ബേനസീര്‍ ഭൂട്ടോയെ വധിച്ചതിനു പിന്നില്‍ സര്‍ദാരി: മുഷറഫ്

ബേനസീര്‍ ഭൂട്ടോയെ വധിച്ചതിനു പിന്നില്‍ സര്‍ദാരി: മുഷറഫ്

ബേനസീര്‍ ഭൂട്ടോയുടെയും മുര്‍താസ ഭൂട്ടോയുടെയും വധത്തില്‍ സര്‍ദാരിക്കു പങ്കാളിത്തമുണ്ട്. ഏതു കൊലപാതകത്തിലും ആദ്യം പരിശോധിക്കേണ്ടത് അതുകൊണ്ട് ആര്‍ക്കാണ് ഗുണമുണ്ടായത് എന്നാണ്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വധിച്ചത് ഭര്‍ത്താവും മുന്‍ പ്രധാനമന്ത്രിയുമായ ആസിഫ് അലി സര്‍ദാരിയാണെന്ന് മുന്‍ പാക് ഏകാധിപതി പര്‍വേസ് മുഷറഫ്. ബേനസീറിന്റെ കൊലപാതകത്തിലൂടെ നേട്ടമുണ്ടാക്കിയതും സര്‍ദാരിയാണെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ മുഷറഫ് ആരോപിച്ചു. മുഷറഫിനെ കഴിഞ്ഞ മാസം പാക് കോടതി ബേനസീര്‍ വധക്കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ബേനസീര്‍ ഭൂട്ടോയുടെയും മുര്‍താസ ഭൂട്ടോയുടെയും വധത്തില്‍ സര്‍ദാരിക്കു പങ്കാളിത്തമുണ്ട്. ഏതു കൊലപാതകത്തിലും ആദ്യം പരിശോധിക്കേണ്ടത് അതുകൊണ്ട് ആര്‍ക്കാണ് ഗുണമുണ്ടായത് എന്നാണ്. ബേനസീര്‍ കേസില്‍ എനിക്കു നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ. അത് എന്റെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ഒരൊറ്റയാള്‍ക്കാണ് അതിലൂടെ നേട്ടമുണ്ടായത്. അതു സര്‍ദാരിക്കാണെന്ന് ബേനസീറിന്റെ മക്കളയെും ഭൂട്ടോ കുടുംബത്തെയും സിന്ധിലെ ജനങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള വിഡിയോയില്‍ മുഷറഫ് പറയുന്നു.

തുടര്‍ന്നുളള അഞ്ചു വര്‍ഷം സര്‍ദാരിയായിരുന്നു ഭരണത്തില്‍. എന്തുകൊണ്ടാണ് സര്‍ദാരി ആ കേസ് അന്വേഷിക്കാതിരുന്നത്? ബെയ്ത്തുല്ല മെഹ്‌സുദും കൂട്ടാളികളുമാണ് ബേനസീറിനെ വധിച്ചത് എന്നതിനു തെളിവുകളുണ്ട്. പക്ഷേ അവരെ ആരാണ് ചുമതലപ്പെടുത്തിത് എന്നതാണ് ചോദ്യം. ബെയ്ത്തുല്ലയും സംഘം എന്നോടു വിരോധത്തിലായിരുന്നു. അതുകൊണ്ട് അവരെ ചുമതലപ്പെടുത്തിയത് ഞാനല്ലെന്നു വ്യക്തം. അവരുടെ സംഘം എന്നെയും വധിക്കാന്‍ ശ്രമിച്ചതാണ്. സര്‍ദാരി അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളായിരുന്നു. ഈ ബന്ധം ബെയ്ത്തുല്ലയെ ഉപയോഗിക്കാന്‍ സര്‍ദാരി പ്രയോജനപ്പെടുത്തിയിരിക്കാമെന്ന് മുഷറഫ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com