അമേരിക്ക അഫ്ഗാനിലിട്ടതോ ഏറ്റവും ശക്തിയുള്ള ബോംബ്? റഷ്യയുടെ പക്കലുണ്ട് നാലിട്ടി ശക്തിയുള്ള 'ബിഗ് ഡാഡി'

റഷ്യന്‍ ബോംബ് പരീക്ഷണത്തിന്റെ വിഡിയോ ചിത്രത്തില്‍നിന്ന്‌
റഷ്യന്‍ ബോംബ് പരീക്ഷണത്തിന്റെ വിഡിയോ ചിത്രത്തില്‍നിന്ന്‌

എല്ലാ ബോംബുകളുടെയും മാതാവ് അഥവാ മദര്‍ ഓഫ് ഓള്‍ ബോംബ്‌സ്. ഇങ്ങനെയാണ് അമേരിക്കന്‍ സേന കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ പ്രയോഗിച്ച ബോംബ് വിശേഷിപ്പിക്കപ്പെടുന്നത്. ആണവേതര സ്‌ഫോടക വസ്തുക്കളില്‍ പ്രഹര ശേഷി കൂടിയത് എന്ന അര്‍ഥത്തിലാണ് ഈ വിശേഷണം. എന്നാല്‍ ഇതാണോ ലോകം ഇതുവരെ കണ്ട ഏറ്റവും പ്രഹര ശേഷിയുള്ള ആണവേതര ബോബ്? അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ ബോംബ് മാതാവിനേക്കാള്‍ നാലിരട്ടി പ്രഹര ശേഷിയുള്ള സ്‌ഫോടക വസ്തുവുണ്ട്, റഷ്യയുടെ പക്കല്‍. ഫാദര്‍ ഒഫ് ഓള്‍ ബോംബ്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്.

പതിനൊന്ന് ടണ്‍ ടിഎംടിക്കു തുല്യമായ വിനാശ ശേഷിയാണ് അമേരിക്കയുടെ ബോംബ് മാതാവായ ജിബിയു -43ന് ഉള്ളത്. മാസിവ് ഓര്‍ഡനന്‍സ് എയര്‍ ബ്ലാസ്്റ്റ് ബോംബ് എ്ന്നാണ് ഔദ്യോഗികമായി ഇതിന്റെ പേര്. ചുരുക്കിപ്പറഞ്ഞാല്‍ എംഒഎബി. അതിനെ മറ്റൊരു തരത്തില്‍ വികസിപ്പിച്ചാണ് മദര്‍ ഒഫ് ഓള്‍ ബോംബ്‌സ് എന്ന പ്രയോഗമുണ്ടായത്. 

ടിഎന്‍ടി എന്നാല്‍ ട്രൈനൈട്രൊ ടൊളുവിന്‍. മാരക പ്രഹര ശേഷിയുളള, എളുപ്പം കൈകാര്യം ചെയ്യാവുന്ന ഒരു രാസസംയുക്തമാണിത്. ഇതിന്റെ പ്രഹര ശേഷിയോടു ബന്ധിപ്പിച്ചാണ് ബോംബുകളുടെ പ്രഹര ശേഷി അളക്കുന്നത്. പതിനൊന്നു ടിഎന്‍ടിക്കു തുല്യമായ വിനാശ ശേഷി എന്നു പറയുന്നത് അതുകൊണ്ടാണ്. അമേരിക്കയുടെ ജിബിയു 43ന് പതിനൊന്നു ടിഎംടിയാണ് വിനാശ ശേഷിയെങ്കില്‍ റഷ്യയുടെ പിതൃബോംബിനുളളത് ഇതിന്റെ നാലിരട്ടി, അതായത് 44 ടിഎന്‍ടി ശേഷിയാണ്.

ഏവിയേഷന്‍ തെര്‍മോബാറിക് ബോംബ് ഒഫ് ഇന്‍ക്രീസ്ഡ് പവര്‍ എ്ന്നതാണ് റഷ്യന്‍ ബോംബിന്റെ ഔദ്യോഗിക പേര്. ബിഗ് ഡാഡി എന്നും വിളിപ്പേരുണ്ട് ഇതിന്. സ്‌ഫോടക ശക്തികൊണ്ട് നാശം വിതയ്ക്കുക എന്ന പരമ്പരാഗത ബോംബുകളുടെ രീതിയിലാണ് മദര്‍ ഒഫ് ഓള്‍ ബോംബ്‌സ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഫാദര്‍ ഒഫ് ഓള്‍ ബോംബ്‌സ് തെര്‍മോബാറിക് ആണ്. അതായത് ലക്ഷ്യത്തെ അതു കരിച്ചുകളയും. സ്‌ഫോടനം നടത്തുന്നതിനുളള ജ്വലന ഏജന്റ് ബോംബിനുള്ളില്‍ സ്ഥാപിക്കുകയല്ല ഇതില്‍ ചെയ്യുന്നത്, അന്തരീക്ഷത്തിലെ ഓക്‌സിജനെ ഉപയോഗിച്ചാണ് ഇതില്‍ സ്‌ഫോടനം നടക്കുക. അനിയന്ത്രിതമായ അളവില്‍ ഊര്‍ജോത്പാദനം നടത്തുന്നു എന്നതിനാല്‍ ആണവായുധത്തിനു സമാനമായ രീതിയിലാണ് ഇതിന്റെ നാശശേഷി. 

രണ്ടു ഘട്ടമായാണ് ഇതില്‍ സ്‌ഫോടനം നടക്കുക. ആദ്യത്തെ ചെറിയ സ്‌ഫോടനത്തില്‍ ചെറുബോംബുകളുടെ വലിയ ഒരു പറ്റം ചിതറപ്പെടുന്നു. തൊട്ടുപിന്നാലെ അവയോരോന്നും വലിയ ശേഷിയോടെ പൊട്ടിത്തെറിക്കുന്നു. 2007 സെപ്തംബര്‍ പതിനൊന്നിനാണ് റഷ്യ ഇത് ആദ്യമായി പരീക്ഷിച്ചത്. അമേരിക്കയുമായി റഷ്യയുടെ ബന്ധം മോശമായി നില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഫാദര്‍ ഒഫ് ഓള്‍ ബോംബ്‌സിന്റെ പരീക്ഷണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com