ചൈനയല്ല, ഇന്ത്യയാണ് ലോക ജനസംഖ്യയില്‍ മുന്നിലെന്ന് ചൈനീസ് ഗവേഷകന്‍

2022 ആകുമ്പോഴേക്കും ജനസംഖ്യ വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്ര സഭ പ്രവചിച്ചിരുന്നെങ്കിലും, ഫുക്‌സിയാന്‍ ഉന്നയിക്കുന്ന കണക്കുകളുടെ ആധികാരികത ഇതുവരെ ഉറപ്പിക്കാനായിട്ടില്ല
ചൈനയല്ല, ഇന്ത്യയാണ് ലോക ജനസംഖ്യയില്‍ മുന്നിലെന്ന് ചൈനീസ് ഗവേഷകന്‍

ലോക ജനസംഖ്യയില്‍ മുന്‍പില്‍ ചൈനയാണെന്ന് ആശ്വസിച്ചിരിക്കാന്‍ വരട്ടെ. ചൈനയിലേതിനേക്കാള്‍ കൂടുതല്‍ ജനസംഖ്യ ഇന്ത്യയിലാണെന്നാണ് അമേരിക്കയിലെ വിസ്‌കോണ്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ യി ഫുക്‌സിയാന്‍ പറയുന്നത്. 

137 കോടിയാണ് തങ്ങളുടെ ജനസംഖ്യയെന്ന ചൈന ലോകത്തിന് മുന്നില്‍ വയ്ക്കുന്ന കണക്കുകള്‍ തെറ്റാണെന്നാണ് ചൈനീസ് ഗവേഷകന്‍ കൂടിയായ ഫുക്‌സിയാന്റെ കണ്ടുപിടിത്തം. 129 കോടിക്കടുത്തായിരിക്കും ചൈനയുടെ ജനസംഖ്യ. ഇന്ത്യയുടെ ജനസംഖ്യ 133 കോടിയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നത്. ഇതോടെ ചൈനയേക്കള്‍ കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണെന്ന് ഫുക്‌സിയാന്‍ വാദിക്കുന്നു. 

1991-2016 വരെയുള്ള കാലയളവില്‍ 37 കോടിക്കടുത്ത വര്‍ധനയാണ് ചൈനയുടെ ജനസംഖ്യയില്‍ ഉണ്ടായത്. എന്നാല്‍ ഈ കാലയളവില്‍ 46 കോടിയുടെ വര്‍ധനവ് ചൈനീസ് ജനസംഖ്യയില്‍ ഉണ്ടായതായാണ് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇത് തെറ്റാണെന്ന് ഫുക്‌സിയാന്‍ പറയുന്നു. 

2022 ആകുമ്പോഴേക്കും ജനസംഖ്യ വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്ര സഭ പ്രവചിച്ചിരുന്നെങ്കിലും, ഫുക്‌സിയാന്‍ ഉന്നയിക്കുന്ന കണക്കുകളുടെ ആധികാരികത ഇതുവരെ ഉറപ്പിക്കാനായിട്ടില്ല. 

ചൈനീസ് സര്‍ക്കാരിന്റെ ഒരു കുട്ടി നയം ഉള്‍പ്പെടെയുള്ള കുടുംബാസുത്രണ പദ്ധതികളുടെ കടുത്ത വിമര്‍ശകനാണ് ഫുക്‌സിയാന്‍. 2003ലെ ചൈനീസ് സര്‍ക്കാരിന്റെ ജനസംഖ്യ കണക്കും തെറ്റാണെന്ന ഫുക്‌സിയാന്‍ പറയുന്നു. ജനസംഖ്യ കൂട്ടിക്കാണിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍ ചെയ്യുന്നത്. വരും നാളുകളില്‍ ജപ്പാന്റേതിന് സമാനമായി ചൈനയുടെ ജനസംഖ്യ വളര്‍ച്ചാ നിരക്ക് ഞെട്ടിപ്പിക്കുന്ന രീതിയില്‍ കുറയുമെന്നും ഫുക്‌സിയാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചൈനീസ് സര്‍ക്കാരിന്റെ ജനസംഖ്യ നിയന്ത്രണ നടപടികളുടെ വിമര്‍ശകനായ തനിക്കെതിരെ ചൈനീസ് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നതായും ഫുക്‌സിയാന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ചൈനയിലെത്തിയ ഫുക്‌സിയാന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ചൈനീസ് സര്‍ക്കാര്‍ തടഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com