തോറ്റുതൊപ്പിയിടുന്ന കേരളാപൊലീസ്

വരാപ്പുഴ സ്റ്റേഷനില്‍ ശ്രീജിത്തിനെ കൊന്നവര്‍ കോട്ടയത്തെ ഗാന്ധിനഗറിലെത്തിയപ്പോള്‍ കെവിനെ കൊലയ്ക്കുകൊടുത്ത് കാഴ്ചക്കാരുടെ റോളിലേക്കു മാറി
തോറ്റുതൊപ്പിയിടുന്ന കേരളാപൊലീസ്


ന്നുകില്‍ പൊലീസ് നേരിട്ട് കൊല്ലുന്നു, അല്ലെങ്കില്‍ കൂട്ടുനില്‍ക്കുന്നു. ആദ്യത്തേതിന് പാവറട്ടിയില്‍നിന്നും വരാപ്പുഴയില്‍നിന്നും രണ്ടാമത്തേതിന് ഗാന്ധിനഗറില്‍നിന്നുമാണ് സമീപകാല ഉദാഹരണങ്ങള്‍. പൊലീസിനെക്കൊണ്ട് തോറ്റുനില്‍പ്പാണ് കേരളം; ഏത് പൊലീസ് സ്റ്റേഷനില്‍നിന്നും എപ്പോള്‍ വേണമെങ്കിലും ഒരു ദുരന്തവാര്‍ത്ത വന്നേക്കാം എന്ന സ്ഥിതി. ജനത്തിനു സുരക്ഷിത ജീവിതം ഉറപ്പാക്കേണ്ടവര്‍ ഇങ്ങനെയാകുന്നത് അവരുടെ തന്നെ തോല്‍വികൂടിയായി മാറുന്നു. തോറ്റുതൊപ്പിയിട്ടാണ് നില്‍പ്പ്. അതു നേരിട്ട് ആഭ്യന്തര വകുപ്പിന്റെതന്നെ തോല്‍വിയാണെന്നു വിമര്‍ശിക്കപ്പെടുന്നത് സ്വാഭാവികം. രണ്ടുവര്‍ഷം തികച്ച് മൂന്നാം വര്‍ഷത്തിലേയ്ക്കു കടക്കുന്ന സര്‍ക്കാരിന്റെ എല്ലാ നേട്ടങ്ങള്‍ക്കും നന്മകള്‍ക്കും കുറുകേ വന്നു വിലങ്ങിനില്‍ക്കുകയാണ് കാക്കിയുടെ കറുത്ത നിഴല്‍.

''ഒരുവന്‍ എല്ലാം നേടിയിട്ടും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാല്‍ പിന്നെന്തു കാര്യം?'' എന്ന ബൈബിള്‍ വചനത്തെ അനുകരിച്ച് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍  ഒരു പോസ്റ്റ് വന്നു. ''ഒരു സര്‍ക്കാരിലെ എല്ലാ വകുപ്പുകളും നന്നായി പ്രവര്‍ത്തിച്ചാലും ആഭ്യന്തരം മോശമാണെങ്കില്‍ പിന്നെന്തു കാര്യം?'' ന്യായമായ ഈ ചോദ്യത്തിന്റെ പലപല രൂപങ്ങളെ ദാക്ഷിണ്യമില്ലാതെ നേരിടുകയാണ് സര്‍ക്കാര്‍. സി.പി.എം വിരുദ്ധരുടേയും പിണറായി വിരുദ്ധരുടേയും രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള ചോദ്യത്തിന്റെ മുന കൂടുതല്‍ കൂര്‍ത്തതാണ്. പക്ഷേ, അങ്ങനെയല്ലാത്തവരും അത് ചോദിക്കാതിരിക്കുന്നില്ല: പിണറായി എന്തിന് ഈ പൊലീസിനെ പേറണം? എന്നായി ചോദ്യരീതി മാറുന്നുവെന്നു മാത്രം. നിയമപാലകര്‍ എന്നു പേരുള്ളതുകൊണ്ടു നിയമപാലനത്തിന്റെ പേരില്‍ ആര്‍ക്കുമേലും എപ്പോഴും കൈവയ്ക്കാന്‍ അധികാരം ചാര്‍ത്തിക്കിട്ടിയവരായതുകൊണ്ടും പൊലീസിന്റെ പോക്ക് നേരാംവണ്ണമല്ലെങ്കില്‍ ആവര്‍ത്തിച്ച് അതു ചൂണ്ടിക്കാണിക്കാതെ വയ്യ. അതുകൊണ്ടാണ് രണ്ട് വര്‍ഷത്തിനിടയില്‍ ആറാമതും പൊലീസിനെക്കുറിച്ച് ഞങ്ങള്‍ക്ക് എഴുതേണ്ടിവരുന്നത്. 

വിനായകന്‍
വിനായകന്‍

കൊല്ലത്തെ കുണ്ടറ പൊലീസ് സ്റ്റേഷനില്‍ കുഞ്ഞുമോനെ നിമിഷങ്ങള്‍കൊണ്ട് നിശ്ശബ്ദരാക്കിയവര്‍, എറണാകുളം ഹാര്‍ബര്‍ പൊലീസ് സ്റ്റേഷനില്‍ പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിലെ ബസ് ഡ്രൈവര്‍ കെ.എസ്. സുരേഷിന്റെ നട്ടെല്ല് തല്ലിത്തകര്‍ത്തവര്‍, തൃശൂരിലെ പാവറട്ടി സ്റ്റേഷനില്‍ വിനായകനെ ചവിട്ടിക്കൊന്നവര്‍, എറണാകുളത്തെ വരാപ്പുഴ സ്റ്റേഷനില്‍ ശ്രീജിത്തിനെ ഉരുട്ടിക്കൊന്നവര്‍, കോട്ടയത്തെ ഗാന്ധിനഗറിലെത്തിയപ്പോള്‍ കെവിനെ കൊലയ്ക്കുകൊടുത്ത് കാഴ്ചക്കാരുടെ റോളിലേക്കു മാറി. വരാപ്പുഴയിലും ഗാന്ധിനഗറിലും പൊലീസ് അറസ്റ്റിലായ അനുഭവങ്ങള്‍ ചൂണ്ടി, ''കാക്കിയഴിച്ചുവച്ച് വിലങ്ങണിയേണ്ടിവരുന്ന സ്വന്തം കൈയിലിരിപ്പിനെ ഓര്‍ത്ത് നാണമില്ലേ'' എന്നു ചോദിക്കാമെന്നുവച്ചാല്‍ വിനായകന്റെ അച്ഛന്‍ കൃഷ്ണന്റെ അനുഭവം വേറെയാണ്. ''എന്റെ മകനെ ഇല്ലാതാക്കിയവര്‍ ആറുമാസം പോലും സസ്പെന്‍ഷനില്‍ പുറത്തു നില്‍ക്കാതെ തിരിച്ചു ജോലിക്കു കയറി'' എന്ന് ഓര്‍മ്മിപ്പിക്കുന്നു അദ്ദേഹം.

ശ്രീജിത്ത്‌
ശ്രീജിത്ത്‌

കഴിഞ്ഞ ജൂലൈ 17-നു  പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്‌തെങ്കിലും അവര്‍ സര്‍വ്വീസില്‍ തിരിച്ചെത്താന്‍ വൈകിയില്ല. ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ മാത്രം ചുമത്തിയാണ് സിവില്‍ പൊലീസ് ഓഫീസര്‍മാരായ സാജനും ശ്രീജിത്തിനുമെതിരെ കേസെടുത്തത്. അതുകൊണ്ട് അവര്‍ക്ക് ജയിലില്‍ കഴിയേണ്ടിവന്നില്ല; പണി പോയുമില്ല. ശ്രീജിത്ത് കേസിലെ എസ്.ഐ ദീപക് ജാമ്യം നേടി ജയിലില്‍നിന്നു പുറത്തിറങ്ങി. നിയമവിരുദ്ധമായി റൂറല്‍ ടൈഗര്‍ ഫോഴ്സ് എന്ന പൊലീസ് ഗുണ്ടാസംഘം രൂപീകരിച്ച എസ്.പി എ.വി. ജോര്‍ജ്ജിന് സസ്പെന്‍ഷന്‍ മാത്രം. കേസില്ല.

കെവിന്‍
കെവിന്‍

വേണ്ടത് ഇരട്ടച്ചങ്കല്ല, ജാഗ്രത
''ക്രമസമാധാനനില മെച്ചപ്പെടുത്താന്‍ ശക്തമായി ഇടപെടും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്ന ക്രമസമാധാന പരിപാലനം ഉറപ്പാക്കും'' സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടിലെ വരികളാണ്. തീരുന്നില്ല വലിയ വര്‍ത്തമാനങ്ങള്‍: ''പരാതികള്‍ നല്‍കാനും സ്വീകരിക്കാനുമുള്ള നടപടികള്‍ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ സുതാര്യമാക്കിയിട്ടുണ്ട്. പൊലീസില്‍നിന്നു ലഭിക്കുന്ന സേവനങ്ങളുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പുവഴി ലഭിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, പൗരാവകാശരേഖ പ്രസിദ്ധീകരിക്കാനുള്ള നടപടിയും സ്വീകരിച്ചുവരികയാണ്. പരാതിയുടെ വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഓരോ പൊലീസ് സ്റ്റേഷനും പ്രത്യേക വെബ്സൈറ്റുകള്‍ തുടങ്ങാനുള്ള നടപടി സ്വീകരിച്ചുവരികയാണ്.'' കാര്യമൊക്കെ ശരി, പക്ഷേ, ജനം ശത്രുപക്ഷത്ത് നിര്‍ത്തി പേടിയോടേയും വെറുപ്പോടേയുമാണ് പൊലീസിനെ കാണുന്നതെങ്കില്‍ പിന്നെ ഇതിലൊക്കെ എന്തു കാര്യം.

''ഇത്രയൊന്നുമില്ലെങ്കിലും മാനംമര്യാദയ്ക്കൊരു പരാതി സ്വീകരിച്ച് വേണ്ടത് ചെയ്താല്‍ മതി. പകരം മുഖ്യമന്ത്രിക്ക് സുരക്ഷ പോകാന്‍ വൈകുന്നേരം ചുതമലയുണ്ട് എന്നത് രാവിലെ ലഭിച്ച പരാതിയില്‍നിന്നു പ്രതികള്‍ക്കു വേണ്ടി ഒഴിഞ്ഞുമാറാന്‍ കാരണമാക്കാതിരുന്നാല്‍ മതി.'' മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് പറയുന്നു. ''പൊലീസിന്റെ മേന്മ നെഞ്ചളവിലല്ല, ഇടപെടേണ്ട വിഷയത്തിലുള്ള ജാഗ്രതയിലാണ് കാണേണ്ടത്'' എന്നു സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. പ്രണയവിവാഹത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കോട്ടയം നട്ടാശ്ശേരിയിലെ കെവിന്‍ പി. ജോസഫിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും
മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും

''ഇത്തരം വിഷയങ്ങളില്‍ പൊലീസ് കൂടുതല്‍ ഉത്തരവാദിത്വവും ജാഗ്രതയും കാണിക്കണം. കേരളം മുഴുവന്‍ ലജ്ജിച്ച് തല താഴ്‌ത്തേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഇത്തരം പ്രവൃത്തികള്‍ ഇനി ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ ഞെട്ടിക്കുന്നതാണ്. കുറ്റവാളികളുമായി പൊലീസിനുള്ള സമ്പര്‍ക്കം അപലപനീയമാണ്. നീതി ഉറപ്പാക്കേണ്ട പൊലീസുകാര്‍ തന്നെ നീതി നിഷേധിക്കുകയും നീതിനിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തുകയും ചെയ്യുന്ന കാഴ്ചയാണ് ഈ സംഭവത്തില്‍ കണ്ടത്. പൊലീസിനു വേണ്ട അടിസ്ഥാന ഗുണം  ജാഗ്രതയും പ്രശ്‌നങ്ങള്‍ മണത്തറിയാനും വിവേചന ബുദ്ധിയോടെ പരിഹാരം കാണാനുള്ള കഴിവുമാണ്'' - ജോസഫൈന്‍ പറയുന്നു.  കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ സത്വര നടപടിയാണ് സ്വീകരിച്ചത് എന്നുകൂടി അവര്‍ ആശ്വസിക്കുന്നു.

1995 ജനുവരി 31-നു നിയമസഭയില്‍ സി.പി.എം അംഗം എം. വിജയകുമാര്‍ അവതരിപ്പിച്ച ഒരു സബ്മിഷന്റെ വിശദാംശങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എടുത്തൊന്നു പരിശോധിക്കാവുന്നതാണ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെ. കരുണാകരന്‍, ടി.വി. മധുസൂദനന്‍ ഡി.ജി.പി. തിരുവനന്തപുരത്തെ കാഞ്ഞിരംപാറ ദളിത് കോളനിയിലെ ബിജു എന്ന യുവാവിനെ ഗുണ്ടകള്‍ തല്ലിക്കൊന്ന സംഭവമാണ് വിജയകുമാര്‍ ഉന്നയിച്ചത്: ''ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ ഹരിജന്‍ കോളനിയില്‍ മാത്രം പന്ത്രണ്ടോളം ആക്രമണങ്ങളുണ്ടായി. ഇതിനെല്ലാം ഒത്താശ ചെയ്യുന്ന പൊലീസുകാരാണ് നമ്മുടെ നാട്ടിലുള്ളത്. സാധാരണ ഒരു കോണ്‍സ്റ്റബിള്‍ മുതല്‍ കേരളത്തിലെ ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡി.ജി.പി മധുസൂദനന്‍ വരെയുള്ള ആളുകള്‍ ഈ കൂലിത്തല്ലുകാര്‍ക്ക് സംരക്ഷണം നല്‍കുകയാണ്.''

ഇനി അതേ സര്‍ക്കാരിന്റെ കാലത്ത്, 1994 ആഗസ്റ്റ് 11-ന് മുസ്ലിം ലീഗ് എം.എല്‍.എ കെ. കുട്ടി അഹമ്മദ് കുട്ടി ഉന്നയിച്ച ഒരു സംഭവം: ''സര്‍, ഞങ്ങളുടെ നാട്ടില്‍ പ്രമാദമായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ജൂലൈ 13-നു രാത്രി താനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിറമരത്തൂര്‍ എന്ന സ്ഥലത്ത് റഹീമ എന്ന യുവതിയെ ആയുധധാരികളായ ഒരു സംഘം മുഖംമൂടികള്‍ തട്ടിക്കൊണ്ടുപോയി. ഈ സംഭവം അവിടെ ഭീകരാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തിലെ പ്രതികളാരെന്നു വ്യക്തമായിട്ടും പൊലീസ് നടപടികളൊന്നും ഉണ്ടാകാത്തത് ജനങ്ങളില്‍ ഭീതി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഈ അടുത്തകാലത്ത് ഉണ്ടായ ചില സംഭവവികാസങ്ങളില്‍ പൊലീസ് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുണ്ടായിട്ടില്ല. ഇതെല്ലാംതന്നെ പൊലീസില്‍നിന്നു നീതി ലഭിക്കില്ല എന്ന ബോധം ജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുകയാണ്.

'' പൊലീസിനെ ഏറ്റവുമധികം അഴിച്ചുവിട്ട കെ. കരുണാകരന്റെ കാലത്തെ അതേ പൊലീസ് മാറ്റങ്ങളില്ലാതെ തുടരുന്നു എന്നു ചൂണ്ടിക്കാണിക്കാനാണ് ഈ രണ്ട് സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. ശ്രദ്ധിക്കുക, സി.പി.എം എം.എല്‍.എയും ലീഗ് എം.എല്‍.എയും ഒരുപോലെ അന്നു പൊലീസിന്റെ വീഴ്ചകളുടെ വിമര്‍ശകരായിരുന്നു. അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലമല്ല, അതിനുശേഷം വെളിച്ചം വന്ന കാലമായിരുന്നു അത്. വീണിടത്തുനിന്നു പൊലീസ് അന്നും അതിനു മുന്‍പും ശേഷവും എണീറ്റിട്ടില്ലെങ്കില്‍ പേടിക്കണം. പൊലീസ് സേനയുടെ നവീകരണത്തെക്കുറിച്ച് അന്നും സര്‍ക്കാര്‍ വലിയ വര്‍ത്തമാനങ്ങള്‍ പറഞ്ഞിരുന്നു. ''പൊലീസ് ഉദ്യോഗസ്ഥന്മാര്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നുണ്ട്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഓരോ തിങ്കളാഴ്ചയും രാവിലെ അവരുടെ അധികാരപരിധിയിലുള്ള ഒരു സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിച്ച് സന്ദര്‍ശിക്കുകയും പരാതിക്കാരില്‍നിന്നു പരാതികള്‍ സ്വീകരിക്കുകയും അവയില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന സംവിധാനം നടപ്പാക്കിയിട്ടുണ്ട്. സ്വീകരിച്ച നടപടികള്‍ പരാതിക്കാര്‍ക്ക് തൃപ്തികരമല്ലെങ്കില്‍ അതു പരിശോധിച്ച് നീതിപൂര്‍വ്വം കൈകാര്യം ചെയ്യുകയാണ് ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്.'' എം. മുരളി, പാലോട് രവി, തമ്പാനൂര്‍ രവി എന്നിവരുടെ ചോദ്യങ്ങള്‍ക്ക് കരുണാകരന്‍ നല്‍കിയ മറുപടി. കേരളം പിന്നീടും ഏറെ കുതിപ്പുകള്‍ നടത്തിയെങ്കിലും പൊലീസ് മാറിയിട്ടില്ല എന്നതിന് ഗാന്ധിനഗറിലെ എസ്.ഐയും ഒരു എ.എസ്.ഐയും ചില പൊലീസുകാരുമാണ് തെളിവ്.

കെവിന്റെ മൃതദേഹത്തിനരികില്‍ ഭാര്യ നീനുവും പിതാവും
കെവിന്റെ മൃതദേഹത്തിനരികില്‍ ഭാര്യ നീനുവും പിതാവും

പരാതിക്കാര്‍ക്ക് തൃപ്തികരമായല്ല പ്രതികള്‍ക്കു തൃപ്തികരമായാണ് പൊലീസ് ഇടപെടുന്നത് എന്നതിന് ഒന്നാന്തരം തെളിവ്. അതുകൊണ്ടാണല്ലോ അവരിപ്പോള്‍ കാക്കി ഊരിവച്ച് പുറത്തുനിന്ന് അന്വേഷണം നേരിടുന്നത്. ഭാര്യയുമായി വഴിവിട്ട സൗഹൃദമുണ്ടെന്നു സംശയിച്ച ഡ്രൈവറെ കൊന്നു കഷ്ണങ്ങളാക്കി പലയിടത്തു വലിച്ചെറിഞ്ഞതിനു ജയിലില്‍ കിടക്കുന്ന ഡി.വൈ.എസ്.പി ഷാജിയോളം വരില്ല ഇവരെന്നു വേണമെങ്കില്‍ ആശ്വസിക്കാമെന്നേയുള്ളു. പക്ഷേ, സമുദായവും സാമ്പത്തിക സ്ഥിതിയും നോക്കാതെ പ്രണയിച്ചു വിവാഹിതരായ കെവിനേയും നീനുവിനേയും തമ്മിലകറ്റാന്‍ കൊലയ്ക്കു ഫലത്തില്‍ കൂട്ടുനിന്നവരാണ്. ''മുന്‍പു ചെയ്ത പ്രശ്‌നങ്ങളില്‍ ശക്തമായ നടപടിയെടുക്കാത്തതുകൊണ്ടാണ് പൊലീസിനു തുടര്‍ച്ചയായി വീഴ്ചകള്‍ സംഭവിക്കുന്നത്. നടപടിയുണ്ടാകും എന്ന ശക്തമായ മെസ്സേജ് പൊലീസിനു കൊടുക്കാന്‍ സാധിക്കുന്നില്ല.'' യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് വിമര്‍ശിക്കുന്നു. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവുള്‍പ്പെടെ ആരോപണവിധേയരുടെ സംഘമാണ് പൊലീസ് തലപ്പത്തിരിക്കുന്നത് എന്നും ഫിറോസ് കുറ്റപ്പെടുത്തുന്നു. എന്നാല്‍, ഈ ഗവണ്‍മെന്റ് വന്നശേഷം പൊലീസ് നയം പ്രഖ്യാപിക്കുകയും തെറ്റായ നടപടികള്‍ സ്വീകരിക്കുന്ന പൊലീസുദ്യോഗസ്ഥര്‍ക്ക് ഗവണ്‍മെന്റിന്റെ സംരക്ഷണമില്ല എന്ന വ്യക്തമായ സന്ദേശം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് എം.എല്‍.എ ചൂണ്ടിക്കാട്ടുന്നു.

''അത് നാളിതുവരെയുള്ള സംഭവങ്ങളില്‍ പ്രകടമാണ്. തെറ്റു ചെയ്താല്‍ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവരും എന്ന് കേരള പൊലീസിന് ഇപ്പോള്‍ പൊതുവായ ഒരു ബോധമുണ്ട്. അത് ഒരു പരിധിവരെ തെറ്റായ നടപടികളില്‍നിന്നു പൊലീസിനെ പിന്തിരിപ്പിക്കാന്‍ സഹായകമാകും'' എന്നും സ്വരാജ് പറയുന്നു. പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ നിരീക്ഷണം. ''നിയന്ത്രിക്കാനും ചോദിക്കാനും പറയാനും ഭരണതലപ്പത്ത് കരുത്തുള്ളവരുണ്ടെങ്കില്‍ പൊലീസ് അഴിഞ്ഞാടില്ല. പൊലീസ് മര്‍ദ്ദനങ്ങളും പീഡനങ്ങളുമൊക്കെ അഭിമുഖീകരിച്ചു വളര്‍ന്നുവെന്നു പറയുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോഴാണ് പൊലീസിനെ ഇങ്ങനെ നിരപരാധികള്‍ക്കും നിസ്സഹായര്‍ക്കും നേരേ അഴിച്ചുവിട്ടിരിക്കുന്നത് എന്നോര്‍ക്കണം'' - അദ്ദേഹം പറയുന്നു. ''നിര്‍ബന്ധിത സാഹചര്യത്തില്‍, വേറെ നിര്‍വ്വാഹമില്ലാതെയാണ് ചില സംഭവങ്ങളില്‍ അവര്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. അതില്‍ ആത്മാര്‍ത്ഥതയില്ലെന്നു മാത്രമല്ല, നടപടിയെടുത്തവരെത്തന്നെ പിന്നീട് സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്യുന്നു'' എന്നും സുധീരന്റെ വിമര്‍ശനം.

കാണാതെ പോയ നീനുവിന്റെ കണ്ണീര്‍
കോട്ടയത്തെ കെവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സംഘത്തോട് പണം വാങ്ങി പടമെടുത്തു വിട്ടയച്ച ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ബിജു, പൊലീസ് പട്രോള്‍ സംഘത്തിലെ സി.പി.ഒയും ഡ്രൈവറുമായിരുന്ന അജയകുമാര്‍ എന്നിവര്‍ കുടുങ്ങി. പൊലീസ് അവരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കില്‍  കെവിന് (നീനുവിനും ) ദുരന്തം സംഭവിക്കുമായരുന്നില്ല. ബിജു നീനുവിന്റെ സഹോദരന്‍ സാനുവുമായി നടത്തിയ ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നതോടെ പൊലീസിന്റെ പങ്കിനെക്കുറിച്ചു സംശയങ്ങളില്ലാതായി. അവരെ അറസ്റ്റ് ചെയ്ത വിവരം ഐ.ജി വിജയ് സാഖറെ തന്നെയാണ് മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍, രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അതേ ഐ.ജി പറഞ്ഞു: ''പൊലീസുകാര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ല. പണം വാങ്ങിയതാണ് കേസ്.'' പൊലീസുകാര്‍ക്ക് നന്നായി അറിയാവുന്ന സംഭവത്തില്‍ തട്ടിക്കൊണ്ടുപോകലിനു നേരെ കണ്ണടച്ചത് കുറ്റമല്ലാതാകുന്നു; തട്ടിക്കൊണ്ടുപോയി കൊന്ന ശേഷം പ്രധാന പ്രതിയോട് ഫോണില്‍ സംസാരിച്ച്, തന്നെക്കൊണ്ടു കഴിയുന്ന സഹായം ചെയ്തു തരാമെന്നു വാഗ്ദാനം ചെയ്ത എ.എസ്.ഐയുടെ കുറ്റം വെറും രണ്ടായിരം രൂപയുടെ കൈക്കൂലി. കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയില്‍ പൊലീസിന്റെ  ഗുരുതര പങ്ക് തേഞ്ഞുമാഞ്ഞ് ഇല്ലാതാകുന്നത് ഇങ്ങനെയൊക്കെയാണ്.

അസാധാരണമായ കൃത്യവിലോപം ചെയ്തു എന്ന് മുഖ്യമന്ത്രി പരസ്യമായി ചൂണ്ടിക്കാട്ടിയ എസ്.ഐ ഷിബു ഇപ്പോഴും അതിന്റെ പേരില്‍ ഗുരുതരമായ നടപടി നേരിടുന്നില്ല. നേരത്തെ കിട്ടിയ സസ്പെന്‍ഷനില്‍ എല്ലാം ഒതുങ്ങുന്നു. പുലര്‍ച്ചെ രണ്ടു മണിക്ക് തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വിവരം ലഭിച്ചിട്ടും അനങ്ങാതിരുന്നത് കൊലയ്ക്കു കൂട്ടുനില്‍ക്കലല്ല; വൈകുന്നേരം എത്തുന്ന മുഖ്യമന്ത്രിക്ക് സുരക്ഷാ അകമ്പടി പോകുന്ന കാര്യം പറഞ്ഞു രാവിലെ മുതല്‍ പരാതിക്കാരെ ആട്ടിയകറ്റിയത് കുറ്റമല്ല; കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പേരില്‍  സ്വന്തം വീഴ്ച എഴുതിച്ചേര്‍ക്കാന്‍ ശ്രമിച്ച് അദ്ദേഹത്തെ അപമാനിച്ചതും കുറ്റമല്ല. വന്നുവന്ന് കെവിന്റെ മരണം നീനുവിന്റേയും കെവിന്റെ കുടുംബാംഗങ്ങളുടേയും ദു:ഖം മാത്രമായി മാറുന്ന സ്ഥിതി.

സാനുവും ചാക്കോയും സംഘവും ചെയ്ത അതിഗുരുതര കുറ്റകൃത്യത്തില്‍ പൊലീസിന്റെ ഒത്താശ പഴങ്കഥയാകും. സസ്പെന്‍ഷന്‍ ഇതാ പിടീന്ന് അവസാനിച്ച് അവര്‍ പുതിയ വേട്ടക്കാര്‍ക്ക് കൂട്ടുനില്‍ക്കാന്‍ വീണ്ടും കാക്കി അണിയും. കെവിനും ബന്ധു അനീഷും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത് എന്നു ഗുണ്ടാസംഘത്തിനു പറഞ്ഞുകൊടുത്തത് പൊലീസ്, അവര്‍ വീട് തല്ലിത്തകര്‍ത്ത് കെവിനേയും അനീഷിനേയും ബലംപ്രയോഗിച്ച് കടത്തിക്കൊണ്ടുപോകും വരെ പരിസരത്ത് ഒന്നുമറിയാത്തതുപോലെ തങ്ങിയത് പൊലീസ് പട്രോള്‍ സംഘം, അനീഷ് രക്ഷപ്പെട്ട് തിരിച്ചെത്തി തട്ടിക്കൊണ്ടുപോയ വിവരം പൊലീസിനോട് പറയുമ്പോള്‍ സ്റ്റേഷനു പുറത്തുണ്ടായിരുന്ന പ്രതികളെ കണ്ടില്ലെന്നു നടിച്ചതും പൊലീസ്. ഇതൊന്നും കുറ്റമല്ലാതാവുകയാണ്. 

നട്ടെല്ലൊടിച്ച് കൂറ് പ്രഖ്യാപിക്കുന്ന പൊലീസ് 
കേന്ദ്രീയ വിദ്യാലയം ഡ്രൈവറായ സുരേഷ് ജോലി കഴിഞ്ഞു പോകുംവഴി ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് 2016 ജൂലൈ ഒന്നിനാണ് കൊച്ചി ഹാര്‍ബര്‍ പൊലീസ് സ്റ്റേഷനിലേക്ക് എ.എസ്.ഐ പ്രകാശന്‍ കൂട്ടിക്കൊണ്ടുപോയത്. എസ്.ഐ ജോസഫ് സാജനും സി.പി.ഒ രാജീവും ചേര്‍ന്നു ഭീകരമായി മര്‍ദ്ദിച്ച് എഴുന്നേറ്റുനില്‍ക്കാനാകാത്ത വിധം അവശനാക്കി. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടിയെ ബസില്‍വച്ചു പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നായിരുന്നു ആരോപണം. കുട്ടിയുടെ അച്ഛന്റെ പരാതിയുണ്ടായിരുന്നു. എന്നാല്‍, കേസ് കെട്ടിച്ചമച്ചതാണെന്ന് സുരേഷും കുടുംബവും പറയുന്നു. സുരേഷ് കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് നിയമവേദികളില്‍ തെളിയിക്കപ്പെടേണ്ട കാര്യമാണ്.

എന്നാല്‍, കസ്റ്റഡിയില്‍ എടുത്തതു മുതലുള്ള പൊലീസ് നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്. ആരോപിതനായ ആള്‍ക്ക് സ്വാഭാവിക നീതിക്ക് അവസരം നല്‍കാന്‍ പൊലീസ് തയ്യാറായില്ല. ജൂലൈ ഒന്നിനു കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച് നട്ടെല്ലു തകര്‍ത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ 19-നാണ്. കുട്ടിയുടെ അച്ഛന്‍ അഭിഷേകും സുരേഷും തമ്മിലുള്ള ചില തര്‍ക്കങ്ങളുടെ തുടര്‍ച്ചയായി അഭിഷേകിന്റെ സുഹൃത്തായ പൊലീസുകാരന്റെ താല്‍പ്പര്യമാണ് കസ്റ്റഡി മര്‍ദ്ദനത്തിനു കാരണം എന്നാണ് സുരേഷിന്റെ ആരോപണം. (2016 നവംബര്‍ 14 ലക്കം വാരികയില്‍ സതീശ് സൂര്യന്‍ എഴുതിയ റിപ്പോര്‍ട്ടില്‍നിന്ന്).

ദീപക് എസ്.ഐ ഇപ്പോള്‍ ജയിലില്‍ അല്ല; എസ്.പിയും 'ഫ്രീ'
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചു മരണത്തിനിടയാക്കിയ കേസില്‍ പ്രതിയായ വരാപ്പുഴ എസ്.ഐ ദീപക് കഴിഞ്ഞ ദിവസം ജാമ്യത്തില്‍ ഇറങ്ങി. വരാപ്പുഴ കേസുമായി ബന്ധപ്പെട്ട് ദീപക്കിനെ അറസ്റ്റ് ചെയ്തത് ആ കേസിലെ സുപ്രധാന വഴിത്തിരിവും പൊലീസിനു ശക്തമായ താക്കീതുമായി വിശേഷിക്കപ്പെടുമ്പോഴാണ് ഇത്. ദീപക്കിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സത്യാഗ്രഹ സമരത്തിലേയ്ക്കു നീങ്ങുമെന്ന് ശ്രീജിത്തിന്റെ കുടുംബം നിലപാട് കടുപ്പിച്ചപ്പോഴാണ് അറസ്റ്റിനു തയ്യാറായത്.

അതു താല്‍ക്കാലിക കണ്ണുകെട്ടലായിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ശ്രീജിത്തിന്റെ മരണമൊഴിയില്‍ ദീപക്കിന്റെ പേര് പറഞ്ഞിരുന്നില്ലെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടും ശ്രീജിത്തിന്റെ ഭാര്യ മജിസ്ട്രേറ്റിനു കൊടുത്ത മൊഴിയില്‍ എസ്.ഐയെക്കുറിച്ചു പറഞ്ഞിരുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം. കൂട്ടുപ്രതികളായ മറ്റു പൊലീസുകാര്‍ മറ്റു ചില നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ പ്രേരണമൂലം തനിക്കെതിരെ മൊഴി കൊടുക്കുകയായിരുന്നു എന്നാണ് എസ്.ഐ വാദിച്ചത്. പ്രതിചേര്‍ക്കപ്പെട്ട സി.ഐ ക്രിസ്പിന്‍ സാമിനു നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ശ്രീജിത്ത് കേസ് കേരളത്തെ പിടിച്ചുകുലുക്കിയപ്പോള്‍ റൂറല്‍ എസ്.പി എ.വി. ജോര്‍ജ്ജിലേക്ക് ഉള്‍പ്പെടെ അന്വേഷണം നീളുമെന്ന സൂചന ശക്തമായിരുന്നു. എസ്.പിയെ ആദ്യം സ്ഥലം മാറ്റുകയും പിന്നീട് സസ്പെന്റ് ചെയ്യുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ താഴെയുള്ള പൊലീസുകാര്‍ നിരപരാധികളെ വേട്ടയാടി ഇല്ലാതാക്കുന്ന കാടത്തത്തിന് ഇതാ അവസാനമുണ്ടാകാന്‍ പോകുന്നുവെന്ന പ്രതീതി പരന്നു. എന്നാല്‍, കാര്യങ്ങള്‍ അവിടെനിന്നു മുന്നോട്ടു പോയില്ല; എ.വി. ജോര്‍ജ്ജും ഡി.വൈ.എസ്.പി പ്രഫുല്ലചന്ദ്രനും പ്രതിസ്ഥാനത്തു വന്നുമില്ല. മേല്‍നോട്ടത്തിലും കൃത്യനിര്‍വ്വഹണത്തിലും ഗുരുതര വീഴ്ചവരുത്തിയ ഡി.വൈ.എസ്.പിക്കെതിരെ വകുപ്പുതല അച്ചടക്കനടപടിക്കാണ് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ ശുപാര്‍ശ. ആ വീഴ്ചയില്‍ എന്നേക്കുമായി പൊലിഞ്ഞത് ഒരു യുവാവിന്റെ ജീവനാണ് എന്നത് സൗകര്യപൂര്‍വ്വം മറന്നു; പക്ഷേ, അതെങ്ങനെ മറയ്ക്കാന്‍ പറ്റും എന്ന ചോദ്യം ബാക്കി.


വേണ്ടത് ഓരോ സംഭവത്തേയും പ്രത്യേകമായി കണക്കാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി

എം. സ്വരാജ് (ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി)

സര്‍ക്കാര്‍ മാറുമ്പോള്‍ എക്‌സിക്യൂട്ടീവോ ജുഡീഷ്യറിയോ മാറാറില്ല. പൊലീസിനും ഇതു ബാധകമാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ താരതമ്യേന കാര്യക്ഷമതയുള്ള പൊലീസാണ് നമ്മുടേത്. യു.ഡി.എഫ് ഭരിക്കുമ്പോഴും എല്‍.ഡി.എഫ് ഭരിക്കുമ്പോഴും ഇതേ പൊലീസാണ്, അതിനു യാതൊരു തരത്തിലുള്ള മാറ്റവുമില്ല.

എന്നാല്‍, കേരളത്തിലെ പൊലീസില്‍ ഒരു വിഭാഗം ക്രിമിനല്‍ സ്വഭാവമുള്ളവരും ക്രിമിനലുകളുമായി ബന്ധമുള്ളവരുമാണ് എന്ന് ആധികാരികമായ റിപ്പോര്‍ട്ട് നമ്മുടെ മുന്നിലുണ്ട്. എങ്കിലും ആ വിഭാഗത്തെ പൂര്‍ണ്ണമായി ഒഴിവാക്കാനോ നടപടിയെടുക്കാനോ പല പല നിയമതടസ്സങ്ങളുണ്ട്. ഒരു സര്‍ക്കാരിനും അതു സാധിച്ചിട്ടില്ല. ഇതു കരുതലോടുകൂടി നോക്കാനും പൊലീസിനെ കാര്യക്ഷമമാക്കി വീഴ്ചകൂടാതെ നിലനിര്‍ത്താനും ശ്രമിക്കുകയാണ് ഗവണ്‍മെന്റുകളുടെ മുന്നിലുണ്ടാകേണ്ട ഉത്തരവാദിത്വം.  പൊലീസുദ്യോഗസ്ഥരില്‍ ചിലര്‍ക്കുണ്ടാകുന്ന വീഴ്ചയില്‍ സര്‍ക്കാരിനുള്ള ഉത്തരവാദിത്വം സാങ്കേതികമാണ്. സര്‍ക്കാര്‍ അതിന്റെ നയം പ്രഖ്യാപിച്ച ശേഷവും വ്യത്യസ്ത നിലപാട് സ്വീകരിക്കുകയും വീഴ്ചവരുത്തുകയും ബോധപൂര്‍വ്വം തെറ്റുചെയ്യുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് അതിന്റെ ഉത്തരവാദികള്‍. മുന്‍കാലങ്ങളില്‍  ഇത്തരത്തിലുള്ള ചില വിഷയങ്ങളില്‍ ഡി.വൈ.എഫ്.ഐ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവും ക്യാംപെയ്നും സംഘടിപ്പിച്ചിട്ടുണ്ട്.

എം. സ്വരാജ് (ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി) 
എം. സ്വരാജ് (ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി) 

പക്ഷേ, അന്നു സ്ഥിതി വ്യത്യസ്തമായിരുന്നു. അന്നു ഗുരുതരമായ തെറ്റുചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഗവണ്‍മെന്റ് സ്വീകരിച്ചത്. ഒരുപാട് ഉദാഹരണങ്ങളുണ്ട്. അതിലും മുന്‍പിലേയ്ക്ക് നോക്കിയാല്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരും പങ്കാളികളായ, ഒരറ്റം മുതല്‍ മറ്റേയറ്റം വരെ പൊലീസുദ്യോഗസ്ഥര്‍ പങ്കാളികളായ സംഘടിതമായ കുറ്റകൃത്യങ്ങള്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്; മനുഷ്യത്ത്വരഹിതമായ സംഘര്‍ഷങ്ങളും വേട്ടയാടലുകളും. തങ്കമണിയും കിള്ളിയുമൊക്കെ അതിന്റെ ഉദാഹരണങ്ങളാണ്.

അതിന്റെ ചെറുതും വലുതുമായ രൂപങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും തെറ്റു ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം നല്‍കുന്ന നിലപാടാണ് മുന്‍കാലങ്ങളില്‍ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോഴത്തെ പ്രധാന വ്യത്യാസം, ഈ ഗവണ്‍മെന്റ് വന്നശേഷം എല്‍.ഡി.എഫിന്റെ പൊലീസ് നയം പ്രഖ്യാപിക്കുകയും തെറ്റായ നടപടികള്‍ സ്വീകരിക്കുന്ന പൊലീസുദ്യോഗസ്ഥര്‍ക്ക് ഗവണ്‍മെന്റിന്റെ സംരക്ഷണമില്ല എന്ന വ്യക്തമായ സന്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

അത് നാളിതുവരെയുള്ള സംഭവങ്ങളില്‍ പ്രകടമാണ്. തെറ്റു ചെയ്താല്‍ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവരും എന്ന് കേരള പൊലീസിന് ഇപ്പോള്‍ പൊതുവായ ഒരു ബോധമുണ്ട്. അത് ഒരു പരിധിവരെ തെറ്റായ നടപടികളില്‍നിന്നു പൊലീസിനെ പിന്തിരിപ്പിക്കാന്‍ സഹായകമാകും. എന്നാലും, ഞാന്‍ പ്രതീക്ഷിക്കുന്നത് ഭാവിയിലും ഒറ്റപ്പെട്ട നിലയിലാണെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചകള്‍ ഉണ്ടാകാം, ഇനിയുമുണ്ടാകാം. നാം ഇനിയും ഇതു ചര്‍ച്ച ചെയ്യും. അത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും ഓരോ സംഭവത്തേയും പ്രത്യേകമായി കണക്കാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുക എന്നതുതന്നെയാണ് ഗവണ്‍മെന്റിനു ചെയ്യാന്‍ കഴിയുന്ന ഒരു നടപടി. സിവില്‍ സര്‍വ്വീസില്‍ ഉടനീളം ഈ പ്രശ്‌നമുണ്ട്.

ഗുരുതരമായ പിശക് വരുത്തുന്ന, ബോധപൂര്‍വ്വം തെറ്റായ നടപടികള്‍ സ്വീകരിക്കുന്ന പല തലത്തിലുമുള്ള ഉദ്യോഗസ്ഥന്മാരുണ്ട്. അവരുടെയെല്ലാം കാര്യത്തില്‍ ഗവണ്‍മെന്റ് സ്വീകരിക്കേണ്ടത് ഈ സമീപനം തന്നെയാണ്. ഓരോ സംഭവങ്ങള്‍ ഉയര്‍ന്നു വരുമ്പോഴും കുറ്റം ചെയ്ത പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്ന സമീപനത്തില്‍ ഊന്നിയാണ് ഗവണ്‍മെന്റിനു മുന്നോട്ടു പോകാനാവുക.

അതാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍, പൊലീസുദ്യോഗസ്ഥന്മാരില്‍ ചിലരുടെ വീഴ്ച ചൂണ്ടിക്കാണിച്ച് ഗവണ്‍മെന്റിനെതിരെ ഒരു വന്‍ ആക്രമണം അഴിച്ചുവിടാനാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍, മലയാളത്തിലെ മുഖ്യധാരാ ടെലിവിഷന്‍ ചാനലുകള്‍. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് ജനപിന്തുണയില്ല. യഥാര്‍ത്ഥത്തില്‍ ഈ മുഖ്യധാരാ ടി.വി ചാനലുകള്‍ വിപണിമൂല്യം നോക്കി കച്ചവടം ചെയ്ത് ലാഭമുണ്ടാക്കുന്ന ഏജന്‍സികള്‍ മാത്രമാണ്. അരോചകമായ ആക്രോശങ്ങളും വെല്ലുവിളികളും ഇടതുവിരുദ്ധ വിഭ്രാന്തി മൂലമുള്ള യുദ്ധപ്രഖ്യാപനങ്ങളുമായാണ് ഇപ്പോള്‍ രാത്രി ചര്‍ച്ചകള്‍ പലതും കാണുന്നത്. ജനങ്ങള്‍ക്ക് ഇത് അരോചകമായി തോന്നിത്തുടങ്ങിയിട്ടുണ്ട്, അവര്‍ ഇത് മുഖവിലയ്‌ക്കെടുക്കുന്നുമില്ല. വിചാരണ ചെയ്യുകയും വിധി കല്‍പ്പിക്കുകയും ചെയ്യുന്നവരായി മാധ്യമപ്രവര്‍ത്തകര്‍ മാറുന്നത് മാധ്യമപ്രവര്‍ത്തനത്തെത്തന്നെ വിലയിടിക്കുന്നതാണ്. ഇതിനെതിരായി കേരളത്തില്‍ ഒരു സാമാന്യബോധം ഉയര്‍ന്നുവരുന്നുണ്ട്.

ഇവരുടെ വിമര്‍ശനം ഒരു അന്തസ്സില്ലാത്ത രീതിയിലാണ്, അത് വിരോധം തീര്‍ക്കാനുള്ളതാണ്. അത് റേറ്റിംഗ് കൂട്ടാനും ലാഭമുണ്ടാക്കാനും മാത്രം ഉദ്ദേശിച്ചുള്ളതാണ്, സാമൂഹിക പ്രതിബദ്ധതയുള്ളതല്ല എന്നു ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ തരത്തിലുള്ള മാധ്യമപ്രവര്‍ത്തനം ഗവണ്‍മെന്റിനെ ശരിയായ ദിശയില്‍ നയിക്കാനോ ഏതെങ്കിലും തെറ്റായ പ്രവണതകളെ പരിഹരിക്കാനോ സഹായിക്കുന്നതേയല്ല. പ്രത്യേകിച്ച് പൊലീസുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അത്തരം ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം കൊടുക്കുകയാണെങ്കില്‍ മാത്രമേ സര്‍ക്കാരിന് ഏതെങ്കിലും തരത്തില്‍ പ്രത്യേക ഉത്തരവാദിത്വം വരുന്നുള്ളു.


പൊലീസിനോടു ചോദിക്കാനും പറയാനും ആളുണ്ടാകണം

വി.എം. സുധീരന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊലീസിനെക്കൊണ്ട് സാധാരണ ജനത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് കൈയും കണക്കുമില്ല. ഒന്നാമതായി അവര്‍ പൊലീസിനനെ രാഷ്ട്രീയവല്‍ക്കരിച്ചു. അതുകൊണ്ടാണല്ലോ പൊലീസിന്റെ സമ്മേളനത്തില്‍ പൊലീസുകാര്‍ ചുവപ്പ് ഷര്‍ട്ടിട്ട് വന്നതും രക്തസാക്ഷി മണ്ഡപം ചുവപ്പാക്കിയതുമൊക്കെ മുഖ്യമന്ത്രിതന്നെ പരസ്യമായി ന്യായീകരിച്ചത്.

കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനും പൊലീസ് തോന്നുന്നതുപോലെ പ്രവര്‍ത്തിക്കുന്നതിനും പിന്നില്‍ ഈ രാഷ്ട്രീയവല്‍ക്കരണത്തിനും വലിയ പങ്കുണ്ട്. ആത്മാര്‍ത്ഥതയില്ലെന്നു മാത്രമല്ല, നടപടിയെടുത്തവരെത്തന്നെ പിന്നീട് സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണല്ലോ തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായ പൊലീസുകാര്‍ വളരെ വൈകാതെ സര്‍വ്വീസില്‍ തിരിച്ചെത്തിയത്.

വി.എം. സുധീരന്‍
വി.എം. സുധീരന്‍

വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്റെ കസ്റ്റഡി കൊലപാതകത്തിന്റെ കാരണക്കാരില്‍ പ്രധാനിയായ റൂറല്‍ എസ്.പിക്കെതിരെ കേസെടുക്കുന്നില്ലല്ലോ. കോട്ടയത്തെ ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെയുള്ളവരുടെ വീഴ്ചകൊണ്ട് ഒരു നിരപരാധിയായ ചെറുപ്പക്കാരന്റെ ജീവനാണല്ലോ പൊലിഞ്ഞത്. എന്നിട്ട് നിസ്സാര നടപടികളെടുത്ത് ജനങ്ങളുടെ കണ്ണുമൂടിക്കെട്ടാന്‍ ശ്രമിക്കുകയാണ്. എന്നിട്ട് വിമര്‍ശിക്കുകയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ക്കു നേരെ തിരിയുകയാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും. മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രകടിപ്പിക്കുന്നത് ജനങ്ങളുടെ വികാരമാണ്. അവര്‍ അവരുടെ ജോലി പ്രതിബദ്ധതയോടെ ചെയ്യുകയാണ്.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി ആഴ്ചകള്‍ക്കുള്ളില്‍ തലശ്ശേരിക്കടുത്ത് കുട്ടിമാക്കൂലില്‍ അഖില, അഞ്ജന എന്നീ ദളിത് സഹോദരിമാരെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവമുണ്ടായി. അന്ന് ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് പൊലീസിനോട് ചോദിക്കാനാണ്. അതായിരുന്നു തുടക്കം. പാര്‍ട്ടിക്കാര്‍ പറഞ്ഞത് അതുപോലെ വിശ്വസിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഞങ്ങള്‍ പലവട്ടം പറഞ്ഞുകഴിഞ്ഞതുപോലെ, പിണറായി വിജയന്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ രീതിയിലല്ല പാര്‍ട്ടി സെക്രട്ടറിയുടെ ഭാവത്തിലാണ് പ്രതികരിക്കുന്നത്. പാര്‍ട്ടിക്കാരും മുഖ്യമന്ത്രിയും ചേര്‍ന്നു പൊലീസിന്റെ കൊള്ളരുതായ്മകള്‍ക്ക് വെള്ളപൂശുന്നത് അവസാനിപ്പിക്കുകയാണ് വേണ്ടത്. പൊലീസിനെ ഇങ്ങനെ കയറൂരിവിട്ടാല്‍ അത് കേരളത്തെ ഭീകരമായ അരക്ഷിതാവസ്ഥയില്‍ എത്തിക്കും.


വിനായകനു നീതി കിട്ടിയില്ല

കൃഷ്ണന്‍ (വിനായകന്റെ അച്ഛന്‍)
വിനായകനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്‌തെങ്കിലും വേഗം തിരിച്ചെടുത്തു. വരാപ്പുഴ മാതൃകയില്‍ പൊലീസിനെതിരെ നടപടി വേണം, നീതി കിട്ടണം. എന്റെ മോനെ അതിക്രൂരമായി മര്‍ദ്ദിച്ചുകൊന്ന പൊലീസുകാരെ ഡിസ്മിസ് ചെയ്യണം. എന്നാല്‍, അതിന്റെ സൂചനപോലും ഇപ്പോഴില്ല. പൊലീസിനെ പൊലീസ് രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കേണ്ട സ്ഥിതിയാണ്.  

ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിക്കുകയാണ് ചെയ്തത്. പൊലീസിന് സപ്പോര്‍ട്ടും ഞങ്ങള്‍ക്കെതിരായിട്ടുമാണ് അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് കൊടുത്തത്. പിന്നീട് ആ അന്വേഷണ ഉദ്യോഗസ്ഥന്‍തന്നെ കേസില്‍ നാലാം പ്രതിയായി. ഒത്താശ ചെയ്തതിന്റെ പേരില്‍. ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഞാന്‍ കൊടുത്ത ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം. പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റിക്ക് കൃഷ്ണന്‍ കൊടുത്ത പരാതിയിലും തുടര്‍നടപടികളായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com