തൂത്തുക്കുടി: തുളഞ്ഞ നെഞ്ചിന്റെ സമരവീര്യം

അക്ഷരാര്‍ത്ഥത്തില്‍ ഒരു ശ്മശാന നഗരംപോലെ നീണ്ടുനിവര്‍ന്നു കിടക്കുന്നു തൂത്തുക്കുടി.
തൂത്തുക്കുടി: തുളഞ്ഞ നെഞ്ചിന്റെ സമരവീര്യം

മെയ് 22-നും 23-നും നല്ല മണ്ണിനും വെള്ളത്തിനും വേണ്ടി പോരാടിയ ഒരു കൂട്ടമാളുകള്‍ തൂത്തുക്കുടിയില്‍ ഞൊടിയിടയില്‍ വെടികൊണ്ടു മരിച്ചു. കൊല്ലാനുള്ള തീരുമാനമെടുക്കാന്‍ അരനിമിഷം ആലോചിക്കേണ്ടിവരാത്ത നാട്ടില്‍ കൊല്ലപ്പെട്ടവരെ കുഴിച്ചുമൂടാന്‍ ഒരാഴ്ച കഴിഞ്ഞിട്ടും തീരുമാനമായില്ല! മൃതദേഹങ്ങള്‍ കുഴിമാടം കാത്തിരിക്കുന്ന നഗരം! വെടികൊണ്ടു മരിച്ചവരുടെ മൃതദേഹങ്ങള്‍ പ്രതിഷേധ സൂചകമായി ബന്ധുക്കള്‍ ഏറ്റുവാങ്ങുന്നില്ല എന്നറിഞ്ഞു. അങ്ങനെയാണ് തൂത്തുക്കുടിക്ക് പുറപ്പെട്ടത്. മനസ്സാക്ഷിയെ നടുക്കിയ ആ വെടിവെയ്പിന്റെ എട്ടാം ദിവസം രാവിലെ ഞാന്‍ തൂത്തുക്കുടി പഴയ സ്റ്റാന്റില്‍ ബസ്സിറങ്ങി. നഗരത്തിനു കാക്കിനിറം. എങ്ങും തോക്കേന്തിയ പൊലീസുകാരും പൊലീസ് വാനുകളും. ഒറ്റദിവസം കൊണ്ടാണ് തൂത്തുക്കുടിക്കാര്‍ക്ക് ആ നഗരം അന്യമായത്. കനത്ത നിശ്ശബ്ദതയും കറുത്ത മേഘങ്ങളും നിറഞ്ഞ നഗരത്തിന്റെ കണ്ണുകളില്‍ ഭീതി തിങ്ങിനിറഞ്ഞു നിന്നു. മരണമറിയിക്കുന്ന കൊടികള്‍, വെടിയേറ്റു മരിച്ചവരുടെ ചോര തെറിച്ച ചിത്രങ്ങള്‍, കത്തിക്കരിഞ്ഞ വാഹനങ്ങള്‍, ആളൊഴിഞ്ഞ തെരുവുകള്‍, ശബ്ദവും പാട്ടുകളും ഒഴിഞ്ഞുപോയ കവലകള്‍... അക്ഷരാര്‍ത്ഥത്തില്‍ ഒരു ശ്മശാന നഗരംപോലെ നീണ്ടുനിവര്‍ന്നു കിടക്കുന്നു തെന്നിന്ത്യയുടെ ആ 'കടല്‍ക്കവാടം.'

സര്‍ക്കാര്‍ കണക്ക് പ്രകാരം 13 പേരുടെ മരണത്തിനു കാരണമായ വെടിവെയ്പിനു ശേഷം ജനജീവിതം സാധാരണഗതിയിലേയ്‌ക്കെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും മുറിവുകള്‍ ഉണങ്ങാന്‍ വൈകുമെന്ന സൂചന തന്നെയാണ് ആ തെരുവുകള്‍ നല്‍കിയത്. പുറമേയ്ക്ക് എല്ലാം ശാന്തമാണെന്നു തോന്നുമെങ്കിലും അമര്‍ഷവും ഭയവും അങ്കലാപ്പും വിട്ടൊഴിയാത്ത മനസ്സാണ് ഇപ്പോള്‍ തൂത്തുക്കുടിക്ക്. റിസ്‌ക്കാണ്, സൂക്ഷിച്ചു പോകണം എന്ന തരത്തിലുള്ള സുരക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ കണക്കിലെടുത്ത് ഒരു ടാക്‌സി ഏര്‍പ്പാടാക്കി. ഫെബ്രുവരി 18 മുതല്‍ സമരം നടക്കുന്ന കുമരെട്ടിയപുരമായിരുന്നു ആദ്യ ലക്ഷ്യം. മധുരൈ ഹാര്‍ബര്‍ ഹൈവേയിലൂടെ കാറില്‍ പോകുമ്പോള്‍ ഡ്രൈവര്‍ പ്രദീപ് തമിഴും മലയാളവും കലര്‍ന്ന ഭാഷയില്‍ പറഞ്ഞു: ''തൂത്തുക്കുടിയില്‍ നടന്നതും ഇപ്പോള്‍ നടക്കുന്നതും എന്താണെന്നു നിങ്ങള്‍ ഉറപ്പായും ലോകത്തോട് പറയണം, പല മാധ്യമങ്ങളും അതു ചെയ്യുന്നില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാരേയും ഞങ്ങള്‍ക്കു വിശ്വാസമില്ല. പണമുണ്ടെങ്കില്‍ ആര്‍ക്കും എന്തുമാവാം. പാവങ്ങളെ കൊല്ലുകയും ചെയ്യാം'' വാക്കുകളിലെ നിസ്സഹായതയ്‌ക്കൊപ്പം അതിലെ വെറുപ്പുമെന്നെ സ്പര്‍ശിച്ചു. ഒരു കാര്യം അപ്പൊത്തന്നെ ഉറപ്പിച്ചു, ഈ യാത്ര ഇരകള്‍ക്കുവേണ്ടി മാറ്റിവയ്ക്കാം. മുന്‍ പ്ലാനുകളെല്ലാം മാറ്റിവച്ചു. ഇനിയുള്ള യാത്ര, കൊലചെയ്യപ്പെട്ടവരുടെ വീടുകളും ബന്ധുക്കളേയും തേടിമാത്രം.

കബളിപ്പിക്കപ്പെടുന്ന
ജനതയുടെ ആവലാതികള്‍

പൊടിമണ്ണ് നിറഞ്ഞ വഴിയിലൂടെ സ്വന്തം കഥ പറഞ്ഞുകൊണ്ട് പ്രദീപ് വണ്ടിയോടിച്ചു. സ്റ്റെര്‍ലൈറ്റ് കമ്പനിയിലെത്തന്നെ തൊഴിലാളിയായിരുന്നു പ്രദീപും കുറച്ചുനാള്‍ മുന്‍പുവരെ. കണ്ണെരിച്ചിലും ശ്വാസംമുട്ടലും ചൊറിച്ചിലും തുടങ്ങി കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിച്ചതോടെയാണ് പ്രദീപ് കമ്പനിയിലെ ഡ്രൈവര്‍ ജോലി വിടാന്‍ തീരുമാനിക്കുന്നത്. തുടക്കത്തില്‍ നാട്ടിലെ തമിഴര്‍ പലരും തൊഴിലാളികളായിരുന്നെങ്കിലും ഇന്നു ബഹുഭൂരിപക്ഷവും അവിടെയില്ല. പലരും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം രോഗികളായി തൊഴിലുപേക്ഷിക്കുകയായിരുന്നു. ഏറ്റവും അപകടം പിടിച്ച റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട ചെമ്പ് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് വേദാന്തയുടെ സ്റ്റെര്‍ലൈറ്റില്‍ നടക്കുന്നത്. ചിലരൊക്കെ ജോലിക്കിടെ മരിച്ചു. ചിലര്‍ വികലാംഗരായി. പലരേയും കാണാതായി. എന്നാല്‍, കാണാതായവര്‍ക്ക് എന്തു സംഭവിച്ചു എന്നു പുറംലോകം ഇന്നും അറിഞ്ഞിട്ടില്ല എന്ന ആരോപണം തൂത്തുക്കുടിയിലെങ്ങും അതിശക്തമാണ്.

കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ നിറയുന്ന തെരുവു ചുവരുകള്‍
കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ നിറയുന്ന തെരുവു ചുവരുകള്‍

14 വര്‍ഷം മുന്‍പ് കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍നിന്ന് പെരുംപുത്തൂരിലേക്കും അവിടേയും പ്രതിഷേധം മൂത്തപ്പോള്‍ തൂത്തുക്കുടിയിലേക്കും വന്നു നിലയുറപ്പിച്ചതാണ് സ്റ്റെര്‍ലൈറ്റ് കമ്പനി. 2006-നും 2010-നും ഇടയില്‍ പ്ലാന്റില്‍ 20 അപകടമരണങ്ങള്‍ നടന്നതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഈ പരാതികളൊക്കെ ഒത്തുതീര്‍പ്പുകളില്‍ അവസാനിച്ചതായും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. തുടക്കത്തില്‍ ഏത് കമ്പനികളേയും പോലെ മനംമയക്കുന്ന വാഗ്ദാനങ്ങളുമായി വന്നു ഭൂമിയും വെള്ളവും വാനവും കൈക്കലാക്കി ഒടുവില്‍ അന്നാട്ടിലെ മനുഷ്യനെ പുറംതള്ളുന്ന ചരിത്രം തന്നെയാണ് സ്റ്റെര്‍ലൈറ്റ് കമ്പനിക്കുമുള്ളത്. നിരന്തരം കബളിപ്പിക്കപ്പെട്ട അതേ ജനത തന്നെയാണ് ഇവിടെ കൊലചെയ്യപ്പെട്ടതും. നിരന്തരമുള്ള കബളിപ്പിക്കലോ കൊല്ലലോ ഏതാണ് മുഴുപ്പട്ടിണിക്കാരനായ ദരിദ്രവാസിക്ക് ഏറ്റവും അര്‍ഹതപ്പെട്ടതെന്ന കാര്യത്തില്‍ കോര്‍പ്പറേറ്റുകള്‍ ഇന്നു സന്ദേഹിച്ചുനിന്നു സമയം കളയാറില്ലെന്നു ചുരുക്കം.

2007-ല്‍ നോര്‍വീജിയന്‍ കൗണ്‍സില്‍ ഓഫ് എത്തിക്‌സ് വേദാന്തയെ കരിപട്ടികയില്‍പ്പെടുത്തിയ ചരിത്രം മിനിമം തൂത്തുക്കുടിക്കാരെങ്കിലും മറന്നിട്ടില്ലെന്ന കാര്യം ബാക്കിയെല്ലാവരും മറന്നു. അവര്‍ക്കതു മറക്കാനാവില്ലല്ലോ. മനുഷ്യാവകാശങ്ങളെല്ലാം കാറ്റില്‍പ്പറത്തി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ നോര്‍വീജിയന്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ ഫണ്ട് വേദാന്തയുടെ ഓഹരിയില്‍ നിക്ഷേപിക്കുന്നത് മരവിപ്പിക്കപ്പെട്ടു. സമരം ചെയ്യുന്നവരുടെ കയ്യിലെ തുറുപ്പുശീട്ടായിരുന്നു ഇത്. പിന്നീട് ഈ തീരുമാനം പുനഃപരിശോധിക്കണമെന്നു കമ്പനി അധികൃതര്‍ പലവട്ടം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു 2016-ല്‍ കൗണ്‍സില്‍ വീണ്ടും പരിശോധന നടത്തി. ആ പരിശോധനയിലും സാഹചര്യങ്ങള്‍ വ്യത്യസ്തമല്ലാത്തതിനാല്‍ 2007-ലെ തീരുമാനം പുനഃ പരിശോധിക്കേണ്ടതില്ല എന്ന് കൗണ്‍സില്‍ അറിയിക്കുകയായിരുന്നു. പക്ഷേ, സമരക്കാരുടെ സത്യങ്ങള്‍ക്കു ശക്തിപകരുന്ന ഇത്തരം വിവരങ്ങള്‍ അവരല്ലാതെയാരും ആഘോഷിച്ചില്ല, അതുകൊണ്ടുതന്നെ അത്തരം റിപ്പോര്‍ട്ടുകളൊന്നും കമ്പനിയും വകവച്ചില്ല. അപകടങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഏറിവന്നപ്പോള്‍ കൂടുതല്‍ ചോദ്യങ്ങളും ഉയര്‍ന്നു തുടങ്ങി. ഇതോടെ ഓഫീസ് ജോലി ഒഴിച്ചുള്ള മേഖലകളില്‍ പണിയെടുക്കാന്‍ പുറത്തുനിന്ന് ഹിന്ദിക്കാരെ എത്തിച്ചു. പിന്നെ അകത്തുനിന്നും സമരങ്ങളുമില്ല പ്രതിഷേധവുമില്ല. ഇതിനൊക്കെയും കൂട്ടായി  കാലാകാലങ്ങളിലെ സര്‍ക്കാരുകളും പാര്‍ട്ടിക്കാരും മത്സരിക്കുകയായിരുന്നു. അതേസമയം കമ്പനിക്ക് പുറത്ത് പ്രതിഷേധത്തിന്റെ ചെറുജ്വാലകള്‍ അപ്പോഴൊക്കയും അമര്‍ന്നുകത്തുന്നുണ്ടായിരുന്നു, ആരുടേയും സഹായമില്ലാതെ. പിന്നീടത് കാട്ടുതീപോലെ ആളിപ്പടര്‍ന്നപ്പോഴാണ് ഭരണകൂടം തോക്കെടുത്തത്.

പൊലീസ് വെടിവെയ്പ്പില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍
പൊലീസ് വെടിവെയ്പ്പില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍

വാക്കുകള്‍ക്ക് വെടിയുണ്ടയെക്കാള്‍ ശക്തി
വെടിവയ്പില്‍ പരിക്കേറ്റ 36 വയസ്സുകാരനായ ലോകനാഥ പെരുമാള്‍ ജനറല്‍ ആശുപത്രിയലെ ബെഡ്ഡില്‍ക്കിടന്നാണ് സംസാരിച്ചത്: ''കമ്പനിക്കാരുടെ പണം വാങ്ങിയ പൊലീസുകാരും സര്‍ക്കാരും ചേര്‍ന്നാണ് തങ്ങളെ ഇത്ര ക്രൂരമായി മര്‍ദ്ദിക്കുകയും കൂട്ടുകാരെ കൊലപ്പെടുത്തുകയും ചെയ്തത്. സ്‌നോലിന്‍ എന്ന 17 വയസ്സുകാരിയുടെ വായിലേക്ക് പൊലീസ് വെടിവെക്കുന്നതും അവള്‍ മരിച്ച വീഴുന്നതും ഞാന്‍ കണ്ടു. എന്നെ വിടൂ എന്നെ വിടൂ എനിക്ക് കളക്ടറെ കാണണം എന്നു പറഞ്ഞ അവളോട് അധികപ്രസംഗം നടത്തുന്നോടി എന്നു ചോദിച്ചുകൊണ്ട് പൊലീസ് അവളുടെ വായിലേക്കാണ് നിറയൊഴിച്ചത്.'' സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരായ കൂട്ടായ്മയില്‍ ശക്തമായ വാക്കുകള്‍കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തിയവളായിരുന്നു ആ കൊച്ചുമിടുക്കി. 

അവിടെനിന്നു പത്തുമണിച്ചൂടില്‍ കടലോരഗ്രാമമായ സഹായപുരത്തെത്തി. സ്‌നോലിന്റെ വീടിന് മുന്നില്‍ ആള്‍ക്കൂട്ടം ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. സ്‌നോലിന്‍ കൊല്ലപ്പെട്ടു എന്ന് ഇപ്പോഴും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനായിട്ടില്ല. പൊലീസിന്റെ ഭാഷ്യത്തില്‍ അവള്‍ക്കൊപ്പമുണ്ടായിരുന്ന ആറു മാസം പ്രായമുള്ള കൈക്കുഞ്ഞും രണ്ട് വയസ്സും ആറര വയസ്സുമുള്ള കുട്ടികളും 'കുഴപ്പക്കാരുടെ' ലിസ്റ്റിലാണ്. അവള്‍ കൈയില്‍ കരുതിയ കറുത്ത കൊടിയും ബിസ്‌ക്കറ്റും വെള്ളക്കുപ്പിയും 'മാരകായുധങ്ങളാ'ണ്. ഇത്തവണ 12-ാം ക്ലാസ്സിലെ പരീക്ഷയില്‍ 838 മാര്‍ക്ക് വാങ്ങിയതിന്റെ ത്രില്ലില്‍ അമ്മയ്ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് സ്‌നോലിന്‍ അന്നു സമരത്തിനിറങ്ങിയത്. അമ്മ വിനീത കരഞ്ഞു കണ്ണുനീര്‍ വറ്റിയ അവസ്ഥയിലാണിപ്പോള്‍. വിങ്ങിപ്പൊട്ടിക്കൊണ്ട് വിനിത പറഞ്ഞു: ''മുന്‍പില്‍ കൂട്ടുകാരുമൊന്നിച്ചാണ് സ്‌നോലിന്‍ നടന്നത്. പുറകിലാണ് ഞങ്ങളൊക്കെ ഉണ്ടായിരുന്നത്. മാതാക്കോവിലനടുത്ത കളക്ട്രേറ്റിലേയ്ക്കു നടന്നുനീങ്ങി. വെടിയൊച്ച കേട്ടപ്പോള്‍ എല്ലാവരും ചിതറിയോടി. ആറ് മാസം പ്രായമുള്ള കുഞ്ഞിനേയും കയ്യില്‍ പിടിച്ചു ഞാനും ഓടി. വീട്ടിലെത്തിയപ്പോള്‍ മകനാണ് പറഞ്ഞത് പൊന്നുമോള്‍ പോയ കാര്യം. ഇനി ആര്‍ക്കും ഈ നാട്ടില്‍ ജീവിക്കാനാവാത്ത അവസ്ഥ ഉണ്ടാകരുത്. സ്‌നോലിന്റെ മരണം വെറുതെയാകരുത്'' വിനിത പറഞ്ഞു നിര്‍ത്തുമ്പോള്‍ സ്‌നോലിന്റെ അച്ഛനും സഹോദരന്മാരായ ഗ്ലാഡ്വിനും ഗോഡ്വിനും വിതുമ്പുകയായിരുന്നു.

വെടിവെയ്പില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്‌നോലിന്റെ കൂട്ടുകാരി 21 വയസ്സുള്ള ഇന്‍ഫന്റായ്ക്കു പറയാനുള്ളതുകൂടി മനസ്സാക്ഷിയുള്ളവര്‍ കേള്‍ക്കേണ്ടതുണ്ട്. ''സ്‌കൂളില്‍ പഠിത്തത്തിലും സ്പോര്‍ട്ട്സിലും ഡാന്‍സിലുമൊക്കെ മിടുക്കിയായിരുന്നു സ്‌നോലിന്‍'' - ഇന്‍ഫന്റാ ഓര്‍ക്കുന്നു. ''പൊലീസ് ആക്രമണം അഴിച്ചുവിട്ടപ്പോള്‍ സ്‌നോലിനു പെട്ടെന്നു ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ഞാന്‍ കുനിഞ്ഞ് അവളെ പിടിക്കാനൊരുങ്ങുമ്പോഴേയ്ക്ക് വെടിയൊച്ച കേട്ടു. എങ്ങനേയും സ്‌നോലിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. അപ്പോഴേക്കും എനിക്കും അവള്‍ക്കും പൊലീസിന്റെ അടിയേറ്റു. അന്ന് ആദ്യമായാണ് ഞങ്ങള്‍ വെടിയൊച്ച നേരില്‍ കേള്‍ക്കുന്നത്. കണ്ണിനും തലച്ചോറിനും തിരിച്ചറിയാനാകും മുന്‍പ് അവര്‍ അവളുടെ വായിലേയ്ക്ക് വെടിയുതിര്‍ത്തിയിരുന്നു. ഒരു നിമിഷത്തിനുള്ളില്‍ സ്‌നോലിന്‍ പെട്ടുപോയി. യാതൊരു പ്രകോപനവുമില്ലാതെ എന്തിനാണ് ഞങ്ങളെ വെടിവെച്ചതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. എന്തിനുവേണ്ടിയാണ് അവളെ കൊന്നതെന്നും അറിയില്ല.''

ഒരു ജനതയ്ക്കെതിരായ യുദ്ധം     
ചെന്നൈ കഴിഞ്ഞാല്‍ തമിഴ്നാട്ടിലെ ഏറ്റവും വലിയ വ്യവസായ നഗരമായ തൂത്തുക്കുടി തുറമുഖത്തെ ആശ്രയിച്ചാണ് ഇവിടുത്തെ വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്റ്റെര്‍ലൈറ്റ് കമ്പനിയിലെ രാസമാലിന്യങ്ങള്‍ താമ്രപര്‍ണ്ണി നദിയിലേയ്ക്കാണ് ഒഴുക്കുന്നത്. തൂത്തുക്കുടിയിലാണ് ഈ നദി കടലില്‍ ചേരുന്നത്. ഈ മാലിന്യം വരുത്തിവെയ്ക്കുന്ന അപകടങ്ങള്‍ ആദ്യം തിരിച്ചറിഞ്ഞത് മത്സ്യത്തൊഴിലാളികളാണ്. അവര്‍ തുടക്കം മുതലേ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പലതവണ നേതാക്കളേയും സര്‍ക്കാരിനേയും ഉദ്യോഗസ്ഥരേയും സമീപിച്ചെങ്കിലും നീതി ലഭിച്ചില്ല.

വ്യവസായ ഭീമന്‍മാരില്‍നിന്ന് വന്‍ തുകകള്‍ കൈപ്പറ്റി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒരുപോലെ ഇവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതായി ജനങ്ങള്‍ ഒന്നടങ്കം പറയുന്നു. ഗതികെട്ടപ്പോഴാണ് ജനങ്ങള്‍ തെരുവിലേക്കിറങ്ങി പ്രതിഷേധിച്ചു തുടങ്ങിയത്. കഴിഞ്ഞ മാര്‍ച്ച് 24-ന് ആയിരക്കണക്കിനു സമരക്കാര്‍ കളക്ട്രേറ്റിലേയ്ക്ക് മാര്‍ച്ച് നടത്തി; എന്നാല്‍, യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. സമരവുമായി മുന്നോട്ടുപോയ കമ്മിറ്റി, 100-ാം ദിവസം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വീണ്ടും കളക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ച് സമാധാനപരമായി നീങ്ങുമ്പോഴാണ് സമരക്കാരെ പൊലീസ് വെടിയുണ്ടകള്‍കൊണ്ട് നേരിട്ടത്. പള്ളിയുടേയും മറ്റു ചില സമുദായസംഘടനകളുടേയും പിന്തുണയോടെ ആരംഭിച്ച സമരത്തിനു നേതാക്കളില്ല. സ്വന്തം സാന്നിധ്യം എന്നതല്ലാതെ ഒരു ആയുധവുമവര്‍ക്കില്ല. അതുകൊണ്ടാണ് തൂത്തുക്കുടി വെടിവയ്പ് ഒരു ജനതയ്‌ക്കെതിരായ യുദ്ധമാകുന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും 18-നും 45-നും ഇടയില്‍ പ്രായമുള്ളവരാണ്, സ്‌നോലിന്‍ 17-കാരിയും. കാഞ്ചിവലിക്കുന്നവന്റെ ഈ ടാര്‍ജറ്റ് മാത്രം ശ്രദ്ധിച്ചാല്‍ മതി  ജീവിക്കാനുള്ള അവകാശം എന്നതല്ലാതെ മറ്റൊരു അജന്‍ഡയുമില്ലാത്ത സമരത്തിനെ കൊല്ലുന്നവനും കൊല്ലിക്കുന്നവനും ലക്ഷ്യം വയ്ക്കുന്നതെന്തെന്നറിയാന്‍.

അഞ്ചു വര്‍ഷം മുന്‍പ് ഇതേ കമ്പനിയില്‍നിന്നു പുറത്തുവന്ന വിഷപ്പുക ശ്വസിച്ചു മരണം മുന്നില്‍ കണ്ട ദിവസങ്ങളാണ് ഈ മരണവീടുകളില്‍ കൂടിയവര്‍ ഇന്നും പങ്കുവയ്ക്കുന്നത്. അന്നു നാട്ടിലെ മരങ്ങളെല്ലാം കണ്‍മുന്നില്‍ കരിഞ്ഞുവീഴുന്നതും അവര്‍ കണ്ടതാണ്. കമ്പനിയുടെ രാസമാലിന്യങ്ങളാല്‍ തീരദേശം മാലിന്യക്കടലായി. 2013 മാര്‍ച്ച് 23-നുണ്ടായ വാതക ചോര്‍ച്ചയെത്തുടര്‍ന്നു നിരവധി മനുഷ്യര്‍ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായപ്പോള്‍ എം.ഡി.എം.കെ നേതാവ് വൈക്കോ സുപ്രീംകോടതിയെ സമീപിച്ചു. അന്നു 100 കോടി രൂപ പിഴ അടച്ച് കമ്പനി വീണ്ടും തുറന്നു. ഗള്‍ഫ് ഓഫ് മാന്നാറിന് 25 കിലോമീറ്ററിനുള്ളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത് എന്നതുതന്നെ പരിസ്ഥിതി ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന കാര്യം ജനങ്ങളെപ്പോലെ തമിഴ്നാട് മലീനികരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥന്മാര്‍ക്കും ബോദ്ധ്യമുണ്ടായിട്ടും കമ്പനിക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു എന്നത് മറ്റൊരു മണിമാജിക്ക്. എന്നാല്‍, സാധാരണക്കാരന്റെ ജീവിതത്തില്‍ മാജിക്കുകള്‍ക്ക് സ്ഥാനമില്ല, പണ്ട് 50 നോട്ടിക്കല്‍ മൈല്‍ അകലെ പോയാല്‍ കിട്ടുന്ന മത്സ്യങ്ങള്‍ ഇപ്പോള്‍ 100 നോട്ടിക്കല്‍ മൈല്‍ അകലെ പോയാലും കിട്ടില്ല. അതേസമയം രാസമാലിന്യത്തിന്റെ ആഘാതമേറ്റ് ചീഞ്ഞളിഞ്ഞ മത്സ്യങ്ങള്‍ പലപ്പേഴും കിട്ടാറുണ്ട്. ശ്വസിക്കുന്ന വായുവും കഴിക്കുന്ന ഭക്ഷണവും പോലും മലിനമാക്കപ്പെട്ടപ്പോള്‍ കാന്‍സറും ആസ്തമയും ത്വക്ക് രോഗങ്ങളും വര്‍ദ്ധിച്ചു. അങ്ങനെ ജനം മുഴുവന്‍ ഒരിക്കല്‍ തെരുവിലിറങ്ങി പൂട്ടിക്കപ്പട്ട കമ്പനിക്കുവേണ്ടിയാണ് അഞ്ചു കൊല്ലത്തിനുള്ളില്‍ ഭരണകൂടം കാക്കിയണിഞ്ഞ് വ*!*!*!െടിയുതിര്‍ത്തത്.

കുമരെട്ടിയപുരം, മീളവട്ടി, സിപ്ക്കാട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന നൂറുകണക്കിനു വ്യവസായശാലകളില്‍ ഒന്നാണ് സ്റ്റെര്‍ലൈറ്റ്. ഈ കമ്പനി വന്നതോടെയാണ് പ്രദേശത്ത് ജലദൗര്‍ലഭ്യവും പുക മലിനീകരണവും വര്‍ദ്ധിച്ചതെന്നു നാട്ടുകാര്‍ പറയുന്നു. വെള്ളം കുടിക്കാന്‍ കൊള്ളാതെയായി. ചെമ്പും ആര്‍സെനിക്കും സള്‍ഫറുമൊക്കെ അനുവദിക്കപ്പെട്ടതിലും എത്രയോ മടങ്ങ് കൂടുതലാണ്, ചെടികളുടെ ഇലകളില്‍ മുഴുവന്‍ വെള്ള നിറത്തില്‍ പശപ്പുള്ള പൊടി പറ്റിപ്പിടിച്ചിരിക്കും. ഫാക്ടറിയില്‍നിന്നു പുറം തള്ളുന്ന പുകയാണ് മഴ ഇല്ലാതെയാക്കിയത് എന്നവര്‍ കരുതുന്നു. കാര്‍മേഘങ്ങള്‍ വരും, മൂടിക്കെട്ടും പക്ഷേ, മഴ പെയ്യില്ല. 
പൊള്ളുന്ന വെയിലില്‍ പൊടിമണ്ണിലൂടെ നടന്ന് ഒരു സമരപ്പന്തലിലെത്തി. പത്തുകൊല്ലം മുന്‍പു വരെ തുവരയും എള്ളും ഉഴുന്നും പരുത്തിയും കൃഷി ചെയ്തിരുന്ന സ്ഥലമായിരുന്നു അത് എന്നവര്‍ പറഞ്ഞപ്പോള്‍ അന്തംവിട്ടുപോയി.

കുമരെട്ടിയപുരം ഗ്രാമത്തിലെ സമരപ്പന്തലില്‍ കുറച്ച് സ്ത്രീകളും കുട്ടികളും കൂടിയിരിക്കുകയാണ്. വെടിവെയ്പിനെ തുടര്‍ന്നു കഴിഞ്ഞ ഒരാഴ്ചയായി ജോലിക്കു പോകാനാവാതെ പട്ടിണിയിലായ കുടുംബങ്ങളാണത്. വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് ഫാക്ടറിക്കെതിരായ സമരപോരാട്ടത്തിന്റെ 100-ാം ദിവസമായിരുന്നു മെയ് 22. ഫെബ്രുവരി 12-ന് തൂത്തുക്കുടിയിലെ 18 ഗ്രാമങ്ങളിലെ 'ഊരുകമ്മിറ്റി'കള്‍ ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായിരുന്നു സമരം. യാതൊരുവിധ മലിനീകരണ നിയന്ത്രണ സജ്ജീകരണങ്ങളുമില്ലാതെതന്നെ ഫാക്ടറി തുറന്നു പ്രവര്‍ത്തിച്ചതിനൊപ്പം ഫാക്ടറിയുടെ പുതിയ യൂണിറ്റും അവിടെ ആരംഭിക്കാന്‍ ശ്രമിച്ചതാണ് ശക്തമായ സമരത്തിനു നാട്ടുകാരെ പ്രേരിപ്പിച്ചത്. ആരേയും ജോലിക്ക് കിട്ടാതായതോടെ ഹിന്ദിക്കാരെ കൊണ്ടുവന്നു പണിയെടുപ്പിച്ചാണ് കമ്പനി പകരം വീട്ടിയത്. 10 വര്‍ഷത്തോളമായി കാന്‍സര്‍ രോഗികളുടെ എണ്ണം വല്ലാതെ പെരുകുകയാണ്. പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അംഗവൈകല്യവും തൈറോയ്ഡ് രോഗവും നിത്യസംഭവമായി. 50-ലേറെ സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ സംഭവിച്ചതായും അവര്‍ പറയുന്നു. ഗര്‍ഭപാത്രത്തില്‍ മുഴയാണ് പല സ്ത്രീകള്‍ക്കും. എന്നിട്ടും ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും രേഖകളോ പഠനങ്ങളോ ഉള്ളതായി ആര്‍ക്കുമറിയില്ല.

കോടികള്‍ വരുമാനമുണ്ടാക്കിയിട്ടും അതൊന്നു ചെയ്യണമെന്ന് ഒരു ഭരണകൂടത്തിനും തോന്നിയിട്ടുമില്ല. പക്ഷേ, ഡോക്ടര്‍മാര്‍ക്ക് അറിയാം പലതും. ആദ്യമൊക്കെ ചിലര്‍ അതു സമ്മതിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ അവര്‍ തുറന്നു പറയില്ല. സര്‍വ്വരുടേയും വായടച്ചും വായടപ്പിച്ചും മൗനം കട്ടപിടിച്ചിടത്താണ് ജനങ്ങളുടെ സ്വയം പ്രതിഷേധം കനപ്പെട്ടത്. സമരപ്പന്തലിലെ തായമ്മ പറഞ്ഞു: ''ഇപ്പോള്‍ത്തന്നെ ഇവിടം നരകമാണ്. സമരം ഞങ്ങള്‍ തുടരും. സ്റ്റെര്‍ലൈറ്റ് ഈ നാട് വിട്ട് പോയേ മതിയാകൂ.'' അതിനിടെ ഒരു പെണ്‍ക്കുട്ടി കുപ്പി നിറയെ കലങ്ങിയ വെള്ളം കൊണ്ടുവന്നു കാണിച്ചു. ''കണ്ടോ ഇതാണ് ഞങ്ങളുടെ നാട്ടിലെ വെള്ളം. 10 രൂപയ്ക്ക് ഒരു കുടം വെള്ളം വാങ്ങിയാണ് പട്ടിണിക്കാരായ ഞങ്ങള്‍ പാകം ചെയ്യുന്നത്. കുളിക്കാനും നനക്കാനും പോലും വെള്ളമില്ല. ശകലം വെള്ളം ഗതികേട് കൊണ്ട് ദേഹത്തൊഴിച്ചാല്‍ ചൊറിച്ചിലാണ്, വലിയ രോഗങ്ങള്‍ പിന്നാലെ എത്തും. ആ കുട്ടി നീട്ടിയ കുപ്പിവെള്ളം കയ്യില്‍ വാങ്ങി നോക്കണോ വേണ്ടയോ എന്നു ഭയപ്പാടോടെ ആലോചിക്കുന്നതിനിടെ തായമ്മയുടെ വാക്കുകള്‍ വീണ്ടും ഞെട്ടിച്ചു. ''ഇവര്‍ക്ക് ഇത് പെട്ടെന്നു മനസ്സിലാവില്ല. ഇവര്‍ കേരളത്തില്‍നിന്നാണ് വരുന്നത്, ധാരാളം ശുദ്ധവെള്ളം ലഭിക്കുന്ന നല്ല നാടാണ് ഇവരുടേത്, അല്ലേ...?'' 

യുദ്ധമുഖങ്ങള്‍ തുറന്നു നരവേട്ട നടത്തുന്നവര്‍
ത്രേസ്പുരം തൂത്തുക്കുടിക്കടുത്തുള്ള തീരദേശ ഗ്രാമമാണ്. 22-ാം തീയതി ഉച്ചയ്ക്ക് തൊട്ടടുത്തുള്ള മകളുടെ വീട്ടിലേക്ക് കറിവെച്ച മീനുമായി പോയതാണ് ജാന്‍സി. വീടുകള്‍ തിങ്ങിനില്‍ക്കുന്ന വളരെ ചെറിയൊരു കവല. തൂത്തുക്കുടിയിലെ പ്രശ്‌നങ്ങളറിഞ്ഞ് ആരൊക്കെയോ കൂടിനില്‍ക്കുന്നു. സ്ഥിരമായുള്ളതുപോലെ പൊലീസ് വണ്ടികളും കിടപ്പുണ്ട്. ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്നാണ് പൊലീസ് വെടിയുതിര്‍ത്തത്. ചീറിവന്ന മൂന്നു ബുള്ളറ്റുകളില്‍ ജാന്‍സിയുടെ തലച്ചോറ് ചിതറിത്തെറിച്ചു. വികൃതമാക്കപ്പെട്ട ശവശരീരം പൊലീസുകാര്‍ തൊട്ടടുത്ത് വലിച്ചുകെട്ടിയിരുന്ന ഫ്‌ലക്‌സ് അഴിച്ച് അതില്‍ പൊതിഞ്ഞ് വാനില്‍ കയറ്റിക്കൊണ്ടുപോയതായി ദൃക്സാക്ഷിയായ ജാന്‍സിയുടെ സഹോദരി റോസമ്മ കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു. വിവാഹം കഴിഞ്ഞ ഒരു മകളെ കൂടാതെ 15-ഉം 14-ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളും ഒന്‍പതു വയസ്സുകാരനായ മകനുമുണ്ട് ജാന്‍സിക്ക്. ജാന്‍സിയുടെ മരണത്തിന്റെ ഷോക്കില്‍ മുറിയില്‍നിന്നു പുറത്തിറങ്ങാന്‍പോലും ഭര്‍ത്താവ് തയ്യാറായിട്ടില്ല. ത്രേസ്പുരത്ത് വെച്ച വെടിയേറ്റ സെല്‍വം എന്ന ചെറുപ്പക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കള്ളക്കേസുകള്‍ ചുമത്തി പാവങ്ങളെ ജയിലിലാക്കലാണ് പൊലീസ് ലക്ഷ്യമിടുന്നതെന്നും ആരോപണമുണ്ട്. 

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ്‌
തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ്‌

തൂത്തുക്കുടിയിലെ ആദ്യവെടിവയ്പ് സമരക്കാര്‍ക്കിടയിലും കളക്ട്രേറ്റിലുമാണ് നടന്നത്. അവിടെ പച്ചമനുഷ്യരെ കൊന്നുതള്ളിയശേഷം വീണ്ടും ത്രേസ്പുരത്തിലെത്തി പ്രക്ഷോഭത്തില്‍ പങ്കെടുക്കാതിരുന്നവരെക്കൂടി വെടിവെച്ചിട്ടത് എന്തിനാണെന്ന് ആര്‍ക്കും അറിയില്ല. പുതിയ യുദ്ധമുഖങ്ങള്‍ തുറന്നു നരവേട്ട തുടരുമ്പോള്‍ ഉയരുന്ന വെറും സാധാരണമായ ഒരു ചോദ്യമുണ്ട്- ഇതെല്ലാം ആര്‍ ആര്‍ക്കുവേണ്ടി ചെയ്യുന്നവരാണെന്ന് സര്‍ക്കാര്‍ പറയുന്നത് 13 പേരാണ് വെടിവെയ്പില്‍ മരിച്ചതെന്നാണ്. എന്നാല്‍, അടുത്ത ദിവസങ്ങളില്‍ പലരേയും വീടുകള്‍ തോറും കയറി ഇറങ്ങി പിടിച്ചുകൊണ്ടുപോയി. അവരില്‍ പലരും വീടുകളില്‍ തിരികെ എത്തിയിട്ടില്ല. ഒരു കാര്യം ഉറപ്പാണ്, 22-ന് അവിടെ കേട്ടത് 13 വെടിയൊച്ചകളല്ല. മരിച്ചവരുടേയും മുറിവേറ്റവരുടേയും എണ്ണം വളരെ കൂടുതലാണ്. കാണാതായവരുടെ എണ്ണവും വളരെ കൂടുതലാണ്. പല വീടുകളിലും ആണുങ്ങള്‍ ഇല്ല. പലരും മരിച്ചോ ജീവനോടെയുണ്ടോ എന്ന കാര്യത്തില്‍പ്പോലും പലര്‍ക്കും ഇന്നും സംശയമുണ്ട്.

പാതിജീവിതവും അഭയാര്‍ത്ഥികളായി ഓടിത്തീര്‍ത്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന തൂത്തുക്കുടി നഗരത്തിലെ സിലോണ്‍ കോളനിയിലാണ് വെടിവെയ്പില്‍ മരിച്ച കാന്തയ്യയുടെ വീട്. കാന്തയ്യയുടെ വീടിനു മുന്നിലും കരഞ്ഞുവീര്‍ത്ത കണ്ണുകളോടെ സ്ത്രീകളും കുട്ടികളും കൂടിയിരിക്കുന്നുണ്ട്. കാന്തയ്യയുടെ സഹോദരിയുടെ മകള്‍ ജയലക്ഷ്മിയാണ് സംസാരിച്ചത്: ''കോളനിയിലെ എല്ലാ വീട്ടില്‍നിന്നും ഒരാള്‍ എന്ന കണക്കില്‍ സമരത്തില്‍ പങ്കെടുക്കാന്‍ പോയി. ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞു സംസാരിച്ചു. ടി.വി വാര്‍ത്തയില്‍നിന്നാണ് മാമ്മന്‍ കൊല്ലപ്പെട്ടു എന്നു മനസ്സിലാക്കുന്നത്. പൊലീസ് ആദ്യം നിറയൊഴിച്ചത് മാമ്മനു നേരെയാണ്. മൂന്നു വെടിയുണ്ടകളാണ് ശരീരത്തിലേറ്റത്. 27 വയസ്സുള്ള ബുദ്ധിമാന്ദ്യം നേരിടുന്ന മകനാണ് അദ്ദേഹത്തിനുള്ളത്. അവനെ കുളിപ്പിക്കുന്നതും ഊട്ടുന്നതുമൊക്കെ മാമ്മനായിരുന്നു. മാമ്മന്‍ മരിച്ചുവെന്ന് അവനു മനസ്സിലാവില്ല. പക്ഷേ, മാമ്മന്‍ വാരി കൊടുക്കാത്തതുകൊണ്ട് മൂന്നു ദിവസം അവന്‍ ഭക്ഷണം കഴിച്ചില്ല. മുറ്റത്തും റോഡിലും കാണുന്ന മാമ്മന്റെ പോസ്റ്ററില്‍ ഇടക്കിടെ ഓടിച്ചെന്നു നോക്കി ഉമ്മവെക്കും. ആണുങ്ങള്‍ ആര് വന്നാലും മാമ്മനാണോ എന്നാണ് അവന്‍ നോക്കുന്നത്. അവനിനി ആരാണുള്ളത്. മകനെ നോക്കേണ്ടതുകൊണ്ട് മാമ്മിക്ക് ജോലിക്കു പോകാനാവില്ല. ഇപ്പോഴവര്‍ അനാഥരായി.''

അണ്ണാനഗറില്‍ മൂന്നു ചെറുപ്പക്കാരെ വെടിവെച്ചു വീഴ്ത്തിയ ഉടനെ അതില്‍നിന്ന ഒരാളെ റോഡിലൂടെ പൊലീസ് അതിക്രൂരമായി വലിച്ചിഴച്ച് വാനിലേയ്ക്ക് കയറ്റിയതിന്റെ ദൃശ്യങ്ങള്‍ ഇന്നു ലഭ്യമാണ്. വലിച്ചിഴച്ചപ്പോള്‍ നിലത്ത് ഉരസി മുഖത്തെ തൊലി ഉരിഞ്ഞ അയാളും ആശുപത്രിയിലുണ്ട്. 

ഉലകനാഥ പെരുമാള്‍ യുദ്ധരംഗം വിശദീകരിച്ചു: ''വെടിവെച്ച് കൊലപ്പെടുത്തിയത് എല്ലാം പാവപ്പെട്ടവരെയാണ്. ശ്രീലങ്കന്‍ യുദ്ധകാലത്ത് അവിടെ സംഭവിച്ചതിനു തുല്യമായിരുന്നു ഇവിടെ നടന്നത്. റോഡ് മുഴുവന്‍ ചോരക്കളമായിരുന്നു. വെടിയേറ്റവരേയും പരിക്കേറ്റവരേയും രക്ഷിക്കാന്‍ ജനങ്ങള്‍ ഇരുചക്രവാഹനങ്ങളാണ് ഉപയോഗിച്ചത്. എടുത്തുകൊണ്ട് ഓടിയവരുമുണ്ട്. കാണാതായവരുടെ കണക്കുപോലുമില്ല. ആരൊക്കെ മരിച്ചു, ആരൊക്കെ രക്ഷപ്പെട്ടു എന്ന് ഇപ്പോഴും വ്യക്തമല്ല. ആ കാഴ്ച കണ്ടവര്‍ക്കും അനുഭവിച്ചവര്‍ക്കും മുറിവുണങ്ങാന്‍ കാലങ്ങളെടുക്കും. ഒന്നുകില്‍ സ്റ്റെര്‍ലൈറ്റിന്റെ വിഷമേറ്റ് രോഗികളായി മരിക്കുക അല്ലെങ്കില്‍ പൊലീസിന്റെ വെടി കൊണ്ട് മരിക്കുക. ഇതാണോ ഞങ്ങള്‍ക്കു വിധിച്ചിട്ടുള്ളത്. കുറഞ്ഞത് 65 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്.''

മകന്റെ കണ്ണീരൊപ്പുന്ന അമ്മ

ഉലകനാഥ പെരുമാളിന്റെ കട്ടിലിനോട് ചേര്‍ന്നുള്ള കട്ടിലില്‍ നിശ്ശബ്ദനായി എല്ലാം കേട്ടു കൊണ്ട് കിടക്കുന്ന ചെറുപ്പക്കാരനെ അപ്പോഴാണ് ശ്രദ്ധിച്ചത്. കവിളിലൂടെ കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. സംസാരിക്കാന്‍ അടുത്തേയ്ക്കു ചെന്നപ്പോഴാണ് അറിയുന്നത് പ്രിന്‍സ്റ്റണ്‍ എന്ന ആ 21-കാരന്റെ ഒരു കാല്‍ മുറിച്ചിരിക്കുന്നു. സംസാരിച്ചത് പ്രിന്‍സ്റ്റണിന്റെ അമ്മയാണ്. സമരം നടന്ന ദിവസം രണ്ടാമത്തെ ഷിഫ്റ്റില്‍ ജോലിക്ക് പോയതാണ് മകന്‍. പോളിടെക്നിക്കില്‍നിന്നു മെക്കാനിക്കല്‍ എന്‍ജിനീയിറങ്ങില്‍ ഡിപ്ലോമ പഠനം പൂര്‍ത്തിയാക്കി പ്രിന്‍സ്റ്റണ്‍ വി.വി ടൈറ്റാനിയത്തില്‍ അടുത്തിടെയാണ് ജോലിക്ക് കയറിയത്. അച്ഛന്‍ കൂലി വേലയ്ക്ക് പോയാണ് മകനെ പഠിപ്പിച്ചത്. ഒറ്റ മകനാണ് അവര്‍ക്കുള്ളത്. ദൂരെ പൊലീസിനെ കണ്ടപ്പോള്‍ ബൈക്ക് നിര്‍ത്തി ഇറങ്ങി. ഇതിനിടയില്‍ ഒരു കാരണവുമില്ലാതെ പൊലീസ് വെടിവെക്കാന്‍ ആരംഭിച്ചു. ആരൊക്കയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. മകന്റെ മുന്നില്‍ കരയാതിരിക്കാന്‍ വല്ലാതെ പാട്‌പെടുകയായിരുന്നു ആ അമ്മ. അവരും ചോദിച്ചത് ഒന്നു മാത്രമാണ്, എന്തിനാണ് ഒന്നിനും പോകാതിരുന്നിട്ടും എന്റെ മകനെ ഈ ഗതിയിലാക്കിയതെന്ന്. തിരിഞ്ഞുനിന്നു കണ്ണീരൊപ്പുന്ന ആ അമ്മയേയും മകനേയും ആര്‍ക്ക് എന്തുപറഞ്ഞ് ആശ്വസിപ്പിക്കാനാവും.

കൊടിയ സമ്മര്‍ദ്ദത്തിനൊടുവില്‍ തമിഴ്നാട് സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ ഉത്തരവ് നല്‍കിയെങ്കിലും തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ സ്മെല്‍ട്ടര്‍ പ്ലാന്റ് അടച്ചുപൂട്ടാതിരിക്കാനുള്ള എല്ലാ അടവുകളും പയറ്റുകയാണ് വേദാന്ത ഗ്രൂപ്പ്. സമാനമായ സാഹചര്യത്തില്‍ വേദാന്ത സാംബിയയില്‍ ആരംഭിച്ച കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടേണ്ടതായി വന്നിരുന്നു. പ്രദേശവാസികള്‍ നല്‍കിയ ഒരു കേസില്‍ കഴിഞ്ഞ ഒക്ടോബറിലാണ് പ്ലാന്റ് അടച്ചുപൂട്ടാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവ് നല്‍കിയത്. പ്ലാന്റ് പൂട്ടിയാല്‍ ഇന്ത്യയില്‍ ചെമ്പിനു ക്ഷാമം ഉണ്ടാകുമെന്ന് വാദമുന്നയിച്ചുകൊണ്ട് അവസാന അടവുമെടുക്കുകയാണ് അവര്‍. 1984-ല്‍ ഭോപ്പാല്‍ ദുരന്തത്തെത്തുടര്‍ന്നു പുറത്തുവിട്ട മിഥൈല്‍ ഐസോസയനൈറ്റ് അല്ല തലമുറകള്‍ക്ക് രോഗങ്ങള്‍ വരുത്തിവെച്ചത് എന്നു ന്യായീകരിക്കുന്നതുപോലെ ഇന്ന് വേദാന്തയേയും സ്റ്റെര്‍ലൈറ്റിനേയും ന്യായീകരിക്കാന്‍ ഒരുപാട് പേരുണ്ട്. 2008-ല്‍ തിരുനെല്‍വേലി മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നടത്തിയ ഒരു പഠനം അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഏതാണ്ട് 80,275 പേരില്‍ നടത്തിയ പഠനത്തില്‍ മറ്റു വലിയ വ്യവസായങ്ങളൊന്നും ഇല്ലാത്ത വേറേ രണ്ടു പ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതിയുമായി താരതമ്യം ചെയ്തുള്ള പഠനമാണ് ഉള്‍പ്പെടുത്തിയിരുന്നത്.

1996 മുതല്‍ 2007 വരെ സ്റ്റെര്‍ലൈറ്റ് വലിയ തോതില്‍ ഉല്‍പ്പാദനം നടത്താത്ത കാലയളവായിരുന്നു എന്നും ഓര്‍ക്കണം. അന്നത്തെ പഠനറിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമായിരുന്നു. സ്റ്റെര്‍ലൈറ്റിന് അടുത്തുള്ള കുമരെട്ടിയപുരത്തേയും തേര്‍ക്ക് വീരപാണ്ഡ്യപുരത്തേയും കുടിവെള്ളത്തില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് നിഷ്‌ക്കര്‍ശിക്കുന്ന അളവിനെക്കാള്‍ 20 മടങ്ങെങ്കിലും അധികം ഇരുമ്പിന്റെ അംശം കണ്ടെത്തിയിരുന്നു. കമ്പനിയുടെ ചുറ്റുമുള്ള മനുഷ്യരില്‍ വ്യവസായമില്ലാത്ത മറ്റു രണ്ടു പ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ഉള്ളതിനെക്കാള്‍ 13.9 ശതമാനം ശ്വാസകോശ സംബന്ധിയായ രോഗങ്ങളുള്ളവരായിരുന്നു. പ്രദേശത്തെ സ്ത്രീകള്‍ക്കിടയില്‍ ആര്‍ത്തവ സംബന്ധിയായ രോഗങ്ങളും നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടുകളൊന്നും ഒരാളും വേണ്ടുംവിധത്തില്‍ പരിഗണിച്ചിട്ടില്ല എന്നതാണ് സത്യം.

ആന്റണി സെല്‍വരാജ എന്ന 44-കാരന് ഷിപ്പിങ്ങ് കമ്പനിയിലായിരുന്നു ജോലി. സഹോദരനും ബന്ധുവായ സ്ഥലത്തെ കൗണ്‍സിലറും ചേര്‍ന്നാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ആന്റണി അന്നും രാവിലെ പതിവുപോലെ ഓഫീസില്‍ പോയി. ഉച്ചയ്ക്ക് വീട്ടില്‍ ചോറുണ്ണാന്‍ വന്നു. മകള്‍ വയസ്സറിയിച്ചതിന്റെ ഭുപതി ചടങ്ങ് 28-ാം തീയതി ആയതിനാല്‍ ഉച്ചയൂണിനുശേഷം ഓഫീസിലേയ്ക്ക് മടങ്ങുന്ന വഴി ചിലരെയൊക്കെ ക്ഷണിക്കാന്‍ കൂടി കരുതിയിരുന്നു. അദ്ദേഹത്തിനു വെടിയേറ്റ വിവരം ആരും അറിഞ്ഞിരുന്നില്ല. രണ്ടു മണിയോടെ ഐ.ഡി കാര്‍ഡില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞ ആരോ ജനറല്‍ ആശുപത്രിയില്‍നിന്നു വിളിച്ചറിയിച്ചത് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണെന്നാണ്. ഞങ്ങള്‍ ഓടി ആശുപത്രിയിലെത്തി വാര്‍ഡിലൊക്കെ തിരഞ്ഞു. കണ്ടെത്താനാകാതെ വിഷമിച്ചപ്പോള്‍ ചിലരെയൊക്കെ മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട് എന്ന് സ്റ്റാഫ് പറഞ്ഞു. അതിനോടകം മോര്‍ച്ചറിയിലെ ഫ്രീസറില്‍ ആന്റണി സെല്‍വരാജ് എന്ന് സ്ലിപ്പ് ഒട്ടിച്ച ശരീരം സൂക്ഷിച്ചിരുന്നു. ''ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് കുടുംബത്തില്‍ ആര്‍ക്കങ്കിലും ജോലി കൊടുക്കാമെന്നാണ്. 13-ഉം 16-ഉം വയസ്സുള്ള മക്കള്‍ക്ക് എന്ത് ജോലി കൊടുക്കുമെന്നാണ് അവര്‍ പറയുന്നത്. അവരുടെ അച്ഛനെ കൊന്നതിന് എന്ത് ന്യായമാണ് പൊലീസിനും ഭരിക്കുന്നവര്‍ക്കും പറയാനുള്ളത്.''

കാളിയപ്പന്‍ എന്ന 23-കാരന്റെ കൊലപാതകം വീഡിയോ വാട്ട്‌സാപ്പിലൂടെയും സോഷ്യല്‍ മീഡിയയിലൂടേയും പുറംലോകം കണ്ടപ്പോള്‍ ഏറ്റവും ക്രൂരവും മനുഷ്യത്ത്വരഹിതവുമായ തമിഴ്നാട് പൊലീസിന്റെ മുഖം കൂടിയാണ് പുറത്ത് വന്നത്. വെടിയേറ്റു മരിച്ചുവീണ ചെറുപ്പക്കാരന്റെ മൃതദേഹം റോഡിലൂടെ ക്രൂരമായി വലിച്ചിഴച്ചശേഷം ലാത്തികൊണ്ട് കുത്തിയും അടിച്ചും ചുറ്റും കൂടിനിന്ന പൊലീസ് അലറുന്നത് അഭിനയം മതിയാക്കി എണിക്കെടാ എന്നാണ്. 23-ാം തീയതി രാവിലെ വീടുപണി നടക്കുന്നതിനാല്‍ ജോലിക്കാര്‍ക്ക് നല്‍കാനുള്ള പണം തന്റെ ശമ്പളം വാങ്ങി നല്‍കാനാണ് കാളിയപ്പന്‍ രാവിലെ അണ്ണാനഗറിലെത്തിയത്. കാളിയപ്പന്‍ എങ്ങനെയാണ് പിന്നീട് പൊലീസിന്റെ തോക്കിനിരയായത് എന്നു കുടുംബത്തിന് അറിയില്ല. ആരൊക്കെയോ വിളിച്ചുപറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞത്. വിവരം അറിഞ്ഞ കാളിയപ്പന്റെ അച്ഛനും അമ്മയുടെ സഹോദരനും ആശുപത്രിയിലെത്തിയപ്പോള്‍ പൊലീസ് അവരേയും മര്‍ദ്ദിച്ചു. 12 പേരെ വെടിവെച്ച് കൊന്ന മാര്‍ച്ച് നടന്നതിന്റെ പിറ്റേന്ന് ആരുമില്ലാതിരുന്ന തെരുവില്‍ ഒന്നിലും ഉള്‍പ്പെടാതിരുന്ന തന്റെ മകനെ പൊലീസ് വെടിവെച്ചു കൊന്നത് എന്തിനാണ് എന്നാണ് ആ അച്ഛന്‍ ചോദിക്കുന്നത്. ഇളയ രണ്ടു പെണ്‍കുട്ടികളാണ് ഇനി ആ ദമ്പതികള്‍ക്കുള്ളത്. കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു കാളിയപ്പന്‍. ഇനി എന്തുവേണമെന്നുപോലും അവര്‍ക്കറിയില്ല. ഒരു കാരണവുമില്ലാതെ സ്വന്തം ജനതയെ ചുട്ടുകൊല്ലുന്ന ഭരണാധികാരികളില്‍നിന്ന് എന്തു നീതിയാണ് ഇനി ലഭിക്കുക എന്നാണ് കാളിയപ്പന്റെ അമ്മ പകുതി ബോധത്തില്‍ ചോദിക്കുന്നത്. മണിരാജും സ്‌നോലിനും ഗ്ലാഡ്സ്റ്റണും തമിഴരശനും സമരത്തിനു വിവിധ മേഖലകളില്‍ സജീവമായി നേതൃത്വം കൊടുത്തിരുന്നവരാണ്. നെഞ്ചിലും തലയ്ക്കും വെടിയേറ്റാണ് ഇവര്‍ മരിച്ചത്. മനപ്പൂര്‍വ്വം ടാര്‍ഗറ്റ് ചെയ്തു കൊലപ്പെടുത്തിയതാണോ എന്നും സംശയിക്കുന്നുണ്ട്. തമിഴരശനേയും സ്‌നോലിനേയും ചര്‍ച്ചയ്ക്കായി എന്ന വ്യാജേന മുന്നിലേക്ക് പൊലീസുകാര്‍ തന്നെ വിളിച്ചുവരുത്തിയതാണ് എന്ന സംശയവും ചിലര്‍ ഉന്നയിച്ചു.

വിവരമില്ലെന്നും വിദ്യാഭ്യാസമില്ലെന്നും മേലോന്മാര്‍ തുല്യം ചാര്‍ത്തിയ ഈ പാവങ്ങള്‍ അവര്‍ക്കറിയാവുന്ന ഭാഷയില്‍ മറ്റു ചിലതുകൂടി ചോദിക്കുന്നുണ്ട്.
99 ദിവസം സമരം നടത്തിയിട്ടും തിരിഞ്ഞുനോക്കാത്ത മാദ്ധ്യമങ്ങള്‍ 100-ാം ദിവസം ജനങ്ങള്‍ മരിച്ചുവീണപ്പോള്‍ എത്തുന്നതെന്തിന്?

വേദാന്തയുടെ പ്ലാന്റ് അടച്ചുപൂട്ടുമ്പോള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആഘാതമുണ്ടാക്കും എന്ന മുന്നറിയിപ്പ് നല്‍കുന്ന ചില മാധ്യമങ്ങള്‍ ഒരു കൂട്ടം പച്ചമനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന  ആഘാതത്തെപ്പറ്റി പഠിക്കാത്തതെന്തുകൊണ്ട്? ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഈ ജഡങ്ങള്‍ അലര്‍ജിയായതെന്തുകൊണ്ട്? സ്റ്റെര്‍ലൈറ്റ് ക്വാര്‍ട്ടേഴ്സിനുള്ളിലും കളക്ട്രേറ്റിനുള്ളിലും ഉണ്ടായിരുന്ന വാഹനങ്ങള്‍ക്കെല്ലാം തീ പിടിച്ചതെങ്ങനെ ?    മുന്നറിയിപ്പില്ലാതെ സ്‌നിപ്പര്‍റൈഫിള്‍ ഉപയോഗിച്ച് വെടിവെയ്ക്കാന്‍ പൊലീസിന് അധികാരം നല്‍കിയതാര്?  കളക്ട്രേറ്റ് പരിസരത്തെ മുഴുവന്‍ ക്യാമറകളും തിരിച്ചുവെച്ചതാര്? ഇങ്ങനെയിങ്ങനെ കുറേ ചോദ്യങ്ങള്‍... ഉത്തരങ്ങള്‍ പറയാനാവാത്ത കുറേ ചോദ്യങ്ങള്‍. ചോദ്യങ്ങളെക്കാള്‍ വലിയ സമസ്യകള്‍പോലെ ചോരയുണങ്ങാത്ത കുറേ ജീവിതങ്ങളും.
കറുത്ത മേഘപടലങ്ങളില്‍ സൂര്യന്‍ മറയുമ്പോഴാണ് അണ്ണാനഗര്‍ വിട്ടത്. അപ്പോഴും അവസാന ശ്വാസം വരെ പോരാടിവീണ സ്വന്തം മണ്ണിലലിയാനുള്ള അവകാശം ആ മൃതദേഹങ്ങള്‍ക്ക് കിട്ടിയിരുന്നില്ല. അപ്പോഴും മരണത്തിന്റെ ഗന്ധമിനിയും പോയിട്ടില്ലാത്ത ആ മണ്ണും മരിച്ചവരും പിന്നില്‍നിന്നു പറയുന്നപോലെ തോന്നി:
ഞങ്ങള്‍ക്കറിയാം
ഞങ്ങളെ ആരാണ് കൊന്നതെന്ന്;
പക്ഷേ, ഞങ്ങള്‍ക്കറിയില്ല
ഞങ്ങളെ എന്തിനാണ് കൊന്നതെന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com