ഇനിയും ചോരകൊണ്ടുതന്നെ വേണോ? സി. രാധാകൃഷ്ണന്‍ എഴുതുന്നു

കുട്ടികള്‍ക്ക് നല്ലതു വരാന്‍ രക്ഷിതാക്കള്‍ സ്വന്തം ശരീരത്തിലല്ലേ കമ്പിക്കൊളുത്തു കയറ്റേണ്ടത്? 
ഇനിയും ചോരകൊണ്ടുതന്നെ വേണോ? സി. രാധാകൃഷ്ണന്‍ എഴുതുന്നു

രു ഉന്നത പൊലീസുദ്യോഗസ്ഥയായ ആര്‍. ശ്രീലേഖ ഉത്തമ വിശ്വാസത്തോടെ നടത്തിയ ഒരു നിരീക്ഷണം വേണ്ടത്രയും വേണ്ട രീതിയിലും ശ്രദ്ധിക്കപ്പെട്ടില്ല. കുട്ടികളുടെ ഉടലില്‍ കമ്പിക്കൊളുത്തു കയറ്റുകയും അതും വെച്ച് അവര്‍ നീണ്ടകാലം ജീവിക്കേണ്ടിവരികയും ചെയ്യുന്ന ആരാധനാരീതി ആയിരുന്നു വിഷയം. വഴിപാട് നേരുന്നത് രക്ഷിതാക്കളാണ്, അനുഭവിക്കുന്നതു കുട്ടികളും. 'വിശ്വാസി'കളുടെ രസക്ഷയവും (അതുവഴി പ്രചാരനഷ്ടവും) ഭയന്ന് ജനപ്രിയ മാധ്യമങ്ങള്‍ ഈ വിഷയം പെരുവഴിയിലുപേക്ഷിച്ചതാവുമോ?
കുട്ടികള്‍ക്ക് നല്ലതു വരാന്‍ രക്ഷിതാക്കള്‍ സ്വന്തം ശരീരത്തിലല്ലേ കമ്പിക്കൊളുത്തു കയറ്റേണ്ടത്? ആ കുട്ടികള്‍ ഈ ഭൂമിയില്‍ പിറന്നതിന്റെ ഉത്തരവാദികള്‍ മറ്റാരെങ്കിലുമോ ആ കുട്ടികള്‍ തന്നെയോ അല്ലല്ലോ.
കുട്ടികള്‍ വേദന അനുഭവിക്കുന്നതു കണ്ട് ഏതു ശ്രീകോവിലിലെ ഏത് അമ്മയാണ് സന്തോഷിക്കുക? പക്ഷേ, ഇതൊക്കെ വിശ്വാസത്തിന്റെ ഭാഗമാണെന്ന അര്‍ത്ഥത്തിലാണ് ഒരു മന്ത്രിപോലും പ്രതികരിച്ചത്! ആരുടെ വിശ്വാസത്തിന്റെ എന്നു പറഞ്ഞില്ല. കൊളുത്ത് തന്റെ ഉടലിലല്ലല്ലോ, പിന്നെന്താ!
പച്ചയിറച്ചിയില്‍ ഇരുമ്പുകൊളുത്തിട്ട് തൂക്കി വാനോളം പൊക്കുന്ന പരിപാടി നിര്‍ത്തലാക്കിയിട്ട് ഒരു അമ്മയ്ക്കും അപ്രീതിയുണ്ടായതിന്  തെളിവില്ല. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ വലിച്ചെറിയപ്പെടുന്നത്  നിര്‍ത്തിയിട്ടും ഒരാകാശവും ഇടിഞ്ഞുവീണില്ല. നാടുനീളെയുള്ള കാവുകളില്‍ മൃഗങ്ങളുടെ ചോരയൊഴുക്കുന്ന പതിവ് തടഞ്ഞതിനെത്തുടര്‍ന്ന് ഒരു ഭഗവതിയും ദാഹിച്ചു മരിച്ചതായി രേഖയില്ല. ചുണ്ടുകള്‍ ചേര്‍ത്തു കുത്തനേയും കവിളുകള്‍ തുളച്ച് വിലങ്ങായും ഒക്കെ ശൂലം തറച്ച് കാവടിയും ചുമലിലേറ്റി പൊരിവെയിലില്‍ നാടുതെണ്ടുന്ന ഏര്‍പ്പാട് ഇല്ലാതായിട്ടും സുബ്രഹ്മണ്യ സ്വാമി ഒരു പ്രതിഷേധവും രേഖപ്പെടുത്തിയിട്ടില്ല; ശൂലവുമെടുത്ത് പുറപ്പെട്ടുമില്ല.
മധുരമീനാക്ഷി ക്ഷേത്രത്തിലാണെന്നു തോന്നുന്നു, പ്രധാന ഗോപുരത്തിനിരുവശവും ചൂരലുമായി രണ്ടുപേര്‍ നില്പുണ്ട്. നാമമാത്രമായേ ഉള്ളൂ എങ്കിലും അടിച്ചേ ആരെയും അകത്തു വിടൂ! അടികൊടുത്തേ അകത്തു കയറ്റൂ എന്ന് മീനാക്ഷിയമ്മയ്ക്ക് നിര്‍ബന്ധമുള്ളതുകൊണ്ടോ അടിച്ച് ഓടിച്ചാലും ഭക്തിപൂര്‍വ്വം പിന്നെയും കയറിവരുന്നവര്‍ മാത്രം മതി എന്നതുകൊണ്ടോ എന്തുകൊണ്ടെന്നു നിശ്ചയമില്ല.
ക്ഷേത്രങ്ങളില്‍ നരബലി ഉണ്ടായിരുന്ന കാലം ഏറെയൊന്നും വിദൂരമല്ല. ഉദ്ദിഷ്ടകാര്യത്തിനായി കുട്ടികളെ ബലി നല്‍കിയ വാര്‍ത്തകള്‍ വല്ലപ്പോഴുമാണെങ്കിലും ഇക്കാലത്തും വരാറുണ്ടല്ലോ. നരബലിക്കു പകരം സിറിഞ്ചില്‍ എടുത്ത ചോര തൃപ്പടിയില്‍ വീഴ്ത്തി ക്ഷമാപണപൂര്‍വ്വം കൈകൂപ്പി നില്‍ക്കുന്ന 'ഭക്ത'രുടെ ചിത്രം കഴിഞ്ഞ ആഴ്ചയിലും ഒരു ചാനലില്‍ കണ്ടു!
'ഭക്തി'യുടെ ഭാഗമായി അന്യരുടേയും തന്റെ തന്നെയും ചോരകൊണ്ട് ദൈവപ്രീതിക്കു ശ്രമിക്കുന്നത് അനാദികാലം മുതല്‍ നടപ്പുള്ളതാണ്. എളുപ്പത്തിലൊന്നും പ്രീതിപ്പെടാത്ത രക്ഷാകര്‍ത്താക്കളേയോ രാജാവിനേയോ ദേവതേെയയോ ആത്മാഹുതി ഉള്‍പ്പെടെയുള്ള സ്വയം പീഡയാല്‍ പ്രീണിപ്പിക്കാന്‍ പണ്ടേ ആളുമുണ്ടായി.
കാട്ടില്‍നിന്ന് വെറുതെ കിട്ടുന്നതുപയോഗിച്ചു വിശപ്പടക്കിയിരുന്നതു മാറി, നട്ടുവളര്‍ത്തി ഉപജീവനം തുടങ്ങിയ മനുഷ്യനും ചത്തതിനെ തിന്നു പുലരുന്നതില്‍നിന്ന് ആയുധമുപയോഗിച്ച് വേട്ടയാടാന്‍ തുടങ്ങിയവനും മഴയുണ്ടാകാനോ നായാട്ട് ഫലപ്രദമാകാനോ അജ്ഞാതശക്തികള്‍ക്ക്  നല്‍കിപ്പോന്ന ബലിദാനം ഇന്നും തുടരുന്നു! എന്തു കിട്ടണം എന്ന് ആഗ്രഹിച്ചുവോ അതിന്റെ പങ്കാണ് വഴിപാട്. ജന്തുവിന്റെ ചോരയും അറ്റ കയ്യിന് സ്വന്തം ചോരയും വിളവിന്റെ ഓഹരിയും സമര്‍പ്പിച്ചിരുന്നു.
വിശന്നും ദാഹിച്ചും വേദനിച്ചും വിയര്‍ത്തും കൈകാലുകള്‍ വിണ്ടുകീറിയും ദുര്‍ഗ്ഗമ മാര്‍ഗ്ഗങ്ങള്‍ കയറിയും എത്തിയാലേ ഭക്തി 'ഫലപ്രദ'മാകൂ എന്നാണ് വിശ്വാസം. ഹിമാലയത്തിലാണ് പോകുന്നതെങ്കിലും ഹെലികോപ്റ്ററില്‍ പാടില്ല, നടന്നുതന്നെ വേണം!
മാത്രമല്ല, ഏതു ദൈവത്തെ കാണാന്‍  പോയാലും ഒന്നും കൊടുക്കാതെ തിരികെ പോന്നുകൂടാ. എത്ര കൊടുക്കുന്നുവോ അത്രയുമാണ് ദൈവപ്രീതി. കാരണം, ദൈവം എന്നാല്‍ നാടുവാഴി, യജമാനന്‍, അധികാരി, ചക്രവര്‍ത്തി എന്നിവരുടെ വടിവില്‍ ഇവരുടെ എല്ലാം മൂത്താമുറിയാണല്ലോ!
എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍ ഇത്രയേറെ കൈക്കൂലിയും അഴിമതിയുമെന്ന്  ഇപ്പോള്‍ മനസ്സിലായില്ലേ? ദൈവം മരണാനന്തരമേ രക്ഷിക്കൂ; അധികാരി ഇവിടെത്തന്നെ വേണ്ടതു തരും! തന്റെ നേതാവിന്റെ ഏറ്റവും വലിയ മേന്മയായി ഒരു രാഷ്ട്രീയ കക്ഷിയുടെ പ്രവര്‍ത്തകന്‍ പറഞ്ഞത് ഇതാണ്: ''കണ്ണു തുറപ്പിക്കുന്ന അളവില്‍ കൊണ്ടുകൊടുക്കണം; പക്ഷേ, കൊടുത്താലെന്താ, എന്തു കടുംകൈ ചെയ്തും രക്ഷിച്ചിരിക്കും!''
ഈ വഴിയിലൂടെ ഒരല്പം കൂടി പോയാല്‍, എന്തുകൊണ്ടാണ് ഇത്രയേറെ രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നുകൂടി കണ്ടെത്താം; പ്രത്യക്ഷദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള ബലികളാണ് ഇവ. കൂറാണ് ഭക്തന്റെ ഭക്തിയുടെ ഏറ്റവും വലിയ തെളിവ്.
കള്ളക്കച്ചവടങ്ങള്‍ക്ക് ഭഗവാനെ പാര്‍ട്ട്ണറാക്കുന്നവര്‍ വരെ ഉണ്ട്. ആദായനികുതി റിട്ടേണിലെ അറ്റാദായത്തിന്റെ അല്ല മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനം നോട്ടുകെട്ടുകളായിത്തന്നെ ഹുണ്ടികയില്‍ നിക്ഷേപിക്കുന്നു. പിന്നെ, ആരെയും ഭയക്കേണ്ട!
വാല്‍ക്കഷണം:
അച്ഛന്‍ മരിച്ചപ്പോള്‍ കര്‍മ്മങ്ങള്‍ കാശിയില്‍ പോയി ചെയ്യണമെന്ന് അമ്മയ്ക്ക് നിര്‍ബ്ബന്ധം. കര്‍മ്മങ്ങള്‍ കഴിഞ്ഞ് ദക്ഷിണയും കൊടുത്തപ്പോള്‍ വാദ്ധ്യാര്‍ ഞങ്ങളോട് പറഞ്ഞു: ''ഇനി ത്യാഗം.''
ജീവിതത്തില്‍ പരിചയിച്ച എന്തെങ്കിലും ഒരിനം ഉപേക്ഷിക്കണം. (ആഭരണം വല്ലതുമാണെങ്കില്‍ വാദ്ധ്യാര്‍ക്കുതന്നെ കൊടുക്കാം!)
അമ്മ പറഞ്ഞു: ''ഞാന്‍ കാന്താരിമുളക് ഇനി കഴിക്കില്ല!'' പിന്നെ, തല തിരിച്ചും തോണ്ടിയും എന്നോട് ഇങ്ങനെയും: ''കാഞ്ഞിരക്കുരു മതി!''
ഒരു പിടി കാന്താരിയാണ് അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടാന്‍. അതു ഉപേക്ഷിക്കാന്‍ നിശ്ചയിച്ച അമ്മ പക്ഷേ, ഇഷ്ടപ്പെട്ടതെന്തെങ്കിലും ഉപേക്ഷിച്ച് ഞാന്‍ സങ്കടപ്പെടരുതെന്നാണ് ഉദ്ദേശിച്ചത്!
പെറ്റമ്മയോളം ദയയും വാത്സല്യവും ഏതു കാവിലമ്മയ്ക്കും ഉണ്ടാകുമെന്ന് സങ്കല്പിക്കാന്‍ എന്നാണ് മനുഷ്യര്‍ക്കു കഴിയുക?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com