പൊന്‍കുരിശിന്റെ പിന്നാലെ- ഫാ. ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് എഴുതുന്നു

സഭ ക്രിസ്തുവിന്റെ പുല്‍ക്കൂട് പ്രതിനിധാനം ചെയ്യുന്ന ലാളിത്യത്തിന്റെ ചൈതന്യം എന്ന് കൈവിട്ടുവോ അന്ന് തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍
പൊന്‍കുരിശിന്റെ പിന്നാലെ- ഫാ. ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് എഴുതുന്നു

രിപ്പുവടയുടേയും കട്ടന്‍ കാപ്പിയുടേയും കാലം കഴിഞ്ഞുവെന്ന് ചില രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍, കാലിത്തൊഴുത്തിന്റെ കാലം കഴിഞ്ഞുവെന്ന് ചില ക്രൈസ്തവ നേതാക്കന്മാര്‍. ഈ രണ്ട് പ്രസ്ഥാനങ്ങളുടേയും ഗതി അധോഗതിയാണെന്ന് സാമാന്യജനം നിരീക്ഷിച്ചാല്‍ ആ ശിഥിലീകരണ പ്രക്രിയയുടെ ആരംഭ ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിക്കഴിഞ്ഞു. ആദ്യകാല ക്രൈസ്തവ സമൂഹത്തിന്റെ പ്രവര്‍ത്തന മനോഭാവം 'പങ്കുവയ്ക്കല്‍' ആയിരുന്നു. അതിന്റെ ആചരണമായിരുന്നു യേശു ക്രിസ്തുവിന്റെ ശരീരത്തിന്റെ വിഭജനമായ 'അപ്പം മുറിക്കല്‍' ശുശ്രൂഷ. യാതൊരു ഔപചാരിതകളുമില്ലാത്തതും, പ്രത്യേക വേഷസംവിധാനങ്ങളുമില്ലാത്തതുമായ ഒത്തുചേരല്‍. ഒരേ ആത്മാവും ഒരു മനസ്സും എന്ന് എല്ലാ അര്‍ത്ഥത്തിലും പറയാകുന്ന മനോഭാവം. ആ കൂട്ടത്തിന്റെ സ്‌നേഹം അവരുടെ തിരിച്ചറിയല്‍ മുദ്ര. ഭാരതത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റുകളുടെ ജീവിതശൈലിയും സമാനമായിരുന്നു. പാര്‍ട്ടിക്കുവേണ്ടി കഠിനദ്ധ്വാനം ചെയ്യാനും, ചാവേര്‍പ്പടയാകാനും അവര്‍ തയ്യാറായിരുന്നു. പ്രതിഫലം നോക്കാതെ പണി ചെയ്ത് പാര്‍ട്ടി ആപ്പീസില്‍ കിടന്നുറങ്ങിക്കഴിഞ്ഞവരില്‍ ആദ്യകാല ക്രൈസ്തവരെപ്പോലെത്തന്നെ രക്തസാക്ഷികളായി. അക്കാലത്ത് ഈ രണ്ട് പ്രസ്ഥാനങ്ങള്‍ക്കും പൊതുവായ അടിസ്ഥാന തത്വമുണ്ടായിരുന്നു. വിശ്വസിക്കുന്ന ബോധ്യങ്ങള്‍ക്കുവേണ്ടിയുള്ള സഹനവും ത്യാഗവും. ഇതായിരുന്നു രണ്ടു പ്രസ്ഥാനങ്ങളുടേയും കരുത്തും ആകര്‍ഷണവും. കത്തിജ്വലിച്ചു നില്‍ക്കുന്ന മാതൃക അനുകരിക്കാന്‍ ഇരുപക്ഷത്തും സര്‍വ്വവും  ഉപേക്ഷിക്കാന്‍ സന്നദ്ധരായവര്‍, പ്രത്യേകിച്ചും യുവജനങ്ങള്‍ ആവേശത്തോടെ അണിചേര്‍ന്നു - മരണം മുമ്പില്‍ക്കണ്ടു തന്നെ. ക്രൈസ്തവ സഭയിലെ വിവിധ സന്യാസസഭകളുടെ നേത്യത്വത്തില്‍ ലോകമെമ്പാടും മിഷണറി പ്രവര്‍ത്തനമാരംഭിച്ചു. ചിലയിടങ്ങളില്‍ ചില പാളിച്ചകളുണ്ടായിരുന്നുവെങ്കിലും പണസമ്പാദനം ഒരിക്കലും അന്തിമലക്ഷ്യമായിരുന്നില്ല.  നേട്ടം രക്തസാക്ഷിത്ത്വത്തിലെത്തിച്ചേരുന്ന സഹനം.

തങ്ങള്‍ക്ക് സ്റ്റഡിക്ലാസുകളില്‍ നിന്നും മുന്‍ഗാമികളുടെ ത്യാഗപൂര്‍ണ്ണമായ  ജീവിതങ്ങളില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് ആയിരങ്ങള്‍ അധികാരികളുടെയും എതിരാളികളുടെയും തോക്കിനും കഠാരക്കുമിരയായി രക്തസാക്ഷികളായി. സാമ്പത്തികമായി നേട്ടമൊന്നുമുണ്ടായിരുന്നില്ലെങ്കിലും രക്തസാക്ഷികളുടെ ചുടുനിണം എല്ലാവരെയും ബന്ധിപ്പിക്കുന്ന ആകര്‍ഷണ ശക്തിയായിരുന്നു. അതില്‍ നിന്ന് ആയിരങ്ങള്‍ ഉണര്‍ന്നെഴുന്നേറ്റു.

കുരിശിന്റെ മുദ്ര തന്റെ യുദ്ധ പതാകയില്‍ ചേര്‍ത്തപ്പോള്‍ കോണ്‍സ്റ്റന്‍ന്റൈന്‍  ചക്രവര്‍ത്തി യുദ്ധത്തില്‍ വിജയിച്ചു. അന്നു മുതല്‍ ക്രൈസ്തവ സഭയ്ക്ക് സ്വാതന്ത്രവും അധികാരവും ലഭിച്ചു. ചക്രവര്‍ത്തിമാരുടെ സംരക്ഷണത്തില്‍ അതുവരെ ലാളിത്യത്തിന്റെ കൂടാരങ്ങളില്‍ വസിച്ചവര്‍, കൊട്ടാരവാസികളായി. ഇടയന്മാര്‍ ഉപയോഗിച്ചിരുന്ന വടി അധികാരത്തിന്റെ ചെങ്കോലായി. അധികാരം, പണം, സ്വാധീനം എന്നിവ സ്വന്തമായതോടെ കണ്ടാല്‍ തിരിച്ചറിയാനാവാത്തവിധം സഭയുടെ രൂപവും ഭാവവും മാറി സഭ ഒരു സാമ്രജ്യമായി വളര്‍ന്നു. കുറ്റമറ്റ ഭരണ സംവിധാനങ്ങളും അതിനെയെല്ലാം പ്രത്യേക നിയമസംഹിത (കാനന്‍ നിയമം) എഴുതിയുണ്ടാക്കി. 'പിരമിഡല്‍' ഭരണക്രമത്തില്‍ അധികാരിയില്‍ കേന്ദ്രീകരിക്കുന്ന ഒരു ശക്തിയായി കാലക്രമത്തില്‍ ഇത് മാറി. ഓരോ രാജ്യത്തിന്റെയും സാഹചര്യത്തിന്റേയും പശ്ചാത്തലത്തില്‍ സ്വാധീനം വാര്‍ദ്ധിപ്പിക്കാനും അധികാരം ഉറപ്പിക്കാനും ഉടമ്പടികളും രഹസ്യധാരണകളും ഉണ്ടാക്കി. ചില സന്ദര്‍ഭങ്ങളില്‍ അടിസ്ഥാന തത്വസംഹിതകള്‍പോലും ബലിക്കഴിക്കപ്പെട്ടിട്ടുണ്ട് എന്നതിന്റെ തെളിവാണല്ലോ മനസ്സാക്ഷി മരവിക്കാത്ത സഭാതലവന്മാര്‍ മുന്‍കാലത്തെ തെറ്റുകള്‍ക്ക് മാപ്പ് അപേക്ഷിച്ചത്. അടിമകള്‍ക്ക് ''ആത്മാവ് '' ഇല്ലെന്ന് നിരീക്ഷിച്ചതിന്റെ പേരില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ അനുഭവിച്ച നരക യാതനകള്‍ക്ക് മാപ്പു പറയല്‍ മാത്രം മതിയോ എന്നതും ചിന്താര്‍ഹം തന്നെ. 

ജുഡീഷ്യല്‍, എക്‌സിക്യൂട്ടീവ് , ലെജിസ്ലേറ്റീവ് എന്ന ഭരണഘടനയുടെ മൂന്ന് വന്‍ തൂണുകള്‍, സാധാരണ ഗതിയില്‍ ഒരു വ്യക്തിയില്‍ത്തന്നെ കേന്ദ്രീകരിക്കുന്നത് അപായകരമാണെന്ന പൊതുതത്വമനുസരിച്ച് ഇന്ന് ലോകത്തില്‍ ഒന്നോ രണ്ടോ രാജ്യഭരണത്തിലൊഴിച്ച് ഇവ വേര്‍തിരിച്ച് നിലനിര്‍ത്തുന്നു. ഈ മൂന്ന് ഘടകങ്ങളും ഒരു വ്യക്തിയില്‍ ഒന്നിക്കുന്നത് 'തിരുവായ്ക്ക് എതിര്‍വായ്' ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കും.''ഏക മനസ്സോടും ഏക ആത്മവോടും'' എന്ന സഭയുടെ അടിസ്ഥാന പ്രവര്‍ത്തനശൈലിക്ക് ഇത് പൂര്‍ണ്ണമായും എതിരാണ് എന്നൊരു  അഭിപ്രായം പറയാന്‍ പോലും സാധ്യമല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു.സര്‍വ്വവിധ പ്രതിരോധ ശക്തിയുള്ള സഭ വാനോളം വളര്‍ന്ന ഒരു വൃക്ഷമായി മാറി. എതിരാളികളായ പ്രബലര്‍ ഒന്നോ രണ്ടോ രാജ്യങ്ങളിലായി ഒതുങ്ങി; റഷ്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ തീരെ ദുര്‍ബലമായി. ശക്തമായ പ്രതിപക്ഷമില്ലാത്ത ഭരണപക്ഷം ഏകാധിപതികളാകുന്നതാണല്ലോ നാം കണ്ടുകൊണ്ടിരിക്കുന്നത്.

1962 വരെ സഭയുടെ ധനവും അധികാരവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. യേശുവിന് മുമ്പുണ്ടായിരുന്ന നിയമത്തിന്റെ ഫരിസേയ നിര്‍ജീവാവസ്ഥ! പക്ഷെ അത് തിരിച്ചറിയാന്‍ വാര്‍ദ്ധക്യ ദശയില്‍ സഭാ തലവന്റെ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ ഇതുപത്തിമൂന്നാമനാണ് സാധിച്ചത്. യേശുക്രിസ്തുവിന്റെ ചൈതന്യത്തിന്റെ ആത്മാവ് സഭയെ നവീകരിക്കാന്‍ വേണ്ടി ഇതുവരെ അടച്ചിട്ടിരുന്ന വാതായനങ്ങള്‍ തുറക്കുന്നുവെന്ന പ്രഖ്യാപനത്തോടെ ലോകശ്രദ്ധയാകര്‍ഷിച്ച ആഗോളസഭയിലെ ബിഷപ്പുമാരുടെ സിനഡ് വത്തിക്കാനില്‍ അദ്ദേഹം വിളിച്ചുകൂട്ടി. കാലഹരണപ്പെട്ട മാമൂലുകള്‍ പൊളിച്ചെഴുതി, കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിച്ച് സഭയെ നവീകരിക്കാന്‍ മൂന്ന സെഷനുകളിലായി സഭ പിതാക്കന്മാര്‍ റോമില്‍ സമ്മേളിച്ചു. 1965 ല്‍ സമാപിച്ച സിനഡിന്റെ സമാപനമായപ്പോഴെക്കും പോള്‍ ആറാമന്‍ എന്ന പോപ്പായിരുന്നു സഭ തലവന്‍. 

അതുവരെ ഇറ്റലിക്ക് പുറത്തേക്ക് പോപ്പുമാര്‍ സഞ്ചരിച്ചിരുന്നില്ല. പോള്‍ ആറാമന്‍ ബോംബെയും ഐക്യരാഷ്ട്രസഭയും സന്ദര്‍ശിച്ചു. അക്കാലത്ത് ബംഗ്ലാദേശിലുണ്ടായിരുന്ന പ്രകൃതിക്ഷോഭത്തിനിരയായവര്‍ക്കുവേണ്ടി രത്‌നങ്ങള്‍ പതിച്ച തന്റെ സ്വര്‍ണ്ണക്കിരീടം സംഭാവന നല്‍കി. ( പിന്നീട് ' ടിയാരെ' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കിരീടം മാര്‍പാപ്പമാര്‍ അണിഞ്ഞിട്ടില്ല.). ബിഷപ്പ് പാലസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മെത്രാസന അരമനകള്‍, ബിഷപ്പ് ഹൗസായി പുനര്‍ നാമകരണം ചെയ്തു. അങ്ങിനെ ചില മാറ്റത്തിന്റെ സൂചനകള്‍ പ്രതീക്ഷ പകര്‍ന്നു. പക്ഷെ കാതലായ മാറ്റങ്ങള്‍ അഞ്ചു വര്‍ഷം മുമ്പ് സ്ഥാനമേറ്റ ഫ്രാന്‍സീസ് പാപ്പയോടെയാണ് സഭയുടെ ആ സ്ഥാനമായ വത്തിക്കാനില്‍ കാണാന്‍ തുടങ്ങിയത്.  ''സഭ ദരിദ്രമായിരിക്കണം, ദരിദ്രരുടേതുമായിരിക്കണം എന്ന പ്രഖ്യാപത്തോടെ, ദരിദ്രപക്ഷം ചേര്‍ന്ന ഫ്രാന്‍സീസ് അസ്സീസിയുടെ പേര് തന്റെ ഔദ്യോഗിക നാമമാക്കി. സ്വന്തം ക്യൂറിയ (ഓഫീസ്) ശുദ്ധീകരിച്ചു, വത്തിക്കാന്‍ ബാങ്ക് പ്രവര്‍ത്തനം സുതാര്യമാക്കി, സര്‍വോപരി സാധാരണക്കാരന്റെ ഭാവത്തോടെ സാധാരണക്കാരിലേക്കിറങ്ങി. ''മൂന്നാം ക്രിസ്തു'' എന്ന് പോലും ആ ധാര്‍മ്മിക സാമ്രാട്ടിനെ ലോകം വിളിക്കാന്‍ തുടങ്ങി. ഈശ്വരവിശ്വാസികള്‍ അല്ലാത്തവര്‍ പോലും അദ്ദേഹത്തെ ആദരവോടെ ശ്രവിക്കുന്നു. ട്രംപിന് താങ്കള്‍ ഒരു ക്രിസ്ത്യാനിയല്ല എന്ന് മുഖത്തുനോക്കി വിളിക്കാന്‍ പോപ്പിനെപോലെ എത്ര പേര്‍ ധൈര്യപ്പെടും ! കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ലൌദാത്തോസി എന്ന ചാക്രിക ലേഖനം പാരീസ് ഉച്ചകോടിയെ കാര്യമായി സ്വാധീനിച്ചു. പക്ഷേ......... 

പ്രതീക്ഷ നല്‍കുന്ന ഈ മാറ്റങ്ങള്‍ പോപ്പ് ഫ്രാന്‍സീസ് എന്ന വ്യക്തിയിലും ചെറു രാഷ്ട്രമായവത്തിക്കാനിലും മാത്രം ഒതുങ്ങി നിന്നോ? ക്രൈസ്തവസഭയില്‍ പൊന്തി വന്നിട്ടുള്ള ഒട്ടു മിക്ക പ്രശ്‌നങ്ങളുടെയും കാരണം ഒരു വ്യക്തിയൊ ഒരു പ്രത്യേക സംഭവമോ ആയി നോക്കിക്കാണാനാവില്ല. സഭ ക്രിസ്തുവിന്റെ പുല്‍ക്കൂട് പ്രതിനിധാനം ചെയ്യുന്ന ലാളിത്യത്തിന്റെ ചൈതന്യം എന്ന് കൈവിട്ടുവോ അന്ന് തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍. ക്രിസ്തുവിന്റെ ശൈലി കൈവിട്ട സഭയും ക്രിസ്തുവിന് അന്തിയുറങ്ങാന്‍ കഴിയാത്ത കോടികള്‍ ചിലവഴിച്ച് നിര്‍മ്മിക്കുന്ന പള്ളികളും ഊര്‍ജ്വസലമായ പ്രാദേശിക സഭയെ യൂറോപ്യന്‍ സഭയുടെ അനുഭവത്തിലേക്ക് തള്ളി വിടുമോ എന്നതാണ് സാധാരണ വിശ്വാസികളും ധാര്‍മ്മികതയെ പിന്തുണക്കുന്ന ഇതരമതസ്ഥരും ഭയപ്പെടുന്നത്. 

യേശു ക്രിസ്തുവിന്റെ കുരിശിലെ യാഗം ഒരു പരിഹാര ബലിമാത്രമല്ല, ശക്തമായ പ്രതിഷേധവും കൂടിയാണ്. അതിദാരുണമായ സഹനങ്ങള്‍ക്കൊടുവില്‍ തന്റെ ജീവിതത്തിന്റെ അവസാന നിമിഷത്തില്‍ അദ്ദേഹം മൊഴിഞ്ഞു. '' എനിക്ക് ദാഹിക്കുന്നു.'' ഈ ദാഹത്തിന്റെ അര്‍ത്ഥം ലോകവും സഭയും മനസ്സിലാക്കേണ്ടതുണ്ട്. ധാര്‍മ്മികത ഹൃദയത്തോട് ചേര്‍ത്തു വെയ്ക്കുന്ന മനുഷ്യരും ധാര്‍മ്മികത പുലരുന്ന ഒരു ലോകവും അതായിരുന്നു ആ പ്രവാചകന്റെ ദാഹം. ലോകത്തിന് ആ ഭാഷ തിരിച്ചറിയാന്‍ കഴിയാഞ്ഞതിനാല്‍ അവിടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തിന് വിനാഗിരി നല്‍കി. മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ വ്യക്തമായി പറയുന്നു, യേശു മീറ കലര്‍ത്തിയ ആ പാനീയം  കുടിച്ചില്ല. (മാര്‍ക്കോസ് 15), കാരണം തന്റെ ദാഹം ശമിപ്പിക്കാന്‍ അത് പോരായിരുന്നു.

യേശു ക്രസിതുവിന്റെ ദാഹം ശമിക്കാത്തിടത്തോളം കാലം സഭ പ്രക്ഷുബ്ധമായിരിക്കും. ദാഹം ശമിക്കണമെങ്കില്‍ താന്‍ ജനിച്ച ലാളിത്യത്തിന്റെ പുല്‍ക്കൂടിലേക്കു സഭ ഇറങ്ങി വന്നേ പറ്റൂ. അതിനായുള്ള ഹൃദയത്തിന്റെ സമ്മതം നല്‍കുന്ന നിമിഷം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. പ്രസംഗങ്ങളും ആഹ്വാനങ്ങളുമല്ല. ഔന്നത്യങ്ങള്‍ വെടിയാനുള്ള കര്‍മ്മപരിപാടികളാണ് അടിയന്തരമായി വേണ്ടത്. അതിനായി അധികാര സ്ഥാനത്തിരിക്കുന്നവര്‍ ഉടന്‍ തയ്യാറാകണം. യേശുവിന്റെ നിണമണിഞ്ഞ കല്പാടുകള്‍ ഇതാമുമ്പേ പോകുന്നു. തൊട്ടുപിമ്പിലായി പോപ്പ് ഫ്രാന്‍സിസും.

2018 ഈസ്റ്റര്‍ സന്ദേശത്തിന്റെ ഫ്രാന്‍സീസ് പാപ്പ പറയുന്നു. '' അധര്‍മ്മത്തിന്റെ വ്യാപനം മൂലമാണ് ലോകത്തില്‍ സ്‌നേഹം മരവിപ്പിക്കപ്പെടുന്നത്.'' നിസ്സാര താല്പര്യങ്ങളുടെ കെണിയില്‍ സഭപെട്ടുപോകരുത് എന്ന് മര്‍പാപ്പ മുന്നറിയിപ്പു നല്‍കുന്നു. അധികാരം തുറന്ന സംവാദവും, സുതാര്യമില്ലായ്മ, സമ്പത്തിന്റെ കേന്ദ്രീകരണം, ധൂര്‍ത്ത്, പരിസ്ഥിതിയോടുള്ള അനാദരവ് എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഭാഷയില്‍ സഭയെ ബാധിച്ചിരിക്കുന്ന അര്‍ബുദമാണ്. വേദനജനകമായ ശസ്ത്രക്രിയ കൂടാതെ തൊലിപ്പുറ ചികിത്സ ഒന്നിനും ഉപകരിക്കയില്ല. സഭ ലോകത്തിന് അനുരൂപമായാല്‍ അത് യേശുക്രിസ്തു എന്ന് വിശ്വപ്രവാചകന്റെ സഭയായിരിക്കുകയില്ല. തീര്‍ച്ച.

ബി.സി ഏട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ജീവിച്ച ഏശയ്യ എന്ന പ്രവാചകന്റെ വാക്കുകള്‍ കൂടിചേര്‍ത്ത് വായിക്കേണ്ട അസാധാരണ സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. '' ദുര്‍മാര്‍ഗികളായ മക്കള്‍ എന്തേ നിങ്ങള്‍ തിന്മയില്‍ത്തന്നെ തുടരുന്നു. നിങ്ങളുടെ ശിരസ്സും ശരീരവും മുഴുവന്‍ വ്രണമാണ്, ശരീരം മുഴുവന്‍ ചതവുകളും, രക്തമൊലിക്കുന്ന മുറിവുകളും മാത്രം നിങ്ങള്‍ അവയെ കഴുകി വൃത്തിയാക്കുന്നില്ല. ''നിങ്ങളുടെ ബലികള്‍ എനിക്കെന്തിന്? അതില്‍ ഞാന്‍ പ്രസാദിക്കുന്നില്ല. വ്യര്‍ത്ഥമായ കാഴ്ചകള്‍ ഇനിമേല്‍ നിങ്ങള്‍ എനിക്ക് അര്‍പ്പിക്കരുത്. നിങ്ങളുടെ അനീതി നിറഞ്ഞ ഉത്സവങ്ങള്‍ എനിക്ക് സഹിക്കാനാവുന്നില്ല, നിങ്ങളുടെ കരങ്ങള്‍ രക്ത പങ്കിലമാണ്. ധിക്കാരം തുടര്‍ന്നാല്‍ നിങ്ങള്‍ വാളിനിരയായിത്തീരും, കര്‍ത്താവ് അരുള്‍ ചെയ്തിരിക്കുന്നു.'' (ഏശയ്യ, അദ്ധ്യായം 1) 
ഈ പ്രവചനങ്ങള്‍ പൂര്‍ത്തിയാകാതിരിക്കട്ടെ !
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com