സ്‌നേഹിച്ചാല്‍ മതി, പൂച്ചയേയും പട്ടിയേയും ഭക്ഷണമാക്കേണ്ട; വളര്‍ത്തു മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി യുഎസ്‌

സ്‌നേഹിച്ചാല്‍ മതി, പൂച്ചയേയും പട്ടിയേയും ഭക്ഷണമാക്കേണ്ട; വളര്‍ത്തു മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി യുഎസ്‌

ഭക്ഷണത്തിനായി പൂച്ചകളേയും പട്ടികളേയും കശാപ്പ് ചെയ്യുന്നതും കടത്തുന്നതും വില്‍ക്കുന്നതും ഉടമസ്ഥാവകാശം കൈവശപ്പെടുത്തുന്നതിനും വിലക്കേര്‍പ്പെടുത്തുന്നതാണ് നിയമം

ന്യൂയോര്‍ക്; മനുഷ്യന്റെ അരുമ മിത്രങ്ങളാണ് പട്ടിയും പൂച്ചയും. പലരും അവയെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിച്ചാണ് വളര്‍ത്തുന്നത്. എന്നാല്‍ മറ്റു ചിലര്‍ക്ക് ഇവയുടെ മാംസത്തോടാണ് പ്രിയം. ഇതിന് തടയിടാനുള്ള ശ്രമത്തിലാണ് യുഎസ് ഗവണ്‍മെന്റ്. ഇതിനായി ആളുകള്‍ പൂച്ചകളേയും പട്ടികളേയും ഭക്ഷണമാക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമത്തിന് അംഗീകാരം നല്‍കി. ഭക്ഷണത്തിനായി പൂച്ചകളേയും പട്ടികളേയും കശാപ്പ് ചെയ്യുന്നതും കടത്തുന്നതും വില്‍ക്കുന്നതും ഉടമസ്ഥാവകാശം കൈവശപ്പെടുത്തുന്നതിനും വിലക്കേര്‍പ്പെടുത്തുന്നതാണ് നിയമം. 

റിപ്പബ്ലിക്കന്‍ പ്രതിനിധി വെറന്‍ ബുച്‌നന്‍, ഡെമോക്രാറ്റിക് പ്രതിനിധി അല്‍സീ ഹാസ്റ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഡോഗ് കാറ്റ് മീറ്റ് ട്രേഡ് പ്രൊഹിബിഷന്‍ ആക്റ്റ് ഓഫ് 2018 സഭയില്‍ കൊണ്ടുവന്നത്. യുഎസിലെ 44 സ്റ്റേറ്റുകളിലും പട്ടിയേയും പൂച്ചയേയും കൊന്നു തിന്നുന്നത് വിലക്കിക്കൊണ്ടുള്ള നിയമമില്ല. കാലിഫോര്‍ണിയ, ജോര്‍ജിയ, ഹവായ്, മിഷിഗണ്‍, ന്യൂയോര്‍ക്, വിര്‍ജീനിയ, എന്നീ ആറ് സ്‌റ്റേറ്റുകളാണ് ഈ മൃഗങ്ങളുടെ കശാപ്പിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയത്. പട്ടിയും പൂച്ചയും മനുഷ്യനോട് ഇത്രത്തോളം സ്‌നേഹവും കരുതലും കാണിക്കുമ്പോള്‍ ഭക്ഷണത്തിനായി അവയെ വില്‍ക്കാന്‍ പാടില്ല എന്നാണ് ബുച്‌നന്‍ പറയുന്നത്. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയും ഡെമോക്രാറ്റ് പാര്‍ട്ടിയുടെയും സംയുക്തമായാണ് ബില്ലിന് അംഗീകാരം നല്‍കിയത്. കശാപ്പ് ചെയ്യുന്നത് നിരോധിച്ചതിനൊപ്പം വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മൃഗങ്ങളെ ഭക്ഷണത്തിനായി കടത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ട്രൈബുകളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവരുടെ മതപരമായ ചടങ്ങിന്റെ ഭാഗമായതിനാലാണ് ഇവരെ ഒഴിവാക്കിയത്. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പരമാവധി നാല് ലക്ഷത്തോളം രൂപയാണ് പിഴ ഈടാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com