ദാവൂദ് ഇബ്രാഹിം മരിച്ചെന്നു വാര്‍ത്തകള്‍; തള്ളാനും കൊള്ളാനുമാവാതെ പാകിസ്ഥാന്‍

ദാവൂദ് ഇബ്രാഹിമിന്റെ മരണവാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ നിഷേധിക്കാനോ സ്ഥിരീകരിക്കാനോ പറ്റാത്ത അവസ്ഥയിലാണ് പാകിസ്ഥാന്‍ 
ദാവൂദ് ഇബ്രാഹിം മരിച്ചെന്നു വാര്‍ത്തകള്‍; തള്ളാനും കൊള്ളാനുമാവാതെ പാകിസ്ഥാന്‍

കറാച്ചി/ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ജീവനോടെയുണ്ടോ? അതോ കഴിഞ്ഞയാഴ്ചയുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചോ? ദാവൂദ് മരിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും സോഷ്യല്‍ മിഡിയ ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുമ്പോഴും മൗനം അവലംബിക്കുകയാണ് പാകിസ്ഥാന്‍. 

കഴിഞ്ഞയാഴ്ച കറാച്ചിയിലെ വീട്ടില്‍ വച്ച് ദാവൂദിന് ശക്തമായ ഹൃദയാഘാതം ഉണ്ടായതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ദാവൂദിനെ കറാച്ചിയിലെ ആഖാ ഖാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി ആയിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇതിനു പിന്നാലെ തന്നെ ദാവൂദ് മരിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നു. വൈകുന്നേരം അഞ്ചു മണിയോടെ ദാവൂദിന് ഹൃദയാഘാതം സംഭവിച്ചതായും അര മണിക്കൂറിനു ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ലെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം ദാവൂദിന് കുഴപ്പമൊന്നുമില്ലെന്ന അവകാശവാദവുമായി അനുയായിയായ ഛോട്ടാ ഷക്കീല്‍ രംഗത്തുവന്നിരുന്നു. ദാവൂദ് ആരോഗ്യവാനായി ഇരിക്കുന്നു എന്നായിരുന്നു ഛോട്ടാ ഷക്കീലീന്റെ വാക്കുകള്‍.

ദാവൂദിനെക്കുറിച്ച ഇത്തരത്തില്‍ പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ വരുമ്പോഴും ഒരുവിധത്തിലുള്ള പ്രതികരണവും പാക് അധികൃതരില്‍നിന്നുണ്ടായിട്ടില്ല. ദാവൂദ് പാകിസ്ഥാനില്‍ ഇല്ലെന്നാണ് പാക് അധികൃതര്‍ ഔ    ദ്യോഗികമായി ഇന്ത്യയെയും മറ്റു ലോക രാഷ്ട്രങ്ങളെയും അറിയിച്ചിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാനു നല്‍കിയ കൈമാറേണ്ട കുറ്റവാളികളുടെ പട്ടികയില്‍ ഒന്നാമത് ആയുള്ളത് ദാവൂദിന്റെപേരാണ്. അമേരിക്കയും യുഎന്നും ദാവൂദിനെ കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ദാവൂദ് പാകിസ്ഥാനില്‍ ഇല്ലെന്ന വാദമാണ് പാക് അധികൃതര്‍ ഉയര്‍ത്തിയത്. ഈ വാദം പൊളിയുമെന്നതിനാലാണ് ദാവൂദിന്റെ ആരോഗ്യനില സംബന്ധിച്ച എന്തെങ്കിലും പറയുന്നതില്‍നിന്ന് പാകിസ്ഥാന്‍ വിട്ടുനില്‍ക്കുന്നതെന്ന് നയതന്ത്ര രംഗത്തുള്ളവര്‍ പറയുന്നു.

ദാവൂദിന്റെ ആരോഗ്യനിലയെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ശ്രമം നടത്തിവരികയാണ്. ദാവൂദിന് ഹൃദയസ്തംഭനം ഉണ്ടായെന്ന വാര്‍ത്ത ശരിയാണെന്നും സ്ഥിരീകരിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ആയിട്ടുണ്ടെന്നാണ് വിവരം. ഹൃദയാഘാതം ശക്തമായിരുന്നെന്നും മരണം സംഭവിച്ചിട്ടുണ്ടാവാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും എതിരാളികളില്‍നിന്നുള്ള തിരിച്ചടി ഒഴിവാക്കാനാണ് മറിച്ചുള്ള അവകാശവാദങ്ങളുമായി ദാവൂദിന്റെ സംഘം എത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഏതാനും വര്‍ഷങ്ങളായി ദാവൂദിന്റെ ആരോഗ്യനില വഷളായി വരികയാണെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ മാസം 19ന് ക്രിക്കറ്റര്‍ ജാവേദ് മിയാന്‍ദാദിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ദാവൂദ് പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. 

മുംബൈ സ്‌ഫോടന പരമ്പരയ്ക്കു പിന്നാലെ രാജ്യം വിട്ട ദാവൂദ് അന്നു മുതല്‍ പാകിസ്ഥാനിലെ കറാച്ചിയിലും ദുബൈയിലുമായാണ് ജീവിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com