'ഭ്രാന്ത് പിടിച്ച അമേരിക്കന്‍ വൃദ്ധനെ'ഞെട്ടിക്കാന്‍ പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരിക്ഷിക്കുമെന്ന് ഉത്തരകൊറിയ

ഉത്തര കൊറിയയ്ക്കുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിറക്കിയിരുന്നു
'ഭ്രാന്ത് പിടിച്ച അമേരിക്കന്‍ വൃദ്ധനെ'ഞെട്ടിക്കാന്‍ പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരിക്ഷിക്കുമെന്ന് ഉത്തരകൊറിയ

പ്യോംങ്യങ്: അമേരിക്കന്‍ പ്രസിഡന്റിന് മുന്നറിയിപ്പ് നല്‍കാന്‍ വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് ഉത്തരകൊറിയ. ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പസഫിക് സമുദ്രത്തില്‍ പരീക്ഷിക്കുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. ഉത്തര കൊറിയയെ പൂര്‍ണമായും നശിപ്പിച്ചു കളയുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് മറുപടിയായാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാന്‍ ആലോചിക്കുന്നതായി വിദേശകാര്യ മന്ത്രി റി യോങ് ഹോ വെളിപ്പെടുത്തിയത്. 

ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അപ്രതീക്ഷിത ശക്തിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ നേതാവാണ് കാര്യങ്ങള്‍ തീരുമാനിക്കുക. കൂടുതല്‍ അറിയില്ല', റി യോങ് ഹോ പറഞ്ഞു.

ഈ മാസം ആദ്യവും ഉത്തരകൊറിയ ഹൈഡ്രജന്‍  ബോംബ് പരീക്ഷിച്ചിരുന്നു. ഉത്തരകൊറിയയുടെ ആറാമത്തെ അണുബോംബ് പരീക്ഷണമാണ് അന്ന് നടന്നത്. ഇതുവരെ നടത്തിയതില്‍ ഏറ്റവും ശക്തവുമാണിത്. ഇതിനേക്കാള്‍ വലിയ അണുബോംബ് പരീക്ഷിക്കാനാണ് ഉത്തര കൊറിയ തയാറെടുക്കുന്നത് എന്നാണ് മന്ത്രി നല്‍കുന്ന സൂചന.

ഉത്തര കൊറിയയ്ക്കുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിറക്കിയിരുന്നു. 'റോക്കറ്റ് മാനും' ഉത്തര കൊറിയയും ഭീഷണി തുടര്‍ന്നാല്‍ പൂര്‍ണമായി നശിപ്പിച്ചു കളയുമെന്ന് യുഎന്‍ പൊതുസഭയിലെ കന്നിപ്രസംഗത്തിലാണ് ട്രംപ് തുറന്നടിച്ചത്. തുടര്‍ച്ചയായ ആണവ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തരകൊറിയയ്ക്കുമേല്‍ യുഎന്‍ രക്ഷാസമിതി കടുത്ത ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.ഇതിനോട് പ്രതികരിച്ച ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ട്രംപിനെ ഭ്രാന്ത് പിടിച്ച അമേരിക്കന്‍ വൃദ്ധനെന്നാണ് വിശേഷിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com