ഭൂതകാലത്തിന്റെ തടവില്‍ കഴിയുന്ന സമൂഹത്തില്‍ അബ്രാഹ്മണര്‍ക്കു പൂജാരിമാര്‍ ആകാനാവുമോ?

ആധുനികതയുടെ മൂടുപടത്തില്‍ ഒളിപ്പിച്ചുപിടിച്ച, ആഴത്തില്‍ വേരുകളുള്ള യാഥാസ്ഥിതികത്വമുണ്ട് കേരളത്തില്‍
ഭൂതകാലത്തിന്റെ തടവില്‍ കഴിയുന്ന സമൂഹത്തില്‍ അബ്രാഹ്മണര്‍ക്കു പൂജാരിമാര്‍ ആകാനാവുമോ?

അന്തസ്സുള്ള വസ്ത്രം ധരിക്കണം എന്നു പറയുന്നത് മനസിലാക്കാം. എന്നാല്‍ അമ്പലത്തില്‍ കയറണമെങ്കില്‍ പതിനെട്ടാം നൂറ്റാണ്ടിലെ വസ്ത്രം ധരിക്കണം എന്ന നിര്‍ബന്ധം കേരളത്തില്‍ മാത്രമേ ഉണ്ടാവൂ- ആനന്ദ് നീലകണ്ഠന്‍ എഴുതുന്നു

ലിതരില്‍നിന്നും പിന്നാക്കക്കാരില്‍നിന്നുമുള്ള മുപ്പത്തിയാറു പേരെ പൂജാരിമാരായി നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിക്കു സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെ സ്വാഗതം ചെയ്‌തെങ്കില്‍ക്കൂടി ചില കോണുകളില്‍നിന്ന് വിയോജിപ്പും ഉയര്‍ന്നിട്ടുണ്ട്. നമ്പൂതിരി സമൂദായത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന യോഗക്ഷേമ സഭ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ ജന്മാവകാശത്തിനു മേലുള്ള കടന്നുകയറ്റമാണിത് എന്നാണ് അവര്‍ കരുതുന്നത്. പൂജാരിയായി നിയമനം ലഭിച്ച ആദ്യ ദലിതനായ യദുകൃഷ്ണനെ പിരിച്ചുവിടണം എന്ന് അവര്‍ ആവശ്യപ്പെടുന്നു. പാരമ്പര്യത്തിന് എതിരാണ് ഈ നിയമനം എന്നാണ് അവരുടെ വാദം. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഈഴവ സമുദായക്കാരനായ പൂജാരി സുധികുമാറിന് ക്ഷേത്രത്തില്‍ കടക്കാനും ജോലി ചെയ്യാനും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ സഹായം തേടേണ്ടിവന്നു. ബ്രാഹമണന്‍ അല്ലാത്തയാള്‍ പൂജ ചെയ്താല്‍ ഭഗവതി കോപിക്കും എന്ന വാദമാണ് സുധികുമാറിനെ എതിര്‍ത്തവര്‍ ഉന്നയിച്ചത്. 

കേരളത്തെപ്പോലെ വിദ്യാഭ്യാസപരവും സാമൂഹികവുമായി മുന്നിട്ടുനില്‍ക്കുന്ന ഒരു സംസ്ഥാനം ഇങ്ങനെയൊരു മാറ്റത്തെ പുല്‍കാന്‍ ഇത്രകാലമെടുത്തത് അസാധാരണമായി തോന്നേണ്ടതാണ്. രാജ്യത്ത് പല ഭാഗങ്ങളിലും പതിറ്റാണ്ടുകളായി, നൂറ്റാണ്ടുകളായിത്തന്നെ, ദലിത് പൂജാരിമാരും വനിതാ പൂജാരിമാരുമുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യപുരോഹിതനായ ഗൊരഖ്‌നാഥ് ക്ഷേത്രത്തില്‍ ഒന്‍പതു നൂറ്റാണ്ടായി അബ്രാഹ്മണ ശാന്തിക്കാരുണ്ട്. കര്‍ണാടകത്തിലെ ബസവേശ്വര ക്ഷേത്രത്തില്‍ ലിംഗ, ജാതി വ്യത്യാസമില്ലാതെ ഭക്തര്‍ക്ക് പൂജ ചെയ്യാം. എന്നാല്‍ കേരളത്തില്‍ തിരിച്ചാണ് കാര്യങ്ങള്‍. പറശ്ശിനിക്കടവു പോലെയുളള അബ്രാഹ്മണ ക്ഷേത്രങ്ങള്‍ പോലും പതുക്കെപ്പതുക്കെ ബ്രാഹ്മണരുടേത് ആയി മാറുകയായിരുന്നു. കള്ളും മീനും നേദിക്കുന്ന പതിവ് ചായയും പയറുമായി മാറി. സ്വാതന്ത്ര്യപ്രക്ഷോഭ കാലത്തും നവോത്ഥാനത്തിന്റെ ഭാഗമായും നഷ്ടപ്പെട്ട ശക്തി യാഥാസ്ഥിതികള്‍ തിരിച്ചുപിടിക്കുന്നതാണ് രാജ്യത്ത് മൊത്തമായും, കേരളത്തില്‍ പ്രത്യേകിച്ചും ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ആനന്ദ് നീലകണ്ഠന്‍

ആധുനികതയുടെ മൂടുപടത്തില്‍ ഒളിപ്പിച്ചുപിടിച്ച, ആഴത്തില്‍ വേരുകളുള്ള യാഥാസ്ഥിതികത്വമുണ്ട് കേരളത്തില്‍. ഇന്ത്യയിലെ ഏതു ക്ഷേത്രത്തിലും, അത് വാരാണസിയിലെ കാശിവിശ്വനാഥ് ആയാലും കാഞ്ചിപുരത്തെ കാമാക്ഷി ക്ഷേത്രം ആയാലും, ഭക്തരും മൂര്‍ത്തിയും ഒരേ തലത്തിലാണ്. പൂജ ചെയ്യാന്‍ സഹായിക്കുക മാത്രമാണ് പുരോഹിതര്‍ ചെയ്യുന്നത്. ഭക്തരുടെ സ്പര്‍ശം കൊണ്ട് പ്രതിഷ്ഠയോ പൂജാരിയോ അശുദ്ധമാവും എന്ന സങ്കല്‍പ്പം അവിടെ എവിടെയുമില്ല. പല ജ്യോതിപീഠങ്ങളിലും ശക്തിസ്ഥലങ്ങളിലും ഭക്തര്‍ക്കു തന്നെ അഭിഷേകം നടത്താനാവും. അവര്‍ക്കു പൂജ ചെയ്യാം, വിഗ്രഹത്തെ തൊടാം. കേരളത്തിലും കേരള പാരമ്പര്യം പിന്തുടരുന്ന അതിര്‍ത്തിയിലെ ക്ഷേത്രങ്ങളിലും കാര്യങ്ങള്‍ വ്യത്യസ്തമാണ്. പ്രതിഷ്ഠ അകത്തെ ഇരുട്ടുമുറിയിലാണ്. ഭക്തര്‍ക്ക് അപ്രാപ്യമാണത്. പൂജാരി ഭക്തര്‍ക്കും പ്രതിഷ്ഠയ്ക്കുമിടയിലെ പ്രതിബന്ധമായാണ് നില്‍ക്കുന്നത്. അടച്ചിട്ട കതകിന് അപ്പുറമിരുന്നാണ് അവര്‍ മന്ത്രം ചൊല്ലുന്നത്. അകലെ നിന്ന് ഭക്തരുടെ കൈയിലേക്ക് പ്രസാദം എറിഞ്ഞുകൊടുക്കുകയാണ് അവര്‍ ചെയ്യുന്നത്. ഭക്തരുടെ വിരലുകളില്‍ ഉരസി അശുദ്ധി വരുമോ എന്നതാണ് അവരുടെ വലിയ ഭയം. അതുകൊണ്ടാണ് അവര്‍ പ്രസാദം എറിഞ്ഞുകൊടുക്കുന്നത്. ദേവന്‍ അല്ലെങ്കില്‍ ദേവത പുരോഹിതന്റെ തടവുകാരനാണെന്നാണ് തോന്നുക. അബദ്ധവശാല്‍ ഏതെങ്കിലും ഒരു കുട്ടി പൂജാരിയെ ഒന്നു തൊട്ടുപോയാല്‍ അമ്പലപരിസരം മുഴുവന്‍ ശുദ്ധികര്‍മം ചെയ്യാനുള്ള ചെലവ് രക്ഷിതാക്കള്‍ വഹിക്കേണ്ടി വരും. അയിത്ത ആചാരം പാലിച്ചിരുന്ന കാലഘട്ടത്തിന്റെ അവശിഷ്ടങ്ങളാണിവ. ഈ ദുരാചാരത്തെ നിര്‍മാര്‍ജനം ചെയ്യുന്നതില്‍ നല്ലൊരളവോളം ജയം നേടാന്‍ സംസ്ഥാനത്തിനായിട്ടുണ്ടാവാം, എന്നാല്‍ പല ക്ഷേത്രങ്ങളുടെയും ഇരുണ്ട കോണുകളില്‍ അതിപ്പോഴും പതുങ്ങിയിരിക്കുന്നുണ്ട്. 

അന്തസ്സുള്ള വസ്ത്രം ധരിക്കണം എന്നു പറയുന്നത് മനസിലാക്കാം. എന്നാല്‍ അമ്പലത്തില്‍ കയറണമെങ്കില്‍ പതിനെട്ടാം നൂറ്റാണ്ടിലെ വസ്ത്രം ധരിക്കണം എന്ന നിര്‍ബന്ധം കേരളത്തില്‍ മാത്രമേ ഉണ്ടാവൂ. പുതിയ കാലത്തിന്റെ എല്ലാ പ്രയോജനങ്ങളും ഉപയോഗിക്കുന്നുണ്ട്, ക്ഷേത്രങ്ങളില്‍. അവിടെ മൈക്രോഫോണും ലൗഡ് സ്പീക്കറുകളുമുണ്ട്, ഇലക്ടിക് ബള്‍ബുകളും എയര്‍ കണ്ടീഷണറുകളുമുണ്ട്. എന്നാല്‍ വസ്ത്രത്തിന്റെ കാര്യത്തില്‍ ഒരു ആധുനികതയും അനുവദിക്കില്ല. ദ്വാരകയിലും ബദരിനാഥിലും കാശിയിലും കാളഹസ്തിയിലും ട്രൗസേഴ്‌സും ഷര്‍ട്ടും ചുരിദാറും ധരിച്ചുവരുന്ന ഭക്തരെ അനുഗ്രഹിക്കുന്ന അതേ വിഷ്ണുവും ശിവനും തന്നെയാണ് മുണ്ടുടുത്തു വരാത്ത ഒരാളെയും സഹിക്കാത്ത അസഹിഷ്ണുക്കളായ ദൈവങ്ങളായി മാറുന്നത്. ട്രൗസേഴ്‌സിനു മേല ഒരു കഷണം തുണി ചുറ്റി ഇവിടെ നമുക്ക് ദൈവങ്ങളെ പറ്റിക്കാം. ഹിന്ദു ദൈവങ്ങളെയും മഹത്തായ ഈ രാജ്യത്തിന്റെ പാരമ്പര്യത്തെയും അപമാനിക്കുന്നതായിട്ട് ഇതില്‍പ്പരം എന്തുവേണം? ഇത്തരം വിലക്ഷണവാദങ്ങളെ ശരിവയ്ക്കുന്ന ഒരു മതഗ്രന്ഥവുമില്ല. കേരളത്തിലെ പുരോഹതിര്‍ക്കു മാത്രം അറിയാവുന്ന, വൃന്ദാവനിലെയോ സോമനാഥ ക്ഷേത്രത്തിലെയോ പൂജാരിമാര്‍ക്ക് അജ്ഞാതമായ അങ്ങനെയൊന്ന് ഉണ്ടെങ്കില്‍തന്നെ അതു മാറ്റേണ്ട സമയമായിരിക്കുന്നു. കവടി നിരത്തി ദൈവത്തിന്റെ മനസു വായിക്കുന്ന ജ്യോതിഷികളുള്ള നാട്ടില്‍ ദേവേച്ഛയാണെന്നു പറഞ്ഞ് എന്തും സത്യമാക്കി മാറ്റാനാവും.

നവോത്ഥാന പ്രസ്ഥാനത്തിലൂടെ ജാതിവ്യവസ്ഥയ്‌ക്കെതിരായ കഠിനമായ പോരാട്ടം ജയിച്ച നാടാണ് കേരളം. ശ്രീനാരായണ ഗുരു, അയ്യങ്കാളി, വിടി ഭട്ടതിരിപ്പാട്, കേളപ്പന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ വിപ്ലവമാണ് കേരളത്തിലുണ്ടാക്കിയത്. ക്ഷേത്രപ്രവേശന വിളംബരം അവയുടെ ഫലമായിരുന്നു. സവിശേഷാധികാരങ്ങള്‍ കൈയാളുന്ന ഒരു വിഭാഗവും പോരാട്ടത്തിലൂടെയല്ലാതെ അധികാരങ്ങള്‍ കൈയൊഴിഞ്ഞിട്ടില്ല. പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ സാധാരണഗതിയില്‍ ഉള്ളില്‍നിന്നു തന്നെയാണ് തുടങ്ങുന്നത്, പലപ്പോഴും പാരമ്പര്യത്തെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കുന്ന ഒരു '്‌നിഷേധി'യല്‍നിന്ന്. എന്നാല്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ ഇല്ലെങ്കില്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ പോലും പരാജയപ്പെട്ടുപോവും. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ ഉദാഹരണം നമുക്കു മുന്നിലുണ്ട്. ജനവികാരം മനസിലാക്കാന്‍ രാജാവിന് കഴിഞ്ഞതുകൊണ്ട് വൈക്കം സത്യഗ്രഹം ലക്ഷ്യം കണ്ടപ്പോള്‍ മലബാറിലെ ക്ഷേത്രങ്ങള്‍ പരിഷ്‌കരണത്തിലേക്കെത്താന്‍ സ്വാതന്ത്ര്യപ്രാപ്തി വരെ കാത്തിരിക്കേണ്ടി വന്നു. ബ്രിട്ടിഷ് സര്‍ക്കാരിന്റെ പിന്തുണയില്ലാതെ രാജാറാം മോഹന്‍ റോയിക്കോ ഈശ്വരചന്ദ്ര വിദ്യാസാഗറിനോ പരിഷ്‌കരണ ശ്രമങ്ങളില്‍ ജയം കാണാനാവുമായിരുന്നില്ല. ഇത്തരം ചരിത്ര സന്ദര്‍ഭങ്ങള്‍ പരിഗണിക്കുമ്പോള്‍ കേരള സര്‍ക്കാരിന്റെ നടപടി ധീരവും സ്വാഗതാര്‍ഹവുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com