ലോക മലയാളിസമൂഹത്തെ അറിഞ്ഞും ആശ്വസിപ്പിച്ചും കേരളം

24 ലക്ഷത്തോളം വരുന്ന കേരളീയ പ്രവാസി സമൂഹത്തിന്റെസംരക്ഷണവും അവരിലൂടെ നാടിനു ലഭിക്കുന്ന വിദേശനാണ്യ നിക്ഷേപത്തിന്റെസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ചുവടുവയ്പു കൂടിയാണ് ലോക കേരളസഭ
ലോക മലയാളിസമൂഹത്തെ അറിഞ്ഞും ആശ്വസിപ്പിച്ചും കേരളം

''ക്ഷക്കണക്കിന് ആളുകളാണ് സംസ്ഥാനത്തിനു പുറത്തും രാജ്യത്തിനു പുറത്തും രാജ്യത്തിനകത്തുമായി ജീവിക്കുന്നത്. ഈ ആളുകളെല്ലാം തൊഴിലിനുവേണ്ടി പോയവരാണ്. ഇത്രയധികം ആളുകള്‍ തൊഴിലിനുവേണ്ടി പോയതിന്റെ നേട്ടം നമുക്കുണ്ടായിട്ടുണ്ട്. സംസ്ഥാനം ഇന്ന് എത്തിയിരിക്കുന്ന നിലയ്ക്ക് അത് വലിയ ഒരു ഘടകമാണ്. എന്നാല്‍, അതിന്റെ മറ്റൊരു വശം കാണേണ്ടത്, അത്രയും ആളുകള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ നമുക്ക് കഴിഞ്ഞില്ല എന്നതാണ്. ഇവിടെ തൊഴില്‍ കിട്ടാത്തതുകൊണ്ടാണ് അവര്‍ക്ക് പോകേണ്ടിവന്നത്. ആ ആളുകള്‍ക്ക് എങ്ങനെ തൊഴില്‍ കൊടുക്കാന്‍ പറ്റും? എങ്ങനെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ പറ്റും? ആ മേഖലയില്‍ എങ്ങനെ വികസനം ഉറപ്പാക്കാന്‍ പറ്റും?'' മുഖ്യമന്ത്രിയായി രണ്ടു വര്‍ഷം തികയ്ക്കുന്ന പിണറായി വിജയന്‍ മലയാളം വാരികയോടു സംസാരിച്ചപ്പോള്‍ പ്രകടിപ്പിച്ച ഉല്‍ക്കണ്ഠയാണ്. കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തും തൊഴിലെടുക്കുന്ന കേരളീയരെക്കുറിച്ചുള്ള കരുതല്‍. അത് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ മാത്രമല്ല, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും പ്രകടം.

''പ്രവാസികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനം ആശാവഹവും സ്വാഗതാര്‍ഹവുമാണ്. അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും അവയ്ക്ക് പരിഹാരം കണ്ടെത്താനും സര്‍ക്കാര്‍ അനുഭാവപൂര്‍ണ്ണമായ നടപടികളാണ് സ്വീകരിക്കുന്നത്. ലോകത്തിന്റെ വിവിധ കോണുകളിലെ മലയാളികളുടെ വിഷയങ്ങള്‍ ഒരു കുടക്കീഴില്‍ എത്തിക്കാന്‍ നടത്തിയ ലോക കേരളസഭ പോലുള്ള സംരംഭങ്ങള്‍ ഇത്തരത്തിലുള്ള സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമാണ് വ്യക്തമാക്കുന്നത്.'' പ്രമുഖ പ്രവാസി മലയാളി എഴുത്തുകാരന്‍ ബെന്യാമിന്‍ പറയുന്നു. ''ലോക കേരളസഭ'' യഥാര്‍ത്ഥത്തില്‍ അര്‍ത്ഥവത്തായ ആശയങ്ങളുടെ ഒഴുക്കു കാരണം ശ്രദ്ധയാകര്‍ഷിച്ചു എന്നു പറയേണ്ടിയിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്ന ചിന്തകരും ശാസ്ത്രജ്ഞന്മാരും മെഡിക്കല്‍ രംഗത്ത് പുതിയ തരംഗങ്ങള്‍ സൃഷ്ടിച്ച ഡോക്ടര്‍മാരും വ്യവസായ പ്രമുഖരും ജനപ്രതിനിധികളുമെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ സമാനതകളില്ലാത്ത ഒരു സംഭവമാണ് തിരുവനന്തപുരത്തെ നിയമസഭാ മന്ദിരത്തില്‍ അരങ്ങേറിയത്'' എന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജ്ജ്. തീര്‍ച്ചയായും പ്രവാസികളെക്കുറിച്ച് കേരളം ഓര്‍ക്കുന്നുണ്ട്, സര്‍ക്കാര്‍ അവരെ പരിഗണിക്കുന്നുണ്ട്, അതിലെ ആത്മാര്‍ത്ഥത തിരിച്ചറിയപ്പെടുന്നുമുണ്ട്.

ഷാര്‍ജ തടവുകാരുടെ മോചനം
ഓര്‍മ്മയില്ലേ, ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പ്പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ കേരളീയരേയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി കേരളത്തില്‍ വന്നു പ്രഖ്യാപിച്ച ദിവസം. 149 ഇന്ത്യക്കാരാണ് ഒരൊറ്റ പ്രഖ്യാപനത്തിലൂടെ ജയില്‍മോചിതരായത്. അതിലേയ്ക്കു നയിച്ച ഇടപെടല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റേതായിരുന്നു, മുഖ്യമന്ത്രി പിണറായി വിജയന്റേതായിരുന്നു.

ചെക്ക് കേസുകളിലും സിവില്‍ കേസുകളിലും പെട്ട് മൂന്നു വര്‍ഷത്തിലേറെയായി ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കണം എന്നാണ് ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ഷാര്‍ജ ഭരണാധികാരിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്. ഇത് അംഗീകരിച്ചു ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മാപ്പ് നല്‍കാന്‍ ശൈഖ് സുല്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. കേരളീയര്‍ മാത്രമല്ല, ഗുരുതര ക്രിമിനല്‍ കേസുകളില്‍ പെടാത്ത മുഴുവന്‍ വിദേശിയരേയും ജയിലുകളില്‍നിന്നു മോചിപ്പിക്കുകയാണെന്ന് അദ്ദേഹം കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി-ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് രാജ്ഭവനില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രഖ്യാപിച്ചു. പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ 149 ഇന്ത്യക്കാര്‍ മോചിതരാകുമെന്നു പിന്നീട് ഷാര്‍ജ സുല്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്ത പ്രസ്താവനയില്‍ അറിയിക്കുകയും ചെയ്തു. രാജ്യത്തിനുതന്നെ ഒരു മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആശ്വാസമായ വേള. സാമ്പത്തിക ക്രമക്കേടുകളിലും നിസ്സാര കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരെയാണ് മോചിപ്പിച്ചത്. രണ്ടു കോടി യു.എ.ഇ ദിര്‍ഹത്തിന്റെ (35.58 കോടി ഇന്ത്യന്‍ രൂപ) സാമ്പത്തിക ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടവരാണ് ഇതോടെ നിരുപാധികം മോചിതരായത്. 

ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി സമ്മതിച്ച കാര്യം മുഖ്യമന്ത്രി തന്നെയാണ് ബിരുദദാന ചടങ്ങില്‍ ആദ്യം വെളിപ്പെടുത്തിയത്. ''ജയിലുകളിലുള്ളവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ്'' ഞാന്‍ അഭ്യര്‍ത്ഥിച്ചത്, എന്നാല്‍ ''എന്തിന് അവര്‍ നാട്ടില്‍ പോകണം. അവര്‍ അവിടെത്തന്നെ നില്‍ക്കട്ടെ, അവര്‍ക്ക് ഷാര്‍ജ നല്ല ജോലി നല്‍കും'' എന്നാണ് ശൈഖ് സുല്‍ത്താന്‍ തന്നോട് പറഞ്ഞതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത് നിറഞ്ഞ കൈയടികളോടെയാണ് ആ സദസ്സ് മാത്രമല്ല, കേരളമാകെ സ്വീകരിച്ചത്. മറുപടി പ്രസംഗത്തില്‍ ശൈഖ് സുല്‍ത്താനും കാര്യം സ്ഥിരീകരിച്ചു. യു.എ.ഇയിലെ മറ്റു എമിറേറ്റുകളിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍പ്പെട്ടുപോയ മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്ന തീരുമാനമായി ഇത് മാറി. 

പ്രവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ലോക കേരളസഭ
അഞ്ഞൂറും അറുനൂറും റിയാലിനുവേണ്ടി ക്രൂരമായ ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാവുന്ന ഖദ്ദാമമാരുടെ കഷ്ടപ്പാടുകള്‍ മുതല്‍ പ്രവാസത്തിലിരിക്കെ മരണപ്പെട്ട് ആശുപത്രി ബില്ല് അടയ്ക്കാന്‍ വഴിയില്ലാതെ മൃതദേഹം വിട്ടുകിട്ടുന്നതിനായി മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുന്ന ഉറ്റവരുടേയും ഉടയവരുടേയും നിസ്സഹായത വരെ അവതരിപ്പിക്കപ്പെട്ട ലോക കേരളസഭ പ്രവാസികള്‍ നേരിടുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയായി മാറി. 2018 ജനുവരി 12, 13 തീയതികളിലായിരുന്നു ഒന്നാം ലോക കേരളസഭ. പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ചയാണ് നടന്നത്. നാട്ടില്‍ വീട്ടുജോലിക്കാരെ കിട്ടാത്ത ഇക്കാലത്ത് പതിനായിരമോ പതിനയ്യായിരമോ രൂപയ്ക്കായി സൗദിയിലേക്ക് വീട്ടുജോലിക്കു പോവുന്ന മലയാളി സ്ത്രീകള്‍ ഇക്കാര്യത്തില്‍ ഒരു പുനരാലോചനയ്ക്ക് തയ്യാറാകണമെന്നു പലരും അഭിപ്രായപ്പെട്ടു. പല രാജ്യങ്ങളിലും ശക്തമായ തൊഴില്‍നിയമങ്ങളുണ്ടെങ്കിലും അതേക്കുറിച്ചുള്ള അജ്ഞതമൂലം പ്രവാസികള്‍ക്ക് അവയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. വിസ പ്രകാരം വാഗ്ദാനം ചെയ്യപ്പെട്ട ജോലിയും ശമ്പളവും ലഭിക്കാതെ വഞ്ചിക്കപ്പെടുന്ന കേസുകള്‍ ധാരാളമാണെന്നും ഇക്കാര്യത്തില്‍ പുതുതായി ജോലിക്കു പോകുന്നവര്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനു കീഴില്‍ സംവിധാനം വേണമെന്നും നിര്‍ദ്ദേശമുണ്ടായി. 

പ്രവാസി സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയ 'സ്ത്രീകളും പ്രവാസവും' ഉപസമ്മേളനവും പ്രവാസികളുടെ ദുരിതങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നതായി. വിദേശ രാജ്യങ്ങളിലെ നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്‌നം. ഇതിനെതിരെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി രൂപീകരിച്ച പുതിയ വകുപ്പിലൂടെ നിയമബോധവല്‍ക്കരണം നടത്തുമെന്നും ഡാറ്റാബാങ്ക് തയ്യാറാക്കുമെന്നും നിലവിലുള്ള കൗണ്‍സലിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും വയോജനങ്ങള്‍ക്ക് വേണ്ടി പ്രത്യേക സംരക്ഷണ പാക്കേജ് തയ്യാറാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വിദേശത്ത് വീട്ടുജോലിക്ക് പോകുന്നവര്‍ക്ക് ജോലിസംബന്ധമായ അറിവ് നല്‍കാന്‍ കഴിയുന്നതരത്തില്‍ തൊഴില്‍ നൈപുണ്യ പാക്കേജുകള്‍ തയ്യാറാക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തക സുനിതാ കൃഷ്ണന്‍ പറഞ്ഞു.

മലയാളി കൂട്ടായ്മ, സോഷ്യല്‍ മീഡിയ ഗ്രൂപ്പ്, മലയാളം മിഷന്‍ എന്നിവയിലൂടെ പ്രവാസി വനിതകളുടെ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കണം. വിദേശത്ത് വീട്ടുജോലി ചെയ്യുന്ന സ്ത്രീകളില്‍ ഭൂരിഭാഗം പേര്‍ക്കും പത്രം വായിക്കുന്നതിനോ ടി.വി കാണുന്നതിനോ ഉള്ള സാഹചര്യമില്ല. റേഡിയോ മാത്രമാണ് ആശ്രയം. കൂടുതല്‍ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ റേഡിയോയിലൂടെ അവതരിപ്പിക്കണമെന്ന് നടിയും നര്‍ത്തകിയുമായ ആശാ ശരത്ത് ആവശ്യപ്പെട്ടു. മനുഷ്യക്കടത്തും താമസസൗകര്യം ഇല്ലാത്തതും പ്രവാസി സ്ത്രീകളെ പ്രതിസന്ധിയിലെത്തിക്കുന്നു. അനധികൃതമായി താമസിച്ചതിന്റെ പേരില്‍ നിയമനടപടി നേരിടേണ്ടിവന്ന നിരവധി സ്ത്രീകള്‍ പ്രവാസി മലയാളികള്‍ക്കിടയിലുണ്ടെന്ന് പ്രതിനിധികള്‍ പറഞ്ഞു. നിസ്സാര തെറ്റുകള്‍ ചെയ്തതിനു ജയില്‍ശിക്ഷ നേരിടുന്ന സ്ത്രീകള്‍ ഇന്നും വിദേശ ജയിലുകളിലുണ്ട്. ഇവര്‍ക്ക് വേണ്ടുന്ന നിയമസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു. 

പ്രവാസികളുടെ പുനരധിവാസം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന പ്രതീക്ഷാ നിര്‍ഭരമായ പ്രഖ്യാപനം ലോക കേരളസഭയുടെ ഭാഗമായി ഉണ്ടായി. വെറും വാക്കിനപ്പുറം പ്രവാസികളുടെ പ്രതീക്ഷ ആ വാക്കുകളില്‍ അര്‍പ്പിച്ചിരിക്കുകയാണ്. പ്രവാസത്തിന്റെ പ്രശ്‌നങ്ങള്‍, പ്രവാസത്തിനുശേഷം എന്ന ഉപസമ്മേളനത്തില്‍ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ആണ് സര്‍ക്കാരിനുവേണ്ടി ഈ പ്രഖ്യാപനം നടത്തിയത്. പ്രവാസശേഷമുള്ള ജീവിതത്തിന്റെ വിവിധ തലങ്ങള്‍ പ്രതിനിധികള്‍ സമ്മേളനത്തില്‍ വിവരിച്ചു. ഒന്നുമില്ലായ്മയില്‍നിന്നും പുറപ്പെട്ട് ഒന്നുമില്ലാതെ തിരികെ വരുന്ന പരിതാപകരമായ അവസ്ഥയാണ് ഭൂരിഭാഗം ഗള്‍ഫ് മലയാളികളും നേരിടുന്നത്. വിവിധ രോഗങ്ങളും വരുമാനമില്ലായ്മയുംകൊണ്ടു നട്ടംതിരിയുന്നവരാണ് ബഹുഭൂരിപക്ഷവുമെന്നു പ്രതിനിധികള്‍ പറഞ്ഞു. അതിനാല്‍ തിരികെ വരുന്ന പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിനും വരുമാനത്തിനും സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ എടുക്കണമെന്നും നിര്‍ദ്ദേശമുണ്ടായി. രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസിക്ഷേമനിധി രാജ്യത്തിനുതന്നെ മാതൃകയാകുന്ന പദ്ധതിയായി മാറുമെന്നു പ്രതിനിധികള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രവാസികള്‍ക്കുവേണ്ടി നടപ്പിലാക്കുന്ന ക്ഷേമപദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിക്കണം. ഇതര സംസ്ഥാനങ്ങളിലെ പ്രവാസികള്‍ അവരുടെ ഭൗതിക സാഹചര്യം ക്രമേണ മെച്ചപ്പെടുത്തുമ്പോള്‍ ഗള്‍ഫ് പ്രവാസത്തിന്റെ അന്ത്യം രോഗപീഡകളും സാമ്പത്തിക പ്രതിസന്ധിയുമാണ്. തിരികെയെത്തുന്ന പ്രവാസികളെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും ചര്‍ച്ചയില്‍ ഉണ്ടായി. ഇതിനോടെല്ലാം വളരെ പോസിറ്റീവായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം.

പ്രവാസി മലയാളികള്‍ക്കു ലഭ്യമാകുന്ന കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങള്‍ കേരളം ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമായി. കേരളത്തില്‍ ആരംഭിക്കുന്ന വ്യവസായ എസ്റ്റേറ്റുകളില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന സ്ഥലത്തിന്റെ അഞ്ചു ശതമാനം പ്രവാസികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കൊച്ചിയെ അന്താരാഷ്ട്ര നിലവാരമുള്ള തുറമുഖ പട്ടണമായി വികസിപ്പിക്കും. കൊച്ചി കപ്പല്‍ നിര്‍മ്മാണശാല എട്ട് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള വിധത്തില്‍ 5400 കോടി രൂപ മുതല്‍മുടക്കില്‍ വികസിപ്പിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ സാദ്ധ്യത തെളിയും. പ്രത്യേക സാമ്പത്തിക മേഖലകളെ ബന്ധിപ്പിച്ച ദേശീയപാതകള്‍ക്ക് അനുബന്ധമായി വ്യവസായ ഇടനാഴികള്‍ സ്ഥാപിക്കും. ഇതില്‍ കൊച്ചി- ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ നിര്‍മ്മാണം പ്രാരംഭഘട്ടത്തിലാണ്. 

ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികള്‍ നടപ്പാക്കി വരുന്നു. 15 മുതല്‍ 20 ശതമാനം വരെ സബ്‌സിഡി ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ നല്‍കും. ഐ.റ്റി ഇതര മേഖലകളിലും സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ട്. ഇതിനായി 25 ലക്ഷം രൂപ വരെ കോലാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ ലോണ്‍ നല്‍കും. തൊഴില്‍ മേഖലയേയും വിദ്യാഭ്യാസ മേഖലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സംയോജിത പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. കേരളത്തിലെ വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വ്യവസായികളെത്തന്നെ ബ്രാന്‍ഡ് അമ്പാസഡര്‍മാരാക്കും. 
24 ലക്ഷത്തോളം വരുന്ന കേരളീയ പ്രവാസി സമൂഹത്തിന്റെ സംരക്ഷണവും അവരിലൂടെ നാടിനു ലഭിക്കുന്ന വിദേശനാണ്യ നിക്ഷേപത്തിന്റെ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ചുവടുവയ്പു കൂടിയാണ് ലോക കേരളസഭ. 

ഇതര സംസ്ഥാന മലയാളികളുടെ പ്രശ്നങ്ങള്‍ മുഖ്യധാരയിലേക്ക് 
ഇതരസംസ്ഥാന പ്രവാസികളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കില്ലാത്തതിന്റെ ബുദ്ധിമുട്ട് നിലനില്‍ക്കുന്നു. എല്ലാ ഇതര സംസ്ഥാന മലയാളികള്‍ക്കും കേരളത്തില്‍ ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ നോര്‍ക കാര്‍ഡ് നല്‍കുക, അന്യസംസ്ഥാനങ്ങളില്‍ മരണമടയുന്ന മലയാളികളുടെ മൃതശരീരം നാട്ടിലെത്തിക്കാന്‍ നല്‍കുന്ന തുക വര്‍ധിപ്പിക്കുക, പ്രവാസി പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രവാസി എന്ന നിര്‍വ്വചനം അനുസരിച്ചുള്ള പരിഗണനയില്‍ മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ പലപ്പോഴും ഉള്‍പ്പെടുന്നില്ല എന്ന പരാതി പൊതുവെയുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ ജോലിക്കും മറ്റുമായി പോകുന്ന മലയാളി പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി സഹായകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം എന്നാണ് മറ്റൊരു പ്രധാന ആവശ്യം. ആവശ്യങ്ങളോടു മുഖം തിരിക്കുന്നില്ല എന്ന് അടുത്ത മൂന്നു വര്‍ഷംകൊണ്ടല്ല, ഒരു വര്‍ഷംകൊണ്ടുതന്നെ തെളിയിക്കുന്ന ഇടപെടലുകള്‍ക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിന് ഏറ്റവും പ്രധാന തെളിവ്.

യൂറോപ്പും അമേരിക്കയും:
തലമുറകള്‍ നീളുന്ന 
പ്രാവാസ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും

നിരവധി മലയാളികള്‍ സ്ഥിരതാമസമാക്കിയ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ കേരള സര്‍ക്കാര്‍ അനുഭാവപൂര്‍ണ്ണമാണ് പരിഗണിക്കുന്നത്. ഗള്‍ഫ് പ്രവാസവും യൂറോപ്പ് - അമേരിക്കന്‍ പ്രവാസവും തികച്ചും വ്യത്യസ്തമാണെന്ന് ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക് പറയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ തിരിച്ചറിവുണ്ട്. ഗള്‍ഫ് പ്രവാസം താല്‍ക്കാലിക പ്രതിഭാസമാകുമ്പോള്‍ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ പ്രവാസം തലമുറകള്‍ നീളുന്നതാണ്. ഈ സ്ഥിരം പ്രവാസം ഇവിടങ്ങളിലെ മലയാളികള്‍ക്ക് ഒട്ടനവധി പ്രയാസങ്ങള്‍ നല്‍കുന്നവയുമാണ്. വയോജനസംരക്ഷണം, സാംസ്‌കാരിക വിടവ്, നാട്ടിലെ സ്വത്തുക്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പുതുതലമുറയില്‍നിന്നും മലയാളഭാഷ അന്യംനിന്നു പോകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. റിക്രൂട്ട്മെന്റ് പ്രക്രിയയിലുള്ള ചൂഷണം, മതിയായ രേഖകളില്ലാതെ തങ്ങുന്ന മലയാളികളുടെ പ്രശ്‌നങ്ങള്‍, നിക്ഷേപം, വ്യവസായം തുടങ്ങിയവയും ചര്‍ച്ചയായി. കേരളവും യൂറോപ്പ്, അമേരിക്ക തുടങ്ങിയ വന്‍കരകളിലെ രാജ്യങ്ങളും തമ്മില്‍ ആരോഗ്യകരമായ സാംസ്‌കാരിക വിനിമയ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കണം. പ്രവാസികള്‍ക്കുവേണ്ടി ഡാറ്റാ ബാങ്ക് വേണമെന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍, പ്രവാസികള്‍ക്ക് ഇപ്പോള്‍ത്തന്നെ അവരുടെ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സംവിധാനമുണ്ടെന്ന് ധനകാര്യമന്ത്രി പറഞ്ഞു. ഇത് പ്രവാസികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കേരളത്തിലുണ്ടാകുന്ന നിയമഭേദഗതികള്‍ അപ്പപ്പോള്‍ നോര്‍ക്ക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നുമുണ്ട്. 

ലോക രാജ്യങ്ങളിലെ മലയാളികള്‍ നേരിടുന്ന
പ്രശ്‌നങ്ങള്‍ക്ക് സമഗ്ര പരിഹാരം

ലോക രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും സര്‍ക്കാരിന്റെ പരിഗണനയിലുള്ള പ്രവാസിവിഷയങ്ങളില്‍ പെടുന്നു. ഗള്‍ഫ് മേഖലയില്‍നിന്നും തൊഴില്‍ നഷ്ടപ്പെട്ട് തിരികെ എത്തുന്ന മലയാളികള്‍ക്ക് മറ്റു ലോകരാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ കാത്തിരിക്കുന്നുണ്ട്. അത് ഉപയോഗപ്പെടുത്തുകയാണ് പ്രധാനം. വിദേശരാജ്യങ്ങളില്‍ വിദ്യാഭ്യാസ വിസയുടെ പേരില്‍ വ്യാജ പത്രപ്പരസ്യം നല്‍കി നിരവധി പേരെ കബളിപ്പിക്കുന്നതിനാല്‍ വ്യാജ പരസ്യങ്ങളെ നിയന്ത്രിക്കണമെന്ന് ലോക് കേരളസഭയില്‍ ആവശ്യമുയര്‍ന്നിരുന്നു. ലോകരാജ്യങ്ങളില്‍ സ്വദേശീയരായ വിദ്യാര്‍ത്ഥികളില്‍നിന്നും മിനിമം ഫീസും പ്രവാസികളായ കുട്ടികളില്‍നിന്നും അമിത ഫീസും ഈടാക്കുന്നതിനെതിരെ ഗവണ്‍മെന്റിന്റെ ശ്രദ്ധ പതിയും. മലയാളം മിഷന്റെ പ്രവര്‍ത്തനം മറ്റ് ലോകരാജ്യങ്ങളില്‍ക്കൂടി വ്യാപിപ്പിക്കണമെന്ന ആവശ്യം സജീവ പരിഗണനയിലാണ്. വിദേശത്തേക്കുള്ള നേഴ്സിംഗ് ജോലികള്‍ക്കായി അമിത തുക ഈടാക്കുന്നതിനെതിരെ ഗവണ്‍മെന്റിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കും. ഇന്ത്യന്‍ എംബസി ഇല്ലാത്ത ലോകരാജ്യങ്ങളില്‍ ഒരു പ്രതിനിധിയെ നോര്‍ക്കവഴി നിയമിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണനയിലാണ്.

നോര്‍ക്കയെ ശക്തിപ്പെടുത്തും; വികസന നിധി വരുന്നു 
കേരളത്തിന്റെ വികസന ഭാവിക്ക് പുതിയ ഊര്‍ജ്ജം പകരുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ ലോക കേരളസഭയിലെ ചര്‍ച്ചകളിലുണ്ടായി. അവയില്‍ പ്രധാനപ്പെട്ടവ:
* പ്രവാസി വ്യവസായ വാണിജ്യ സംരംഭകരുമായി സജീവബന്ധം നിലനിര്‍ത്തുന്നതിന് പ്രവാസി വാണിജ്യ ചേംബര്‍ രൂപീകരണം.
* അക്കാദമിക ഗവേഷണ വികസനരംഗത്തെ സഹകരണത്തിനു പ്രവാസി പ്രൊഫഷണല്‍ സമിതി രൂപീകരണം.
* പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നതിന് നോര്‍ക്കയെ ശക്തിപ്പെടുത്തല്‍
* കേരള വികസന നിധി രൂപീകരണം 
* പ്രവാസി സംരക്ഷണ പദ്ധതി: രോഗികള്‍ക്കും അപകടത്തില്‍പ്പെട്ടവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കും സംരക്ഷണം നല്‍കാന്‍ കഴിയുന്ന പദ്ധതികളുടെ രൂപീകരണം. 
* സിയാല്‍ മാതൃകയില്‍ നിക്ഷേപ മേഖലകള്‍. 
* വിവിധ വികസന മേഖലകളില്‍ (ചെറുകിട വ്യവസായരംഗം, കാര്‍ഷിക-കാര്‍ഷികാനുബന്ധ ഉല്‍പ്പാദനരംഗം, കായികരംഗം, ആരോഗ്യ പരിപാലനരംഗം, നൂതന സാങ്കേതിക വിദ്യാരംഗം, ടൂറിസം തുടങ്ങിയവ) പ്രവാസികളുടെ വൈജ്ഞാനിക നിക്ഷേപക സഹകരണത്തിനു പദ്ധതി തയ്യാറാക്കല്‍.
* അന്താരാഷ്ട്രതലത്തില്‍  സാംസ്‌കാരികോത്സവങ്ങള്‍ സംഘടിപ്പിക്കല്‍. 
* മലയാളികള്‍ ഏറെയുള്ള ഇതര സംസ്ഥാന തലസ്ഥാനങ്ങളില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍.
* വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള സമഗ്ര പദ്ധതികള്‍

മറീനയും നജീബും മനസ്സ് തുറന്നു
സഭ നിശ്ശബ്ദമായി 

ലോക കേരളസഭയിലെ ഒരംഗത്തെ പ്രസംഗിക്കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ക്ഷണിച്ചപ്പോള്‍ പറഞ്ഞത് ഈ സഭയിലെ ഏറ്റവും സവിശേഷമായ സാന്നിദ്ധ്യമാണ് ഇനി സംസാരിക്കുന്നത് എന്നാണ്. സദസ് ഒന്നടങ്കം പോഡിയത്തിലേക്ക് കണ്ണുനട്ടു. കൂപ്പുകൈകളുമായി മൈക്കിനു മുന്നിലേക്ക് ബെന്യാമിന്റെ പ്രശസ്ത നോവല്‍ ആടുജീവിതത്തിലെ കേന്ദ്ര കഥാപാത്രം നജീബ് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി സഭ കാതുകൂര്‍പ്പിച്ചു. സഭയിലെ ഏറ്റവും ഹ്രസ്വമായ, മിനിറ്റുകള്‍ മാത്രമുള്ള പ്രസംഗം. പക്ഷേ, ഏറ്റവും കൂടുതല്‍ കയ്യടി ലഭിച്ചതും ആ പ്രസംഗത്തിനുതന്നെ. ലോക കേരളസഭയില്‍ തന്നെപ്പോലെ ഒരാള്‍ക്ക് അംഗമാകാന്‍ കഴിഞ്ഞത് അവശത അനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസവും പ്രതീക്ഷയും വലുതാണെന്ന് നജീബ് പറഞ്ഞു. ഇറാക്കിലെ ഭീകരരുടെ പിടിയില്‍നിന്നു രക്ഷപ്പെട്ട് നാട്ടിലെത്തിയ നേഴ്സ് മറീന സഭയില്‍ സംസാരിച്ചപ്പോഴും അംഗങ്ങള്‍ ശ്രദ്ധയോടെ കേട്ടിരുന്നു. നേഴ്‌സുമാര്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച അവര്‍ ഇതിനു പരിഹാരം തേടാന്‍ സഭയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. വിദേശ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥര്‍ ആറുമാസം കൂടുമ്പോഴെങ്കിലും നേഴ്സുമാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സമയം കണ്ടെത്തണം എന്നും മെറീന പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com