‍ കുമാര്‍ വിടര്‍ന്നു ചിരിച്ചു. കൊച്ചു പെണ്‍കുട്ടി, പാവാടയുടെ അറ്റം വായിലിട്ട് ചവച്ചുകൊണ്ടിരുന്നു. മൈതാനം വിട്ടുപോകുന്ന സര്‍ക്കസ് വണ്ടികളെ നോക്കിക്കൊണ്ട് ചന്തയിലെ അളിഞ്ഞ പച്ചക്കറികള്‍ കൂട്ടിയിട്ടിരിക്കുന്ന മരച്ചോട്ടില്‍നിന്ന്, രണ്ടുകൈകളും മുട്ടിനു താഴേക്ക് അറ്റുപോയ ഒരു നരന്തു സ്ത്രീ ശബ്ദമുണ്ടാക്കാതെ കരയുന്നത് പുഷ്‌കിനോ ഭട്ടതിരിയോ കുനാലോ കണ്ടില്ല; ഇരുമ്പഴികള്‍ക്കിടയിലൂടെ കടുവകള്‍ മാത്രം കണ്ടു.

കുനാലിനെ ലാഭത്തില്‍ കിട്ടിയ അതേ മാസം തന്നെയാണ് ദന്തേവാഡയിലെ പൊളിഞ്ഞുപോയ പഴയൊരു സര്‍ക്കസ് കമ്പനിയില്‍നിന്ന് മിലിയെ അതിലുമേറെ ലാഭത്തില്‍ അടിച്ചെടുത്തത്. ലാഭകരമായ ഏതു കച്ചവടവും അങ്ങനെയാണ്. അതിനെപ്പോഴും ഒരു തുടര്‍ച്ചയുണ്ടാവും. ആദ്യമൊന്നും മിലി മറ്റു കടുവകള്‍ക്കൊപ്പം കൂടുമായിരുന്നില്ല. ഒരു മാസമെടുത്തു അവളെയൊന്നു മെരുക്കാന്‍. പക്ഷേ, അതു കഴിഞ്ഞതോടെ പുഷ്‌കിന്റെ പൂച്ചക്കുട്ടിയായി മാറി അവള്‍. പിന്നീടങ്ങോട്ട് ടൈഗര്‍ ഓപ്പറ തന്നെ അവളുടേതായി. കുത്തനെ വച്ച ഏണിയിലൂടെ ഓടിക്കയറി മുകളിലത്തെ പടിയില്‍നിന്നു പന്തുതട്ടുന്ന ഐറ്റം ചെയ്യാന്‍, പരിചയസമ്പന്നരായ സന്ന്യാലും സാന്തിയാഗോയും ഉണ്ടായിരുന്നിട്ടും പുഷ്‌കിന്‍ തെരഞ്ഞെടുത്തത് മിലിയെയായിരുന്നു. ഓപ്പറ അതിന്റെ ഉച്ചിയിലെത്തുമ്പോള്‍, മുന്‍പൊരിക്കലും കാണിച്ചിട്ടില്ലാത്ത, പരിശീലിച്ചിട്ടു പോലും ഇല്ലാത്ത ഒരു നമ്പര്‍ കാണിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്താന്‍ മിലി എന്നും വെമ്പി. റിങ്ങില്‍ അവതരിപ്പിക്കുന്നത് എന്നും ഒരേ ഇനങ്ങള്‍ തന്നെ. ചിലപ്പോള്‍ മാത്രം ചില വ്യതിയാനങ്ങള്‍. അതു പോരല്ലോ. തനിക്കും ചിലതൊക്കെ തനിച്ചു ചെയ്യാനില്ലേ? എല്ലാവരും എക്കാലവും ഓര്‍ത്തിരിക്കുന്ന ചില പ്രകടനങ്ങള്‍. അല്ലെങ്കില്‍പ്പിന്നെ താന്‍ എന്തു കടുവയാണ്! ഇങ്ങനെ വിചാരിച്ച് മിലിയൊന്നു കുതറിയപ്പോഴെല്ലാം    കണ്ണുകൊണ്ടും അതില്‍ നില്‍ക്കുന്നില്ലെങ്കില്‍ ചാട്ടകൊണ്ടും പുഷ്‌കിന്‍ അവളെ അടക്കിനിര്‍ത്തി. ഇരുമ്പഴിയുള്ള കൂടും അഴികളില്ലാത്ത റിങ്ങും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്ന് മിലി നിരാശയോടെ തിരിച്ചറിയുകയായിരുന്നു. രണ്ടിനേയും പൊതിഞ്ഞ് ഒരു കൂടാരമുണ്ട്.
അടുത്ത ശൈത്യകാലത്ത് റാഞ്ചിയിലായിരുന്നു സര്‍ക്കസ്. അന്‍പത്തൊന്‍പതു ദിവസം തുടര്‍ച്ചയായി കളിച്ചിട്ടും നാലു ഷോയ്ക്കും നിറച്ചും ആളായിരുന്നതുകൊണ്ട് രണ്ടാഴ്ച കൂടി അവിടെത്തന്നെ തുടരാന്‍ തീരുമാനിച്ചു. പക്ഷേ, മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ഒരു ഹര്‍ത്താല്‍. പത്തുനൂറ്റമ്പതു കിലോമീറ്റര്‍ അകലെയുള്ള പലാമുവില്‍ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്റെ മൂന്നു നേതാക്കളെ മാവോയിസ്റ്റുകള്‍ വെടിവച്ചു കൊന്നതായിരുന്നു കാരണം. വീണുകിട്ടിയ ഒഴിവുദിവസം ആഘോഷിക്കാന്‍ സുഹൃത്തായ സുനില്‍ മഹാതോയേയും കൂട്ടി പുഷ്‌കിന്‍ ലൊഹാര്‍ദഗയിലേക്കു പോയി. ലാല്‍പൂര്‍ ചൗക്കില്‍ സമോസക്കട നടത്തുന്ന മഹാതോയുടെ നാട് അവിടെയായിരുന്നു. ലൊഹാര്‍ദഗ പട്ടണത്തില്‍നിന്നു കുറേ ദൂരം സഞ്ചരിച്ച് ഒരു കാട്ടരുവിയുടെ തീരത്തുകൂടി നടന്ന് അവരൊരു വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തെത്തി. അവിടെ മഹാതോ എല്ലാം ഏര്‍പ്പാടാക്കിയിരുന്നു. നാലുകുപ്പി മഹുവായും കാട്ടില്‍നിന്നുള്ള ഏതൊക്കെയോ പച്ചിലകള്‍ പറിച്ചിട്ട് ആദിവാസികള്‍ തിളപ്പിച്ച ഇറച്ചിക്കറിയും.
അങ്ങോട്ടേക്കുള്ള യാത്രയ്ക്കിടയില്‍, വഴിനീളെ വിരിഞ്ഞുനില്‍ക്കുന്ന മഹുവാമരങ്ങള്‍ മഹാതോ കാട്ടിക്കൊടുത്തിരുന്നു. കവലകളിലും റോഡുകള്‍ക്കിരുപുറത്തും വീണുകിടക്കുന്ന അവയുടെ പൂക്കള്‍ കണ്ടപ്പോള്‍ കുനാലിന്റെ മുലഞെട്ടുകളാണ് ഓര്‍മ്മവന്നത്. ഞെട്ടുകളിട്ടു വാറ്റിയ മദ്യം ചോരയിലേക്ക് ഒഴുകിക്കേറിയപ്പോള്‍ ആരോടും അനുവാദം ചോദിക്കാതെ ഒരു സീല്‍ക്കാരം ഉള്ളില്‍നിന്നു പുറത്തേക്കു തെറിച്ചു വായുവില്‍ ചിതറി.
കുപ്പികള്‍ കാലിയായപ്പോഴേക്കും വെള്ളച്ചാട്ടത്തിന്റെ ഒച്ച നേര്‍ത്തുനേര്‍ത്തു വന്നു. തീറ്റതേടി രാവിലെ കാടുകയറിയ കന്നുകാലികള്‍ താഴ്‌വരയിലെ തക്കാളിത്തോട്ടങ്ങളിലൂടെ മണികിലുക്കി മടങ്ങിയെത്തുന്നുണ്ടായിരുന്നു. കാറ്റില്‍ നൃത്തം ചെയ്യുന്ന കാട്ടുപൂക്കള്‍ക്കൊപ്പം പുഷ്‌കിനും മഹാതോയും ആടിക്കളിച്ചു. 'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ...' എന്ന പാട്ടുപാടി പുഷ്‌കിന്‍ കരഞ്ഞു. പാടിയത് എന്താണെന്നും കരയുന്നത് എന്തിനാണെന്നും മനസ്‌സിലായില്ലെങ്കിലും കരയുന്ന പുഷ്‌കിനെ കെട്ടിപ്പിടിച്ച് മഹാതോയും വലിയവായില്‍ നിലവിളിച്ചു. ദാഹിച്ചപ്പോള്‍ രണ്ടു പേരും, ഉരുളക്കിഴങ്ങു നടാന്‍ മണ്ണിളക്കിയിട്ട പാടങ്ങളിലെ വരണ്ട കുറ്റിച്ചെടികള്‍ക്കു ചോട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിയുടെ പൂഴിമണമുള്ള പശുക്കളുടെ അകിട്ടില്‍ ചുണ്ടുചേര്‍ത്തു ചൂടും മധുരവുമുള്ള പച്ചപ്പാല്‍ കുടിച്ചു. മതിയായപ്പോള്‍ ചുണ്ടുപിളര്‍ത്തി എഴുന്നേറ്റു. മുലകള്‍ക്ക് അപ്പോഴും ചുരത്തി മതിയായിരുന്നില്ല.
ലാല്‍പൂര്‍ ചൗക്കിലെ സര്‍ക്കസ് കൂടാരത്തില്‍ പുഷ്‌കിന്‍ മടങ്ങിയെത്തിയപ്പോള്‍ നേരം പുലരാറായിരുന്നു. ഭട്ടതിരി ഉറങ്ങാതെ കാത്തിരിക്കുന്നു. എന്തോ പ്രശ്‌നമുണ്ടല്ലോ. മൃഗങ്ങള്‍ വല്ലതും ചാടിപ്പോയോ?
''എന്താ ഭട്ടതിരീ?''
''താനിതെവിട്യാരുന്നെന്റെ പുഷ്‌കിനേ? ഇരുട്ടുന്നേനു മുന്‍പിങ്ങെത്തൂംന്നു പറഞ്ഞ് പോയിട്ട്... വെട്ടം വീണു.''
''അത്രേയൊള്ളോ! അതിനാണോ ഒറക്കൊഴിച്ചത്?''
''അതല്ല പ്രശ്‌നം. കടുവകള് ഒറ്റെണ്ണം താന്‍ പോയേപ്പിന്നെ തിന്ന്വോ കുടിക്ക്വോ പെടുക്ക്വോ ചെയ്തിട്ടില്ല്യാന്നേ. ഇന്നു കളിയുള്ളതല്ലേ. വിശക്ക്ണ വയറ്വായിട്ട് അവറ്റോളെ റിങ്ങല് കേറ്റിയാ പിന്നെ സര്‍ക്കസല്ല നടക്ക്വ.''
''അതെന്താ തിന്നാത്തെ?''
''താന്‍ പറഞ്ഞാലല്ലേ കടുവോള് കേക്കൂ. ഇന്നലെ താന്‍ പറഞ്ഞില്ല്യ. ഞങ്ങള് പറഞ്ഞിട്ടൊട്ട് ഫലോംല്ല്യ.''
മുപ്പതുവര്‍ഷത്തിനിടയില്‍ താന്‍ ആദ്യമായിട്ടാണല്ലോ കൂടാരത്തില്‍നിന്നും കടുവകളില്‍നിന്നും മാറിനില്‍ക്കുന്നതെന്ന് അപ്പോള്‍ പുഷ്‌കിന്‍ ആശ്ചര്യത്തോടെ ഓര്‍ത്തു. മുപ്പതുവര്‍ഷം! ഇക്കാലത്തിനിടയ്ക്കു കടുവകള്‍ പലതും വന്നു. ചിലതൊക്കെ ചത്തു. നിവൃത്തിയില്ലാതെ ചിലതിനെയൊക്കെ കൊന്നു. പ്രായമായ കുറച്ചെണ്ണത്തിനെ കിട്ടിയ വിലയ്ക്കു വിറ്റു. അന്നും ഇന്നും എന്നും മാറ്റമില്ലാതെ താന്‍ മാത്രം!
അയാള്‍ കടുവകളുടെ കൂടിനുനേര്‍ക്കു നടന്നു. ചോര കട്ടപിടിച്ച ആട്ടിന്‍തുണ്ടങ്ങള്‍ കൂടുകളുടെ തറയില്‍ മരവിച്ചു കിടക്കുന്നു. 
''ഉഠോ.'' മുപ്പതുവര്‍ഷങ്ങളുടെ മടുപ്പിച്ചു തുടങ്ങിയ ഓര്‍മ്മയില്‍ പുഷ്‌കിന്‍ ഗര്‍ജ്ജിച്ചു. 
കടുവകള്‍ ചാടിയെണീറ്റു.
''ഖാവോ.'' പുഷ്‌കിന്‍ അലറി.

വര: ദിലീപ് ജനാര്‍ദനന്‍
 

ജീവനുള്ള ആടുകളെ എന്നവണ്ണം കടുവകള്‍ ഇറച്ചിത്തുണ്ടങ്ങളെ ആക്രമിച്ചു. പല്ലുകള്‍ക്കിടയില്‍ക്കിടന്ന് എല്ലുകളും ഇറച്ചിനാരുകളും വലിഞ്ഞുപൊട്ടുന്ന സംഗീതം തമ്പിലാകെ മുഴങ്ങി.
കടുവകളേയും പുഷ്‌കിനേയും മാറിമാറി നോക്കി, ഭട്ടതിരിക്കു പിന്നില്‍ കുനാല്‍ കണ്ണുതുറിച്ചു നിന്നു. അതും അവള്‍ക്കു ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു. വിശക്കുന്ന മൃഗം എവിടെയായാലും ഇരപിടിക്കുമെന്നാണ് കുനാല്‍ കേട്ടിട്ടുള്ളത്. ഇവിടെയിതാ അതു തെറ്റിയിരിക്കുന്നു. ഒരു മനുഷ്യന്റെ ആജ്ഞ കാത്ത് കടുവകള്‍ ഒരു പകലും രാത്രിയും മുഴുവന്‍ പട്ടിണി കിടന്നു...! 
തലേന്നു മുറിഞ്ഞ തുടയില്‍ കുനാല്‍ അറിയാതെ തടവി.
ഉഷ്ണം നിറഞ്ഞ അന്നത്തെ രാത്രിയില്‍ വല്ലാതെ വിയര്‍ത്തപ്പോള്‍ കുനാല്‍ എഴുന്നേറ്റ് വാതില്‍ക്കലേക്കു നടന്നു. ഊര്‍ന്നുവീണ പാവാട എടുത്തുടുക്കാന്‍ പോലും മിനക്കെടാതെ കൂടാരത്തിന്റെ തിരശ്ശീല നീക്കി അവള്‍ പുറത്തേക്കു നോക്കിനിന്നു. അല്പം കഴിഞ്ഞ് അവള്‍ വീണ്ടും വന്ന് പുഷ്‌കിനരികില്‍ കിടന്നു. 
''ചേട്ടന്‍ പറഞ്ഞാല്‍ കടുവകള്‍ എന്തും ചെയ്യുമോ?''
''ചെയ്യും.'' 
ഒരു മാസികയെടുത്തു വീശിക്കൊണ്ട് പുഷ്‌കിന്‍ അവളുടെ നേര്‍ക്കു തിരിഞ്ഞുകിടന്നു.
''കൊല്ലാന്‍ പറഞ്ഞാലും...?''
''ഉം.''
''ഞാന്‍ പറഞ്ഞാലോ?''
''നിനക്കിപ്പോ ആരെയാ കൊല്ലേണ്ടെ?''
റിങ്ങില്‍ നില്‍ക്കുമ്പോള്‍ ഗര്‍ജ്ജനമായി ഉയരാറുള്ള പുഷ്‌കിന്റെ സ്വരം ഇപ്പോള്‍ ഒരു കാളക്കുട്ടിയുടേതുപോലെ നേര്‍ത്തിരുന്നു. പുഷ്‌കിന്റെ ചോദ്യത്തിനു മറുപടി പറയാതെ അയാളുടെ കഴുത്തിലെ മിനുത്ത താഴ്‌വരയിലേക്കു നോക്കി കുനാല്‍ ചരിഞ്ഞുകിടന്നു. ഇരയുടെ ആദ്യത്തെ ചോര തെറിച്ചുവീണിട്ടെന്നവണ്ണം അവളുടെ മുഖമപ്പോള്‍ അസാധാരണമാം വിധം ചുവന്നു.
ചേര്‍ത്തലയിലെ പഞ്ചാരമണലില്‍ കൂടാരം ഉറച്ചുകഴിഞ്ഞു. മിലിയുടെ പാദമുദ്ര പുറത്തുപതിഞ്ഞു പുഷ്‌കിന്‍ കിടപ്പിലാവുകയും കടുവകളുടെ ഐറ്റം മുടങ്ങുകയും ചെയ്തതോടെയാണ്, ഒരു മാസത്തോളം നടത്താന്‍ നിശ്ചയിച്ചിരുന്ന ഇരിങ്ങാലക്കുടയിലെ കളി പതിനെട്ടാം നാളില്‍ അവസാനിപ്പിച്ചു സര്‍ക്കസ് അപ്പാടെ ഇങ്ങോട്ടു വണ്ടികയറിയത്. വിപ്‌ളവത്തിന്റെ മണ്ണിലേക്ക് ലൂണാര്‍ സര്‍ക്കസിന്റെ രണ്ടാമത്തെ വരവാണിത്. തണ്ണീര്‍മുക്കത്തേക്കു പോകുന്ന റോഡില്‍നിന്നു മുക്കാല്‍ കിലോമീറ്റര്‍ പടിഞ്ഞാട്ടു മാറിയുള്ള, പണ്ടത്തെ വലിയ ചുടുകാട്ടിലാണ് ഇത്തവണത്തെ കളി.
സര്‍ക്കസ് തുടങ്ങാന്‍ ഇനിയും നാലുദിവസമുണ്ട്. തൂണും ചാരി ഇരുന്നാല്‍ പറ്റില്ല. നാളെയെങ്കിലും പ്രാക്ടീസ് തുടങ്ങണം. കമ്പിത്തൂണില്‍ ബലമായി പിടിച്ച് പുഷ്‌കിന്‍ എഴുന്നേറ്റു. പുറത്ത് ഇപ്പോഴും വേദന കൊളുത്തിപ്പിടിക്കുന്നു. കുനാല്‍ കൊണ്ടുവച്ച ചായയും ബജിയും അതേപടി ഇരിപ്പുണ്ട്. തണുത്തുകഴിഞ്ഞ ചായ കുടിക്കാന്‍ തോന്നിയില്ല. കിഴങ്ങുബജിയുടെ മഞ്ഞ ദേഹത്തു തിണര്‍ത്തുനില്‍ക്കുന്ന വറവിന്റെ വരമ്പുകളില്‍നിന്നു നീലിച്ച രണ്ടു മണിയനീച്ചകള്‍ വയറും വീര്‍പ്പിച്ചു പറന്നുപോയി. പുഷ്‌കിന്‍ പുറത്തേക്കു നടന്നു. മിലിയുടെ കലി ആറിയിട്ടുണ്ടാവുമോ? കണ്ടിട്ടു മൂന്നുദിവസമായി. കൂടാരത്തിനു പുറത്തിറങ്ങിയതും ഭട്ടതിരി കൈയിലൊരു പൊതിയുമായി മുന്നില്‍.
''താന്‍ പിന്നേം പിച്ചവച്ചു തൊടങ്ങ്യോ! വാ ഓരോന്നടിക്കാം.''
ഭട്ടതിരി പൊതിയഴിച്ചു മേശപ്പുറത്തു വച്ചു. രണ്ടുലിറ്ററിന്റെ കൊക്കക്കോളക്കുപ്പിയില്‍ നല്ല മൂത്ത കള്ള്.
''വാടോ.''
''വേണ്ട ഭട്ടതിരീ. ഞാനൊന്നു നടക്കട്ടെ.''
''ഒന്നങ്ങട് പിടിപ്പിച്ചാ താന്‍ പിന്നെ നടക്ക്വല്ല, ഓടും.''
ഒഴിച്ചപ്പോള്‍ ചില്ലുഗ്‌ളാസിനുള്ളില്‍ പിടയ്ക്കുന്ന കള്ള് കുമിളച്ചു. വേണ്ടെന്നു പറയാന്‍ വീണ്ടും തോന്നിയില്ല. 
കൂടാരത്തിനു ചുറ്റും കിളരമുള്ള തെങ്ങുകളാണ്. തെങ്ങിന്‍ മണ്ടകളില്‍ നിറയെ ഇളം പച്ചനിറമുള്ള ഉരുണ്ട തേങ്ങകള്‍. ഓലകള്‍ ഒന്നുപോലും ഒടിഞ്ഞുതൂങ്ങിയിട്ടില്ല. അല്ലെങ്കിലും ചത്തവരുടെ ചാരം നല്ല വളമാണ്. മൂട്ടിലെ പഞ്ചാരമണലില്‍ അറുത്തിട്ട തലകള്‍ പോലെ ഏഴെട്ടു തേങ്ങകള്‍ വീണുകിടക്കുന്നു. പഴയ ചുടുകാട്ടിലെ പൊള്ളുന്ന മണ്ണില്‍ പുതഞ്ഞ കാല്‍ വലിച്ചെടുത്തു തമ്പിലേക്കു മടങ്ങിവരുമ്പോള്‍ മരണക്കിണറിന്റെ അടിത്തട്ടില്‍നിന്ന് പുഷ്‌കിന്‍ പതിവില്ലാത്തൊരൊച്ച കേട്ടു. വട്ടത്തില്‍ പലകയടിച്ചു കെട്ടിയുണ്ടാക്കിയ കിണറ്റിലെ ചരിവിലും മണ്ണിടിച്ചുറപ്പിച്ച അടിത്തട്ടിലുമായി, അഭ്യാസത്തിനിടെ കൂട്ടിയിടിച്ചു മറിഞ്ഞ ബൈക്കുകള്‍പോലെ കുനാലും അലോകും കോര്‍ത്തുകിടന്ന് ഇരയ്ക്കുന്നു. 
രണ്ടുനാള്‍ കൂടി കഴിഞ്ഞപ്പോഴേക്കും പുഷ്‌കിന്റെ പുറത്തെ മുറിവ് മുക്കാലും കരിഞ്ഞു. തവിട്ടു ദേഹത്ത് മിലിയുടെ പാദമുദ്ര വിചിത്രമായ ഒരു ടാറ്റൂ പോലെ കറുത്തുകിടന്നു. അന്നു വൈകീട്ട് പരിശീലനം പുനരാരംഭിക്കാന്‍ കടുവകളേയും കൂട്ടി പുഷ്‌കിന്‍ റിങ്ങിലെത്തി. മിലി അനുസരണക്കേടൊന്നും കാട്ടിയില്ല. പക്ഷേ, ഒരുതവണപോലും അവള്‍ തന്റെ നേരെ നോക്കുകയുണ്ടായില്ലെന്നത് പുഷ്‌കിന്‍ ശ്രദ്ധിച്ചു. അതയാളെ വേദനിപ്പിക്കുകയും ചെയ്തു. 
രാത്രിയാവാന്‍ പുഷ്‌കിന്‍ കാത്തു. കുനാലും ഉറങ്ങിക്കഴിഞ്ഞപ്പോള്‍ ഒച്ചയുണ്ടാക്കാതെ പുഷ്‌കിന്‍ മിലിയുടെ കൂടിന്റെ പൂട്ട് തുറന്നു. രാത്രിയില്‍ കടുവക്കൂട്ടില്‍ കയറിയിട്ട് ഒരുപാടു നാളായി. കേറണമെന്നു തോന്നിയാലും കുനാല്‍ വിടാറില്ല. അകത്തുനിന്നു പൂട്ടി താക്കോല്‍ അയാള്‍ പുറത്തേക്കെറിഞ്ഞുകളഞ്ഞു. മിലി എന്തോ ആലോചിച്ച് ഉറങ്ങാതെ കിടക്കുകയായിരുന്നു. പുഷ്‌കിനെ കണ്ടതും ഉടലാകെയൊന്നു കുടഞ്ഞ് അവള്‍ എഴുന്നേറ്റു. കുതിച്ചുചാടാനെന്നവണ്ണം ഒന്നു പിന്നോട്ടാഞ്ഞ മിലിക്കു നേരെ പുഷ്‌കിന്‍ നടന്നു ചെന്നു. അയാള്‍ അവളുടെ ചിറിയിലാണ് ആദ്യം തൊട്ടത്. അത്രനേരവും ആലോചിച്ചതെല്ലാം മിലി ആ നിമിഷം മറന്നുപോയി. അയാള്‍ അവളുടെ താടിയില്‍ നുള്ളി. രോമങ്ങളിലൂടെ കൈയോടിച്ചു. കെട്ടിപ്പിടിച്ചു പിന്‍കഴുത്തില്‍ ഒരുമ്മവച്ചുകൊടുത്തു. താന്‍ ഈ കൂട്ടില്‍ ഒറ്റയ്ക്ക് ഉറക്കം വരാതെ കിടന്ന നാളുകളെക്കുറിച്ച് മിലി ഇനി എന്തായാലും കുറേക്കാലത്തേക്കെങ്കിലും ഓര്‍ക്കാന്‍ പോകുന്നില്ല. അവള്‍ ചരിഞ്ഞുകിടന്നു. കാലുകള്‍ നീട്ടിവച്ച് പുഷ്‌കിന്‍ അവളുടെ പുറത്തു ചാഞ്ഞുകിടന്നു. അപ്പോള്‍ അറബിക്കടലില്‍ അസാധാരണമായ ഒരു വേലിയേറ്റം ആരംഭിച്ചിരുന്നു; പുഷ്‌കിന്റെ മനസ്സിലും...
വാരിക്കുന്തങ്ങള്‍ക്ക് ഒരുകാലത്തും പഞ്ഞമുണ്ടായിരുന്നില്ല, തണ്ണീര്‍മുക്കത്തും ചേര്‍ത്തലയിലും മുഹമ്മയിലുമൊന്നും. എന്നിട്ടും ചിറയ്ക്കല്‍ തങ്കന്റെ മകള്‍ നളിനിക്കൊരു ചെറുക്കനെ തിരക്കി, കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതാവ് സുരേന്ദ്രന്‍ കാവാലത്തേക്കു കൊതുമ്പുവള്ളം തുഴഞ്ഞതു ചിലതെല്ലാം നിശ്ചയിച്ചുറപ്പിച്ചു തന്നെയായിരുന്നു. തൊഴിലാളികള്‍ ഒരു പ്രക്ഷോഭത്തിന് ഒരുങ്ങുകയായിരുന്നു. കാറ്റുപിടിക്കുന്ന കായലുകളിലും കായലുകളിലെ ചെളി കുത്തിയിട്ടുകുത്തിയിട്ട് പൊക്കിയെടുത്ത തുരുത്തുകളിലും തെങ്ങിന്‍ മണ്ടകളില്‍ കള്ളൂറ്റാന്‍ വച്ച മാട്ടകളിലും കയര്‍പ്പിരിത്തറകളിലെ ചകിരിച്ചോറിലും ചിതറിക്കിടന്നിരുന്ന പണിയാളരെ ആലപ്പുഴയിലും അമ്പലപ്പുഴയിലും കാര്‍ത്തികപ്പള്ളിയിലും നിന്നു വന്ന നേതാക്കള്‍ സംഘടിപ്പിച്ചു കഴിഞ്ഞിരുന്നു. ആ നാളുകളിലൊന്നില്‍ തണ്ണീര്‍മുക്കത്തെത്തിയ സഖാവ് തോമസ്, സുരേന്ദ്രനെ വിളിച്ചു മാറ്റിനിര്‍ത്തി പറഞ്ഞു: ''കാവാലത്തും ചിലതെല്ലാം തിളയ്ക്കുന്നുണ്ട്. ഒരു മുന്നേറ്റം സ്വപ്‌നം കണ്ട് ഉശിരുള്ള ആമ്പിറന്നവന്‍മാരില്‍ ചിലരുടെ ചങ്കുകള്‍ തുടിക്കുന്നുണ്ട്. സുരേന്ദ്രാ നീ അവിടെവരെയൊന്നു പോണം. നമ്മക്കവരെ വേണം.''
പിറ്റേന്നുതന്നെ ഒരു കൊതുമ്പുവള്ളത്തില്‍ സുരേന്ദ്രന്‍ കാവാലത്തിനു തുഴഞ്ഞു. കാവാലത്തും ചങ്ങനാശേ്ശരിയിലും നീലംപേരൂരിലുമായി മൂന്നുനാള്‍ തുഴയെറിഞ്ഞ സുരേന്ദ്രന്‍ നാലാംനാള്‍ തണ്ണീര്‍മുക്കത്തു മടങ്ങിയെത്തിയപ്പോള്‍ കൂടെ ഒരാളുമുണ്ടായിരുന്നു. പായിപ്പാടന്‍ ചുണ്ടന്റെ അമരം പോലെ തലയെടുപ്പുള്ള ദാമോദരന്‍. സഖാക്കള്‍ ആലോചിച്ച്, സഖാക്കള്‍ തന്നെ ഉറപ്പിച്ച് എട്ടാംപക്കം നളിനിയെ ദാമോദരനു കെട്ടിച്ചുകൊടുത്തു. അടുത്ത കര്‍ക്കടകത്തില്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളിലാകെ മടവീണ ഒരു രാത്രിയില്‍ നളിനി പെറ്റു. പിറ്റേന്നുതന്നെ വേമ്പനാട്ടുകായലിനെ പിന്നോട്ടു കോരിയെറിഞ്ഞ് കൊടുംമഴയത്ത് ദാമോദരന്‍ വന്നു. മണ്ണുതേച്ചു ചാണകം മെഴുകിയ തണുത്ത മുറിയില്‍ നിലത്തുവിരിച്ച തഴപ്പായയില്‍ ഒരു ചെറുകമ്പിളിത്തുണ്ടത്തില്‍നിന്നു ചുണ്ടു മാത്രം പുറത്തേക്കു നീട്ടി അവന്‍ നളിനിയുടെ മുല കുടിക്കുന്നത് ദാമോദരന്‍ നോക്കിനിന്നു. അയാള്‍ക്കു കാണാനായി നളിനിയപ്പോള്‍ അമ്മിഞ്ഞയില്‍നിന്ന് അവന്റെ ഇളംചുണ്ടുകള്‍ ഊരിയെടുത്തു. ചെത്തുകത്തി കേറി മുറിഞ്ഞ തെങ്ങിന്‍കൂമ്പിന്റെ അറ്റത്ത് ഇളംകള്ളിന്റെ വെളുവെളുപ്പ് നനഞ്ഞുപൊങ്ങുന്നത് അയാള്‍ കണ്ടു. പറമ്പിന്റെ പടിഞ്ഞാറേ മൂലയ്ക്കു നില്‍ക്കുന്ന തെങ്ങിന്റെ തല പിടിച്ചുവലിച്ചു കായലില്‍ മുട്ടിച്ചിട്ട് തെക്കുനിന്നുവന്ന കാറ്റ് ഒന്നു വട്ടം കറങ്ങി വടക്കോട്ടു പറന്നുപോയി. ഒരു ബീഡി കൊളുത്തി ദാമോദരന്‍ ഇറയത്തേക്കിറങ്ങി.
''നീ വല്ല പേരും കണ്ടുവച്ചിട്ടുണ്ടോടാ?''
''ഇല്ല സുരേന്ദ്രാ.''
''എന്നാ ഒരെണ്ണം കണ്ടുപിടിക്ക്.''
കുറേക്കാലം മുന്‍പ് നെടുമുടിയില്‍ ഒരു രഹസ്യയോഗം ചേര്‍ന്നിരുന്നു. സഖാവ് സുഗതനും സഖാവ് പുന്നൂസുമാണ് അന്നു ക്‌ളാസെത്സടുത്തത്. സുഗതന്‍ സഖാവ് പ്രസംഗം അവസാനിപ്പിച്ചത്, ഒരു റഷ്യന്‍ കവിത ചൊല്ലിയാണ്. 1937 ഫെബ്രുവരി പത്തിന് മോസ്‌കോയിലെ ബോള്‍ഷോയി തിയേറ്ററില്‍ സ്റ്റാലിന്‍ പങ്കെടുത്ത യോഗത്തില്‍ സോവിയറ്റ് കമ്മിസാര്‍ ആന്ദ്രേ ബബ്‌നോവ് ചൊല്ലിയ കവിതയാണതെന്ന് ആരോ പറഞ്ഞിരുന്നു. കവിത ഓര്‍ക്കുന്നില്ലെങ്കിലും കവിയുടെ പേര് ഇടിവെട്ടുന്നതുപോലെ ഉള്ളിലിപ്പോഴും മുഴങ്ങുന്നുണ്ട്. പുഷ്‌കിന്‍. അലക്‌സാണ്ടര്‍ പുഷ്‌കിന്‍! ദാമോദരന്‍ തീരുമാനിച്ചു... പുഷ്‌കിന്‍ ദാമോദരന്‍! വിപ്‌ളവത്തിന്റെ ഒന്നാംഘട്ടം താന്‍ പിന്നിട്ടതായി അപ്പോള്‍ ദാമോദരനു തോന്നി.
മിന്നലോടുകൂടിയ ഇടിയും ഇടിയോടുകൂടിയ മഴയുമായി തുലാം വന്നു. ചെത്തെല്ലാം നേരത്തെ തീര്‍ത്ത്, കുടമ്പുളിയിട്ടു വറ്റിച്ച രസ്യന്‍ വരാലും മഞ്ഞളും തേങ്ങാക്കൊത്തുമിട്ടിളക്കി വേവിച്ചു വെണ്ണപോലാക്കിയ മലബാര്‍ കപ്പയും കൂട്ടി ചേക്കുവിന്റെ ഷാപ്പില്‍ മഴ നോക്കിയിരുന്ന് അന്തിപുലരി പിടിപ്പിക്കുകയായിരുന്നു കാവാലത്തുകാര്‍. കൈത്തോടിന്റെ കരയില്‍ ആറ്റുവഞ്ചികളുടെ മറവില്‍ കുനിഞ്ഞിരുന്ന് എഴുതുകയായിരുന്നു ദാമോദരന്‍. ചങ്ങനാശ്ശേരിയില്‍നിന്നു നാളെ ജോയിയും സോമനും വരും. അവരുടെ കൈയില്‍ കൊടുത്തുവിടേണ്ട ലഘുലേഖയാണ്. ''...ചാട്ടവാറിനു മുന്നില്‍ മെരുങ്ങിയതായി ഭാവിക്കുന്ന മൃഗം ഒരൂഴം കാത്തിരിക്കുന്നുണ്ട്. പുളയുന്ന ചാട്ട താഴുന്ന ഒരു നിമിഷം. അപ്പോള്‍ അവന്‍ കുതിച്ചുചാടുകതന്നെ വേണം. സഖാക്കളേ, കെട്ട ജന്മിത്തത്തിന്റെ നെഞ്ചിലാഴ്ത്തൂ നിങ്ങളുടെ കഠാരകള്‍. കാലത്തിന്റെ ചുവരുകളില്‍ നമ്മുടെ അടയാളം പതിപ്പിക്കാന്‍ നേരമായിരിക്കുന്നു.' എഴുതിയത് ഒന്നുകൂടി വായിച്ചുനോക്കി ദാമോദരന്‍ എഴുന്നേറ്റു. അപ്പോഴാണ് തണ്ണീര്‍മുക്കത്തുനിന്ന് ആള് വന്നത്. ഉടന്‍ പുറപ്പെടണം. രണ്ടു വള്ളങ്ങളില്‍ അഞ്ചുപേരെക്കൂടി കൂട്ടി ദാമോദരന്‍ പുറപ്പെട്ടു. രാത്രിയോടെ തണ്ണീര്‍മുക്കത്തിന്റെ വടക്കുഭാഗത്തെ തുരുത്തില്‍ വള്ളമടുപ്പിച്ചു. സുരേന്ദ്രനും അഞ്ചാളുകളും അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. ഇടിവെട്ടി മഴ പെയ്തു. ഇടിമിന്നലില്‍ അറ്റം കൂര്‍ത്ത വാരിക്കുന്തങ്ങളും കുന്തങ്ങളെക്കാള്‍ കൂര്‍ത്ത കണ്ണുകളും മഴ നനഞ്ഞുതിളങ്ങി. കായലിലേക്കു ചരിഞ്ഞുനിന്ന പൂവരശിന്റെ കൊമ്പില്‍ പിടിച്ചുഞെരിച്ച് സുരേന്ദ്രന്‍ ഒറ്റവാക്കു മാത്രമേ ഉച്ചരിച്ചുള്ളൂ : ''കൊല്ലണം.''
ആരെയെന്നോ എന്തിനെന്നോ ആരും ചോദിച്ചില്ല. അത് അറിയാത്തവരായി അവിടെയപ്പോള്‍ ആരുമുണ്ടായിരുന്നില്ല. ചിത്തിരയും റാണിയും മാര്‍ത്താണ്ഡവും ഉള്‍പ്പെടെയുള്ള കായല്‍നിലങ്ങളുടെ രാജാവ് മുരിക്കന്‍ ആയിരുന്നെങ്കില്‍ തണ്ണീര്‍മുക്കത്തും ചേര്‍ത്തലയിലും മുഹമ്മയിലും ആ സ്ഥാനം മാങ്കോട്ട ഉതവിക്കായിരുന്നു. ഉഴുതും വിതച്ചും കൊയ്തും മെതിച്ചും പത്തായം നിറയ്ക്കാനായി ജന്മമെടുത്ത കന്നുകാലികള്‍. അതു മാത്രമായിരുന്നു ഉതവിക്കു തൊഴിലാളികള്‍. അവരില്‍ മൂന്നെണ്ണത്തിനെയാണ് അയാളുടെയാളുകള്‍ ഒരാഴ്ചയ്ക്കു മുന്‍പ് മാങ്കോട്ടച്ചിറയില്‍ ചവിട്ടിത്താഴ്ത്തിയത്. പുലയരും പറയരും ചോവരുമായ ജീവിതങ്ങള്‍ ഇതിനുമുന്‍പും ഈ ചെളിയില്‍ മറഞ്ഞുപോയിട്ടുണ്ട്. തുരുത്തിലെ പൂവരശുകളില്‍ തൂങ്ങിക്കിടന്നാടിയിട്ടുണ്ട്. എന്നിട്ടും ഇന്നോളം ആരും ഉതവിയോട് ചോദിച്ചിട്ടില്ല. പക്ഷേ, ഇന്നു ചോദിക്കും. ഇന്നത്തെ രാത്രിയില്‍ ഇരുട്ടു നിറഞ്ഞത്  അതിനുവേണ്ടി മാത്രമാണ്.
ദാമോദരനായിരുന്നു മുന്നില്‍. കതകു ചവിട്ടിപ്പൊളിച്ച് അകത്തു കയറിയതും ഉതവിയെ വലിച്ചിഴച്ചു മുറ്റത്തെ കച്ചിത്തുറുവിന്റെ അടുത്തു കൊണ്ടുവന്നിട്ടതും എല്ലാവരും ചേര്‍ന്നായിരുന്നു. ഉച്ചത്തില്‍ തെറിവിളിച്ചുകൊണ്ട് ചാടിയെണീറ്റ ഉതവി, സുരേന്ദ്രന്റെ നെഞ്ചിന്‍കൂടിനിട്ടു തൊഴിച്ചു. മലര്‍ന്നുവീണ സുരേന്ദ്രന്‍ ആകാശത്തു നിറയെ നക്ഷത്രങ്ങളെ കണ്ടു. അവയ്ക്കു താഴെ കച്ചിത്തുറു അപ്പോഴേക്കും ചുവന്നുകഴിഞ്ഞിരുന്നു. 
പത്തായം കുത്തിപ്പൊളിച്ചു നെല്ലു മുഴുവനെടുത്തു പുറത്തിട്ടു. അപ്പോഴാണ് വെടി പൊട്ടിയത്. വാരിക്കുന്തങ്ങള്‍ വലിച്ചെറിഞ്ഞ്, കായലില്‍ ചാടി നീന്തിയ തൊഴിലാളികളില്‍ എട്ടുപേരെ പൊലീസ് വെടിവെച്ചു കായലില്‍ മുക്കി. അവശേഷിച്ചത് ദാമോദരനും സുരേന്ദ്രനുമടക്കം നാലുപേര്‍ മാത്രം. കായല്‍ നീന്തിക്കയറി അവര്‍ ആദ്യം വെച്ചൂരിലും അവിടെനിന്ന് കുമരകം വഴി തിരുവാര്‍പ്പിലും എത്തി. വേമ്പനാടു കായലിനും മീനച്ചിലാറിനും നടുക്കു കിടക്കുന്ന, തോടും ചതുപ്പും കണ്ടങ്ങളും നിറഞ്ഞ തിരുവാര്‍പ്പിലേക്കു പുറത്തുനിന്നൊരാള്‍ക്കു കടന്നുവരാന്‍ അത്രയെളുപ്പമല്ലായിരുന്നു. പക്ഷേ, ഷാപ്പില്‍നിന്നു കായലിലേക്കുള്ള ഒറ്റയടിപ്പാതയുടെ ഇടത്തുവശത്ത് പോതക്കാടിനുള്ളില്‍ മറഞ്ഞിരിക്കുന്ന വള്ളപ്പുരയിലേക്ക് ഒളിവുജീവിതത്തിന്റെ എട്ടാം നാളില്‍ ചേര്‍ത്തല സബ് ഇന്‍സ്‌പെക്ടര്‍ ദേവസ്യാ പുന്നനും നിക്കറിട്ട എട്ടുപത്തു പൊലീസുകാരും ഉണക്കത്തേങ്ങ തലയില്‍ വന്നുവീഴുന്നതുപോലെ തെറിച്ചുവന്നപ്പോള്‍ ആ ധാരണ തിരുത്തപ്പെട്ടു. രണ്ടുദിവസം മുന്‍പു സന്ധ്യക്ക് തങ്ങളോടൊപ്പം വള്ളപ്പുരയിലിരുന്ന് അന്തിക്കള്ളു കുടിച്ചുകൊണ്ട് 'ബലികുടീരങ്ങളേ...' പാടുകയും ചീട്ടുകളിക്കുകയും ചെയ്ത കാഞ്ഞിരംകാരന്‍ കൊച്ചാപ്പി, നാലുപേരെയും പേരുപറഞ്ഞ് ദേവസ്യാ പുന്നനു കാണിച്ചുകൊടുക്കാന്‍ പ്രദര്‍ശിപ്പിച്ച ആവേശം കണ്ടപ്പോള്‍, താന്‍ നില്‍ക്കുന്ന വള്ളപ്പുര ഒരു അരങ്ങാണെന്നും തങ്ങളും പൊലീസുകാരും കൊച്ചാപ്പിയും ചേര്‍ന്ന്, ഒരു കൊല്ലം മുന്‍പു താനെഴുതിയ നാടകം കളിക്കുകയാണെന്നും ദാമോദരനു തോന്നി. പാടത്തും വരമ്പിലും കുത്തിയും കുത്താതെയുമിരുന്നു നാടകം കണ്ട പട്ടിണിയുടലുകളെ ദാമോദരന്‍ വീണ്ടും കണ്ടു. അത്രനേരവും നെഞ്ചിനുള്ളില്‍ കിടന്നു കലമ്പുകയായിരുന്ന കെട്ട വേദനയെ അടിവയറ്റിലേക്കു തിരുമ്മിയിറക്കിക്കൊണ്ട് അരങ്ങിലേക്കു മിഴിച്ചുനോക്കിയിരുന്ന വൃദ്ധനായ കാണി കൈ ചൂണ്ടി അലറുന്നത് ദാമോദരന്‍ കേട്ടു: കൊല്ലവനെ...! 
ചുരുട്ടിയ വലംകൈയ് ആകാശത്തേക്കെറിഞ്ഞ് ഇങ്ക്വിലാബ് വിളിക്കാന്‍ വായ തുറന്നതും ദേവസ്യാ പുന്നന്‍ ദാമോദരന്റെ അടിനാഭി നോക്കി തൊഴിച്ചു. പോതക്കാട്ടിലേക്കു വേച്ചുവീണപ്പോഴും തെറിച്ചുപോയ പിച്ചാത്തി തിരയുകയായിരുന്നു ദാമോദരന്റെ കണ്ണുകള്‍. പുല്ലിന്റെ ചോട്ടില്‍ ഇളകിയ ചേറില്‍ പുതഞ്ഞുകിടന്ന പിച്ചാത്തി കണ്ടെത്തിയതും കിളിരൂര്‍ തോട്ടിലെ വരാലിനെപ്പോലെ ദാമോദരനൊന്നു ചാടിത്തെറിച്ചു. കൊച്ചാപ്പിയുടെ നെഞ്ചിന്റെ കൃത്യം നടുക്കായി പിച്ചാത്തിയുടെ, അറ്റം മടങ്ങിയ നീണ്ട പിടി മാത്രം ചുരുട്ടിയ മുഷ്ടിപോലെ പുറത്തേക്കു തെറിച്ചുനിന്നു.
ചാട്ടുളി തറച്ച മഞ്ഞക്കൂരിയെപ്പോലെ ഒന്നു പിടഞ്ഞ കൊച്ചാപ്പി, തോട്ടിലേക്കു വീണ് കുട്ടനാട്ടിലേയും പ്രത്യേകിച്ചു തിരുവാര്‍പ്പിലേയും വരുംതലമുറകള്‍ക്കു പറയാനുള്ള കഥയില്‍ തന്റെ പേരും എഴുതിച്ചേര്‍ക്കാന്‍ കലങ്ങിയൊഴുകുന്ന വെള്ളത്തിനടിയിലേക്കു താണുപോയി.
തണ്ണീര്‍മുക്കത്ത് വേമ്പനാടുകായലിനു കുറുകെ ബണ്ട് കെട്ടിപ്പൊക്കുമ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇരട്ട ജീവപര്യന്തം അനുഭവിക്കുകയായിരുന്നു ദാമോദരന്‍. സുരേന്ദ്രനും മറ്റു രണ്ടു കൂട്ടുപ്രതികളും അഞ്ചുകൊല്ലം മാത്രം അകത്തുകിടന്ന് അതിനോടകം പുറത്തിറങ്ങിയിരുന്നു. ദാമോദരനെ ആരും ഓര്‍ക്കാന്‍ ശ്രമിച്ചില്ല. സുരേന്ദ്രന്റെ കാര്യത്തില്‍ കാണിച്ച ശുഷ്‌കാന്തി, തന്റെ കാര്യത്തിലെന്തേ കാണിച്ചില്ല എന്നു പഴയ നേതാക്കള്‍ക്കയച്ച കത്തില്‍ ദാമോദരന്‍ ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. യൂണിയനും പ്രസ്ഥാനവുമൊക്കെ മാറിപ്പോയെന്നും ഒറ്റുകാരും വഞ്ചകരുമായ നേതാക്കള്‍ക്കു നേരെയാണ് വാരിക്കുന്തം പ്രയോഗിക്കേണ്ടതെന്നും ചേര്‍ത്തലയിലേയും തണ്ണീര്‍മുക്കത്തേയും കാവാലത്തേയും പഴയ സഖാക്കള്‍ക്കു രഹസ്യമായി അയച്ച ലേഖനങ്ങളില്‍ ദാമോദരന്‍ ആഹ്വാനം ചെയ്തു. ലേഖനങ്ങള്‍ അവര്‍ക്കു കിട്ടിയെങ്കിലും അധികം വൈകാതെ അവയില്‍ ചിലതെല്ലാം കറങ്ങിത്തിരിഞ്ഞ് സുരേന്ദ്രന്റെ കൈയിലും ഒടുവില്‍ ജില്ലാ കമ്മിറ്റിയിലും എത്തി. അത് അറിഞ്ഞുകൊണ്ടുതന്നെ, കൂടെ നടന്നാലും കൂടെ കിടന്നാലും ശത്രു എന്നും ശത്രുതന്നെയായിരിക്കുമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ദാമോദരന്‍ മറ്റൊരു ലേഖനം കൂടി എഴുതി, കാവാലത്തുനിന്ന് കാണാന്‍ വന്ന സേതുവിന്റെ കൈയില്‍ കൊടുത്തയച്ചു.
കാവാലത്തെ വീടും പറമ്പും പണയപ്പെടുത്തിയാണ് നളിനി കേസ് നടത്തിയത്. ഒരു ഉച്ചനേരത്ത് ജപ്തി നോട്ടീസ് കൈപ്പറ്റിയതോടെ പിടിച്ചുനില്‍ക്കാന്‍ വഴി കാണാഞ്ഞ് പുഷ്‌കിനെയുമെടുത്ത് നളിനി തണ്ണീര്‍മുക്കത്തേക്കു പോയി.
പുഷ്‌കിനു പന്ത്രണ്ടു വയസ്സു തികഞ്ഞ് ഒന്നോ രണ്ടോ മാസം കഴിഞ്ഞപ്പോള്‍, ആദ്യമായും അവസാനമായും പരോളിലിറങ്ങിയ ദാമോദരന്‍ നേരെ തണ്ണീര്‍മുക്കത്തേക്കു വന്നു. വൈകുന്നേരം വരെ വീട്ടില്‍ത്തന്നെയിരുന്ന ദാമോദരനെ കാണാന്‍ ചങ്ങനാശ്ശേരിയില്‍നിന്ന് ജോയിയും സോമനും കാവാലത്തുനിന്ന് അലിയാരും സേതുവും മാത്രം ചെന്നു. പരിയംമുറ്റത്തെ ആറ്റുകൈതക്കൂട്ടത്തില്‍ കുനിഞ്ഞിരുന്ന് അവര്‍ പിറുപിറുത്തത് എന്താണെന്നു കൈതകള്‍ പോലും കേട്ടില്ല. അന്നുരാത്രി, അലക്കിയ തുണികള്‍ മടക്കിവച്ച ഇരുമ്പുപെട്ടിയില്‍ മണത്തിനിടാന്‍ കൈതപ്പൂവ് പറിക്കുമ്പോള്‍ പതിവില്ലാതെ നളിനിയുടെ വലതുകൈത്തണ്ടയില്‍ മുള്ളുകൊണ്ടു മുറിഞ്ഞു ചോരയൊലിച്ചു. കൈതപ്പൂവുകളില്‍ ചോരക്കറ പുരളുംമുന്‍പ് നളിനിയത് ഇടംകൈയാല്‍ തുടച്ചുകളഞ്ഞു. സഖാക്കള്‍ വന്നതും പോയതും അടുത്ത രണ്ടു രാത്രികളില്‍ തോട്ടുവക്കത്തും ചിറകളിലും ആരുമറിയാതെ അവര്‍ ഒത്തുകൂടിയതും സുരേന്ദ്രന്‍ അറിയുന്നുണ്ടായിരുന്നു. കടല്‍നിരപ്പിനു താഴെക്കിടക്കുന്ന പടിഞ്ഞാറന്‍ പാടവരമ്പുകളില്‍ കൂടുതല്‍ ചൂട്ടുകറ്റകളിലേക്കു തീ പകരുകയായിരുന്നു ദാമോദരന്‍. 
ആ ദിവസങ്ങളിലൊന്നില്‍ കൈത്തോടിനു കുറുകെയിട്ട തെങ്ങിന്‍തടിയിലൂടെ വീട്ടിലേക്കു നടക്കുമ്പോള്‍ സുരേന്ദ്രന്‍ അതങ്ങോട്ടുറപ്പിച്ചു... തലച്ചൂട്ട് കുത്തിക്കെടുത്തണം ആദ്യം. ബാക്കിയൊക്കെ തന്നെ കെട്ടോളും.
പരോളിലിറങ്ങിയതിന്റെ പതിനാറാം പക്കം അന്തിക്ക്, തോട്ടുമ്പുറം ഷാപ്പില്‍നിന്നു വാങ്ങിയ രണ്ടു കുപ്പി കള്ളുമായി മാങ്കോട്ടച്ചിറയിലെ തെങ്ങിന്‍പുരയിടത്തില്‍ ഇരിക്കുകയായിരുന്നു ദാമോദരന്‍. 
'ദാമോദരോ നീ എപ്പം വന്നെടാ?' എന്ന ചോദ്യം കേട്ടാണ് തിരിഞ്ഞുനോക്കിയത്. പത്തുവാര അപ്പുറത്ത് സുരേന്ദ്രനെ കണ്ടപ്പോള്‍ കള്ളുംകുപ്പിയെടുത്തു തലയ്ക്കടിക്കാനാണ് തോന്നിയത്. തോന്നുക മാത്രമല്ല, കുപ്പിയുടെ കഴുത്തില്‍ പിടിച്ച് എഴുന്നേല്‍ക്കുകയും ചെയ്തു. പക്ഷേ, അപ്പോഴേക്കും പിന്നിലൂടെ വന്നു രണ്ടുപേര്‍ ദാമോദരന്റെ മൂക്കും വായും പൊത്തിക്കളഞ്ഞു. കഴുത്തിലൊരു തോര്‍ത്തും മുറുകി. ചേറില്‍ പുതഞ്ഞ ദാമോദരന്റെ ശവം പിറ്റേന്നു രാവിലെ ചിറയില്‍നിന്നു കണ്ടെടുത്തപ്പോള്‍, സുരേന്ദ്രനും പ്രസ്ഥാനവും പറഞ്ഞു: ''ദാമോദരനെ പാമ്പു കടിച്ചതാണ്.''
അല്ലെന്നറിഞ്ഞിട്ടും നാടുമുഴുവന്‍ പറഞ്ഞു: ''ദാമോദരനെ പാമ്പു കടിച്ചതാണ്.''
രാവിലെ മുതല്‍ നല്ല പെയ്ത്തായിരുന്നു. ഉച്ചതിരിഞ്ഞ് ഇത്തിരി തോര്‍ന്ന നേരം നോക്കി ഒരുന്തുവണ്ടിയും നാലഞ്ചാളുകളും ചേര്‍ത്തലയിലെ വലിയ ചുടുകാട്ടിലേക്കു പോയി. പഞ്ചാരമണലിലടുക്കിയ മരമുട്ടികള്‍ക്കു മുകളില്‍ കിടന്നു പഴയൊരു വാരിക്കുന്തം മുഷ്ടി ചുരുട്ടാതെ കത്തി.
ആയിടയ്ക്കാണ് സഹകരണമേഖലയില്‍ ചുറ്റുവട്ടത്തൊരു സ്പിന്നിങ്മില്‍ തുടങ്ങിയത്. അതിന്റെ ഡയറക്ടര്‍ബോര്‍ഡ് യോഗത്തിലിരിക്കവെ സുരേന്ദ്രനു വെളിക്കിറങ്ങാന്‍ മുട്ടി. മില്ലിനു പുറകില്‍ പാടമാണ്. പാടം കഴിഞ്ഞാല്‍ തോടും. തോട്ടിലേക്ക് ഒരു പുന്നമരം വീണുകിടപ്പുണ്ടായിരുന്നു. അതില്‍ കയറിയിരുന്ന് സുരേന്ദ്രന്‍ തോട്ടിലേക്കു തൂറി. പാതിയായപ്പോഴേക്കും കൈയ് പിടിച്ചിരുന്ന കൊമ്പൊടിഞ്ഞു തോട്ടിലേക്കു മലച്ചു. എഴുന്നേല്‍ക്കാനാവുന്നതിനു മുന്‍പു വെള്ളത്തില്‍വച്ചുതന്നെ ആദ്യത്തെ വെട്ടുവീണു. തോളിനിട്ടാണ് കിട്ടിയത്. പുന്നമരച്ചില്ലകള്‍ക്കിടയിലൂടെ ചാടിയിറങ്ങിവന്നവരില്‍ ഒരാളെ സുരേന്ദ്രന്‍ തിരിച്ചറിഞ്ഞു. ജോയ്! കൂടെയുള്ളവനെ നോക്കാന്‍ നേരം കിട്ടിയില്ല. തോട് ചാടിക്കയറി മില്ലിനുനേര്‍ക്ക് ഓടുന്നതിനിടയില്‍ സുരേന്ദ്രന്‍ പല പേരുകളും ഉച്ചത്തില്‍ വിളിച്ചുകൊണ്ടിരുന്നു. ആളുകള്‍ ഓടിയിറങ്ങി വന്നപ്പോള്‍, ജോയിയും കൂടെയുള്ളയാളും പാടങ്ങള്‍ ചവിട്ടിത്തള്ളി തെക്കേ ദിക്കില്‍ മറഞ്ഞു. സുരേന്ദ്രന്റെ തോളിലെ വെട്ടുപാട് മാത്രമല്ല, സംഭവം തന്നെയും പ്രസ്ഥാനം പൊതിഞ്ഞുകെട്ടി വച്ചു. സുരേന്ദ്രനെ പാമ്പുകടിച്ചതാണെന്ന് ഇത്തവണ ആരും പറഞ്ഞില്ല. അതിന്റെ മൂന്നാംനാള്‍ സുരേന്ദ്രന്റെ അനിയന്‍ ചന്ദ്രന്‍ ചിറയ്ക്കലെ വീട്ടില്‍ ചെന്ന് തങ്കനോടു പറഞ്ഞു: നാളെ മുതല്‍ നളിനി സ്പിന്നിങ്മില്ലില്‍ പണിക്കു പോന്നോട്ടെ. 
പിറ്റേന്നു മുതല്‍ വാട്ടിയ വാഴയിലയില്‍ ചോറ് പൊതിഞ്ഞു വാഴനാരുകൊണ്ടു കെട്ടി അയല്‍പക്കത്തെ പെണ്ണുങ്ങളോടൊപ്പം നളിനിയും മില്ലില്‍ പോയി വന്നു.
പിന്നെ പുഷ്‌കിന്‍ കാത്തുനിന്നില്ല. വയലാറിലെ കളി കഴിഞ്ഞു മടങ്ങുകയായിരുന്ന ലൂണാര്‍ സര്‍ക്കസിന്റെ ലോറികളിലൊന്നില്‍ കയറി ആരോടും പറയാതെ ഒരു രാത്രിനേരത്ത് അവന്‍ ഗോകര്‍ണ്ണത്തേക്കു പുറപ്പെട്ടു പോയി...


ഓര്‍ത്തും പറഞ്ഞും പുഷ്‌കിന്‍ ഉറങ്ങിപ്പോയെങ്കിലും മിലി ഉറങ്ങാതിരുന്നു. തോള്‍പ്പലകയ്ക്കു ചുവടെ അവള്‍ നക്കിയപ്പോഴാണ് പിറ്റേന്നു രാവിലെ പുഷ്‌കിന്‍ ഉറക്കമുണര്‍ന്നത്. അപ്പോള്‍ മുഴുവന്‍ കൂടാരവും മിലിയുടെ കൂടിനു ചുറ്റും അന്തിച്ചുനില്‍ക്കുകയായിരുന്നു.
ഉച്ചകഴിഞ്ഞപ്പോള്‍ ഭട്ടതിരി എവിടെനിന്നോ ഒരു സീഡി കൊണ്ടുവന്നു. അപ്പോള്‍തൊട്ട് കൂടാരത്തിനകത്തും പുറത്തും പഴയ വിപ്‌ളവഗാനങ്ങള്‍ വിരിമാറ് കാണിക്കാന്‍ തുടങ്ങി. ആറുമണിക്കാണ് ചേര്‍ത്തലയിലെ ആദ്യ പ്രദര്‍ശനം. അഞ്ചുമണിയോടെ വിപ്‌ളവം തല്‍ക്കാലം ശമിച്ചു. കാണികള്‍ കൂട്ടത്തോടെ വന്നുതുടങ്ങിയിരുന്നു. കൂടാരത്തിന്റെ പിന്‍ഭാഗത്തു ചെന്നുനിന്ന് പുഷ്‌കിന്‍ ആകാശത്തേക്കു നോക്കി. പടിഞ്ഞാറേ ചക്രവാളത്തില്‍ ഒരു മഴയ്ക്കുള്ള കോള് ഉരുണ്ടുകൂടുന്നുണ്ട്. തെങ്ങോലകള്‍ക്കിടയിലൂടെ ഒരു തണുത്ത കാറ്റ് മാര്‍ച്ചുചെയ്തു കടന്നുപോയി. അപ്പോള്‍ സര്‍ക്കസിലെ അനൗണ്‍സര്‍ തന്റെയും കടുവകളുടെയും പേര് വിളിച്ചുപറയുന്നത് പുഷ്‌കിന്‍ കേട്ടു. ടൈഗര്‍ ഓപ്പറയ്ക്കു നേരമായിരിക്കുന്നു. 
ചാട്ടവാറുകൊണ്ടു തലയ്ക്കു മുകളില്‍ ഒരു വട്ടം വരച്ച് പുഷ്‌കിന്‍ തുടങ്ങി. പുഷ്‌കിനും കടുവകളും കാണികളുടെ നെഞ്ചിന്‍കൂടിനുള്ളില്‍ പലവട്ടം ചുഴലിക്കാറ്റുകള്‍ കെട്ടഴിച്ചു വിട്ടു. വെള്ളമൊഴിച്ചു നീറ്റിയ കക്ക പോലെ സര്‍ക്കസ് പൊലിച്ചതിന്റെ ആഹ്‌ളാദം ഭട്ടതിരിയുടെ മുഖത്തെ കൂടുതല്‍ ചുവപ്പിച്ചു. എന്നാല്‍, പുഷ്‌കിന്‍ അവസാനിപ്പിച്ചിരുന്നില്ല. ചേര്‍ത്തലയ്ക്കു പുറമെ തണ്ണീര്‍മുക്കത്തും മുഹമ്മയിലും മാരാരിക്കുളത്തും നിന്നെത്തിയിരിക്കുന്ന കാണികള്‍ക്കു മുന്നില്‍, ആരും എവിടേയും കളിച്ചിട്ടില്ലാത്ത ഒരു ഐറ്റം കാണിക്കാന്‍ മിലിയെപ്പോലെ തന്നെ വെമ്പുകയായിരുന്നു പുഷ്‌കിന്റെ മനസ്സും.
ചാട്ടവാര്‍ ചുഴറ്റിക്കൊണ്ട് പുഷ്‌കിന്‍ റിങ്ങില്‍നിന്നു പുറത്തിറങ്ങി. കടുവകള്‍ അയാളെ പിന്തുടര്‍ന്നു. കാണികളെ അടുത്തു കാണാന്‍ പുഷ്‌കിന്‍ ഗ്യാലറിയോടു ചേര്‍ന്നു നടന്നു. ഒന്നു കൈ നീട്ടിയാല്‍ തൊടാവുന്ന അകലത്തില്‍ ഏഴു കടുവകള്‍ വട്ടം ചുറ്റുന്നതു കാണികളെ ഹരം കൊള്ളിച്ചു. പുഷ്‌കിന്‍ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. അയാള്‍ കൈ ചൂണ്ടിയതും കടുവകള്‍ പാഞ്ഞു റിങ്ങില്‍ കയറി. അന്തരീക്ഷത്തില്‍ ചാട്ടയൊരടയാളം വരച്ചു. നടുവിലൊരു വൃത്തം ഒഴിച്ചിട്ട് കടുവകള്‍ കാലുനീട്ടി നിലത്തു പതിഞ്ഞു കിടന്നു. എട്ടാമതൊരാളെക്കൂടി പുഷ്‌കിനു വേണ്ടിയിരുന്നു. അയാളുടെ കണ്ണുകളപ്പോള്‍ ആകെ കണ്ടത് കുനാലിനെ മാത്രം. അര നിമിഷം തികച്ചു വേണ്ടിവന്നില്ല. കുനാലിനെ പൊക്കിയെടുത്ത് അയാള്‍ റിങ്ങിലേക്കെറിഞ്ഞു. ഭട്ടതിരി അലറിവിളിക്കുന്നത് പുഷ്‌കിന്‍ കണ്ടു. കടുവകളുടെ നടുക്കുള്ള വൃത്തത്തില്‍ത്തന്നെ കൃത്യമായി ചെന്നു വീണു കുനാല്‍. മൈക്കിലൂടെ ഒരു സന്താളി ഗാനം കൂടാരമാകെ നിറഞ്ഞു. പിടഞ്ഞെണീറ്റ കടുവകള്‍, സന്താള്‍ പര്‍ഗാനയിലെ ആദിവാസികളുടെ ചടുലതാളത്തില്‍ പാട്ടിനൊത്ത് ആടാന്‍ തുടങ്ങി. പകച്ചുനിന്ന കുനാലിന്റെ കാലില്‍ മിലി ചെറുതായി മാന്തി. ഒന്നു വട്ടം ചുറ്റിയ മിലി അടുത്തെത്തി വീണ്ടും മുന്‍കാലുയര്‍ത്തിയപ്പോള്‍ കുനാലിന്റെ കാല് തരിച്ചു. കടുവകള്‍ക്കൊപ്പം അവളും ചലിച്ചു. ഓടിയിറങ്ങിവന്ന ഭട്ടതിരിയെ പുഷ്‌കിന്‍ ബലമായി പിടിച്ചുനിര്‍ത്തി. റിങ്ങിനുള്ളില്‍ നൃത്തം അതിന്റെ പാരമ്യത്തിലെത്തിയപ്പോള്‍ പാട്ട് ഉച്ചസ്ഥായിയില്‍ നിലച്ചു. കുനാലിനെ പൊതിഞ്ഞ്, മുന്‍കാലുകള്‍ മുകളിലേക്കെറിഞ്ഞു കടുവകള്‍ ഒരു ശില്പം പോലെ നിശ്ചലം നിന്നു. കാണികളുടെ ആരവത്തില്‍ കൂടാരത്തിന്റെ മേല്‍ക്കൂര പറന്നുപോകുമെന്നു തോന്നി. പാട്ട് തിരിച്ചിറക്കം തുടങ്ങിയപ്പോള്‍ കുനാലും കടുവകളും റിങ്ങില്‍നിന്നു പുറത്തു വന്നു. മിലിയായിരുന്നു ഏറ്റവും പിന്നില്‍. പെട്ടെന്ന് മിലി വെട്ടിത്തിരിഞ്ഞോടി. കൂടാരത്തിനു നടുവിലെ കമ്പിത്തൂണിലൂടെ അവള്‍ വലിഞ്ഞുകയറി. കണ്ണുകൊണ്ടോ ചാട്ട കൊണ്ടോ ഇത്തവണ പുഷ്‌കിന്‍ അവളെ വിലക്കിയില്ല. പകരം മറ്റൊരു തൂണിലൂടെ അയാളും പിടിച്ചുകയറി. തൂണിന്റെ പാതിയോളം കയറിയ മിലിക്കുനേരേ കൂടാരത്തിന്റെ മോന്തായത്തില്‍നിന്നു തൂങ്ങിക്കിടന്ന ഊഞ്ഞാല്‍ അയാള്‍ ആയത്തില്‍ ആട്ടിവിട്ടു. പടിയില്‍ പിടിച്ചുതൂങ്ങിയ മിലിയുമായി ഊഞ്ഞാല്‍ മുന്നോട്ടും പിന്നോട്ടും കുതിച്ചു. കാണികള്‍ നിര്‍ത്താതെ കയ്യടിച്ചു തുടങ്ങിയിരുന്നു. വായ മുഴുവന്‍ പൊളിച്ച് മിലിയൊന്നലറിയതും കൈയടികള്‍ നിലച്ചു. ഇരിപ്പിടങ്ങളില്‍നിന്ന് അറിയാതെഴുന്നേറ്റുപോയ കാണികള്‍ കണ്ടത്, കത്തിച്ച ഒരുകെട്ടു ചൂട്ടുകറ്റകള്‍പോലൊന്ന് ഊഞ്ഞാലില്‍നിന്നു തങ്ങള്‍ക്കുനേരെ പറന്നുവരുന്നതാണ്. കാണികള്‍ എട്ടുപാടും ചിതറി. ദണ്ഡകാരണ്യത്തിലെ കാട്ടുതീ പോലെ മിലി ഗ്യാലറിയില്‍ പടര്‍ന്നു പിടിക്കുമ്പോള്‍, നനഞ്ഞ ബനിയന്‍ ഊരിയെറിഞ്ഞ് പുഷ്‌കിന്‍, പാതിയില്‍ മുറിഞ്ഞുപോയ കൈയടികള്‍ പൂരിപ്പിക്കുകയായിരുന്നു.


അടിക്കുറിപ്പ്:
ഏപ്രില്‍ തീസീസ്–റഷ്യയില്‍ ഒരു പുതിയ ഭരണക്രമം ഉണ്ടാക്കുന്നതു സംബന്ധിച്ച് ബോള്‍ഷെവിക്കുകള്‍ക്ക് ലെനിന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍. ഇത് ഒക്‌ടോബര്‍ വിപ്‌ളവത്തിനു പ്രേരകമായി. 1917 ഏപ്രിലിലാണ് ലെനിന്‍ ഇത് ആദ്യമായി പ്രഖ്യാപിക്കുന്നത്. ഇക്കൊല്ലം അതിന്റെ നൂറാം വാര്‍ഷികമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com