കാസ്‌ട്രോ യുഗത്തിന് തിരശ്ശീല വീഴുന്നു; ക്യൂബയില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ്

ആറ് പതിറ്റാണ്ട് നീണ്ട കാസ്‌ട്രോ യുഗത്തിന് അന്ത്യം കുറിച്ച് ക്യൂബയില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ്.
കാസ്‌ട്രോ യുഗത്തിന് തിരശ്ശീല വീഴുന്നു; ക്യൂബയില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ്

ഹവാന: ആറ് പതിറ്റാണ്ട് നീണ്ട കാസ്‌ട്രോ യുഗത്തിന് അന്ത്യം കുറിച്ച് ക്യൂബയില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ്. കാസ്‌ട്രോ കുടുംബത്തിന് പുറത്തുനിന്ന് പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ രാജ്യത്തെ 80 ലക്ഷം പൗരര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും. 

612 അംഗ ദേശീയ അസംബ്ലിയിലേക്കും പ്രാദേശിക അസംബ്ലിയിലേക്കും ഒരേസമയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ചേര്‍ന്ന് ഏപ്രിലില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. പ്രസിഡന്റിന് പുറമേ ഫസ്റ്റ് വൈസ് പ്രസിഡന്റ്, അഞ്ച് വൈസ് പ്രസിഡന്റുമാര്‍,ഒരു സെക്രട്ടറി,2 അംഗങ്ങള്‍ എന്നിവരടങ്ങിയ സ്റ്റേറ്റ് കൗണ്‍സിലും ദേശീയ അസംബ്ലിയാണ് തെരഞ്ഞെടുക്കുക. 

1959 മുതല്‍ 2008 വരെ രാജ്യം ഭരിച്ച  വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോ അധികാരമൊഴിഞ്ഞ ശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ റൗള്‍ കാസ്‌ട്രോയാണ് രാജ്യത്തിന്റെ ഭരണകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. 2018ല്‍ സ്ഥാനമൊഴിഞ്ഞ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 

പ്രസിഡന്റ് പദവി മാത്രമാണ് റൗള്‍ ഒഴിയുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവനായും സൈന്യത്തിന്റെ അനൗദ്യോഗിക മേധാവിയായും അദ്ദേഹം തുടരും. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമുള്ള ക്യൂബയില്‍ പാര്‍ട്ടിക്കാരല്ലാത്തവര്‍ക്കും മത്സരിക്കാം. പകുതിയിലേറെ അംഗങ്ങള്‍ വനിതകളായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com