ബ്രിട്ടീഷ് ജനത പാടുന്നു ഓ...ജെറമി കോര്‍ബിന്‍...നിങ്ങളാണ് ഞങ്ങളുടെ നേതാവ്... 

തെരേസ മേയെ പിന്നിലാക്കി മികച്ച നേതാവാകാനും ലേബര്‍ പാര്‍ട്ടിയെ വിജയത്തിലെത്തിക്കാനും വേണ്ടി എന്ത് മാജിക്കാണ് കോര്‍ബിന്‍ കാണിച്ചത്? 
ബ്രിട്ടീഷ് ജനത പാടുന്നു ഓ...ജെറമി കോര്‍ബിന്‍...നിങ്ങളാണ് ഞങ്ങളുടെ നേതാവ്... 

പാട്ടും മേളവും ഒക്കെയായി ഈ വര്‍ഷത്തെ ഗ്ലാസ്റ്റംബറി ഫെസ്റ്റിവലും
സോമര്‍സെറ്റില്‍ നടന്നു. ആളുകള്‍ എല്ലാവര്‍ഷത്തേയും പോലെ പാടിയാടി. പക്ഷേ വ്യാഴാഴ്ച ഫെസ്റ്റിവലില്‍ ഉയര്‍ന്ന ഗാനങ്ങള്‍ വ്യത്യസ്തമായിരുന്നു. അത് 64കാരനായ ഒരു മനുഷ്യനെപ്പറ്റിയുള്ളതായിരുന്നു.അതേ, ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ബ്രൗണ്‍ സ്യൂട്ട് ധരിച്ച സോഷ്യലിസ്റ്റുകാരനെപ്പറ്റി,ബ്രിട്ടന്റെ സ്വന്തം ജെറമി കോര്‍ബിനെപ്പറ്റി. ഫെസ്റ്റിവലിന് കൂടിയവര്‍ ഒരേതാളത്തില്‍ ഏറ്റുപാടി 'ഓ ജെറമി കോര്‍ബിന്‍... 

കഴിഞ്ഞ തവണ ഗ്ലാസ്റ്റംബറി ഫെസ്റ്റിവല്‍ നടന്നപ്പോള്‍ കോര്‍ബിന് അങ്ങോട്ടേക്ക് അടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തെരേസ മേയ് ബ്രക്‌സിറ്റ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ അതിനെതിരെ വലിയ ക്യാമ്പയിന്‍ നടത്തിയ ആളായിരുന്നു ജെറമി കോര്‍ബിന്‍.എന്നാല്‍ ക്യാമ്പയിനുകള്‍ ഫലിക്കാതെ വരികയും മേയുടെ ഇഷ്ടംപോലെ തന്നെ നടക്കുകയും ചെയ്തു. ലേബര്‍ പാര്‍ട്ടിയിലെ ജെറമിയുടെ നേതൃത്വത്തേയും ക്യാമ്പയിന്‍ രീതിയേയും നാലുപാട് നിന്നും വിമര്‍ശനങ്ങള്‍ തേടിയെത്തി. ഒരു പരിപാടിക്കും പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. എന്നാല്‍ അവിടെ നിന്നും പരിപാടിയിലെത്തിയവര്‍ മുഴുവന്‍ പേരെടുത്ത് പാടുന്ന നേതാവായി കോര്‍ബിന്‍ മാറി! ഇപ്പോള്‍ രാജ്യത്തിന്റെ ഏറ്റവും മികച്ച നേതാവായി ജനങ്ങള്‍ കരുതുന്നത് അദ്ദേഹത്തെയാണെന്ന് ടൈംസ് നടത്തിയ സര്‍വ്വേ കണ്ടെത്തിയിരിക്കുന്നു.

ഏപ്രിലില്‍ 15ശതമാനം ആളുകള്‍ മാത്രമാണ് കോര്‍ബിനെ നേതാവായി കണ്ടിരുന്നത്. അവിടെനിന്നും തെരേസ മേയെ പിന്നിലാക്കി മികച്ച നേതാവാകാനും ലേബര്‍ പാര്‍ട്ടിയെ വിജയത്തിലെത്തിക്കാനും വേണ്ടി എന്ത് മാജിക്കാണ് കോര്‍ബിന്‍ കാണിച്ചത്? 

ഒന്നുമില്ല, പ്രധാമനമന്ത്രി തെരേസ മേയ് തന്റ വിശ്വസ്ഥരായ ഉപദേശകരുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ക്യാമ്പയിനുകള്‍ നടത്തിയപ്പോള്‍ കോര്‍ബിന്‍ ജനങ്ങളിലേക്കിറങ്ങി ചെല്ലുകയായിരുന്നു. ജനമധ്യത്തിലേക്കിറങ്ങി ചെല്ലാനുള്ള
മടിയില്ലായ്മ തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയതും. മേയ് ഓഫീസിനുള്ളിലിരുന്ന് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയപ്പോള്‍ കോര്‍ബിന്‍ ജനങ്ങളിലേക്കിറങ്ങി, അഭിപ്രായങ്ങള്‍ തേടി. 

തെരേസ മേയുടേത് വാഗ്ദാനങ്ങളില്‍ നിന്നും വ്യത്യസ്തമായ തിരിഞ്ഞുപോക്കായിരുന്നു. ഇതിനെ ജനങ്ങള്‍ക്കിടയില്‍ അവരുടെ പാര്‍ട്ടിയെ അപ്രിയ പാര്‍ട്ടിയാക്കി മാറ്റി.

തെരേസയുടെ പെട്ടെന്നുള്ള തിരുമാനങ്ങള്‍ 84 ശതമാനം ജനങ്ങളെയും അവര്‍ക്കെതിരാക്കി.ഫോക്‌സ് ഹണ്ടിങിനെ അനുകൂലിച്ചുകൊണ്ട് നിലപാടെടുത്തത് ജനങ്ങളെ അവര്‍ക്കെതിരാക്കി മാറ്റി. ബ്രക്‌സിറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനൊപ്പം സോഷ്യല്‍ മീഡിയയില്‍ തെരേസ മേയുടെ ഫോക്‌സ് ഹണ്ടിങ് അനുകൂല നടപടികളും വിമര്‍ശിക്കപ്പെട്ടു. ആ വിമര്‍ശനങ്ങളാണ് തെരേസയെ പരാജയത്തിലേക്ക് നയിച്ചത്. സോഷ്യല്‍ മീഡിയയേയും പൊതുജന സദസ്സുകളേയും മേയ് അവഗണിച്ചപ്പോള്‍ കോര്‍ബിന്‍ ഇവരണ്ടും തന്റെ തട്ടകമാക്കി മാറ്റി.

തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ലെങ്കിലും ചെറുപാര്‍ട്ടികളെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമം തെരേസ സജീവമായി നടത്തുകയാണ്. തെരേസയുടെ വാഗ്ദാനങ്ങളില്‍ ചെറു പാര്‍ട്ടികള്‍ വീഴും എന്നുതന്നെയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും. 

ജെറമി കോര്‍ബിന്‍ മറ്റാളുകളില്‍ നിന്ന് വ്യത്യസ്തനാകുന്നത്  അദ്ദേഹത്തിന്റെ ജനാധിപത്യത്തിനോടുള്ള നിലപാടുകളിലൂടെയാണ് പ്രധാനമന്ത്രിയടക്കം രാജ്ഞിയുടെ മുന്നില്‍ തലകുനിച്ചു നിന്നപ്പോള്‍ കോര്‍ബിന്‍ മാത്രം തലയുയര്‍ത്തിപിടിച്ചു നിന്നു. അതു മതിയായിരുന്നു ജനങ്ങളില്‍ ആവേശമുയര്‍ത്താന്‍. രാജ്യാന്തര മാധ്യമങ്ങള്‍ വരെ കോര്‍ബിന്റെ നടപടി റിപ്പോര്‍ട്ട് ചെയ്തു. 

അധികാരത്തിലെത്തിയില്ലെങ്കിലും കോര്‍ബിനാണ് അവരുടെ നേതാവ് എന്ന് ബ്രിട്ടണിലെ ജനത തീരുമാനിച്ചു കഴിഞ്ഞു. അതിന്റെ ഉദാഹരണമാണ് രാഷ്ട്രീയം മാറ്റിവെച്ച് ആഘോഷങ്ങള്‍ക്കായി  മാത്രം ഒത്തുകൂടുന്നൊരു പരിപാടിയില്‍പോലും ഓ ജെറമി കോര്‍ബിന്‍ എന്നവര്‍ ഒറ്റത്താളത്തില്‍ ഏറ്റുപാടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com