മരണപ്പെട്ട മകളുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ അധികാരി മാതാവ്; സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ജര്‍മന്‍ കോടതി വിധി

മരണപ്പെട്ട മകളുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ അധികാരി മാതാവ്; സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ജര്‍മന്‍ കോടതി വിധി

2012 ല്‍ മരണപ്പെട്ട 15 കാരിയുടെ ഫേസ്ബുക് അക്കൗണ്ട് അമ്മക്ക് കൈമാറാന്‍ കാള്‍സ്രുവിലുള്ള ഫെഡറല്‍ കോടതിയാണ് ഉത്തരവിട്ടത്


ബെര്‍ലിന്‍: മരണപ്പെട്ട മകളുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ അധികാരം മാതാവിനാണെന്ന് കോടതി. ജര്‍മന്‍ കോടതിയാണ് ഇത്തരമൊരു അപൂര്‍വ ഉത്തരവ് ഇറക്കിയത്. 2012 ല്‍ മരണപ്പെട്ട 15 കാരിയുടെ ഫേസ്ബുക് അക്കൗണ്ട് അമ്മക്ക് കൈമാറാന്‍ കാള്‍സ്രുവിലുള്ള ഫെഡറല്‍ കോടതിയാണ് ഉത്തരവിട്ടത്. ഡയറി, സ്വകാര്യമായ കത്തുകള്‍ എന്നിവയിന്‍മേലുള്ള അനന്തരാവകാശം കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്നതു പോലെ തന്നെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളുടെ അനന്തരാവകാശവും ലഭിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

2012ല്‍ ബെര്‍ലിനില്‍ വച്ച് തീവണ്ടി തട്ടി മരിച്ച പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാന്‍ മാതാവിന് സാധിക്കാതെ വന്നതോടെയാണ് അവര്‍ കോടതിയെ സമീപിച്ചത്.  തങ്ങളുടെ സ്വകാര്യതാ നയത്തിന് വിരുദ്ധമാണെന്ന് അവകാശപ്പെട്ടായിരുന്നു നാളിതുവരെ കുട്ടിയുടെ പ്രൊഫൈലിലേക്ക്  ഫേസ്ബുക്ക് പ്രവേശനം നിഷേധിച്ചത്. മരണമടഞ്ഞ ഒരാളുടെ അക്കൗണ്ട് ഓര്‍മയായി സൂക്ഷിക്കാന്‍ ഫേസ്ബുക്കില്‍ സൗകര്യമുണ്ടെങ്കിലും ഈ അക്കൗണ്ടിലേക്ക് ലോഗ്ഇന്‍ ചെയ്യാന്‍ ആരെയും അനുവദിക്കില്ല. 

മാതാപിതാക്കള്‍ക്ക് ഇതോടെ പെണ്‍കുട്ടിയുടെ പ്രൊഫൈലിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. ഫേസ്ബുക്ക് മാത്രമല്ല ഇന്‍സ്റ്റഗ്രാം അടക്കമുള്ള എല്ലാ സോഷ്യല്‍ മീഡിയക്കും ഇത് ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ഫേസ്ബുക്ക് അധികൃതര്‍ ഈ വിധിക്കെതിരേ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിചിത്രമായ ഈയൊരു ഉത്തരവ് സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com