സ്‌ട്രോക്ക് വന്ന് തളര്‍ന്നവര്‍ക്ക് ഇനി സ്വയം വെള്ളം കുടിക്കാനും ടൈപ്പ് ചെയ്യാനും സാധിക്കും! തലച്ചോറിലെ സന്ദേശങ്ങള്‍ വായിക്കുന്ന കൃത്രിമക്കൈയ്യുമായി ശാസ്ത്രജ്ഞര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st December 2018 03:09 PM  |  

Last Updated: 31st December 2018 03:09 PM  |   A+A-   |  

 

ക്ഷാഘാതം വന്ന് തളര്‍ന്ന് പോയവര്‍ക്ക് കൈ ചലിപ്പിക്കാന്‍  റോബോട്ടിക് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൃത്രിമ കൈ വിജയകരമായി പരീക്ഷിച്ചതായി ശാസ്ത്രജ്ഞര്‍. തളര്‍ച്ച ബാധിച്ച വ്യക്തിയുടെ തലച്ചോറില്‍ നിന്നുള്ള സന്ദേശങ്ങള്‍ മനസിലാക്കി , അതിനെ കമ്പ്യൂട്ടര്‍ സന്ദേശമാക്കി മാറ്റുന്നത് വഴിയാണ് ഈ കൃത്രിമ കൈ പ്രവര്‍ത്തിക്കുന്നത്.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ ജീവിതം ഇവര്‍ക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നും വെള്ളം കുടിക്കുന്നതിനും ടൈപ്പ് ചെയ്യുന്നതിനും സാധ്യമാകുമെന്നും ശാസ്ത്രസംഘം പറയുന്നു. ഐഐടി കാണ്‍പൂരില്‍ നിന്നുള്ള ഗവേഷകരും ബ്രിട്ടണില്‍ നിന്നുള്ള ഡോക്ടര്‍മാരും സംഘത്തിലുണ്ട്. 

സാധാരണയായി നട്ടെല്ലിന് സംഭവിക്കുന്ന ക്ഷതങ്ങളും പക്ഷാഘാതവുമാണ് ശരീരം ഭാഗികമായും പൂര്‍ണമായും തളര്‍ന്ന് പോകാന്‍ കാരണമാകുന്നത്. ഇങ്ങനെ തളര്‍ന്ന് പോകുന്നതോടെ പുറംലോകത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും തന്നെ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലേക്ക് ഇങ്ങനെയുള്ളവര്‍ മാറാറുണ്ട്. പുതിയതായി വികസിപ്പിച്ചെടുത്ത കൃത്രിമക്കൈയ്യുടെ സഹായത്തോടെ ഈ അവസ്ഥ മറികടക്കാനാവുമെന്നാണ് ശാസ്ത്ര സംഘം പറയുന്നത്.

മനസ് ഉപയോഗിച്ച് കമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്നതിന് പുറമേ , തലച്ചോറിന് ക്ഷതം സംഭവിച്ചവരെക്കൂടി സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യം കൂടി ഈ പ്രൊജക്ടിനുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അടുത്തഘട്ടത്തില്‍ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ഗവേഷക സംഘം വെളിപ്പെടുത്തി. 

നിലവില്‍ ഫിസിയോ തെറാപ്പിസ്റ്റുകളുടെ സഹായത്തോടെയാണ് ഇത്തരം രോഗികളുടെ പല ചലനങ്ങളും സാധ്യമാക്കുന്നത്. കൈ ചലിപ്പിക്കുന്നതായി സങ്കല്‍പ്പിക്കാന്‍ പറയുകയും അത് പ്രാവര്‍ത്തികമാക്കുകയുമാണ് ഫിസിയോതെറാപ്പിസ്റ്റുകള്‍ പ്രധാനമായും സ്വീകരിക്കുന്ന മാര്‍ഗം. മാനസികമായി തയ്യാറെടുപ്പിക്കുന്നതിനൊപ്പം ഫിസിയോ തെറാപ്പി കൂടി നല്‍കുന്നത് പോലെ കൃത്രിമക്കൈ ഉപയോഗിച്ച് മാറ്റമുണ്ടാക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 21 പേരില്‍ ഇത് പരീക്ഷിച്ച് പ്രതീക്ഷാജനകമായ ഫലം കണ്ടതായും ഗവേഷകര്‍ അവകാശപ്പെടുന്നു.