ആ ദൗത്യത്തില്‍ ഇന്ത്യക്കും പങ്ക്; ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ രക്ഷാപ്രവര്‍ത്തനത്തില്‍ രാജ്യം വഹിച്ച പങ്ക് ഇങ്ങനെ

മോട്ടോര്‍ ഉല്‍പ്പാദനരംഗത്തെ പ്രമുഖ കമ്പനിയായ കിര്‍ലോസ്‌ക്കര്‍ കമ്പനിയുടെ വൈദഗ്ധ്യം ഉപയോഗിക്കാവുന്നതാണ് എന്ന ഉപദേശമാണ് ഇന്ത്യന്‍ എംബസി മുന്നോട്ടുവെച്ചത്
ആ ദൗത്യത്തില്‍ ഇന്ത്യക്കും പങ്ക്; ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ രക്ഷാപ്രവര്‍ത്തനത്തില്‍ രാജ്യം വഹിച്ച പങ്ക് ഇങ്ങനെ

പൂനെ:  ദിവസങ്ങള്‍ നീണ്ട ശ്രമകരമായ ദൗത്യത്തിലുടെ കുട്ടികളെയും കോച്ചിനെയും ഗുഹയില്‍ നിന്നും രക്ഷിച്ച തായ്‌ലന്‍ഡ് നേവിയെ തേടി  ആശംസാ പ്രവാഹം ഒഴുകുകയാണ്. ഈ രക്ഷാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ ഒരു പരിധിവരെ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാം. കുട്ടികളെ പുറത്തെത്തിക്കുന്നതിന് സാങ്കേതിക സഹായം നല്‍കിയവരുടെ കൂട്ടത്തില്‍ ഇന്ത്യക്കാരുമുണ്ട്.

കുട്ടികള്‍ ഗുഹയില്‍ കുടുങ്ങിയത് അറിഞ്ഞ് ഇന്ത്യന്‍ എംബസിയാണ് തായ്‌ലന്‍ഡ് അധികൃതരുമായി ബന്ധപ്പെട്ടത്. കനത്തമഴയെ തുടര്‍ന്ന് വെളളവും ചെളിയും അടിഞ്ഞ് ഗുഹാമുഖം അടഞ്ഞതിനെ തുടര്‍ന്നാണ് ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളും കോച്ചും ഗുഹയില്‍ കുടുങ്ങിയത്. ഗുഹയിലെ വെളളം നീക്കുകയാണ് കുട്ടികളുടെ രക്ഷയ്ക്ക് അടിയന്തരമായി ചെയ്യേണ്ടതെന്ന നിഗമനത്തില്‍ തായ്‌ലന്‍ഡ് അധികൃതര്‍ എത്തിച്ചേര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ വെളളം വറ്റിക്കുന്നതിനുളള വിദഗ്ധ ഉപദേശവും സാങ്കേതി വിദ്യയും നല്‍കാന്‍ കഴിയുന്ന വിദഗ്ധര്‍ തങ്ങളുടെ രാജ്യത്തുണ്ടെന്ന വിവരവുമായാണ് ഇന്ത്യന്‍ എംബസി തായ്‌ലന്‍ഡ് അധികൃതരെ സമീപിച്ചത്.

മോട്ടോര്‍ ഉല്‍പ്പാദനരംഗത്തെ പ്രമുഖ കമ്പനിയായ കിര്‍ലോസ്‌ക്കര്‍ കമ്പനിയുടെ വൈദഗ്ധ്യം ഉപയോഗിക്കാവുന്നതാണ് എന്ന ഉപദേശമാണ് ഇന്ത്യന്‍ എംബസി മുന്നോട്ടുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുഹയിലെ വെളളം വറ്റിക്കാന്‍ വിദഗ്ധ ഉപദേശം നല്‍കാന്‍ കഴിയുന്ന കമ്പനിയിലെ സംഘം തായ്‌ലന്‍ഡിലേക്ക് പറന്നു. ജൂലൈ അഞ്ചിന് എത്തിയ സംഘം വെളളം വറ്റിക്കുന്നതിനും, ഇതിന് ഏറ്റവും അനുയോജ്യമായ മോട്ടോറുകള്‍ സംബന്ധിച്ചും വിദഗ്ധ ഉപദേശം നല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതുകൂടാതെ വെളളം വറ്റിക്കാന്‍ കഴിവുളള ഉയര്‍ന്ന ശേഷിയുളള നാലുമോട്ടോറുകളും കമ്പനി നല്‍കി. മഹാരാഷ്ട്രയില്‍ നിന്നുമാണ് ഈ മോട്ടോറുകള്‍ എത്തിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com