അമേരിക്കന്‍ സൈനികരുടെ മുഖത്ത് ബയണറ്റുകൊണ്ട് കുത്താന്‍ കുട്ടികളെ പഠിപ്പിക്കുന്നവര്‍; ഉത്തര കൊറിയയെ പറ്റി മാധ്യമങ്ങള്‍ പറയുന്നത് 

1950 മുതല്‍ 53 വരെ നീണ്ടുനിന്ന കൊറിയന്‍ യുദ്ധത്തിന്റെ മുറിവുകള്‍ ഇപ്പോഴും ഉത്തര കൊറിയന്‍ ജനതയുടെ ഉള്ളില്‍ അവശേഷിക്കുന്നുണ്ട്
അമേരിക്കന്‍ സൈനികരുടെ മുഖത്ത് ബയണറ്റുകൊണ്ട് കുത്താന്‍ കുട്ടികളെ പഠിപ്പിക്കുന്നവര്‍; ഉത്തര കൊറിയയെ പറ്റി മാധ്യമങ്ങള്‍ പറയുന്നത് 

പ്യോംങ്യാങ്:അമേരിക്കന്‍ സൈനികരുടെ മുഖത്ത് ബയണറ്റ് കൊണ്ട് കുത്താന്‍ കുട്ടികള്‍ക്ക്  പരിശീലനം നല്‍കുന്ന രാജ്യം, അതാണ് ഉത്തര കൊറിയ എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഉത്തര കൊറിയയെ പറ്റി പറയുന്നത്. വര്‍ഷങ്ങളായി നിലനില്‍നില്‍ക്കുന്ന ഉത്തര കൊറിയയുടെ അമേരിക്കന്‍ വിരുദ്ധത ഇപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുയാണ്. 1950 മുതല്‍ 53 വരെ നീണ്ടുനിന്ന കൊറിയന്‍ യുദ്ധത്തിന്റെ മുറിവുകള്‍ ഇപ്പോഴും ഉത്തര കൊറിയന്‍ ജനതയുടെ ഉള്ളില്‍ അവശേഷിക്കുന്നുണ്ട് എന്നാണ് ലോക മാധ്യമങ്ങള്‍ പറയുന്നത്. ഇപ്പോഴിതാ ഉത്തര കൊറിയ അമേരിക്കയെ പരസ്യമായി
വെല്ലുവിളിച്ച് ആണവ പരീക്ഷണത്തിന് ഒരുങ്ങുകയാണ്. 

അമേരിക്കയുടെയും ഉത്തര കൊറിയയുടെയും ശത്രുതയുടെ ചരിത്രം ആരംഭിക്കുന്നത് 1950കളിലാണ്, കൊറിയന്‍ യുദ്ധത്തിന്റെ കാലം.ഏഷ്യ വന്‍കരയുടെ കിഴക്കുഭാഗത്തുള്ള കൊറിയന്‍ ഉപദ്വീപില്‍ ഒറ്റരാഷ്ടരമായി തുടര്‍ന്നിരുന്ന രാജ്യങ്ങളായിരുന്നു ഉത്തര കൊറിയയും ദക്ഷിണ കൊറിയയും. 1945വരെ ജപ്പാന്റെ കീഴിലായിരുന്നു കൊറിയ. രണ്ടാംലോക മഹായുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയതോടെ അമേരിക്ക കൊറിയയില്‍ പ്രവേശിക്കുകയും പട്ടാള ഭരണം സ്ഥാപിക്കുയും ചെയ്തു. തുടര്‍ന്ന് രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു വിഭജനം. യുദ്ധകാലത്ത് കൊറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സോവിയറ്റ് യൂണിയനെ സഹായിച്ചിരുന്നു.സോവിയറ്റ് യൂണിയന്‍ ഉത്തര കൊറിയയില്‍ ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിച്ചു.കിം ഇല്‍ സുങ് രാഷ്ട്ര തലവനായി എന്നാല്‍ രാജ്യം രണ്ടാക്കിയത് കൊറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചുകൊടുത്തില്ല. 

1950ല്‍ സോവിയറ്റ് യൂണിയനേയും ചൈനയേയും കൂട്ടുപിടിച്ച് ഉത്തര കൊറിയ ദക്ഷിണ കൊറിയയെ അക്രമിച്ചു.ദക്ഷിണ കൊറിയയുടെ കൈവശമുണ്ടായിരുന്ന സോള്‍ പിടിച്ചെടുത്തു. ചൈന പ്രത്യക്ഷ പിന്തുണയുമായി ഉത്തര കൊറിയയ്‌ക്കൊപ്പം നില്‍ക്കുകയും സോവിയറ്റ് യൂണിയന്‍ വ്യോമ പിന്തുണ നല്‍കുകയും ചെയ്തത്‌ അമേരിക്കയെ ചൊടിപ്പിച്ചു. അമേരിക്ക ദക്ഷിണ കൊറിയയെ സഹായിക്കാന്‍ രംഗത്തെത്തിയതോടെ യുദ്ധത്തിന്റെ ചിത്രം ആകെ മാറി. അമേരിക്ക ഉത്തര കൊറിയന്‍ സൈന്യത്തെ തുരത്തിയോടിച്ചു. പിന്തിരിഞ്ഞോടിയ ഉത്തര കൊറിയന്‍ സൈന്യത്തെ അമേരിക്ക ചൈനീസ് അതിര്‍ത്തി വരെ കൊണ്ടെത്തിച്ചു. ആ തുരത്തല്‍ പക്ഷേ അമേരിക്കയ്ക്ക് തിരിച്ചടിയായി. അമേരിക്കന്‍ സൈന്യം ആവേശപൂര്‍വ്വം തങ്ങളുടെ അതിര്‍ത്തിയിലേക്ക് കടന്നത് ചൈന കണ്ടില്ല എന്ന നടിച്ചില്ല. അവര്‍ ശക്തമായി തിരിച്ചടിച്ചു. ചൈനീസ് അക്രമത്തില്‍ അമേരിക്കന്‍ ദക്ഷിണ കൊറിയന്‍ സൈന്യത്തിന് പിന്തിരിഞ്ഞോടേണ്ടി വന്നു. അവസാനം ഉത്തര കൊറിയ വിജയിക്കുകയും ചെയ്തു. ഇത് ചരിത്രം. എന്നാല്‍ ഉത്തര കൊറിയ പറയുന്നത് അമേരിക്ക തങ്ങള്‍ക്ക് മുകളില്‍ ഏല്‍പ്പിച്ച ക്ഷതങ്ങള്‍ ഒരിക്കലും മായ്ക്കാന്‍ കഴിയാത്തതാണ് എന്നാണ്. യുദ്ധത്തില്‍ തങ്ങളുടെ ജനതയ്ക്ക് മുകളില്‍ അമേരിക്ക നടത്തിയ കാടത്തങ്ങള്‍ എന്ന പേരില്‍ ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ പറയുന്ന കഥകള്‍ ഇങ്ങനെയാണ്: 

അമേരിക്ക ഉത്തര കൊറിയയ്ക്ക് ശക്തമായ പ്രഹരമേല്‍പ്പിച്ചു. വടക്കുള്ള നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളുമെല്ലാം അമേരിക്കന്‍ വ്യോമസേന ബോംബിട്ട് നാമാവശേഷമാക്കിക്കളഞ്ഞു. വിദ്യാലയങ്ങള്‍ പോലും അമേരിക്ക വെറുതേ വിട്ടില്ല.യുദ്ധത്തിന്റെ പിന്നീടുള്ള നാളുകളില്‍ നഗരലക്ഷ്യങ്ങളില്‍ കുറവ് വന്നപ്പോള്‍ യുഎസ് വ്യോമസേന ജലവൈദ്യുത, ജലസേചന ഡാമുകളില്‍ ബോംബ് വര്‍ഷിക്കുകയും കൃഷിഭൂമി വെള്ളത്തിനടിയിലാക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തു.ഇവിടെ നിന്നാണ് ഉത്തര കൊറിയ തിരിച്ചു പിടിച്ചു കയറി വന്നതെന്നും അമേരിക്കയെ തുരത്തി വിജയിച്ചതെന്നും ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമം യുദ്ധ ചരിത്രത്തെക്കുറിച്ച് പ്രക്ഷേപണം ചെയ്യുന്ന പരിപാടികളില്‍ പറയാറുണ്ട്. 

ഇപ്പോഴും ഈ വിജയത്തിന്റെ ചരിത്രം ഉത്തര കൊറിയന്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത് കിം കുടുംബത്തിന്റെ ഭരണം പിടിച്ചു നിര്‍ത്താനും പാശ്ചത്യ ചിന്തകളിലേക്ക് ജനങ്ങള്‍ വീണുപോകാതിരിക്കാനുമുള്ള തന്ത്രങ്ങള്‍ മാത്രമാണ് എന്നുമാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com