ചൈനയില്‍ ലോകത്തെ ആദ്യത്തെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി

ഡോക്ടര്‍ സിയാവോ പിങ് റെന്നിന്റെ നേതൃത്വത്തില്‍ ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
ചൈനയില്‍ ലോകത്തെ ആദ്യത്തെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി

വിയന്ന: ലോകത്തിലെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ചൈനയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍. രണ്ട് മൃതദേഹങ്ങളുടെ തലകളായിരുന്നു തുന്നിച്ചേര്‍ത്തതെങ്കിലും ഇതിലൂടെ രക്തദമനികളും, ഞരമ്പുകളും എല്ലാം ബന്ധിപ്പിക്കാന്‍ സാധിക്കും എന്ന് ഡോക്ടര്‍മാര്‍ തെളിയിച്ചിരിക്കുകയാണ്. ഡോക്ടര്‍ സിയാവോ പിങ് റെന്നിന്റെ നേതൃത്വത്തില്‍ ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

ശസ്ത്രക്രിയ വിജയിച്ചതോടെ ജീവിച്ചിരിക്കുന്ന മനുഷ്യരിലും തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുവാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ടീമിലുണ്ടായ പ്രഫസര്‍ സെര്‍ജി കന്നാവാരോ പറഞ്ഞു. കഴിഞ്ഞ വര്‍ഷം റെന്നിന്റെ നേതൃത്വത്തില്‍ ഇതേ ടീം തന്നെ കുരങ്ങളുടെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് മനുഷ്യരുടെയും തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഇവര്‍ തീരുമാനിച്ചത്.

18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വിജയകരമായി മൃതദേഹങ്ങളുടെ തലകള്‍ മാറ്റിവെച്ചത്. ഈ ശസ്ത്രക്രിയയിലൂടെ നടത്തിയ കണ്ടെത്തലുകള്‍ ഉപയോഗിച്ച് ജീവനുള്ള മനുഷ്യന്റെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ സാധ്യതയെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിശദമായി റിപ്പോര്‍ട്ടും തയാറാക്കുമെന്ന് കന്നാവാരോ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com