'പാര്‍ട്ടി കോര്‍പ്പറേറ്റ് സ്ഥാപനമായി, മാനിഫെസ്റ്റോ പഴമൊഴിയും'

മാനുഷികമൂല്യങ്ങളും രാഷ്ട്രീയാനുഭവങ്ങളും ചരിത്രവും ഇഴചേര്‍ന്ന് കാലാതിവര്‍ത്തിയായ രചനയായി മാറിയ, എം. സുകുമാരന്റെ ശേഷക്രിയയുംഎഴുത്തുകാരന്റെ ജീവിതവും കൂട്ടിവായിക്കുമ്പോള്‍
'പാര്‍ട്ടി കോര്‍പ്പറേറ്റ് സ്ഥാപനമായി, മാനിഫെസ്റ്റോ പഴമൊഴിയും'

മാനുഷികമൂല്യങ്ങളും രാഷ്ട്രീയാനുഭവങ്ങളും ചരിത്രവും ഇഴചേര്‍ന്ന് കാലാതിവര്‍ത്തിയായ രചനയായി മാറിയ, എം. സുകുമാരന്റെ ശേഷക്രിയയുംഎഴുത്തുകാരന്റെ ജീവിതവും കൂട്ടിവായിക്കുമ്പോള്‍

1979-ലാണ് എം. സുകുമാരന്റെ 'ശേഷക്രിയ പുസ്തകരൂപത്തിലിറങ്ങുന്നത്. അന്നേവരെ മലയാളത്തിന് അനുശീലമല്ലാത്ത ഒരു കഥപറച്ചിലായിരുന്നു അത്. ആധുനികതയില്‍ നിന്ന് ഭാവാത്മക റിയലിസത്തിലേയ്ക്കുള്ള ഒരു തുറന്നെഴുത്തായിരുന്നു ആ നോവല്‍. ആധുനികതയില്‍നിന്ന് വിമുക്തമായ പുതിയ രീതികള്‍ പരീക്ഷിക്കുന്ന ഒരുപാടു പുതിയ എഴുത്തുകാരുടെ തട്ടകമായിരുന്നു അന്ന് മലയാളകഥ. പട്ടത്തുവിള കരുണാകരന്‍, യു.പി. ജയരാജ്, എം. സുകുമാരന്‍, സി.ആര്‍. പരമേശ്വരന്‍, പി.കെ. നാണു തുടങ്ങിയവരായിരുന്നു അതിന്റെ പ്രധാന പ്രയോക്താക്കള്‍. മുതലാളിത്തത്തിന്റേയും സാമ്രാജ്യത്വത്തിന്റേയും പ്രതിഭാസങ്ങളെ പ്രതിരോധിക്കാനും വിശകലനം ചെയ്യാനും എന്നും കരുത്തുള്ള മാര്‍ക്‌സിസം എന്ന സമഗ്രദര്‍ശനം ഇവരിലൂടെ ഫലപ്രാപ്തിയിലെത്തി.

ആഖ്യാനപരമായ ലാളിത്യവും സാമൂഹിക വൈരുദ്ധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ പരമ്പരാഗതമായി കൈവന്നിട്ടുള്ള വിഭവശേഷിയും പ്രമേയത്തില്‍നിന്ന് വിട്ടുനിര്‍ത്തി അതിനെ വസ്തുനിഷ്ഠവല്‍കരിക്കുകയായിരുന്നു അവരില്‍ പലരും. അതുവഴി അനുവാചകന് അവന്റെ തന്നെ ജീവിതാവസ്ഥയേയും അവനുള്‍പ്പെട്ട രാഷ്ട്രീയ പരിതോവസ്ഥകളെയും ബോദ്ധ്യപ്പെടുത്തിക്കൊടുക്കുകയായിരുന്നു.
 
വര്‍ത്തമാനാവസ്ഥയിലുള്ള നമ്മുടെ രാഷ്ട്രീയ വിപര്യയങ്ങളെ തുറന്നുകാട്ടുന്നതോടൊപ്പം കേവലമായ തലത്തില്‍നിന്ന് പ്രത്യയശാസ്ത്രാവബോധത്തെ അനുഭവയാഥാര്‍ത്ഥ്യമാക്കി പരിവര്‍ത്തിപ്പിക്കുകയായിരുന്നു 'ശേഷക്രിയയിലൂടെ എം. സുകുമാരന്‍ ചെയ്തത്. അതിന്റെ പ്രവചനാത്മകമായ വിധിനിര്‍ണയം ഇന്നും പ്രസക്തമായിത്തന്നെ നമ്മുടെ സമകാലിക ജീവിതത്തില്‍ അലയടിക്കുന്നുണ്ട്. ഇത് യാദൃച്ഛികമായി സംഭവിക്കുന്നതല്ല. 

കാലഘട്ടം ആവശ്യപ്പെടുന്ന മാനവികത എഴുത്തുകാരന്‍ സ്വയം മനസ്സിലാക്കുന്ന മാര്‍ഗങ്ങളിലൂടെ പ്രകാശിപ്പിക്കുന്ന ഒരു വഴിവിളക്കല്ല ആശയപരമായി മാനവികതയിലൂന്നിയ സമത്വവാദം ഒരു സ്വതന്ത്രചിന്തയായി ചുമക്കാന്‍ വിധിക്കപ്പെട്ട എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അതുയര്‍ത്തിപ്പിടിക്കാതെ വയ്യ. പ്രതിലോമകാരികളായ അധികാരശക്തികളെ ചെറുത്തുതോല്പിക്കുന്ന, വിപഌവകാരികളുടെ വളര്‍ച്ചയെ ആശയപരമായും വിമര്‍ശനപരമായും പരിവര്‍ത്തനം ചെയ്യപ്പെടേണ്ടുന്ന ഒരു സ്ഥിതി സംജാതമായപ്പോഴാണ് 'ശേഷക്രിയ പോലുള്ള ഒരു കൃതി മലയാളത്തിലുണ്ടാവുന്നത്. ആത്മവിശകലനത്തിന്റെ വൃദ്ധിക്ഷയങ്ങളല്ല, ഒരു വിപഌവകാരിയില്‍നിന്നു പകര്‍ന്നുകിട്ടിയ സഹജാവബോധമാണ് സത്യസന്ധമായി ഇതില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്. 

കമ്യൂണിസ്റ്റ് ഭരണകൂടസംസ്ഥാപനവും പീഡനങ്ങളും രാഷ്ട്രീയാനുഭവങ്ങളും പ്രശ്‌നവല്‍കരിച്ചിട്ടുള്ള രചനകള്‍ മലയാളത്തില്‍ അധികമുണ്ടായിട്ടില്ല. ആ അര്‍ത്ഥത്തില്‍ ആത്മപരിശോധനയിലൂടെ ചരിത്രവും മാനുഷികമൂല്യങ്ങളും രാഷ്ട്രീയാനുഭവങ്ങളും വേര്‍തിരിച്ചുനോക്കാന്‍ ഭാവിയെ സജ്ജമാക്കുന്ന കാലാതിവര്‍ത്തിയായ ഒരു രചനയായി 'ശേഷക്രിയ മാറുന്നു.

പാര്‍ട്ടിവിരുദ്ധ രോഗാണുക്കള്‍

'ശേഷക്രിയയിലെ പ്രധാന കഥാപാത്രമായ കുഞ്ഞയ്യപ്പന്‍ പാര്‍ട്ടിയുടെ അച്ചടക്കവും കൂറും ലംഘിക്കാതെ തന്നെ പാര്‍ട്ടി നേതൃത്വത്തിന് എഴുതിയ ആത്മഹത്യാക്കുറിപ്പ് ഇപ്രകാരമാണ്: ''കേന്ദ്രകമ്മിറ്റിയുടെയോ പോളിറ്റ്ബ്യൂറോയുടെയോ അടിയന്തരശ്രദ്ധയ്ക്ക്. കേന്ദ്രകമ്മിറ്റി, സംസ്ഥാനകമ്മിറ്റി വഴി അയച്ച എഴുത്ത് ജില്ലാസെക്രട്ടറി മുഖാന്തിരം എനിക്കു കിട്ടി. വരാന്‍ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ തിരക്കിനിടയിലും എന്റെ കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനമെടുത്തു എന്നറിഞ്ഞതില്‍ എനിക്കുള്ള നന്ദി ഞാനിവിടെ രേഖപ്പെടുത്തട്ടെ. അച്ചടക്കബോധമുള്ള അല്ലെങ്കില്‍ അച്ചടക്കത്തെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരു പാര്‍ട്ടി മെമ്പര്‍ എന്ന നിലയില്‍ ഞാന്‍ കേന്ദ്രകമ്മിറ്റിയുടെ അന്തിമതീരുമാനം പൂര്‍ണമനസ്സോടെ അംഗീകരിക്കുന്നു. ഞാന്‍ ഇനിയും എത്രയോ തിരുത്തേണ്ടതുണ്ട്. പി.എന്‍. പറഞ്ഞതുപോലെ ഞാന്‍ ഒരു റൊമാന്റിക് റെവല്യൂഷണറിയായി അധ:പതിച്ചിരിക്കുകയാണ്. ഈ വിധത്തില്‍ പോയാല്‍ ഞാന്‍ ചെന്നുനില്‍ക്കുന്ന സ്ഥലം കണ്ടറിയേണ്ടിയിരിക്കുന്നു'' എന്ന് അദ്ദേഹം പ്രവചിച്ചത് എത്രമാത്രം ദീര്‍ഘവീക്ഷണത്തോടെയാണ്. ഒരു പാര്‍ട്ടി വിരുദ്ധനാവുക എന്നുവെച്ചാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരു ഭ്രാന്തനാവുക എന്നാണര്‍ത്ഥം. എന്റെ പാര്‍ട്ടി ബ്രാഞ്ചില്‍ ഞാനൊഴികെയുള്ളവരെല്ലാം പാര്‍ട്ടി വിട്ടിരിക്കുകയാണ്. ഞാനാവട്ടെ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ഒരു ചെറിയകാര്യം എനിക്കു ബോധിപ്പിക്കാനുണ്ട്. ഉദാഹരണ സഹിതം തന്നെ തുടരാന്‍ എന്നെ അനുവദിച്ചാലും. നമ്മുടെ ശരീരത്തിലെ പ്രതിരോധശക്തിയാണല്ലോ രോഗാണുക്കളുടെ ആക്രമണത്തില്‍നിന്നും നമ്മെ കാത്തുസൂക്ഷിക്കുന്നത്. 

എന്റെ പാര്‍ട്ടിക്കൂറും അച്ചടക്കബോധവും ഈ പ്രതിരോധശക്തികളെ പ്രതിനിധീകരിക്കുന്നു. പക്ഷേ, നിര്‍ഭാഗ്യം എന്നുതന്നെ പറയട്ടെ, ഭക്ഷണക്കുറവുമൂലവും കാലാകാലങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്താത്തതിനാലും എന്നിലെ പ്രതിരോധശേഷി അനുദിനം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിവിരുദ്ധ രോഗാണുക്കള്‍ സംഘടിതമായി ഒരാക്രമണം നടത്തിയാല്‍ ഞാനൊരു രോഗിയായിത്തീരും. ഒരുകാര്യം ഞാന്‍ കേന്ദ്രകമ്മിറ്റിക്ക് ഉറപ്പുതരുന്നു. ഒരു മഹാരോഗിയായി, പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍ മന:പൂര്‍വം പൊതിഞ്ഞുകെട്ടാതെ ചലവും ചോരയുമൊലിപ്പിച്ച് വിധിവൈപരീത്യത്തിന്റെ മരണഭീതിയുളവാക്കുന്ന കീര്‍ത്തനങ്ങള്‍ പാടി പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും അടങ്ങുന്ന അതിവിശാലവും ബൃഹത്തുമായ ഈ പുണ്യഭൂമിയില്‍ അലഞ്ഞുതിരിഞ്ഞ് മറ്റാര്‍ക്കും ഞാന്‍ എന്റെ രോഗം പകര്‍ത്തില്ല. എന്റെ കുടിലിനു പിറകിലുള്ള മാവും ആ ഊഞ്ഞാല്‍ക്കയറും ഇക്കാര്യത്തില്‍ ഇന്നു പുലരുംമുമ്പെ എന്നെ സഹായിക്കും.

എന്റെ ചില അന്തിമാഭിലാഷങ്ങള്‍ കൂടി ഇവിടെ രേഖപ്പെടുത്തി ഈ കുറിപ്പവസാനിപ്പിക്കട്ടെ. ഒന്നാമതായി എന്റെ ശവകുടീരപ്പലകയില്‍ ഇത്രയും എഴുതിവയ്ക്കണം. അച്ചടക്കത്തിനായി ആത്മത്യാഗം വരിച്ച ഒരു മഹാത്മാവ് ഇവിടെ അന്ത്യനിദ്ര കൊള്ളുന്നു. ഒരു പൂവിതള്‍ നുള്ളിയിട്ടുപോലും ആ ഉറക്കത്തിന് ഭംഗം വരുത്തരുത്. രണ്ടാമത്തെ കാര്യം എന്റെ മരണശേഷം എന്റെ ഭാര്യയ്ക്കും മകനുമായി ഒരു കുടുംബസഹായ ഫണ്ട് പതിവുപോലെ പാര്‍ട്ടി പിരിച്ചുണ്ടാക്കുമെന്നും അതില്‍ പകുതിസംഖ്യ ഒരു സ്ഥിരംനിക്ഷേപമായി മാസംതോറും ചുരുങ്ങിയത് ആയിരം രൂപയെങ്കിലും പലിശയിനത്തില്‍ കിട്ടാനുള്ള ഏര്‍പ്പാട് പാര്‍ട്ടി ചെയേ്തക്കുമെന്നുള്ള കാര്യത്തില്‍ എനിക്കൊട്ടുംതന്നെ സംശയമില്ല. 

ജീവിതവും ദര്‍ശനവും

അവര്‍ക്കൊരു വീടുവച്ചുകൊടുക്കുമ്പോള്‍ സ്ഥലം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ കുഞ്ഞയ്യപ്പന്‍ കുടുംബസഹായഫണ്ട് കമ്മിറ്റിക്കാരോട് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശം കൊടുക്കണം. ആ വീടിന്റെ മട്ടുപ്പാവിലിരുന്നാല്‍ നാറുന്ന ചേരിപ്രദേശങ്ങളോ അഴുക്കുപുരണ്ട അഗതിമന്ദിരങ്ങളോ തൊഴിലാളികളുടെ ചെറ്റക്കുടിലുകളോ കാണരുത്. കൊച്ചുനാണു എന്റെ മകനാണ്. നിത്യദാരിദ്ര്യത്തിന്റെ പുകയാത്ത അടുപ്പുകള്‍ തേടി അവനിറങ്ങിപ്പോയെന്നുവരാം. അത് അവനെ ചിന്തിപ്പിക്കാനും ചിലതൊക്കെ പ്രവര്‍ത്തിപ്പിക്കാനും പ്രേരിപ്പിച്ചുകൂടായ്കയില്ല. അവന്‍ എന്നെപ്പോലെ ഒരു റൊമാന്റിക് റവല്യൂഷണറിയായിത്തീരാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. ചരിത്രം ആവര്‍ത്തിക്കരുതല്ലോ
ശേഷക്രിയ/പുറം 59 (9-ാം പതിപ്പ്)

കുഞ്ഞയ്യപ്പന്‍ എന്ന ദളിതന്‍ തന്റെ പാര്‍ട്ടിബന്ധം ഭൗതികസാഹചര്യങ്ങളുടെ എല്ലാ തിരിച്ചടികള്‍ സഹിച്ചും അതുവരെ നിലനിര്‍ത്തിയതു കേവലമായ സ്വാര്‍ത്ഥലാഭങ്ങള്‍ക്കു വേണ്ടിയല്ലെന്ന് ഇതിലൂടെ നാം മനസ്സിലാക്കുന്നു. തൊഴിലാളിവര്‍ഗ സര്‍വാധിപത്യ വ്യവസ്ഥിതിയിലെ ഒരു അടിസ്ഥാനവര്‍ഗ വ്യവഹാരി എന്ന നിലയില്‍ തന്റെ പാര്‍ട്ടിചിന്തകളെ ആത്മബലിയിലൂടെ സംസ്‌കരിക്കുക മാത്രമല്ല കുഞ്ഞയ്യപ്പന്‍ ചെയ്യുന്നത്. അതിലുപരി വര്‍ഗചിന്തകളിന്മേലുള്ള പാര്‍ട്ടിസ്വത്വം വിമര്‍ശനാധിഷ്ഠിതമായി തുറന്നുകാട്ടുന്ന പ്രതിവ്യവഹാരം കൂടിയാണ് നടത്തുന്നത്. ഇത് അസ്വാഭാവികമായ അച്ചടക്കലംഘന നടപടിയായി കാണുന്നതിലാണ് വ്യവസ്ഥാപിത നേതൃത്വത്തിന്റെ എക്കാലത്തേയും പതിവ്. താന്‍ അഭിമുഖീകരിക്കുന്ന കാലത്തിന്റെയും ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും തിക്തയാതനകളും വിശ്വാസപ്രമാണങ്ങളും അഗാധമായ ആത്മസ്പര്‍ശത്തോടെ അക്ഷരങ്ങളില്‍ ജ്വലിപ്പിച്ചപ്പോഴാണ് 'ശേഷക്രിയ' സാധ്യമായത്. 

ശേഷക്രിയ' പുറത്തുവന്നതോടെ എം. സുകുമാരനുമായുള്ള പാര്‍ട്ടിബന്ധം ശിഥിലമായി. നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കണമെന്നുള്ള ആവശ്യം പല നേതാക്കളില്‍ നിന്നും ഉയര്‍ന്നു. 'കലാകൗമുദി' വാരികയുടെ അന്നത്തെ പത്രാധിപരായിരുന്ന എസ്. ജയചന്ദ്രന്‍ നായരുടെ തന്റേടം ഒന്നുകൊണ്ടുമാത്രമാണ് പ്രസിദ്ധീകരണം തുടര്‍ന്നത്. അതോടെ എം. സുകുമാരനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുകയായിരുന്നു. 

'ശേഷക്രിയ' എഴുതിയതുകൊണ്ട് പാര്‍ട്ടിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും അതില്‍ സൂചിതമായ പ്രധാനവിഷയം എക്കാലവും മാനവികതയില്‍ ഊന്നിനില്‍ക്കുന്നതാണെന്നും അതില്‍നിന്ന് ഒരു പാഠവും പാര്‍ട്ടിയുടെ പില്‍ക്കാല നേതൃത്വം പഠിച്ചിട്ടില്ലെന്നും സുകുമാരനറിയാം. തന്റെ ജീവിതവും ദര്‍ശനവും ശക്തിയും ദൗര്‍ബല്യവും എല്ലാം തന്റെ ആ രചനയിലുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മാര്‍ക്‌സിസത്തില്‍നിന്ന് മറ്റേതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിലേക്കും അദ്ദേഹം മാറിപ്പോയിട്ടില്ല. എഴുപതുകളില്‍ പ്രത്യക്ഷപ്പെട്ട നക്‌സലിസത്തിലേക്ക് മനസ്സ ആകര്‍ഷിക്കപ്പെട്ടിരുന്നു എന്നതു സത്യം. പരാജയപ്പെട്ട ആ പ്രസ്ഥാനത്തിനുവേണ്ടി യാതൊരു ത്യാഗവും താന്‍ ചെയ്തിട്ടില്ലെന്നും അതിന്റെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും ഇടയില്‍ ഒരിടത്തും തന്റെ സാന്നിദ്ധ്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പക്ഷേ, ആ കാലഘട്ടം പകര്‍ന്നു നല്‍കിയ ഊര്‍ജത്തില്‍നിന്നും ഉടലെടുത്തവയാണ് തന്റെ മിക്ക രചനകളെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. (എം. സുകുമാരന്റെ 'എന്റെ പ്രിയപ്പെട്ട കഥകള്‍' എന്ന പുതിയ സമാഹാരത്തിന് എഴുതിയ ആമുഖക്കുറിപ്പില്‍.) 

സമത്വമെന്നത് ഒരു മിഥ്യയാണ്

ഇന്നത്തെ സമകാലിക രാഷ്ട്രീയ കാലാവസ്ഥയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അതിന്റെ സംഘടനാ നേതൃത്വവും കടുത്ത വിമര്‍ശനമേല്‍ക്കുമ്പോള്‍ മൂന്നരപതിറ്റാണ്ട് മുമ്പ് രചിക്കപ്പെട്ട 'ശേഷക്രിയ'യില്‍ ഇത്തരം ഒരു അപചയത്തെ ദീര്‍ഘദര്‍ശനം ചെയ്ത എം. സുകുമാരനുമായി ഒരു അഭിമുഖത്തിനു വേണ്ടിയാണ് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നത്. എം.സുകുമാരനെ ഇതിനുമുമ്പ് നേരില്‍ കണ്ടിട്ടില്ല. കഥകളില്‍ വായിച്ചറിഞ്ഞ എഴുത്തുകാരനെക്കുറിച്ചുള്ള ഒരു സ്വരൂപം മനസ്സിലുണ്ടായിരുന്നുവെന്നുമാത്രം. പുസ്തക പ്രസിദ്ധീകരണം സംബന്ധിച്ച ഫോണ്‍കോളുകളിലൂടെയാണ് ആദ്യമായി അദ്ദേഹത്തെ പരിചയപ്പെടുന്നത്. വീട്ടിലേക്കു ചെല്ലുമ്പോള്‍ കൈയില്‍ എം. സുകുമാരന്റെ 'എന്റെ പ്രിയപ്പെട്ട കഥകള്‍' എന്ന സമാഹാരത്തിന്റെ ഓതേഴ്‌സ് കോപ്പികളുമുണ്ടായിരുന്നു.
 
ഔപചാരികതയുടെ ഒരു ഔചിത്യവും പുലര്‍ത്താതെതന്നെ മനസ്സില്‍ കരുതിയ ഒരു ചോദ്യവുമായാണ് ആ അപരാഹ്നത്തില്‍ എം. സുകുമാരനെ ഞാന്‍ നേരിടുന്നത്. സ്വന്തം അടുപ്പിലിഴയുന്ന ദാരിദ്ര്യത്തിന്റെ ചേരപ്പാമ്പുകളെ ശ്രദ്ധിക്കാതെ വളര്‍ന്ന ആളായിരുന്നു കുഞ്ഞയ്യപ്പന്‍. ശേഷക്രിയയിലെ കുഞ്ഞയ്യപ്പനും ജീവിച്ചിരിക്കുന്ന എം. സുകുമാരനും തമ്മിലുള്ള വൈയക്തികബന്ധം എന്തായിരുന്നു?
ബന്ധം എന്തായിരുന്നു?''കുഞ്ഞയ്യപ്പനില്‍ ഏറെക്കുറെ എന്റേതന്നെ ആത്മാംശം ഉണ്ടായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, കുഞ്ഞയ്യപ്പന്‍ എന്നൊരാളെ എനിക്ക് നേരിട്ടറിയാം. പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും ത്യാഗം സഹിക്കുന്നതിലും പോരാട്ടങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും കാര്യമായി പങ്കാളിത്തമുണ്ടായിരുന്നു കുഞ്ഞയ്യപ്പന്. പ്രസ്ഥാനത്തില്‍നിന്നു തനിക്കുണ്ടായ തിക്താനുഭവങ്ങള്‍കൊണ്ട് ഒടുക്കം അയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 
എനിക്ക് അയാളുമായി നേരിട്ടിടപഴകുന്നതില്‍ അക്കാലത്തു പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. ദളിതരുടെ ഇടയിലായിരുന്നു അയാളുടെ പ്രവര്‍ത്തനമേഖല. അതിലയാള്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിരുന്നു. പിന്നെപ്പിന്നെ 'ശേഷക്രിയയില്‍ ഞാനെഴുതിയതുപോലെ സമത്വമെന്നത് ഒരു മിഥ്യയാണെന്ന് പിന്നീടയാള്‍ തിരിച്ചറിയുകയായിരുന്നു. നിങ്ങളല്ല ദൈവംതമ്പുരാന്‍ വിചാരിച്ചാല്‍പോലും ആ അന്തരം നികത്താനാവില്ലെന്ന് ശിപായി രാമനാഥന്‍ കുഞ്ഞയ്യപ്പനോട് പറയുന്നുണ്ട്.

ഇന്നത്തെ ഒരു കമ്യൂണിസ്റ്റ് നേതാവിനും ഒരു തൊഴിലാളിക്കുമിടയിലുള്ള 'സമത്വം' ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇന്നത്തെ നേതാവ് വളരെയുയര്‍ന്ന ഒരു നിലയില്‍ വിരാജിക്കുന്ന ഒരാളാണ്. എയര്‍ക്കണ്ടീഷന്‍ ചെയ്ത കാറില്‍, വില കൂടിയ വസ്ത്രങ്ങളില്‍, രമ്യഹര്‍മ്മ്യങ്ങളില്‍ ഒക്കെയായി അയാള്‍ വളര്‍ന്നിട്ടുണ്ട്...പാവപ്പെട്ടവരെ വിപഌവത്തിലേക്കും പുരോഗമനത്തിലേക്കും നയിക്കേണ്ട ഒരു പാര്‍ട്ടിസേവകന്റെ എളിയ ജീവിതം!'അത്രയും പറഞ്ഞെങ്കിലും അഭിമുഖത്തിനുള്ള വിമുഖത അദ്ദേഹം ആദ്യമേ പ്രകടിപ്പിച്ചു. 

പിന്നീടു നടന്നത് രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന സൗഹൃദസംഭാഷണം. ആ കൂടിക്കാഴ്ചയില്‍ ചിറ്റൂരില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്തേയ്ക്കു താമസം മാറ്റിയതിന്റെയും പിന്നീടുള്ള ജീവിതത്തിന്റെയും അനുഭവ ചിത്രങ്ങള്‍ ഇടയ്ക്കിടെ തെളിഞ്ഞും മങ്ങിയും എം. സുകുമാരന്‍ ഓര്‍ത്തെടുക്കുന്നു: ''1974-ല്‍ തിരുവനന്തപുരം ഏജീസ് ഓഫീസിലെ കഌര്‍ക്കുപണിയില്‍ നിന്നും പിരിച്ചുവിടപ്പെട്ടതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആകസ്മികത. ഒരുതരം മരവിപ്പായിരുന്നു അതിന്റെ പരിണിതഫലം. അത് ഒരുതരത്തില്‍ പ്രതീക്ഷിച്ചതു സംഭവിച്ചു എന്നുമാത്രം. പുറത്താക്കപ്പെട്ട സഹപ്രവര്‍ത്തകരെ സാമ്പത്തികമായി സഹായിക്കാന്‍ അന്നത്തെ സംഘടനയ്ക്കു കഴിഞ്ഞിരുന്നു. പിരിച്ചുവിടപ്പെട്ട പത്തുപേരില്‍ എന്‍.ബി. ത്രിവിക്രമന്‍ പിള്ള നാടകകൃത്തും ഒരു നാടകട്രൂപ്പിന്റെ സംഘാടകനുമായിരുന്നു. ഒരു നല്ല പ്രാസംഗികന്‍ കൂടിയായിരുന്നു അദ്ദേഹം. മറ്റൊരാള്‍ പി.ടി. തോമസാണ്. നക്‌സലൈറ്റു പ്രസ്ഥാനത്തിന്റെ മുന്‍നിരപ്രവര്‍ത്തകനായിരുന്നു ആ സുഹൃത്ത്. 

ആറു വര്‍ഷത്തോളം വിചാരണത്തടവുകാരനായി പൂജപ്പുര ജയിലില്‍ കിടന്നു. ഒടുവില്‍ കേസിനു തെളിവില്ലെന്ന കാരണത്താല്‍ അദ്ദേഹം ജയില്‍ മോചിതനായി. ഇപ്പോള്‍ കണ്ണൂരിലെ ആലക്കോടില്‍ പുസ്തക വിവര്‍ത്തനവും റബ്ബര്‍കൃഷിയുമായി കുടുംബസമേതം താമസിക്കുന്നു. ഡി.സി. ബുക്‌സ് അദ്ദേഹത്തിന്റെ ഒരു വിവര്‍ത്തനഗ്രന്ഥം (വെപ്പാട്ടി എന്ന തുര്‍ക്കി നോവല്‍) ഈയിടെ പ്രസിദ്ധീകരിക്കുകയുണ്ടായി. ഞങ്ങളുടെ കൂട്ടത്തില്‍ സജീവമായിരുന്ന എ.എന്‍. ഗോവിന്ദന്‍ നമ്പ്യാരും നല്ലൊരു വിവര്‍ത്തകനായിരുന്നു. മേരി ടെയ്‌ലറുടെ 'my years in an Indian prison'  എന്ന കൃതി അദ്ദേഹം സ്വന്തമായി തുടങ്ങിയ നവചേതന പബഌക്കേഷന്‍സിന്റെ ബാനറില്‍ 'ഇന്ത്യന്‍ തടവറയില്‍ അഞ്ചുവര്‍ഷങ്ങള്‍' എന്ന പേരു നല്‍കി പ്രസിദ്ധീകരിച്ചു.

അന്നത്തെ ഇടതുപക്ഷ വായനക്കാരുടെ എരിയുന്ന തലച്ചോറില്‍ എണ്ണ പകര്‍ന്നു ആ ഗ്രന്ഥം. അതുകൊണ്ടാവാം ഒരു മാസത്തിനകം രണ്ടു പതിപ്പുകള്‍ പുറത്തിറക്കി. എം. ഗംഗാധരക്കുറുപ്പായിരുന്നു പിരിച്ചുവിടപ്പെട്ട മറ്റൊരാള്‍. അടിയുറച്ച ഒരു സി.പി.എം. പ്രവര്‍ത്തകനാണദ്ദേഹം. പിന്നീട് പി.എസ്.സി. ചെയര്‍മാനായി. കാലാവധി കഴിഞ്ഞപ്പോള്‍ കിട്ടിയ ഗ്രാറ്റുവിറ്റി തുകയില്‍നിന്നും  ഒരു വലിയതുക കവറിലാക്കി എന്റെ കൈയില്‍ തരാതെ മേശപ്പുറത്തുവച്ച് ധൃതിയില്‍ പടിയിറങ്ങിപ്പോയി. സംഘടനയും സുഹൃത്തുക്കളും തൊഴില്‍ നഷ്ടപ്പെട്ട എന്നെയും എന്റെ കുടുംബത്തെയും ഒരുപാട് സഹായിച്ചിട്ടുണ്ട്. നന്ദിവാക്കുകള്‍ എത്രയിട്ടു തൂക്കിയാലും ആ തട്ട് താഴില്ല. മറ്റേതട്ട് എപ്പോഴും നിലംതട്ടി നിലകൊള്ളും. 

പിരിച്ചുവിടപ്പെട്ട പത്തുപേരില്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളത് ഞങ്ങള്‍ ആറുപേര്‍ മാത്രം. രണ്ടു സുഹൃത്തുക്കള്‍ അഭിഭാഷകവൃത്തിയിലേക്കു തിരിഞ്ഞു. ശേഷിക്കുന്ന മറ്റേ ചങ്ങാതി പലതരം ബിസിനസുകളുമായി പലയിടങ്ങളില്‍ പറന്നു നടക്കുന്നു. അക്കാലത്തെ വിശ്രമവേളകളില്‍ ചിലതൊക്കെ എഴുതാന്‍ കഴിഞ്ഞു. അക്കൂട്ടത്തില്‍പ്പെട്ടതായിരുന്നു 'ശേഷക്രിയ.' എഴുത്ത് എന്തിനേയും അതിജീവിക്കാനുള്ള മറുമരുന്നാണെന്നുള്ള തിരിച്ചറിവുണ്ടായത് അപ്പോഴാണ്.

അന്തര്‍മുഖത്വവും ആത്മവിശ്വാസക്കുറവും

അടിയന്തരാവസ്ഥക്കാലമായതിനാല്‍ പിരിച്ചുവിട്ട ഞങ്ങളുടെ മേല്‍ ചാര്‍ത്തിയ കുറ്റപത്രത്തിന് ധാരാളം പേജുകള്‍ ഉണ്ടായിരുന്നു. 'ഇന്ദിരാഗാന്ധി ഭാരതയക്ഷി' മുതലായ മുദ്രാവാക്യങ്ങള്‍ ഞങ്ങള്‍ നടത്തിയ ജാഥയില്‍ വിളിച്ചിരുന്നു എന്നതാണ് ചാര്‍ജ് ഷീറ്റിലെ മുഖ്യ കുറ്റാരോപണം. നക്‌സലൈറ്റുകളെ അടിച്ചമര്‍ത്താന്‍  കെ. കരുണാകരന്‍ നിയോഗിച്ച പൊലീസ് മേധാവിയായിരുന്നു ജയറാം പടിക്കല്‍. ഫാസിസത്തിലും മാര്‍ക്‌സിസത്തിലും അഗാധ പാണ്ഡിത്യമുള്ള ഒരാളാണ് എന്റെ ജില്ലക്കാരന്‍ കൂടിയായ ജയറാം പടിക്കല്‍. മൃഗീയ പീഡനങ്ങളില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ ഒരു മനുഷ്യസ്‌നേഹി. 'ജലജീവികളുടെ രോദനം' എന്ന കഥ എഴുതാന്‍ പ്രേരിപ്പിച്ചതിന് എനിക്കദ്ദേഹത്തോടുള്ള കടപ്പാട് മറക്കാന്‍ പറ്റുമോ? 'ഹൃദയമില്ലാത്ത'പടിക്കലിന്റെ ഹൃദയവും ഒരുനാള്‍ സന്ധ്യയ്ക്ക് സ്തംഭിച്ചു.'

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ദേശവും കടമ്പിടി ഗ്രാമത്തിലെ മണ്ണത്ത് വീടിനെക്കുറിച്ചുമായി പിന്നെ എന്റെ അന്വേഷണം. അദ്ദേഹം ഓര്‍ക്കുന്നു: ''രോഗപീഡകളുടെ ബാല്യകാലമായിരുന്നു എന്റേത്. വളരെക്കാലം കാത്തിരുന്നു കിട്ടിയ കുട്ടിയായിരുന്നു ഞാന്‍. അച്ഛനമ്മമാരുടെ അമിതവാത്സല്യംമൂലം പില്‍ക്കാലത്ത് എനിക്കു ലഭിച്ചത് അന്തര്‍മുഖത്വവും ആത്മവിശ്വാസക്കുറവും. അച്ഛന്‍ സര്‍വെയറായിരുന്നു, വളരെ സാത്വികനായ ഒരു മനുഷ്യന്‍. ജീവിതമെന്നാല്‍ ജോലി, ജോലിയെന്നാല്‍ ജീവിതം. അതായിരുന്നു അച്ഛന്‍. അമ്മയുടെ സ്വദേശം തൃശൂരായിരുന്നു. അച്ഛന്റേയും അമ്മയുടേയും തലമുറയില്‍പ്പെട്ടവരെല്ലാം മണ്ണോടുചേര്‍ന്നു. അനുജനും ഞാനും തമ്മിലുള്ള പ്രായവ്യത്യാസം മൂന്ന്. അനുജന്‍ സഹകരണവകുപ്പില്‍ ജോയിന്റ് രജിസ്ട്രാറായി റിട്ടയര്‍ ചെയ്ത് കുടുംബസമേതം ഇപ്പോള്‍ പാലക്കാട് ചിറ്റൂരില്‍ സ്ഥിരതാമസമാണ്. 

എന്റെ നാട്ടില്‍ പഠനകാലത്ത് എനിക്കാകെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ മൂന്നുപേരാണ്. എല്ലാം ദുരന്ത കഥാപാത്രങ്ങള്‍. രാമനാഥന്‍ പതിനെട്ടാം വയസ്സില്‍ ഫാനില്‍ തൂങ്ങി. എന്റെ പേരുള്ള മറ്റൊരു സുഹൃത്ത് ഒരതിര്‍ത്തിത്തര്‍ക്കത്തില്‍ വെട്ടേറ്റു മരിച്ചു. മൂന്നാമന് കല്‍ക്കട്ടയില്‍ ബ്രിട്ടാനിയ കമ്പനിയിലായിരുന്നു ജോലി. പിന്നീടവനെക്കുറിച്ചറിഞ്ഞത് മദ്യപാനത്തിന്റെ വേലിയേറ്റത്തില്‍ വന്ന കരള്‍വീക്കം അവന്റെ ജീവിതം ഒടുക്കിയെന്നാണ്.'കുറച്ചുനേരത്തെ മൗനത്തിനുശേഷം കഥയെഴുത്തിലേക്കായി എന്റെ ചോദ്യങ്ങള്‍.  'എന്റെ പ്രിയപ്പെട്ട കഥകള്‍' എന്ന പുസ്തകം കൈയിലെടുത്ത് അതിന്റെ പേജുകള്‍ മറിച്ചുകൊണ്ട് സുകുമാരന്‍ എഴുത്തിനെക്കുറിച്ചു ഗൃഹാതുരതയോടെ പറഞ്ഞുതുടങ്ങി. ''എഴുത്തിനോടടുപ്പം തോന്നിയതിന് പ്രത്യേകിച്ചു കാരണമൊന്നുമില്ല ഒരു സ്വപ്‌നജീവിയായതുകൊണ്ടാവണം കൗമാരം മുതല്‍ക്കെ വായന ആരംഭിച്ചു.  ചിറ്റൂര്‍-തത്തമംഗലം ലൈബ്രറിയിലെ ഇരുണ്ടവെളിച്ചത്തിലിരുന്ന് ഒരുപാട് വായിച്ചുകൂട്ടിയതോര്‍മയുണ്ട്. പിന്നീട് നാലഞ്ചുമൈല്‍ നടന്ന് വിളയോടി ഗ്രാമീണവായനശാലയില്‍നിന്ന് പുസ്തകങ്ങളെടുത്ത് വായിക്കും. മുട്ടത്തുവര്‍ക്കിയിലൂടെ, ബഷീറിലൂടെ, ഉറൂബിലൂടെ, എം.ടി.യിലൂടെ, വിജയനിലൂടെ... വായന പനപോലെയങ്ങനെ വളര്‍ന്നു. 1969-ല്‍ 'മലയാള മനോരമ' ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്ന 'മഴത്തുള്ളികള്‍' ആയിരുന്നു ആദ്യത്തെ കഥ. അന്നത്തെ പത്രാധിപരായിരുന്ന വര്‍ഗീസ് കളത്തില്‍ പ്രതിഫലമായി ഇരുപതു രൂപ മണിയോര്‍ഡറായി അയച്ചുതന്നത് മറന്നിട്ടില്ല. പിന്നീട് 'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥയാണ് 'വഴിപാട്.' അതിനുശേഷം 'മാതൃഭൂമി' വാരികയില്‍ കുറേ കഥകളെഴുതി. കെ. ബാലകൃഷ്ണന്റെ 'കൗമുദി' വാരിക, 'മലയാളരാജ്യം', 'മലയാളനാട്', 'കുങ്കുമം' തുടങ്ങിയവയിലും കഥകള്‍ വന്നിട്ടുണ്ട്. ആദ്യം കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും പിന്നീട് നക്‌സലേറ്റു പ്രസ്ഥാനത്തോടും തോന്നിയ ആഭിമുഖ്യമാണ് കഥയെഴുത്തില്‍ പ്രകടമായൊരു മാറ്റത്തിന് കാരണമായത്. 'തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്', 'അയല്‍രാജാവ്', 'സംരക്ഷകരുടെ ത്രാസ്', 'കുറ്റപത്രത്തിനു മറുപടി', 'ജലജീവികളുടെ രോദനം', 'ചരിത്രഗാഥ', 'ചക്കുകാള', 'ശുദ്ധവായു' തുടങ്ങിയ നിരവധി കഥകള്‍ അത്തരത്തില്‍ എഴുതപ്പെട്ടവയാണ്. 1994-ല്‍ 'കലാകൗമുദി'യില്‍ വന്ന 'ജനിതകം' എന്ന നോവലിനുശേഷം കാര്യമായി ഒന്നും എഴുതിയിട്ടില്ല 'അച്ഛന്‍ കഥകള്‍' ആയിരുന്നു അവസാനമായി എഴുതിയ കഥ. എഴുത്ത് എന്നെ സംബന്ധിച്ചിടത്തോളം ശാരീരികവും മാനസികവുമായ ഒരു കഠിനാദ്ധ്വാനമാണ്. ആ സമ്മര്‍ദ്ദം താങ്ങാനുള്ള ശേഷി മനസ്സിനു നഷ്ടമായപ്പോള്‍ എഴുത്തവസാനിപ്പിച്ചു.'


അച്ഛന്റെ മടിയിലിരുന്ന് അമ്മയുടെ മുലകുടിക്കുന്ന വിദ്യ!

എഴുത്തിലെ രാഷ്ട്രീയത്തെക്കുറിച്ചായി പിന്നീടുള്ള സംസാരം. സ്വാഭാവികമായും ആനുകാലിക രാഷ്ട്രീയം പരാമര്‍ശിക്കപ്പെട്ടു. രാഷ്ട്രീയത്തിലെ സമീപകാല സംഭവങ്ങളെല്ലാം കാണുകയും അറിയുകയും ചെയ്യാന്‍ ശ്രമിക്കാറുള്ള സുകുമാരന്‍ ആദ്യം പറഞ്ഞുതുടങ്ങിയത് വി.എസ്. അച്യുതാനന്ദനെക്കുറിച്ചാണ്.  

''അച്യുതാനന്ദന്റെ നിലപാടുകള്‍ ചിലപ്പോള്‍ എന്നെ നിരാശയുടെ പടുകുഴിയിലേക്കും മറ്റുചിലപ്പോള്‍ പ്രത്യാശയുടെ ഉയരങ്ങളിലേക്കും എടുത്തെറിയാറുണ്ട്. സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ കൈവരുന്ന അവസരങ്ങള്‍ ഒട്ടും പാഴാക്കാതെ വളരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിവുള്ള ഒരു രാഷ്ട്രീയാഭ്യാസിയാണ് അച്യുതാനന്ദന്‍ എന്നതാണ് എന്റെ നിഗമനം. അച്ഛന്റെ മടിയിലിരുന്ന് അമ്മയുടെ മുലകുടിക്കുന്ന വിദ്യ! ഇതിനോടു യോജിക്കാം വിയോജിക്കാം. എന്തൊക്കെ പറഞ്ഞാലും ഉരുക്കുമുഷ്ടികള്‍ അയച്ചുപിടിച്ച് ഹുങ്കിന്റെ മേലങ്കി അഴിച്ചുമാറ്റി അണികള്‍ക്കിടയില്‍ ഒരു രഹസ്യവോട്ടെടുപ്പ് നടത്തിയാല്‍ പിണറായിക്കു നഷ്ടപ്പെടുന്നത് കെട്ടിവച്ച പണവും അച്യുതാനന്ദന് കിട്ടുന്നത് മഹാഭൂരിപക്ഷവും ആയിരിക്കും. ഒരു കോര്‍പറേറ്റ് സ്ഥാപനമായി മാറിക്കഴിഞ്ഞ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍, കിട്ടാനുള്ളത് പുതിയൊരുലോകം എന്നുമൊക്കെയുള്ള കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവചനം ഇന്നൊരു പഴമൊഴി മാത്രം. കേരളത്തെ നടുക്കിയ ടി.പി. ചന്ദ്രശേഖരന്‍വധത്തിലേക്ക് സംഭാഷണം നീണ്ടുപോയി. സുകുമാരന്‍ പറയുന്നു: ''ആ സംഭവത്തിനുശേഷമുള്ള നിരവധി രാത്രികളില്‍, ഹൃദ്‌രോഗത്തിനു കഴിക്കുന്ന ട്രാന്‍ക്വലൈസറിനെ നിര്‍വീര്യമാക്കി ഉറക്കം പാറാവ് നിന്നു. ആ ക്രൂരകൃത്യത്തിനെതിരെയുള്ള നിസ്‌സാരനായ എന്റെ പ്രതികരണം ഇത്രമാത്രം. കുമ്പളങ്ങ കട്ടവന്‍ സ്വന്തം ചുമലിലെ ചാരം തട്ടിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ചുമല്‍ത്തോലുരിഞ്ഞുരിഞ്ഞ് വ്രണമായിട്ടും പൊടിതട്ടല്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.'

അത്രവേഗം പാര്‍ട്ടിക്കു ആ പാപഭാരത്തില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്ന് സുകുമാരന്‍ വിശ്വസിക്കുന്നു. എന്നാലും സമത്വബോധത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രചട്ടങ്ങള്‍ കാലഹരണപ്പെട്ടുപോയെങ്കിലും പാര്‍ട്ടിയുടെ അടിത്തറ തകരില്ലെന്ന് ഈ എഴുത്തുകാരന്‍ വിശ്വസിക്കുന്നതിനു എടുത്തു പറയാനുള്ള കാരണം ഇങ്ങനെയാണ്: 
'പി.എസ്.സി.യെപ്പോലെ സ്ഥാപനവല്‍ക്കരിച്ച വലിയൊരു തൊഴില്‍ ദാതാവാണ് ഇന്ന് സി.പി.എം. അതിലെ അനേകം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അനേകം കരാറുപണിക്കാരുടെ നിലനില്പുതന്നെയാണ് നിങ്ങളീപ്പറഞ്ഞ പാര്‍ട്ടിയുടെ അടിത്തറ. അത് ഏതെങ്കിലുമൊരു സംഭവവികാസംകൊണ്ടോ തെരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ടോ ഇളക്കം തട്ടുന്ന ഒന്നല്ല. ടി.പി. ചന്ദ്രശേഖരന്‍വധം ഉയര്‍ത്തിയ ഒരു പ്രതിസന്ധി വളരെ ആഴത്തിലുള്ളതാണെങ്കിലും പൊതുസമൂഹത്തില്‍ അത് ഉയര്‍ത്തിക്കൊണ്ടുവന്ന് അതുവഴി വലതുപക്ഷം ജാതിമത വര്‍ഗീയ സംഘടനകളുടെ ഒരു കേന്ദ്രീകരണം നടത്തുന്നതില്‍ വിജയിച്ചെങ്കിലും പിന്നീട് കേരളത്തില്‍ നിരവധി രാഷ്ട്രീയവും വര്‍ഗീയവുമായ കൊലപാതകങ്ങള്‍ നടന്നു. അത്തരം ജാതിമതശക്തികള്‍ക്കെതിരെ ക്രിയാത്മകമായി പ്രതികരിക്കാന്‍ സി.പി.എം. അടക്കമുള്ള ഇടതുപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്.
അതുപോലെതന്നെ ഇന്നത്തെ ഒരു കമ്യൂണിസ്റ്റ് നേതാവിനും ഒരു സാധാരണ തൊഴിലാളിക്കുമിടയിലുള്ള 'സമത്വം' ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. 'ശേഷക്രിയ'യില്‍ കുഞ്ഞയ്യപ്പന്റെ വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഭാര്യ കുഞ്ഞോമന സഹികെട്ടു പറയുന്നതിപ്രകാരം: ''കുന്നും കുഴിയുമുള്ള ഈ ഭൂമിയിലെന്നപോലെ മനുഷ്യര്‍ക്കിടയിലും ഉയര്‍ച്ചതാഴ്ചകളുണ്ട്. നിങ്ങളല്ല ദൈവം വിചാരിച്ചാലും അത് നികത്താനാവില്ല സമത്വമെന്ന മിഥ്യയില്‍ ഒരുനാള്‍ നിങ്ങള്‍ സ്വയം ഹോമിക്കപ്പെടും.'

സമത്വമെന്നത് മലയാള സാഹിത്യത്തില്‍ ഏറെ അര്‍ത്ഥപൂര്‍ണമായിരുന്ന ഒരു തലമുറയുടെ കാലത്തായിരുന്നു എം. സുകുമാരനൊക്കെ എഴുതിത്തെളിഞ്ഞത്. ആ കാലത്തെക്കുറിച്ച് സംസാരം തിരിച്ചുവന്നപ്പോള്‍ പ്രതീക്ഷിക്കാത്തൊരു ചോദ്യമാണ് സുകുമാരന്‍ ഉന്നയിച്ചത്. ''ജയനാരായണനെ ഓര്‍ക്കുന്നുണ്ടോ?' ജയനാരായണന്റെ 'ഉത്തരായന സമസ്യകള്‍' പോലുള്ള പല രചനകളെപ്പറ്റിയും പിന്നെ അദ്ദേഹം പറയാന്‍ തുടങ്ങി. 

''അസാധ്യ പ്രതിഭാശാലിയായിരുന്നു. അനേകം കവിതാവിവര്‍ത്തനങ്ങളും കഥകളും എഴുതിയിട്ടും നമ്മുടെ സാഹിത്യത്തില്‍ ജയനാരായണന്‍ പെട്ടെന്ന് അസ്തമിച്ചു. ഞാന്‍ പരിചയപ്പെടുമ്പോള്‍ ഒരുതരം ചര്‍മരോഗത്തിന് ചികിത്സയിലായിരുന്നു അയാള്‍. കാര്‍ലോസ് ഫുവന്തസിനേയും മാര്‍ക്കേസിനെയുമൊക്കെ മലയാളത്തിലാദ്യമായി അവതരിപ്പിച്ചത് ജയനാരായണനായിരുന്നു എന്നു തോന്നുന്നു. അധികമാരും വായിക്കപ്പെടാതെപോയ അഥവാ വായിച്ചവരൊക്കെ പില്‍ക്കാലത്ത് ഓര്‍ക്കാതെപോയ എഴുത്തുകാരനായിരുന്നു ജയനാരായണന്‍ എന്നു പറയുമ്പോള്‍ മലയാളവായനക്കാരുടെ ഒരു പ്രത്യേക മനോഭാവം ഊഹിക്കാമല്ലോ

അടുപ്പമുണ്ടായിരുന്ന മറ്റൊരു എഴുത്തുകാരന്‍ പദ്മരാജനാണ്. തിരുവനന്തപുരത്ത് ഞാന്‍ താമസിച്ചിരുന്ന വാടകമുറിയുടെ വളരെയടുത്തായിരുന്നു അവിവാഹിതനായ പദ്മരാജന്‍ കുറേക്കാലം ഒറ്റയ്ക്കു താമസിച്ചിരുന്നത്. ഒരു ദിവസം ഞാനദ്ദേഹത്തിന്റെ മുറിയിലേക്കു ചെല്ലുമ്പോള്‍ ഏതോ ഒരു കഥ എഴുതിക്കൊണ്ടിരിക്കുന്നതാണ് കണ്ടത്. എഴുത്തിന് അപാരവേഗതയാണ്. മനസ്സില്‍ ഒരാശയം മുളപൊട്ടിയാല്‍ ഒറ്റയിരുപ്പിന് ഒരു കഥ എഴുതിത്തീര്‍ത്തിരിക്കും. 
ഇത്തവണ ഞാന്‍ കണ്ടത് 'വെറുതെ വേഷം' എന്ന കഥയാണ്. ഒരു വിപഌവനാടകട്രൂപ്പന്റെ അണിയറയില്‍ നടക്കുന്ന മുതലാളിത്ത ചിന്തകളായിരുന്നു കഥയുടെ  ഇതിവൃത്തം. മഹാ പ്രതിഭാശാലിയായിരുന്ന പദ്മരാജന്‍ തിരക്കഥയിലും സിനിമയിലും കൈവച്ചപ്പോള്‍ തൊട്ടതെല്ലാം പൊന്നായി. ആ സാഹിത്യഗന്ധര്‍വന്‍ ഒരുനാള്‍ ലോഡ്ജ് മുറിയില്‍ ആരോരുമറിയാതെ നിത്യനിദ്രയിലാണ്ടു. അതൊരു വലിയ വേദനയായിരുന്നു. 

സാഹിത്യ സുഹൃദ്ബന്ധങ്ങള്‍ വളരെ പരിമിതം. ഇന്‍കമിങ് കോളുകള്‍ വളരെ കുറവ്. ഔട്ട്‌ഗോയിങ് കോളുകള്‍ അതിനേക്കാള്‍ താഴെ. സംവിധായകന്‍ എം.പി. സുകുമാരന്‍ നായരും ആര്‍ട്ടിസ്റ്റ് ജെ.ആര്‍. പ്രസാദും ഫിലിംഫെസ്റ്റിവല്‍ വിരുന്നുകാരന്‍ വി.ആര്‍. സുധീഷും  ഇടക്കെത്താറുണ്ട്. ഹോളണ്ടില്‍നിന്നും രാജീവ് വിജയരാഘവന്‍ കേരളത്തിലെത്തിയാല്‍ എന്നെ കാണാതെ മടങ്ങാറില്ല. 'പിതൃതര്‍പ്പണം' എന്ന എന്റെ കഥ പത്തുവര്‍ഷങ്ങളോളം മനസ്സിലിട്ട് ഉരുക്കിയെടുത്താണ് രാജീവ് വിജയരാഘവന്‍ 'മാര്‍ഗം' എന്ന ചലച്ചിത്രം നിര്‍മിച്ചത്. 'മാര്‍ഗം' സ്വദേശത്തും വിദേശത്തും നിരവധി അവാര്‍ഡുകള്‍ നേടിയെടുത്ത ചിത്രമായിരുന്നല്ലോ.'
എം. സുകുമാരന്റെ മകള്‍ രജനി മന്നാടിയാര്‍ ഒരുസമയത്ത് സജീവമായി കവിതാരംഗത്തുണ്ടായിരുന്ന ആളാണ്. പിന്നീടെന്തോ അവരുടെ കവിതകള്‍ കാണാതായി. അതു മനസ്സിലോര്‍ത്തുകൊണ്ടുതന്നെ ഞാന്‍  കുടുംബത്തെക്കുറിച്ചു ചോദിച്ചു. അപ്പോള്‍ അദ്ദേഹം ചെറുതായൊന്നു ചിരിച്ചു, എന്നിട്ടു പറഞ്ഞു:  ''മറ്റേതു കുടുംബത്തേയും പോലെ ഒരു സാധാരണ കുടുംബം. സുഖദുഃഖങ്ങളുടെ ചിരിയും കരച്ചിലും ഈ വീട്ടിലും കേള്‍ക്കാം. ഏജീസ് ഓഫീസ് സഹകരണസംഘത്തില്‍നിന്നും പെന്‍ഷന്‍പറ്റി പിരിഞ്ഞ്, കാലാകാലങ്ങളില്‍ കയറിവരുന്ന അസുഖങ്ങളെ സ്വീകരിച്ചിരുത്തി സമയാസമയങ്ങളില്‍ ഗുളികകളും ഇന്‍ഹേലറുകളും നല്‍കി സസുഖം വാഴുന്നു ഭാര്യ. വൈദ്യശാസ്ത്രത്തില്‍ പ്രതിവിധിയില്ലാത്ത, ഓട്ടിസം എന്ന അപൂര്‍വരോഗം ബാധിച്ച പത്തുവയസ്സുകാരന്‍ മകനോടൊപ്പം തെറാപ്പി സെന്ററുകളില്‍ കയറിയിറങ്ങുകയാണ് എന്റെ മകള്‍ രജനി. അതില്‍പിന്നെ അവള്‍ കവിതയെഴുത്തില്‍നിന്ന് അകന്നുപോയി. പതിനെട്ടു വര്‍ഷം പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചശേഷം വിടുതല്‍വാങ്ങി തിരിച്ചുവന്ന് സ്വന്തം വീടെന്ന സ്വപ്‌നവും പേറി അവളുടെ ഭര്‍ത്താവ് അബുദാബിയിലേക്കു പറന്നു. ഈ കുടുംബം തട്ടിമുട്ടി തടഞ്ഞുവീഴാതെ മുന്നോട്ടുപോകാന്‍ സഹായിക്കുന്നത് അറബിയുടെ ദിര്‍ഹം.
കുറെ മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നു.  പോകാനായി ഞാനെഴുന്നേറ്റു. അപ്പോഴാണ് ശ്രദ്ധിച്ചത.് ചുമരില്‍ അലങ്കാരമാക്കാവുന്ന കേമന്‍ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടും ഒരു ബുക്ക് ഷെല്‍ഫോ അവാര്‍ഡുഫലകങ്ങള്‍ നിരത്തിവച്ച ഷോകേസോ അവിടെ കണ്ടില്ല ഞാന്‍ ചോദിച്ചു: എവിടെ അവയെല്ലാം?  കിടപ്പുമുറി ചൂണ്ടിക്കാട്ടി സുകുമാരന്‍ പറഞ്ഞു: ''ഉള്ളില്‍നിന്നു വന്ന എഴുത്തിനു കിട്ടിയതെല്ലാം ഉള്ളില്‍ത്തന്നെ കിടക്കട്ടെയെന്നു കരുതി.

(സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com