കാര്‍ത്ത്യായനിയുടെ സത്യം- അംബികാസുതന്‍ മാങ്ങാട് എഴുതിയ കഥ

കാര്‍ത്ത്യായനിയുടെ സത്യം- അംബികാസുതന്‍ മാങ്ങാട് എഴുതിയ കഥ
കാര്‍ത്ത്യായനിയുടെ സത്യം- അംബികാസുതന്‍ മാങ്ങാട് എഴുതിയ കഥ

വിനാശകാലത്ത് വിപരീതബുദ്ധി തോന്നിയ കളിങ്ങാട്ടെ കുറുപ്പച്ചന്റെ ഉദ്വേഗജനകമായ കഥ കുറത്തിയമ്മ വിവരിച്ചു. വിവാഹത്തിന് മുന്‍പ് പ്രസവിച്ച ഉമ്മിണിപ്പെണ്ണിന്റെ കദനകഥയും പിന്നാലെ വന്നു. -കാര്‍ത്ത്യായനിയുടെ സത്യം- അംബികാസുതന്‍ മാങ്ങാട് എഴുതിയ കഥ, ചിത്രീകരണം: ചന്‍സ്

ലജ ഇഷ്ടത്തോടെ ജലജയെ നോക്കി. ഓരോ ദിവസവും ഓരോ ജലജയാണല്ലോ എന്നു കൗതുകപ്പെട്ടു. ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ കണ്ണാടിയില്‍ ചിതറിക്കിടന്ന അനേകം സ്റ്റിക്കറുകളിലൊന്ന് തെരഞ്ഞെടുത്ത് നെറ്റിയിലമര്‍ത്തിവെച്ച്, ഹാന്‍ഡ്ബാഗ് ചുമലിലിട്ട്, കണ്ണാടിയില്‍ ഒന്നുകൂടി കണ്ട് സ്വയം ബോധ്യപ്പെട്ട് ധൃതിയില്‍ പുറത്തേക്കിറങ്ങുമ്പോള്‍ അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു:
''അമ്മമ്മേ, ഞാനെറങ്ങ്‌ന്നേ.''
നടുത്തളത്തില്‍നിന്നും അമ്മമ്മ വരാന്തയിലേക്കിറങ്ങി വന്നു.
''മോളേ, ഇന്ന് വെറ്റല മറക്കല്ലേ. തീരാനായിന്.''
''കൊണ്ടരാം അമ്മമ്മേ. പൊകേല നല്ലോണം കൊറക്കണംന്ന് ഡോക്ടറ് പറഞ്ഞത് ഓര്‍മ്മേണ്ടല്ലോ... പിന്നെ അമ്മമ്മ വെറ്‌തേ പൊറത്തിറങ്ങി നടക്കണ്ടാട്ട്വോ. കല്ലിലും മുള്ളിലും വീണ് എനക്ക് പണിയാക്കണ്ട. കാവിലേക്കും പോണ്ട. കൊറത്തിയമ്മത്തെയ്യം ഇങ്ങോട്ട് വന്നോളും. മിറ്റത്ത് അത്യാവശ്യത്തിന് എറങ്ങ്‌മ്പോ കണ്ണട വെക്കണം. ഈടെല്ലം നേറച്ചു വെഷപ്പാമ്പ്ണ്ട്.''
പല്ലില്ലാത്ത മോണ കാട്ടി അമ്മമ്മ കുഞ്ഞിന്റെ നിഷ്‌കളങ്കമായ ചിരി ചിരിച്ചു.
''അതൊന്നും ന്നെ കടിക്കീല മോളേ... നീയില്ലാത്തപ്പോ ഈട എത്ര നാഗങ്ങള് വെര്ന്ന്ണ്ട്. ഇന്ന് വരെ എന്ന ഒന്ന് കടിച്ചിനാ?''
അത് ശരിയാണല്ലോ എന്ന് ജലജ ഓര്‍മ്മിച്ചു. രണ്ട് ദിവസം മുന്‍പാണ്. ഉച്ചമയക്കം കഴിഞ്ഞ് ഉണരുമ്പോഴുണ്ട് ഒരാള്‍ പത്തിവിരിച്ച് അരികില്‍, കിടക്കപ്പായില്‍. നിഷ്പ്രയാസം തൂക്കിയെടുത്ത് അമ്മമ്മ കാവില്‍ കൊണ്ട്‌പോയി വിട്ടൂത്രെ. അത് കേട്ടപ്പോള്‍ ജലജ വിരണ്ടുപോയി. പാമ്പ് എന്നു കേള്‍ക്കുമ്പഴേ അവളുടെ കാല്‍മടമ്പില്‍നിന്നും തരിപ്പ് ഉച്ചിയിലേക്ക് പൊന്തിപ്പടരും.
മുറ്റത്ത് രണ്ട് നിമിഷം ശങ്കിച്ചു നിന്നശേഷം ജലജ പറഞ്ഞു:
''അമ്മമ്മേ, ഒര് കാര്യം ഇന്ന് മറക്കാണ്ട് കൊര്‍ത്ത്യമ്മേട് ചോയ്ക്കണം.''
''എന്തന്ന്‌ണേ?''
''നമ്മളെ മീനാക്ഷീന്റെ കാര്യന്തന്നെ. ഓള് എത്ര ചോയിച്ചിറ്റും സമ്മദിക്ക്ന്നില്ല. ആണൊരുത്തനുമായും ഓള്‍ക്ക് ലോഹ്യം ഇല്ലാത്രേ!''
''അന്തിത്തിരിയന്‍ കുഞ്ഞാപ്പൂന്റെ മോളെ കാര്യല്ലെ നീ പറയ്ന്നേ. അദ് കൊര്‍ത്ത്യമ്മ ഒറപ്പിച്ച് പറഞ്ഞതല്ലേ? ആന്ധ്രേന്ന് സുള്ള്യ വയിക്ക് ലോറീല് അരി കടത്തിക്കൊണ്ടര്ന്ന ആ അരിമൊതലാളിയുമായി ഓക്ക് പ്രേമാന്ന്. ഓന്‍ ചതിയനാ മോളേ. കൊര്‍ത്ത്യമ്മ പറഞ്ഞാ പറഞ്ഞതാ. ഒരു നൂല് തെറ്റിപ്പോകീല.''
''പക്ഷേ, ഓള് സമ്മദിക്ക്ന്നില്ല അമ്മമ്മോ.''
''ഓള് കള്ളിയാന്ന്. നീ ഓളോട് ഒന്നൂടി പറഞ്ഞോ. അന്തിത്തിരിയന്റെ മോളല്ലേ. അപകടത്തിച്ചാടണ്ട. കണ്ണും മൂക്കൂല്ലാണ്ട് പ്രേമിച്ചാ ഇപ്പളത്തെ പെമ്പിള്ളേര്‍ക്കെല്ലം ഇദന്നെ ഗതി.''


ജലജ തീരുമാനിച്ചു. ഇന്ന് അവസരമുണ്ടാക്കി മീനാക്ഷിക്ക് മുന്നറിയിപ്പ് കൊടുക്കണം. ടൗണിലേക്കുള്ള ബസില്‍ മിക്കപ്പോഴും അവള്‍ ഒന്നിച്ചുണ്ടാകും. 'നിറപറ' മാളില്‍ ഒരുമിച്ചാണ് ജോലി. ആഴ്ചയിലൊരു ദിവസം അരിലോറിയുമായി ഗ്രൗണ്ട്ഫ്‌ലോറിലെ ഗോഡൗണിലേയ്ക്ക് കറുത്ത കൂളിംഗ് ഗ്ലാസ് വെച്ച് വരുന്ന ആ മനുഷ്യനെ ആദ്യം കണ്ടപ്പോള്‍ തന്നെ ജലജയ്ക്ക് ഒരു കള്ളലക്ഷണം തോന്നിയിരുന്നു. മിനാക്ഷിക്ക് അങ്ങനെ തോന്നാത്തതെന്ത്? മിണ്ടിയിട്ട് പോലുമില്ല എന്നാണല്ലോ ഉറപ്പിച്ചു പറയുന്നത്.
കവുങ്ങിന്‍ പാലത്തിലൂടെ തോട് മുറിച്ചുകടക്കുമ്പോള്‍ ജലജ ഓര്‍ത്തു. കുറത്തിയമ്മത്തെയ്യം പറഞ്ഞാല്‍ പറഞ്ഞതാണ്. നാക്ക് പെഴച്ചുപോവില്ല. കുഞ്ഞമ്മാറോട് പലവട്ടം പറഞ്ഞു അമ്മമ്മ, പൊഴേല് അലക്കാന്‍ പോണ്ടാ പോണ്ടാന്ന്. കുറത്തിയമ്മ പറഞ്ഞിട്ടാണ് എന്നും പറഞ്ഞു.
എന്നിട്ടെന്തായി? അപസ്മാരമിളകി  വെള്ളത്തില്‍ വീണു. മുട്ടോളമേ വെള്ളമുണ്ടായിരുന്നുള്ളു. പക്ഷേ, ആരും കാണാനുണ്ടായില്ല. കുറേക്കഴിഞ്ഞ് ആള്‍ക്കാര് കരയിലെടുത്ത് കിടത്തുമ്പോഴേക്കും ശരീരം തണുത്ത് മരവിച്ചിരുന്നു.
വെളുത്തമ്പൂനോട് തെങ്ങ് കയറണ്ട നാലു മാസത്തേയ്ക്ക് എന്നു പറഞ്ഞു, കേട്ടില്ല. കണാരേട്ടനോട് ടോര്‍ച്ചെടുക്കാണ്ട് പൊറത്തെറങ്ങല്ലേന്ന് പറഞ്ഞു. കുഞ്ഞമ്പൂന്റെ മോളോട് ഇക്കൊല്ലം പഴഞ്ചക്ക തിന്നല്ലേന്ന് പറഞ്ഞു, കേട്ടില്ല. എന്നിട്ടെന്തായി?

ആദ്യമൊക്കെ, കൊര്‍ത്ത്യമ്മ വന്നിര്ന്നു, നാട്ടുവര്‍ത്താനം പറഞ്ഞോണ്ടിര്ന്നു എന്നൊക്കെ അമ്മമ്മ മൊഴിഞ്ഞപ്പോള്‍ ജലജ പൊട്ടിച്ചിരിച്ചു. ഒറ്റക്കാവ്‌മ്പോ ഉണ്ടാവുന്ന ഓരോ മാനസിക വിഭ്രാന്തികള്‍. അല്ലാതെന്ത്? പിന്നെ ജലജ ചിരിക്കാതായി. വാര്‍ദ്ധക്യത്തിലെ കഠിനമായ ഏകാന്തതയെ മറികടക്കാന്‍ അമ്മമ്മയുടെ ഭാവന സൃഷ്ടിക്കുന്ന പോംവഴികളാണെന്ന് സമാധാനിച്ചു. പുലരുമ്പോള്‍ മാളിലേക്ക് പുറപ്പെട്ടാല്‍ അന്തിയാകും. തിരിച്ചെത്തുമ്പോള്‍ അതിനിടയില്‍ അമ്മമ്മയ്ക്ക് കൂട്ട് വന്നിരിക്കുന്ന കുറത്തിയമ്മയോട് സ്‌നേഹം തോന്നാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജലജയ്ക്കു ബോധ്യമായി. തോന്നലോ മാനസിക വിഭ്രാന്തിയോ അല്ല. കുറത്തിയമ്മത്തെയ്യം താനില്ലാത്ത നേരത്ത് വന്ന് അമ്മമ്മയ്ക്ക് കൂട്ടിരിക്കുന്നുണ്ട്. തെയ്യത്തിനും തീരണ്ടേ ഏകാന്തത?
ബസ് സ്റ്റോപ്പിലെത്തുമ്പോള്‍ മീനാക്ഷിയുണ്ട് മൊബൈലില്‍ ആരോടോ സൊള്ളുന്നു.
''ആരോടാ നേരം വെള്ക്കുമ്പം ഒര് കിന്നാരം?''
മീനാക്ഷി ചിരിച്ചു.
''ഒര് കൂട്ട്കാരി വിളിച്ചതാ.''
ബസിന്റെ ഇരമ്പം ഉയര്‍ന്നപ്പോള്‍ മുതിര്‍ന്ന സ്ത്രീയുടെ ഭാവഹാവാദികളോടെ ജലജ പറഞ്ഞു:
''പെണ്ണ, സൂക്ഷിച്ചാ നെനക്ക് നല്ലത്. അയ്യാള് നെന്നെ ചതിക്കും. നോക്കിക്കോ.''
മീനാക്ഷിയുടെ കണ്ണുകളില്‍ അദ്ഭുതം നിറഞ്ഞു.
''നീ എന്താടീ പറയ്ന്നേ. ഞാനയാളോട് മിണ്ടീറ്റ്‌ന്നെ ഇല്ല.''
''നീ നൊട്ട പറയല്ലണേ. കൊര്‍ത്ത്യമ്മത്തെയ്യം പറഞ്ഞാല്‍ പറഞ്ഞതാ.''
''കൊര്‍ത്ത്യമ്മയോ!''
മീനാക്ഷി പൊട്ടിച്ചിരിച്ചു.
കുറത്തിയമ്മത്തെയ്യത്തിന്റെ വരവും നോക്കി, തലയും മേലും കുളിച്ച്, പ്രാതലും കഴിച്ച്, അലക്കിയ പുടവയും ഉടുത്ത് അമ്മമ്മ വരാന്തയില്‍ കാത്തിരുന്നു.
ചില ദിവസങ്ങളില്‍ തെയ്യം വേഗം എഴുന്നള്ളും. ചിലപ്പോള്‍ കാത്തിരുന്നു മടുക്കും. അമ്മാതിരി ദിവസങ്ങളിലാണ് കാവിലേക്കുള്ള ഇറക്കം. തെയ്യത്തെ അമ്മമ്മ കയ്യോടെ പിടിച്ചുകൊണ്ടുവരും.
അന്ന് തെയ്യം ഒട്ടും വൈകിയില്ല. മുറ്റം കടന്ന് ചിലമ്പൊച്ച വരുന്നതു കേട്ട് സന്തോഷത്തോടെ അമ്മമ്മ തല പൊന്തിച്ചു.
''വല്യ മൂല്യത്തീ.''
കുറത്തിയമ്മത്തെയ്യം തറവാട്ടമ്മയെ വിളിക്കുന്ന വിളിപ്പേരാണത്. അമ്മമ്മ എഴുന്നേറ്റ് സ്‌നേഹത്തോടെ കൈപിടിച്ച് തെയ്യത്തെ സ്വീകരിച്ച് ഇരുത്തിയില്‍ ഇരുത്തി. വെറ്റിലച്ചെല്ലവും സ്വര്‍ണ്ണനിറമുള്ള തുപ്പുന്നയും മുന്നില്‍വെച്ച് അരികില്‍ ഇരുന്നു. ഇനി നാലും കൂട്ടിയുള്ള മുറുക്ക്. അതാണ് പതിവ്.
അമ്മമ്മ വാടിയ ഇളംവെറ്റില ഉള്ളംകയ്യില്‍ വെച്ച് പരത്തിക്കൊണ്ട് വര്‍ത്തമാനം ആരംഭിച്ചു.
''കൊര്‍ത്ത്യമ്മേ, ആ മീനാക്ഷിപ്പെണ്ണ് സമ്മദിക്ക്ന്നില്ലാട്ടോ ഓള്‍ക്ക് അയ്യാളെ കുര്‍ത്തം പോലും ഇല്ലാന്ന്.''
പീശാങ്കത്തികൊണ്ട് കളിയടക്കയുടെ മൊരി ചുരണ്ടിക്കളയുന്നതിനിടയില്‍ കുറത്തിയമ്മ ചിരിച്ചു.
''കുയിച്ചാട്മ്പഴേ ആ പൊട്ടിപ്പെണ്ണ് പഠിക്കൂ. മംഗലം കയിക്കാംന്നൊക്കെ പറഞ്ഞ് അയാള് പല പെണ്ണുങ്ങളേം അന്യനാട്ടില്‍ക്ക് കടത്തിക്കൊണ്ട് പോയിറ്റിണ്ട്. സൂക്ഷിച്ചാല് അയിന് നല്ലത്. ഇങ്ങട്ട് അരി കടത്തും. അങ്ങട്ട് പെണ്ണു് കടത്തും. രണ്ട് വഴിക്കും പൂത്ത കാശ്ണ്ടാക്കും. അല്ലാങ്കില് നമ്മളെന്തിന് ഇങ്ങനെ അന്യനാട്ടീന്ന് അരി വാങ്ങ്ന്ന്? നമ്മളെ നെല്‍ക്കൃഷി ബാക്കീണ്ടായിനെങ്കില് ഈ സ്ഥിതിഗതി ഉണ്ടാവില്ലാര്ന്നു.''
നെല്‍ക്കൃഷി എന്നു കേട്ടപ്പോഴേക്കും അമ്മമ്മയുടെ ഉടലിലാകെ കുളിര് കുത്തി. നൂറായിരം ഓര്‍മ്മകളില്‍ പുതഞ്ഞ് കണ്ണുകള്‍ തിളങ്ങി. ഹൃദയപൂര്‍വ്വം പറഞ്ഞു:
''നെല്‍ക്കൃഷീന്റെ കാര്യം കേക്കുമ്പളേക്കും ഞാനെന്റെ കല്യാണക്കാര്യം നിനച്ചുപോകും. കൊല്ലം കൊറേയായി. എനക്കന്ന് പത്ത് പതിന്നാല് വയസ്സേയുള്ളൂ.''
പല തവണ കേട്ടതെങ്കിലും ആദ്യമായി കേള്‍ക്കുന്ന ഉത്സാഹത്തോടെ കുറത്തിയമ്മ ഞരമ്പ് പൊട്ടിയ വെറ്റിലയില്‍ നൂറ് തേച്ച് പിടിപ്പിച്ചു.
''നീ പറ കാര്‍ത്ത്യായനീ, ആ കഥ കേക്കാന്‍ നല്ല രസാ.''
പതിന്നാലുകാരിയുടെ പ്രസരിപ്പോടെ അമ്മമ്മ കഥയുടെ കെട്ടഴിച്ചു.
''അന്നൊക്കെ കല്യാണം രാത്രീലാന്നല്ലോ. വരന്റെ പാര്‍ട്ടിക്കാര് ഗ്യാസ്ലൈറ്റും കത്തിച്ച് പടക്കോം പൊട്ടിച്ച് എത്തുമ്പളേക്കും ഞാനൊറക്കത്തിലായിര്ന്ന്. മുറ്റത്ത് കതിന പൊട്ടുന്ന ഒച്ച കേട്ടാണ് ഞാന് ചാടിയെണീറ്റത്. ഇര്ട്ടില് കല്യാണച്ചെക്കന്റെ മൊകമൊന്നും കാണ്ന്ന്ണ്ടായിര്ന്നില്ല. താലികെട്ട് കയിഞ്ഞപ്പളേക്കും നട്ടപ്പാതിരയായി. സദ്യ കയിഞ്ഞപ്പോ നേരം പൊലരാനായി. കാട്ടിലൂടെ നടന്ന് കുന്ന് കയറ്‌മ്പോ മഞ്ഞനെറമുള്ള സൂരിയന്‍ ആകാശത്തിന്റെ നെറ്റിക്ക് വെല്യ പൊട്ട് തെട്ടത് പോലെ ഉദിച്ച് വര്ന്നിണ്ടായിര്ന്ന്.

അന്നേരത്താണ് താലികെട്ട്യോന്റെ മുകം ഞാനാദ്യായിറ്റ് കാണ്ന്നത്. അതൊന്നും മറക്കാന്‍ കയ്യീലാന്റെ കൊര്‍ത്ത്യമ്മേ.
കുന്നിന്റെ മോളില് ഒര് എര്തും വണ്ടി ഞാങ്ങളെ കാത്തിറ്റ് നിക്ക്ന്ന്ണ്ടായിനി. വെളുവെളുത്ത രണ്ട് വല്യ കാളകള്‍! മനുഷ്യനെക്കാളും ഉയരണ്ട് രണ്ടിനും. ആദ്യായിറ്റാന്ന് ഞാന് എര്തും വണ്ടീല് കേറ്ന്നത്. വണ്ടീല് ഞാനും കെട്ട്യോനും ഉക്കാരമ്മാമനും മാത്രം. ഉക്കാരമ്മാമനെ നല്ലോണം റാക്ക് മണക്ക്ന്ന്ണ്ടായിനി. രണ്ട് മൂന്ന് മണിക്കൂറ് ദൂരണ്ടല്ലോ ഈട്‌ത്തേക്ക്. വണ്ടീന്നെറങ്ങീറ്റും ഒരു പാട്ണ്ട് നടക്കാന്‍. വയലിന്റെ നടുക്കൂടെ നടന്നിറ്റും നടന്നിറ്റും വയല് തീരുന്നില്ലാട്ടോ.
ചുറ്റുപാടും ചൂണ്ടി താലി കെട്ട്യോന്‍ ആദ്യായിറ്റ് എന്നോട് മിണ്ടി.
നോക്ക് കാര്‍ത്ത്യാനീ. ഈ കാണുന്ന കണ്ടങ്ങളിലെ കൃഷിയെല്ലാം എന്റേതാണ്.
ഞാനമ്പരന്ന് പോയീട്ടാ. ഇത്രീം കൃഷിയോ? നെല്ല് മാത്രല്ല, എള്ളും തോരയും മുതിരയും റാകിയും മധുരക്കിഴങ്ങും കരിമ്പും എന്നുവേണ്ട എല്ലല്ലാ കൃഷിയും കാണ്ന്ന്ണ്ടായിനി. എന്നാലും നെല്ല്‌ന്നെ അധികം. മൂരാന്‍ പാകം വന്ന നെല്ല് മഞ്ഞക്കടല് പോലെ പരപരാന്ന് കെടക്കാന്ന്.
ഞാനമ്പരന്ന് കുമാരേട്ടനെ നോക്കി. കുമാരേട്ടന്റെ മുകത്ത് അന്നേരം അഭിമാനം നെറയുന്നത് ഞാന് കണ്ടു.
കൊറച്ച് നടന്നപ്പോ വഴിക്കിരുഭാഗത്തും നോക്കെത്താ ദൂരത്തോളം വൈക്കോല്‍ കറ്റകള്‍ ഉണക്കാനിട്ടതു കണ്ടു. വീണ്ടും മഞ്ഞക്കടല്. തെരകള്‍ പോലെ കാറ്റില് എളകിമറിയ്ന്ന മഞ്ഞക്കടല്.
കാല് കടഞ്ഞിറ്റ് എനക്ക് ഒട്ടും നടക്കാനാക്ന്ന്ണ്ടായിര്ന്നില്ല. അതറിഞ്ഞിറ്റ് ഓന്‍ സമാധാനിപ്പിച്ചു. 
എത്താനായിപ്പോയീട്ടോ.
ലേശം കൂടി നടന്നപ്പോ വീട് കണ്ടു. വീടിന് മുന്നില്‍ കവുങ്ങിന്‍ പാലം. നട്‌ക്കെത്തുമ്പോ പാലം കുലയ്ന്ന്ണ്ടായിനി. താഴെ തോട്ടില് നെല കിട്ടാത്ത വെള്ളം. ഞാന് പേടിച്ച് വെറച്ചപ്പോ ഓന്‍ വന്ന് കൈപിടിച്ച് കടത്തി. മിറ്റത്തേക്കുള്ള പടികള്‍ കയറ്‌മ്പോ ഞാന് വീണ്ടും അന്തിച്ച് പോയീട്ടോ. മിറ്റത്ത് അതാ മെതിക്കാന്ള്ള നെല്ലിന്‍ കറ്റകള്‌ടെ വലിയ കുന്നുകള്‍.''
കുറത്തിയമ്മ ഇടപെട്ടു.
''നീയൊന്ന് മറന്നൂട്ടോ കാര്‍ത്ത്യായനീ.''
''യേത്?''
''ഒട്ക്കത്തെ പടിയിലെത്തുമ്പോ, കറ്റകള്‌ടെ കുന്ന് കണ്ട് അമ്പരന്ന് നീ വീഴാമ്പോയില്ലേ? അപ്പൊ ഞാനല്ലേ ആരും കാണാണ്ട് പാഞ്ഞ് വന്നിറ്റ് നെന്റെ കയ്യേപ്പിടിച്ച് താങ്ങിയത്. നിന്നെ വീഴാണ്ട് കാത്തത്.''
കുറ്റബോധത്തോടെ അമ്മമ്മ പറഞ്ഞു:
''അയ്യോ ഞാനത് മറന്നോയീപ്പാ. പുത്യപെണ്ണ് മിറ്റത്ത് എരടി വീണാല് എന്തൊര് കാലക്കേടായേനെ. അന്ന് നീയെന്നെ കാത്തു കൊര്‍ത്ത്യമ്മേ. അയ്പ്പിന്നെയും നീ എത്രയോ പ്രാവിശ്യം എന്ന വീഴാണ്ട് കാത്തു. ഞാനൊന്നും മറക്കീലാ...''
കുറത്തിയമ്മയുടെ മുഖം പെട്ടെന്ന് ഇരുണ്ടു.
''പക്ഷേല് എന്ന ആരും കാത്തീല കാര്‍ത്ത്യായനീ. ഈടെ എന്റെ കളിയാട്ടം നടന്നിറ്റ് കൊല്ലം പത്ത് പതിനഞ്ചായില്ലേ? എനക്കും ആശേണ്ടാവില്ലേ?''
അമ്മമ്മ നിശ്ശബ്ദതയില്‍ മുങ്ങിത്താണു. കുറേ നിമിഷങ്ങള്‍ കഴിഞ്ഞ് പതുക്കെ ഉരിയാടി.
''എല്ലം നെനക്കറിയ്ന്ന കാര്യങ്ങളല്ലേ കൊര്‍ത്ത്യമ്മേ. മനഃപൂര്‍വ്വല്ലല്ലോ. എന്റെ കുമാരേട്ടന്‍ മരിച്ചിറ്റും നാലഞ്ച് കൊല്ലം മൊടങ്ങാണ്ട് തെയ്യം ഞാന് കയിപ്പിച്ചു, ല്ലേ? പൈസണ്ടായിറ്റൊന്ന്വോല്ലല്ലോ. കൃഷിപ്പണിക്ക് ആളക്കിട്ടാണ്ടായി. പിന്നെപ്പിന്നെ വയലുകളും ഇല്ലാണ്ടായി. രണ്ട് മൂന്ന് കൊല്ലായി തോട്ടിലും ചാലിലും തൊരങ്കത്തിലും പൊഴേലും കൊളത്തിലും വെള്ളൂം ഇല്ലാണ്ടായി. എന്ന താലികെട്ടിക്കൊണ്ട് വര്ന്ന കാലത്ത് ഏട നോക്ക്യാലും വെള്ളമിങ്ങനെ 'ഗുമു ഗുമാ'ന്ന് പൊങ്ങിവന്ന് നാല് ചുറ്റിനും ഒഴ്ക്ന്ന്ണ്ടാകും. എപ്പൊ നോക്ക്യാലും പത്ത് നൂറ് പെണ്ണുങ്ങള് നെരന്ന് നിന്ന് ഞാറ് നട്ന്ന്ണ്ടാകും. ഞാറ് നടമ്പോള്ള നാട്ടിപ്പാട്ട് കാറ്റിന്റെ ചുമലിക്കേറിയിര്ന്ന് ഈ മിറ്റത്തേക്കും വര്ന്ന്ണ്ടാകും.''
അത് കേട്ടപ്പോള്‍ വിഷാദമെല്ലാം മാറി കുറത്തിയമ്മയുടെ മുഖത്ത് വെളിച്ചം പരന്നു. പുഞ്ചിരിയോടെ ഒരു വരി ഈണത്തില്‍ കൈകൊട്ടിപ്പാടി.
''ഈയൊ മഞ്ചട്ടി ഗോണ...''
അമ്മമ്മയുടെ ഉടല്‍ കുളിര്‍ന്നുപോയി. കുമാരേട്ടന്‍ തന്നെ ആദ്യം പഠിപ്പിച്ച പാട്ടാണ്! കണ്ടം ഉഴുമ്പോള്‍ ചോമനും ബൈറനും തങ്കുട്ടനും പാടുന്ന തുണ്ടുപാട്ടാണ്. ആ പാട്ട് കേട്ടാല്‍ നുകം കെട്ടിയ പോത്തുകള്‍ പോലും തലകുലുക്കിക്കൊണ്ട് ഉഷാറായി പാഞ്ഞ് നടക്കും.
തുപ്പുന്നയില്‍ മുറുക്കിത്തുപ്പിയ ശേഷം അമ്മമ്മ എഴുന്നേറ്റ് ആവേശത്തോടെ ഏറ്റുപിടിച്ചു.
''ഈയോ മഞ്ചട്ടി ഗോണ

ഈയോ മഞ്ചട്ടി ഗോണ
മഞ്ചട്ടി ഗോണയ്ക്ക് പണ്ണാ കളഞ്ച
മഞ്ചട്ടി ഗോണയ്ക്ക് പണ്ണാ കളഞ്ച...''
കുറത്തിയമ്മയും എഴുന്നേറ്റ് ചുവടുകള്‍ വെച്ചു. കൊട്ടും പാട്ടുമങ്ങനെ നീണ്ട് നീണ്ട് പോയി...
കവുങ്ങിന്‍ പാലം കടക്കുമ്പോള്‍ ജലജയ്ക്ക് പേടിതോന്നി. പടികള്‍ കയറി മുറ്റത്തെത്തുമ്പോള്‍ അവളുടെ ആശങ്ക വര്‍ദ്ധിച്ചു. വീട്ടിനകത്ത് വെളിച്ചവും അനക്കവും ഇല്ലല്ലോ.
രാത്രി കനത്തിട്ടും പടിഞ്ഞാറ്റയില്‍ വിളക്ക് കത്തിച്ചിട്ടില്ല. 'അമ്മമ്മേ' എന്ന് വിളിച്ച് വരാന്തയിലും നടുവിലകത്തും അടുക്കളയിലുമെല്ലാം പരതിനടന്നു. പ്രതികരണമില്ലാതായപ്പോള്‍, 'ന്റെ കൊര്‍ത്ത്യമ്മേ, കാത്തോള്‍ണേ' എന്ന നിലവിളി ജലജയുടെ തൊണ്ടയെ പിളര്‍ന്നു.
അന്നേരം പടിഞ്ഞാറ്റയുടെ വാതിലിന് പിന്നില്‍ നിന്നും പനിയന്‍ തെയ്യത്തെപ്പോലെ പൊട്ടിച്ചിരിച്ച് അമ്മമ്മ പുറത്തേക്ക് ചാടി.
''ഇയ്യോ മഞ്ചട്ടി ഗോണ...''


ജലജയ്ക്കു ദേഷ്യം വന്നു.
''അമ്മമ്മ കുട്ടിക്കളി കളിക്ക്‌ന്നോ, മനുഷ്യനെ പേടിപ്പിക്കാന്‍?''
അമ്മമ്മ ജലജയുടെ കവിളില്‍ തോണ്ടി.
''എണേ, ഞാന് നെന്നെ പരീക്ഷിച്ചതല്ലേ. നെനക്ക് സ്‌നോഹോണ്ടോന്നറിയാന്‍. ഞാന് ചത്തോയാല് നീ കരയോന്നറിയണ്ടേ?''
ജലജ മുരണ്ടു.
''പരീക്ഷിക്ക്ന്നതെന്തിന്? ഈടെ നൊട്ടേം നൊണേം വിളമ്പാന്‍ ദെവസൂം വന്നിരിക്കുന്ന ആ കൊര്‍ത്ത്യമ്മേട് ചോയിച്ചാ പോരേ?''
ജലജയുടെ കണ്ണ് നിറഞ്ഞത് കണ്ട് അമ്മമ്മ ചേര്‍ത്ത് പിടിച്ചു.
''അതെങ്ങനാടീ സ്വന്തം കുഞ്ഞിന് സ്‌നേഹംണ്ടോന്ന് കൊര്‍ത്ത്യമ്മേട് ചോയ്ക്കല്? അദ് ഏശികയല്ലേ? അദ് പോട്ട്. നെന്റെ മീനാക്ഷീന്റെ വിശ്യം എന്തായി?''
അമ്മമ്മ വിഷയം മാറ്റിപ്പിടിച്ചതാണെന്ന് മനസ്സിലായെങ്കിലും ഉത്സാഹത്തോടെ ജലജ പറഞ്ഞു:
''ഇന്ന് ഞാനോളെ കയ്യോടെ പിടിച്ച് അമ്മമ്മേ. ഇന്ന് അരിലോറി വര്ന്ന ദെവസല്ലേ. ഗോഡൗണില് പായ്ക്കറ്റുകളില് അരി നെറക്കുമ്പോ എന്റെ ഒര് കണ്ണ് ഓളെ മേത്തായിരുന്നു. കൊര്‍ച്ച് കഴിഞ്ഞപ്പോ ഓളെ കാണ്ന്നില്ല. പൊറത്തെറങ്ങി നോക്കിയപ്പോ എന്താ സംഗതി! മൂപ്പത്തി ലോറീടെ മറവില്‍ നിന്ന് അയാളോട് കൊഞ്ചുന്നു. എന്നെ കണ്ടപ്പോ ആകെയൊരു ചമ്മല്. പിന്നെ ഓള് പറയ്ാ, അയ്യാള് വന്ന് പരിചയപ്പെട്ടതാന്ന്.''
''പെണ്ണേ, ഓള് കള്ളത്തരം എളക്ക്ന്നതാ. കൊര്‍ത്ത്യമ്മ ഇന്നും പറഞ്ഞത് ഓന്‍ ചതിക്ക്‌ന്നോനാന്ന്.''
നാലഞ്ചു നാള്‍ കഴിഞ്ഞ് ഈ സംഭവം അമ്മമ്മ ഓര്‍മ്മിച്ചെടുത്തപ്പോള്‍ കുറത്തിയമ്മ അന്നേരവും ആവര്‍ത്തിച്ചു.
''ഓളെ തലക്ക് പിടിച്ചിന് പ്രേമം. വിനാശകാലേ വിപരീതബുദ്ധീന്നല്ലേ പ്രമാണം.''
വിനാശകാലത്ത് വിപരീതബുദ്ധി തോന്നിയ കളിങ്ങാട്ടെ കുറുപ്പച്ചന്റെ ഉദ്വേഗജനകമായ കഥ കുറത്തിയമ്മ വിവരിച്ചു. വിവാഹത്തിന് മുന്‍പ് പ്രസവിച്ച ഉമ്മിണിപ്പെണ്ണിന്റെ കദനകഥയും പിന്നാലെ വന്നു. അങ്ങനെ സംഭാഷണം പല വഴിക്കും പടര്‍ന്നു. അപ്രതീക്ഷിതമായി അമ്മമ്മ പറഞ്ഞു:
''എനക്ക് വല്യോര് ആഗ്രഹം ഉണ്ട് കൊര്‍ത്ത്യമ്മേ.''
കുറത്തിയമ്മത്തെയ്യം ഉല്‍ക്കണ്ഠയോടെ മുഖമുയര്‍ത്തി. കുറച്ചു ദിവസങ്ങളായി മനസ്സില്‍ സൂക്ഷിച്ചത് അമ്മമ്മ ശങ്കയോടെ വെളിപ്പെടുത്തി.
''കൊര്‍ത്ത്യമ്മേ, നെന്റെ കളിയാട്ടം ഈടെ നടന്നിറ്റ് കൊല്ലം കൊറേയായില്ലേ? മരിക്കണേന് മുന്നേ നെന്റെ തെയ്യം കളി കാണാന്‍ എനക്ക് ഒരാശ ബാക്കീണ്ട്. എനക്ക് മാത്രമായിറ്റ് ഒരീസം നീ കോലം കെട്ടി ഉറഞ്ഞ് തുള്ളണം. എന്ന ഗുണം വര്ത്തണം.''
കുറത്തിയമ്മ ആലോചനാമഗ്‌നയായി. ഒടുവില്‍ അമ്മമ്മയെ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു:
''ഇന്നന്നെയായാലോ? ഇപ്പത്തന്നെ?''
അമ്മമ്മ പരിഭ്രമിച്ചു.
''അയ്യോ നെലം കഴുകിത്തൊടക്കണ്ടേ? മിറ്റത്ത് ചാണകം തേക്കണ്ടേ?''
''അദൊന്നും വേണ്ട വല്യ മൂല്യത്തീ. പടിഞ്ഞാറ്റേന്ന് പീഠവും പലകത്തട്ടീന്ന് തിരുവായുധങ്ങളും എട്‌ത്തോളാ.''
അമ്മമ്മ പീഠം ആയാസപ്പെട്ട് ഏറ്റിക്കൊണ്ട് വന്നു. മുകുരവും തിരുവായുധങ്ങളും വരാന്തയില്‍ നിരത്തി.
തെയ്യം പീഠത്തിലിരുന്നു. നോക്കിയിരിക്കെ, ഇന്ദ്രജാലം പോലെ കുറത്തിയമ്മയുടെ നെറ്റിയില്‍ തലപ്പാളി തെളിഞ്ഞു. മുഖത്ത് വര്‍ണ്ണപ്പകിട്ടുള്ള മുഖത്തെഴുത്ത് നിറഞ്ഞു. ചുവപ്പ് പട്ടുടുപ്പിനുമേല്‍ പച്ചോലകൊണ്ട് മെടഞ്ഞ അരയൊട. തലയില്‍ ചെക്കിപ്പൂക്കള്‍ അലങ്കരിച്ച പച്ചോലക്കിരീടം.

കഴുത്തിലും കൈകാലുകളിലുമെല്ലാം മിന്നുന്ന പൊന്നാഭരണങ്ങള്‍.
ചമയം കഴിഞ്ഞപ്പോള്‍ തെയ്യം മുകുരദര്‍ശനം കഴിച്ചു. ആയിരങ്ങള്‍ വന്നുകൂടിയതുപോലെ തെയ്യം ചിലമ്പുകള്‍ വിറപ്പിച്ച് വിഹഗവീക്ഷണം നടത്തി.
ഒരു വ്യാഴവട്ടത്തിനുശേഷം കുറത്തിയമ്മയെ പൂര്‍ണ്ണരൂപത്തില്‍ കണ്ടപ്പോള്‍ അമ്മമ്മയ്ക്ക് ഹൃദയം നിറഞ്ഞു. തളികയില്‍നിന്നും ഒരു പിടി പച്ചരി വാരിയെടുത്ത് തെയ്യത്തെ അരിയെറിഞ്ഞു. ഭക്തി പാരവശ്യത്തോടെ കൈകള്‍ കൂപ്പി. തല കുമ്പിട്ടു.
തെയ്യം വരാന്തയില്‍ നാല് ചുറ്റ് ആക്രോശത്തോടെ ഉറഞ്ഞ് തുള്ളിയശേഷം അമ്മമ്മയുടെ മുന്നില്‍ വന്ന് കിതച്ചു.
''ഹീ... ഹീ... വല്യ മൂല്യത്തീ...'' എന്ന് മൂന്നു തവണ ഉറക്കെ പൊട്ടിച്ചിരിച്ചു.
അമ്മമ്മയുടെ കൂപ്പിയ കൈകള്‍ വിറച്ചു.
അനുകമ്പയോടെ തെയ്യം ഉരിയാടി.
''എന്താ, വല്യ മൂല്യത്തീ, സന്തോഷമായി ഇല്ലേ? കണ്ട് കണ്ട് കണ്‍നിറഞ്ഞു ഇല്ലേ? കണ്ട് കണ്ട് മനം നിറഞ്ഞു ഇല്ലേ, വല്യ മൂല്യത്തീ?''
അമ്മമ്മ തലകുലുക്കി.
അനന്തരം, കൃഷിദേവതയായ കുറത്തിയമ്മ അനുഷ്ഠാനങ്ങളിലേക്ക് കടന്നു. ആദ്യം കലപ്പ പിടിച്ച്, പോത്തുകളെ തെളിച്ച് നിലം ഉഴുതുമറിക്കുന്നതായി അഭിനയിച്ചു. ഉഴുതു കഴിഞ്ഞപ്പോള്‍ വരാന്ത മുഴുവന്‍ ഞാറ് നടലായി. ഞാറ് തിടം വെച്ചപ്പോള്‍ കളപറിക്കലായി. നെല്‍ക്കതിരുകള്‍ സ്വര്‍ണ്ണനിറമണിഞ്ഞിപ്പോള്‍ കൊയ്യലായി, പിന്നെ കറ്റകെട്ടലായി, ചുമക്കലായി, മെതിക്കലായി, പാറ്റലായി, പറയില്‍ അളക്കലായി, ഉലക്കയെടുത്ത് കുത്തലായി, മുറത്തിലെടുത്ത് ചേറലായി...
കൃഷിപ്പണിയുടെ ചാരുത കണ്ട് അമ്മമ്മ വിഭ്രാന്തിയിലകപ്പെട്ടുപോയി. വരാന്ത പെട്ടെന്ന് വന്‍മിറ്റമായി. നെല്‍ക്കറ്റകളുടെ കുന്നുകള്‍ക്കിടയില്‍ നൂറിലധികം വരുന്ന പണിക്കാരുടെ ആരവം. അന്തരീക്ഷം നിറയെ പൊടിപടലം. ആ കോലാഹലത്തിലൂടെ വിയര്‍പ്പിലും വൈക്കോല്‍പ്പൊടിയിലും കുളിച്ച് അതാ കുമാരേട്ടന്‍ വരുന്നു. കാരപ്പറങ്കിയും ഇഞ്ചിയും ഞെരിച്ചിട്ട മോരുംവെള്ളം ഒരു മൊന്ത നിറയെ തന്റെ കയ്യില്‍നിന്നും വാങ്ങിക്കുടിക്കുന്നു. ദൂരെ തോട്ടില്‍ പോത്തുകളെ കുളിപ്പിക്കുന്ന പുത്തൂരാനും ബൈറനും. വൈക്കോല്‍ കറ്റകള്‍ ചുമന്ന് കവുങ്ങിന്‍ പാലം കടന്നുപോകുന്ന പെണ്ണുങ്ങളുടെ നിര. എതിരെ ഒന്നര വയസ്സുള്ള ജലജയെ ഒക്കത്തെടുത്ത് പാലം കടന്നുവരുന്ന മകള്‍...
തെയ്യം മുന്നില്‍ വന്ന് ''ഹീ... ഹീ...'' എന്ന് ഒച്ചയിട്ടപ്പോള്‍ അമ്മമ്മ ഞെട്ടിയുണര്‍ന്ന്.
''മനതാര് നിറഞ്ഞു, ല്ലേ, വല്യ മൂല്യത്തീ? കണ്‍നിറയെ കണ്ട് അകം കുളിര്‍ന്നു, ല്ലേ? എന്നെ മാത്രമല്ല, വേണ്ടപ്പെട്ടോരെല്ലം നീയ് കണ്ടു, ല്ലേ?''
നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ, തൊഴുകൈകളോടെ അമ്മമ്മ തലകുലുക്കിക്കൊണ്ടിരുന്നു. തെയ്യം ഉരിയാട്ടം തുടര്‍ന്നു.
''എടവം ഒന്ന് എന്നിരിക്കുന്നതായ ഈ പുണ്യദിനത്തിങ്കല്‍ കൂടിക്കാണാനുള്ള സൗഭാഗ്യമുണ്ടായി, ഇല്ലേ മൂല്യത്തീ... കതിര് കൊയ്ത് മിറ്റത്ത് കനകം നിറയുമ്പോഴല്ലേ പണ്ടൊക്കെ ഞാനീ തറവാട്ട് മുന്‍പാകെ കളിയാടിയത്. കാലമൊക്കെ മാറിപ്പോയി. കാലത്തിന്റെ കോലം കെട്ട് പോയി. എന്തായാലും ഈ തിരുരൂപത്തെ ശോഭ കെട്ടുപോകാതെ തക്കവണ്ണം മനതാരില്‍ കാത്ത് വെച്ചോളൂ. ഗുണം വരണം, ഗുണം വരണം. ഇനി കയ്യെട്ക്കാം അല്ലേ?
എവിടെ നെല്ലിന്റെ മുറം? എട്ക്കാ.''
അമ്മമ്മ പരിഭ്രമിച്ചു. നെല്ലിന്റെ കാര്യം ഓര്‍ത്തിരുന്നില്ല. മറ്റ് തെയ്യങ്ങളെല്ലാം മഞ്ഞക്കുറിയാണ് പ്രസാദമായി നല്‍കുന്നത്. എന്നാല്‍, ഓരോ പിടി നെല്‍വിത്താണ് കുറത്തിയമ്മ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹിച്ച് നല്‍കുന്നത്.
അമ്മമ്മ അടുക്കളയിലേക്കോടി. ബെരുവിന്റെ മുകളില്‍നിന്നും വണ്ണാമ്പല മൂടിയ, വക്കുകളിളകിപ്പോയ പഴകിയ മുറം തപ്പിയെടുത്തു. ഒരു കുടന്നയെങ്കിലും നെല്ല് വേണം.
 ഓര്‍മ്മയുള്ള പഴയ പാത്രങ്ങളിലെല്ലാം തപ്പിനോക്കി. ഒരു മണിനെല്ല് പോലും എങ്ങുമുണ്ടായിരുന്നില്ല. ഗത്യന്തരമില്ലാതെ അരക്കിലോ പച്ചരി മുറത്തില്‍ ചൊരിഞ്ഞ് കൊണ്ട് വന്നു.
മുറത്തിലേക്ക് ദൃഷ്ടി പായിച്ച് തെയ്യം നിരാശപ്പെട്ടു.
''ഇത് വേണ്ട മൂല്യത്തീ. ഇത് തോലും പ്രാണനും കളഞ്ഞത്. ഇത് മണ്ണില് മൊളക്കീല മൂല്യത്തീ...''
അമ്മമ്മ പെട്ടെന്ന് തേങ്ങിക്കരയാന്‍ തുടങ്ങി.
തെയ്യം അമ്മമ്മയെ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. കുറത്തിയമ്മയുടെ കണ്ണുകളും നിറഞ്ഞു. ശബ്ദം ഇടറി.
''കുട്ട്യോളപ്പോലെ കരയല്ലേ കാര്‍ത്ത്യായനീ ഞാന്‍ ചോയ്ച്ചൂടായിരുന്നു, അല്ലേ. സാരമില്ല കെട്ടോ.''
കുറത്തിയമ്മ എന്നേരമാണ് ഇറങ്ങിപ്പോയത് എന്നൊന്നും അമ്മമ്മയ്ക്ക് ഓര്‍മ്മയില്ല. ഇരുട്ട് പരന്നിട്ടും അതേ ഇരിപ്പാണ്. താഴെ കവുങ്ങിന്‍ പാലം കരയുന്ന ഒച്ച കേട്ടപ്പോള്‍ തലപൊന്തിച്ച് ചെവി വട്ടം പിടിച്ചു. കാലൊച്ച മുറ്റത്തെത്തിയപ്പോള്‍ അമ്മമ്മ എഴുന്നേറ്റു.
''എനക്ക് ബസ് കിട്ടീലാ അമ്മമ്മേ, അദാ ഇത്ര വൈകീത്.''
വരാന്തയിലേക്ക് കാലെടുത്തുവെച്ച് ജലജ ലൈറ്റിട്ടു. പതര്‍ച്ചയോടെ ചുറ്റും നോക്കി. വരാന്ത നിറയെ അരിമണികളും ചെക്കിപ്പൂക്കളും പീഠവും തിരുവായുധങ്ങളും. എന്തോ പന്തികേടുണ്ടെന്ന് അവള്‍ ധരിച്ചു.
''ഇദെല്ലാം എന്തന്ന് അമ്മമ്മേ?''


കളിയാട്ടം നടന്ന കാര്യം അമ്മമ്മ മിണ്ടിയില്ല. ജലജ നീരസപ്പെട്ടു.
''എന്തിനാണ് പീഠവും ആയുധങ്ങളും പുറത്തേക്കെട്ത്തത്? പാടില്ലാന്നറിയില്ലേ?''
അന്നേരവും അമ്മമ്മ മിണ്ടിയില്ല. എല്ലാം സാവധാനത്തില്‍ പറയാം എന്നു നിനച്ചു.
''എണേ നീ കുളിച്ചിറ്റ് വാ.''
കുളി കഴിഞ്ഞ് വന്നയുടനെ ആവേശത്തോടെ ജലജ പറഞ്ഞു:
''അമ്മമ്മേ, മീനാക്ഷി സിറ്റീലെ ടെക്‌സ്റ്റെയില്‍സില് ജോലി കിട്ടി പോയി. എനി ഓള്‍ക്ക് നാലിരട്ടി ശമ്പളം കിട്ടൂത്രെ! അയാള് ശരിയാക്കിക്കൊട്ത്തതാ.''
''ആര്? ആ അരിമൊതലാളിയോ?''
''അതേ അമ്മമ്മേ, നമ്മള് കര്ത്യപോലെ ആള് അത്ര മോശക്കാരനല്ലാട്ടോ. മീനാക്ഷീന്റെ ഫ്രണ്ടല്ലേന്ന് ചോയ്ച്ച് ഇന്ന് എന്നേം അയാള് പരിചയപ്പെട്ടു. എനക്കും സിറ്റീല് ജോലി ശരിയാക്കിത്തരാംന്ന് പറഞ്ഞു. മാളിലെ ചില്ലിക്കാശിന് പകലന്തിയോളം പണിയെട്ത്ത് ന്റെ നടു പൊളിഞ്ഞു അമ്മമ്മേ.''
അമ്മമ്മ വിസ്മയപ്പെട്ട് തുറിച്ച് നോക്കുന്നത് കണ്ട് അവള്‍ പുഞ്ചിരിച്ചു.
''അയ്യാള് സ്‌നേഹംള്ളോനാ. എന്റെ ബസ് മിസ്സായപ്പോ അയാളാ കാറില് എന്ന ഈടം വരെ കൊണ്ട് വിട്ടത്. അല്ലേങ്കില് ഇന്നു ഞാനെത്തുമ്പോ നട്ടപ്പാതിരയായേനെ? ഇദാ ഇദ് കണ്ടോ.''
രണ്ട് ബിഗ്‌ഷോപ്പറുകള്‍ ജലജ മുന്നിലേക്ക് നീക്കിവെച്ചു. രണ്ടിലും നിറയെ അരിപാക്കറ്റുകള്‍. സ്ഫടികം പോലെ തിളങ്ങുന്ന, പല നിറമുള്ള അരിമണികള്‍ നിറഞ്ഞ പ്ലാസ്റ്റിക് പാക്കറ്റുകള്‍. എല്ലാം നിരത്തിവെച്ച് അവള്‍ പറഞ്ഞു:
''ഇദെല്ലാം കാറീന്ന് എറങ്ങ്‌മ്പോ എനക്ക് വെറ്‌തെ തന്നതാ. നമ്മക്കിദ് ആറ് മാസത്തേയ്ക്ക്ണ്ടാകും. ഇതാ ഇദ് നല്ല കുത്തരിയാന്ന്. ഈ പച്ചരിയുടെ തിളക്കം കണ്ടോ. കൊര്‍ത്ത്യമ്മക്ക് നെവേദ്യച്ചോറിന് നല്ലതാരിക്കും.''
അമ്മമ്മയുടെ മുഖം കൂടുതല്‍ ഇരുണ്ടു.
''നമ്മക്കിതൊന്നും ബേണ്ട മോളേ. നീയിതെല്ലാം നാളേന്നെ ഓന് മടക്കിക്കൊട്ക്കണം.''
പരിഹാസച്ചിരിയോടെ ജലജ ചോദിച്ചു:
''എന്തിന് മടക്കിക്കൊടുക്കണം? അമ്മമ്മക്ക് പ്രാന്തായോ?''
''കൊര്‍ത്ത്യമ്മക്കിതൊന്നും ഇഷ്ടാവൂല്ല അതോണ്ടാ.''
ജലജയുടെ പുരികങ്ങള്‍ വില്ല് പോലെ വളഞ്ഞു. പിശാച് ബാധിച്ച മാതിരി ചുണ്ടുകള്‍ വിറച്ചു.
''കൊര്‍ത്ത്യമ്മ, കൊര്‍ത്ത്യമ്മ! എനി ആ പേര് ഈ വീട്ടില് മിണ്ടിപ്പോകര്ത്. ആ നൊണച്ചിപ്പാറുവിനെ പകലെല്ലാം കൂട്ടിപ്പിടിച്ചിര്ന്നിട്ടാന്ന് അമ്മമ്മ ഇങ്ങനെ ബെടക്കായത്.''
ദേഷ്യം അടക്കാനാവാതെ പുലിയൂര്‍ കാളിത്തെയ്യത്തെപ്പോലെ ജലജ ഉറഞ്ഞുതുള്ളി. പീഠം ചവിട്ടി മറിച്ചിട്ടു. നിരത്തിവെച്ച തിരുവായുധങ്ങള്‍ ഓരോന്നായി മുറ്റത്തെ ഇരുട്ടിലേക്കെറിഞ്ഞു.
താനിന്നോളം കണ്ടിട്ടില്ലാത്ത ഒരു ജലജയെക്കണ്ട് അമ്മമ്മ വാ പൊളിച്ചു. ഭീതിജനകമായ ഒരു സ്വപ്നത്തിനുള്ളിലാണോ താനെന്ന് സംശയിച്ച് കൂടെക്കൂടെ കണ്ണ് മിഴിച്ച് നോക്കി. മിണ്ടാനാഞ്ഞെങ്കിലും നാവ് പൊന്തിയില്ല.
പിന്നില്‍ കിടപ്പുമുറിയുടെ വാതില്‍ ഊക്കിലടയുന്ന ശബ്ദം കേട്ടപ്പോള്‍ അമ്മമ്മ നിലത്ത് പടിഞ്ഞിരുന്ന് കാല്‍മുട്ടുകള്‍ക്കിടയിലേക്ക് തല പൂഴ്ത്തി.
നേരം പാതിരയോടടുത്തപ്പോള്‍ ചിലമ്പൊച്ച പോലെ ഒരു ശബ്ദം കേട്ട് അമ്മമ്മ മുഖം പൊന്തിച്ചു. മുറ്റത്ത് കണ്‍മഷിയുടെ നിറമുള്ള ഇരുട്ടാണ്.
അത് കണ്ണാടി പോലെ ആകാശം നിറഞ്ഞു. ആ കറുപ്പില്‍ അമ്മമ്മ സ്വയം കണ്ടു.
അപ്പോള്‍ മുറ്റത്തെ ഇരുട്ടില്‍ ചിലമ്പൊച്ചയുടെ അകമ്പടിയോടെ ഒരു ശബ്ദം പൊങ്ങി.
''എനി ഇറങ്ങിക്കോളാ.''
ഇരുട്ടിലാരുമുണ്ടായിരുന്നില്ല. തന്റെ തോന്നലാണോ? അമ്മമ്മ പതുക്കെ എഴുന്നേറ്റു. ശബ്ദം കേള്‍പ്പിക്കാതെ മുറ്റത്തേക്കിറങ്ങി. തൊണ്ടയോളം പൊങ്ങിവന്ന നിലവിളിയെ അമര്‍ത്തിപ്പിടിച്ച് മുറ്റം കടന്നു. താഴേക്കിറങ്ങാനുള്ള ആദ്യപടിയില്‍ കാല്‍വെച്ചപ്പോള്‍ തന്നെ ഉടലിന്റെ താളം പോയി. വീഴാനാഞ്ഞ തന്നെ പെട്ടെന്നാരോ താങ്ങിപ്പിടിച്ചെന്ന് അമ്മമ്മയ്ക്ക് മനസ്സിലായി. പടികളെല്ലാം ഇറങ്ങിത്തീര്‍ന്ന് പാലം കടക്കുന്നത് വരെ ആ താങ്ങല്‍ അവര്‍ അനുഭവിച്ചു.
പാലം കടന്ന്, വരമ്പുകള്‍ താണ്ടി, കുന്നു കയറുമ്പോള്‍ മറ്റാരോ തന്നെ പിന്തുടരുന്നുണ്ടെന്ന് കാര്‍ത്ത്യായനിക്ക് തോന്നി. നാല് ചുറ്റിലും ഇരുട്ടിന്റെ കരിങ്കടല്‍ ഇളകിമറിഞ്ഞു. കുന്നിന്റെ ഉച്ചിയിലെത്താനായപ്പോള്‍ കാല് കടഞ്ഞ് തീരെ നടക്കാനാവില്ലെന്നായപ്പോള്‍, തൊട്ടരികില്‍ പരിചിതമായ ആ കനത്ത ശബ്ദം സാന്ത്വനമായി മുഴങ്ങുന്നത് അവര്‍ അനുഭവിച്ചു.
''എത്താനായീട്ടോ.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com