കന്നുകാലികള്‍ക്കും വേണം വൃദ്ധസദനങ്ങള്‍

ഒരു ജനതയെ കീഴടക്കാനുള്ള എളുപ്പവഴി അവരുടെ ഭാഷയേയും സംസ്‌കാരത്തെയും പടിപടിയായി തളര്‍ത്തി തകര്‍ക്കുക എന്നതുതന്നെ. വയറിന്റെ വഴിയും അതില്‍ പെടുമെന്ന് ആസ്ഥാനപണ്ഡിതന്മാര്‍ കണ്ടെത്തിക്കാണും
കന്നുകാലികള്‍ക്കും വേണം വൃദ്ധസദനങ്ങള്‍

സേതു

►പറഞ്ഞാല്‍ കേള്‍ക്കുന്ന, ഗോവധം നിരോധിച്ച ചില സംസ്ഥാനങ്ങളില്‍നിന്നു തുടങ്ങി രാജ്യമാകെ കാലി നിയന്ത്രണം കൊണ്ടുവരാന്‍ ബദ്ധപ്പെടുകയാണു ഭരണകൂടം. മൃഗസ്‌നേഹം, പശുപരിപാലനം തുടങ്ങിയ ഓമനപ്പേരുകളില്‍ കാലിച്ചന്തകളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ അവസാനം ചെന്നെത്താന്‍ പോകുന്നതു തീന്‍മേശകളില്‍ത്തന്നെയാകുമെന്നു വ്യക്തമാണ്. അതായത് രാജ്യത്തിന്റെ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള വിലപ്പെട്ട സ്വാതന്ത്ര്യങ്ങളിലേക്കു പതുക്കെപ്പതുക്കെ കടന്നു കയറാനുള്ള വ്യഗ്രത തന്നെ.

ഏതു ഭാഷ സംസാരിക്കണം, എന്തു തിന്നണം, ഏതു വസ്ര്തം ധരിക്കണം, എങ്ങനെ സ്‌നേഹിക്കണം എന്നൊക്കെ തീരുമാനിക്കാനായി സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ ഒരു മേലാവ് ഉണ്ടാകുമ്പോള്‍ മേല്‍പ്പറഞ്ഞ സ്വാതന്ത്ര്യം എങ്ങോട്ടു പോകുന്നു?

കഷ്ടകാലത്തിനു ഇതിനെല്ലാം എതിരു നില്‍ക്കുന്നത് തീരെ ചൊല്ലൂളിയില്ലാത്ത ചില തെക്കന്‍ സംസ്ഥാനങ്ങളാണ്. ആഹാരത്തിന്റെ കാര്യമാകുമ്പോള്‍ ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും കൂടെ നിന്നേക്കും, കാരണം മിക്കവാറും എല്ലാ ജീവികളെയും തിന്നുന്നവരാണവര്‍. 
വെറുതെയല്ല ഈ കറുത്തവരെ കൂടി ഞങ്ങള്‍ സഹിക്കുന്നല്ലോ എന്ന് ഒരു ബഹുമാന്യ വടക്കന്‍ നേതാവ് കുറെ നാള്‍ മുന്‍പു വിലപിച്ചത്. ഉള്ളില്‍ അടിഞ്ഞുക്കൂടി കിടക്കുന്ന മാലിന്യങ്ങള്‍ ചിലപ്പോള്‍ അറിയാതെ പുറത്തു വരാറുണ്ടല്ലോ. എന്തായാലും ഒരു തരത്തില്‍ അതു ശരിയാണുതാനും. കറുത്തവരുടെ ആഹാരം വെളുത്തവര്‍ക്കു വര്‍ജ്ജ്യമാകുന്നതു മനസ്സിലാക്കാം. പക്ഷേ, പുരാണേതിഹാസങ്ങളിലെ പുണ്യപുരുഷന്മാരെല്ലാം മാംസം തിന്നുന്നവരും സോമരസം കുടിക്കുന്നവരുമായിരുന്നില്ലേ?

ആഹാരരീതികളിലെ ഈ ചേരിതിരിവു വ്യക്തമാക്കുന്ന ചില കണക്കുകള്‍ ശരിയാണെങ്കില്‍ സസ്യാഹാരികള്‍ ഏറ്റവും കുറവ് നമ്മുടെ തെക്കന്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. അക്കൂട്ടത്തില്‍, ഏറ്റവും മുന്‍പന്തിയില്‍ നമ്മുടെ കേരളം തന്നെ. അയല്‍സംസ്ഥാനങ്ങളിലെ പല കാലിച്ചന്തകളും കോഴിക്കടകളും നിലനില്‍ക്കുന്നതും നമ്മുടെ പിന്തുണകൊണ്ടാണല്ലോ.

എന്തായാലും, ഒരു ജനതയെ കീഴടക്കാനുള്ള എളുപ്പവഴി അവരുടെ ഭാഷയേയും സംസ്‌കാരത്തെയും പടിപടിയായി തളര്‍ത്തി തകര്‍ക്കുക എന്നതുതന്നെ. വയറിന്റെ വഴിയും അതില്‍ പെടുമെന്ന് ആസ്ഥാനപണ്ഡിതന്മാര്‍ കണ്ടെത്തിക്കാണും. ഗോസായിഭാഷ അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വേണ്ടത്ര ഫലിക്കാതെ പോയത് തമിഴന്റെ ആത്മാഭിമാനംകൊണ്ടുമാത്രമാണ്. ഉര്‍ദ്, പേര്‍ഷ്യന്‍ വാക്കുകള്‍കൊണ്ട് സമ്പന്നമായ ഹിന്ദുസ്ഥാനിയെ സംസ്‌കൃതവല്‍ക്കരിച്ചു ശുദ്ധീകരിക്കാനുള്ള ശ്രമം എത്രയോ കാലമായി നടന്നുവരുന്നു സര്‍ക്കാര്‍ മാദ്ധ്യമങ്ങളില്‍. 

ഈ ഉത്തരവിന്റെ നിയമവശങ്ങള്‍ എനിക്കറിയില്ല; കാരണം ഞാനൊരു നിയമവിദഗ്ദ്ധനല്ല. പക്ഷേ, ജന്തുസ്‌നേഹമെന്ന പേരില്‍ കൊണ്ടു വരുന്ന ഇത്തരം നിയമങ്ങള്‍  ഉണ്ടാക്കാവുന്ന ചേരിതിരിവുകള്‍ ചെറുതാവില്ല. ഇന്ത്യയെപ്പോലുള്ള ഒരു മതേതര രാജ്യത്തിന് അതു ഭൂഷണമാണോ എന്നും ആലോചിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, റോക്കറ്റുകള്‍ വിടാന്‍ പോലും മുഹൂര്‍ത്തം നോക്കുന്ന രാജ്യത്ത് ഇതിനായി കണ്ടെത്തിയ അവസരവും അത്ര നല്ലതല്ല.

എന്തൊക്കെയായാലും വലിയൊരു സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ് കാലിച്ചന്തകള്‍. അതിപുരാതനകാലം തൊട്ടേ ജനം ഒത്തുകൂടിയിരുന്നത് അങ്ങാടികളിലും കാലിച്ചന്തകളിലുമായിരുന്നു. കച്ചവടസംബന്ധമായ കൊടുക്കല്‍വാങ്ങലുകള്‍ക്കപ്പുറമായി വലിയൊരു സാംസ്‌കാരിക വിനിമയത്തിന്റെ സിരാകേന്ദ്രം കൂടിയായിരുന്നു അത്. അതുകൊണ്ടുതന്നെ പല രാജ്യങ്ങളിലെയും കാലിച്ചന്തകളും അറവുശാലകളും ഇന്നും ഓര്‍മ്മപ്പുരകളായി നിലകൊള്ളുന്നു.

വെറും വയറ് നിറയ്ക്കലിനപ്പുറമായി ആഹാരസംബന്ധമായ ചില ശീലങ്ങളും മര്യാദകളുമൊക്കെ കണിശമായി പാലിക്കുന്നതിലൂടെ ആ സംസ്‌കാരത്തെ നിലനിര്‍ത്താന്‍ പൂര്‍വ്വികര്‍ ശ്രദ്ധിച്ചിട്ടുണ്ട്. വട്ടം കൂടിയിരുന്ന് ഒരേ പാത്രത്തില്‍നിന്നു കയ്യിട്ട് വാരിയെടുത്തു കഴിക്കുന്ന ശീലം മദ്ധ്യപൂര്‍വ്വ രാജ്യങ്ങളില്‍ ഇന്നും നിലവിലുണ്ടല്ലോ. 
കന്നുകാലി പരിപാലനത്തിന്റെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യം തന്നെ. പക്ഷേ, ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വിശദമായ ചട്ടങ്ങള്‍ എത്ര കണ്ടു പ്രായോഗികമാണെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. നിയമങ്ങള്‍ക്കു പഞ്ഞമില്ല നമ്മുടെ നാട്ടില്‍; നടപ്പില്‍ വരുത്താനാണ് പ്രയാസം. ഭാവിയില്‍ പലതിലും വെള്ളം ചേര്‍ക്കേണ്ടിവന്നേക്കാമെന്നു മാത്രമല്ല, അഴിമതിക്കും സ്വജന പക്ഷപാതത്തിനും വഴിവയ്ക്കുക കൂടി ചെയേ്തക്കാം. ചെറുതും വലുതുമായ വില്‍പ്പനകള്‍ ചന്തയ്ക്കു പുറത്തായി നാടിന്റെ പല ഭാഗങ്ങളില്‍ നടന്നാല്‍ നിയന്ത്രിക്കുന്നതെങ്ങനെ? എത്രയോ കാലമായി മദ്യവര്‍ജ്ജന നിയമം നിലവിലുള്ള ഗുജറാത്തില്‍ വേണ്ടവര്‍ക്കു മദ്യം കിട്ടാന്‍ വിഷമമില്ലെന്ന് അവിടത്തെ സുഹൃത്തുക്കള്‍ പറയുന്നു. മാത്രമല്ല, ഇതിലൂടെ രാജ്യത്തിനും സംസ്ഥാനങ്ങള്‍ക്കും വരാന്‍പോകുന്ന ഭീമമായ വരുമാന നഷ്ടത്തിനു പുറമെ ഇതുമായി ബന്ധപ്പെട്ട പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിതോപായം കൂടിയാണ് നഷ്ടപ്പെടുന്നത്.

എന്റെ നാട്ടിന്‍പുറത്ത് പോത്ത് വളര്‍ത്തലിലൂടെ വരുമാനമുണ്ടാക്കുന്ന ആളുകളുണ്ട്. പോത്തിന്‍കുട്ടികളെ നന്നെ ചെറുപ്രായത്തില്‍ത്തന്നെ വാങ്ങി ഒഴിഞ്ഞുകിടക്കുന്ന, ധാരാളം പച്ചപ്പുല്ലുള്ള പാടങ്ങളില്‍ കെട്ടിയിടുകയാണു പതിവ്. ചെലവൊന്നുമില്ലാതെ ഇടയ്ക്ക് അല്‍പ്പം വെള്ളം കൊടുത്താല്‍ മാത്രം മതി. ഒന്നോ രണ്ടോ കൊല്ലത്തിനുശേഷം പെരുന്നാള്‍ സീസണ്‍ വരുമ്പോള്‍ വലിയ വിലയ്ക്കാണ് വിറ്റുപോകുന്നത്. പലര്‍ക്കും ഇതൊരു കുലത്തൊഴില്‍ കൂടിയാണ്. പൂര്‍വ്വികരുടെ തൊഴില്‍ ആചാര സൂചകമായി അഭിമാനത്തോടെ കാത്തുവയ്ക്കുന്ന ബ്രിട്ടനില്‍ ഇന്നും ഇരട്ടപ്പേരായി 'അറവുകാരന്‍' (Butcher), ക്ഷൗരക്കാരന്‍ (Barber),  തയ്യല്‍ക്കാരന്‍ (Tailor) തുടങ്ങിയവ നിലവിലുണ്ട്, അവര്‍ ഇന്നു പ്രവര്‍ത്തിക്കുന്ന മേഖലകള്‍ മുന്തിയവയാണെങ്കിലും.

കന്നുകാലികളെ കൃഷിപ്പണിക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന സങ്കല്‍പ്പം തന്നെ ശരിയല്ല. മാംസത്തിനുവേണ്ടി മാത്രമായി വളര്‍ത്തുന്ന ചില മൃഗങ്ങളുണ്ട്. അല്ലെങ്കില്‍ത്തന്നെ വയസ്സായി അവശനിലയിലായ കാലികളെ പാവം കര്‍ഷകന്‍ എങ്ങനെ തീറ്റിപ്പോറ്റും? നമ്മുടെ  മീന്‍പിടിത്തത്തെപ്പറ്റി കേട്ടിട്ടുള്ള ഒരു ചൊല്ല് ഓര്‍മ്മവരുന്നു. വലകള്‍ കാത്തു കാത്ത് മടുത്തു വയസ്സായി, ആത്മഹത്യ ചെയ്യാന്‍ കൊതിക്കുന്ന മത്സ്യങ്ങള്‍ നമ്മുടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മാത്രമേ ഉള്ളുവത്രെ! അതുപോലെ നമ്മെ പാലൂട്ടി വളര്‍ത്തി ഒടുവില്‍ വയസ്സുകാലത്ത് നോക്കാനാരുമില്ലാതെ കഷ്ടപ്പെടുന്ന പാവം വിധവപ്പശുക്കളുടെ കാര്യം ഒന്നാലോചിച്ചു നോക്കൂ.

കൃഷി ആദായകരമല്ലാത്തതുകൊണ്ട് കര്‍ഷക ആത്മഹത്യകള്‍ കൂടിവരുന്ന ഇന്നത്തെ കാലത്ത് ഇത്തരം കാലികളെ സംരക്ഷിക്കുകയെന്നത് അസാദ്ധ്യമായി വരുമെന്ന കാര്യത്തില്‍ സംശയമില്ല. വയസ്സായ മാതാപിതാക്കളെ നട തള്ളാനായി തക്കം നോക്കുന്നവര്‍ കൂടിവരുമ്പോള്‍ ഇവറ്റകളുടെ കാര്യം ആരു നോക്കും? മൃഗങ്ങള്‍ക്കും വേണ്ടിവരില്ലേ വൃദ്ധസദനങ്ങള്‍? ആരൊരുക്കും അവര്‍ക്കായി ഒരു വൃന്ദാവനം? കുട്ടികളേക്കാള്‍, പട്ടികളെ സ്‌നേഹിക്കുന്ന ചുറ്റുപാടുകളില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെപ്പോലെ ഇവറ്റകളും അലയാന്‍ തുടങ്ങില്ലെന്ന് ആരു കണ്ടു?

നാട്ടിന്‍പുറ ജീവിതത്തിന്റെ അനുഭവം വച്ച് പറയുകയാണ് അലഞ്ഞുനടക്കുന്ന കാലികള്‍ വലിയ ശല്യമായിരുന്നു ഒരു കാലത്ത്. ഗേറ്റ് തുറന്നിട്ടാല്‍ കാലികള്‍ കയറി ചെടികള്‍ നശിപ്പിക്കുമെന്ന അവസ്ഥ. പുതിയ നിയമത്തില്‍ എല്ലാറ്റിനും നമ്പറിട്ട് ആധാറില്‍ കേറ്റുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും സകലമാന വിവരങ്ങളും കയറ്റിവിടുന്ന ആധാര്‍ ഒടുവില്‍ ഇടിഞ്ഞുപൊളിഞ്ഞു വീണു നമ്മെ വഴിയാധാരമാക്കുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. 

അവസാനമായി ഒന്നുകൂടി. ഒരു തികഞ്ഞ സസ്യാഹാരിയാണ് ഞാന്‍! അതെന്റെ ഇഷ്ടം; എന്റെ തീരുമാനം. പക്ഷേ, എന്റെ കുടുംബത്തില്‍ അച്ഛന്‍ തൊട്ട് ഏറ്റവും ഇളയ പേരക്കുട്ടി വരെ കടുത്ത മാംസാഹാരികളാണെന്നു മാത്രമല്ല, ആ ആഹാരം ആസ്വദിച്ചും ചിലപ്പോഴൊക്കെ ആഘോഷിച്ചും കഴിച്ചവരാണ്. അതവരുടെ ഇഷ്ടം. എന്റെ ഇഷ്ടങ്ങളില്‍ അവര്‍ കൈ കടത്താത്തതു പോലെ അവരുടെ ഇഷ്ടങ്ങളില്‍ ഞാനും ഇടപെടാറില്ല. ആഹാരസംബന്ധമായി അവശ്യം പാലിക്കേണ്ട ചില സാമാന്യ മര്യാദകളില്‍ ഒന്നുമാത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com