ലോകത്തോട് മുഖം തിരിച്ച് അമേരിക്ക; പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറി

അധികാരത്തിലെത്തിയാല്‍ 100 ദിവസത്തിനുള്ളില്‍ പാരിസ് ഉടമ്പടിയില്‍ നിന്നും പിന്മാറുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു
ലോകത്തോട് മുഖം തിരിച്ച് അമേരിക്ക; പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറി

വാഷിങ്ടണ്‍: കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പാരീസ് ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്മാറി. അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് പാരീസ് ഉടമ്പടിയില്‍ നിന്നും അമേരിക്കയുടെ പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇന്ത്യയും ചൈനയും ഉള്‍പ്പെടെ മലിനീകരണം കൂടുതലുള്ള രാജ്യങ്ങളെ മാറ്റിനിര്‍ത്തി, അമേരിക്കയ്ക്ക് മേല്‍ കൂടുതല്‍ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുന്നു എന്നാണ് കരാറില്‍ നിന്നും പിന്മാറുന്നതിനുള്ള കാരണമായി ട്രംപ് വ്യക്തമാക്കുന്നത്. ഇതുകൂടാതെ പാരീസ് ഉടമ്പടി ചൈനയുടെ ഗൂഡാലോചനയുടെ ഫലമാണെന്നും ട്രംപ് ആരോപിക്കുന്നു. 

പുതിയ കല്‍ക്കരി ഖനികള്‍ ആരംഭിക്കാനും, നിലവിലുള്ളവയിലെ ഉത്പാദനം വര്‍ധിപ്പിക്കാനും ഇന്ത്യയ്ക്കും ചൈനയ്ക്കും അനുവാദമുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് മേല്‍ നിലവിലുള്ളവ അടച്ചുപൂട്ടണമെന്ന വ്യവസ്ഥയാണ്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ട്രംപ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

അധികാരത്തിലെത്തിയാല്‍ 100 ദിവസത്തിനുള്ളില്‍ പാരിസ് ഉടമ്പടിയില്‍ നിന്നും പിന്മാറുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ, എണ്ണ, കല്‍ക്കരി മേഖലകളെ സംരക്ഷിക്കുന്നതിനായാണ് പാരിസ് ഉടമ്പടിയില്‍ നിന്നും പിന്മാറുന്നത്. 

വ്യവസായിക വിപ്ലവത്തിന് മുന്‍പ് അന്തരീക്ഷത്തിലുണ്ടായിരുന്ന അളവിലേക്ക് കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ എത്തിച്ച ആഗോള താപനത്തിന് തടയിടുകയാണ് പാരീസ് ഉടമ്പടിയുടെ പ്രധാനലക്ഷ്യം. സിറയയും, നിക്കാരാഗ്വയും ഒഴികെ 195 രാജ്യങ്ങളാണ് 2015ല്‍ പാരീസ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

പാരിസ് ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള തീരുമാനം ലോകത്തിന് മുന്നില്‍ അമേരിക്ക മുഖം തിരിക്കുന്നത് പോലെയാണെന്ന് ഫ്രാന്‍സ് പ്രതികരിച്ചു. മറ്റ് ലോക രാജ്യങ്ങളും ട്രംപിന്റെ നിലപാടിന് വിമര്‍ശനവുമായി എത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com