മനുഷ്യത്വത്തിനുള്ള പുരസ്‌കാരം വാങ്ങാന്‍ അവര്‍ ഇപ്പണിയെടുക്കേണ്ടതില്ല

ഇന്ദ്രന്‍സ് എന്ന അഭിനേതാവിന് ഇതില്‍പ്പരം അപമാനമെന്തുണ്ട്. സലിംകുമാറിനെയും വിനായകനെയും സുരഭിയെയും നാമിങ്ങനെ അപമാനിച്ചിട്ടുണ്ട്
മനുഷ്യത്വത്തിനുള്ള പുരസ്‌കാരം വാങ്ങാന്‍ അവര്‍ ഇപ്പണിയെടുക്കേണ്ടതില്ല

വ്യക്തിപരമായ തെരഞ്ഞെടുപ്പുകള്‍ വിയോജിപ്പുകളായി വ്യാഖ്യാനിക്കപ്പെടുമെങ്കിലും ഞാനത് പറയാതിരിക്കില്ല. ജനാധിപത്യത്തില്‍ എന്റെ പ്രധാനമന്ത്രി എന്റെ തെരഞ്ഞെടുപ്പാവണമെന്നില്ല, എന്റെ ജൂറി എന്റെ ജൂറിയാവണമെന്നില്ല. There can be no democracy without dissent, വിയോജിപ്പുകളില്ലാതെന്ത് ജനാധിപത്യം.

ആര്‍ട്ടിസ്റ്റുകളുടെ ഭാഷയിലും ശരീരഭാഷയിലും ദൃശ്യപരിചരണത്തിലും ഉള്ളടക്കത്തിലും
റിയലിസ്റ്റിക്  സെമി റിയലിസ്റ്റിക് സ്വഭാവമുള്ള സിനിമകള്‍ക്ക് കൈയ്യടിച്ച് പോരുന്ന എന്നിലെ പ്രേക്ഷകന് പില്‍ക്കാലങ്ങളിലെ പല മികച്ച ചിത്രങ്ങള്‍ക്കും കൈയ്യടിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പലപ്പോഴും എന്റെ ജൂറി എന്റെ ജൂറിയായിരുന്നില്ല. ഏതാനന്ദത്തിലുമുണ്ട് ഇത്തിരി ബലി എന്ന കെ.ജി.എസിന്റെ ഒരു കവിതയുണ്ട്. അവാര്‍ഡ് ജേതാക്കളായ പ്രിയപ്പെട്ടവരുണ്ടാക്കിയ ആനന്ദത്തിനിടയില്‍ ബലികൊടുക്കേണ്ടി വന്ന ചിലരെക്കുറിച്ച് / ചിലതിനെക്കുറിച്ച് മാത്രമാണീ കുറിപ്പ്. ഇത് തികച്ചും വ്യക്തിപരമാണ്.

2017 ലെ വ്യക്തിപരമായ എന്റെ തെരഞ്ഞെടുപ്പ് മായാനദിയാണ്. 2017 ടൊവിനോ തോമസിന്റെ വര്‍ഷവുമാണ്. അലസനും ലക്ഷ്യബോധമില്ലാത്തവനുമായ കാമുകന്റെ എക്‌സ്ട്രീമായിരുന്നു മായാനദിയിലെ മാത്തന്‍. ഐശ്വര്യലക്ഷ്മിയെ കാണുമ്പോള്‍ ചോദിക്കാന്‍ സൂക്ഷിച്ച ചോദ്യമാണ്, 'അപ്പൂ, അക്കാലങ്ങളില്‍ നിനക്കാരായിരുന്നു മാത്തന്‍?' എന്നത്. ഒരു സ്‌ക്രൂെ്രെഡവര്‍ കൊണ്ട് വൈന്‍കുപ്പി കുത്തിത്തുറക്കാന്‍ നോക്കുന്ന മൂന്ന് പെണ്ണുങ്ങളെ ഇപ്പോഴും എന്റെ മുമ്പിലെന്നപോലെ ഞാന്‍ കാണുന്നുണ്ട്. സമീറ, എത്രയെത്ര സദാചാരഭ്രാന്തിന് മുമ്പിലാണ് ആഷിഖ് അവളെ വെച്ചത്. ഒരടി കൊണ്ട് അവളെ ദീനിയാക്കുന്ന ഇക്കയിലൂടെ കുലപ്പെണ്ണുങ്ങളെ നിര്‍മ്മിക്കുന്ന ആണളവുകളെ മുഴുവന്‍  മതഫണ്ടമെന്റലിസത്തെ മുഴുവന്‍ നാണിപ്പിക്കുന്നുണ്ട് ആഷിഖ് അബു. ഒളിച്ചു കടത്തി മാത്രം ശീലിച്ച രഹസ്യ കാമനകളെ മുഴുവന്‍ ധീരതയോടെ തുറന്ന് വിട്ട മായാനദി തന്നെയാണ് എന്റെ ഇഷ്ടങ്ങളില്‍ ഒരുപടി മേലെ നില്‍ക്കുന്നത്.

മായാനദിയിലെ മാത്തന് മാത്രമല്ല തൊണ്ടിമുതലിലെ കള്ളനും പറവയിലെ ഇമ്രാനും 86 പുതുമുഖങ്ങള്‍ക്കിടയില്‍ നിന്ന് കയറിവന്ന വിന്‍സെന്റ് പെപ്പെക്കും മകന്‍ ആഞ്ജനേയ ദാസിനെ ഗുസ്തി പഠിപ്പിക്കുന്ന ഗോദയിലെ ക്യാപ്റ്റനും അങ്ങനെ പലര്‍ക്കും ഞാന്‍ കയ്യടിച്ചിട്ടുണ്ട്. ഇന്ദ്രന്‍സ് ചേട്ടന്റെ പടം പക്ഷേ കണ്ടിട്ടില്ല. കാണണം, ഇതുക്കും മേലെയെങ്കില്‍ കൈയ്യടിക്കും  2017 ലെ മികച്ച നടന്‍ ഇന്ദ്രന്‍സ് ചേട്ടനാണെന്ന് പറയും.

'നിങ്ങളെന്ത് കോത്തായത്തെ ഞായമാണീ പുലമ്പുന്നത്, ഇന്ദ്രന്‍സ് മികച്ച നടനാണോയെന്നറിയാന്‍ പടം കാണണോ?' എന്ന് ചോദിച്ചു കളയരുത്. ഇന്ദ്രന്‍സ് ഗംഭീര നടനാണെന്ന കാര്യത്തില്‍ ആര്‍ക്കാണ് തര്‍ക്കമുള്ളത്, 2017 ലെ മികച്ച നടനായിരുന്നോ എന്നാണ് കണ്ടുറപ്പിക്കുമെന്ന് പറഞ്ഞത്. അലമാരയിലെ ശ്രീരാമ ഷെട്ടി മുതലിങ്ങോട്ട് 2017 ല്‍ കണ്ട ഇന്ദ്രന്‍സ് ചേട്ടന്റെ പടങ്ങളില്‍ മികച്ച പെര്‍ഫോമന്‍സ് കണ്ടത് പറവയിലും ഗോഡ്‌സെയിലുമാണ്. 2016 ലേക്ക് മടങ്ങിയാല്‍ അക്കൊല്ലത്തെ മികച്ച നടന്മാരിലൊരാള്‍ ജൂറി കണ്ടെത്തിയ വിനായകന്‍ തന്നെയായിരുന്നു. പക്ഷേ പ്രതികാരദാഹിയായ മഹേഷ് ഭാവന അതിനൊപ്പമോ അതിനും മേലെയോ നില്‍ക്കുന്നതായി തോന്നിയിരുന്നുവെന്ന് സമ്മതിക്കാതെ വയ്യ. അതുകൊണ്ട് ഇന്ദ്രന്‍സ് ചേട്ടനെയല്ല ആരെയായാലും, കണ്ടില്ലെങ്കില്‍ കാണണം. ഇഷ്ടമായാല്‍ അത് പറയുകയും വേണം, ഇഷ്ടമായില്ലെങ്കിലും. അതാണ് നീതി.

കാണലവിടെ നില്‍ക്കട്ടെ, അവാര്‍ഡിന്റെ മൂല്യമുയര്‍ന്നില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. അവാര്‍ഡിന്റെ മൂല്യമുയര്‍ത്താനല്ല അവാര്‍ഡ്. 2018 ലെ മികച്ച നടനുള്ള അവാര്‍ഡ് രാജന്‍.പി.ദേവിനോ നരേന്ദ്രപ്രസാദിനോ കൊടുത്ത് അവാര്‍ഡിന്റെ മൂല്യം ഒന്നുയര്‍ത്തിക്കളയാം എന്ന് ചിന്തിക്കാനൊക്കുമോ ? അക്കൊല്ലത്തെ പടങ്ങളെ വിലയിരുത്തി  അഭിനയ പാടവം നോക്കി മാത്രം തീരുമാനിക്കേണ്ടതാണത്. മുമ്പഭിനയിച്ചതോ അഭിനയിക്കാന്‍ പോകുന്നതോ ആയ വേഷങ്ങളോട് അത് കടപ്പെട്ടിരിക്കരുത്. മികച്ച നടനുള്ള അവാര്‍ഡ് ചിലര്‍ക്ക് ലഭിക്കുമ്പോള്‍ അഭിനയത്തിന് കിട്ടിയ അംഗീകരമാണതെന്ന് സമ്മതിക്കാനാകാത്ത വരേണ്യ ഉള്ളം നമുക്കുണ്ട് എന്നതാണ് സത്യം, അവരാണീ മൂല്യവാദത്തിന് പിന്നില്‍. മറ്റെന്തിനൊക്കെയോ കിട്ടിയ അംഗീകാരമാണിതെന്ന വാദങ്ങള്‍ അവര്‍ നിരത്തുന്നത് അതുകൊണ്ടാണ്. അവാര്‍ഡ് ജേതാവ് ഒരു താരമാണെങ്കില്‍ പരാമര്‍ശിക്കപ്പെടുന്ന പടത്തിലെ കഥാപാത്രത്തെ മാത്രം വാഴ്ത്തുന്നവരാണവര്‍. ഇതര ന്യായീകരണങ്ങള്‍ തേടിപ്പരക്കംപായാന്‍ അപ്പോഴവര്‍ മുതിരാറില്ല. എന്നിട്ടോ, മാടമ്പള്ളിയിലെ അന്ധനായ താരാരാധകന്‍ താനാണെന്ന് തിരിച്ചറിയാതെ സ്വന്തം രോഗം മറ്റുള്ളവരില്‍ ആരോപിക്കുന്ന കളികളില്‍ ഏര്‍പ്പെട്ടുകയും ചെയ്യും.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്നലെ പ്രഖ്യാപിച്ചത് മുതലിങ്ങോട്ട് കാണുന്ന കമന്റുകള്‍ മുഴുവനും താരരാജക്കന്മാരില്‍ നിന്ന് പാവം മനുഷ്യര്‍ക്ക് / നല്ല മനുഷ്യര്‍ക്ക് അവാര്‍ഡ് കിട്ടിത്തുടങ്ങി  അവാര്‍ഡിന്റെ മൂല്യം കൂടി എന്നൊക്കെയാണ്. ഇന്ദ്രന്‍സ് എന്ന അഭിനേതാവിന് ഇതില്‍പ്പരം അപമാനമെന്തുണ്ട്. സലിംകുമാറിനെയും വിനായകനെയും സുരഭിയെയും നാമിങ്ങനെ അപമാനിച്ചിട്ടുണ്ട്. മനുഷ്യത്വത്തിനുള്ള പുരസ്‌കാരം വാങ്ങാന്‍ അവര്‍ ഇപ്പണിയെടുക്കേണ്ടതില്ല. ഇത് നല്ല മനുഷ്യര്‍ക്കോ രാഷ്ട്രീയ ബോധ്യമുള്ളവര്‍ക്കോ ഒന്നുമുള്ള അവാര്‍ഡല്ല. നമുക്കും നമ്മളെ ഭരിക്കുന്ന ജൂറിക്കും ആ ബോധ്യം ഉണ്ടാവേണ്ടതുണ്ട്.

പറവയിലെ ഇപ്പാച്ചിയും ഹസീബും ഞെട്ടിച്ച പോലെ രക്ഷാധികാരി ബൈജുവിലെ കുഞ്ഞുങ്ങള്‍ എന്നെ ഞെട്ടിച്ചിട്ടില്ല. ടീസറോ ട്രെയിലറോ ഒരു പാട്ട്‌പോലുമോ കാണിച്ച് മോഹിപ്പിക്കാതെ പറവകളെയും രണ്ട് പിള്ളാരെയും കൊണ്ട് സൗബിന്‍ വന്ന വരവ് എന്തൊരു വരവായിരുന്നു. ആ കുട്ടികള്‍ ക്ലാസില്‍ തോറ്റപ്പോള്‍, ആര്‍ട്ടിസ്റ്റ് ബേബി പറഞ്ഞ ഡയലോഗാണ് പ്രേക്ഷകര്‍ വീണ്ടും സൗബിനോട് പറഞ്ഞത്, 'എന്റെ പൊന്നു നായിന്റെ മോനേ കരയിക്കാതെടാ' എന്ന്. ഒറ്റ സീനില്‍ ക്ലാസ് റൂമില്‍ വന്ന് പോയ ടീച്ചര്‍ പോലും എന്തൊരു ടീച്ചറായിരുന്നു. നമ്മുടെ ഹൃദയമിടിപ്പ് പോലും നിയന്ത്രിച്ചിട്ടുണ്ട് ഇപ്പാച്ചിയും ഹസീബും. അവരുടെ രക്ഷാധികാരികള്‍ അവരെ ആദരിക്കാന്‍ ജാഗ്രത കാട്ടാഞ്ഞതെന്താവും ! ഉദാഹരിക്കാന്‍ സുജാതയുടെ മകളെപ്പോലെ ഇനിയും കുഞ്ഞുങ്ങളില്ലാഞ്ഞിട്ടല്ല, അത് വിടാം കുഞ്ഞുങ്ങളല്ലെ, മുതിര്‍ന്നവരിലേക്ക് തല മൂത്തവരിലേക്ക് തിരിച്ചുവന്നവസാനിപ്പിക്കാം.

'നെഞ്ചില്‍ ഈ നെഞ്ചില്‍' എന്ന് തുടങ്ങുന്ന വിനായക് ശശികുമാര്‍ എഴുതിയ പറവയിലെ പാട്ടോര്‍മ്മയില്ലേ, റെക്‌സ് വിജയന്‍ പാടിയ പാട്ട്? എനിക്കിപ്പഴുമറിയില്ല ആരാണ് അങ്കമാലിയിലെ 'തിയ്യാമേ' എഴുതിയതെന്ന്. എന്തൊരു പാട്ടാണത് ! ഹരിനാരായണന്‍ എഴുതിയ എസ്രയിലെ 'പാടുന്നു പ്രിയരാഗങ്ങള്‍', ആദം ജോണിലെ 'ഈ കാറ്റ് വന്ന് കാതില്‍ പറഞ്ഞു' എന്നിവ 2017 ലെ പാട്ടുകളാണ്. ജിമിക്കി കമ്മലിലൂടെ ആഘോഷിക്കപ്പെട്ട 2017 ല്‍ തന്നെയാണ് ഷാന്‍ റഹ്മാന്‍ ഗോദയില്‍ മനു മഞ്ജിത്ത് എഴുതിയ 'ആരോ നെഞ്ചില്‍ മഞ്ഞായി പെയ്യുന്നു' എന്ന പാട്ടൊരുക്കുന്നതും. ClA യിലേയും തൊണ്ടിമുതലിലേയും ജോമോന്റെ സുവിശേഷങ്ങളിലെയും റഫീക്ക് അഹമ്മദിന്റെ പാട്ടുകളും 2017 പാടി നടന്നവയാണ്. ചിപ്പിയിലെ രമേഷ് കാവിലിന്റെ 'കടല്‍ ശംഖിനുളളില്‍ ഞാന്‍ ജലമൗനമായ്' എന്ന പാട്ടിലെ വരികള്‍ക്ക് എന്തൊരു ഭംഗിയായിരുന്നു. ഞണ്ടുകളിലേയും സോളോയിലേയും വല്ലാതെ വാഴ്ത്തുന്നുവെന്ന പഴി ഭയന്ന് ഞാനെടുത്ത് പറയാതെ വിട്ടുകളയുന്ന മായാനദിയിലേയും വരികളെ പ്രഭാവര്‍മ്മ തോല്‍പ്പിച്ചതെങ്ങനെയെന്ന ചോദ്യത്തിന്റെ ഉത്തരം ക്ലിന്റിലെ അദ്ദേഹത്തിന്റെ മികച്ച പാട്ടില്‍ തന്നെയുണ്ട്. 
'ചീറിവരും ചെമ്പുലിയെ ചുണ്ടെലിയാക്കാം
വീശിവരും വെള്ളിവാല് വെള്ളരിയാക്കാം
ചന്ദ്രബിംബമിങ്ങെടുത്ത് ചേമ്പിലയാക്കാം' 
ജൂറിയെവിടെ, ഛെ ! കോറസെവിടെ, 
ഒരു ടെയ്ക്ക് കൂടെ പോവാം ല്ലേ?

വണ്‍, ടു, ത്രീ .. 
ചീറി വന്ന ചെമ്പുലികള്‍ ചുണ്ടെലിയായി
ചന്ദ്രബിംബമിങ്ങെടുത്ത് ചേമ്പിലയാക്കി. 
സംഗതിയൊക്കെ ജോറായിട്ടുണ്ട്, എങ്കിലും മട്ടാഞ്ചേരിയിലെ കുടുസ്സുനിലങ്ങളില്‍ നിന്ന് അതിരുകളില്ലാത്ത ആകാശത്തേക്ക് പറവകള്‍ക്കൊപ്പം പറന്ന ലിറ്റില്‍ സ്വയമ്പിന്റെ ക്യാമറയെ, പ്രാവുകളെ കൊണ്ടു പോലും അഭിനയിപ്പിച്ച സൗബിന്‍ ഷാഹിറിനെ, മായാനദിയിലെ അപ്പുവിനെ, സമീറയെ, അങ്കമാലിയിലെ ലിച്ചിയെ, അപ്പാനി രവിയെ, യു  ക്ലാമ്പ് രാജനെ, കുഞ്ഞൂട്ടിയെ, ഏദനിലെ മാലിനിയെ, തൊണ്ടിമുതലിലെ പ്രസാദിനെയും ശ്രീജയെയും, ഗോദയിലെ അതിഥിയെ, ടെയ്ക്ക് ഓഫിലെ ജിന്‍സിയെ, വര്‍ണ്യത്തിലാശങ്കയിലെ സുരാജിന്റെ ദയാനന്ദനെ അങ്ങനെ പലരെയും മിസ്സ് ചെയ്യുന്നു. ഇതൊരു രോഗമാണോ സര്‍ ?

(ഫെയ്‌സ്ബുക്കില്‍ കുറിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com