മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് ലിഗയ്ക്ക് ഒറ്റയ്ക്ക്‌ പോകാനാകില്ല; ഡിജിപി മോശമായി പെരുമാറി

മരണം ആത്മഹത്യയാണെന്ന് വിധിയെഴുതുകയാണെങ്കില്‍ റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ആവശ്യപ്പെടും. മൃതദേഹം ലാത്വിയയിലെത്തിച്ച് വിശദ പരിശോധന നടത്താനും തങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. 
മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് ലിഗയ്ക്ക് ഒറ്റയ്ക്ക്‌ പോകാനാകില്ല; ഡിജിപി മോശമായി പെരുമാറി

തിരുവനന്തപുരം: കോവളം ബീച്ചിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ സ്വദേശി ലിഗയുടേത് അസ്വാഭാവിക മരണമാണെന്ന് ആവര്‍ത്തിച്ച് സഹോദരി ഇല്‍സി. നേരത്തെ ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു.
ലിഗയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം മറ്റൊരാള്‍ക്കും ഇനി ഉണ്ടാകരുതെന്നതിനാലാണ്  പോരാട്ടത്തിനിറങ്ങുന്നെന്നും 
തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇൽസി റഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ  കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ഇൽസി പറഞ്ഞു

മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട ഡിജിപിയുടെ തീരുമാനം സ്വാഗതാർഹമാണ്.  ലിഗയെ കാണാതായ സമയത്ത് പോലീസിൽ നിന്നുണ്ടായ നിരുത്തരവാദപരമായ സമീപനം മരണത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ആവര്‍ത്തിക്കരുത്. മരണം ആത്മഹത്യയാണെന്ന് വിധിയെഴുതുകയാണെങ്കില്‍ റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ആവശ്യപ്പെടും. മൃതദേഹം ലാത്വിയയിലെത്തിച്ച് വിശദ പരിശോധന നടത്താനും തങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. 

കാണാതായ സമയത്ത് കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ അവളെ കണ്ടെത്താനാകുമായിരുന്നു. മരണവുമായി ബന്ധപ്പെട്ട് സംശയം ദൂരീകരിക്കുന്നത് വരെ പോരാടും. വിഷയത്തില്‍ എംബസിയുടേയും ലാത്വിയന്‍ സര്‍ക്കാരിന്റേയും സഹായം ഉറപ്പാക്കിയിട്ടുണ്ട്.

ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് അവള്‍ക്ക് ഒറ്റയ്ക്ക് എത്തിപ്പെടാനാകില്ല. മറ്റാരെങ്കിലും അങ്ങോട്ടേക്ക് എത്തിച്ചതാകും. കോവളം ബീച്ചിനെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത ഇന്ത്യയില്‍ ആദ്യമായി എത്തിയ അവള്‍ അവിടെ നിന്ന് ആറ് കിലോമീറ്റര്‍ അപ്പുറം എങ്ങനെ എത്തിചേര്‍ന്നു. ഈ പ്രദേശത്ത് മുമ്പും ദുരൂഹ മരണങ്ങള്‍ നടന്നതായി പ്രദേശവാസികളില്‍ നിന്നറിഞ്ഞു. മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ ജാക്കറ്റും അവളുടേതല്ലെന്ന് ആവര്‍ത്തിക്കുന്നു. ആവശ്യത്തിന് പണം കൈയിലില്ലാത്ത അവള്‍ പുതിയ ജാക്കറ്റ് വാങ്ങിയെന്ന വാദം തള്ളിക്കളയുന്നു. കോട്ടയത്ത് നിന്ന് കാണാതായ ജസ്‌ന എന്ന പെണ്‍കുട്ടിയുടെ കാര്യത്തിലും സമാനമായ അലംഭാവമാണ് ഉണ്ടായതെന്നാണ് അവരുടെ പിതാവില്‍ നിന്നറിഞ്ഞതെന്നും സഹോദരി ആരോപിച്ചു. സഹായത്തിനായി ഡിജിപിയെ സമീപിച്ചപ്പോള്‍ വളരെ മോശം പെരുമാറ്റമാണ് ഉണ്ടായതെന്ന് ഇവര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പെങ്കെടുത്ത അശ്വതി ജ്വാല പറഞ്ഞു.

ഇതിനിടെ കോവളം ബീച്ചിന് സമീപത്ത് നിന്ന് കണ്ടെടുത്ത ഒരു മാസം പഴക്കമുള്ള മൃതദേഹം ലിഗയുടേത് തന്നെയാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ ഏകദേശം സ്ഥിരീകരിച്ചു. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമെ പൂര്‍ണ്ണമായ സ്ഥിരീകരണം വരികയുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com