ഗുരു ദേവോ ഭവ- സി. രാധാകൃഷ്ണന്‍ എഴുതുന്നു

ഗുരു ദേവോ ഭവ- സി. രാധാകൃഷ്ണന്‍ എഴുതുന്നു

അക്ഷരം അറിയുക മാത്രമല്ല, അതിനെ സ്‌നേഹിക്കുക കൂടി ചെയ്യുന്നവരാണ് ഇന്നത്തെ ഭാഷാദ്ധ്യാപകരില്‍ ഭൂരിപക്ഷവുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്

ടിഞ്ഞുപൊളിഞ്ഞ സ്‌കൂളുകളിലാണ് ഞാന്‍ പഠിച്ചത്. പക്ഷേ, അവിടെ ഒന്നാന്തരം ഗുരുനാഥര്‍ ഉണ്ടായിരുന്നു. അവര്‍ വിദ്യയും സ്‌നേഹവും വിനയവും ഒപ്പം പഠിപ്പിച്ചു.
ആ തരം ഗുരുശിഷ്യബന്ധം അന്യം നിന്നുപോയതാണ് ഇന്നത്തെ കുട്ടികള്‍ക്കുള്ള വിഷമവും നഷ്ടവും. മാത്രമല്ല, പഠിക്കാനുള്ളതിന്റെ ഭാരം കുട്ടികള്‍ക്കു താങ്ങാവുന്നതില്‍ ഏറെയാണ്. പഠിത്തം കളിയല്ലാതായി. പാഠ്യവിഷയം  മനസ്സിലാകാതായി. കളിപോലും കര്‍ശനമായ പഠിത്തവുമായി. ഒന്നു ചിരിക്കാന്‍ നേരമില്ല.
പത്താന്തരം കഴിഞ്ഞ കുട്ടികള്‍ക്ക് ഒരു ഭാഷയും കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല. മാതൃഭാഷ ശരിയായി പഠിക്കാത്തതാണ്  മറ്റു ഭാഷകള്‍ വശമാകാത്തതിന്  മുഖ്യ കാരണം. ചുവരുണ്ടെങ്കിലല്ലേ ചിത്രമെഴുതാനാവൂ?
അദ്ധ്യാപകര്‍ക്ക് ഭാഷ അറിയാത്തതല്ല കാരണം. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ തുച്ഛശമ്പളത്തിന് നിര്‍ത്തിയ ചിലര്‍ ഒഴികെ എല്ലാ ഭാഷാദ്ധ്യാപകരും യോഗ്യതകള്‍ തികഞ്ഞവരാണ്.
ഭാഷാപഠനം പച്ചപിടിക്കാനുള്ള വഴികള്‍ എളുപ്പം ചുരുക്കിക്കുറിക്കാം.
1.പഠന-ഭരണ-നിയമ-വിപണി ഭാഷ മലയാളമാക്കി മലയാളം പഠിച്ചവര്‍ക്ക് ഭാവിയുണ്ടാക്കുക. ഇതോടെ വ്യവഹാരങ്ങളിലെല്ലാം ആത്മാര്‍ത്ഥത വിളയുകയും ചെയ്യും.
2.ഫലപ്രദമായ ഭാഷാപഠനപദ്ധതി ആവിഷ്‌ക്കരിക്കുക. പരീക്ഷകള്‍ ആവശ്യാനുസാരം കര്‍ശനമാക്കുക. പാഠങ്ങള്‍ കണ്ടെത്തുകയെന്ന യജ്ഞം അതിനു കഴിവുള്ളവരെ ഏല്പിക്കുക.
3.മലയാളം പരീക്ഷ ജയിക്കാതെ നാട്ടിലെ ഒരു സ്‌കൂളിലും ഒരു കുട്ടിക്കും ക്ലാസ്സുകയറ്റം നല്‍കാതിരിക്കുക. (ഇതില്‍നിന്ന് ഒരു സ്‌കൂളിനും ഒഴിവു നല്‍കാതിരിക്കുക കൂടി വേണം.)
4.മാനേജ്‌മെന്റ് സ്‌കൂളിലെ അദ്ധ്യാപകരെ സര്‍വ്വീസ് കമ്മിഷന്‍ വഴി നിയമിക്കുക. കോഴ നിര്‍ത്തലാക്കുക.
5.സ്‌കൂള്‍ അണ്‍ എയ്ഡഡാണെങ്കിലും അവിടെയും അദ്ധ്യാപകരെ സര്‍വ്വീസ് കമ്മിഷന്‍ വഴിയേ നിയമിക്കാനനുവദിക്കാവൂ. അവര്‍ക്ക് സര്‍ക്കാര്‍ നിരക്കില്‍ ശമ്പളം കൊടുക്കുകയും വേണം.
6.എല്ലാ അദ്ധ്യാപകര്‍ക്കും ഇന്‍-സര്‍വ്വീസ് കോഴ്‌സുകള്‍ നിര്‍ബന്ധവും നിര്‍ണ്ണായകവുമാക്കുക.
ഭാഷയുടെ ജീവന്‍ കവിതയും അതിന്റെ ഊടും പാവും താളം, ഈണം, ഭാവം തുടങ്ങിയവയുമാണ്. കുട്ടികളെ കവിത കാണാതെ പാടാന്‍ പഠിപ്പിക്കണം. എല്ലാ സാഹിത്യ രൂപങ്ങളുടേയും അമ്മ കവിതയാണല്ലോ. കഥ പറഞ്ഞും കവിത പാടിയും അല്ലാതെ ജീവിതത്തെക്കുറിച്ച് പഠിക്കാനാവില്ല.
''അക്ഷരത്തെറ്റു പറ്റാതെ രക്ഷിക്കണേ!
അര്‍ത്ഥ ഭ്രമം തീര്‍ത്തു കാത്തുകൊള്ളേണമേ!''
എന്ന് കുട്ടികളെ പാടിപ്പഠിപ്പിക്കുക.
ഈ ഭൂമിയിലെ ഏതു തൊഴിലിലും ഏര്‍പ്പെട്ടവരില്‍ അതു ചെയ്യാനറിയാത്ത ചിലര്‍ കൂടി എക്കാലത്തും ഉണ്ടാകുമെന്ന് നിശ്ചയം. അക്ഷരമറിയാത്ത അദ്ധ്യാപകര്‍ പണ്ടേയുണ്ടായിരുന്നു. അക്ഷരം അറിയുക മാത്രമല്ല, അതിനെ സ്‌നേഹിക്കുക കൂടി ചെയ്യുന്നവരാണ് ഇന്നത്തെ ഭാഷാദ്ധ്യാപകരില്‍ ഭൂരിപക്ഷവുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മലയാളം പറയുകയും പഠിപ്പിക്കുകയും ഒക്കെ ചെയ്യുന്നത് അധഃകൃത വൃത്തിയായി കാണുന്ന അണ്‍ എയ്ഡഡ്  സ്‌കൂളുകളില്‍ തുച്ഛശമ്പളത്തിന് നില്‍ക്കുന്നവര്‍ വരുത്തിവെക്കുന്ന വിനയ്ക്ക് മൊത്തമായി ആക്ഷേപവല വേണ്ട. മലയാള അക്ഷരം പഠിച്ചില്ലെങ്കിലും ക്ലാസ്സുകയറ്റം കൊടുക്കണം എന്നു നിയമമുള്ളപ്പോള്‍ പത്താന്തരക്കാരന് അവന്റെ പേരുപോലും തെറ്റാതെയെഴുതാന്‍ കഴിയില്ലെങ്കില്‍ ഗുരുനാഥന്‍ എന്തു പിഴച്ചു? പെടാപ്പാട് പെട്ട് എം.എയും പി.എച്ച്ഡിയും ഒക്കെ നേടി 'സിറ്റും' 'സാറ്റും' ഒക്കെ പയറ്റി, അതൊന്നും പോരാഞ്ഞ് അരക്കോടി കോഴയും നല്‍കി ജോലി 'വാങ്ങിയ' ആളോട് അക്ഷരം ശരിയായി പഠിപ്പിക്കുക കൂടി വേണം എന്നു പറയുന്നത് ന്യായമാണോ?
നടവരവില്ലാത്ത അമ്പലത്തിലെ ശാന്തിക്കാരന്‍ പൂജക്കൊട്ടിനു നില്‍ക്കുന്ന മാരാരോട് സ്ഥിരം പറയുന്ന ഒരു വാചകമുണ്ട്: ''അപ്പഴേയ്, ചടങ്ങു മതി, ട്ട്വോ!'' എന്നുവെച്ചാല്‍, പൂജ നിവേദ്യമില്ലാതെയാണ്, പടച്ചോറുണ്ടാവില്ല, പേരിനു മാത്രം മതി കൊട്ട എന്നുതന്നെ. പുതുതായി വന്ന മാഷ് കുട്ടികളെ അക്ഷരം പഠിപ്പിക്കാന്‍ അഥവാ ശ്രമിച്ചാല്‍ മാനേജര്‍ ഇതു തന്നെ പറയും, ''ബുദ്ധിമുട്ടിച്ചാല്‍ കുട്ടികള്‍ ഡ്രോപ്പാവും, മാഷ്വെ. ച്ചാല്‍, ഡിവിഷന്‍ ഫാളാവും!'' എന്നുവെച്ചാല്‍ കൊടുത്ത കാശ് പാഴാകാതിരിക്കണമെങ്കില്‍ അക്ഷരവടിവൊക്കെ അത്ര മതി എന്ന്.
സ്‌കൂളില്‍ പഠിച്ച മലയാളത്തിന്റെ ബലത്തിലാണ്  മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും പ്രവര്‍ത്തിച്ചത്. ഇവരില്‍ ഓരോരുത്തര്‍ക്കുമുണ്ടാവും  ഓര്‍ക്കാന്‍ ചില ഗുരുനാഥര്‍-അജ്ഞാതര്‍. എന്റെ കാര്യത്തില്‍ തീര്‍ച്ചയായും ഉണ്ട്. അവരുടെ ചുമലിലാണ് എന്റെ നില്പ്. അതിനാല്‍ മലയാളദ്ധ്യാപകരെപ്പറ്റി ആര്‍ പറയുന്ന ഏത് ആക്ഷപവും എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
ഒരു വിദ്യാര്‍ത്ഥി പാഠപുസ്തകം മലര്‍ത്തിവെച്ച് ''തെക്കേത്തലക്കലെ/തൃത്താരിപ്പൂക്കളെ/വാനരനായ/കമ്മാരന്‍ ഒടുക്കിനാന്‍' എന്ന വായിക്കുന്നതു കേട്ടാല്‍ എന്താവും സാക്ഷാല്‍ രാമാനുജനെഴുത്തച്ഛന്റെ പ്രതികരണം? ''കിളിപ്പാട്ടിലെ ഒരു ഭാഗവും ഇനി ഒരു ഗുരുകുലത്തിലും ആരും പഠിപ്പിക്കരുത്'' എന്നാവില്ല, തീര്‍ച്ച. കാരണം, അതു ശരിയായി വായിക്കുന്ന അനേകം പേര്‍ വേറെ ഉണ്ടെന്ന് അദ്ദേഹത്തിനറിയാം. തേങ്ങാക്കുലയില്‍ മാത്രമല്ല, ഗുരുനാഥരിലും 'പേടും കൂരും' ഉണ്ടാകാം!
പാരമ്പര്യമായി കുറേ തെങ്ങിന്‍തോപ്പ്, കൈവശം വന്ന ഒരു മൂപ്പില്‍ നായര്‍ ധാരാളം തെങ്ങിന്‍തൈകള്‍ തമിഴ്നാട്ടിലേയ്ക്ക് കയറ്റിയയക്കുമായിരുന്നു. പേടും കൂരും മുളപ്പിച്ചായിരുന്നു ഇത്. വിളവും തികവുമുള്ള നല്ല തേങ്ങയത്രയും കച്ചവടക്കാര്‍ കൊണ്ടുപോകും. പേടും കൂരും അവര്‍ തെരഞ്ഞുപേക്ഷിക്കും. അതൊക്കെ മൂപ്പില്‍ നായര്‍ പറമ്പില്‍ പരത്തും. മുളച്ചാല്‍ തയ്യായി 'മൂപ്പിലാന്‍ പേടും കൂരും വിത്ത്' എന്ന് നാട്ടിലൊരു ചൊല്ലുണ്ടായി. പോരായ്മകളുടെ ദുരിതങ്ങള്‍ ഏറെ അനുഭവിച്ച ഈ വിത്തുകളുടെ മുളകള്‍ അതിജീവനത്തിന് അതീവ ശക്തങ്ങളാകുമെന്നാണ് മൂപ്പില്‍ നായര്‍ പറഞ്ഞ ന്യായം. ഇതൊക്കെ കൊണ്ടുപൊയി നട്ടവര്‍ പത്തും പതിനഞ്ചും കൊല്ലം പാടുപെട്ട് എന്താണ് കണ്ടെത്തിയതെന്ന് ആരറിഞ്ഞു!
'മെച്ച'മെന്നു കരുതപ്പെടുന്ന തുറകളിലൊന്നും കയറിപ്പറ്റാനാകാതെ വരുമ്പോഴാണ് ചിലരെങ്കിലും ''എങ്കിലിനി പഠിപ്പിക്കാന്‍ നോക്കാം' എന്നു വഴി തിരിയുന്നത്. 'ഇഷ്ടമില്ലാത്ത ആളെ കെട്ടിയ' രുചിക്ഷയം ആജീവനാന്തം നിലനില്‍ക്കുകയും ചെയ്യുന്നു.
എന്റെ കുട്ടിക്കാലത്ത് ഗുരുത്വത്തിനായിരുന്നു  നാട്ടില്‍ ഔന്നത്യം. ലക്ഷപ്രഭുക്കളെപ്പറ്റി മതിപ്പുണ്ടായിരുന്നില്ല: ''ഓ, അയാളുടെ പക്കല്‍ കുറെ പണമുണ്ട്, അതുകൊണ്ടെന്തു വിശേഷം!'' ഈ നിലപാട് തലതിരിഞ്ഞുപോയി. ഉദാഹരണത്തിന്, ഈ അടുത്തകാലത്ത് ഒരു റെയില്‍വെ സ്റ്റേഷനിലിരിക്കെ ഞാനൊരു സംഭാഷണം കേട്ടു.
ഒരു കാരണവര്‍: ''ആട്ടെ, തന്റെ മക്കളുടെ കാര്യമൊക്കെ എന്തായി?''
മറ്റെയാള്‍: ''എനിക്കു രണ്ട് പെണ്‍മക്കളാണെന്നറിയാമല്ലോ. മൂത്തവളുടെ കാര്യം ഏതാണ്ടൊക്കെ പന്തിയായി. അവന്‍ മോട്ടോര്‍ വാഹന വകുപ്പിലാ. രണ്ടാമത്തോളടെ ചുറ്റുവട്ടം അത്ര പോരാ. എന്താ ചെയ്യാ അവള്‍ക്ക് ഒരു മാഷേ മാത്രേ കിട്ടീള്ളൂ!''
ഒരു കാലം മൂന്നരത്തരം: ഭൂമി മലയാളത്തിലെ ഏറ്റവും വാശിയേറിയ പൊതുമത്സരപ്പരീക്ഷ മലയാളാദ്ധ്യാപകനാകാന്‍ വേണ്ടിയുള്ളതാകുന്ന കാലത്ത് അക്ഷരങ്ങള്‍ തികച്ചും അറിയാത്ത ഒരു കുട്ടിയും ഉണ്ടാവില്ല, എങ്ങും!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com